ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂൺ 4-10
ദൈവവചനത്തിലെ നിധികൾ | മർക്കോസ് 15-16
“യേശു പ്രവചനം നിവർത്തിച്ചു”
മർ 15:24, 29-ന്റെ പഠനക്കുറിപ്പുകൾ, nwtsty
യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു: മത്തായിയും മർക്കോസും ലൂക്കോസും പറയാത്ത ചില വിശദാംശങ്ങൾ യോഹ 19:23, 24 വാക്യങ്ങളിൽ കാണുന്നുണ്ട്: സാധ്യതയനുസരിച്ച് റോമൻ പടയാളികൾ യേശുവിന്റെ പുറങ്കുപ്പായത്തിനും ഉള്ളങ്കിക്കും വേണ്ടി നറുക്കിട്ടു. അവർ “പുറങ്കുപ്പായം നാലായി വീതിച്ച് ഓരോരുത്തരും ഓരോ കഷണം എടുത്തു.” ഉള്ളങ്കി വീതിക്കാൻ മനസ്സുവരാഞ്ഞതുകൊണ്ട് അവർ അതിനുവേണ്ടി നറുക്കിട്ടു. ഇത്തരത്തിൽ മിശിഹയുടെ വസ്ത്രത്തിനുവേണ്ടി നറുക്കിട്ടതു സങ്ക 22:18-ലെ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു. തെളിവനുസരിച്ച്, വധശിക്ഷ നടപ്പാക്കിയിരുന്നവർ കുറ്റവാളിയുടെ വസ്ത്രം കൈവശം വെക്കുന്ന ഒരു രീതി അന്നു നിലവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വധിക്കുന്നതിനു മുമ്പ് അവർ കുറ്റവാളികളുടെ വസ്ത്രങ്ങൾ ഊരിമാറ്റുകയും അവരുടെ കൈയിലുണ്ടായിരുന്ന സാധനങ്ങൾ എടുക്കുകയും ചെയ്യുമായിരുന്നു. ഇതാകട്ടെ കുറ്റവാളികളെ കൂടുതൽ അപമാനിതരാക്കിയിരുന്നു.
തല കുലുക്കിക്കൊണ്ട്: സാധാരണയായി ഇതോടൊപ്പം ആളുകൾ എന്തെങ്കിലും പറയുകയും ചെയ്യുമായിരുന്നു. പരിഹാസത്തിന്റെയും നിന്ദയുടെയും പുച്ഛത്തിന്റെയും ഒരു പ്രകടനമായിരുന്നു അത്. അതുവഴി കടന്നുപോകുന്നവർ, അറിയാതെയാണെങ്കിലും സങ്ക 22:7-ലെ പ്രവചനം നിറവേറ്റുകയായിരുന്നു.
മർ 15:43-ന്റെ പഠനക്കുറിപ്പ്, nwtsty
യോസേഫ്: യോസേഫിനെക്കുറിച്ച് ഓരോ സുവിശേഷയെഴുത്തുകാരും നൽകുന്ന വിശദാംശങ്ങൾ വ്യത്യസ്തമാണ്. അവരുടെ ഓരോരുത്തരുടെയും പശ്ചാത്തലം അതിനെ സ്വാധീനിച്ചിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്, നികുതിപിരിവുകാരനായ മത്തായി, യോസേഫ് ധനികനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു; റോമാക്കാർക്കുവേണ്ടി എഴുതിയ മർക്കോസ് ആകട്ടെ, ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്ന ആളായ യോസേഫ് ‘ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗമാണ്’ എന്നു പറയുന്നു; മനസ്സലിവുള്ള വൈദ്യനായ ലൂക്കോസ് എഴുതിയത് യോസേഫ് യേശുവിന് എതിരെയുള്ള ന്യായാധിപസഭയുടെ തീരുമാനത്തെ അനുകൂലിക്കാഞ്ഞ, ‘നല്ലവനും നീതിമാനും’ ആയ ഒരാളാണെന്നാണ്; യോസേഫ് “ജൂതന്മാരെ പേടിച്ച് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന” ആളാണെന്നു പറഞ്ഞിരിക്കുന്നതു യോഹന്നാൻ മാത്രമാണ്.—മത്ത 27:57-60; മർ 15:43-46; ലൂക്ക 23:50-53; യോഹ 19:38-42.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മർ 15:25-ന്റെ പഠനക്കുറിപ്പ്, nwtsty
മൂന്നാം മണി: അതായത്, രാവിലെ ഏകദേശം 9 മണി. എന്നാൽ ഈ വിവരണവും പീലാത്തൊസ് യേശുവിനെ വധിക്കാൻ വിട്ടുകൊടുത്തത് “ആറാം മണി” നേരത്തായിരുന്നെന്നു പറയുന്ന യോഹ 19:14-16-ഉം തമ്മിൽ പൊരുത്തക്കേടുള്ളതായി ചിലർ കരുതുന്നു. ഇങ്ങനെയൊരു വ്യത്യാസം കാണുന്നതിന്റെ കാരണം തിരുവെഴുത്തുകൾ മുഴുവനായി വിശദീകരിക്കുന്നില്ലെങ്കിലും കണക്കിലെടുക്കേണ്ട ചില വസ്തുതകൾ ഇവയാണ്: യേശുവിന്റെ ഭൗമികജീവിതത്തിന്റെ അവസാനദിവസത്തെ സംഭവങ്ങൾ വിവരിക്കുമ്പോൾ സമയത്തിന്റെ കാര്യത്തിൽ പൊതുവേ സുവിശേഷയെഴുത്തുകാരെല്ലാം യോജിപ്പിലാണ്. പുരോഹിതന്മാരും മൂപ്പന്മാരും അതിരാവിലെ കൂടിവന്നതായും തുടർന്ന് യേശുവിനെ റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ അടുത്തേക്കു കൊണ്ടുപോയതായും നാലു സുവിശേഷവിവരണങ്ങളും സൂചിപ്പിക്കുന്നുണ്ട്. (മത്ത 27:1, 2; മർ 15:1; ലൂക്ക 22:66–23:1; യോഹ 18:28) യേശു സ്തംഭത്തിൽ കിടക്കുന്ന സമയത്ത് “ആറാം മണിമുതൽ ഒൻപതാം മണിവരെ” നാട്ടിലെങ്ങും ഇരുട്ടു പരന്നതായി മത്തായി, മർക്കോസ്, ലൂക്കോസ് എന്നിവരെല്ലാം രേഖപ്പെടുത്തിയിട്ടുമുണ്ട്. (മത്ത 27:45, 46; മർ 15:33, 34; ലൂക്ക 23:44) യേശുക്രിസ്തു വധിക്കപ്പെട്ട സമയം കണക്കാക്കുമ്പോൾ പിൻവരുന്ന വസ്തുത പരിഗണിക്കേണ്ടതാണ്: ചിലർ ചാട്ടയടിയെ വധനിർവഹണത്തിന്റെ ഭാഗമായാണു കണ്ടിരുന്നത്. ചിലപ്പോഴൊക്കെ ചാട്ടയടിയുടെ കാഠിന്യം കാരണം ആളുകൾ മരിക്കുകപോലും ചെയ്തിരുന്നു. യേശുവിനേറ്റ ചാട്ടയടിയും കഠിനമായിരുന്നു. അതുകൊണ്ടാണ് ആദ്യം യേശുതന്നെ ദണ്ഡനസ്തംഭം ചുമന്നെങ്കിലും പിന്നീടു മറ്റൊരാൾ അതു ചുമക്കേണ്ടതായി വന്നത്. (ലൂക്ക 23:26; യോഹ 19:17) ചാട്ടയടി വധനിർവഹണത്തിന്റെ ആദ്യപടിയായി കണക്കാക്കുന്നതിനെ മത്ത 27:26-ഉം മർ 15:15-ഉം പിന്താങ്ങുന്നു. കാരണം അവിടെ ചാട്ടയടിയും സ്തംഭത്തിലേറ്റി കൊല്ലുന്നതും ഒരുമിച്ചാണു പറഞ്ഞിരിക്കുന്നത്. എന്നാൽ ചാട്ടയടി കഴിഞ്ഞ് കുറെയധികം സമയം കഴിഞ്ഞിട്ടായിരിക്കാം യേശുവിനെ ദണ്ഡനസ്തംഭത്തിൽ തറച്ചത്. എന്തായാലും വധനിർവഹണത്തിന്റെ തുടക്കം കണക്കാക്കുന്നതിനെപ്പറ്റി ആളുകളുടെ അഭിപ്രായങ്ങൾ പലതായിരുന്നതുകൊണ്ട് യേശുവിനെ സ്തംഭത്തിലേറ്റി വധിച്ച സമയത്തെക്കുറിച്ചും അവർക്കു വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നിരിക്കാം. ഉദാഹരണത്തിന്, യേശുവിനെ സ്തംഭത്തിൽ തറച്ചതു മൂന്നാം മണിക്കാണെന്നു മർക്കോസ് പറയുന്നെങ്കിലും അതേ വിവരണത്തിൽ “ഇത്ര വേഗം യേശു മരിച്ചോ” എന്നു പീലാത്തോസ് അത്ഭുതപ്പെട്ടതായി കാണുന്നതു കാഴ്ചപ്പാടിലെ ഈ വ്യത്യാസംകൊണ്ടായിരിക്കാം. (മർ 15:44) ഇനി, രാത്രിയെ മൂന്നു മണിക്കൂർ വീതമുള്ള നാലു ഭാഗമായി തിരിച്ചിരുന്നതുപോലെതന്നെ പകലിനെയും നാലായി തിരിക്കുന്ന രീതി ബൈബിളെഴുത്തുകാർ പൊതുവേ പിൻപറ്റിയിരുന്നു. ഇതുകൊണ്ടാണു രാവിലെ ഏകദേശം 6 മണി മുതലുള്ള (സൂര്യോദയംമുതലുള്ള) പകൽസമയത്തെ കുറിക്കാൻ മൂന്നാം മണി, ആറാം മണി, ഒൻപതാം മണി എന്നീ പദപ്രയോഗങ്ങൾ കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്നത്. (മത്ത 20:1-5; യോഹ 4:6; പ്രവൃ 2:15; 3:1; 10:3, 9, 30) ഇനി, അക്കാലത്ത് പൊതുവേ ആളുകളുടെ കൈവശം കൃത്യസമയം കാണിക്കുന്ന ഘടികാരങ്ങളില്ലായിരുന്നു. അതുകൊണ്ടാണു സമയത്തെക്കുറിച്ച് പറയേണ്ടിവരുന്ന മിക്ക സാഹചര്യങ്ങളിലും യോഹ 19:14-ൽ കാണുന്നതുപോലെ “ഏകദേശം” എന്ന പദം ചേർത്തിരിക്കുന്നത്. (മത്ത 27:46; ലൂക്ക 23:44; യോഹ 4:6; പ്രവൃ 10:3, 9) ചുരുക്കത്തിൽ: സ്തംഭത്തിൽ തറയ്ക്കുന്നതിനെ മാത്രം വധനിർവഹണമായി യോഹന്നാൻ കണക്കാക്കിയപ്പോൾ വധനിർവഹണത്തിൽ ചാട്ടയടിയും സ്തംഭത്തിൽ തറയ്ക്കലും ഉൾപ്പെടുന്നതായി മർക്കോസ് കണക്കാക്കിയിരിക്കാം. അതുവെച്ച് മർക്കോസ് വധനിർവഹണത്തെ പകൽ മൂന്നാം മണിക്കു തുടങ്ങുന്ന മൂന്നു-മണിക്കൂർ വിഭാഗത്തിൽപ്പെടുത്തുകയും യോഹന്നാൻ ഇതിനെ പകൽ ആറാം മണിക്കു തുടങ്ങുന്ന മൂന്നു-മണിക്കൂർ വിഭാഗത്തിൽപ്പെടുത്തുകയും ചെയ്തതാകാം. യോഹന്നാനാകട്ടെ അതോടൊപ്പം “ഏകദേശം” എന്ന പദവും ചേർത്തിട്ടുണ്ട്. രണ്ടു സുവിശേഷവിവരണങ്ങൾ തമ്മിൽ സമയത്തിന്റെ കാര്യത്തിൽ വ്യത്യാസം വരാനുള്ള കാരണങ്ങൾ ഇവയായിരിക്കാം. മർക്കോസ് രേഖപ്പെടുത്തിയതിൽനിന്ന് വ്യത്യസ്തമായ ഒരു സമയമാണു പതിറ്റാണ്ടുകൾക്കു ശേഷം യോഹന്നാൻ തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയത് എന്നു പ്രത്യക്ഷത്തിൽ തോന്നിയേക്കാമെങ്കിലും അതു സൂചിപ്പിക്കുന്നതു യോഹന്നാൻ കണ്ണുമടച്ച് മർക്കോസിന്റെ വിവരണം പകർത്തുകയായിരുന്നില്ല എന്നാണ്.
മർ 16:8-ന്റെ പഠനക്കുറിപ്പ്, nwtsty
പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല: ഈ സുവിശേഷത്തിന്റെ അവസാനഭാഗത്തിന്റെ, ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്തുപ്രതികളനുസരിച്ച് 8-ാം വാക്യത്തിൽ കാണുന്ന ഈ വാക്കുകളോടെ മർക്കോസിന്റെ സുവിശേഷം അവസാനിക്കുകയാണ്. എന്നാൽ ചിലരുടെ അഭിപ്രായത്തിൽ, ഈ വിവരണം പ്രതീക്ഷിച്ചതിനെക്കാൾ പെട്ടെന്ന് അവസാനിക്കുന്നതുപോലെ കാണപ്പെടുന്നതുകൊണ്ട് ഇതു മർക്കോസ് എഴുതിയ ഉപസംഹാരമായിരിക്കില്ല എന്നാണ്. പക്ഷേ മർക്കോസിന്റേതു പൊതുവേ കാര്യങ്ങൾ ചുരുക്കിപ്പറയുന്ന രചനാശൈലിയായതുകൊണ്ട് ആ വാദത്തിൽ വലിയ കഴമ്പുണ്ടെന്നു പറയാനാകില്ല. മാത്രമല്ല, നാലാം നൂറ്റാണ്ടിലെ പണ്ഡിതന്മാരായ ജെറോമും യൂസേബിയസും പറയുന്നത് ആധികാരികരേഖ അവസാനിക്കുന്നതു “പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല” എന്ന ഈ വാക്കുകളോടെതന്നെയാണെന്നാണ്.
പല ഗ്രീക്ക് കൈയെഴുത്തുപ്രതികളും ഇതര ഭാഷാന്തരങ്ങളും 8-ാം വാക്യത്തിനുശേഷം ദീർഘമായ ഒരു ഉപസംഹാരമോ ഹ്രസ്വമായ ഉപസംഹാരമോ ചേർത്തിരിക്കുന്നതായി കാണാം. ദീർഘമായ ഉപസംഹാരം (അതിൽ 12 വാക്യങ്ങളുണ്ട്.) എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ കോഡക്സ് അലക്സാൻഡ്രിനസ്, കോഡക്സ് എഫ്രയീമി സൈറി റെസ്ക്രിപ്റ്റസ്, കോഡക്സ് ബസേ കാന്റാബ്രിജിയൻസിസ് എന്നിവയിലെല്ലാം കാണാം. കൂടാതെ ഇതു ലത്തീനിലുള്ള വൾഗേറ്റ്, കുറേറ്റോണിയൻ സുറിയാനി കൈയെഴുത്തുപ്രതി, സുറിയാനിയിലുള്ള പ്ശീത്താ എന്നിവയിലുമുണ്ട്. എന്നാൽ നാലാം നൂറ്റാണ്ടിലെ രണ്ടു ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും (കോഡക്സ് സൈനാറ്റിക്കസ്, കോഡക്സ് വത്തിക്കാനസ്) നാലാം നൂറ്റാണ്ടിലെയോ അഞ്ചാം നൂറ്റാണ്ടിലെയോ കോഡക്സ് സൈനാറ്റിക്കസ് സിറിയാക്കസിലും മർക്കോസിന്റെ സുവിശേഷത്തിന്റെ ഏറ്റവും പഴക്കമുള്ള സഹിദിക്ക് കോപ്റ്റിക്ക് കൈയെഴുത്തുപ്രതിയിലും (അഞ്ചാം നൂറ്റാണ്ടിലേത്.) ദീർഘമായ ഈ ഉപസംഹാരം കാണുന്നില്ല. ഇനി, ഈ സുവിശേഷത്തിന്റെ അർമേനിയൻ, ജോർജിയൻ ഭാഷകളിലുള്ള ഏറ്റവും പഴയ കൈയെഴുത്തുപ്രതികളും 8-ാം വാക്യത്തോടെ അവസാനിക്കുന്നവയാണ്.
ചില പിൽക്കാല ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും ഇതര ഭാഷാന്തരങ്ങളിലും ഹ്രസ്വമായ ഉപസംഹാരമാണു (ഏതാനും വാചകങ്ങൾ മാത്രമുള്ളത്.) കാണുന്നത്. എ.ഡി. എട്ടാം നൂറ്റാണ്ടിലെ കോഡക്സ് റെജസിൽ രണ്ട് ഉപസംഹാരവും കാണാം. ഹ്രസ്വമായ ഉപസംഹാരമാണ് അതിൽ ആദ്യം നൽകിയിരിക്കുന്നത്. ഓരോ ഉപസംഹാരത്തിന്റെയും തുടക്കത്തിലുള്ള കുറിപ്പിൽ, ഈ ഭാഗങ്ങൾ ചിലയിടങ്ങളിൽ യ്രപചാരത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ ഉപസംഹാരങ്ങൾക്ക് ആധികാരികതയുണ്ടെന്നൊന്നും ആ കോഡക്സ് സൂചിപ്പിക്കുന്നില്ല.
ഹ്രസ്വമായ ഉപസംഹാരം
മർ 16:8-നെ തുടർന്നു കാണുന്ന ഹ്രസ്വമായ ഈ ഉപസംഹാരം ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളുടെ ഭാഗമല്ല. അത് ഇങ്ങനെ വായിക്കുന്നു:
എന്നാൽ തങ്ങളോടു കല്പിച്ചതെല്ലാം അവർ പത്രോസിനോടും കൂടെയുണ്ടായിരുന്നവരോടും ചുരുക്കമായി വിവരിച്ചു. ഇതിനെല്ലാം ശേഷം യേശുതന്നെയും വിശുദ്ധവും അക്ഷയവും ആയ നിത്യരക്ഷയുടെ പ്രഖ്യാപനം കിഴക്കുമുതൽ പടിഞ്ഞാറുവരെ അവർ മുഖേന എത്തിച്ചു.
ദീർഘമായ ഉപസംഹാരം
മർ 16:8-നെ തുടർന്നു കാണുന്ന ദീർഘമായ ഈ ഉപസംഹാരം ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളുടെ ഭാഗമല്ല. അത് ഇങ്ങനെ വായിക്കുന്നു:
9 ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിർപ്പിക്കപ്പെട്ട ശേഷം യേശു ആദ്യം മഗ്ദലക്കാരി മറിയയ്ക്കു പ്രത്യക്ഷനായി. ഈ മറിയയിൽനിന്നാണ് യേശു ഏഴു ഭൂതങ്ങളെ പുറത്താക്കിയത്. 10 മറിയ ചെന്ന് യേശുവിനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവരോ കരഞ്ഞ് വിലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11 യേശു ജീവനിലേക്കു വന്നെന്നും താൻ യേശുവിനെ കണ്ടെന്നും മറിയ പറഞ്ഞെങ്കിലും അവർ വിശ്വസിച്ചില്ല. 12 ഇതിനു ശേഷം അവരിൽ രണ്ടു പേർ നാട്ടിൻപുറത്തേക്കു നടന്നുപോകുമ്പോൾ യേശു വേറൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. 13 അവർ മടങ്ങിവന്ന് ബാക്കിയുള്ളവരോട് ഇക്കാര്യം അറിയിച്ചു. അതും അവർ വിശ്വസിച്ചില്ല. 14 പിന്നെ അവർ പതിനൊന്നു പേരും ഭക്ഷണമേശയ്ക്കൽ ഇരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ട തന്നെ കണ്ടവരെ വിശ്വസിക്കാതിരുന്ന അവരുടെ വിശ്വാസമില്ലായ്മയെയും ഹൃദയകാഠിന്യത്തെയും യേശു കുറ്റപ്പെടുത്തി. 15 എന്നിട്ട് യേശു അവരോടു പറഞ്ഞു: “ലോകമെങ്ങും പോയി സകലസൃഷ്ടികളോടും സന്തോഷവാർത്ത പ്രസംഗിക്കുക. 16 വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പടും. വിശ്വസിക്കാത്തവനോ ശിക്ഷാവിധിയുണ്ടാകും. 17 വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അന്യഭാഷകളിൽ സംസാരിക്കും, 18 സർപ്പങ്ങളെ കൈകൊണ്ട് എടുക്കും. മാരകവിഷം കുടിച്ചാലും അവർക്കു ഹാനി വരില്ല. അവർ രോഗികളുടെ മേൽ കൈ വെക്കുമ്പോൾ അവർ സുഖം പ്രാപിക്കും.”
19 അങ്ങനെ കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ട് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു. 20 തങ്ങളോടു പറഞ്ഞതനുസരിച്ച് അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടൊപ്പം പ്രവർത്തിക്കുകയും അടയാളങ്ങളിലൂടെ ആ ദൂതിനെ പിന്താങ്ങുകയും ചെയ്തു.
ജൂൺ 11-17
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 1
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 1:69-ന്റെ പഠനക്കുറിപ്പ്, nwtsty
രക്ഷയുടെ ഒരു കൊമ്പ്: അഥവാ “ശക്തനായ ഒരു രക്ഷകനെ.” ബൈബിളിൽ മൃഗങ്ങളുടെ കൊമ്പു പലപ്പോഴും ശക്തിയുടെയും ജയിച്ചടക്കലിന്റെയും വിജയത്തിന്റെയും പ്രതീകമായി ഉപയോഗിച്ചിട്ടുണ്ട്. (1ശമു 2:1; സങ്ക 75:4, 5, 10; 148:14; അടിക്കുറിപ്പുകൾ) ഇനി, നീതിമാന്മാരോ ദുഷ്ടന്മാരോ ആയ ഭരണാധികാരികളെയും അത്തരത്തിലുള്ള രാജവംശങ്ങളെയും ആ പദം കുറിക്കുന്നുണ്ട്. അവർ ജയിച്ചടക്കി മുന്നേറുന്നതിനെ, കൊമ്പുകൊണ്ട് തള്ളുന്നതിനോടാണു താരതമ്യപ്പെടുത്തിയിരിക്കുന്നത്. (ആവ 33:17; ദാനി 7:24; 8:2-10, 20-24) ഈ വാക്യത്തിലെ “രക്ഷയുടെ ഒരു കൊമ്പ്” എന്ന പദപ്രയോഗം കുറിക്കുന്നതു രക്ഷിക്കാൻ ശക്തിയുള്ള മിശിഹയെ, ശക്തനായ ആ രക്ഷകനെ ആണ്.
ലൂക്ക 1:76-ന്റെ പഠനക്കുറിപ്പ്, nwtsty
നീ മുമ്പേ പോയി യഹോവയ്ക്ക്: പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനിരിക്കുന്ന യേശുവിന്റെ വരവ് അറിയിക്കുന്നവനായിരിക്കും സ്നാപകയോഹന്നാൻ എന്ന അർഥത്തിലാണ് അദ്ദേഹം ‘യഹോവയ്ക്കു മുമ്പേ പോകും’ എന്നു പറഞ്ഞിരിക്കുന്നത്.—യോഹ 5:43; 8:29; ഈ വാക്യത്തിലെ യഹോവ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
ജൂൺ 18-24
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 2-3
“യുവജനങ്ങളേ, നിങ്ങൾ ആത്മീയമായി വളരുന്നുണ്ടോ? ”
ലൂക്ക 2:41-ന്റെ പഠനക്കുറിപ്പ്, nwtsty
അവന്റെ മാതാപിതാക്കൾ വർഷംതോറും . . . പോകാറുണ്ടായിരുന്നു: പെസഹാപ്പെരുന്നാളിനു സ്ത്രീകൾ പോകണമെന്നു മോശയുടെ നിയമം ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും വാർഷികപെരുന്നാളിനു യോസേഫ് യരുശലേമിലേക്കു പോകുമ്പോഴെല്ലാം മറിയയും കൂടെ പോകാറുണ്ടായിരുന്നു. (പുറ 23:17; 34:23) അംഗസംഖ്യ കൂടിക്കൊണ്ടിരുന്നെങ്കിലും എല്ലാ വർഷവും ആ കുടുംബം ഒരുമിച്ചാണ് അവിടേക്കു പോയിരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും കൂടെ ഏകദേശം 300 കിലോമീറ്റർ വരുന്ന ഒരു യാത്രയായിരുന്നു അത്.
ലൂക്ക 2:46, 47-ന്റെ പഠനക്കുറിപ്പുകൾ, nwtsty
അവരോടു ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു: യേശുവിന്റേതു വെറുതേ കൗതുകത്തിന്റെ പേരിലുള്ള ബാലിശമായ ചോദ്യങ്ങളല്ലായിരുന്നു എന്നാണ് അവിടെ കൂടിയിരുന്നവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. (ലൂക്ക 2:47) “ചോദ്യങ്ങൾ ചോദിക്കുക” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, കോടതിവിചാരണയുടെ സമയത്ത് ചോദിക്കുന്ന ചോദ്യങ്ങളെയും മറുചോദ്യങ്ങളെയും കുറിക്കാൻ ഉപയോഗിക്കാറുണ്ട്. (മത്ത 27:11; മർ 14:60, 61; 15:2, 4; പ്രവൃ 5:27) ചരിത്രകാരന്മാർ പറയുന്നത്, ഉത്സവങ്ങളും പെരുന്നാളുകളും മറ്റും കഴിഞ്ഞശേഷം പ്രമുഖരായ ചില മതനേതാക്കന്മാർ ദേവാലയത്തിലെ വിശാലമായ ഏതെങ്കിലും ഒരു മണ്ഡപത്തിൽ ഇരുന്ന് ആളുകളെ പഠിപ്പിക്കുന്ന പതിവുണ്ടായിരുന്നു എന്നാണ്. ആളുകൾക്ക് അവരുടെ കാൽക്കൽ ഇരുന്ന് അതു കേൾക്കാനും ചോദ്യങ്ങൾ ചോദിക്കാനും ഉള്ള അവസരമുണ്ടായിരുന്നു.
വിസ്മയിച്ചു: ഇവിടെ “വിസ്മയിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ രൂപത്തിന്, ആളുകൾ കുറെ നേരം വിസ്മയഭരിതരായി നിന്നെന്നോ പലവട്ടം വിസ്മയിച്ചെന്നോ അർഥമാക്കാനാകും.
ലൂക്ക 2:51, 52-ന്റെ പഠനക്കുറിപ്പ്, nwtsty
പഴയപോലെ . . . കീഴ്പെട്ടിരുന്നു: അഥവാ, “തുടർന്നും അനുസരണമുള്ളവനായി ജീവിച്ചു.” ഇവിടെ കാണുന്ന ഗ്രീക്കുക്രിയയുടെ രൂപം തുടർച്ചയെ സൂചിപ്പിക്കുന്നു. ഇതിൽനിന്ന് മനസ്സിലാക്കാനാകുന്നത്, യേശുവിന്റെ തിരുവെഴുത്തുഗ്രാഹ്യം ദേവാലയത്തിലെ ഗുരുക്കന്മാരിൽ മതിപ്പുളവാക്കിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയ യേശു താഴ്മയോടെ മാതാപിതാക്കൾക്കു കീഴ്പെട്ടിരുന്നു എന്നാണ്. യഥാർഥത്തിൽ ഈ അനുസരണത്തിനു മറ്റ് ഏതൊരു കുട്ടിയുടെ അനുസരണത്തെക്കാളും പ്രാധാന്യമുണ്ടായിരുന്നു; കാരണം അതിലൂടെ മോശയുടെ നിയമത്തിലെ ചെറിയ വിശദാംശങ്ങൾപോലും നിറവേറ്റുകയായിരുന്നു യേശു.—പുറ 20:12; ഗല 4:4.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 2:14-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം: ചില കൈയെഴുത്തുപ്രതികളിൽ ഈ ഭാഗം കാണുന്നതു “ഭൂമിയിൽ സമാധാനം, മനുഷ്യരിൽ പ്രസാദം” എന്നാണ്. ചില ബൈബിൾഭാഷാന്തരങ്ങൾ ഈ ഭാഗം പരിഭാഷപ്പെടുത്തിയിരിക്കുന്നതും ഇങ്ങനെയാണ്. എന്നാൽ പുതിയ ലോക ഭാഷാന്തര ത്തിൽ കാണുന്ന പരിഭാഷയെയാണ് കൂടുതൽ കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നത്. ആളുകളുടെ മനോഭാവമോ പ്രവൃത്തികളോ ഒന്നും കണക്കിലെടുക്കാതെ എല്ലാ മനുഷ്യരിലും ദൈവം പ്രസാദിക്കും എന്നായിരുന്നില്ല ദൂതന്റെ വാക്കുകളുടെ അർഥം. മറിച്ച് ദൈവത്തിലുള്ള യഥാർഥമായ വിശ്വാസത്തോടെ ദൈവപുത്രന്റെ അനുഗാമികളാകുന്നവർക്കു ദൈവത്തിന്റെ പ്രസാദം ലഭിക്കുമെന്നാണ് അത് അർഥമാക്കിയത്.—ഈ വാക്യത്തിലെ ദൈവപ്രസാദമുള്ള മനുഷ്യർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
ദൈവപ്രസാദമുള്ള മനുഷ്യർ: മൂലഭാഷയിൽ ഇവിടെ കാണുന്ന പദപ്രയോഗത്തിനു മനുഷ്യർ മനുഷ്യരിൽ പ്രസാദിക്കുന്നതിനെ കുറിക്കാനാകുമെങ്കിലും ഈ വാക്യത്തിൽ അതു ദൈവം മനുഷ്യരിൽ പ്രസാദിക്കുന്നതിനെയാണ് അർഥമാക്കുന്നത് എന്നു തെളിവുകൾ സൂചിപ്പിക്കുന്നു. ഇവിടെ കാണുന്ന യുഡോക്കിയ എന്ന ഗ്രീക്കുപദത്തെ “പ്രീതി, ഇഷ്ടം, അംഗീകാരം” എന്നൊക്കെ പരിഭാഷപ്പെടുത്താം. ഇതിനോടു ബന്ധമുള്ള യുഡോക്കിയോ എന്ന ക്രിയ കാണുന്ന മത്ത 3:17; മർ 1:11; ലൂക്ക 3:22 എന്നീ വാക്യങ്ങളിൽ, (മത്ത 3:17; മർ 1:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യേശു സ്നാനമേറ്റ ഉടൻ ദൈവം യേശുവിനോടു പറയുന്ന വാക്കുകളാണു കാണുന്നത്. അവിടെ ഈ പദത്തിന്റെ അടിസ്ഥാനാർഥം “അംഗീകരിക്കുക; സംപ്രീതനാകുക; പ്രീതിയോടെ കാണുക; (ഒരു കാര്യത്തെപ്രതി) സന്തോഷിക്കുക” എന്നൊക്കെയാണ്. ഇതിന്റെ വെളിച്ചത്തിൽ, മൂലഭാഷയിൽ ഇവിടെ കാണുന്ന അന്ത്രോപൊസ് യുഡോക്കിയസ് എന്ന പദപ്രയോഗം, മനുഷ്യർ മനുഷ്യരിൽ പ്രസാദിക്കുന്നതിനെ അല്ല, ദൈവം മനുഷ്യരിൽ പ്രസാദിക്കുന്നതിനെയോ അവരെ അംഗീകരിക്കുന്നതിനെയോ ആണ് കുറിക്കുന്നതെന്നു വ്യക്തം. അതുകൊണ്ടുതന്നെ ആ പദപ്രയോഗത്തെ “ദൈവം അംഗീകരിക്കുന്ന ആളുകൾ; ദൈവം പ്രീതിയോടെ കാണുന്ന ആളുകൾ” എന്നും പരിഭാഷപ്പെടുത്താം. ദൈവദൂതന്റെ വാക്കുകൾ അർഥമാക്കിയത്, എല്ലാ മനുഷ്യരോടും ദൈവം പ്രസാദിക്കും എന്നല്ലെന്നും ഇത്തരം പ്രസാദം ലഭിക്കുന്നതു ദൈവത്തിലുള്ള യഥാർഥവിശ്വാസത്തോടെ ദൈവപുത്രന്റെ അനുഗാമികളാകുന്നവർക്കാണെന്നും ഇതിൽനിന്ന് മനസ്സിലാക്കാം. ചിലയിടങ്ങളിൽ യുഡോക്കിയ എന്ന ഗ്രീക്കുപദത്തിനു മനുഷ്യരുടെ പ്രസാദത്തെ (അഥവാ ആഗ്രഹത്തെ, നല്ല മനസ്സിനെ) കുറിക്കാനാകുമെങ്കിലും (റോമ 10:1; ഫിലി 1:15) മിക്കയിടങ്ങളിലും അതു ദൈവത്തിന്റെ പ്രസാദത്തെയോ ഇഷ്ടത്തെയോ ദൈവം കാര്യങ്ങൾ ചെയ്യാൻ തീരുമാനിക്കുന്ന വിധത്തെയോ ആണ് കുറിക്കുന്നത്. (മത്ത 11:26; ലൂക്ക 10:21; എഫ 1:5, 9; ഫിലി 2:13; 2തെസ്സ 1:11) സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ ഇതേ ഗ്രീക്കുപദം കാണുന്ന സങ്ക 51:18-ലും (50:20, LXX) ദൈവത്തിന്റെ ‘പ്രസാദത്തെക്കുറിച്ചാണു’ പറയുന്നത്.
wp16.3-E 9 ¶1-3
നിങ്ങൾക്ക് അറിയാമോ?
ആരായിരുന്നു യോസേഫിന്റെ പിതാവ് ?
നസറെത്തിലെ ഒരു മരപ്പണിക്കാരനായ യോസേഫ് ആയിരുന്നു യേശുവിന്റെ വളർത്തുപിതാവ്. എന്നാൽ ആരാണ് യോസേഫിന്റെ പിതാവ്? യേശുവിന്റെ വംശാവലിയെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിൽ യോസേഫ് യാക്കോബിന്റെ മകനാണെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ലൂക്കോസിന്റെ വിവരണത്തിൽ യോസേഫ് “ഹേലിയുടെ മകൻ” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ വ്യത്യാസം?—ലൂക്കോസ് 3:23; മത്തായി 1:16.
മത്തായിയുടെ വിവരണം പറയുന്നു: ‘യാക്കോബിനു യോസേഫ് ജനിച്ചു.’ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിൽനിന്ന് യോസേഫിനെ ജനിപ്പിച്ച പിതാവാണു യാക്കോബ് എന്നു വ്യക്തം. യോസേഫ് ജനിച്ച ദാവീദിന്റെ രാജകീയവംശാവലിയാണു മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. യോസേഫിന്റെ വളർത്തുമകനായ യേശുവിനു ദാവീദിന്റെ രാജ്യാധികാരത്തിനു നിയമപരമായ അവകാശമുണ്ടെന്നാണു മത്തായിയുടെ വിവരണം തെളിയിക്കുന്നത്.
നേരേ മറിച്ച്, “യോസേഫ് ഹേലിയുടെ മകൻ” എന്നു ലൂക്കോസ് പറയുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന “മകൻ” എന്ന പദത്തിനു “മരുമകൻ” എന്നും അർഥമാക്കാൻ കഴിയും. സമാനമായ ഒരു കാര്യം ലൂക്കോസ് 3:27-ൽ കാണാം. ഇവിടെ ശെയൽതീയേൽ നേരിയുടെ മകനാണെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ശെയൽതീയേലിന്റെ യഥാർഥപിതാവ് യഖൊന്യ ആണ്. (1 ദിനവൃത്താന്തം 3:17; മത്തായി 1:12) ശെയൽതീയേൽ നേരിയുടെ പേര് പറയാത്ത ഒരു മകളെയായിരിക്കാം വിവാഹം കഴിച്ചത്. അങ്ങനെ നോക്കിയാൽ ശെയൽതീയേൽ ശരിക്കും നേരിയുടെ മരുമകനാണ്. ഇതേ അർഥത്തിലാണ് ഹേലിയുടെ മകളായ മറിയയെ വിവാഹം കഴിച്ചപ്പോൾ യോസേഫ് ‘ഹേലിയുടെ മകനായത്.’ അങ്ങനെ ലൂക്കോസ് തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ ‘ജഡപ്രകാരമുള്ള’ അഥവാ ജനനംകൊണ്ടുള്ള മറിയയിലൂടെയുള്ള വംശാവലിയാണ്. (റോമർ 1:3, ഓശാന) അതുകൊണ്ട് ബൈബിൾ നമുക്കു പ്രയോജനം ചെയ്യുന്ന രണ്ടു വ്യത്യസ്ത തരത്തിലുള്ള വംശാവലി വിവരണങ്ങൾ തരുന്നു.
ജൂൺ 25–ജൂലൈ 1
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 4-5
“യേശു നേരിട്ടതുപോലെ പ്രലോഭനങ്ങൾ നേരിടുക”
ചിത്രം, nwtsty
ദേവാലയത്തിന്റെ മുകളിലെ കൈമതിൽ
താഴേക്കു ചാടാൻ പറയുന്നതിനു മുമ്പ് സാത്താൻ യേശുവിനെ അക്ഷരാർഥത്തിൽ “ദേവാലയത്തിന്റെ മുകളിലെ കൈമതിലിന്മേൽ (അഥവാ “ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് ” )” നിറുത്തിക്കാണും. പക്ഷേ യേശു നിന്നിരിക്കാൻ സാധ്യതയുള്ള കൃത്യസ്ഥലം നമുക്ക് അറിയില്ല. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ദേവാലയം’ എന്ന പദത്തിനു ദേവാലയസമുച്ചയത്തെ മുഴുവനായി കുറിക്കാനാകുന്നതുകൊണ്ട് യേശു നിന്നത് ആലയവളപ്പിന്റെ തെക്കുകിഴക്കേ മൂലയ്ക്കായിരിക്കാം (1). യേശു നിന്ന സ്ഥലം ദേവാലയസമുച്ചയത്തിന്റെ മറ്റൊരു മൂലയായിരിക്കാനും സാധ്യതയുണ്ട്. ഇതിൽ എവിടെനിന്ന് വീണാലും യഹോവ ഇടപെട്ടില്ലെങ്കിൽ മരണം ഉറപ്പായിരുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 4:17-ന്റെ പഠനക്കുറിപ്പ്, nwtsty
യശയ്യ പ്രവാചകന്റെ ചുരുൾ: യശയ്യയുടെ ചാവുകടൽ ചുരുൾ, 17 വലിയ തുകൽക്കഷണങ്ങൾ ഒന്നോടൊന്നു ചേർത്ത് തയ്യാറാക്കിയതായിരുന്നു. 54 കോളങ്ങളുള്ള ആ ചുരുളിന് 7.3 മീ. (24 അടി) നീളമുണ്ട്. സാധ്യതയനുസരിച്ച്, അത്രയും നീളമുള്ള ഒരു ചുരുളായിരിക്കാം നസറെത്തിലെ സിനഗോഗിലുണ്ടായിരുന്നത്. ഒന്നാം നൂറ്റാണ്ടിൽ ബൈബിൾഭാഗങ്ങൾ അധ്യായങ്ങളും വാക്യങ്ങളും ആയി തിരിക്കുന്ന രീതി ഇല്ലാതിരുന്നതുകൊണ്ട് താൻ വായിക്കാൻ പോകുന്ന ഭാഗം യേശുവിന് അതിൽനിന്ന് തിരഞ്ഞ് കണ്ടുപിടിക്കണമായിരുന്നു. എന്നാൽ യേശു ആ പ്രവചനഭാഗം എടുത്തു എന്ന വസ്തുത സൂചിപ്പിക്കുന്നതു യേശുവിനു ദൈവവചനത്തിലെ ഭാഗങ്ങൾ വളരെ പരിചിതമായിരുന്നു എന്നാണ്.
ലൂക്ക 4:25-ന്റെ പഠനക്കുറിപ്പ്, nwtsty
മൂന്നു വർഷവും ആറു മാസവും: വരൾച്ച അവസാനിക്കുന്നതിനെക്കുറിച്ച് ഏലിയ പ്രഖ്യാപിച്ചത് “മൂന്നാം വർഷം” ആണെന്നു 1രാജ 18:1 പറയുന്നു. അതുകൊണ്ടുതന്നെ യേശുവിന്റെ വാക്കുകൾ 1 രാജാക്കന്മാരിലെ വിവരണവുമായി യോജിക്കുന്നില്ലെന്നാണു ചിലരുടെ വാദം. എന്നാൽ വരൾച്ച മൂന്നു വർഷത്തിൽ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന് എബ്രായതിരുവെഴുത്തുകളിലെ ആ വിവരണം സൂചിപ്പിക്കുന്നില്ല എന്നതാണു സത്യം. സാധ്യതയനുസരിച്ച്, “മൂന്നാം വർഷം” എന്നു പറഞ്ഞിരിക്കുന്ന കാലഘട്ടം കണക്കുകൂട്ടേണ്ടത് ഏലിയ ആഹാബിനോടു വരൾച്ചയെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ച സമയംമുതലാണ്. (1രാജ 17:1) ഏലിയ ഇക്കാര്യം രാജാവിനോടു പറയുന്നതിനു മുമ്പുതന്നെ വേനൽക്കാലം തുടങ്ങിയിട്ടുണ്ടാകും. സാധാരണഗതിയിൽ ആറു മാസം നീളുന്ന വേനൽ ഇത്തവണ പതിവിലും നീണ്ടിരിക്കാനും സാധ്യതയുണ്ട്. ഇനി, വരൾച്ച അവസാനിച്ചത് ഏലിയ “മൂന്നാം വർഷം” ആഹാബിന്റെ മുന്നിൽ വീണ്ടും ചെന്ന ഉടനെ അല്ല, മറിച്ച് കർമേൽ പർവതത്തിൽവെച്ച് നടന്ന അഗ്നിപരിശോധനയ്ക്കു ശേഷമാണ് എന്നതും ഓർക്കുക. (1രാജ 18:18-45) അതുകൊണ്ട് ഇവിടെ കാണുന്ന യേശുവിന്റെ വാക്കുകളും യാക്ക 5:17-ൽ ക്രിസ്തുവിന്റെ അർധസഹോദരനായ യാക്കോബ് രേഖപ്പെടുത്തിയിരിക്കുന്ന സമാനമായ വാക്കുകളും 1രാജ 18:1-ലെ കാലക്കണക്കുമായി നന്നായി യോജിക്കുന്നു.