ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജനുവരി 7-13
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 21-22
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
പ്രവൃ 22:16-ന്റെ പഠനക്കുറിപ്പ്, nwtsty
യേശുവിന്റെ പേര് വിളിച്ച് നിന്റെ പാപങ്ങൾ കഴുകിക്കളയുക: ഒരാൾ സ്നാനമേൽക്കുന്ന ജലത്തിന് അയാളുടെ പാപങ്ങൾ കഴുകിക്കളയാനാകില്ല. യേശുവിന്റെ പേര് വിളിക്കുമ്പോഴാണ് അയാളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നത്. യേശുവിൽ വിശ്വാസമർപ്പിക്കുന്നതും ക്രിസ്തീയപ്രവർത്തനങ്ങളിലൂടെ ആ വിശ്വാസം തെളിയിക്കുന്നതും ആണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്.—പ്രവൃ 10:43; യാക്ക 2:14, 18.
വയൽസേവനത്തിനു സജ്ജരാകാം
w10-E 2/1 13 ¶2-14 ¶2
ക്രിസ്ത്യാനികൾക്കുള്ള ഒരു നിബന്ധനയോ?
ക്രിസ്തു മോശയുടെ നിയമം നിറവേറ്റിയ സ്ഥിതിക്ക്, ക്രിസ്ത്യാനികൾ ആഴ്ചതോറുമുള്ള ശബത്ത് ആചരിക്കേണ്ടതുണ്ടോ? ദൈവപ്രചോദിതനായി പൗലോസ് ഇങ്ങനെ ഉത്തരം നൽകുന്നു: “അതുകൊണ്ട് എന്തു കഴിക്കുന്നു, എന്തു കുടിക്കുന്നു എന്നതിലും ഏതെങ്കിലും ഉത്സവമോ അമാവാസിയോ ശബത്തോ ആചരിക്കുന്ന കാര്യത്തിലും ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ. അവ വരാനിരിക്കുന്നവയുടെ വെറുമൊരു നിഴലാണ്. പക്ഷേ യാഥാർഥ്യം ക്രിസ്തുവാണ്.”—കൊലോസ്യർ 2:16, 17.
തന്റെ ദാസന്മാരിൽനിന്ന് ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾക്കു മാറ്റം വന്നിട്ടുണ്ടെന്നല്ലേ ആ വാക്കുകൾ കാണിക്കുന്നത്? എന്തുകൊണ്ടാണ് ആ മാറ്റം? കാരണം, ക്രിസ്ത്യാനികൾ ഒരു പുതിയ നിയമത്തിന്റെ കീഴിലാണ്, ‘ക്രിസ്തുവിന്റെ നിയമത്തിൻകീഴിൽ.’ (ഗലാത്യർ 6:2) മോശയിലൂടെ ഇസ്രായേലിനു കൊടുത്ത നിയമ ഉടമ്പടി, യേശുവിന്റെ മരണം നിറവേറ്റി. അതോടെ അത് അവസാനിച്ചു. (റോമർ 10:4; എഫെസ്യർ 2:15) ശബത്ത് ആചരിക്കണമെന്ന നിയമവും അതോടുകൂടി അവസാനിച്ചോ? ഉവ്വ്. “നമ്മൾ നിയമത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞതിനു ശേഷം പൗലോസ് പത്തു കല്പനകളിൽ ഒന്നിനെക്കുറിച്ച് പരാമർശിച്ചു. (റോമർ 7:6, 7) അതുകൊണ്ട് മോശയുടെ നിയമം അവസാനിച്ചപ്പോൾ അതോടൊപ്പം പത്തു കല്പനകളും അവസാനിച്ചു. അതിൽ ശബത്ത് ആചരിക്കണമെന്ന കല്പനയും ഉൾപ്പെടുന്നു. അതുകൊണ്ട് ദൈവത്തിന്റെ ആരാധകർ ആഴ്ചതോറുമുള്ള ശബത്ത് ആചരിക്കണമെന്ന നിബന്ധനയിൻകീഴിലല്ല.
ഇസ്രായേല്യരുടെ ആരാധനാരീതിയിൽനിന്ന് ക്രിസ്ത്യാനികളുടെ ആരാധനാരീതിയിലേക്കു വന്ന ഈ മാറ്റത്തെ നമുക്ക് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം. ഒരു രാഷ്ട്രം അതിന്റെ ഭരണഘടനയ്ക്കു മാറ്റം വരുത്താറുണ്ട്. പുതിയ ഭരണഘടന നിലവിൽവന്നാൽപ്പിന്നെ, പഴയതിലെ നിയമങ്ങൾ അവർ അനുസരിക്കേണ്ടതില്ല. പുതിയ ഭരണഘടനയിലെ ചില നിയമങ്ങൾ പഴയതിലേതുതന്നെയായിരിക്കാമെങ്കിലും മറ്റു ചിലതു വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഏതൊക്കെ നിയമങ്ങളാണ് ഇപ്പോൾ അനുസരിക്കേണ്ടതെന്നു മനസ്സിലാക്കാൻ ഒരാൾ പുതിയ ഭരണഘടന ശ്രദ്ധാപൂർവം പഠിക്കണം. കൂടാതെ, എന്നാണ് പുതിയ ഭരണഘടന നിലവിൽവന്നത് എന്നും വിശ്വസ്തനായ ഒരു പൗരൻ മനസ്സിലാക്കണം.
അതുപോലെ ദൈവമായ യഹോവ ഇസ്രായേൽ ജനതയ്ക്കു 600-ഓളം നിയമങ്ങൾ കൊടുത്തു. അതിൽ പത്തെണ്ണം വളരെ പ്രധാനപ്പെട്ടതായിരുന്നു. ധാർമികതയെയും ബലികളെയും ആരോഗ്യകാര്യങ്ങളെയും ശബത്താചരണത്തെയും കുറിച്ചുള്ള നിയമങ്ങൾ അതിലുണ്ടായിരുന്നു. എന്നാൽ തന്റെ അഭിഷിക്തരായ അനുഗാമികൾ ചേർന്ന് ഒരു പുതിയ “ജനത” രൂപംകൊള്ളുമെന്നു യേശു പറഞ്ഞു. (മത്തായി 21:43) എ.ഡി. 33 മുതൽ ഈ ജനതയ്ക്ക് ഒരു പുതിയ ‘ഭരണഘടനയുണ്ട്.’ അതിന്റെ അടിസ്ഥാനം എന്നു പറയുന്നതു രണ്ടു നിയമങ്ങളാണ്, ദൈവത്തോടുള്ള സ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും. (മത്തായി 22:36-40) ‘ക്രിസ്തുവിന്റെ നിയമത്തിൽ’ ഇസ്രായേലിനു കൊടുത്ത നിയമത്തിലുണ്ടായിരുന്നതിനു സമാനമായ ചില നിർദേശങ്ങൾ അടങ്ങിയിരുന്നു. എങ്കിലും ചില നിയമങ്ങൾ തികച്ചും വ്യത്യസ്തമാണെന്നതും മോശയുടെ നിയമത്തിലെ ചിലതു മേലാൽ അനുസരിക്കേണ്ടതില്ലെന്നും ഉള്ള വസ്തുത നമ്മളെ അതിശയിപ്പിക്കേണ്ടതില്ല. ആഴ്ചതോറുമുള്ള ശബത്ത് ആചരിക്കണമെന്നതാണ് മേലാൽ നമ്മൾ കർശനമായി അനുഷ്ഠിക്കേണ്ടതില്ലാത്ത ഒരു കല്പന.
ജനുവരി 14-20
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 23-24
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
പ്രവൃ 23:6-ന്റെ പഠനക്കുറിപ്പ്, nwtsty
ഞാൻ ഒരു പരീശനാണ്: അവിടെ കൂടിയിരുന്ന ചിലർക്കു പൗലോസിനെ പരിചയമുണ്ടായിരുന്നു. (പ്രവൃ 22:5) താൻ പരീശകുടുംബത്തിൽ ജനിച്ചവനാണ് എന്നു പൗലോസ് പറഞ്ഞത്, താനും മുമ്പ് അവരെപ്പോലെ ഒരു പരീശനായിരുന്നെന്നു സൂചിപ്പിക്കാൻവേണ്ടിയാണെന്ന് അവർക്കു മനസ്സിലായിക്കാണും. എന്തായാലും താൻ ഇപ്പോഴും ഒരു പരീശനാണെന്നു തെറ്റിദ്ധരിപ്പിക്കാൻ പൗലോസിന് ഉദ്ദേശ്യമില്ലായിരുന്നെന്ന് അവർക്കു മനസ്സിലായിട്ടുണ്ടാകും. കാരണം പൗലോസ് ഇതിനകം തീക്ഷ്ണതയുള്ള ഒരു ക്രിസ്ത്യാനിയായി മാറിയെന്ന് സൻഹെദ്രിനിലെ പരീശന്മാർക്ക് അറിയാമായിരുന്നു. വാക്യത്തിന്റെ സന്ദർഭം കണക്കിലെടുക്കുമ്പോൾ, പൗലോസിന്റെ വാക്കുകളെ മറ്റൊരർഥത്തിൽ മനസ്സിലാക്കാവുന്നതാണ്. തന്നെപ്പോലെതന്നെ പരീശന്മാരും പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് താൻ സദൂക്യരെക്കാൾ യോജിക്കുന്നത് അവരോടാണെന്നായിരിക്കാം പൗലോസ് ഇവിടെ ഉദ്ദേശിച്ചത്. അങ്ങനെ അവിടെയുണ്ടായിരുന്ന പരീശന്മാരുമായി യോജിക്കാൻ പറ്റുന്ന ഒരു വിഷയത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയായിരുന്നു അദ്ദേഹം. ഈ വിവാദവിഷയം എടുത്തിട്ടാൽ സൻഹെദ്രിനിലെ ചിലരെങ്കിലും തന്റെ പക്ഷത്ത് നിൽക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചുകാണും. ആ തന്ത്രം ഫലിക്കുകയും ചെയ്തു. (പ്രവൃ 23:7-9) പിന്നീട് അഗ്രിപ്പ രാജാവിന്റെ മുന്നിൽവെച്ച് തന്റെ ഭാഗം വാദിച്ചപ്പോൾ പൗലോസ് തന്നെക്കുറിച്ച് പറഞ്ഞതും, ഈ വാക്യത്തിലെ പൗലോസിന്റെ വാക്കുകളുമായി ചേർച്ചയിലാണ്. (പ്രവൃ 26:5) ഫിലിപ്പിയിലെ സഹക്രിസ്ത്യാനികൾക്കു റോമിൽനിന്ന് കത്ത് എഴുതിയപ്പോഴും പൗലോസ് തന്റെ പരീശപാരമ്പര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. (ഫിലി 3:5) മുമ്പ് പരീശന്മാരായിരുന്ന ക്രിസ്ത്യാനികളെ പ്രവൃ 15:5-ൽ വിശേഷിപ്പിച്ചിരിക്കുന്ന വിധവും ഇവിടെ ശ്രദ്ധേയമാണ്.—പ്രവൃ 15:5-ന്റെ പഠനക്കുറിപ്പു കാണുക.
പ്രവൃ 24:24-ന്റെ പഠനക്കുറിപ്പ്, nwtsty
ദ്രുസില്ല: പ്രവൃ 12:1-ൽ പറഞ്ഞിരിക്കുന്ന ഹെരോദിന്റെ, അതായത് ഹെരോദ് അഗ്രിപ്പ 1-ാമന്റെ, ഏറ്റവും ഇളയ മകളാണ് ഇത്. ഏതാണ്ട് എ.ഡി. 38-ലാണ് അദ്ദേഹത്തിനു മൂന്നാമത്തെ ഈ മകൾ ജനിക്കുന്നത്. അഗ്രിപ്പ 2-ാമന്റെയും ബർന്നീക്കയുടെയും സഹോദരിയായിരുന്നു ദ്രുസില്ല. (പ്രവൃ 25:13-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ഹെരോദ്” എന്നതും കാണുക.) ഗവർണറായ ഫേലിക്സ് ദ്രുസില്ലയുടെ രണ്ടാമത്തെ ഭർത്താവ് ആയിരുന്നു. തന്റെ ആദ്യഭർത്താവായ എമസയിലെ സിറിയൻ രാജാവായ അസിസസിനെ വിവാഹമോചനം ചെയ്ത ദ്രുസില്ല, എ.ഡി. 54-ൽ, ഏകദേശം 16 വയസ്സുള്ളപ്പോഴാണു ഫേലിക്സിനെ വിവാഹം കഴിക്കുന്നത്. പൗലോസ് ഫേലിക്സിന്റെ മുന്നിൽവെച്ച് “നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി” എന്നിവയെക്കുറിച്ച് പറഞ്ഞ സന്ദർഭത്തിൽ ദ്രുസില്ലയും അവിടെയുണ്ടായിരുന്നിരിക്കാം. (പ്രവൃ 24:25) ഫേലിക്സ് തന്റെ ഗവർണർസ്ഥാനം ഫെസ്തൊസിനു കൈമാറിയപ്പോൾ “ജൂതന്മാരുടെ പ്രീതി നേടാൻ” പൗലോസിനെ തടവിൽത്തന്നെ വിട്ടിട്ട് പോയി. ജൂതവംശത്തിൽപ്പെട്ട, ചെറുപ്പക്കാരിയായ തന്റെ ഭാര്യയെ പ്രീതിപ്പെടുത്താനായിരിക്കാം ഫേലിക്സ് അങ്ങനെ ചെയ്തതെന്നു ചിലർ കരുതുന്നു.—പ്രവൃ 24:27.
ജനുവരി 21-27
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 25-26
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
പ്രവൃ 26:14-ന്റെ പഠനക്കുറിപ്പ്, nwtsty
മുടിങ്കോലിൽ തൊഴിക്കുന്നത്: മൃഗങ്ങളെ തെളിക്കാൻ ഉപയോഗിക്കുന്ന, അറ്റം കൂർത്ത വടിയാണു മുടിങ്കോൽ. (ന്യായ 3:31) “മുടിങ്കോലിൽ തൊഴിക്കുക” എന്നതു ഗ്രീക്ക് സാഹിത്യകൃതികളിൽ കാണുന്ന ഒരു പഴഞ്ചൊല്ലാണ്. മുടിങ്കോലുകൊണ്ട് തെളിക്കുന്നത് ഇഷ്ടപ്പെടാതെ അതിൽ തൊഴിച്ച് മുറിവ് വരുത്തിവെക്കുന്ന അനുസരണമില്ലാത്ത ഒരു കാളയുടെ ചിത്രമാണ് അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് ശൗൽ അതുപോലൊരു ആളായിരുന്നു. യേശുവിന്റെ അനുഗാമികൾക്കു ദൈവമായ യഹോവയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് അവർക്കെതിരെ പോരാടുന്നതു പൗലോസിനുതന്നെ ഗുരുതരമായ ഹാനി വരുത്തിവെച്ചേനേ. (പ്രവൃ 5:38, 39 താരതമ്യം ചെയ്യുക; 1തിമ 1:13, 14) സഭ 12:11-ൽ മുടിങ്കോൽ എന്ന് അർഥംവരുന്ന “ഇടയന്റെ വടി” എന്ന പദപ്രയോഗം, ബുദ്ധിമാനായ ഒരാളുടെ വാക്കുകളെ കുറിക്കാൻ ആലങ്കാരികമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഉപദേശം സ്വീകരിക്കാൻ ഒരാളെ പ്രചോദിപ്പിക്കുന്നതിന് അത്തരം വാക്കുകൾക്കാകും.
ജനുവരി 28-ഫെബ്രുവരി 3
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 27-28
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
പ്രവൃ 27:9-ന്റെ പഠനക്കുറിപ്പ്, nwtsty
ശരത്കാലത്തെ ഉപവാസം: അഥവാ “പാപപരിഹാരദിവസത്തിലെ ഉപവാസം.” അക്ഷ. “ഉപവാസം.” ഇവിടെ കാണുന്ന “ഉപവാസം” എന്നതിന്റെ ഗ്രീക്കുപദം, മോശയുടെ നിയമത്തിൽ പറഞ്ഞിട്ടുള്ള ഒരേ ഒരു ഉപവാസത്തെ മാത്രമാണു കുറിക്കുന്നത്. യോം കിപ്പൂർ (എബ്രായയിൽ, യോഹ്മം ഹക്കിപ്പുരിം; അർഥം “മറയ്ക്കുന്ന ദിവസം.”) എന്നും വിളിച്ചിരുന്ന വാർഷിക പാപപരിഹാരദിവസവുമായി ബന്ധപ്പെട്ട ഉപവാസമായിരുന്നു അത്. (ലേവ 16:29-31; 23:26-32; സംഖ 29:7; പദാവലിയിൽ “പാപപരിഹാരദിവസം” കാണുക.) പാപപരിഹാരദിവസവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുന്ന “സ്വയം ക്ലേശിപ്പിക്കുക” എന്ന പദപ്രയോഗം, ഉപവാസം ഉൾപ്പെടെ ആത്മപരിത്യാഗത്തിന്റെ വ്യത്യസ്തരീതികളെ അർഥമാക്കുന്നതായി പൊതുവേ കരുതപ്പെടുന്നു. (ലേവ 16:29, അടിക്കുറിപ്പ്) പ്രവൃ 27:9-ൽ ‘ഉപവാസം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതിൽനിന്ന്, പാപപരിഹാരദിവസത്തെ ആത്മപരിത്യാഗത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത് ഉപവാസമായിരുന്നു എന്നു മനസ്സിലാക്കാം. ആ ഉപവാസം സെപ്റ്റംബറിന്റെ ഒടുവിലോ ഒക്ടോബറിന്റെ തുടക്കത്തിലോ ആയിരുന്നു.
പ്രവൃ 28:11-ന്റെ പഠനക്കുറിപ്പ്, nwtsty
സീയൂസ്പുത്രന്മാർ: ഗ്രീക്ക്, റോമൻ ഐതിഹ്യങ്ങളനുസരിച്ച് സീയൂസ് ദേവന്റെയും (ജൂപ്പിറ്റർ ദേവൻ) സ്പാർട്ടയിലെ ലേഡ രാജ്ഞിയുടെയും ഇരട്ടപ്പുത്രന്മാരായ കാസ്റ്ററും പോളക്സും ആണ് ഈ “സീയൂസ്പുത്രന്മാർ” (ഗ്രീക്കിൽ, ഡിയസ്കൂറൊയ് ). കടലിലെ ആപത്തുകളിൽനിന്ന് നാവികരെ രക്ഷിക്കുന്ന കാവൽദേവന്മാരായാണ് ഇവരെ കണ്ടിരുന്നത്. ഇവർക്കു മറ്റു ശക്തികളുമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഈ വിവരണം രേഖപ്പെടുത്തിയത്, സംഭവങ്ങളെല്ലാം നേരിട്ട് കണ്ട ഒരാൾതന്നെയാണ് എന്നതിന്റെ മറ്റൊരു തെളിവാണ്, കപ്പലിന്റെ അണിയത്തുണ്ടായിരുന്ന ചിഹ്നത്തെക്കുറിച്ചുള്ള ഈ വിശദാംശം.