പാഠം 7
കൃത്യതയുള്ള വിവരങ്ങൾ ഉപയോഗിക്കുക
ലൂക്കോസ് 1:3
ചുരുക്കം: ആധികാരികമായ വിവരങ്ങൾ നൽകുക. അതു ശരിയായ നിഗമനത്തിലെത്താൻ അവരെ സഹായിക്കും.
എങ്ങനെ ചെയ്യാം:
ആശ്രയയോഗ്യമായ ഉറവിടങ്ങൾ ഉപയോഗിക്കുക. ദൈവവചനത്തെ അടിസ്ഥാനമാക്കി കാര്യങ്ങൾ പറയുക. സാധ്യമാകുമ്പോഴൊക്കെ ബൈബിളിൽനിന്ന് നേരിട്ട് വായിക്കുക. ഒരു ശാസ്ത്രീയവസ്തുതയോ ഒരു വാർത്തയോ ഒരു ജീവിതാനുഭവമോ മറ്റ് ഏതെങ്കിലും തെളിവുകളോ ഉപയോഗിക്കുന്നെങ്കിൽ അവ വിശ്വസിക്കാവുന്നവയാണെന്നും കാലഹരണപ്പെട്ടതല്ലെന്നും ഉറപ്പുവരുത്തുക.
വിവരങ്ങൾ ശരിയായി ഉപയോഗിക്കുക. വാക്യങ്ങൾക്കു ബൈബിൾ കല്പിക്കാത്ത അർഥം നൽകരുത്. അവ വിശദീകരിക്കുന്നത്, ബൈബിളിന്റെ ആകമാനസന്ദേശത്തിനും “വിശ്വസ്തനും വിവേകിയും ആയ അടിമ”നൽകിയിട്ടുള്ള പ്രസിദ്ധീകരണങ്ങൾക്കും ചേർച്ചയിലുമായിരിക്കണം. (മത്താ. 24:45) മറ്റു പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ ഉപയോഗിക്കുന്നെങ്കിൽ, അത് എഴുതിയ സന്ദർഭവും എഴുതിയതിന്റെ ഉദ്ദേശ്യവും മനസ്സിലാക്കി അതിനു ചേർച്ചയിൽവേണം ഉപയോഗിക്കാൻ.
നിഗമനത്തിലെത്താൻ സഹായിക്കുക. ഒരു വാക്യം വായിക്കുകയോ മറ്റ് ഏതെങ്കിലും ഉറവിടത്തിൽനിന്ന് ഒരു കാര്യം പറയുകയോ ചെയ്തശേഷം നയപൂർവം ചില ചോദ്യങ്ങൾ ചോദിക്കുക; അല്ലെങ്കിൽ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് ആശയം വിശദീകരിക്കുക. അങ്ങനെ സ്വയം ഒരു നിഗമനത്തിലെത്താൻ കേൾവിക്കാരെ സഹായിക്കുക.