പഠനചതുരം 2എ
യഹസ്കേലിന്റെ പ്രവചനങ്ങൾ—ഒരു അവലോകനം
നിർവചനം: എന്താണു പ്രവചനം?
ബൈബിളിൽ “പ്രവചിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന നാവേ എന്ന എബ്രായക്രിയ പ്രധാനമായും ദൈവപ്രചോദിതമായ ഒരു സന്ദേശമോ ദൈവത്തിൽനിന്നുള്ള ന്യായവിധിയോ സന്മാർഗപാഠമോ കല്പനയോ അറിയിക്കുന്നതിനെ കുറിക്കുന്നു. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ദിവ്യപ്രഖ്യാപനവുമാകാം അത്. യഹസ്കേലിന്റെ പ്രവചനങ്ങളിൽ മേൽപ്പറഞ്ഞവയെല്ലാം ഉൾപ്പെടുന്നുണ്ട്.—യഹ. 3:10, 11; 11:4-8; 14:6, 7; 37:9,10; 38:1-4.
അറിയിച്ച വിധം
ദർശനങ്ങൾ
ഉദാഹരണങ്ങൾ
അഭിനയം
യഹസ്കേൽ പുസ്തകത്തിൽ ദിവ്യദർശനങ്ങളും ഉദാഹരണങ്ങളും ദൃഷ്ടാന്തകഥകളും ഉണ്ട്. പ്രാവചനികസന്ദേശങ്ങൾ അഭിനയിച്ചുകാണിച്ച സന്ദർഭങ്ങളും അതിലുണ്ട്.
നിവൃത്തികൾ
യഹസ്കേൽ രേഖപ്പെടുത്തിയ പ്രവചനങ്ങൾക്കു ചിലപ്പോഴൊക്കെ ഒന്നിലധികം നിവൃത്തികളുണ്ട്. പുനഃസ്ഥിതീകരണത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ ഇതിനൊരു ഉദാഹരണമാണ്. ദൈവജനം വാഗ്ദത്തദേശത്തേക്കു മടങ്ങിയത് അവയുടെ ചെറിയൊരു നിവൃത്തി മാത്രമായിരുന്നു. എന്നാൽ 9-ാം അധ്യായത്തിൽ കാണാൻപോകുന്നതുപോലെ അതിലെ പല പ്രവചനങ്ങൾക്കും ഇന്നൊരു നിവൃത്തിയുണ്ട്, ഭാവിയിലും അവ നിറവേറാനിരിക്കുകയാണ്.
മുമ്പ് യഹസ്കേലിന്റെ പ്രവചനങ്ങളിലെ നിരവധി ഘടകങ്ങൾക്കു മാതൃക-പ്രതിമാതൃക നിവൃത്തിയുള്ളതായി നമ്മൾ കണക്കാക്കിയിരുന്നു. എന്നാൽ ശക്തമായ തിരുവെഴുത്തടിസ്ഥാനം ഇല്ലാത്തിടത്തോളം ഈ പ്രസിദ്ധീകരണം ഏതെങ്കിലും വ്യക്തിയെയോ വസ്തുവിനെയോ സ്ഥലത്തെയോ സംഭവത്തെയോ പ്രാവചനികമാതൃകകളായി കണക്കാക്കുകയോ അവയ്ക്ക് ആധുനികകാലത്ത് ഏതെങ്കിലും പ്രതിമാതൃകകളുള്ളതായി വിശദീകരിക്കുകയോ ചെയ്തിട്ടില്ല.a എന്നാൽ യഹസ്കേലിന്റെ പല പ്രവചനങ്ങളുടെയും വലിയ നിവൃത്തിയെക്കുറിച്ച് ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. യഹസ്കേലിന്റെ സന്ദേശത്തിൽനിന്നും അതിൽ പരാമർശിച്ചിരിക്കുന്ന ആളുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിവയിൽനിന്നും എന്തെല്ലാം പാഠങ്ങൾ പഠിക്കാമെന്നും നമ്മൾ കാണും.
a മാതൃകകളെക്കുറിച്ചും പ്രതിമാതൃകകളെക്കുറിച്ചും ഉള്ള വിശദീകരണത്തിനായി 2015 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 9-11 പേജുകളിലെ 7-12 ഖണ്ഡികകളും അതേ ലക്കത്തിന്റെ 17-18 പേജുകളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ഭാഗവും കാണുക.