വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr21 ജനുവരി പേ. 1-9
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2021)
  • ഉപതലക്കെട്ടുകള്‍
  • ജനുവരി 11-17
  • ജനുവരി 18-24
  • ജനുവരി 25-31
  • ഫെബ്രു​വരി 1-7
  • w91-E 3/1 17 ¶10
  • ഫെബ്രു​വരി 8-14
  • ഫെബ്രു​വരി 15-21
  • ഫെബ്രു​വരി 22-28
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2021)
mwbr21 ജനുവരി പേ. 1-9

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ജനുവരി 11-17

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലേവ്യ 20–21

“യഹോവ തന്റെ ജനത്തെ വേർതി​രി​ച്ചി​രി​ക്കു​ന്നു”

it-1-E 1199

അവകാശം

ഉടമസ്ഥന്റെ മരണത്തി​ങ്കൽ, അനന്തരാ​വ​കാ​ശിക്ക്‌ കൈമാ​റ​പ്പെ​ടുന്ന വസ്‌തു; മാതാ​പി​താ​ക്ക​ളിൽനി​ന്നോ മുൻഗാ​മി​ക​ളിൽനി​ന്നോ പിന്തു​ടർച്ചാ​വ​കാ​ശം​പോ​ലെ ലഭിക്കുന്ന എന്തും. പിന്തു​ടർച്ച​യാ​യി അവകാ​ശ​മോ പൈതൃ​ക​സ്വ​ത്തോ കിട്ടു​ന്ന​തി​നെ​യോ കൊടു​ക്കു​ന്ന​തി​നെ​യോ ആണ്‌ ഇതിന്റെ എബ്രാ​യ​ക്രി​യാ​പ​ദ​മായ നാഹൽ (നാമപദം, നഹലാഹ്‌) എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. (സംഖ 26:55; യഹ 46:18) യാരാഷ്‌ എന്ന ക്രിയാ​പദം ചിലയി​ട​ങ്ങ​ളിൽ “അനന്തരാ​വ​കാ​ശി” എന്ന നിലയിൽ ലഭിക്കുന്ന അവകാ​ശത്തെ അർഥമാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പലപ്പോ​ഴും “കൈവ​ശ​മാ​ക്കുക” എന്ന അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. (ഉൽ 15:3; ലേവ 20:24) ഒരു സൈനി​ക​ന​ട​പ​ടി​യി​ലൂ​ടെ മറ്റൊ​രാ​ളു​ടേത്‌ സ്വന്തമാ​ക്കു​ന്ന​തി​നു​വേണ്ടി “തുരത്തി​യോ​ടി​ക്കുക” എന്ന അർഥത്തി​ലും ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ആവ 2:12; 31:3) ക്ലീറൊസ്‌ എന്നതാണ്‌ ഗ്രീക്കിൽ അവകാശം എന്നതിന്റെ മൂലപദം. തുടക്ക​ത്തിൽ “നറുക്ക്‌” എന്ന അർഥത്തി​ലാണ്‌ ഇത്‌ ഉപയോ​ഗി​ച്ചത്‌. പിന്നീട്‌ “പങ്ക്‌” എന്നും “അവകാശം” എന്നും ഉള്ള അർഥവും ഈ വാക്കിനു വന്നു.—മത്ത 27:35; പ്രവൃ 1:17, സത്യ​വേ​ദ​പു​സ്‌തകം; 26:18.

it-1-E 317 ¶2

പക്ഷികൾ

പ്രളയ​ത്തി​നു ശേഷം, നോഹ മൃഗങ്ങ​ളോ​ടൊ​പ്പം ‘ശുദ്ധി​യുള്ള എല്ലാ പറവക​ളെ​യും’ യാഗമാ​യി അർപ്പിച്ചു. (ഉൽ 8:18-20) അതിനു ശേഷം, പക്ഷികളെ ആഹാര​മാ​യി കഴിക്കാ​നുള്ള അനുവാ​ദം ദൈവം കൊടു​ത്തു, പക്ഷേ രക്തം കഴിക്കാൻ പാടി​ല്ലാ​യി​രു​ന്നു. (ഉൽ 9:1-4; ലേവ 7:26 താരത​മ്യം ചെയ്യുക; 17:13) അക്കാലത്ത്‌ യഹോ​വ​യ്‌ക്ക്‌ യാഗങ്ങൾ അർപ്പി​ക്കു​ന്ന​തു​മാ​യാണ്‌ പക്ഷിക​ളു​ടെ “ശുദ്ധി” ബന്ധപ്പെ​ട്ടി​രു​ന്നത്‌. കാരണം, ആഹാര​മാ​യി ഉപയോ​ഗി​ക്കുന്ന പക്ഷിക​ളു​ടെ കാര്യ​ത്തിൽ, മോശ​യു​ടെ നിയമം വരുന്ന​തു​വരെ “ശുദ്ധം” എന്നോ “അശുദ്ധം” എന്നോ അവയെ വേർതി​രി​ച്ചി​രു​ന്നില്ല. (ലേവ 11:13-19, 46, 47; 20:25; ആവ 14:11-20) ഏതെല്ലാം കാര്യങ്ങൾ കണക്കി​ലെ​ടു​ത്താണ്‌ പക്ഷികളെ ‘അശുദ്ധ​മാ​യി’ കണക്കാ​ക്കി​യി​രു​ന്നത്‌ എന്നു ബൈബിൾ വ്യക്തമാ​യി പറയു​ന്നില്ല. അങ്ങനെ​യുള്ള പക്ഷിക​ളിൽ മിക്കതും ഇരപി​ടി​യ​ന്മാ​രും ശവംതീ​നി​ക​ളും ആയിരു​ന്നെ​ങ്കി​ലും, എല്ലാം ആ ഗണത്തിൽപ്പെ​ടി​ല്ലാ​യി​രു​ന്നു. പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്നതോ​ടെ ഈ വിലക്ക്‌ മാറി​യെന്ന്‌ ദൈവം പത്രോ​സി​നു കൊടുത്ത ഒരു ദർശനം തെളി​യി​ക്കു​ന്നു.—പ്രവൃ 10:9-15.

ആത്മീയ​ര​ത്‌ന​ങ്ങൾ

it-1-E 563

മുറി​വു​കൾ

മരിച്ച​വർക്കു​വേണ്ടി ശരീര​ത്തിൽ മുറി​വു​കൾ ഉണ്ടാക്കു​ന്ന​തി​നെ ദൈവ​നി​യമം പ്രത്യേ​കം വിലക്കി​യി​രു​ന്നു. (ലേവ 19:28; 21:5; ആവ 14:1) ഇസ്രാ​യേ​ല്യർ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജനത, ഒരു പ്രത്യേ​ക​സ്വത്ത്‌, ആണ്‌ എന്നതാ​യി​രു​ന്നു അതിനു കാരണം. (ആവ 14:2) അതു​കൊണ്ട്‌ വ്യാജ​മ​ത​വു​മാ​യി ബന്ധപ്പെട്ട എല്ലാ ആചാര​ങ്ങ​ളിൽനി​ന്നും ഇസ്രാ​യേ​ല്യർ വിട്ടു​നിൽക്ക​ണ​മാ​യി​രു​ന്നു. കൂടാതെ, ശരീര​ത്തിൽ മുറി​വു​ക​ളു​ണ്ടാ​ക്കി​യി​രു​ന്നത്‌ മരിച്ച​വർക്കു​വേണ്ടി തീവ്ര​മായ വിലാ​പ​പ്ര​ക​ട​നങ്ങൾ നടത്തു​ന്ന​തി​ന്റെ ഭാഗമാ​യി​ട്ടാ​യി​രു​ന്നു. മരിച്ച​വ​രു​ടെ അവസ്ഥ​യെ​യും പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​യും കുറിച്ച്‌ വ്യക്തമായ അറിവുള്ള ഇസ്രാ​യേ​ല്യർ അങ്ങനെ ചെയ്യു​ന്നത്‌ തികച്ചും അനുചി​ത​മാ​യി​രു​ന്നു. (ദാനി 12:13; എബ്ര 11:19) അതു​പോ​ലെ, സ്വയം മുറി​വു​ക​ളു​ണ്ടാ​ക്കു​ന്ന​തി​നെ വിലക്കി​യത്‌, ദൈവ​ത്തി​ന്റെ സൃഷ്ടി​യായ മനുഷ്യ​ശ​രീ​ര​ത്തോട്‌ ആദരവ്‌ കാണി​ക്ക​ണ​മെ​ന്നും ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ച്ചു.

ജനുവരി 18-24

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലേവ്യ 22–23

“ഇസ്രാ​യേ​ല്യ​രു​ടെ വാർഷി​കോ​ത്സ​വ​ങ്ങ​ളും നമ്മളും”

it-1-E 826-827

പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം

പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവത്തി​ന്റെ ആദ്യ ദിവസം ഒരു വിശു​ദ്ധ​സ​മ്മേ​ള​ന​മാ​യി​രു​ന്നു. അന്ന്‌ ഒരു ശബത്തും ആയിരു​ന്നു. രണ്ടാം ദിവസം, അതായത്‌ നീസാൻ 16-ന്‌, ബാർലി​യു​ടെ വിളവി​ന്റെ ആദ്യഫ​ല​ങ്ങ​ളു​ടെ ഒരു കറ്റ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​ര​ണ​മാ​യി​രു​ന്നു. പലസ്‌തീ​നിൽ വർഷത്തി​ലെ ആദ്യത്തെ വിളവാ​യി​രു​ന്നു ബാർലി. ഈ ഉത്സവത്തി​നു മുമ്പ്‌ ആരും പുതിയ വിള​വെ​ടു​പ്പി​ലെ ധാന്യ​മോ അപ്പമോ വറുത്ത ധാന്യ​മോ കഴിക്കാൻ പാടി​ല്ലാ​യി​രു​ന്നു. പുരോ​ഹി​തൻ ആ കറ്റ ആലങ്കാ​രി​ക​മാ​യി അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടി​ക്കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ അർപ്പി​ച്ചി​രു​ന്നു. ഒപ്പം ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ന്യൂന​ത​യി​ല്ലാത്ത ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ ദഹനയാ​ഗ​മാ​യി അർപ്പി​ക്ക​ണ​മാ​യി​രു​ന്നു, കൂടെ എണ്ണ ചേർത്ത ധാന്യ​യാ​ഗ​വും പാനീ​യ​യാ​ഗ​വും. (ലേവ 23:6-14) പിൽക്കാ​ലത്ത്‌ പുരോ​ഹി​ത​ന്മാർ ധാന്യ​മോ ധാന്യ​പ്പൊ​ടി​യോ യാഗപീ​ഠ​ത്തിൽ കത്തിക്കാൻ തുടങ്ങി​യെ​ങ്കി​ലും, ശരിക്കും അങ്ങനെ ഒരു കല്‌പന കൊടു​ത്തി​ട്ടി​ല്ലാ​യി​രു​ന്നു. ഒരു ജനതയെന്ന നിലയിൽ ആദ്യഫ​ലങ്ങൾ അർപ്പി​ച്ചി​രു​ന്ന​തോ​ടൊ​പ്പം ഇസ്രാ​യേ​ലിൽ അവകാ​ശ​മു​ണ്ടാ​യി​രുന്ന ഓരോ കുടും​ബ​ത്തി​നും ഓരോ വ്യക്തി​ക്കും ഈ ഉത്സവകാ​ലത്ത്‌ നന്ദിസൂ​ച​ക​മാ​യി യാഗങ്ങൾ അർപ്പി​ക്കാ​നുള്ള അവസര​മു​ണ്ടാ​യി​രു​ന്നു.—പുറ 23:19; ആവ 26:1, 2.

ആ ഉത്സവത്തി​ന്റെ പ്രസക്തി. ഈ ഉത്സവത്തി​ന്റെ സമയത്ത്‌ പുളി​പ്പി​ല്ലാത്ത അപ്പം കഴിച്ചി​രു​ന്നത്‌, പുറപ്പാട്‌ 12:14-20-ൽ കാണുന്ന, യഹോവ മോശ​യ്‌ക്കു കൊടുത്ത നിർദേ​ശ​ങ്ങൾക്കു ചേർച്ച​യി​ലാ​യി​രു​ന്നു. 19-ാം വാക്യ​ത്തിൽ കർശന​മാ​യി ഇങ്ങനെ കല്‌പി​ച്ചി​രു​ന്നു: “ഏഴു ദിവസ​ത്തേക്കു നിങ്ങളു​ടെ വീടു​ക​ളിൽ പുളിച്ച മാവ്‌ കാണരുത്‌.” ആവർത്തനം 16:3-ൽ പുളി​പ്പി​ല്ലാത്ത അപ്പത്തെ ‘ക്ലേശത്തി​ന്റെ അപ്പം’ എന്നു വിളി​ച്ചി​രി​ക്കു​ന്നു. ഈ ഉത്സവത്തി​ന്റെ സമയത്ത്‌, ഈജി​പ്‌തിൽനിന്ന്‌ തിടു​ക്ക​ത്തിൽ പുറ​പ്പെ​ട്ടു​പോന്ന സംഭവം അവർ ഓരോ വർഷവും ഓർക്കു​മാ​യി​രു​ന്നു. [മാവ്‌ പുളി​പ്പി​ക്കാൻ അവർക്കു സമയമി​ല്ലാ​യി​രു​ന്നു. (പുറ 12:34)] യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പോന്ന ആ ദിവസം ജീവി​ത​കാ​ല​ത്തൊ​ക്കെ​യും ഓർക്കേ​ണ്ട​തി​നു നിങ്ങൾ ഇത്‌ ആചരി​ക്കണം.” അതെ, ഈ ഉത്സവം ഈജി​പ്‌തിൽ ഇസ്രാ​യേ​ല്യർ അനുഭ​വി​ച്ചി​രുന്ന ക്ലേശങ്ങ​ളും അടിമ​ത്ത​വും അതിൽനി​ന്നുള്ള മോച​ന​വും അവരെ ഓർമി​പ്പി​ച്ചു. ഒരു ജനത എന്ന നിലയിൽ ഇസ്രാ​യേ​ല്യർ ആസ്വദി​ച്ചി​രുന്ന സ്വാത​ന്ത്ര്യം ഓർക്കാ​നും യഹോ​വ​യാണ്‌ അവരെ വിടു​വി​ച്ചത്‌ എന്ന്‌ അംഗീ​ക​രി​ക്കാ​നും ആയിരു​ന്നു പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നത്‌ കണക്കി​ലെ​ടു​ക്കു​മ്പോൾ മൂന്നു വാർഷി​കോ​ത്സ​വ​ങ്ങ​ളിൽ ആദ്യ​ത്തേ​താ​യി ഇത്‌ ആഘോ​ഷി​ക്കു​ന്നത്‌ ഉചിത​മാ​യി​രു​ന്നു.—ആവ 16:16.

it-2-E 598 ¶2

പെന്തി​ക്കോ​സ്‌ത്‌

ബാർലി​യു​ടെ ആദ്യഫ​ലങ്ങൾ അർപ്പി​ച്ചി​രു​ന്ന​തു​പോ​ലെയല്ല ഗോത​മ്പി​ന്റെ ആദ്യഫ​ലങ്ങൾ അർപ്പി​ച്ചി​രു​ന്നത്‌. ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌ (4.4 ലി.) അളവ്‌ നേർത്ത ധാന്യ​പ്പൊ​ടി പുളി​പ്പി​ച്ചിട്ട്‌ അവകൊണ്ട്‌ രണ്ട്‌ അപ്പം ഉണ്ടാക്ക​ണ​മാ​യി​രു​ന്നു. അത്‌ ‘വീട്ടിൽനിന്ന്‌ കൊണ്ടു​വ​രണം’ എന്നു പറഞ്ഞതു സൂചി​പ്പി​ക്കു​ന്നത്‌ സാധാരണ വീട്ടിൽ ഉണ്ടാക്കു​ന്ന​തു​പോ​ലെ അത്‌ ഉണ്ടാക്ക​ണ​മാ​യി​രു​ന്നു എന്നാണ്‌. അല്ലാതെ വിശു​ദ്ധ​മായ ആവശ്യ​ങ്ങൾക്കാ​യി ഉണ്ടാക്കു​ന്ന​തു​പോ​ലെ ആയിരു​ന്നില്ല. (ലേവ 23:17) ഗോത​മ്പി​ന്റെ ആദ്യഫ​ലങ്ങൾ അർപ്പി​ച്ചി​രു​ന്ന​തി​ന്റെ​കൂ​ടെ ദഹനയാ​ഗ​ങ്ങ​ളും പാപയാ​ഗ​വും രണ്ട്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​കളെ സഹഭോ​ജ​ന​ബ​ലി​യാ​യും അർപ്പി​ച്ചി​രു​ന്നു. പുരോ​ഹി​തൻ ആ രണ്ട്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളു​ടെ കഷണങ്ങൾ ആദ്യഫ​ല​ത്തി​ന്റെ രണ്ട്‌ അപ്പത്തോ​ടൊ​പ്പം കൈയിൽ വെച്ചിട്ട്‌ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടിയി​രു​ന്നു. ഇങ്ങനെ ഇരുവ​ശ​ങ്ങ​ളി​ലേ​ക്കും ആട്ടുന്നത്‌ യാഗവ​സ്‌തു യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കു​ന്ന​തി​നെ ചിത്രീ​ക​രി​ച്ചു. അതിനു ശേഷം, യാഗം അർപ്പിച്ച പുരോ​ഹി​തന്‌, സഹഭോ​ജ​ന​ബ​ലി​യിൽ തനിക്കുള്ള പങ്കായി അപ്പവും ആടുക​ളും കഴിക്കാ​മാ​യി​രു​ന്നു.—ലേവ 23:18-20.

ജനുവരി 25-31

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലേവ്യ 24–25

“ജൂബി​ലി​വർഷ​വും ഭാവി​യി​ലെ സ്വാത​ന്ത്ര്യ​വും”

it-1-E 871

സ്വാത​ന്ത്ര്യം

സ്വാത​ന്ത്ര്യ​ത്തി​ന്റെ ദൈവം. യഹോവ സ്വാത​ന്ത്ര്യ​ത്തി​ന്റെ ദൈവ​മാണ്‌. യഹോവ ഇസ്രാ​യേൽ ജനതയെ ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ച്ചു. തന്റെ വാക്കുകൾ അനുസ​രി​ക്കു​ന്നി​ട​ത്തോ​ളം അവർക്ക്‌ ദാരി​ദ്ര്യ​ത്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യം ഉണ്ടായി​രി​ക്കു​മെന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തു. (ആവ 15:4, 5) യരുശ​ലേ​മി​ലെ ഗോപു​ര​ങ്ങൾക്കു​ള്ളിൽ ‘സുരക്ഷി​ത​ത്വം’ അനുഭ​വി​ക്കാൻ കഴിയു​മെന്ന്‌ ദാവീദ്‌ പറഞ്ഞു. (സങ്ക 122:6, 7) എന്നാൽ ഒരു ഇസ്രാ​യേ​ല്യൻ അങ്ങേയറ്റം ദരി​ദ്ര​നാ​യി​ത്തീർന്നാൽ തന്റെയും കുടും​ബ​ത്തി​ന്റെ​യും ആവശ്യങ്ങൾ നിറ​വേ​റ്റാ​നാ​യി സ്വയം അടിമ​യാ​യി വിൽക്കാ​നുള്ള വ്യവസ്ഥ മോശ​യു​ടെ നിയമ​ത്തിൽ ഉണ്ടായി​രു​ന്നു. എങ്കിലും, ഏഴു വർഷം സേവി​ച്ച​ശേഷം ആ വ്യക്തിക്ക്‌ സ്വാത​ന്ത്ര്യം കൊടു​ക്കാ​നും നിയമം ആവശ്യ​പ്പെ​ട്ടി​രു​ന്നു. (പുറ 21:2) ഓരോ 50 വർഷവും കൂടു​മ്പോ​ഴുള്ള ജൂബി​ലി​വർഷ​ത്തിൽ ദേശത്തെ എല്ലാ നിവാ​സി​കൾക്കും സ്വാത​ന്ത്ര്യം വിളം​ബരം ചെയ്‌തി​രു​ന്നു. അന്ന്‌ എല്ലാ എബ്രായ അടിമ​ക​ളും സ്വത​ന്ത്ര​രാ​ക്ക​പ്പെ​ട്ടി​രു​ന്നു. അവർ ഓരോ​രു​ത്ത​രും സ്വന്തം അവകാ​ശ​ത്തി​ലേക്ക്‌ തിരി​ച്ചു​പോ​യി.—ലേവ 25:10-19.

it-1-E 1200 ¶2

അവകാശം

എത്ര തലമുറ കഴിഞ്ഞാ​ലും ഒരു സ്ഥലം ഒരേ കുടും​ബ​ത്തി​ന്റെ​തന്നെ അവകാ​ശ​മാ​യി​രു​ന്ന​തു​കൊണ്ട്‌, അത്‌ എന്നേക്കു​മാ​യി വിറ്റു​ക​ള​യാൻ പറ്റില്ലാ​യി​രു​ന്നു. സ്ഥലത്തിന്റെ വിൽപ്പന എന്നു പറയു​ന്നത്‌ ശരിക്കും അതു പാട്ടത്തി​നു കൊടു​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. അടുത്ത ജൂബി​ലി​വ​രെ​യുള്ള കാലം​കൊണ്ട്‌ ഒരു ഭൂമി​യിൽനിന്ന്‌ കിട്ടു​മാ​യി​രുന്ന ആദായ​ത്തി​ന്റെ മൂല്യം നിർണ​യി​ച്ചി​ട്ടാണ്‌ അതിന്റെ വില നിശ്ചയി​ച്ചി​രു​ന്നത്‌. ജൂബി​ലി​ക്കു മുമ്പ്‌ സ്ഥലം തിരി​കെ​വാ​ങ്ങു​ക​യോ വീണ്ടെ​ടു​ക്കു​ക​യോ ചെയ്‌തി​ല്ലെ​ങ്കിൽ, ജൂബി​ലി​യു​ടെ വർഷം അത്‌ യഥാർഥ ഉടമയ്‌ക്ക്‌ തിരികെ കൊടു​ത്തി​രു​ന്നു. (ലേവ 25:13, 15, 23, 24) തുറസ്സായ സ്ഥലത്തോട്‌ ചേർന്നു​കി​ട​ന്നി​രുന്ന, മതിലി​ല്ലാത്ത നഗരങ്ങ​ളി​ലെ വീടു​ക​ളു​ടെ കാര്യ​ത്തി​ലും ഈ നിയമം ബാധക​മാ​യി​രു​ന്നു. മതിലുള്ള നഗരത്തി​ലെ ഒരു വീടിന്റെ കാര്യ​ത്തി​ലാ​ണെ​ങ്കിൽ, വിൽപ്പന നടന്ന്‌ ഒരു വർഷത്തി​നു​ള്ളിൽ അതു വീണ്ടെ​ടു​ക്ക​ണ​മാ​യി​രു​ന്നു. അല്ലെങ്കിൽ അതു വാങ്ങി​യ​യാ​ളു​ടെ അവകാ​ശ​മാ​കു​മാ​യി​രു​ന്നു. ലേവ്യ​ന​ഗ​ര​ങ്ങ​ളി​ലെ വീടു​ക​ളു​ടെ കാര്യ​ത്തിൽ വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ലേവ്യ​കു​ടും​ബ​ങ്ങൾക്ക്‌ അവകാ​ശ​മാ​യി ഭൂമി​യി​ല്ലാ​തി​രു​ന്ന​തി​നാൽ, അവർ വീടു വിറ്റാൽ എപ്പോൾ വേണ​മെ​ങ്കി​ലും വീണ്ടെ​ടു​ക്കാ​മാ​യി​രു​ന്നു.—ലേവ 25:29-34.

it-2-E 122-123

ജൂബിലി

ഇന്ന്‌ മിക്ക നാടു​ക​ളി​ലും ആളുകൾ ഒന്നുകിൽ സമ്പന്നരാ​യി​രി​ക്കും, അല്ലെങ്കിൽ തീരെ പാവ​പ്പെ​ട്ട​വ​രാ​യി​രി​ക്കും. ജൂബി​ലി​യു​ടെ നിയമം അനുസ​രി​ച്ചി​രു​ന്നി​ട​ത്തോ​ളം, ഇങ്ങനെ​യൊ​രു ദുരവസ്ഥ ഒഴിവാ​ക്കാൻ അത്‌ ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചു. ഈ നിയമ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, ആരും സമൂഹ​ത്തി​ന്റെ താഴേ​ത്ത​ട്ടി​ലേക്ക്‌ ചവിട്ടി​താ​ഴ്‌ത്ത​പ്പെ​ടി​ല്ലാ​യി​രു​ന്നു, പണമി​ല്ലാ​ത്ത​തി​ന്റെ പേരിൽ ആർക്കും എക്കാല​വും ഒരു അടിമ​യാ​യി കഴി​യേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു. പകരം, തങ്ങളുടെ കഴിവു​ക​ളും പ്രാപ്‌തി​ക​ളും ദേശത്തി​ന്റെ അഭിവൃ​ദ്ധി​ക്കു​വേണ്ടി ഉപയോ​ഗി​ക്കാൻ സാധി​ച്ചി​രു​ന്നു. അങ്ങനെ ഈ നിയമ​ത്തി​ലൂ​ടെ വ്യക്തി​കൾക്കു കിട്ടിയ പ്രയോ​ജ​നങ്ങൾ രാജ്യത്തെ മുഴുവൻ ശക്തി​പ്പെ​ടു​ത്തി. യഹോവ അവരുടെ വിളവി​നെ അനു​ഗ്ര​ഹി​ക്കു​ക​യും അവർക്ക്‌ ഏറ്റവും നല്ല മാർഗ​നിർദേ​ശങ്ങൾ കൊടു​ക്കു​ക​യും ചെയ്‌തു. അങ്ങനെ, ഇസ്രാ​യേ​ല്യർ അനുസ​രണം കാണി​ച്ചി​ട​ത്തോ​ളം, ദൈവ​ത്തി​ന്റെ ഭരണത്തിന്‌ മാത്രം നൽകാൻ കഴിയുന്ന, എല്ലാം തികഞ്ഞ ഒരു ഗവൺമെ​ന്റി​ന്റെ പ്രയോ​ജ​ന​ങ്ങ​ളും സമൃദ്ധി​യും ആസ്വദി​ക്കാൻ അവർക്കു കഴിഞ്ഞു.—യശ 33:22.

ഫെബ്രു​വരി 1-7

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലേവ്യ 26–27

“എങ്ങനെ യഹോ​വ​യു​ടെ അനു​ഗ്രഹം നേടാം?”

it-1-E 223 ¶3

ഭയാദ​രവ്‌

യഹോവ അതിശ​യ​ക​ര​മായ വിധത്തിൽ മോശയെ ഉപയോ​ഗി​ക്കു​ക​യും മോശ​യോട്‌ ഇടപെ​ടു​ക​യും ചെയ്‌തു. (ആവ 34:10, 12; പുറ 19:9) അതു കണ്ട, വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യർക്ക്‌ മോശ​യു​ടെ അധികാ​ര​ത്തോട്‌ ഭയാദ​രവ്‌ തോന്നി. മോശ​യി​ലൂ​ടെ ദൈവ​മാണ്‌ തങ്ങളോ​ടു സംസാ​രി​ക്കു​ന്ന​തെന്ന്‌ അവർ മനസ്സി​ലാ​ക്കി. യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തോ​ടും ഇസ്രാ​യേ​ല്യർ ഭയാദ​രവ്‌ കാണി​ക്ക​ണ​മാ​യി​രു​ന്നു. (ലേവ 19:30; 26:2) അതായത്‌, യഹോവ നിർദേ​ശി​ച്ചി​രു​ന്ന​തു​പോ​ലെ ആരാധന നടത്തു​ക​യും യഹോ​വ​യു​ടെ എല്ലാ കല്‌പ​ന​ക​ളും ജീവി​ത​ത്തിൽ പാലി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവർ വിശു​ദ്ധ​മ​ന്ദി​ര​ത്തോ​ടുള്ള ബഹുമാ​നം കാണി​ക്ക​ണ​മാ​യി​രു​ന്നു.

w91-E 3/1 17 ¶10

“ദൈവ​സ​മാ​ധാ​നം” നിങ്ങളു​ടെ ഹൃദയത്തെ കാക്കട്ടെ

10 യഹോവ ഇസ്രാ​യേ​ല്യ​രോട്‌ പറഞ്ഞു: “നിങ്ങൾ തുടർന്നും എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കു​ക​യും എന്റെ കല്‌പ​നകൾ പാലി​ക്കു​ക​യും അവയ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്‌താൽ തക്ക കാലത്ത്‌ ഞാൻ നിങ്ങൾക്കു മഴ തരും. ഭൂമി വിളവ്‌ തരുക​യും വൃക്ഷങ്ങൾ ഫലം നൽകു​ക​യും ചെയ്യും. ഞാൻ ദേശത്ത്‌ സമാധാ​നം തരും. ആരും നിങ്ങളെ ഭയപ്പെ​ടു​ത്താ​തെ നിങ്ങൾ സ്വസ്ഥമാ​യി കിടന്നു​റ​ങ്ങും. ഉപദ്ര​വ​കാ​രി​ക​ളായ വന്യമൃ​ഗ​ങ്ങളെ ഞാൻ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​യും. യുദ്ധത്തി​ന്റെ വാൾ നിങ്ങളു​ടെ ദേശത്തു​കൂ​ടെ കടന്നു​പോ​കു​ക​യു​മില്ല. ഞാൻ നിങ്ങളു​ടെ ഇടയി​ലൂ​ടെ നടക്കും. ഞാൻ നിങ്ങളു​ടെ ദൈവ​മാ​യി​രി​ക്കും, നിങ്ങളോ എന്റെ ജനവും.” (ലേവ്യ 26:3, 4, 6, 12) ശത്രു​ക്ക​ളിൽനി​ന്നുള്ള സംരക്ഷണം, ഭൗതി​ക​സ​മൃ​ദ്ധി, യഹോ​വ​യു​മാ​യി നല്ല ബന്ധം ഇവയെ​ല്ലാം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഇസ്രാ​യേ​ല്യർ നല്ല സമാധാ​നം ആസ്വദി​ച്ചി​രു​ന്നു. എന്നാൽ ഇത്‌ അവർ ദൈവ​ത്തി​ന്റെ നിയമം അനുസ​രി​ക്കു​ന്ന​തി​നെ ആശ്രയി​ച്ചി​രു​ന്നു.—സങ്കീർത്തനം 119:165.

ആത്മീയ​ര​ത്‌ന​ങ്ങൾ

it-2-E 617

രോഗങ്ങൾ

ദൈവ​നി​യമം അനുസ​രി​ക്കാ​ത്തതു മൂലം. ദൈവ​ത്തി​ന്റെ ഉടമ്പടി പാലി​ച്ചി​ല്ലെ​ങ്കിൽ അവരുടെ “ഇടയിൽ രോഗം അയയ്‌ക്കും” എന്ന്‌ ഇസ്രാ​യേ​ല്യർക്കു മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു. (ലേവ 26:14-16, 23-25; ആവ 28:15, 21, 22) തിരു​വെ​ഴു​ത്തു​ക​ളിൽ ഉടനീളം, ശാരീ​രി​ക​മായ ആരോ​ഗ്യ​വും ആത്മീയ​മായ ആരോ​ഗ്യ​വും ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​വു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, (ആവ 7:12, 15; സങ്ക 103:1-3; സുഭ 3:1, 2, 7, 8; 4:21, 22; വെളി 21:1-4) അതേസ​മയം രോഗങ്ങൾ പാപവും അപൂർണ​ത​യും ആയി ബന്ധപ്പെ​ടു​ത്തു​ന്നു. (പുറ 15:26; ആവ 28:58-61; യശ 53:4, 5; മത്ത 9:2-6, 12; യോഹ 5:14) മിര്യാം, ഉസ്സീയ, ഗേഹസി എന്നിങ്ങനെ ചുരുക്കം ചിലരു​ടെ കാര്യ​ത്തിൽ യഹോവ നേരിട്ട്‌ ഉടനടി രോഗം വരുത്തി എന്നതു ശരിയാണ്‌. (സംഖ 12:10; 2ദിന 26:16-21; 2രാജ 5:25-27) എങ്കിലും മിക്ക​പ്പോ​ഴും രോഗ​ങ്ങ​ളും പകർച്ച​വ്യാ​ധി​ക​ളും വന്നത്‌, വ്യക്തി​ക​ളും രാഷ്‌ട്ര​ങ്ങ​ളും തിര​ഞ്ഞെ​ടുത്ത തെറ്റായ പാതയു​ടെ ഫലമാ​യി​ട്ടാണ്‌. അവർ വിതച്ചതു കൊയ്‌തു; അത്രതന്നെ. അവർ ചെയ്‌ത തെറ്റു​ക​ളു​ടെ ഫലങ്ങൾ അവരുടെ ശരീര​ത്തെ​യും ബാധിച്ചു. (ഗല 6:7, 8) മ്ലേച്ഛമായ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​വ​രെ​ക്കു​റിച്ച്‌, “ദൈവം അവരെ . . . അശുദ്ധി​ക്കു വിട്ടു​കൊ​ടു​ത്തു​കൊണ്ട്‌ അവരുടെ ശരീര​ങ്ങളെ അവർതന്നെ അപമാ​നി​ക്കാൻ അനുവ​ദി​ച്ചു” എന്നും “അവരുടെ തെറ്റി​നുള്ള ശിക്ഷ അവർ മുഴു​വ​നാ​യി ഏറ്റുവാ​ങ്ങി” എന്നും പൗലോസ്‌ പറഞ്ഞു.—റോമ 1:24-27.

ഫെബ്രു​വരി 8-14

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സംഖ്യ 1–2

“യഹോവ തന്റെ ജനത്തെ സംഘടി​പ്പി​ക്കു​ന്നു”

it-1-E 397 ¶4

പാളയം

ഇസ്രാ​യേ​ല്യ​രു​ടെ പാളയം വളരെ വലുതാ​യി​രു​ന്നു. കണക്കുകൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ അതിൽ 6,03,550 യോദ്ധാ​ക്കൾ ഉണ്ടായി​രു​ന്നു. അതുകൂ​ടാ​തെ, സ്‌ത്രീ​ക​ളും കുട്ടി​ക​ളും പ്രായ​മാ​യ​വ​രും വൈക​ല്യ​മു​ള്ള​വ​രും 22,000 ലേവ്യ​രും ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വ​രു​ടെ “ഒരു വലിയ സമ്മി​ശ്ര​പു​രു​ഷാ​ര​വും” ആ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്നു. ഇവരെ​ല്ലാ​വ​രും​കൂ​ടെ ചേർന്ന്‌ 30,00,000-ഓ അതിൽക്കൂ​ടു​ത​ലോ ആളുക​ളു​ണ്ടാ​യി​രു​ന്നി​രി​ക്കാം. (പുറ 12:38, 44; സംഖ 3:21-34, 39) ഇത്രയും പേർക്ക്‌ പാളയ​മ​ടി​ക്കാൻ എത്രമാ​ത്രം സ്ഥലം വേണ്ടി​വ​ന്നെന്നു കൃത്യ​മാ​യി പറയാ​നാ​കില്ല. ഇതു സംബന്ധിച്ച കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്‌. യരീ​ഹൊ​യ്‌ക്ക്‌ എതി​രെ​യുള്ള മോവാബ്‌ സമതല​ത്തിൽ അവർ പാളയ​മ​ടി​ച്ച​പ്പോൾ “ബേത്ത്‌-യശീ​മോത്ത്‌ മുതൽ ആബേൽ-ശിത്തീം വരെ” അതു വ്യാപി​ച്ചു​കി​ട​ന്നി​രു​ന്നു എന്നാണു വിവരണം പറയു​ന്നത്‌.—സംഖ 33:49.

ആത്മീയ​ര​ത്‌ന​ങ്ങൾ

it-2-E 764

പേര്‌ ചേർക്കുക

ഒരാളു​ടെ പേര്‌ ചാർത്ത​ലിൽ, ഗോ​ത്ര​വും കുടും​ബ​വും അനുസ​രിച്ച്‌ അദ്ദേഹ​ത്തി​ന്റെ പേരും വംശാ​വ​ലി​യും ആണ്‌ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നത്‌. ആളുക​ളു​ടെ എണ്ണം കിട്ടാ​നുള്ള ഒരു ജനസം​ഖ്യാ​ക​ണ​ക്കെ​ടു​പ്പു മാത്ര​മാ​യി​രു​ന്നില്ല അത്‌. ബൈബി​ളിൽ കാണുന്ന പേര്‌ ചേർക്കൽ നികുതി ഈടാ​ക്കുക, സൈനി​ക​സേ​വനം, ഇനി ലേവ്യർ ഉൾപ്പെ​ടുന്ന പേര്‌ ചാർത്ത​ലാ​ണെ​ങ്കിൽ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ നിയമനം തുടങ്ങിയ ആവശ്യ​ങ്ങൾക്ക്‌ ആളുകളെ കണ്ടെത്തുക എന്നിങ്ങനെ പല ഉദ്ദേശ്യ​ങ്ങൾക്കു​വേ​ണ്ടി​യാണ്‌ നടത്തി​യി​രു​ന്നത്‌.

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

w08-E 7/1 21

ഇസ്രാ​യേ​ലിൽ യഥാർഥ​ത്തിൽ 13 ഗോ​ത്രങ്ങൾ ഉണ്ടെങ്കി​ലും ബൈബി​ളിൽ 12 ഗോ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രം പരാമർശി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഇസ്രാ​യേൽ ഗോ​ത്രങ്ങൾ യാക്കോ​ബി​ന്റെ (പിന്നീട്‌ അദ്ദേഹ​ത്തി​ന്റെ പേര്‌ ഇസ്രാ​യേൽ എന്നു മാറ്റി.) പുത്ര​ന്മാ​രിൽനി​ന്നാണ്‌ വന്നത്‌. ഗോ​ത്ര​പി​താ​വായ യാക്കോ​ബിന്‌ 12 ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു—രൂബേൻ, ശിമെ​യോൻ, ലേവി, യഹൂദ, ദാൻ, നഫ്‌താ​ലി, ഗാദ്‌, ആശേർ, യിസ്സാ​ഖാർ, സെബു​ലൂൻ, യോ​സേഫ്‌, ബന്യാ​മീൻ. (ഉൽപത്തി 29:32–30:24; 35:16-18) ഇവരിൽ 11 സഹോ​ദ​ര​ന്മാ​രു​ടെ​യും പേരു​ക​ളിൽ ഓരോ ഗോ​ത്ര​മു​ണ്ടാ​യി​രു​ന്നു. എന്നാൽ യോ​സേ​ഫി​ന്റെ പേരിൽ ഗോ​ത്ര​മി​ല്ലാ​യി​രു​ന്നു. അതിനു പകരം, യോ​സേ​ഫി​ന്റെ രണ്ട്‌ ആൺമക്ക​ളായ മനശ്ശെ​യു​ടെ​യും എഫ്രയീ​മി​ന്റെ​യും പേരിൽ ഓരോ ഗോ​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അവർ രണ്ടു പേരും ഓരോ ഗോ​ത്ര​ങ്ങ​ളു​ടെ തലവന്മാ​രാ​യി​രു​ന്നു. അപ്പോൾ ശരിക്കും, ഇസ്രാ​യേ​ലി​ലെ ഗോ​ത്ര​ങ്ങ​ളു​ടെ എണ്ണം 13 ആകും. പക്ഷേ എന്തു​കൊ​ണ്ടാണ്‌ ബൈബിൾ മിക്കയി​ട​ത്തും 12 ഗോ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രം പറയു​ന്നത്‌?

കാരണം, ലേവി ഗോ​ത്ര​ത്തി​ലെ പുരു​ഷ​ന്മാ​രെ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും, പിൽക്കാ​ലത്ത്‌ ദേവാ​ല​യ​ത്തി​ലും സേവി​ക്കാ​നാ​യി വേർതി​രി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ അവർ സൈനി​ക​സേ​വ​ന​ത്തിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​യി​രു​ന്നു. യഹോവ മോശ​യോട്‌ ഇങ്ങനെ പറഞ്ഞു: “ലേവി ഗോ​ത്രത്തെ മാത്രം നീ രേഖയിൽ ചേർക്ക​രുത്‌; മറ്റ്‌ഇ​സ്രാ​യേ​ല്യ​രു​ടെ എണ്ണത്തിൽ ഇവരുടെ സംഖ്യ ഉൾപ്പെ​ടു​ത്തു​ക​യു​മ​രുത്‌. ലേവ്യരെ നീ സാക്ഷ്യ​ത്തി​ന്റെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നും അതിന്റെ എല്ലാ ഉപകര​ണ​ങ്ങൾക്കും അതി​നോ​ടു ബന്ധപ്പെട്ട എല്ലാത്തി​നും മേൽ നിയമി​ക്കണം. അവർ വിശു​ദ്ധ​കൂ​ടാ​ര​വും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും ചുമക്കു​ക​യും അതിൽ ശുശ്രൂഷ ചെയ്യു​ക​യും വേണം.”—സംഖ്യ 1:49, 50.

ഇനി, ലേവ്യർക്ക്‌ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ അവകാ​ശ​മാ​യി ഭൂമി​യും ലഭിച്ചില്ല. മറിച്ച്‌, ഇസ്രാ​യേ​ലിൽ അങ്ങുമി​ങ്ങു​മാ​യി 48 പട്ടണങ്ങ​ളാണ്‌ അവർക്കു നിയമി​ച്ചു​കി​ട്ടി​യത്‌.—സംഖ്യ 18:20-24; യോശുവ 21:41.

ഈ രണ്ടു കാരണ​ങ്ങൾകൊണ്ട്‌ ഗോ​ത്ര​ങ്ങ​ളു​ടെ പേര്‌ പട്ടിക​പ്പെ​ടു​ത്തു​മ്പോൾ മിക്ക​പ്പോ​ഴും അതിൽ ലേവി ഗോ​ത്ര​ത്തി​ന്റെ പേര്‌ ചേർക്കാ​റില്ല. അതു​കൊണ്ട്‌ ഇസ്രാ​യേൽ ഗോ​ത്ര​ങ്ങ​ളു​ടെ എണ്ണം പൊതു​വേ 12 ആയി കണക്കാ​ക്ക​പ്പെ​ടു​ന്നു.—സംഖ്യ 1:1-15.

ഫെബ്രു​വരി 15-21

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സംഖ്യ 3–4

“ലേവ്യർ ചെയ്‌തി​രുന്ന സേവനം”

it-2-E 683 ¶3

പുരോ​ഹി​തൻ

നിയമ​യു​ട​മ്പ​ടി​ക്കു കീഴിൽ. ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രുന്ന സമയത്ത്‌, പത്താമത്തെ ബാധയിൽ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം സംഹരിച്ച ദിവസം യഹോവ ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്കളെ തനിക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ച്ചു. (പുറ 12:29; സംഖ 3:13) അതു​കൊണ്ട്‌, ഈ മൂത്ത ആൺമക്കൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാ​യി​രു​ന്നു. യഹോ​വ​യ്‌ക്കു പ്രത്യേ​ക​സേ​വനം ചെയ്യു​ന്ന​തി​നു​വേണ്ടി മാത്രം അവർ ജീവിതം മാറ്റി​വെ​ക്ക​ണ​മാ​യി​രു​ന്നു. പുരോ​ഹി​ത​ന്മാ​രാ​യും വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ മറ്റു സേവനങ്ങൾ ചെയ്യു​ന്ന​വ​രാ​യും യഹോ​വ​യ്‌ക്ക്‌ ഈ മൂത്ത ആൺമക്കളെ വേണ​മെ​ങ്കിൽ ഉപയോ​ഗി​ക്കാ​മാ​യി​രു​ന്നു. അതിനു പകരം ലേവി ഗോ​ത്ര​ത്തി​ലെ ആൺമക്ക​ളെ​യെ​ല്ലാം ഈ വേലയ്‌ക്കു​വേണ്ടി വേർതി​രി​ക്കാൻ യഹോവ തീരു​മാ​നി​ച്ചു. മറ്റു 12 ഗോ​ത്ര​ങ്ങ​ളി​ലെ (യോ​സേ​ഫി​ന്റെ ആൺമക്ക​ളായ മനശ്ശെ​യു​ടെ​യും എഫ്രയീ​മി​ന്റെ​യും പിൻഗാ​മി​കളെ രണ്ടു ഗോ​ത്ര​ങ്ങ​ളാ​യി കണക്കാക്കി.) മൂത്ത ആൺമക്കൾക്കു പകരമാ​യി ലേവി ഗോ​ത്ര​ത്തി​ലെ പുരു​ഷ​ന്മാ​രെ ഉപയോ​ഗി​ക്കാൻ യഹോവ ഇസ്രാ​യേ​ല്യർക്ക്‌ അനുവാ​ദം കൊടു​ത്തു. കണക്കെ​ടു​ത്ത​പ്പോൾ, ഒരു മാസവും അതിനു മുകളി​ലും പ്രായ​മുള്ള ലേവ്യ​ര​ല്ലാത്ത മൂത്ത ആൺമക്ക​ളു​ടെ എണ്ണം ലേവി ഗോ​ത്ര​ത്തി​ലെ പുരു​ഷ​ന്മാ​രു​ടെ എണ്ണത്തെ​ക്കാൾ 273 കൂടു​ത​ലാണ്‌ എന്നു കണ്ടെത്തി. അവരിൽ ഓരോ​രു​ത്ത​രു​ടെ​യും മോച​ന​വി​ല​യാ​യി അഞ്ചു ശേക്കെൽ (11 ഡോളർ) വീതം കൊടു​ക്ക​ണ​മെന്ന്‌ യഹോവ ആവശ്യ​പ്പെട്ടു. ആ പണം അഹരോ​നെ​യും ആൺമക്ക​ളെ​യും ഏൽപ്പി​ക്ക​ണ​മാ​യി​രു​ന്നു. (സംഖ 3:11-16, 40-51) ഇങ്ങനെ​യൊ​രു ക്രമീ​ക​രണം ചെയ്യു​ന്ന​തി​നു മുമ്പു​തന്നെ ലേവി ഗോ​ത്ര​ത്തി​ലെ അഹരോ​ന്റെ കുടും​ബ​ത്തി​ലെ പുരു​ഷ​ന്മാ​രെ ഇസ്രാ​യേ​ലിൽ പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ച്ചി​രു​ന്നു.—സംഖ 1:1; 3:6-10.

it-2-E 241

ലേവ്യർ

ഉത്തരവാ​ദി​ത്വ​ങ്ങൾ. ലേവ്യ​രു​ടെ ആൺമക്ക​ളായ ഗർശോൻ (ഗർശോം), കൊഹാത്ത്‌, മെരാരി എന്നിവ​രു​ടെ കുടും​ബങ്ങൾ ചേർന്ന​താ​യി​രു​ന്നു ലേവി ഗോത്രം. (ഉൽ 46:11; 1ദിന 6:1, 16) വിജന​ഭൂ​മി​യിൽ, വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‌ അടുത്തുള്ള ഒരു സ്ഥലത്താണ്‌ അവർ പാളയ​മ​ടി​ച്ചി​രു​ന്നത്‌. കൊഹാ​ത്തി​ന്റെ വംശജ​നായ അഹരോ​നും കുടും​ബ​വും വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‌ കിഴക്ക്‌ പാളയ​മ​ടി​ച്ചു. മറ്റു കൊഹാ​ത്യർ തെക്കു​ഭാ​ഗ​ത്തും ഗർശോ​ന്യർ പടിഞ്ഞാ​റും മെരാ​രി​യു​ടെ കുടും​ബങ്ങൾ വടക്കും പാളയ​മ​ടി​ച്ചു. (സംഖ 3:23, 29, 35, 38) വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ക്കു​ന്ന​തും അത്‌ അഴിക്കു​ന്ന​തും ചുമക്കു​ന്ന​തും ലേവ്യ​രു​ടെ ജോലി​യാ​യി​രു​ന്നു. വിശു​ദ്ധ​കൂ​ടാ​രം മറ്റൊ​രി​ട​ത്തേക്കു മാറ്റേണ്ട സമയം വരു​മ്പോൾ അഹരോ​നും ആൺമക്ക​ളും വിശു​ദ്ധ​വും അതിവി​ശു​ദ്ധ​വും തമ്മിൽ വേർതി​രി​ച്ചി​രുന്ന തിരശ്ശീല അഴിക്കു​ക​യും സാക്ഷ്യ​പ്പെ​ട്ട​ക​വും യാഗപീ​ഠ​ങ്ങ​ളും വിശു​ദ്ധ​മായ മറ്റ്‌ ഉപകര​ണ​ങ്ങ​ളും മൂടു​ക​യും ചെയ്‌തി​രു​ന്നു. എന്നിട്ട്‌ കൊഹാ​ത്യർ ഈ സാധനങ്ങൾ ചുമക്കും. കൂടാ​ര​ത്തു​ണി​കൾ, ആവരണങ്ങൾ, മറശ്ശീ​ലകൾ, മുറ്റത്തെ യവനിക, കൂടാ​ര​ക്ക​യ​റു​കൾ (സാധ്യ​ത​യ​നു​സ​രിച്ച്‌ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ കയറുകൾ) എന്നിവ ഗർശോ​ന്യ​രും ചട്ടങ്ങൾ, തൂണുകൾ, ഓടാ​മ്പ​ലു​കൾ, കൂടാ​ര​ക്കു​റ്റി​കൾ, കൂടാ​ര​ക്ക​യ​റു​കൾ (സാധ്യ​ത​യ​നു​സ​രിച്ച്‌ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ മുറ്റത്തെ കയറുകൾ) എന്നിവ മെരാ​ര്യ​രും ചുമന്നു​കൊ​ണ്ടു​പോ​കും.—സംഖ 1:50, 51; 3:25, 26, 30, 31, 36, 37; 4:4-33; 7:5-9.

it-2-E 241

ലേവ്യർ

വിശു​ദ്ധ​കൂ​ടാ​ര​വും അതിന്റെ ഉപകര​ണ​ങ്ങ​ളും ചുമക്കു​ന്നത്‌ ഉൾപ്പെടെ തന്റെ എല്ലാ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഒരു ലേവ്യൻ ഏറ്റെടു​ത്തി​രു​ന്നത്‌ 30-ാമത്തെ വയസ്സി​ലാ​യി​രു​ന്നു. (സംഖ 4:46-49) വിശു​ദ്ധ​കൂ​ടാ​രം ചുമക്കു​ന്ന​തു​പോ​ലെ കഠിനാ​ധ്വാ​നം ഉൾപ്പെ​ട്ടി​രുന്ന ജോലി അല്ലാ​തെ​യുള്ള ചില ഉത്തരവാ​ദി​ത്വ​ങ്ങൾ 25 വയസ്സു​മു​തലേ ചെയ്‌തു​തു​ട​ങ്ങി​യി​രു​ന്നു. (സംഖ 8:24) ദാവീദ്‌ രാജാ​വി​ന്റെ കാലത്ത്‌, കുറഞ്ഞ പ്രായ​പ​രി​ധി 20 ആക്കി. വിശു​ദ്ധ​കൂ​ടാ​രം (പെട്ടെ​ന്നു​തന്നെ അതിന്റെ സ്ഥാനത്ത്‌ ദേവാ​ലയം വരാൻപോ​കു​ക​യാ​യി​രു​ന്നു.) മേലാൽ ചുമ​ക്കേ​ണ്ട​തില്ല എന്നതാ​യി​രു​ന്നു ദാവീദ്‌ അതിനു നൽകിയ കാരണം. 50 വയസ്സു​വരെ ആയിരു​ന്നു ലേവ്യർ നിർബ​ന്ധ​മാ​യും ആലയ​സേ​വനം ചെയ്യേ​ണ്ടി​യി​രു​ന്നത്‌. (സംഖ 8:25, 26; 1ദിന 23:24-26) ലേവ്യർ മോശ​യു​ടെ നിയമം നന്നായി പഠിച്ചി​രി​ക്ക​ണ​മാ​യി​രു​ന്നു. കാരണം അവർ അതു പരസ്യ​മാ​യി വായി​ക്കു​ക​യും ജനത്തെ പഠിപ്പി​ക്കു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു.—1ദിന 15:27; 2ദിന 5:12; 17:7-9; നെഹ 8:7-9.

ഫെബ്രു​വരി 22-28

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സംഖ്യ 5–6

“നാസീർവ്ര​ത​സ്ഥരെ നിങ്ങൾക്ക്‌ എങ്ങനെ അനുക​രി​ക്കാം?”

it-2-E 477

നാസീർ

നാസീർവ്ര​തസ്ഥർ പൂർണ​മാ​യും ഒഴിവാ​ക്കേ​ണ്ടി​യി​രുന്ന മൂന്നു കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു: (1) അവർ ലഹരി​പാ​നീ​യങ്ങൾ കുടി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു; മുന്തിരി ഉണങ്ങി​യ​താ​യാ​ലും പഴുത്ത​തോ പച്ചയോ ആയാലും, അതിൽനിന്ന്‌ ഉണ്ടാക്കു​ന്ന​തൊ​ന്നും തിന്നരു​താ​യി​രു​ന്നു, മുന്തി​രി​യു​ടെ നീരോ അതിന്റെ വീഞ്ഞോ വീഞ്ഞിൽനി​ന്നുള്ള വിനാ​ഗി​രി​യോ കുടി​ക്കാ​നും പാടി​ല്ലാ​യി​രു​ന്നു. (2) അവർ ഒരിക്ക​ലും മുടി വെട്ടരു​താ​യി​രു​ന്നു. (3) അവർ ആരു​ടെ​യും, അപ്പന്റെ​യോ അമ്മയു​ടെ​യോ സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ പോലും, മൃത​ദേ​ഹ​ത്തിൽ തൊടാ​നും പാടി​ല്ലാ​യി​രു​ന്നു.—സംഖ 6:1-7.

സവി​ശേ​ഷ​നേർച്ചകൾ. ഈ സവി​ശേ​ഷ​നേർച്ച ചെയ്യുന്ന ഒരാൾ ‘യഹോ​വ​യ്‌ക്കു നാസീർ (അതായത്‌, തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവൻ; വേർതി​രി​ക്ക​പ്പെ​ട്ടവൻ) ആയി ജീവി​ക്ക​ണ​മാ​യി​രു​ന്നു.’ മതഭക്തി​യു​ടെ ഒരു പ്രകടനം കാണിച്ച്‌ മറ്റുള്ള​വ​രു​ടെ കൈയടി നേടുക എന്നതാ​യി​രി​ക്ക​രുത്‌ അയാളു​ടെ ലക്ഷ്യം. “നാസീർവ്ര​ത​കാ​ലത്ത്‌ ഉടനീളം അയാൾ യഹോ​വ​യ്‌ക്കു വിശു​ദ്ധ​നാണ്‌.”—സംഖ 6:2, 8.

നാസീർവ്ര​ത​സ്ഥർ പാലി​ക്കേ​ണ്ടി​യി​രുന്ന വ്യവസ്ഥകൾ യഹോ​വ​യു​ടെ ആരാധ​ന​യിൽ വളരെ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങ​ളാ​യി​രു​ന്നു. സമാന​മായ ചില നിബന്ധ​നകൾ മഹാപു​രോ​ഹി​ത​നും മറ്റു പുരോ​ഹി​ത​ന്മാർക്കും ഉണ്ടായി​രു​ന്നു. പാവന​മായ സേവനം ചെയ്‌തി​രുന്ന മഹാപു​രോ​ഹി​തൻ തന്റെ അടുത്ത ബന്ധുക്ക​ളു​ടെ​പോ​ലും മൃത​ദേ​ഹ​ത്തിൽ തൊടാൻ പാടി​ല്ലാ​യി​രു​ന്നു, അതു​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു നാസീ​രും. മഹാപു​രോ​ഹി​ത​നും മറ്റു പുരോ​ഹി​ത​ന്മാ​രും വളരെ ഗൗരവ​മുള്ള ഉത്തരവാ​ദി​ത്വ​ങ്ങ​ളാണ്‌ ചെയ്‌തി​രു​ന്നത്‌. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സന്നിധി​യിൽ വിശു​ദ്ധ​മായ ജോലി​കൾ ചെയ്യാൻ ചെല്ലുന്ന സമയത്ത്‌ അവർ വീഞ്ഞോ ലഹരി​പാ​നീ​യ​ങ്ങ​ളോ കുടി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു.—ലേവ 10:8-11; 21:10, 11.

കൂടാതെ, നാസീർവ്ര​തസ്ഥൻ “തലമുടി വളർത്തി വിശു​ദ്ധ​നാ​യി തുടരണം.” അദ്ദേഹം വിശു​ദ്ധ​മായ നാസീർവ്രതം എടുത്തി​ട്ടു​ണ്ടെന്ന്‌ മറ്റുള്ള​വർക്ക്‌ അതിലൂ​ടെ പെട്ടെന്നു തിരി​ച്ച​റി​യാൻ കഴിയു​മാ​യി​രു​ന്നു. (സംഖ 6:5) ശബത്തു​വർഷ​വും ജൂബി​ലി​വർഷ​വും വളർന്നി​രുന്ന വെട്ടി​യൊ​രു​ക്കാത്ത മുന്തി​രി​വ​ള്ളി​യെ കുറി​ക്കാ​നും നാസിർ എന്ന അതേ എബ്രാ​യ​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (ലേവ 25:5, 11) മഹാപു​രോ​ഹി​തന്റെ തലയിലെ തലപ്പാ​വി​നോട്‌ ചേർന്നുള്ള, “വിശുദ്ധി യഹോ​വ​യു​ടേത്‌” എന്ന്‌ ആലേഖനം ചെയ്‌ത തങ്കത്തകി​ടി​നെ വിളി​ച്ചി​രു​ന്നത്‌, ‘സമർപ്പ​ണ​ത്തി​ന്റെ (എബ്രാ​യ​യിൽ നെസെർ; നാസിർ എന്ന അതേ വാക്കിൽനി​ന്നു​ത​ന്നെ​യാണ്‌ ഈ വാക്കും വരുന്നത്‌.) വിശു​ദ്ധ​ചി​ഹ്നം’ എന്നായി​രു​ന്നു എന്നതും ശ്രദ്ധേ​യ​മാണ്‌. (പുറ 39:30, 31) അതു​പോ​ലെ, ഇസ്രാ​യേ​ലി​ലെ അഭിഷി​ക്ത​രാ​ജാ​ക്ക​ന്മാർ ധരിച്ചി​രുന്ന കിരീ​ട​ത്തി​ന്റെ​യും പേര്‌ നെസെർ എന്നായി​രു​ന്നു. (2ശമു 1:10; 2രാജ 11:12) ക്രിസ്‌തീ​യ​സ​ഭ​യു​ടെ കാര്യ​ത്തി​ലേക്കു വരു​മ്പോൾ, ശിരോ​വ​സ്‌ത്ര​ത്തി​നു പകരമാണ്‌ സ്‌ത്രീ​ക്കു നീളമുള്ള മുടി നൽകി​യി​രി​ക്കു​ന്ന​തെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയുന്നു. ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ, പുരുഷൻ തന്റെ തലയാണ്‌, താൻ അതിന്‌ എപ്പോ​ഴും കീഴ്‌പെ​ട്ടി​രി​ക്കണം, എന്ന്‌ അത്‌ അവളെ ഓർമി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ വീഞ്ഞ്‌ വർജി​ക്കാ​നും അശുദ്ധ​നാ​കാ​തി​രി​ക്കാ​നും മുടി മുറി​ക്കാ​തി​രി​ക്കാ​നും ഉള്ള വ്യവസ്ഥകൾ ത്യാഗങ്ങൾ ചെയ്യേ​ണ്ട​തി​ന്റെ​യും യഹോ​വ​യു​ടെ ഇഷ്ടത്തിനു പൂർണ​മാ​യി കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ട​തി​ന്റെ​യും പ്രാധാ​ന്യം സമർപ്പി​ത​നായ ഒരു നാസീർവ്ര​ത​സ്ഥനെ ഓർമി​പ്പി​ച്ചു.—1കൊ 11:2-16.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക