ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മെയ് 2-8
ദൈവവചനത്തിലെ നിധികൾ | 1 ശമുവേൽ 27-29
“ദാവീദിന്റെ യുദ്ധതന്ത്രം”
it-1-E 41
ആഖീശ്
ശൗലിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ട് ഓടിയ സമയത്ത് രണ്ടു തവണ ദാവീദ് ആഖീശ് രാജാവിന്റെ നഗരത്തിൽ താമസിച്ചിട്ടുണ്ട്. ആദ്യത്തെ തവണ അങ്ങോട്ട് ഓടിപ്പോയപ്പോൾ അവിടെയുള്ള ആളുകൾ ദാവീദിനെ വിശ്വസിച്ചില്ല, അവർ ദാവീദിനെ ശത്രുവായി കണ്ടു. അതുകൊണ്ട് ദാവീദ് ബുദ്ധിഭ്രമം ഉള്ളവനെപ്പോലെ അഭിനയിച്ചു. ദാവീദ് വെറുമൊരു ഭ്രാന്തനാണെന്ന് വിചാരിച്ച് ആഖീശ് രാജാവ് ദാവീദിനെ വെറുതെ വിട്ടു. (1ശമു 21:10-15; സങ്ക 34:മേലെഴുത്ത്; 56:മേലെഴുത്ത്) എന്നാൽ രണ്ടാം തവണ അങ്ങോട്ട് ഓടിപ്പോയപ്പോൾ ദാവീദിന്റെ കൂടെ 600 പടയാളികളും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു. ആ സമയത്ത് ആഖീശ് അവർക്കു സിക്ലാഗിൽ താമസിക്കാൻ അനുവാദം കൊടുത്തു. അങ്ങനെ അവർ ഒരു വർഷവും നാലു മാസവും അവിടെ താമസിച്ചു. അവിടെയായിരുന്നപ്പോൾ ദാവീദും കൂട്ടരും യഹൂദാനഗരങ്ങളെയാണ് ആക്രമിക്കുന്നതെന്ന് ആഖീശ് വിചാരിച്ചു. പക്ഷേ ദാവീദ് ശരിക്കും കൊള്ളയടിച്ചത് ഗശൂര്യരെയും ഗിർസ്യരെയും അമാലേക്യരെയും ആയിരുന്നു. (1ശമു 27:1-12) ആഖീശിനെ വിശ്വസിപ്പിക്കുന്നതിൽ ദാവീദ് വിജയിച്ചു. അതുകൊണ്ടാണ് ശൗൽ രാജാവിനെ ആക്രമിക്കാൻ ഫെലിസ്ത്യർ പദ്ധതിയിട്ട സമയത്ത് തന്റെ അംഗരക്ഷകനായി കൂടെ വരാൻ ആഖീശ് ദാവീദിനെ ക്ഷണിക്കുന്നത്. എന്നാൽ അവസാനനിമിഷം “ഫെലിസ്ത്യപ്രഭുക്കന്മാർ” ദാവീദിനെ കൂടെക്കൂട്ടാൻ തയ്യാറാകാഞ്ഞതുകൊണ്ട് ദാവീദിനെയും കൂട്ടരെയും സിക്ലാഗിലേക്കു മടക്കി അയച്ചു. (1ശമു 28:2; 29:1-11) പിന്നീട് രാജാവായി കഴിഞ്ഞ് ദാവീദ് ഗത്തിന് എതിരെ യുദ്ധം ചെയ്തപ്പോൾ ആഖീശ് രാജാവിനെ കൊന്നില്ലെന്നു വേണം കരുതാൻ. ശലോമോന്റെ ഭരണകാലത്തും അദ്ദേഹം ജീവനോടുണ്ടായിരുന്നു.—1രാജ 2:39-41.
ചെറുപ്പക്കാരേ, നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുടെ വിശ്വാസം നേടാം?
8 ദാവീദ് നേരിട്ട മറ്റൊരു സാഹചര്യം നോക്കാം. ഭാവിരാജാവായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും യഹൂദയുടെ രാജാവാകാൻ ദാവീദിനു വർഷങ്ങളോളം കാത്തിരിക്കേണ്ടിവന്നു. (1 ശമു. 16:13; 2 ശമു. 2:3, 4) ക്ഷമയോടെ കാത്തിരിക്കാൻ ദാവീദിനെ എന്താണ് സഹായിച്ചത്? നിരുത്സാഹപ്പെട്ട് തളർന്നുപോകുന്നതിനു പകരം തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ദാവീദ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഫെലിസ്ത്യരുടെ ദേശത്ത് ഒരു അഭയാർഥിയായിരുന്നപ്പോൾ ഇസ്രായേല്യരുടെ ശത്രുക്കളോട് പോരാടാനായി ദാവീദ് ആ സമയം ഉപയോഗിച്ചു. അങ്ങനെ ദാവീദ് യഹൂദാദേശത്തിന്റെ അതിർത്തി സംരക്ഷിച്ചു.—1 ശമു. 27:1-12.
it-2-E 245 ¶6
നുണ
നുണ പറയുന്നത് യഹോവയ്ക്ക് അംഗീകരിക്കാനാകില്ലെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. പക്ഷേ അതിനർഥം കാര്യങ്ങൾ അറിയാൻ അവകാശമില്ലാത്തവരോട് എല്ലാ വിവരങ്ങളും കൃത്യമായി പറയണമെന്നല്ല. യേശു ഈ ഉപദേശം നൽകി: “വിശുദ്ധമായതു നായ്ക്കൾക്ക് ഇട്ടുകൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുകയുമരുത്; അവ ആ മുത്തുകൾ ചവിട്ടിക്കളയുകയും തിരിഞ്ഞ് നിങ്ങളെ ആക്രമിക്കുകയും ചെയ്യാൻ ഇടയാകരുതല്ലോ.” (മത്ത 7:6) അതുകൊണ്ടാണ് യേശു ചില ചോദ്യങ്ങൾക്ക് നേരിട്ടുള്ള ഉത്തരമോ എല്ലാ വിവരങ്ങളോ മനഃപൂർവം കൊടുക്കാതിരുന്നത്. അത് ദോഷം ചെയ്യുമെന്ന് യേശുവിന് അറിയാമായിരുന്നു.—മത്ത 15:1-6; 21:23-27; യോഹ 7:3-10.
ആത്മീയരത്നങ്ങൾ
w10-E 1/1 20 ¶5-6
മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരെ സഹായിക്കാനാകുമോ?
ഒരാൾ മരിക്കുമ്പോൾ അയാൾ ‘മണ്ണിലേക്കു മടങ്ങുമെന്നും’ അയാളുടെ ‘ചിന്തകൾ നശിക്കുമെന്നും’ ആണ് ബൈബിൾ പറയുന്നത്. (സങ്കീർത്തനം 146:4) ആത്മാക്കളുടെ ഉപദേശം തേടുന്നവരുടെ അടുക്കൽ ചെല്ലുന്നത് യഹോവയ്ക്ക് വെറുപ്പാണെന്നു ശൗലിനും ശമുവേലിനും അറിയാമായിരുന്നു. അതുകൊണ്ടാണ് വർഷങ്ങൾക്കു മുമ്പുതന്നെ ശൗൽ തന്റെ ദേശത്തുനിന്ന് ഭൂതവിദ്യയെല്ലാം നീക്കം ചെയ്തത്.—ലേവ്യ 19:31.
മരിച്ചുപോയ ശമുവേൽ ഒരു ആത്മാവായി അവിടെ ഉണ്ടായിരുന്നെന്നുതന്നെ വിചാരിക്കുക. അങ്ങനെയാണെങ്കിൽ ദൈവത്തിന്റെ നിയമങ്ങൾ ഒക്കെ തെറ്റിച്ച്, ആത്മാക്കളുടെ ഉപദേശം തേടുന്നയാളോടൊപ്പം ചേർന്ന് ശമുവേൽ ശൗലിനോടു സംസാരിക്കുമായിരുന്നോ? കൂടാതെ ശൗലിനോട് ഇനി സംസാരിക്കില്ലെന്ന് യഹോവ വ്യക്തമാക്കിയതാണ്. ആ സ്ഥിതിക്ക് സർവശക്തനായ ദൈവത്തെ നിർബന്ധിക്കാൻ ആർക്കെങ്കിലും പറ്റുമായിരുന്നോ? ഇല്ല. പ്രത്യേകിച്ച് ആത്മാക്കളുടെ ഉപദേശം തേടുന്നവർക്ക് ഒരിക്കലും പറ്റുമായിരുന്നില്ല. അതുകൊണ്ട് മരിച്ചുപോയ ശമുവേലിലൂടെ ദൈവം ശൗലിനോട് സംസാരിച്ചു എന്ന് നിഗമനം ചെയ്യാൻ ഒരു ന്യായവും ഇല്ല. ഇവിടെ പറയുന്ന ശമുവേൽ ദൈവത്തിന്റെ പ്രവാചകനായിരുന്നില്ല എന്ന് വ്യക്തം. പകരം ദുഷ്ടനായ ഒരു ഭൂതം മരിച്ചുപോയ ശമുവേലായി അഭിനയിച്ചതാണ്.
മെയ് 9-15
ദൈവവചനത്തിലെ നിധികൾ | 1 ശമുവേൽ 30-31
“നിങ്ങളുടെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിക്കുക”
w06 8/1 28 ¶12
യഹോവയെ ഭയപ്പെടുക, സന്തുഷ്ടരായിരിക്കുക!
12 ദാവീദിന് യഹോവയോടുണ്ടായിരുന്ന ഭയം തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് അവനെ തടയുക മാത്രമല്ല പ്രയാസകരമായ സാഹചര്യങ്ങളിൽ നിർണായകമായും ജ്ഞാനത്തോടെയും പ്രവർത്തിക്കാൻ അവനെ ശക്തീകരിക്കുകയും ചെയ്തു. ശൗലിനെ ഭയന്ന് ദാവീദ് കുറേപ്പേരോടൊപ്പം ഫെലിസ്ത്യ നഗരമായ സിക്ലാഗിലേക്ക് ഓടിപ്പോയി ഒരു വർഷവും നാലു മാസവും അവിടെ പാർത്തു. (1 ശമൂവേൽ 27:5-7) ഒരിക്കൽ പുരുഷന്മാരെല്ലാം ദൂരെയായിരുന്ന ഒരു സമയത്ത് അമാലേക്യർ നഗരം ആക്രമിച്ച് അതിനെ ചുട്ടെരിക്കുകയും ഭാര്യമാരെയും കുട്ടികളെയും ആടുമാടുകളെയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. മടങ്ങിവന്നപ്പോൾ സംഭവിച്ചതെല്ലാം അറിഞ്ഞ ദാവീദും സംഘവും ഉറക്കെ കരഞ്ഞു. എന്നാൽ പെട്ടെന്നുതന്നെ അവരുടെ ദുഃഖം കോപത്തിനു വഴിമാറി; കൂട്ടത്തിലുള്ളവരെല്ലാം ദാവീദിനെ കല്ലെറിയണമെന്നു തമ്മിൽ പറഞ്ഞു. തന്റെ നില പരിതാപകരമായിരുന്നെങ്കിലും ദാവീദ് മനോധൈര്യം കൈവിട്ടില്ല. (സദൃശവാക്യങ്ങൾ 24:10) സഹായത്തിനായി യഹോവയിലേക്കു തിരിയാൻ ദൈവഭയം അവനെ പ്രേരിപ്പിച്ചു. അങ്ങനെ അവൻ “യഹോവയിൽ ധൈര്യപ്പെട്ടു.” ദൈവത്തിന്റെ സഹായത്താൽ ദാവീദും സംഘവും അമാലേക്യരെ കീഴ്പെടുത്തുകയും അവർ അപഹരിച്ചുകൊണ്ടുപോയതെല്ലാം വീണ്ടെടുക്കുകയും ചെയ്തു.—1 ശമൂവേൽ 30:1-20.
w12 4/15 30 ¶14
രക്ഷയ്ക്കായി യഹോവ നമ്മെ കാത്തുസൂക്ഷിക്കുന്നു
14 വ്യസനകരമായ പല സാഹചര്യങ്ങളിലൂടെയും കടന്നുപോയവനാണ് ദാവീദ്. (1 ശമൂ. 30:3-6) യഹോവ അവന്റെ നൊമ്പരങ്ങൾ അറിഞ്ഞിരുന്നെന്ന് നിശ്വസ്തതയിൽ അവൻ എഴുതി. (സങ്കീർത്തനം 34:18; 56:8 വായിക്കുക.) നമ്മുടെ ഹൃദയവേദനകളും ദൈവം അറിയുന്നുണ്ട്. നാം ‘ഹൃദയം നുറുങ്ങിയും’ ‘മനസ്സു തകർന്നും’ ഇരിക്കുമ്പോൾ അവൻ നമ്മോട് അടുത്തുവരും. ഈ തിരിച്ചറിവുതന്നെ നമുക്ക് വലിയൊരു ആശ്വാസമാണ്. ദാവീദിനും അങ്ങനെതന്നെയായിരുന്നു. അവൻ പാടി: “ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.” (സങ്കീ. 31:7) നമ്മുടെ സങ്കടങ്ങൾ കാണുക മാത്രമല്ല ആശ്വാസവും പ്രോത്സാഹനവും നൽകി അവൻ നമ്മെ പുലർത്തുകയും ചെയ്യുന്നു. ഇതിനായി അവൻ ഉപയോഗിക്കുന്ന ഒരു മാർഗം ക്രിസ്തീയ യോഗങ്ങളാണ്.
ആത്മീയരത്നങ്ങൾ
w05 3/15 24 ¶9
ഒന്നു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ
30:23, 24. സംഖ്യാപുസ്തകം 31:27-ന്റെ അടിസ്ഥാനത്തിലുള്ള ഈ തീരുമാനം, സഭയിൽ പിന്തുണക്കാരായി സേവനം അനുഷ്ഠിക്കുന്നവരെ യഹോവ വിലയേറിയവരായി കണക്കാക്കുന്നെന്നു പ്രകടമാക്കുന്നു. അതുകൊണ്ട് നാം എന്തു ചെയ്താലും “മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ” ചെയ്യാം.—കൊലൊസ്സ്യർ 3:23.
മെയ് 16-22
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 1-3
“‘വില്ല്’ എന്ന കാവ്യത്തിൽനിന്ന് നമുക്ക് പഠിക്കാനുള്ളത്”
w00 6/15 13 ¶9
നിങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിപ്പിൻ
9 ദ്രോഹം അനുഭവിച്ചപ്പോൾ ദാവീദിന് ദുഃഖം തോന്നിയോ? “ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്ന് ദാവീദ് യഹോവയോടു വിലപിച്ചു പറഞ്ഞു. (സങ്കീർത്തനം 54:3) അവൻ തന്റെ ഹൃദയം യഹോവയുടെ മുമ്പാകെ പകർന്നു: “എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; . . . യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല. എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ.” (സങ്കീർത്തനം 59:1-4) സമാനമായി, അധികാരത്തിലുള്ള ഒരു വ്യക്തിക്കെതിരെ നിങ്ങൾ യാതൊരു തെറ്റും ചെയ്യാഞ്ഞിട്ടും അയാൾ നിങ്ങൾക്കു സദാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ശൗലിനോട് ആദരവു പ്രകടമാക്കാൻ ദാവീദു പരാജയപ്പെട്ടില്ല. ശൗലിന്റെ മരണത്തിൽ സന്തോഷംകൊണ്ടു തുള്ളിച്ചാടുന്നതിനു പകരം ദാവീദ് പിൻവരുന്ന വിലാപഗീതം രചിക്കുകയാണുണ്ടായത്: “ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; . . . അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ. യിസ്രായേൽപുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിൻ.” (2 ശമൂവേൽ 1:23, 24) ശൗൽ ദാവീദിനെ ദ്രോഹിച്ചിരുന്നെങ്കിലും, യഹോവയുടെ അഭിഷിക്തനോടുള്ള യഥാർഥമായ ആദരവിന്റെ എത്ര നല്ല ദൃഷ്ടാന്തമാണ് ദാവീദ് വെച്ചത്!
w12 4/15 10 ¶8
വിശ്വാസവഞ്ചന ഈ കാലത്തിന്റെ ഒരു പ്രത്യേകത!
8 വിശ്വസ്തരായിരുന്ന നിരവധി വ്യക്തികളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അവരിൽ രണ്ടുപേരെ നമുക്ക് അടുത്തു പരിചയപ്പെടാം, അവരിൽനിന്ന് എന്തു പഠിക്കാമെന്നും നോക്കാം. ദാവീദിനോടു വിശ്വസ്തത കാണിച്ച യോനാഥാനാണ് അതിൽ ഒരാൾ. ശൗൽരാജാവിന്റെ മൂത്ത പുത്രനായ യോനാഥാനായിരുന്നു സകല സാധ്യതയുമനുസരിച്ച് ഇസ്രായേലിന്റെ അടുത്ത രാജാവ്. പക്ഷേ, ഇസ്രായേലിന്റെ ഭാവിരാജാവായി യഹോവ തിരഞ്ഞെടുത്തത് ദാവീദിനെയാണ്. ദൈവത്തിന്റെ ആ തീരുമാനം യോനാഥാൻ മനസ്സോടെ അംഗീകരിച്ചു. ദാവീദിനെ എതിരാളിയായി കാണുകയോ അവനോട് അസൂയപ്പെടുകയോ ചെയ്യുന്നതിനു പകരം “യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു.” ദാവീദിനോട് എന്നും വിശ്വസ്തനായിരിക്കുമെന്ന് അവൻ പ്രതിജ്ഞ ചെയ്യുകയും തന്റെ വസ്ത്രങ്ങളും വാളും വില്ലും അരക്കച്ചയും ദാവീദിനു കൈമാറിക്കൊണ്ട് രാജകീയ ബഹുമതി നൽകി ആദരിക്കുകയും ചെയ്തു. (1 ശമൂ. 18:1-4) ദാവീദിനെ ‘ധൈര്യപ്പെടുത്താൻ,’ അവനെ പിന്തുണയ്ക്കാൻ, തന്നാൽ ആവുന്നതെല്ലാം ചെയ്ത യോനാഥാൻ തന്റെ ജീവൻ അപകടത്തിലാകുമെന്ന് അറിഞ്ഞിട്ടും ദാവീദിനുവേണ്ടി ശൗലിനോടു സംസാരിക്കാൻ ധൈര്യം കാണിച്ചു. “നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും” എന്ന വാക്കുകളിൽനിന്ന് ദാവീദിനോടുള്ള യോനാഥാന്റെ വിശ്വസ്തത നമുക്ക് വായിച്ചെടുക്കാം. (1 ശമൂ. 20:30-34; 23:16, 17) യോനാഥാന്റെ മരണം ഉളവാക്കിയ വേദനയും അവനോടുള്ള സ്നേഹവും നിറഞ്ഞുനിൽക്കുന്ന ഒരു വിലാപഗീതം ദാവീദ് രചിച്ചതിൽ അതിശയിക്കാനില്ല.—2 ശമൂ. 1:17, 26.
ആത്മീയരത്നങ്ങൾ
it-1-E 369 ¶2
സഹോദരൻ
ഒരേ താത്പര്യങ്ങളും ഒരേ ലക്ഷ്യങ്ങളും ഉള്ളവരെക്കുറിച്ച് പറയാനും ബൈബിളിൽ “സഹോദരൻ” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, “സഹോദരന്മാർ ഒന്നിച്ച് ഒരുമയോടെ കഴിയുന്നത് എത്ര നല്ലത്! എത്ര രസകരം!” എന്ന് പറഞ്ഞപ്പോൾ രക്തബന്ധമുള്ള സഹോദരന്മാരെക്കുറിച്ചല്ല ദാവീദ് പറഞ്ഞത്. അതിന്റെ അർഥം രക്തബന്ധമില്ലാത്തവർക്കും ഐക്യവും നല്ല ബന്ധവും ആസ്വദിക്കാൻ കഴിയും എന്നാണ്. (സങ്ക 133:1) ദാവീദ് യോനാഥാനെ സഹോദരൻ എന്ന് വിളിച്ചത് ഇതേ കാരണംകൊണ്ടാണ്. അവരുടെ മാതാപിതാക്കൾ ഒന്നായിരുന്നതുകൊണ്ടല്ല, പകരം അവർക്കിടയിൽ സ്നേഹവും ഒരേ താത്പര്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് അങ്ങനെ വിളിച്ചത്.—2ശമു 1:26.
മെയ് 23-29
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 4-6
“ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ദൈവഭയം സഹായിക്കും”
w05 5/15 17 ¶8
രണ്ടു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ
6:1-7. ദാവീദിന്റെ ഉദ്ദേശ്യം നല്ലതായിരുന്നെങ്കിലും, നിയമപെട്ടകം ഒരു വണ്ടിയിൽ കയറ്റി കൊണ്ടുപോകാനുള്ള അവന്റെ ഉദ്യമം ദൈവകൽപ്പനയ്ക്കു വിരുദ്ധമായിരുന്നതിനാൽ അതു പരാജയമടഞ്ഞു. (പുറപ്പാടു 25:13, 14; സംഖ്യാപുസ്തകം 4:15, 19; 7:7-9) നമുക്ക് ഉദ്ദേശ്യശുദ്ധി ഉണ്ടായിരുന്നാലും ദൈവത്തിന്റെ നിബന്ധനകൾക്കു വിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്ന് ഉസ്സാ പെട്ടകത്തെ കൈനീട്ടി പിടിച്ച സംഭവം പ്രകടമാക്കുന്നു.
w05 2/1 27 ¶20
യഹോവ എല്ലായ്പോഴും ശരിയായതുമാത്രം ചെയ്യുന്നു
20 ഉസ്സാ ന്യായപ്രമാണം നന്നായി അറിഞ്ഞിരിക്കേണ്ടിയിരുന്നു എന്നതു മനസ്സിൽപ്പിടിക്കുക. നിയമപെട്ടകം യഹോവയുടെ സാന്നിധ്യത്തെ പ്രതിനിധീകരിച്ചു. അധികാരപ്പെടുത്തിയിട്ടില്ലാത്ത ആരും അതിൽ തൊടരുതെന്നും നിയമലംഘികൾ മരണശിക്ഷയ്ക്ക് അർഹരായിരിക്കുമെന്നും ന്യായപ്രമാണം വ്യക്തമാക്കിയിരുന്നു. (സംഖ്യാപുസ്തകം 4:18-20; 7:89) അതുകൊണ്ട് നിയമപെട്ടകം മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതു ലാഘവത്തോടെ കാണേണ്ടിയിരുന്ന ഒരു കാര്യമായിരുന്നില്ല. ഉസ്സാ (ഒരു പുരോഹിതനല്ലായിരുന്നെങ്കിലും) വ്യക്തമായും ഒരു ലേവ്യനായിരുന്നു, അതുകൊണ്ട് അവൻ ന്യായപ്രമാണവുമായി പരിചിതനായിരിക്കേണ്ടിയിരുന്നു. കൂടാതെ, വർഷങ്ങൾക്കുമുമ്പ് പെട്ടകം സുരക്ഷിതമായി വെക്കുന്നതിന് അവന്റെ പിതാവിന്റെ ഭവനത്തിലേക്കു മാറ്റിയിരുന്നു. (1 ശമൂവേൽ 6:20–7:1) ദാവീദ് പെട്ടകം അവിടെനിന്നു മാറ്റാൻ തീരുമാനിക്കുന്നതുവരെ, അതായത് ഏകദേശം 70 വർഷം പെട്ടകം അവിടെത്തന്നെയായിരുന്നു. അതുകൊണ്ട് ചെറുപ്പംമുതൽത്തന്നെ പെട്ടകം സംബന്ധിച്ച നിയമങ്ങൾ ഉസ്സായ്ക്ക് അറിയാമായിരുന്നിരിക്കണം.
w05 2/1 27 ¶21
യഹോവ എല്ലായ്പോഴും ശരിയായതുമാത്രം ചെയ്യുന്നു
21 മുമ്പു പരാമർശിച്ചതുപോലെ യഹോവയ്ക്കു ഹൃദയങ്ങൾ പരിശോധിക്കാൻ കഴിയും. ഉസ്സായുടെ പ്രവൃത്തിയെ ‘അനാദരവ്’ ആയി ബൈബിൾ വിശേഷിപ്പിക്കുന്നതിനാൽ, വിവരണത്തിൽ എടുത്തു പറഞ്ഞിട്ടില്ലാത്ത എന്തെങ്കിലും സ്വാർഥ താത്പര്യം യഹോവ ഉസ്സായിൽ കണ്ടിട്ടുണ്ടായിരിക്കണം. ഉസ്സാ പരിധികൾ ലംഘിക്കാൻ ചായ്വു കാണിച്ചിരുന്ന ഒരു അഹങ്കാരിയായിരുന്നോ? (സദൃശവാക്യങ്ങൾ 11:2) തന്റെ കുടുംബത്തിൽ സൂക്ഷിച്ചിരുന്ന നിയമപെട്ടകവുമായി ജനമധ്യത്തിലൂടെ പോകുന്നത് അവനെ നിഗളിപ്പിച്ചുവോ? (സദൃശവാക്യങ്ങൾ 8:13) തന്റെ സാന്നിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന നിയമപെട്ടകം വീണുപോകാതെ തടയാൻ പ്രാപ്തിയില്ലാതവണ്ണം യഹോവയുടെ കൈ കുറുകിപ്പോയെന്ന് ഉസ്സാ വിചാരിച്ചുവോ? അങ്ങനെ വിചാരിക്കാൻ മാത്രം അത്ര വിശ്വാസമില്ലാത്ത ഒരു വ്യക്തിയായിരുന്നോ അവൻ? അത് എന്തുതന്നെയായാലും യഹോവ ചെയ്തത് ഉചിതമായിരുന്നെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. പെട്ടെന്നു ന്യായംവിധിക്കത്തക്കവണ്ണം, അവന്റെ ഹൃദയത്തിലുള്ള ചിലത് യഹോവ കണ്ടിരിക്കണം.—സദൃശവാക്യങ്ങൾ 21:2.
ആത്മീയരത്നങ്ങൾ
w96 4/1 29 ¶1
എല്ലായ്പോഴും നിങ്ങളുടെ ഭാരം യഹോവയുടെമേൽ ഇടുക
രാജാവെന്ന നിലയിൽ ദാവീദ് ഇതിനു കുറേ ഉത്തരവാദിത്വം വഹിക്കണമായിരുന്നു. യഹോവയുമായി ഒരു നല്ലബന്ധം ഉള്ളവർപോലും ചിലപ്പോൾ പീഡാകരമായ സാഹചര്യങ്ങളോടു മോശമായി പ്രതികരിച്ചേക്കാമെന്ന് അവന്റെ പ്രതികരണം പ്രകടമാക്കുന്നു. ആദ്യം ദാവീദു കോപാകുലനായി. പിന്നെ അവനു ഭയമായി. (2 ശമൂവേൽ 6:8, 9) അവനു യഹോവയുമായി ഉണ്ടായിരുന്ന വിശ്വാസബന്ധം കഠിനമായി പരിശോധിക്കപ്പെട്ടു. ഇവിടെ അവൻ യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ തന്റെ ഭാരം അവന്റെമേൽ ഇടുന്നതിൽ പരാജയപ്പെട്ടതായി തോന്നിയ ഒരു സന്ദർഭമാണുള്ളത്. ചിലപ്പോൾ നമ്മുടെ സാഹചര്യം അതായിരിക്കുമോ? നാം യഹോവയുടെ നിർദേശങ്ങളെ അവഗണിക്കുകനിമിത്തം സംജാതമാകുന്ന പ്രശ്നങ്ങൾക്കു നാം എന്നെങ്കിലും അവനെ പഴിക്കുന്നുവോ?—സദൃശവാക്യങ്ങൾ 19:3.
ക്രിസ്ത്യാനികളായി ജീവിക്കാം
“ഒരു ആഭ്യന്തരകലാപം ഉണ്ടായാൽ അതിനെ നേരിടാൻ നിങ്ങൾ തയ്യാറാണോ?”
jr-E 125-126 ¶23-24
“യഹോവ എവിടെ” എന്നു നിങ്ങൾ ദിവസവും ചോദിക്കുന്നുണ്ടോ?
ആത്മാർഥമായി പ്രാർഥിക്കുന്നതോടൊപ്പം യഹോവയുടെ ഇഷ്ടം മനസ്സിലാക്കാൻ വ്യക്തിപരമായി പഠിച്ചുകൊണ്ടിരിക്കേണ്ടതും വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ യിരെമ്യക്ക് അന്നുണ്ടായിരുന്നതിനെക്കാൾ കൂടുതൽ സഹായം ഇന്ന് നമുക്കുണ്ട്. കാരണം നമുക്ക് ഇന്ന് മുഴുബൈബിളും ലഭ്യമാണ്. ചരിത്രവിവരണങ്ങൾ ദൈവപ്രചോദിതമായി എഴുതുന്നതിനുവേണ്ടി നന്നായി ഗവേഷണം ചെയ്ത യിരെമ്യയെ നമുക്ക് അനുകരിക്കാം. നമ്മളും ദൈവത്തിന്റെ നിർദേശത്തിനുവേണ്ടി ദൈവവചനത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഒരർഥത്തിൽ നമ്മൾ “യഹോവ എവിടെ” എന്നു ചോദിക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ യഹോവയിൽ ആശ്രയിക്കുകയാണ്. അപ്പോൾ നമ്മൾ ‘നദീതീരത്ത് നട്ടിരിക്കുന്ന മരംപോലെയാകും; വെള്ളത്തിലേക്കു വേരോട്ടമുള്ള ഒരു മരംപോലെ.’—യിരെമ്യ 17:5-8 വായിക്കുക.
24 തിരുവെഴുത്തുകൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിങ്ങൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ഓർത്തിരിക്കാനാകുന്ന, ജീവിതത്തിൽ ഉപയോഗം വരുന്ന തത്ത്വങ്ങൾ കണ്ടെത്താൻ ലക്ഷ്യം വെക്കുക. അതുപോലെ ദൈവവചനത്തിലെ ചരിത്രവിവരണങ്ങളും ദൈവകല്പനകളും ബൈബിൾതത്ത്വങ്ങളും ജ്ഞാനമൊഴികളും ഒക്കെ വായിക്കുമ്പോൾ ഓരോ ദിവസവും കൂടുതൽ മെച്ചമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ അതിലുണ്ടോ എന്നു ചിന്തിക്കുക. അപ്പോൾ “യഹോവ എവിടെ” എന്ന നിങ്ങളുടെ ചോദ്യത്തിന് ദൈവവചനത്തിലൂടെ യഹോവ നിങ്ങൾക്ക് ഉത്തരം തരും. പ്രയാസമേറിയ സാഹചര്യങ്ങളിൽപ്പോലും എന്തു തീരുമാനം എടുക്കണമെന്നു മനസ്സിലാക്കാൻ അങ്ങനെ നിങ്ങൾക്കും കഴിയും. അങ്ങനെ നിങ്ങൾ ഇതുവരെ ചിന്തിക്കാത്തതോ അറിയാത്തതോ ആയ ‘ദുർഗ്രഹമായ കാര്യങ്ങൾ’ ബൈബിളിൽ കണ്ടെത്തിയേക്കും.—യിരെ. 33:3.
മെയ് 30–ജൂൺ 5
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 7-8
“യഹോവ ദാവീദുമായി ഉടമ്പടി ചെയ്യുന്നു”
w10 4/1 20 ¶3
‘നിന്റെ രാജത്വം എന്റെ മുമ്പാകെ സ്ഥിരമായിരിക്കും’
എന്നുവരികിലും ദാവീദിന്റെ ഹൃദയാഭിലാഷം യഹോവയെ സംപ്രീതനാക്കി. ദാവീദിന്റെ ഭക്തി കണക്കിലെടുത്ത്, തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ദൈവം ദാവീദിനോട് ഒരു ഉടമ്പടി ചെയ്യുന്നു. ദാവീദിന്റെ രാജവംശത്തിൽനിന്നുള്ള ഒരുവൻ എന്നേക്കും ഭരിക്കും എന്നതായിരുന്നു അത്. നാഥാൻ പ്രവാചകൻ ദൈവത്തിന്റെ ആ വാഗ്ദാനം ദാവീദിനെ അറിയിക്കുന്നു: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” (16-ാം വാക്യം) എന്നേക്കും ഭരണംനടത്തുന്ന ആ അവകാശി ആരാണ്?—സങ്കീർത്തനം 89:20, 29, 34-36.
w10 4/1 20 ¶4
‘നിന്റെ രാജത്വം എന്റെ മുമ്പാകെ സ്ഥിരമായിരിക്കും’
നസറായനായ യേശു ദാവീദിന്റെ ഒരു പിൻഗാമിയായിരുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ച് അറിയിച്ച ദൂതൻ ഇങ്ങനെ പറഞ്ഞു: “ദൈവമായ യഹോവ, അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നേക്കും രാജാവായി വാഴും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല.” (ലൂക്കോസ് 1:32, 33) അങ്ങനെ ദാവീദുമായുള്ള ഉടമ്പടി യേശുക്രിസ്തുവിൽ നിവൃത്തിയേറിയിരിക്കുന്നു. അതുകൊണ്ട് യേശുവിനെ രാജാവായി വാഴിച്ചിരിക്കുന്നത് ഏതെങ്കിലും മനുഷ്യനല്ല, ദൈവമാണ്. ദൈവം ദാവീദുമായി ചെയ്ത ആ ഉടമ്പടിപ്രകാരം, എന്നേക്കും ഭരിക്കാനുള്ള അവകാശം യേശുവിനു ലഭിച്ചിരിക്കുന്നു. ദൈവത്തിന്റെ വാഗ്ദാനം ഒരിക്കലും നിറവേറാതെ പോകില്ല എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.
w14 10/15 10 ¶14
ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക
14 ദാവീദിക ഉടമ്പടിയിലൂടെ പുരാതന ഇസ്രായേലിലെ ദാവീദ് രാജാവിന് യഹോവ കൊടുത്ത വാഗ്ദാനം പരിചിന്തിക്കുക. (2 ശമൂവേൽ 7:12, 16 വായിക്കുക.) ദാവീദ് യെരുശലേമിൽ ഭരിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്റെ വംശപരമ്പരയിൽ മിശിഹാ വരുമെന്ന ഈ ഉടമ്പടി യഹോവ ചെയ്തത്. (ലൂക്കോ. 1:30-33) അങ്ങനെ, സന്തതി വരുന്ന വംശാവലി യഹോവ കുറച്ചുകൂടെ വ്യക്തമാക്കി. മിശിഹൈകരാജ്യത്തിന്റെ സിംഹാസനത്തിന് “അവകാശമുള്ളവൻ” ദാവീദിന്റെ വംശത്തിൽ വരുമെന്ന് അത് സ്ഥിരീകരിച്ചു. (യെഹെ. 21:25-27) യേശുവിലൂടെ ദാവീദിന്റെ രാജത്വം “എന്നേക്കും സ്ഥിരമായിരിക്കും.” ദാവീദിന്റെ സന്തതി “ശാശ്വതമായും അവന്റെ സിംഹാസനം . . . സൂര്യനെപ്പോലെയും ഇരിക്കും.” (സങ്കീ. 89:34-37) അതെ, മിശിഹായുടെ ഭരണം ഒരിക്കലും ഒരു ദുർഭരണമായി അധഃപതിക്കുകയില്ല. അതിന്റെ ഭരണനേട്ടങ്ങൾ നിത്യം നിലനിൽക്കും!
ആത്മീയരത്നങ്ങൾ
it-2-E 206 ¶2
അവസാനകാലം
ബിലെയാമിന്റെ പ്രവചനം. ഇസ്രായേല്യർ വാഗ്ദത്തദേശത്തേക്കു കടക്കുന്നതിനു മുമ്പ് മോവാബ്യരാജാവായ ബാലാക്കിനെക്കുറിച്ച് ബിലെയാം ഈ പ്രവചനം പറഞ്ഞു: “വരൂ, ഭാവിയിൽ ഈ ജനം (ഇസ്രായേൽ) താങ്കളുടെ ജനത്തെ എന്തു ചെയ്യുമെന്നു ഞാൻ താങ്കൾക്കു പറഞ്ഞുതരാം. . . . യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിച്ചുവരും, ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയർന്നുവരും. മോവാബിന്റെ നെറ്റി അവൻ പിളർക്കും, സംഹാരപുത്രന്മാരുടെ തലയോട്ടി അവൻ തകർക്കും.” (സംഖ 24:14-17) ഈ പ്രവചനത്തിന്റെ ആദ്യനിവൃത്തിയിൽ, ‘യാക്കോബിൽനിന്ന് ഉദിച്ചുവന്ന നക്ഷത്രമായ’ ദാവീദ് രാജാവ് മോവാബ്യരെ കീഴടക്കുകയും അവരെ ദാസന്മാരാക്കുകയും ചെയ്തു.—2ശമു 8:2.
ജൂൺ 6-12
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 9-10
“ദാവീദ് അചഞ്ചലസ്നേഹം കാണിച്ചു”
w06 6/15 14 ¶6
സന്തോഷം കണ്ടെത്താൻ നിങ്ങൾക്കു കഴിയും
ദാവീദ് ഇങ്ങനെ എഴുതി: “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW]; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും. അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും [“സന്തുഷ്ടനായിരിക്കും,” NW].” (സങ്കീർത്തനം 41:1, 2) തന്റെ ആത്മമിത്രമായ യോനാഥാന്റെ പുത്രനും മുടന്തനുമായ മെഫീബോശെത്തിനോട് ദാവീദ് പ്രകടിപ്പിച്ച സ്നേഹനിർഭരമായ പരിഗണന, ഒരു വ്യക്തിക്ക് എളിയവരോടുണ്ടായിരിക്കേണ്ട ശരിയായ മനോഭാവത്തിനു നല്ലൊരു ഉദാഹരണമാണ്.—2 ശമൂവേൽ 9:1-13.
w05 5/15 17 ¶12
രണ്ടു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ
9:1, 6, 7. ദാവീദ് വാക്കു പാലിച്ചു. അങ്ങനെ ചെയ്യാൻ നമ്മളും പരിശ്രമിക്കണം.
w02 2/15 14 ¶10
അവർ ജഡത്തിലെ മുള്ളുമായി പൊരുത്തപ്പെട്ടു ജീവിച്ചു
കുറച്ചു വർഷങ്ങൾക്കു ശേഷം, ദാവീദ് രാജാവ് യോനാഥാനോടുള്ള അതിരറ്റ സ്നേഹം നിമിത്തം മെഫീബോശെത്തിനോടു സ്നേഹദയ പ്രകടമാക്കി. ശൗലിന്റെ എല്ലാ നിലങ്ങളും ദാവീദ് മെഫീബോശെത്തിനു തിരിച്ചുനൽകുകയും ശൗലിന്റെ ഭൃത്യരിൽ ഒരാളായിരുന്ന സീബയെ അവയുടെ സൂക്ഷിപ്പുകാരനായി നിയമിക്കുകയും ചെയ്തു. ‘നീ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം’ എന്നും ദാവീദ് മെഫീബോശെത്തിനോടു പറഞ്ഞു. (2 ശമൂവേൽ 9:6-10) ദാവീദിന്റെ സ്നേഹദയ മെഫീബോശെത്തിനെ ആശ്വസിപ്പിക്കുകയും അവന്റെ വൈകല്യത്തിന്റെ വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു എന്നതിനു സംശയമില്ല. എത്ര നല്ല പാഠം! ജഡത്തിലെ മുള്ളുമായി കഴിഞ്ഞുകൂടുന്നവരോട് നമ്മളും ദയ കാണിക്കേണ്ടതാണ്.
ആത്മീയരത്നങ്ങൾ
it-1-E 266
താടി
അന്ന് ആ പ്രദേശത്തെ ആളുകൾക്കിടയിൽ, താടി പുരുഷത്വത്തിന്റെയും അന്തസ്സിന്റെയും ലക്ഷണമായി കരുതിയിരുന്നു. കൂടാതെ താടി മുറിക്കുകയോ വെട്ടുകയോ ചെയ്യുന്നത് യഹോവയെ ആരാധിക്കാത്തവർക്കിടയിലെ മതപരമായ ഒരു ആചാരമായിരുന്നെന്നു തോന്നുന്നു. സാധ്യതയനുസരിച്ച് അതുകൊണ്ടാണ് “കൃതാവ്” വടിക്കുകയോ താടിയുടെ വിളുമ്പു വിരൂപമാക്കുകയോ ചെയ്യരുതെന്ന് ദൈവനിയമത്തിൽ പറഞ്ഞിരുന്നത്.—ലേവ 19:27, അടിക്കുറിപ്പ്; 21:5.
ജൂൺ 13-19
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 11-12
“തെറ്റായ ആഗ്രഹങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്”
സാത്താന്റെ കെണികളിൽനിന്ന് നിങ്ങൾക്കു രക്ഷപ്പെടാം!
അത്യാഗ്രഹത്തിന്റെ കെണിയിൽ വീണ മറ്റൊരു വ്യക്തിയാണു ദാവീദ് രാജാവ്. യഹോവ ദാവീദിനു ധാരാളം സമ്പത്തും സ്ഥാനമാനങ്ങളും ശത്രുക്കളുടെ മേലുള്ള ജയവും ഒക്കെ നൽകിയതാണ്. യഹോവ തനിക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങൾ ‘എണ്ണമറ്റവയാണെന്നുപോലും’ ഒരിക്കൽ ദാവീദ് നന്ദിയോടെ സമ്മതിച്ചുപറഞ്ഞു. (സങ്കീ. 40:5) എന്നാൽ ഒരു ഘട്ടത്തിൽ ദാവീദ് അതെല്ലാം മറന്നു. തനിക്കുള്ളതിൽ അദ്ദേഹം തൃപ്തനല്ലാതായി, കൂടുതൽ വേണമെന്ന് ആഗ്രഹിച്ചു. ദാവീദിനു കുറെ ഭാര്യമാരുണ്ടായിരുന്നതാണ്. എന്നിട്ടും വേറൊരാളുടെ ഭാര്യയെ മോഹിച്ചു. ഹിത്യനായ ഊരിയാവിന്റെ ഭാര്യ ബത്ത്-ശേബയായിരുന്നു അത്. സ്വാർഥനായിത്തീർന്ന ദാവീദ് ബത്ത്-ശേബയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെ ബത്ത്-ശേബ ഗർഭിണിയായി. വ്യഭിചാരം ചെയ്തതു പോരാഞ്ഞിട്ട് ദാവീദ് ഊരിയാവിനെ കൊല്ലാനും കരുക്കൾ നീക്കി. (2 ശമു. 11:2-15) ദാവീദ് അപ്പോൾ എന്തായിരിക്കും ചിന്തിച്ചത്? യഹോവ ഇതൊന്നും കാണുന്നില്ലെന്നായിരിക്കുമോ? ഒരു കാലത്ത് യഹോവയോടു വളരെ വിശ്വസ്തനായിരുന്ന ദാവീദ് ഇപ്പോൾ അത്യാഗ്രഹം എന്ന കെണിയിൽ വീണു. അതിന് അദ്ദേഹത്തിനു വലിയ വിലയും ഒടുക്കേണ്ടിവന്നു. എന്നാൽ ദാവീദ് പിന്നീട് തന്റെ തെറ്റു സമ്മതിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. യഹോവ തന്നോടു ക്ഷമിച്ചപ്പോൾ ദാവീദിന് എത്രമാത്രം നന്ദി തോന്നിക്കാണും!—2 ശമു. 12:7-13.
യഹോവയ്ക്കു മനസ്സോടെ കീഴ്പെടുക
15 യഹോവ ദാവീദിനെ സ്വന്തം കുടുംബത്തിന്റെ മാത്രമല്ല, മുഴുവൻ ഇസ്രായേൽ ജനതയുടെയും തലയായി നിയമിച്ചു. രാജാവായതുകൊണ്ട് ദാവീദിനു വലിയ അധികാരമുണ്ടായിരുന്നു. ചില അവസരങ്ങളിൽ ദാവീദ് ആ അധികാരം ദുർവിനിയോഗം ചെയ്തതുകൊണ്ട് ഗുരുതരമായ പിശകുകൾ വരുത്തി. (2 ശമു. 11:14, 15) എന്നാൽ ശിക്ഷണം സ്വീകരിച്ചുകൊണ്ട് യഹോവയോടുള്ള കീഴ്പെടൽ ദാവീദ് പ്രകടമാക്കി. പ്രാർഥനയിൽ ദാവീദ് യഹോവയുടെ മുമ്പാകെ തന്റെ ഹൃദയം പകർന്നു. യഹോവയുടെ ബുദ്ധിയുപദേശം അനുസരിക്കാൻ ദാവീദ് പരമാവധി പരിശ്രമിച്ചു. (സങ്കീ. 51:1-4) കൂടാതെ, പുരുഷന്മാരിൽനിന്ന് മാത്രമല്ല, സ്ത്രീകളിൽനിന്നും ദാവീദ് താഴ്മയോടെ ഉപദേശം സ്വീകരിച്ചു. (1 ശമു. 19:11, 12; 25:32, 33) ദാവീദ് തന്റെ തെറ്റുകളിൽനിന്ന് പഠിച്ചു. ദൈവസേവനമായിരുന്നു ദാവീദിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സാക്ഷിയെ പരിശീലിപ്പിക്കട്ടെ!
7 ജീവിതത്തിൽ വിലയേറിയ പാഠങ്ങൾ പഠിക്കുന്നതിന്, നമ്മൾ ദൈവത്തിന്റെ നിയമങ്ങൾ ലംഘിച്ച് അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ട ആവശ്യമില്ല. മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ച് ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽനിന്ന് നമുക്കു പഠിക്കാനാകും. സുഭാഷിതങ്ങൾ 1:5 പറയുന്നു: “ബുദ്ധിയുള്ളവൻ ശ്രദ്ധിച്ചുകേട്ട് കൂടുതൽ ഉപദേശം സ്വീകരിക്കുന്നു.” ബൈബിളിലെ സംഭവവിവരണങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ദൈവം നമുക്ക് ഏറ്റവും മികച്ച ഉപദേശം തരുകയാണ്. ഉദാഹരണത്തിന്, യഹോവയുടെ നിയമം ലംഘിച്ച് ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്തതുകൊണ്ട് ദാവീദ് രാജാവിന് എന്തുമാത്രം വേദന അനുഭവിക്കേണ്ടിവന്നെന്നു ചിന്തിക്കുക. (2 ശമു. 12:7-14) ഈ വിവരണം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ സ്വയം ഈ ചോദ്യങ്ങൾ ചോദിക്കാനാകും: ‘ബത്ത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടതിന്റെ ഫലമായി അനുഭവിക്കേണ്ടിവന്ന ഹൃദയവേദന ദാവീദ് രാജാവിന് എങ്ങനെ ഒഴിവാക്കാമായിരുന്നു? സമാനമായ ഒരു പ്രലോഭനം എനിക്കുണ്ടായാൽ അതു തള്ളിക്കളയാനുള്ള മനക്കരുത്തു ഞാൻ കാണിക്കുമോ? ഞാൻ യോസേഫിനെപ്പോലെ ഓടിപ്പോകുമോ, അതോ ദാവീദിനെപ്പോലെ പാപത്തിനു വഴങ്ങിക്കൊടുക്കുമോ?’ (ഉൽപ. 39:11-15) പാപത്തിന്റെ ദാരുണഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ ‘മോശമായതിനെ വെറുക്കാനുള്ള’ ശക്തി നമുക്കു കിട്ടും.
ആത്മീയരത്നങ്ങൾ
it-1-E 590 ¶1
ദാവീദ്
ദാവീദും ബത്ത്-ശേബയും ചെയ്ത കാര്യം യഹോവ മറച്ചുവെച്ചില്ലെന്ന് ഓർക്കുക. യഹോവ എല്ലാം കാണുന്നുണ്ടായിരുന്നു, സത്യം മുഴുവൻ പുറത്തുകൊണ്ടുവരുകയും ചെയ്തു. ദാവീദും ബത്ത്-ശേബയും ഉൾപ്പെട്ട കേസിൽ വിധി കല്പിക്കാൻ യഹോവ മനുഷ്യന്യായാധിപന്മാരെ ഏൽപ്പിച്ചിരുന്നെങ്കിൽ, മോശയുടെ നിയമമനുസരിച്ച് രണ്ടു പേർക്കും മരണശിക്ഷ കിട്ടുമായിരുന്നു. അവരോടൊപ്പം ആ ഗർഭസ്ഥശിശുവും മരിച്ചുപോയേനേ. (ആവ 5:18; 22:22) എന്നാൽ യഹോവതന്നെ ഈ കേസ് കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. യഹോവ ദാവീദിനോടു കരുണ കാണിച്ചു. എന്തുകൊണ്ട്? ഒരു കാര്യം രാജ്യ ഉടമ്പടിയാണ്. (2ശമു 7:11-16) ഇനി, ദാവീദ് മറ്റുള്ളവരോടു കരുണ കാണിച്ചതും യഹോവ കണക്കിലെടുത്തു. (1ശമു 24:4-7; യാക്ക 2:13 താരതമ്യം ചെയ്യുക) ദാവീദും ബത്ത്-ശേബയും കാണിച്ച പശ്ചാത്താപമായിരുന്നു മറ്റൊരു കാരണം. (സങ്ക 51:1-4) എന്നാൽ ഇതിനർഥം അവർക്കു ശിക്ഷയൊന്നും കിട്ടിയില്ല എന്നല്ല. യഹോവ നാഥാനിലൂടെ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഇതാ, നിന്റെ സ്വന്തം ഭവനത്തിൽനിന്നുതന്നെ ഞാൻ നിനക്കു ദുരന്തം വരുത്താൻപോകുന്നു.”—2ശമു 12:1-12.
ജൂൺ 20-26
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 13-14
“അമ്നോന്റെ സ്വാർഥത ദുരന്തം വരുത്തിവെച്ചു”
it-1-E 32
അബ്ശാലോം
അമ്നോന്റെ കൊലപാതകം. അബ്ശാലോമിന്റെ പെങ്ങളായ താമാർ നല്ല സുന്ദരിയായിരുന്നു. അതുകൊണ്ടാണ് താമാറിന്റെ മൂത്ത അർധസഹോദരനായ അമ്നോന് അവളോട് ഒരു ആകർഷണവും വല്ലാത്ത ഭ്രമവും ഒക്കെ തോന്നിയത്. അമ്നോൻ ഒരു രോഗിയായി നടിച്ച് താമാറിനെ തന്റെ അടുത്തേക്ക് വരുത്തി. താമാർ വന്ന് അവനുവേണ്ടി ഭക്ഷണം തയ്യാറാക്കി. ആ അവസരം മുതലെടുത്ത് അമ്നോൻ അവളെ ബലാത്സംഗം ചെയ്തു. അമ്നോനു തോന്നിയ അനുചിതമായ പ്രണയം അല്ലെങ്കിൽ കാമാവേശം ഇപ്പോൾ അങ്ങേയറ്റത്തെ വെറുപ്പായി മാറി. അതുകൊണ്ട് അമ്നോൻ താമാറിനെ തീർത്തും ഒഴിവാക്കി പറഞ്ഞുവിട്ടു.—2ശമു 13:1-20.
ആത്മനിയന്ത്രണം വളർത്തിയെടുക്കുക
11 ആത്മനിയന്ത്രണത്തിന്റെ കുറവുകൊണ്ട് ലൈംഗിക അധാർമികതയിലേക്കു വീണുപോയവരെക്കുറിച്ചും ബൈബിൾ പറയുന്നു. അത്തരം പെരുമാറ്റത്തിന്റെ ദുരന്തഫലങ്ങളെപ്പറ്റിയും അതിലുണ്ട്. കിമ്മിന്റേതുപോലുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നവർ സുഭാഷിതങ്ങൾ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ബുദ്ധിശൂന്യനായ ചെറുപ്പക്കാരനെക്കുറിച്ച് ഓർക്കുന്നതു നല്ലതാണ്. അമ്നോനെക്കുറിച്ചും അയാൾ ചെയ്ത കാര്യങ്ങളുടെ ഭവിഷ്യത്തുകളെക്കുറിച്ചും ചിന്തിക്കുന്നതും പ്രയോജനം ചെയ്യും. (2 ശമു. 13:1, 2, 10-15, 28-32) പ്രേമബന്ധംപോലുള്ള വിഷയങ്ങളിൽ ആത്മനിയന്ത്രണവും ജ്ഞാനവും കാണിക്കാൻ കുട്ടികളെ സഹായിക്കാനായി മാതാപിതാക്കൾക്ക് അതെക്കുറിച്ച് കുടുംബാരാധനയിൽ ചർച്ച ചെയ്യാവുന്നതാണ്. നമ്മൾ ഇപ്പോൾ കണ്ട ബൈബിൾഭാഗങ്ങൾ നിങ്ങൾക്ക് അതിനായി ഉപയോഗിക്കാനായേക്കും.
it-1-E 33 ¶1
അബ്ശാലോം
അമ്നോൻ താമാറിനെ ബലാത്സംഗം ചെയ്ത ആ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷമായി. ആടുകളുടെ രോമം കത്രിക്കുന്ന സമയമാണ് ഇത്. അതിനുവേണ്ടി അബ്ശാലോം, യരുശലേമിന് ഏതാണ്ട് 22 കി.മീ. വടക്കുകിഴക്കായുള്ള ബാൽഹാസോറിൽവെച്ച് ഒരു വലിയ വിരുന്ന് ഒരുക്കി. എന്നിട്ട് ദാവീദിനെയും ദാവീദിന്റെ എല്ലാ പുത്രന്മാരെയും അവിടേക്ക് ക്ഷണിച്ചു. തനിക്ക് വരാൻ ബുദ്ധിമുട്ടാണെന്ന് ദാവീദ് പറഞ്ഞപ്പോൾ മൂത്ത മകനായ അമ്നോനെ പകരം അയയ്ക്കണമെന്ന് അബ്ശാലോം നിർബന്ധം പിടിച്ചു. (സുഭ 10:18) വിരുന്നിൽവെച്ച് ‘വീഞ്ഞു കുടിച്ച് ആനന്ദലഹരിയിലായിരുന്ന’ അമ്നോനെ കൊല്ലാൻ അബ്ശാലോം തന്റെ ദാസന്മാരോട് പറഞ്ഞു.—2ശമു 13:23-38.
ആത്മീയരത്നങ്ങൾ
g04-E 12/22 8-9
ഏതുതരം സൗന്ദര്യമാണ് പ്രധാനം?
അബ്ശാലോം വളരെ സുന്ദരനായിരുന്നു. ബൈബിൾ അബ്ശാലോമിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “സൗന്ദര്യത്തിന്റെ കാര്യത്തിൽ അബ്ശാലോമിനോളം കീർത്തിയുള്ള ഒരാളും ഇസ്രായേലിലെങ്ങുമുണ്ടായിരുന്നില്ല. അടിതൊട്ട് മുടിവരെ ഒരു ന്യൂനതയുമില്ലാത്തവനായിരുന്നു അബ്ശാലോം.” (2 ശമുവേൽ 14:25) എന്നാൽ അബ്ശാലോമിന്റെ വ്യക്തിത്വം ഒട്ടും സൗന്ദര്യമില്ലാത്തതായിരുന്നു. അധികാരമോഹം തലയ്ക്ക് പിടിച്ച ഒരാളായിരുന്നു അബ്ശാലോം. സ്വന്തം അപ്പന് എതിരെ തിരിഞ്ഞ് അപ്പന്റെ രാജസ്ഥാനം കൈക്കലാക്കാൻ നോക്കി. അപ്പന്റെ ഉപപത്നിമാരോടൊപ്പം കിടക്കുകപോലും ചെയ്തു. ഇതെല്ലാം കാരണം യഹോവ അബ്ശാലോമിന് നേരെ കോപിച്ചു, അവന് വേദനാകരമായ ഒരു മരണം അനുഭവിക്കേണ്ടിവന്നു.—2 ശമുവേൽ 15:10-14; 16:13-22; 17:14; 18:9, 15.
ഈ അബ്ശാലോമിനോട് നിങ്ങൾക്ക് ഇഷ്ടം തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. പകരം നമുക്ക് അവനോട് വെറുപ്പാണ് തോന്നുന്നത്. വിശ്വസിക്കാൻ കൊള്ളാത്ത, അഹങ്കാരിയായ മനുഷ്യൻ! അവന്റെ സൗന്ദര്യംകൊണ്ട് അവന് ഒരു ഗുണവും ഉണ്ടായില്ല, നാശത്തിൽനിന്ന് അത് അവനെ സംരക്ഷിച്ചുമില്ല. അതേസമയം, നല്ല വ്യക്തിത്വം ഉണ്ടായിരുന്ന പലരെയും കുറിച്ച് ബൈബിൾ പറയുന്നുണ്ട്. പക്ഷേ അവരെ കാണാൻ എങ്ങനെ ഉണ്ടായിരുന്നെന്നൊന്നും ബൈബിൾ പറയുന്നില്ല. എന്തുകൊണ്ടായിരിക്കാം? കാരണം അവരുടെ പുറമെയുള്ള സൗന്ദര്യമല്ല, അകമെയുള്ള സൗന്ദര്യമായിരുന്നു പ്രധാനം.
ജൂൺ 27–ജൂലൈ 3
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 15-17
“അഹങ്കാരം മത്സരിക്കാൻ അബ്ശാലോമിനെ പ്രേരിപ്പിച്ചു”
it-1-E 860
വഴി ഒരുക്കുന്നയാൾ
രാജാവിന്റെ രഥത്തിനു മുന്നിലായി ഓടാൻ ആളുകളെ നിയമിക്കുന്നത് പണ്ടുകാലത്ത് ഇസ്രായേൽപോലുള്ള രാജ്യങ്ങളിൽ സാധാരണമായിരുന്നു. ആളുകൾ തയ്യാറായിരിക്കാൻവേണ്ടി രാജാവ് വരുന്നുണ്ടെന്ന് അവർ വിളിച്ചുപറയും. അതോടൊപ്പം രാജാവിന് ആവശ്യമായതെല്ലാം അവർ ചെയ്തുകൊടുക്കും. (1ശമു 8:11) അബ്ശാലോമും അദോനിയയും രാജാവിനെതിരെ മത്സരിച്ചു. രാജാവിന്റെ രഥത്തിനു മുന്നിൽ മാത്രമാണ് ആളുകൾ സാധാരണ ഓടാറുള്ളത്. എന്നാൽ അബ്ശാലോമും അദോനിയയും സ്വന്തം രഥങ്ങളുടെ മുന്നിൽ ഓടാൻ 50 പേരെ നിയമിച്ചു. ഇതു കാണുമ്പോൾ ആളുകൾ തങ്ങളെ കൂടുതൽ ബഹുമാനിക്കുമെന്നും ശരിക്കും രാജാവാകേണ്ടത് തങ്ങളാണെന്ന് ചിന്തിക്കുമെന്നും അവർക്ക് അറിയാമായിരുന്നു.—2ശമു 15:1; 1രാജ 1:5; ഓട്ടക്കാർ എന്നതിനു കീഴിൽ നോക്കുക.
w12 7/15 13 ¶5
സ്വാതന്ത്ര്യമേകുന്ന ദൈവത്തെ സേവിക്കുക
5 മറ്റുള്ളവരെ വഴിതെറ്റിച്ച പലരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ദാവീദുരാജാവിന്റെ മകനായ അബ്ശാലോമാണ് അതിൽ ഒരാൾ. അബ്ശാലോം അതിസുന്ദരനായിരുന്നു. എന്നാൽ സാത്താനെപ്പോലെ പതിയെ അവനും അധികാരമോഹം തന്റെ ഹൃദയത്തിൽ വളർന്നുവരാൻ അനുവദിക്കുകയും തനിക്ക് അർഹതയില്ലാത്ത, പിതാവിന്റെ സിംഹാസനം മോഹിച്ചുതുടങ്ങുകയും ചെയ്തു. രാജസ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, തനിക്ക് ഇസ്രായേൽജനത്തെക്കുറിച്ച് വളരെയധികം ചിന്തയുണ്ടെന്നും എന്നാൽ രാജാവിന് അവരുടെ കാര്യത്തിൽ യാതൊരു താത്പര്യവുമില്ലെന്നും വരുത്തിത്തീർക്കാൻ അബ്ശാലോം ശ്രമിച്ചു. അതെ, ഏദെൻതോട്ടത്തിൽവെച്ച് പിശാച് ചെയ്തതുപോലെ, അബ്ശാലോം ജനങ്ങളുടെ അഭ്യുദയകാംക്ഷിയായി അഭിനയിക്കുകയും സ്വന്തം പിതാവിനെക്കുറിച്ച് നിഷ്ഠുരം നുണ പ്രചരിപ്പിക്കുകയും ചെയ്തു.—2 ശമൂ. 15:1-5.
it-1-E 1083-1084
ഹെബ്രോൻ
കുറച്ചുവർഷം കഴിഞ്ഞപ്പോൾ ദാവീദിന്റെ മകനായ അബ്ശാലോം അപ്പന്റെ രാജസ്ഥാനം തട്ടിയെടുക്കാൻ ഹെബ്രോനിലേക്ക് പോയി. അവൻ പലതും ചെയ്തെങ്കിലും അതൊന്നും വിജയിച്ചില്ല. (2ശമു 15:7-10) എന്തുകൊണ്ടാണ് അബ്ശാലോം ഹെബ്രോനിലേക്ക് പോയത്? അത് അവന്റെ ജന്മനാടായിരുന്നു. ഇനി അതുപോലെ, ഒരു കാലത്ത് യഹൂദയുടെ തലസ്ഥാനമായിരുന്ന ഹെബ്രോനുള്ള ചരിത്രപ്രാധാന്യവും അവൻ ചിന്തിച്ചിരിക്കാം.
ആത്മീയരത്നങ്ങൾ
വസ്തുതകളെല്ലാം നിങ്ങൾക്ക് അറിയാമോ?
11 നമ്മളെക്കുറിച്ച് പ്രചരിക്കുന്ന അർധസത്യങ്ങളോ ഭാഗികമായ വിവരങ്ങളോ കാരണം നമ്മൾ ചിലപ്പോൾ അനീതിക്ക് ഇരകളായേക്കാം. ദാവീദ് രാജാവും മെഫിബോശെത്തും ഉൾപ്പെട്ട ഒരു സംഭവം നോക്കാം. മെഫിബോശെത്തിനു മുത്തച്ഛനായ ശൗലിന്റെ നിലങ്ങൾ മുഴുവൻ മടക്കിക്കൊടുത്തുകൊണ്ട് ദാവീദ് രാജാവ് അദ്ദേഹത്തോട് ഔദാര്യവും ദയയും കാണിച്ചു. (2 ശമു. 9:6, 7) കുറച്ച് നാൾ കഴിഞ്ഞ് ദാവീദിനു മെഫിബോശെത്തിനെക്കുറിച്ച് മോശമായ ഒരു വാർത്ത കിട്ടി. ആ വാർത്തയുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനു പകരം ദാവീദ് മെഫിബോശെത്തിന്റെ സ്വത്തെല്ലാം സീബയ്ക്കു കൊടുക്കാൻ തീരുമാനിച്ചു. (2 ശമു. 16:1-4) പിന്നീട്, ദാവീദ് മെഫിബോശെത്തുമായി സംസാരിച്ചപ്പോൾ തനിക്കു സംഭവിച്ച പിഴവ് മനസ്സിലാക്കുകയും മെഫിബോശെത്തിനു സ്വത്തിന്റെ ഒരു പങ്കു തിരികെ നൽകുകയും ചെയ്തു. (2 ശമു. 19:24-29) അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരക്കിട്ട് നടപടിയെടുക്കുന്നതിനു പകരം വസ്തുതകൾ ശേഖരിക്കാൻ സമയമെടുത്തിരുന്നെങ്കിൽ ഈ അനീതി ദാവീദിന് ഒഴിവാക്കാമായിരുന്നു.