-
‘ലെബാനോനിലെ ദേവദാരു പോലെ ഉയരമുള്ളത്’വീക്ഷാഗോപുരം—1999 | ജനുവരി 1
-
-
‘ലെബാനോനിലെ ദേവദാരു പോലെ ഉയരമുള്ളത്’
ലെബാനോനിലെ മനോഹരമായ പർവതങ്ങളിൽ ആഴ്സ് അറബ് അഥവാ “കർത്താവിന്റെ ദേവദാരുക്കൾ” എന്ന് അറിയപ്പെടുന്ന വൃക്ഷങ്ങൾ വളരുന്നു. ആ പർവതങ്ങളിൽ ഒരിക്കൽ സമൃദ്ധമായി ഉണ്ടായിരുന്ന പ്രൗഢമായ ഈ നിത്യഹരിത വൃക്ഷങ്ങൾ ബൈബിളിൽ 70 പ്രാവശ്യം—മറ്റേതൊരു വൃക്ഷത്തേക്കാളേറെ—പരാമർശിക്കപ്പെട്ടിരിക്കുന്നു.
ലെബാനോനിലെ മതിപ്പുളവാക്കുന്ന ഈ ദേവദാരുക്കളെ വർണിക്കാൻ തിരുവെഴുത്തുകൾ “ഉൽകൃഷ്ട”മായ, “പ്രൗഢമായ” എന്നിങ്ങനെയുള്ള പദങ്ങൾ ഉപയോഗിക്കുന്നു. (ഉത്തമഗീതം 5:15; യെഹെസ്കേൽ 17:23, NW) വലിപ്പം നിമിത്തവും തടി ദീർഘകാലം കേടുകൂടാതിരിക്കുന്നതിനാലും വീടുപണിയിലും കപ്പൽ നിർമാണത്തിലും ഗൃഹോപകരണങ്ങൾ ഉണ്ടാക്കുന്നതിലും ദേവദാരു വളരെക്കാലമായി ജനപ്രീതി ആർജിച്ചിട്ടുണ്ട്. തടിയുടെ നറുമണവും ഊഷ്മളമായ അരുണ വർണവും വളരെ ആകർഷകമാണ്. അതിലെ മരക്കറയുടെ (resin) ഉയർന്ന അളവു നിമിത്തം ഷഡ്പദങ്ങളുടെ ആക്രമണത്തെയും ആ തടി ചെറുക്കുന്നു. ഇവ നല്ല ഉയരമുള്ള കൂറ്റൻ വൃക്ഷങ്ങളാണ്. അവയ്ക്ക് 37 മീറ്റർ വരെ ഉയരവും 12 മീറ്റർ വരെ വണ്ണവും വെക്കുന്നു. അവയുടെ വേരുകൾ നല്ല നീളമുള്ളവയും ബലിഷ്ഠവുമാണ്. ചില ആധുനിക വനപാലകർ അവയെ “സസ്യലോകത്തിന്റെ മഹത്ത്വമാർന്ന മകുടം” എന്നു വർണിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല!
ബൈബിൾ എഴുത്തുകാരനായ യെഹെസ്കേൽ മിശിഹായെ ദൈവംതന്നെ നടുന്ന ഒരു ദേവദാരു ശിഖരത്തോടു പ്രാവചനികമായി ഉപമിച്ചു. (യെഹെസ്കേൽ 17:22) വാസ്തവത്തിൽ, “ദേവദാരു” എന്നതിന്റെ എബ്രായ പദം “ബലിഷ്ഠമായിരിക്കുക” എന്ന് അർഥമുള്ള ഒരു മൂലപദത്തിൽനിന്നാണു വരുന്നത്. ഇന്ന്, മിശിഹായുടെ, യേശുക്രിസ്തുവിന്റെ അനുഗാമികൾ സമാനമായി, ഉയരം കൂടിയ, കരുത്തുറ്റ ഒരു ദേവദാരുവിനെപ്പോലെ ‘വിശ്വാസത്തിൽ ഉറച്ചുനിന്ന്, . . . കരുത്തോടെ വളരണം.’ (1 കൊരിന്ത്യർ 16:13, NW) ഇത് എങ്ങനെ സാധ്യമാകും? ക്രിസ്തീയ വിരുദ്ധ സ്വാധീനങ്ങളെ ശക്തമായി ചെറുത്തു നിൽക്കുകയും ദൈവത്തോടു ദൃഢമായ വിശ്വസ്തതയും ഭക്തിയും ഉള്ള ഒരു ഗതിയിൽ എക്കാലവും ഉറച്ചുനിൽക്കുകയും ചെയ്യുന്നതിനാൽ അതു സാധിക്കും. അപ്രകാരം ചെയ്യുന്നവരെ ബൈബിളിൽ “ലെബാനോനിലെ ദേവദാരു പോലെ ഉയരത്തിൽ വളരുന്ന . . . നീതിമാൻ”മാർ എന്നാണു വർണിച്ചിരിക്കുന്നത്.—സങ്കീർത്തനം 92:12, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
-
-
നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതം ചെയ്യുമോ?വീക്ഷാഗോപുരം—1999 | ജനുവരി 1
-
-
നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതം ചെയ്യുമോ?
ഈ പ്രക്ഷുബ്ധലോകത്തിൽ പോലും, ദൈവം, അവന്റെ രാജ്യം, മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ അത്ഭുതകരമായ ഉദ്ദേശ്യം എന്നിവയെ കുറിച്ചുള്ള സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനത്തിൽനിന്നു നിങ്ങൾക്കു സന്തുഷ്ടി നേടാൻ കഴിയും. നിങ്ങൾ കൂടുതലായ വിവരങ്ങൾ സ്വാഗതം ചെയ്യുന്നുവെങ്കിൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്തുന്നതിനു നിങ്ങളുടെ ഭവനം സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.
-