ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
സെപ്റ്റംബർ 5-11
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 9-10
“ജ്ഞാനിയായ യഹോവയെ വാഴ്ത്തുക”
w99 7/1 30 ¶6
അത്യധികം പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം
ശലോമോനുമായുള്ള കൂടിക്കാഴ്ചയിൽ, രാജ്ഞി അദ്ദേഹത്തെ “കടമൊഴികളാൽ” പരീക്ഷിക്കാൻ തുടങ്ങി. (1 രാജാക്കന്മാർ 10:1) ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തെ “കടങ്കഥകൾ” എന്നു വിവർത്തനം ചെയ്യാവുന്നതാണ്. പക്ഷേ, രാജ്ഞി ശലോമോനുമായി നിസ്സാരമായ വിനോദകേളികളിൽ ഏർപ്പെട്ടു എന്ന് ഇത് അർഥമാക്കുന്നില്ല. രസാവഹമായി, സങ്കീർത്തനം 49:4-ൽ പാപം, മരണം, വീണ്ടെടുപ്പ് എന്നിവയെ സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങളെ വിവരിക്കാൻ അതേ എബ്രായ പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധ്യതയനുസരിച്ച്, ശെബയിലെ രാജ്ഞി ശലോമോനുമായി ചർച്ച ചെയ്ത ഗഹനമായ വിഷയങ്ങൾ, അവന്റെ ജ്ഞാനത്തിന്റെ ആഴം പരീക്ഷിച്ചിരിക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “അവൾ . . . തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.” “അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.”—1 രാജാക്കന്മാർ 10:2ബി, 3.
w99 11/1 20 ¶6
ദാനശീലം കരകവിഞ്ഞ് ഒഴുകുമ്പോൾ
താൻ കേൾക്കുകയും കാണുകയും ചെയ്ത കാര്യങ്ങളിൽ ആശ്ചര്യസ്തബ്ധയായ രാജ്ഞി താഴ്മയോടെ ഇങ്ങനെ പ്രതിവചിച്ചു: “നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].” (1 രാജാക്കന്മാർ 10:4-8) ശലോമോന്റെ ദാസന്മാർ സമ്പത്തുകൊണ്ട് വലയം ചെയ്യപ്പെട്ടിരുന്നെങ്കിലും, അവർ അതു നിമിത്തം സന്തുഷ്ടരാണ് എന്നല്ല അവൾ പ്രഖ്യാപിച്ചത്. മറിച്ച്, ശലോമോന്റെ ദൈവദത്ത ജ്ഞാനം നിരന്തരം ശ്രദ്ധിക്കാൻ സാധിച്ചതു നിമിത്തമായിരുന്നു അവന്റെ ദാസന്മാർ അനുഗൃഹീതർ ആയിരുന്നത്. സ്രഷ്ടാവിന്റെ തന്നെയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെയും ജ്ഞാനം സമൃദ്ധമായി ലഭിക്കുന്ന യഹോവയുടെ ഇന്നത്തെ ജനത്തിന് ശെബാരാജ്ഞി എത്ര നല്ലൊരു മാതൃകയാണ്!
w99 7/1 30-31
അത്യധികം പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം
ശലോമോന്റെ ജ്ഞാനവും അവന്റെ രാജ്യത്തിന്റെ ഐശ്വര്യവും കണ്ട ശെബയിലെ രാജ്ഞിക്കു വളരെയേറെ മതിപ്പു തോന്നി, വാസ്തവത്തിൽ അവൾ “അമ്പരന്നു” പോകുകതന്നെ ചെയ്തു. (1 രാജാക്കന്മാർ 10:4, 5) ഈ പ്രയോഗത്തെ ചിലർ “ശ്വാസോച്ഛ്വാസം നിലച്ചുപോയി” എന്ന അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. രാജ്ഞിക്കു മോഹാലസ്യമുണ്ടായെന്നു പോലും ഒരു പണ്ഡിതൻ പറയുന്നു! സംഭവിച്ചത് എന്തുതന്നെ ആയിരുന്നാലും രാജ്ഞി കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവളെ അതിശയിപ്പിച്ചു. രാജാവിന്റെ ജ്ഞാനം കേൾക്കുന്ന അവന്റെ ഭൃത്യന്മാർ സന്തുഷ്ടരാണെന്നു പറഞ്ഞ അവൾ, ശലോമോനെ രാജാവാക്കിയതിനെ പ്രതി യഹോവയെ സ്തുതിച്ചു. പിന്നെ അവൾ രാജാവിന് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. ഇന്നത്തെ വിലയനുസരിച്ച് അവൾ നൽകിയ സ്വർണത്തിനു മാത്രം ഏതാണ്ട് 4,00,00,000 ഡോളർ വില വരും. “അവൾ ആഗ്രഹിച്ചു ചോദിച്ചതെല്ലാം” രാജ്ഞിക്കു നൽകിക്കൊണ്ട് ശലോമോനും സമ്മാനങ്ങൾ കൊടുത്തു.—1 രാജാക്കന്മാർ 10:6-13.
ആത്മീയരത്നങ്ങൾ
w08-E 11/1 22 ¶4-6
നിങ്ങൾക്ക് അറിയാമോ?
ശലോമോന്റെ കൈയിൽ എത്രത്തോളം സ്വർണം ഉണ്ടായിരുന്നു?
സോരിലെ രാജാവ് ശലോമോന് 4,000 കിലോ സ്വർണം അയച്ചുകൊടുത്തു. ശേബയിലെ രാജ്ഞി ഏതാണ്ട് അത്രതന്നെ സ്വർണം ശലോമോനു കൊടുത്തു. അതുപോലെ ഓഫീരിൽനിന്ന് ശലോമോന്റെ കപ്പലുകളിൽ 14,000 കിലോയിലധികം സ്വർണം കൊണ്ടുവന്നു. “ശലോമോന് ഒരു വർഷം ലഭിക്കുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്തായിരുന്നു,” അതായത്, 22,000 കിലോയിലധികം. (1 രാജാക്കന്മാർ 9:14, 28; 10:10, 14) അത്രയും സ്വർണമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? അന്നത്തെ രാജാക്കന്മാരുടെ സ്വർണശേഖരം അത്രയൊക്കെ ഉണ്ടായിരുന്നോ?
ഏതാണ്ട് ശലോമോന്റെ അതേ കാലത്ത് ജീവിച്ചിരുന്ന ഫറവോനെകുറിച്ചുള്ള ഒരു പുരാതന ലിഖിതത്തിൽ പറയുന്നത്, അദ്ദേഹം തന്റെ ദേവന്റെ ആലയത്തിൽ 12,000 കിലോയോളം സ്വർണം സമർപ്പിച്ചെന്നാണ്.
മഹാനായ അലക്സാണ്ടർ (ബി.സി. 336-323) പേർഷ്യൻ നഗരമായ ശൂശൻ പിടിച്ചെടുത്തപ്പോൾ അദ്ദേഹം അവിടെനിന്ന് 10,70,000 കിലോ സ്വർണമാണ് കൊണ്ടുപോയത്. പേർഷ്യയിൽനിന്ന് മൊത്തത്തിൽ ഏതാണ്ട് 60,00,000 കിലോയോളവും. ഇതു കാണിക്കുന്നത് ശലോമോന്റെ സ്വർണശേഖരത്തെക്കുറിച്ചുള്ള ബൈബിൾവിവരണം ഒട്ടും അതിശയോക്തിയല്ല എന്നാണ്.
സെപ്റ്റംബർ 12-18
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 11-12
“വിവാഹയിണയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക”
“ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?”
7 ശലോമോൻ രാജാവിന്റെ ജീവിതത്തിൽനിന്നും നമുക്കു ധാരാളം പഠിക്കാനുണ്ട്. ചെറുപ്പത്തിൽ ശലോമോൻ മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കിയിരുന്നു. ദൈവം ശലോമോനു മഹത്തായ ജ്ഞാനം കൊടുത്തു, യരുശലേമിൽ പ്രൗഢഗംഭീരമായ ആലയം പണിയാനുള്ള പദവി കൊടുക്കുകയും ചെയ്തു. എന്നാൽ ശലോമോന് യഹോവയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. (1 രാജാ. 3:12; 11:1, 2) എങ്ങനെ? ഒരു എബ്രായരാജാവിന് “അനേകം ഭാര്യമാരുണ്ടായിരിക്കരുത്; അല്ലാത്തപക്ഷം രാജാവിന്റെ ഹൃദയം വഴിതെറ്റിപ്പോകും” എന്നു ദൈവത്തിന്റെ നിയമം പ്രത്യേകം മുന്നറിയിപ്പു കൊടുത്തിരുന്നു. (ആവ. 17:17) ആ നിയമം ശലോമോൻ പാടേ അവഗണിച്ചു. 700 പേരെയാണു ശലോമോൻ വിവാഹം കഴിച്ചത്, കൂടാതെ 300 ഉപപത്നിമാരും അദ്ദേഹത്തിനുണ്ടായിരുന്നു. (1 രാജാ. 11:3) എന്നു മാത്രമല്ല, ഭാര്യമാരിൽ മിക്കവരും വ്യാജദൈവങ്ങളെ ആരാധിച്ചിരുന്ന ജനതകളിൽപ്പെട്ടവരായിരുന്നു. അങ്ങനെ ജനതകളിൽപ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കരുതെന്ന ദൈവനിയമവും ശലോമോൻ ലംഘിച്ചു.—ആവ. 7:3, 4.
നിങ്ങൾക്ക് എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം?
6 നമ്മൾ തന്നെപ്പോലെയാകാനാണു സാത്താൻ ആഗ്രഹിക്കുന്നത്. സ്വന്തം നേട്ടത്തിനുവേണ്ടി യഹോവയുടെ നിലവാരങ്ങൾ അവഗണിക്കുന്ന ഒരു ധിക്കാരിയാണ് അവൻ. എന്നാൽ താൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനോ പ്രവർത്തിക്കാനോ നമ്മളെ നിർബന്ധിക്കാൻ സാത്താനു കഴിയില്ല. അതുകൊണ്ട് മറ്റു വഴികളിലൂടെ തന്റെ ലക്ഷ്യം നേടാൻ അവൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, താൻ ദുഷിപ്പിച്ചിരിക്കുന്ന ആളുകളെക്കൊണ്ട് അവൻ ഇപ്പോൾത്തന്നെ ഈ ലോകം നിറച്ചിരിക്കുകയാണ്. നമുക്കു ചുറ്റും അങ്ങനെയുള്ള ആളുകളെ കാണാം. (1 യോഹ. 5:19) നമ്മൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയെ ചീത്ത കൂട്ടുകെട്ട് ‘നശിപ്പിക്കും,’ അതായത് ‘ദുഷിപ്പിക്കും’ എന്നു നമുക്ക് അറിയാം. (1 കൊരി. 15:33) എങ്കിലും, നമ്മൾ അവരുടെകൂടെ സമയം ചെലവഴിക്കുമെന്നാണ് സാത്താൻ പ്രതീക്ഷിക്കുന്നത്. ശലോമോൻ രാജാവിന്റെ കാര്യത്തിൽ ഈ തന്ത്രം വിജയിച്ചു. അദ്ദേഹം ജനതകളിൽനിന്നുള്ള അനേകം സ്ത്രീകളെ വിവാഹം കഴിച്ചു. അവർക്കു “ശലോമോന്റെ മേൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു.” അവർ “ശലോമോന്റെ ഹൃദയം വശീകരിച്ചു,” ക്രമേണ യഹോവയിൽനിന്ന് അദ്ദേഹത്തെ അകറ്റി.—1 രാജാ. 11:3, അടിക്കുറിപ്പ്.
“ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?”
9 എന്നാൽ യഹോവ ഒരിക്കലും തെറ്റിനെ നിസ്സാരമായി കാണില്ല. ബൈബിൾ പറയുന്നു: “തനിക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ട . . . യഹോവയിൽനിന്ന് ശലോമോന്റെ ഹൃദയം വ്യതിചലിച്ചുപോയതിനാൽ ശലോമോനു നേരെ യഹോവയുടെ കോപം ആളിക്കത്തി. മറ്റു ദൈവങ്ങളുടെ പിന്നാലെ പോകരുതെന്നു ദൈവം മുന്നറിയിപ്പു നൽകിയിരുന്നു; എന്നാൽ യഹോവയുടെ കല്പന ശലോമോൻ അനുസരിച്ചില്ല.” എന്തായിരുന്നു അതിന്റെ ഫലം? ദൈവം തന്റെ അംഗീകാരവും പിന്തുണയും പിൻവലിച്ചു. ശലോമോന്റെ അനന്തരാവകാശികൾക്കു മുഴു ഇസ്രായേലിനെയും ഭരിക്കാനുള്ള അവസരം കിട്ടിയില്ല. തലമുറകളോളം പല ദുരന്തങ്ങളും അവർക്ക് അനുഭവിക്കേണ്ടിവന്നു.—1 രാജാ. 11:9-13.
ആത്മീയരത്നങ്ങൾ
ദൈവത്തിന്റെ പ്രീതി ലഭിക്കാമായിരുന്നു, പക്ഷേ. . .
തന്നെ ധിക്കരിച്ച പത്തുഗോത്ര രാജ്യത്തിന് എതിരെ യുദ്ധം ചെയ്യാൻ രഹബെയാം സൈന്യത്തെ വിളിച്ചുകൂട്ടി. എന്നാൽ യഹോവ ഇടപെട്ടു. പ്രവാചകനായ ശെമയ്യയിലൂടെ യഹോവ പറഞ്ഞു: “നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യരോടു നിങ്ങൾ യുദ്ധത്തിനു പോകരുത്. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു തിരിച്ചുപോകണം. കാരണം ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയതു ഞാനാണ്.”—1 രാജാ. 12:21-24.
ഒന്നു പോരാടുകപോലും ചെയ്യരുതെന്നോ? ആ കല്പന രഹബെയാമിനെ എത്രമാത്രം അസ്വസ്ഥനാക്കിക്കാണും! പ്രജകളെ “മുൾച്ചാട്ടകൊണ്ട്” ശിക്ഷിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ട് അവരുടെ ധിക്കാരത്തിനു മുന്നിൽ കീഴടങ്ങേണ്ടിവരുന്ന രാജാവിനെക്കുറിച്ച് ആളുകൾ എന്തു ചിന്തിക്കും? (2 ദിനവൃത്താന്തം 13:7 താരതമ്യം ചെയ്യുക.) എങ്കിലും രാജാവും സൈന്യവും “യഹോവയുടെ വാക്കു കേട്ട് . . . യഹോവ കല്പിച്ചതുപോലെ അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.”
നമ്മളെ ഇത് എന്താണു പഠിപ്പിക്കുന്നത്? ദൈവത്തെ അനുസരിക്കുന്നതിന്റെ പേരിൽ പരിഹാസത്തിന് ഇരയാകേണ്ടിവന്നാലും അങ്ങനെ ചെയ്യുന്നതാണു ജ്ഞാനം. അതു ദൈവത്തിന്റെ പ്രീതിയും അനുഗ്രഹവും നേടിത്തരും.—ആവ. 28:2.
ദൈവത്തെ അനുസരിച്ചതുകൊണ്ട് രഹബെയാമിന് എന്തു പ്രയോജനമുണ്ടായി? പുതുതായി സ്ഥാപിതമായ വടക്കേ രാജ്യത്തോടു യുദ്ധം ചെയ്യാനുള്ള പദ്ധതി ഉപേക്ഷിച്ചിട്ട് രഹബെയാം തന്റെ അധീനതയിലുണ്ടായിരുന്ന യഹൂദ, ബന്യാമീൻ ഗോത്രങ്ങളുടെ പ്രദേശങ്ങളിൽ നഗരങ്ങൾ പണിയാൻ തുടങ്ങി. അദ്ദേഹം പല നഗരങ്ങളും “പണിത് നന്നായി ബലപ്പെടുത്തി.” (2 ദിന. 11:5-12) കുറച്ച് കാലത്തേക്ക് അദ്ദേഹം യഹോവയുടെ നിയമങ്ങൾ അനുസരിക്കുകയും ചെയ്തെന്നതു ശ്രദ്ധേയമാണ്. യൊരോബെയാമിന്റെ കീഴിലുള്ള പത്തുഗോത്ര ഇസ്രായേൽ വിഗ്രഹാരാധനയിലേക്കു കൂപ്പുകുത്തിയപ്പോൾ ആ രാജ്യത്തുനിന്നുള്ള പലരും “രഹബെയാമിനെ പിന്തുണച്ച്” യരുശലേമിലേക്കു വരുകയും സത്യാരാധനയുടെ പക്ഷം ചേരുകയും ചെയ്തു. (2 ദിന. 11:16, 17) അങ്ങനെ രഹബെയാമിന്റെ അനുസരണം അദ്ദേഹത്തിന്റെ ഭരണം ശക്തിപ്പെടുത്തി.
സെപ്റ്റംബർ 19-25
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 13-14
“ഉള്ളതിൽ തൃപ്തരായിരിക്കുക, എളിമയുള്ളവരായിരിക്കുക”
w08 8/15 8 ¶4
ഏകാഗ്രഹൃദയത്തോടെ വിശ്വസ്തത മുറുകെപ്പിടിക്കുക
4 യൊരോബെയാം ദൈവപുരുഷനോട് തുടർന്ന് ഇങ്ങനെ പറയുന്നു: “നീ എന്നോടുകൂടെ അരമനയിൽ വന്നു അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്കു ഒരു സമ്മാനം തരും.” (1 രാജാ. 13:7) പ്രവാചകൻ ഇപ്പോൾ എന്തു ചെയ്യും? രാജാവിനെ കുറ്റംവിധിച്ചിട്ട് ഇപ്പോൾ അവൻ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കുമോ? (സങ്കീ. 119:113) രാജാവിന്റെ അനുതാപപ്രകടനം ആ ക്ഷണം സ്വീകരിക്കാൻ അവനെ പ്രേരിപ്പിക്കുമോ? വിലയേറിയ സമ്മാനങ്ങൾ വാരിക്കോരി നൽകാനുള്ള പ്രാപ്തി തീർച്ചയായും യൊരോബെയാമിന് ഉണ്ടായിരുന്നു. ഭൗതികവസ്തുക്കളോടുള്ള മോഹം പ്രവാചകന്റെ ഉള്ളിൽ അൽപ്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ വാഗ്ദാനം അവനു വലിയൊരു പ്രലോഭനമായിത്തീർന്നേനെ. എന്നാൽ യഹോവ പ്രവാചകനോട്, “നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുത്” എന്നു കൽപ്പിച്ചിരുന്നു. അതുകൊണ്ട് യാതൊരു സന്ദേഹവും കൂടാതെ പ്രവാചകൻ പറയുന്നു: “നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവെച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.” അവൻ മറ്റൊരു വഴിയായി ബേഥേലിൽനിന്നു മടങ്ങുന്നു. (1 രാജാ. 13:8-10) പ്രവാചകന്റെ ഈ തീരുമാനത്തിൽനിന്ന് ഹൃദയംഗമമായ വിശ്വസ്തതയെക്കുറിച്ച് നാം എന്താണു പഠിച്ചത്?—റോമ. 15:4.
w08 8/15 11 ¶15
ഏകാഗ്രഹൃദയത്തോടെ വിശ്വസ്തത മുറുകെപ്പിടിക്കുക
15 യെഹൂദായിലെ പ്രവാചകൻ വരുത്തിയ തെറ്റിൽനിന്നും മറ്റെന്തുകൂടി നമുക്കു പഠിക്കാം? സദൃശവാക്യങ്ങൾ 3:5 ഇങ്ങനെ പ്രസ്താവിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.” താൻ മുമ്പു ചെയ്തിരുന്നതുപോലെ യഹോവയിൽ തുടർന്നും ആശ്രയിക്കുന്നതിനുപകരം ഇത്തവണ ആ പ്രവാചകൻ സ്വന്തവിവേകത്തിൽ ആശ്രയിച്ചു. ഇതിലൂടെ അവനു നഷ്ടമായതോ? സ്വന്തം ജീവനും യഹോവയുമായുള്ള ബന്ധവും. താഴ്മയോടെയും വിശ്വസ്തതയോടെയും യഹോവയെ സേവിക്കേണ്ടതിന്റെ പ്രാധാന്യം ഈ അനുഭവം എത്ര നന്നായി വരച്ചുകാട്ടുന്നു!
w08 8/15 9 ¶10
ഏകാഗ്രഹൃദയത്തോടെ വിശ്വസ്തത മുറുകെപ്പിടിക്കുക
10 യെഹൂദായിൽനിന്നുള്ള ദൈവപുരുഷൻ ആ വൃദ്ധപ്രവാചകന്റെ കുതന്ത്രം തിരിച്ചറിയേണ്ടിയിരുന്നു. അവന് ഇങ്ങനെ ചിന്തിക്കാമായിരുന്നു: ‘എനിക്കുള്ള നിർദേശങ്ങളുമായി യഹോവ എന്തിന് ഇപ്പോൾ തന്റെ ദൂതനെ മറ്റൊരാളുടെ അടുക്കൽ അയയ്ക്കണം?’ അവനു വേണമെങ്കിൽ യഹോവയോടു കാര്യങ്ങൾ നേരിട്ടു ചോദിച്ചറിയാമായിരുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്തതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നില്ല. മറിച്ച് “അവൻ അവനോടുകൂടെ [വൃദ്ധപ്രവാചകനോടുകൂടെ] ചെന്നു, അവന്റെ വീട്ടിൽവെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.” ഇത് യഹോവയ്ക്ക് ഇഷ്ടമായില്ല. ഒടുവിൽ ആ പ്രവാചകൻ യെഹൂദായിലേക്കു മടങ്ങവെ വഴിയിൽവെച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു. അവന്റെ പ്രവാചകവൃത്തിക്ക് എത്ര ദാരുണമായ അന്ത്യം!—1 രാജാ. 13:19-25.
ആത്മീയരത്നങ്ങൾ
w11 1/1 21 ¶5
അവൻ നമ്മിലെ നന്മ കാണാൻ ശ്രമിക്കുന്നു
ഏറ്റവും പ്രധാനമായി, 1 രാജാക്കന്മാർ 14:13 യഹോവയുടെ വ്യക്തിത്വത്തിന്റെ ആകർഷകമായ ഒരു വശം എടുത്തുകാട്ടുന്നു. അബീയാവിൽ നന്മയായത് എന്തോ ദൈവം കണ്ടു എന്നു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അബീയാവിന്റെ ഹൃദയത്തിൽ നന്മയുടെ ഒരു കണികയെങ്കിലും ഉണ്ടോയെന്ന് യഹോവ അന്വേഷിച്ചിരിക്കാമെന്നാണ് അതു കാണിക്കുന്നത്. കുടുംബത്തിലെ മറ്റുള്ളവരോടുള്ള താരതമ്യത്തിൽ അബീയാവ്, “ചരൽക്കൂമ്പാരത്തിനിടയിൽ കിടന്ന” ഒരു മുത്തായിരുന്നു എന്ന് ഒരു പണ്ഡിതൻ പറയുന്നു. യഹോവ ആ നന്മയെ വിലമതിക്കുകയും തക്ക പ്രതിഫലം നൽകുകയും ചെയ്തു. ആ ദുഷിച്ച കുടുംബത്തിലെ ഒരു അംഗമായിരുന്ന അബീയാവിനോട് അവൻ കരുണ കാണിച്ചു.
സെപ്റ്റംബർ 26–ഒക്ടോബർ 2
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 15-16
“ആസ ധൈര്യത്തോടെ പ്രവർത്തിച്ചു—നിങ്ങളോ?”
w12 8/15 8 ¶4
“നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും”
ഇസ്രായേൽ രണ്ട് രാജ്യങ്ങളായി പിരിഞ്ഞതിനെത്തുടർന്നുള്ള 20 വർഷംകൊണ്ട് പുറജാതീയ ആചാരങ്ങളാൽ യെഹൂദ തീർത്തും ദുഷിച്ചിരുന്നു. ബി.സി. 977-ൽ ആസാ രാജാവായപ്പോൾ, രാജകൊട്ടാരത്തിൽപ്പോലും പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും പ്രതീകമായ കനാന്യദൈവങ്ങളെ ആരാധിച്ചിരുന്നവർ ഉണ്ടായിരുന്നു. എന്നാൽ ആസാ “തന്റെ ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു” എന്ന് നിശ്വസ്തരേഖ പറയുന്നു. അവൻ “അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു.” (2 ദിന. 14:2, 3) “ദേവപ്രീതിക്കായുള്ള ആൺവേശ്യാസമ്പ്രദായ”ത്തിന്റെ ഭാഗമായി സ്വവർഗരതിയിൽ ഏർപ്പെട്ടിരുന്നവരെ അവൻ യെഹൂദാദേശത്തുനിന്നു പുറത്താക്കി. എന്നാൽ വ്യാജാരാധനയ്ക്കെതിരെ പ്രവർത്തിക്കുക മാത്രമല്ല അവൻ ചെയ്തത്. “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും” ദൈവത്തിന്റെ “ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും” ആസാ ജനത്തെ പ്രോത്സാഹിപ്പിച്ചു.—1 രാജാ. 15:12, 13, പി.ഒ.സി. ബൈബിൾ; 2 ദിന. 14:4.
യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
7 ഹൃദയം പൂർണമായി ദൈവത്തിൽ അർപ്പിതമാണോ എന്നു മനസ്സിലാക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും സ്വന്തം ഹൃദയം പരിശോധിക്കണം. നമ്മളോടുതന്നെ ചോദിക്കുക: ‘യഹോവയെ പ്രസാദിപ്പിക്കാനും ഏതു സാഹചര്യത്തിലും സത്യാരാധനയുടെ പക്ഷത്ത് നിൽക്കാനും ഞാൻ തീരുമാനിച്ചുറച്ചിട്ടുണ്ടോ? സഭയെ ശുദ്ധമായിനിറുത്താൻ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ?’ ഓർക്കുക, ദേശത്തെ “അമ്മമഹാറാണി” എന്ന സ്ഥാനത്തുനിന്ന് മാഖയെ നീക്കുന്നതിന് ആസയ്ക്കു നല്ല ധൈര്യം വേണമായിരുന്നു. എന്നാൽ മാഖ ചെയ്ത അളവിൽ മോശം കാര്യങ്ങൾ ചെയ്യുന്ന ആരുമായും നിങ്ങൾക്ക് ഇടപെടേണ്ടിവരുന്നില്ലായിരിക്കും. എങ്കിലും ആസയെപ്പോലെ ധൈര്യം കാണിക്കേണ്ട ചില സാഹചര്യങ്ങൾ നിങ്ങൾക്കുമുണ്ടാകും. ഉദാഹരണത്തിന്, നിങ്ങളുടെ ഒരു കുടുംബാംഗമോ ഉറ്റ സുഹൃത്തോ പാപം ചെയ്യുകയും പശ്ചാത്തപിക്കാതിരിക്കുകയും അങ്ങനെ സഭയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നെന്നു കരുതുക. ആ വ്യക്തിയുമായുള്ള സഹവാസം നിങ്ങൾ പൂർണമായും നിറുത്തുമോ? എന്തു ചെയ്യാനായിരിക്കും നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുന്നത്?
it-1-E 184-185
ആസ
ആസ തെറ്റായ ചില തീരുമാനങ്ങളൊക്കെ എടുത്തു. എപ്പോഴും യഹോവയിൽ പൂർണമായി ആശ്രയിച്ചുമില്ല. പക്ഷേ അദ്ദേഹത്തിനു പല നല്ല ഗുണങ്ങളുമുണ്ടായിരുന്നു, അതുപോലെ ആസ ദേശത്തുനിന്ന് വ്യാജാരാധന നീക്കം ചെയ്യുകയും ചെയ്തു. തെറ്റുകൾ പറ്റിയെങ്കിലും അദ്ദേഹത്തിന്റെ നല്ല ഗുണങ്ങളും സത്പ്രവൃത്തികളും കൂടുതൽ എടുത്തുനിന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ യഹൂദയിലെ വിശ്വസ്തനായ ഒരു രാജാവായി കണക്കാക്കുന്നത്. (2ദിന 15:17)
ആത്മീയരത്നങ്ങൾ
w98 9/15 21-22
ദൈവം നിങ്ങൾക്ക് യഥാർഥമാണോ?
ദൃഷ്ടാന്തത്തിന്, യെരീഹോ പുനർനിർമിച്ചാലുള്ള ശിക്ഷ സംബന്ധിച്ച പ്രവചനം വായിച്ചിട്ട് അതിന്റെ നിവൃത്തി പരിചിന്തിക്കുക. യോശുവ 6:26 പ്രസ്താവിക്കുന്നു: “അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.” ഏകദേശം 500 വർഷങ്ങൾ കഴിഞ്ഞ് അതു നിവൃത്തിയേറി. എന്തെന്നാൽ 1 രാജാക്കന്മാർ 16:34-ൽ നാം വായിക്കുന്നു: “[ആഹാബ് രാജാവിന്റെ] കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടം വന്നു.” ഒരു യഥാർഥ ദൈവത്തിനു മാത്രമേ അത്തരം പ്രവചനങ്ങൾക്കു പ്രചോദനമേകാനും അവ നിവൃത്തിയാകുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയൂ.
ഒക്ടോബർ 3-9
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 17-18
“നിങ്ങൾ എത്രത്തോളം രണ്ടു പക്ഷത്ത് നിൽക്കും?”
യഹോവയിൽ വിശ്വാസമുണ്ടായിരിക്കുക—ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കുക!
6 വാഗ്ദത്തദേശത്ത് താമസമാക്കിയശേഷം ഇസ്രായേല്യർക്കു വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ടിവന്നു: ഒന്നുകിൽ യഹോവയെ ആരാധിക്കുക, അല്ലെങ്കിൽ മറ്റു ദൈവങ്ങളെ ആരാധിക്കുക. (യോശുവ 24:15 വായിക്കുക.) അതൊരു നിസ്സാരതീരുമാനമായിരുന്നോ? അല്ല. അവർ തെറ്റായ തീരുമാനമാണ് എടുത്തിരുന്നതെങ്കിൽ അത് അവരെ മരണത്തിൽ കൊണ്ടെത്തിക്കുമായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ന്യായാധിപന്മാരുടെ കാലത്ത് ഇസ്രായേല്യർ കൂടെക്കൂടെ ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പുകൾ നടത്തി. അവർ യഹോവയെ ഉപേക്ഷിച്ച് വ്യാജദൈവങ്ങളെ ആരാധിച്ചു. (ന്യായാ. 2:3, 11-23) ഏലിയ പ്രവാചകന്റെ കാലത്തും ദൈവജനത്തിനു സുപ്രധാനമായ ഒരു തീരുമാനമെടുക്കേണ്ടിവന്നു. യഹോവയെ സേവിക്കണോ വ്യാജദൈവമായ ബാലിനെ സേവിക്കണോ എന്ന് അവർക്കു തീരുമാനിക്കാമെന്ന് ഏലിയ പറഞ്ഞു. (1 രാജാ. 18:21) ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിന് ഏലിയ ജനത്തെ കുറ്റപ്പെടുത്തി. ഇത് എളുപ്പം തീരുമാനിക്കാൻ കഴിയുന്ന ഒരു കാര്യമല്ലേ എന്നു നമുക്കു തോന്നിയേക്കാം. കാരണം യഹോവയെ സേവിക്കുന്നതാണല്ലോ എപ്പോഴും പ്രയോജനം ചെയ്യുന്നത്. നേരാംവണ്ണം ചിന്തിക്കുന്ന ഒരാളും ജീവനില്ലാത്ത ആ ബാൽ ദേവനെ ആരാധിക്കില്ല. എന്നിട്ടും ഇസ്രായേല്യർ ‘രണ്ടു പക്ഷത്ത് നിൽക്കുകയായിരുന്നു.’ സത്യദൈവമായ യഹോവയെ ആരാധിക്കാനുള്ള തീരുമാനമെടുക്കാൻ ഏലിയ ജനത്തെ പ്രോത്സാഹിപ്പിച്ചു.
അവൻ സത്യാരാധനയ്ക്കുവേണ്ടി നിലകൊണ്ടു
15 ബാൽപുരോഹിതന്മാർ വികാരാവേശത്തോടെ ഉറഞ്ഞുതുള്ളി. ബൈബിൾ വിവരിക്കുന്നു: “അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.” യാതൊരു പ്രയോജനവുമുണ്ടായില്ല! “ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.” (1 രാജാ. 18:28, 29) ബാൽ എന്നൊരു ദേവനേ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ആളുകളെ വശീകരിച്ച് യഹോവയിൽനിന്ന് അകറ്റിക്കളയാനുള്ള സാത്താന്റെ ഒരു കണ്ടുപിടിത്തം മാത്രം! യഹോവയെ അല്ലാതെ മറ്റെന്തിനെയും ‘ഉടയവനായി’ തിരഞ്ഞെടുത്താൽ, നിരാശയും കടുത്ത അപമാനവും ആയിരിക്കും ഫലം!—സങ്കീർത്തനം 25:3; 115:4-8 വായിക്കുക.
അവൻ സത്യാരാധനയ്ക്കുവേണ്ടി നിലകൊണ്ടു
18 ഏലിയാവ് പ്രാർഥിക്കുന്നതിനു മുമ്പ് ആളുകൾ യഹോവയെക്കുറിച്ച് എന്തായിരിക്കും വിചാരിച്ചിട്ടുണ്ടാകുക? ഒരുപക്ഷേ, ബാലിനെപ്പോലെ യഹോവയും വെറും പൊള്ളയായ സങ്കല്പം മാത്രമാണ് എന്നായിരിക്കുമോ? ഏതായാലും, പ്രാർഥന കഴിഞ്ഞതോടെ ആളുകൾക്ക് മറ്റൊന്നും ആലോചിക്കാനുള്ള സമയം കിട്ടിയില്ല. കാരണം, വിവരണം പറയുന്നു: “ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.” (1 രാജാ. 18:38) സത്യദൈവം ഉത്തരമരുളിയതിന്റെ അതിഗംഭീരമായൊരു പ്രകടനം! അപ്പോൾ ജനം എന്തു ചെയ്തു?
ആത്മീയരത്നങ്ങൾ
ia 100, ചതുരം
അവൻ സത്യാരാധനയ്ക്കുവേണ്ടി നിലകൊണ്ടു
ഏലിയാവിന്റെ നാളിലെ വരൾച്ച എത്രകാലം നീണ്ടുനിന്നു?
ദേശത്ത് വളരെക്കാലമായി തുടരുന്ന വരൾച്ച ഉടനെ അവസാനിക്കുമെന്ന് യഹോവയുടെ പ്രവാചകനായ ഏലിയാവ് ആഹാബ് രാജാവിനെ അറിയിച്ചു. അത് “മൂന്നാം സംവത്സരത്തിൽ” ആയിരുന്നു. ഏലിയാവ് വരൾച്ചയെപ്പറ്റി ആദ്യം പ്രഖ്യാപിച്ച ദിവസം മുതലായിരിക്കാം അത്. (1 രാജാ. 18:1) മഴ പെയ്യുമെന്ന് ഏലിയാവ് അറിയിച്ച ഉടനെതന്നെ യഹോവ മഴ പെയ്യിച്ചു. വരൾച്ചയുടെ മൂന്നാം വർഷത്തിലാണ് മഴ പെയ്തതെന്നും, അതുകൊണ്ടുതന്നെ വരൾച്ചക്കാലം മൂന്നു വർഷത്തിൽ കുറവായിരിക്കാമെന്നും ചിലർ കണക്ക് കൂട്ടുന്നു. പക്ഷേ, യേശുവും യാക്കോബും പറയുന്നത് “മൂന്നുവർഷവും ആറുമാസവും” വരൾച്ച നീണ്ടുനിന്നെന്നാണ്. (ലൂക്കോ. 4:25; യാക്കോ. 5:17) ഇതൊരു പൊരുത്തക്കേടല്ലേ?
ഒരിക്കലുമല്ല! പുരാതന യിസ്രായേലിൽ വേനൽക്കാലം നല്ല ദൈർഘ്യമുള്ളതായിരുന്നു. ഏതാണ്ട് ആറു മാസംവരെ നീളാം. ഏലിയാവ് ആഹാബിനോട് വരൾച്ചയെപ്പറ്റി പ്രഖ്യാപിക്കുമ്പോൾ വേനൽക്കാലം അപ്പോൾത്തന്നെ പതിവിലും ദീർഘിച്ചിരുന്നു. അത് കടുത്ത വേനലുമായിരുന്നു. വരൾച്ച ആറുമാസം മുമ്പേതന്നെ ആരംഭിച്ചിരുന്നു എന്നു വ്യക്തം. അതുകൊണ്ട്, ഏലിയാവ് അവന്റെ ആദ്യപ്രഖ്യാപനം നടത്തിയശേഷമുള്ള “മൂന്നാം സംവത്സരത്തിൽ” മഴ പെയ്യുമെന്ന് അറിയിച്ചപ്പോൾ വരൾച്ച ഏതാണ്ട് മൂന്നരവർഷം ആയിട്ടുണ്ടായിരുന്നു. കർമേൽ പർവതത്തിലെ ആ പരീക്ഷണം കാണുന്നതിന് ആളുകൾ വന്നുചേർന്നപ്പോൾ “മൂന്നുവർഷവും ആറുമാസവും” കഴിഞ്ഞിരുന്നു.
ഏലിയാവ് ആഹാബിനെ ആദ്യം സന്ദർശിച്ച സമയം ഒന്നു പരിശോധിക്കാം. ‘മേഘങ്ങളിൽ സവാരി ചെയ്യുന്നവൻ’ ആയാണ് ബാലിനെ കരുതിയിരുന്നത്. വേനൽക്കാലത്തിന്റെ അവസാനം ഈ ദേവനാണ് മഴ കൊണ്ടുവരുന്നതെന്ന് ആളുകൾ വിശ്വസിച്ചുപോന്നു. വേനൽക്കാലം സാധാരണയിലേറെ നീണ്ടപ്പോൾ ആളുകൾ ചോദിച്ചിട്ടുണ്ടാകും: ‘ബാൽ എവിടെ? അവൻ എപ്പോഴാണ് മഴ പെയ്യിക്കുന്നത്?’ താൻ പറയുന്നതുവരെ മഴയോ മഞ്ഞോ ഉണ്ടാകുകയില്ലെന്ന ഏലിയാവിന്റെ പ്രഖ്യാപനം ബാലിന്റെ ആരാധകർക്കേറ്റ കനത്ത അടിയായിരുന്നു!—1 രാജാ. 17:1.
ഒക്ടോബർ 10-16
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 19-20
“ആശ്വാസത്തിനായി യഹോവയിലേക്കു നോക്കുക”
സമ്മർദം അനുഭവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുക
5 1 രാജാക്കന്മാർ 19:1-4 വായിക്കുക. എന്നാൽ ഇസബേൽ രാജ്ഞി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ ഏലിയ ഭയന്നുപോയി. അതുകൊണ്ട് അദ്ദേഹം ബേർ-ശേബയിലേക്ക് ഓടിപ്പോയി. ആകെ നിരാശിതനായ ഏലിയ ‘മരിക്കാൻ ആഗ്രഹിച്ചു.’ അദ്ദേഹത്തിന് എന്തുകൊണ്ടാണ് അങ്ങനെ തോന്നിയത്? ഏലിയ ഒരു അപൂർണമനുഷ്യനായിരുന്നു, ‘നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യൻ.’ (യാക്കോ. 5:17) സമ്മർദവും അങ്ങേയറ്റത്തെ ക്ഷീണവും കാരണം അദ്ദേഹം ആകെ തളർന്നുപോയിരിക്കാം. സത്യാരാധനയ്ക്കുവേണ്ടി താൻ ഇതേവരെ ചെയ്തതെല്ലാം പാഴായെന്നും ഇസ്രായേലിലെ സാഹചര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലെന്നും ഏലിയയ്ക്കു തോന്നിക്കാണും. ഇസ്രായേലിൽ യഹോവയെ സേവിക്കുന്ന ഒരേ ഒരാൾ താൻ മാത്രമാണെന്ന് അദ്ദേഹം ചിന്തിച്ചു. (1 രാജാ. 18:3, 4, 13; 19:10,14) വിശ്വസ്തനായ ഈ പ്രവാചകൻ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിച്ചതെന്നു നമ്മൾ അതിശയിച്ചേക്കാം. എന്നാൽ യഹോവ ഏലിയയുടെ സമ്മർദവും വികാരങ്ങളും മനസ്സിലാക്കി.
അവൻ തന്റെ ദൈവത്തിൽനിന്ന് ആശ്വാസം കൈക്കൊണ്ടു
13 വിജനമായ ആ മരുപ്രദേശത്ത്, ഒരു ചൂരച്ചെടിയുടെ ചുവട്ടിൽ, മരിച്ചാൽ മതിയെന്നു ചിന്തിച്ച് കിടക്കുന്ന തന്റെ പ്രിയപ്രവാചകനെ സ്വർഗത്തിൽനിന്നു നോക്കിക്കാണുന്ന യഹോവയ്ക്ക് എന്തു തോന്നിയിട്ടുണ്ടാകും? നമ്മൾ ഊഹിക്കേണ്ടതില്ല. യഹോവ ഒരു ദൂതനെ അവിടേക്ക് അയച്ചു. അപ്പോൾ, ഏലിയാവ് തളർന്ന് ഉറങ്ങുകയായിരുന്നു. ദൂതൻ ഏലിയാവിനെ മൃദുവായി തട്ടിയുണർത്തി. എന്നിട്ട് പറഞ്ഞു: “എഴുന്നേറ്റു തിന്നുക.” ദൂതൻ അവന്റെ മുമ്പിൽ ഭക്ഷണം ഒരുക്കിവെച്ചിരുന്നു. ചൂടാറാത്ത അപ്പവും കുറച്ച് വെള്ളവും. ഏലിയാവ് അത് കഴിച്ചു. അവൻ ദൂതനോട് എന്തെങ്കിലും നന്ദിവാക്ക് പറഞ്ഞോ? പ്രവാചകൻ തിന്ന് കുടിച്ച് വീണ്ടും കിടന്നുറങ്ങി എന്നു മാത്രമേ വിവരണം പറയുന്നുള്ളൂ. കടുത്ത നിരാശകൊണ്ട് അവന് ഒന്നും സംസാരിക്കാൻ തോന്നാതിരുന്നതാണോ? എന്തായാലും, വെളുപ്പാൻകാലമായിട്ടുണ്ടാകും, ദൂതൻ അവനെ വീണ്ടും വിളിച്ചുണർത്തി. “എഴുന്നേറ്റു തിന്നുക” എന്നു പറഞ്ഞു. എന്നിട്ട്, പ്രധാനപ്പെട്ട ഒരു കാര്യവും അവനെ അറിയിച്ചു: “നിനക്കു ദൂരയാത്ര ചെയ്വാനുണ്ടല്ലോ.”—1 രാജാ. 19:5-7.
അവൻ തന്റെ ദൈവത്തിൽനിന്ന് ആശ്വാസം കൈക്കൊണ്ടു
21 പ്രകൃതിശക്തികളുടെ ഈ ഗംഭീരപ്രകടനങ്ങൾ ഓരോന്ന് കഴിയുമ്പോഴും അതിലൊന്നും “യഹോവ ഇല്ലായിരുന്നു” എന്ന പ്രസ്താവന നാം കാണുന്നു. പ്രകൃതിശക്തികളിൽ ഓരോന്നിന്റെയും അധിപന്മാരായാണ് പുരാണകഥകളിലെ ദേവന്മാരെ വർണിച്ചിരിക്കുന്നത്. ബാൽ അത്തരത്തിലുള്ള ഒരു ‘പ്രകൃതിദേവനായിരുന്നു.’ ബാലിന്റെ വിഡ്ഢികളായ ഭക്തന്മാർ അവനെ ‘മേഘത്തിന്മേൽ സവാരി ചെയ്യുന്നവനും’ മഴദേവനും ആയി സങ്കല്പിച്ച് ആരാധിച്ചിരുന്നു. എന്നാൽ യഹോവയാകട്ടെ അങ്ങനെയുള്ളൊരു ദേവനേ അല്ലെന്ന് ഏലിയാവിന് നന്നായി അറിയാമായിരുന്നു. പ്രകൃതിയിലെ സകല ഗംഭീരപ്രതിഭാസങ്ങളുടെയും ശക്തികളുടെയും യഥാർഥ ഉറവിടം യഹോവയാണ്. എന്നാൽ സൃഷ്ടിക്കപ്പെട്ട യാതൊന്നിനോടും അവനെ തുലനം ചെയ്യാനേ കഴിയില്ല. സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും അവൻ അടങ്ങുകയില്ലല്ലോ! (1 രാജാ. 8:27) ഹോരേബിൽ നടന്ന ആ ഗംഭീരസംഭവങ്ങൾ ഏലിയാവിന് എന്തു ഗുണം ചെയ്തു? അവൻ എത്ര ഭയന്നാണ് ഓടിപ്പോന്നതെന്ന് നിങ്ങൾ ഓർക്കുന്നില്ലേ? എന്നാൽ ഇപ്പോഴോ? യഹോവ അവന്റെ പക്ഷത്തുള്ളപ്പോൾ, ഭയാനകമായ ശക്തിക്ക് ഉടമയായ ഈ ദൈവം അവനു തുണയായുള്ളപ്പോൾ, പിന്നെ ആഹാബിനെയും ഇസബേലിനെയും പോലുള്ള നിസ്സാരമനുഷ്യരെ എന്തിന് പേടിക്കണം!—സങ്കീർത്തനം 118:6 വായിക്കുക.
അവൻ തന്റെ ദൈവത്തിൽനിന്ന് ആശ്വാസം കൈക്കൊണ്ടു
22 ആ അഗ്നിപ്രളയം ഒന്നടങ്ങിയപ്പോൾ അവിടെ വലിയൊരു ശാന്തതയുണ്ടായി. പിന്നെ ഏലിയാവ്, ‘സാവധാനത്തിലുള്ള ഒരു മൃദുസ്വരം’ കേട്ടു. “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം” എന്നു വീണ്ടും ചോദിക്കുന്ന സ്വരം. മനസ്സ് തുറക്കാൻ അവനോടു പറയുന്നതുപോലെയായിരുന്നു ആ ശബ്ദം. അവൻ രണ്ടാം തവണയും തന്റെ മനോവ്യസനങ്ങളുടെ കെട്ടഴിച്ചു. ഇപ്പോൾ അവന് കുറച്ചുകൂടെ ആശ്വാസം കിട്ടിയിട്ടുണ്ടാകും. ‘സാവധാനത്തിലുള്ള ആ മൃദുസ്വരം’ അടുത്തതായി പറഞ്ഞ കാര്യങ്ങൾ ഏലിയാവിന്റെ മനസ്സിലെ തീ അണയ്ക്കാൻ പോന്നതായിരുന്നു. താൻ യഹോവയ്ക്ക് എത്ര പ്രിയനാണെന്ന് ഏലിയാവിന് ബോധ്യംവന്നു. എങ്ങനെ? കാലങ്ങൾ നീളുന്ന പോരാട്ടത്തിലൂടെ താൻ ഇസ്രായേലിലെ ബാലാരാധനയുടെ അടിവേരിളക്കുന്നത് എങ്ങനെയെന്ന് ദൈവം ഏലിയാവിനെ അറിയിച്ചു. അവന്റെ കഠിനാധ്വാനമൊന്നും വൃഥാവായില്ലെന്നും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഒരു തടസ്സവും ഇല്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും അവന് വ്യക്തമായി. മാത്രമല്ല, വ്യാജാരാധന ഉന്മൂലനം ചെയ്യാൻ ഏലിയാവിന് ഇനിയും പലതും ചെയ്യാനുണ്ട്. അതുകൊണ്ട് ചില പ്രത്യേകനിർദേശങ്ങൾ നൽകി യഹോവ അവനെ വീണ്ടും പ്രവാചകവേലയ്ക്കായി പറഞ്ഞയച്ചു.—1 രാജാ. 19:12-17.
ആത്മീയരത്നങ്ങൾ
w97 11/1 31 ¶1
ആത്മത്യാഗത്തിന്റെയും വിശ്വസ്തതയുടെയും ഒരു ദൃഷ്ടാന്തം
ഇന്ന് ഒട്ടുമിക്ക ദൈവദാസന്മാരും സമാനമായ ആത്മത്യാഗമനോഭാവം പ്രകടമാക്കുന്നു. വിദൂര പ്രദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നതിനോ ബെഥേൽ കുടുംബാംഗങ്ങളായി സേവിക്കുന്നതിനോ വേണ്ടി ചിലർ തങ്ങളുടെ “വയലുകൾ,” തങ്ങളുടെ ഉപജീവനമാർഗങ്ങൾ, ഉപേക്ഷിച്ചിരിക്കുന്നു. സൊസൈറ്റിയുടെ നിർമാണ പദ്ധതികളിൽ പങ്കെടുക്കുന്നതിനുവേണ്ടി മറ്റുചിലർ വിദേശരാജ്യങ്ങളിലേക്കു യാത്രചെയ്തിട്ടുണ്ട്. അനേകർ, തരംതാണതെന്നു പരിഗണിക്കപ്പെടാവുന്ന ജോലികൾ സ്വീകരിച്ചിരിക്കുന്നു. എന്നാൽ യഹോവയ്ക്കുവേണ്ടി അടിമവേല ചെയ്യുന്ന ഏതൊരുവനും അപ്രധാനമായ ഒരു സേവനമല്ല നിർവഹിക്കുന്നത്. തന്നെ സ്വമനസ്സാലെ സേവിക്കുന്ന എല്ലാവരെയും യഹോവ വിലമതിക്കുന്നു. അവൻ അവരുടെ ആത്മത്യാഗമനോഭാവത്തെ അനുഗ്രഹിക്കുകയും ചെയ്യും.—മർക്കൊസ് 10:29, 30.
ഒക്ടോബർ 17-23
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 21-22
“അധികാരം ഉപയോഗിക്കുമ്പോൾ യഹോവയെ അനുകരിക്കുക”
സംഹരിക്കുന്നതിനുള്ള ശക്തി—“യഹോവ യുദ്ധവീരൻ”
ബൈബിളിന്റെ മൂലപാഠത്തിൽ, എബ്രായ തിരുവെഴുത്തുകളിൽ ഏകദേശം മുന്നൂറു പ്രാവശ്യവും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ രണ്ടു പ്രാവശ്യവും ദൈവത്തിനു ‘സൈന്യങ്ങളുടെ യഹോവ’ എന്ന സ്ഥാനപ്പേര് നൽകിയിരിക്കുന്നു. (1 ശമൂവേൽ 1:11) പരമാധികാരിയായ ഭരണാധിപൻ എന്ന നിലയിൽ യഹോവ ഒരു വലിയ ദൂതസൈന്യത്തെ നയിക്കുന്നു. (യോശുവ 5:13-15; 1 രാജാക്കന്മാർ 22:19) ഈ സൈന്യത്തിന്റെ സംഹാരശക്തി ഭയാവഹമാണ്. (യെശയ്യാവു 37:36)
“ഏതു പുരുഷന്റെയും തല ക്രിസ്തു”
9 താഴ്മ. യഹോവയ്ക്ക് മറ്റ് എല്ലാവരെക്കാളും ജ്ഞാനമുണ്ട്. എങ്കിലും, തന്റെ ദാസരുടെ അഭിപ്രായങ്ങൾ യഹോവ ശ്രദ്ധിക്കുന്നു. (ഉൽപ. 18:23, 24, 32) തന്റെ അധികാരത്തിൻകീഴിലുള്ളവർക്ക് തങ്ങളുടെ നിർദേശങ്ങൾ പറയാനുള്ള അവസരവും യഹോവ കൊടുക്കുന്നു. (1 രാജാ. 22:19-22) യഹോവ പൂർണനാണ്. എങ്കിലും യഹോവ നമ്മളിൽനിന്ന് പൂർണത പ്രതീക്ഷിക്കുന്നില്ല. പകരം ദൈവസേവനം നന്നായി ചെയ്യാൻ അപൂർണരായ മനുഷ്യരെ യഹോവ സഹായിക്കുന്നു. (സങ്കീ. 113:6, 7; 27:9; എബ്രാ. 13:6) യഹോവ താഴ്മയോടെ സഹായിച്ചതുകൊണ്ട് മാത്രമാണ് തന്നെ ഏൽപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദിത്വം ചെയ്തുതീർക്കാൻ കഴിഞ്ഞതെന്നു ദാവീദ് രാജാവ് സമ്മതിച്ചുപറഞ്ഞു.—2 ശമു. 22:36.
it-2-E 245
നുണ
ഒരു വ്യക്തി ‘തെറ്റായ സ്വാധീനത്തിൽ’ അകപ്പെടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ യഹോവ അത് അനുവദിക്കും. ഒടുവിൽ ആ സ്വാധീനത്തിന്റെ ഫലമായി അയാൾ ‘നുണ വിശ്വസിക്കുകയും’ ചെയ്യും. (2തെസ്സ 2:9-12) ആഹാബ് രാജാവിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. ഒരു ദൂതനെ ‘വഞ്ചനയുടെ ആത്മാവാകാൻ’ യഹോവ അനുവദിച്ചു. ആ ദൂതൻ തന്റെ ശക്തി പ്രവാചകന്മാരുടെ മേൽ ഉപയോഗിച്ചപ്പോൾ അവർ സത്യം പറഞ്ഞില്ല. പകരം അവർ എന്താണോ പറയാൻ ഇഷ്ടപ്പെട്ടത്, ആഹാബ് രാജാവ് എന്താണോ കേൾക്കാൻ ആഗ്രഹിച്ചത്, അതുതന്നെയാണ് അവർ പറഞ്ഞത്. തന്റെ പ്രവാചകന്മാർ പറഞ്ഞ നുണകൾ ആഹാബ് വിശ്വസിച്ചു. അതിന്റെ ഫലമായി രാജാവിന് ജീവൻ നഷ്ടപ്പെട്ടു.—1രാജ 22:1-38; 2ദിന 18.
ആത്മീയരത്നങ്ങൾ
എന്താണു ശരിക്കുള്ള മാനസാന്തരം?
4 അവസാനം അവരെ ശിക്ഷിക്കാൻ യഹോവ തീരുമാനിച്ചു. ആഹാബിനും ഇസബേലിനും എന്തു ശിക്ഷയാണു നൽകാൻപോകുന്നതെന്നു പറയാൻ യഹോവ ഏലിയ പ്രവാചകനെ അയച്ചു. അവരുടെ കുടുംബത്തെ മുഴുവനായി ഇല്ലാതാക്കുമെന്ന് യഹോവ പറഞ്ഞു. അതു കേട്ടപ്പോൾ ആഹാബിന് ആകെ വിഷമമായി. അഹങ്കാരിയായ ആ മനുഷ്യൻ “സ്വയം താഴ്ത്തി.” ആരും പ്രതീക്ഷിക്കാത്ത ഒരു മാറ്റമായിരുന്നു അത്.—1 രാജാ. 21:19-29.
5 ഏലിയയുടെ വാക്കുകൾ കേട്ട് ആഹാബ് തന്നെത്തന്നെ താഴ്ത്തിയെങ്കിലും അതു ശരിക്കുള്ള മാനസാന്തരമായിരുന്നില്ല. ദേശത്തുനിന്ന് ബാലാരാധന നീക്കം ചെയ്യാൻ ആഹാബ് ശ്രമിച്ചില്ല. യഹോവയെ ആരാധിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുമില്ല. ആഹാബിന്റേത് ആത്മാർഥമായ മാനസാന്തരമല്ലായിരുന്നു എന്ന് മറ്റു പ്രവർത്തനങ്ങളും തെളിയിക്കുന്നുണ്ട്.
6 പിന്നീട്, സിറിയയ്ക്ക് എതിരെ യുദ്ധത്തിനു പോകാൻ ആഹാബ് യഹൂദയിലെ നല്ല രാജാവായ യഹോശാഫാത്തിനെ ക്ഷണിച്ചു. യുദ്ധത്തിനു പോകുന്നതിനു മുമ്പ് യഹോവയുടെ പ്രവാചകനോട് ഒന്നു ചോദിച്ചിട്ടു പോകാമെന്ന് യഹോശാഫാത്ത് പറഞ്ഞു. പക്ഷേ ആ നിർദേശം ആഹാബിന് ഇഷ്ടമായില്ല. ആഹാബ് പറഞ്ഞു: “നമുക്ക് യഹോവയുടെ ഇഷ്ടം ചോദിച്ചറിയാൻ കഴിയുന്ന ഒരാൾക്കൂടിയുണ്ട്. പക്ഷേ എനിക്ക് അയാളെ ഇഷ്ടമല്ല. കാരണം അയാൾ ഒരിക്കലും എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കാറില്ല.” എങ്കിലും മീഖായ പ്രവാചകനോടു ചോദിക്കാൻതന്നെ അവർ തീരുമാനിച്ചു. ആഹാബ് ചിന്തിച്ചതുപോലെതന്നെ ദൈവത്തിന്റെ പ്രവാചകൻ ആഹാബിനോടു നല്ല കാര്യമല്ല പറഞ്ഞത്. പക്ഷേ അതു കേട്ടിട്ടും അയാൾ പശ്ചാത്തപിച്ച് യഹോവയോടു ക്ഷമ ചോദിച്ചില്ല. പകരം ദുഷ്ടനായ ആഹാബ് ആ പ്രവാചകനെ തടവറയിൽ അടച്ചു. (1 രാജാ. 22:7-9, 23, 27) യഹോവയുടെ പ്രവാചകനെ തടവറയിൽ ആക്കാൻ രാജാവിനു കഴിഞ്ഞു. പക്ഷേ അദ്ദേഹം മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ നിറവേറുന്നതു തടയാൻ രാജാവിനായില്ല. അങ്ങനെ സിറിയയ്ക്ക് എതിരെയുള്ള ആ യുദ്ധത്തിൽ ആഹാബ് കൊല്ലപ്പെട്ടു.—1 രാജാ. 22:34-38.
ഒക്ടോബർ 24-30
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 1-2
“പരിശീലനത്തിന്റെ കാര്യത്തിൽ നല്ലൊരു മാതൃക”
w15 4/15 13 ¶15
യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?
15 ഇന്ന് സഹോദരന്മാർ അനുഭവപരിചയമുള്ള മൂപ്പന്മാരെ ബഹുമാനിക്കേണ്ടതുണ്ടെന്നും എലീശായുടെ വിവരണം കാണിക്കുന്നു. യെരീഹോയിലുള്ള ഒരുകൂട്ടം പ്രവാചകന്മാരെ സന്ദർശിച്ച ശേഷം ഏലിയാവും എലീശായും യോർദാൻ നദിക്കരികെ വന്നു. തുടർന്ന് “ഏലിയാവു തന്റെ പുതപ്പ് എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു.” ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നശേഷവും “അവർ സംസാരിച്ചുകൊണ്ടു” നടന്നു. തന്റെ അധ്യാപകൻ പറഞ്ഞതെല്ലാം വളരെ ശ്രദ്ധയോടെ കേൾക്കുകയും അവനിൽനിന്ന് പഠിക്കുകയും ചെയ്തു. ഇതെല്ലാം തനിക്കറിയാവുന്ന കാര്യങ്ങളാണെന്ന് എലീശാ ചിന്തിച്ചതേ ഇല്ല. പിന്നീട്, ഏലിയാവ് ചുഴലിക്കാറ്റിൽ എടുക്കപ്പെട്ടു; എലീശാ യോർദാൻ നദീതീരത്തേക്ക് നടന്നുനീങ്ങി. തുടർന്ന്, ഏലിയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്ത് നദിയിലെ വെള്ളത്തിൽ മൂന്നു പ്രാവശ്യം അടിച്ചുകൊണ്ട്, “ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു പറഞ്ഞു. വീണ്ടും, നദിയിലെ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു.—2 രാജാ. 2:8-14.
w15 4/15 13 ¶16
യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?
16 ഏലിയാവിന്റെ അവസാനത്തെ അത്ഭുതത്തിന്റെ തനിപ്പകർപ്പായിരുന്നു എലീശായുടെ ആദ്യത്തെ അത്ഭുതം എന്നതു നിങ്ങൾ ശ്രദ്ധിച്ചോ? ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? ഇപ്പോൾ കാര്യങ്ങളൊക്കെ നടത്തുന്നത് താനായതുകൊണ്ട് ഏലിയാവ് ചെയ്തതിൽനിന്നും വ്യത്യസ്തമായി എല്ലാം ചെയ്യണമെന്ന് എലീശാ ചിന്തിച്ചില്ല. പകരം ഏലിയാവ് ചെയ്ത കാര്യങ്ങളൊക്കെ അതേപടി പിൻപറ്റിക്കൊണ്ട് തന്റെ അധ്യാപകനെ താൻ ബഹുമാനിക്കുന്നെന്ന് എലീശാ തെളിയിച്ചു. എലീശായിൽ വിശ്വാസമർപ്പിക്കാൻ അത് മറ്റു പ്രവാചകന്മാരെയും സഹായിച്ചു. (2 രാജാ. 2:15) എലീശാ ഒരു പ്രവാചകനെന്നനിലയിൽ 60 വർഷക്കാലം സേവിച്ചു. ഏലിയാവ് ചെയ്തതിലും അധികം അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി യഹോവ എലീശായ്ക്കു നൽകി. ഇന്നുള്ള പഠിതാക്കൾക്ക് ഇത് എന്തു പാഠം നൽകുന്നു?
ആത്മീയരത്നങ്ങൾ
w05 8/1 9 ¶1
രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
2:11—“ഏലീയാവു ചുഴലിക്കാറ്റിൽ” കയറിപ്പോയത് എവിടേക്കായിരുന്നു? അവൻ പോയത്, ഭൗതിക പ്രപഞ്ചത്തിലെ ഒരു വിദൂര സ്ഥലത്തേക്കോ ദൈവവും അവന്റെ ദൂതപുത്രന്മാരും വസിക്കുന്ന ആത്മീയ മണ്ഡലത്തിലേക്കോ ആയിരുന്നില്ല. (ആവർത്തനപുസ്തകം 4:19; സങ്കീർത്തനം 11:4; മത്തായി 6:9; 18:10,11) ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ ഇപ്രകാരം പറയുന്നു: “ഏലീയാവ് ഒരു ചുഴലിക്കാറ്റിൽ ആകാശത്തിലേക്കുയർന്നു.” (സങ്കീർത്തനം 78:26; മത്തായി 6:26) ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച അഗ്നിരഥം ഏലീയാവിനെ ഭൂമിയുടെ മറ്റൊരു ഭാഗത്തേക്കു കൊണ്ടുപോയതായി കാണപ്പെടുന്നു. അവൻ അവിടെ കുറെക്കാലം ജീവിച്ചു. യഥാർഥത്തിൽ വർഷങ്ങൾക്കുശേഷം ഏലീയാവ് അവിടെനിന്ന്, യെഹൂദാ രാജാവായ യെഹോരാമിന് ഒരു കത്തയച്ചു.—2 ദിനവൃത്താന്തം 21:1, 12-15.
ഒക്ടോബർ 31–നവംബർ 6
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 3-4
“ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ”
‘പുനരുത്ഥാനത്തിൽ എഴുന്നേറ്റു വരുമെന്ന് എനിക്ക് അറിയാം’
7 തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന രണ്ടാമത്തെ പുനരുത്ഥാനം നടത്തിയത് ഏലിയയുടെ പിൻഗാമിയായ എലീശ പ്രവാചകനാണ്. ശൂനേമിലെ പ്രമുഖയായ ഒരു സ്ത്രീ എലീശയ്ക്ക് ആതിഥ്യമരുളി. മക്കളില്ലായിരുന്ന ആ സ്ത്രീക്കും പ്രായം ചെന്ന ഭർത്താവിനും ഒരു മകനെ കൊടുത്തുകൊണ്ട് ദൈവം അവരെ അനുഗ്രഹിച്ചു. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ മകൻ മരിച്ചുപോയി. ആ അമ്മയുടെ മനസ്സിൽ അണപൊട്ടിയ ദുഃഖം ഒന്നു ഭാവനയിൽ കാണുക. ഭർത്താവിന്റെ അനുവാദത്തോടെ ആ സ്ത്രീ ഏകദേശം 30 കിലോമീറ്റർ യാത്ര ചെയ്ത് കർമേൽ പർവതത്തിൽ എത്തി എലീശയെ കണ്ടു. എലീശ ഉടനെ സഹായിയായ ഗേഹസിയെ അവർക്കു മുമ്പേ ശൂനേമിലേക്ക് അയച്ചു. പക്ഷേ അയാൾക്ക് ആ കുട്ടിയെ ജീവനിലേക്കു കൊണ്ടുവരാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അടങ്ങാത്ത ദുഃഖവും പേറി ആ അമ്മ എലീശയോടൊപ്പം ശൂനേമിൽ എത്തിച്ചേർന്നു.—2 രാജാ. 4:8-31.
‘പുനരുത്ഥാനത്തിൽ എഴുന്നേറ്റു വരുമെന്ന് എനിക്ക് അറിയാം’
8 ശൂനേമിൽ എത്തിയ എലീശ കുട്ടിയുടെ മൃതശരീരത്തിന് അടുത്തുചെന്ന് പ്രാർഥിച്ചു. അത്ഭുതം! മരിച്ച കുട്ടി ജീവനിലേക്കു തിരിച്ചുവന്നു. മകനെ തിരിച്ചുകിട്ടിയ ആ അമ്മയ്ക്ക് എന്തുമാത്രം സന്തോഷം തോന്നിക്കാണും! (2 രാജാക്കന്മാർ 4:32-37 വായിക്കുക.) ഹന്നയുടെ പ്രാർഥനയിലെ വാക്കുകൾ ആ സ്ത്രീയുടെ മനസ്സിലേക്ക് അപ്പോൾ വന്നിട്ടുണ്ടാകും. വന്ധ്യയായിരുന്ന ഹന്നയ്ക്കു ദൈവത്തിന്റെ അനുഗ്രഹത്താൽ ഒരു മകനുണ്ടായി. അവനെ വിശുദ്ധകൂടാരത്തിൽ സേവിക്കാൻ കൊണ്ടുവന്നപ്പോൾ ഹന്ന ഇങ്ങനെ പ്രാർഥിച്ചു: “യഹോവ . . . ശവക്കുഴിയിൽ ഇറക്കുന്നു, ഉയർത്തുകയും ചെയ്യുന്നു.” (1 ശമു. 2:6) അതെ, പുനരുത്ഥാനപ്പെടുത്താനുള്ള തന്റെ കഴിവ് തെളിയിച്ചുകൊണ്ട് ഒരു അക്ഷരീയ അർഥത്തിൽത്തന്നെ ശൂനേമിലെ ആ കുട്ടിയെ യഹോവ ‘ഉയർത്തി.’
ആത്മീയരത്നങ്ങൾ
it-2-E 697 ¶2
പ്രവാചകൻ
‘പ്രവാചകപുത്രന്മാർ.’ ഒരു പ്രത്യേകസമൂഹത്തിലെ അംഗങ്ങളെ സൂചിപ്പിക്കാൻ ഈ പദപ്രയോഗത്തിനു കഴിയും. “പ്രവാചകപുത്രന്മാർ” എന്നതു പ്രവാചകന്മാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു വിദ്യാലയത്തെ ആയിരിക്കാം അർഥമാക്കുന്നത്. അവിടെ എലീശയെപ്പോലെയുള്ള ഒരു മേൽവിചാരകൻ അവരെ പഠിപ്പിച്ചിരിക്കാം. അല്ലെങ്കിൽ ഒരുമിച്ച് താമസിക്കുന്ന ഒരു കൂട്ടം പ്രവാചകന്മാരെ വിളിക്കാൻവേണ്ടി മാത്രമായിരിക്കാം ഈ പദപ്രയോഗം. നിയമനങ്ങൾ കിട്ടുമ്പോൾ അവർ പോയി പ്രവചിക്കും. ബൈബിൾ പറയുന്നതിൽനിന്ന് നമുക്കു മനസ്സിലാക്കാൻ പറ്റുന്നത് അവർ വളരെ ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത് എന്നാണ്.—1രാജ 20:35-42; 6:1-7; 9:1, 2; 2രാജ 4:38.