പഠനലേഖനം 30
ആദ്യത്തെ പ്രവചനം, നമുക്ക് അത് എങ്ങനെ പ്രയോജനം ചെയ്യും?
‘ഞാൻ നിനക്കും സ്ത്രീക്കും തമ്മിൽ ശത്രുത ഉണ്ടാക്കും.’—ഉൽപ. 3:15.
ഗീതം 15 യഹോവയുടെ ആദ്യജാതനെ വാഴ്ത്താം!
ചുരുക്കംa
1. ആദാമും ഹവ്വയും തെറ്റു ചെയ്തശേഷം യഹോവ പെട്ടെന്നുതന്നെ എന്താണു ചെയ്തത്? (ഉൽപത്തി 3:15)
ആദാമും ഹവ്വയും തെറ്റു ചെയ്ത ഉടനെതന്നെ അവരുടെ മക്കൾക്കു പ്രത്യാശ നൽകുന്ന ഒരു കാര്യം യഹോവ പറഞ്ഞു. ബൈബിളിൽ ഉൽപത്തി 3:15-ൽ (വായിക്കുക.) നമുക്ക് ആ പ്രവചനം കാണാം.
2. ഉൽപത്തി 3:15-ലെ പ്രവചനത്തിന്റെ പ്രാധാന്യം എന്താണ്?
2 ബൈബിളിലെ ആദ്യപുസ്തകത്തിലാണ് ഈ പ്രവചനം കാണുന്നതെങ്കിലും മറ്റ് എല്ലാ ബൈബിൾപുസ്തകങ്ങൾക്കും ഏതെങ്കിലും ഒരു വിധത്തിൽ അതുമായി ബന്ധമുണ്ട്. ഒരു മാലയിലെ നൂല് അതിലെ മുത്തുകളെ ചേർത്ത് നിറുത്തുന്നതുപോലെ ഉൽപത്തി 3:15-ലെ സന്ദേശം എല്ലാ ബൈബിൾപുസ്തകങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് നിറുത്തുന്നു. എന്താണ് ആ സന്ദേശം? പിശാചിനെയും അവനെ പിന്തുണയ്ക്കുന്ന എല്ലാവരെയും നശിപ്പിക്കാൻ ഒരു രക്ഷകനെ അയയ്ക്കും എന്നതാണ് അത്.b യഹോവയെ സ്നേഹിക്കുന്ന എല്ലാവർക്കും അത് എത്ര വലിയ അനുഗ്രഹമായിരിക്കും കൈവരുത്തുക!
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ഈ ലേഖനത്തിൽ ഉൽപത്തി 3:15-ലെ പ്രവചനത്തെക്കുറിച്ചുള്ള പിൻവരുന്ന ചോദ്യങ്ങൾക്കു നമ്മൾ ഉത്തരം കണ്ടെത്തും: ആരെല്ലാമാണ് അതിലെ കഥാപാത്രങ്ങൾ? ഈ പ്രവചനം ഇതുവരെ എങ്ങനെ നിറവേറിയിരിക്കുന്നു? അതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
ആരെല്ലാമാണ് ഈ പ്രവചനത്തിലെ കഥാപാത്രങ്ങൾ?
4. ആരാണു ‘സർപ്പം,’ അതു നമുക്ക് എങ്ങനെ അറിയാം?
4 ഉൽപത്തി 3:14, 15-ലെ വിവരണത്തിൽ കാണുന്ന കഥാപാത്രങ്ങൾ ‘സർപ്പം,‘ ‘സർപ്പത്തിന്റെ സന്തതി,’ ‘സ്ത്രീ,’ ‘സ്ത്രീയുടെ സന്തതി’ എന്നിവരാണ്. അവരെല്ലാം ആരാണെന്നു മനസ്സിലാക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നുണ്ട്.c നമുക്ക് ആദ്യം ‘സർപ്പം‘ ആരാണെന്നു നോക്കാം. ശരിക്കുള്ള ഒരു പാമ്പിന് ഏദെൻ തോട്ടത്തിൽവെച്ച് യഹോവ പറഞ്ഞ കാര്യങ്ങൾ മനസ്സിലാകില്ലായിരുന്നു. അതുകൊണ്ട് ഇവിടെ യഹോവ ന്യായവിധി സന്ദേശം അറിയിച്ചതു ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള ഒരു സൃഷ്ടിയോടായിരിക്കണം. ആരാണ് അത്? വെളിപാട് 12:9 കൃത്യമായി അതിന്റെ ഉത്തരം നമുക്കു പറഞ്ഞുതരുന്നുണ്ട്. അവിടെ “ആ പഴയ പാമ്പിനെ” പിശാചായ സാത്താൻ എന്നു വിളിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ സർപ്പത്തിന്റെ സന്തതി ആരാണ്?
സർപ്പം
പിശാചായ സാത്താൻ. വെളിപാട് 12:9-ൽ അവനെ ‘പഴയ പാമ്പ്’ എന്നു വിളിച്ചിരിക്കുന്നു (4-ാം ഖണ്ഡിക കാണുക)
5. ആരെല്ലാമാണു സർപ്പത്തിന്റെ സന്തതി?
5 ബൈബിളിൽ ‘സന്തതി’ എന്ന പദം ഒരാളുടെ മക്കളെ കുറിക്കാൻ മാത്രമല്ല, ഒരാളുടെ ചിന്തകളും രീതികളും ഒക്കെ അനുകരിക്കുന്നവരെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് സാത്താനെപ്പോലെ യഹോവയെയും ദൈവജനത്തെയും എതിർക്കുന്ന അവിശ്വസ്തരായ ദൂതന്മാരും മനുഷ്യരും ആണ് സർപ്പത്തിന്റെ സന്തതി. അതിൽ നോഹയുടെ കാലത്ത് സ്വർഗത്തിലെ തങ്ങളുടെ നിയമനം ഉപേക്ഷിച്ചുപോന്ന ദൈവദൂതന്മാരും തങ്ങളുടെ അപ്പനായ പിശാചിന്റെ സ്വഭാവം കാണിക്കുന്ന ദുഷ്ടമനുഷ്യരും ഉൾപ്പെടും.—ഉൽപ. 6:1, 2; യോഹ. 8:44; 1 യോഹ. 5:19; യൂദ 6.
സർപ്പത്തിന്റെ സന്തതി
ദുഷ്ടരായ ആത്മവ്യക്തികളും മനുഷ്യരും. അവർ യഹോവയെയും ദൈവജനത്തെയും എതിർക്കുന്നു (5-ാം ഖണ്ഡിക കാണുക)
6. “സ്ത്രീ” ഹവ്വയല്ല എന്നു പറയാനുള്ള കാരണം എന്താണ്?
6 അടുത്തതായി “സ്ത്രീ” ആരാണെന്നു കണ്ടുപിടിക്കാം. അതു ഹവ്വ ആയിരുന്നോ? ഒരിക്കലുമല്ല. അങ്ങനെ പറയാനുള്ള ഒരു കാരണം മാത്രം നോക്കാം: പ്രവചനം പറയുന്നതനുസരിച്ച് സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല “തകർക്കും.” നമ്മൾ കണ്ടുകഴിഞ്ഞതുപോലെ സർപ്പം ആത്മവ്യക്തിയായ സാത്താനാണ്. അതുകൊണ്ടുതന്നെ ഹവ്വയുടെ മക്കളായ സാധാരണ മനുഷ്യർക്ക് ആർക്കും അവന്റെ തല തകർക്കാനാകില്ല. അങ്ങനെയെങ്കിൽ ആരാണ് ആ സ്ത്രീ?
7. വെളിപാട് 12:1, 2, 5, 10 സൂചിപ്പിക്കുന്നതുപോലെ ഉൽപത്തി 3:15-ലെ സ്ത്രീ ആരാണ്?
7 ഉൽപത്തി 3:15-ൽ പറഞ്ഞിരിക്കുന്ന സ്ത്രീ ആരാണെന്നു മനസ്സിലാക്കാൻ ബൈബിളിലെ അവസാനപുസ്തകം നമ്മളെ സഹായിക്കുന്നുണ്ട്. (വെളിപാട് 12:1, 2, 5, 10 വായിക്കുക.) അവിടെ സൂചിപ്പിക്കുന്നതനുസരിച്ച് അത് ഒരു സാധാരണ സ്ത്രീയല്ല. കാരണം അവളുടെ കാൽക്കീഴിൽ ചന്ദ്രനും തലയിൽ 12 നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടവും ഉണ്ട്. ഇനി, അവൾ ജന്മം നൽകുന്ന കുഞ്ഞ് ദൈവരാജ്യമാണ്. ആ രാജ്യം സ്വർഗത്തിലാണ്. അതുകൊണ്ട് സ്ത്രീയും സ്വർഗത്തിലാണുണ്ടായിരിക്കേണ്ടത്. ഈ സ്ത്രീ സൂചിപ്പിക്കുന്നത് യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തെയാണ്. വിശ്വസ്തരായ ദൈവദൂതന്മാർ ചേർന്നതാണ് അത്.—ഗലാ. 4:26.
സ്ത്രീ
യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗം. വിശ്വസ്തരായ ആത്മവ്യക്തികൾ ചേർന്നതാണ് അത് (7-ാം ഖണ്ഡിക കാണുക)
8. സ്ത്രീയുടെ സന്തതിയുടെ മുഖ്യഭാഗം ആരാണ്, എപ്പോഴാണ് അങ്ങനെയായിത്തീർന്നത്? (ഉൽപത്തി 22:15-18)
8 സ്ത്രീയുടെ സന്തതിയുടെ മുഖ്യഭാഗം ആരാണെന്നു മനസ്സിലാക്കാനും ബൈബിൾ നമ്മളെ സഹായിക്കുന്നുണ്ട്. ആ സന്തതി അബ്രാഹാമിന്റെ പിൻതലമുറക്കാരനായി ജനിക്കുമെന്നു പ്രവചനത്തിൽ പറഞ്ഞിരുന്നു. (ഉൽപത്തി 22:15-18 വായിക്കുക.) യേശു ജനിച്ചത് അങ്ങനെതന്നെയാണ്. (ലൂക്കോ. 3:23, 34) പക്ഷേ ആ സന്തതി സാധാരണ ഒരു മനുഷ്യനെക്കാൾ ശക്തനായിരിക്കേണ്ടിയിരുന്നു. കാരണം അദ്ദേഹമായിരുന്നു സാത്താനെ തകർത്ത് ഇല്ലാതാക്കേണ്ടത്. അതുകൊണ്ട് ഏകദേശം 30 വയസ്സുള്ളപ്പോൾ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തു. അതോടെ യേശു സ്ത്രീയുടെ സന്തതിയുടെ മുഖ്യഭാഗമായി. (ഗലാ. 3:16) പിന്നീട് യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യഹോവ യേശുവിനെ “മഹത്ത്വവും ബഹുമാനവും അണിയിച്ചു.” ‘പിശാചിന്റെ പ്രവൃത്തികളെ തകർക്കാനുള്ള’ അധികാരം ഉൾപ്പെടെ ‘സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും’ നൽകുകയും ചെയ്തു.—എബ്രാ. 2:7; മത്താ. 28:18; 1 യോഹ. 3:8.
സ്ത്രീയുടെ സന്തതി
യേശുക്രിസ്തുവും 1,44,000 സഹഭരണാധികാരികളും (8-9 ഖണ്ഡികകൾ കാണുക)
9-10. (എ) സ്ത്രീയുടെ സന്തതിയിൽ വേറെ ആരുംകൂടെ ഉൾപ്പെടുന്നുണ്ട്, അവർ എപ്പോഴാണ് ആ സന്തതിയുടെ ഭാഗമായിത്തീരുന്നത്? (ബി) ഇനി നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
9 എന്നാൽ ഈ സന്തതിയിൽ മുഖ്യഭാഗമായ യേശുവിനെ കൂടാതെ മറ്റു ചിലരുമുണ്ട്. ആ ഉപഭാഗത്തെ തിരിച്ചറിയാൻ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ നമ്മളെ സഹായിക്കുന്നു. ജൂതന്മാരും ജനതകളിൽപ്പെട്ടവരും ആയ അഭിഷിക്ത ക്രിസ്ത്യാനികളോടു സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു: “ക്രിസ്തുവിനുള്ളവരാണെങ്കിൽ നിങ്ങൾ ശരിക്കും അബ്രാഹാമിന്റെ സന്തതിയും വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ അവകാശികളും ആണ്.” (ഗലാ. 3:28, 29) യഹോവ ഒരു ക്രിസ്ത്യാനിയെ തന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുമ്പോൾ ആ വ്യക്തി സ്ത്രീയുടെ സന്തതിയുടെ ഭാഗമായിത്തീരുന്നു. അതുകൊണ്ട് യേശുക്രിസ്തുവും 1,44,000 സഹഭരണാധികാരികളും ചേർന്നതാണു സ്ത്രീയുടെ സന്തതി എന്നു നമുക്കു പറയാം. (വെളി. 14:1) അവരെല്ലാം തങ്ങളുടെ പിതാവായ യഹോവയുടെ ചിന്തകളും പ്രവൃത്തികളും അനുകരിക്കാൻ ശ്രമിക്കുന്നു.
10 നമ്മൾ ഇതുവരെ ഉൽപത്തി 3:15-ലെ കഥാപാത്രങ്ങൾ ആരൊക്കെയാണെന്നു മനസ്സിലാക്കി. ഇനി നമുക്ക് യഹോവ എങ്ങനെയാണ് ആ പ്രവചനം പടിപടിയായി നിറവേറാൻ ഇടയാക്കുന്നതെന്നും അതെക്കുറിച്ച് മനസ്സിലാക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നോക്കാം.
ഈ പ്രവചനം ഇതുവരെ എങ്ങനെ നിറവേറിയിരിക്കുന്നു?
11. ഏത് അർഥത്തിലാണു സ്ത്രീയുടെ സന്തതിയുടെ “ഉപ്പൂറ്റി” ചതയ്ക്കപ്പെട്ടത്?
11 സർപ്പം സ്ത്രീയുടെ സന്തതിയുടെ “ഉപ്പൂറ്റി” ചതയ്ക്കുമെന്ന് ഉൽപത്തി 3:15-ലെ പ്രവചനം മുൻകൂട്ടിപ്പറഞ്ഞിരുന്നു. ജൂതന്മാരെയും റോമാക്കാരെയും ഉപയോഗിച്ചുകൊണ്ട് സാത്താൻ ദൈവപുത്രനെ കൊന്നുകളഞ്ഞപ്പോൾ അതു നിറവേറി. (ലൂക്കോ. 23:13, 20-24) ഉപ്പൂറ്റിയിൽ ഒരു പരിക്കു പറ്റുന്ന ആൾക്കു കുറച്ച് കാലത്തേക്കു നടക്കാൻ എന്തായാലും ബുദ്ധിമുട്ടുണ്ടാകും. അതുപോലെ യേശുവിനും മരിച്ച് കല്ലറയിലായിരുന്ന ആ കുറച്ച് സമയത്തേക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.—മത്താ. 16:21.
12. സർപ്പത്തിന്റെ തല എപ്പോൾ, എങ്ങനെ തകർക്കും?
12 സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കുമെന്നും പ്രവചനം മുൻകൂട്ടിപ്പറഞ്ഞിരുന്നു. യേശു മരിച്ചയവസ്ഥയിൽ തുടർന്നാൽ ആ പ്രവചനം നിറവേറില്ലായിരുന്നു. അതുകൊണ്ട് യേശു മരിച്ച് മൂന്നാം ദിവസം യഹോവ യേശുവിനെ അമർത്യജീവനുള്ള ആത്മവ്യക്തിയായി ഉയിർപ്പിച്ചു. ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്ത് യേശു പിശാചിനെ തകർത്ത് ഇല്ലാതാക്കും. (എബ്രാ. 2:14) ദൈവത്തിന്റെ എല്ലാ ശത്രുക്കളെയും, അതായത് സർപ്പത്തെയും സർപ്പത്തിന്റെ സന്തതിയെയും, നശിപ്പിക്കുന്നതിൽ യേശുവിനോടൊപ്പം സഹഭരണാധികാരികൾക്കും പങ്കുണ്ടായിരിക്കും.—വെളി. 17:14; 20:4, 10.d
ഈ പ്രവചനം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
13. ഈ പ്രവചനം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
13 ദൈവത്തിനു ജീവിതം സമർപ്പിച്ച ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ ഈ പ്രവചനത്തിൽനിന്ന് നിങ്ങൾ പ്രയോജനം നേടുന്നുണ്ട്. ഒരു മനുഷ്യനായി ഭൂമിയിലേക്കു വന്ന യേശു തന്റെ പിതാവിനെ ഏറ്റവും നന്നായി അനുകരിച്ചു. (യോഹ. 14:9) അതുകൊണ്ട് യേശുവിനെക്കുറിച്ച് പഠിക്കുന്നതിലൂടെ നമുക്കു ദൈവമായ യഹോവയെ അറിയാനും സ്നേഹിക്കാനും കഴിയുന്നു. കൂടാതെ യേശു പഠിപ്പിച്ച കാര്യങ്ങളിൽനിന്നും ഇന്നു യേശു സഭയെ വഴിനയിക്കുന്നതിൽനിന്നും നമ്മൾ പ്രയോജനം നേടുന്നുണ്ട്. യഹോവയുടെ അംഗീകാരം കിട്ടുന്ന വിധത്തിൽ എങ്ങനെ ജീവിക്കാമെന്നു യേശു നമ്മളെ പഠിപ്പിച്ചു. ഇനി, യേശുവിന്റെ ഉപ്പൂറ്റി ചതയ്ക്കപ്പെട്ടതിലൂടെയും, അതായത് യേശുവിന്റെ മരണത്തിലൂടെയും, നമുക്കു പ്രയോജനം ലഭിക്കുന്നുണ്ട്. മരിച്ച് ഉയിർപ്പിക്കപ്പെട്ട യേശു തന്റെ ബലിയുടെ മൂല്യം ദൈവത്തിന്റെ മുമ്പാകെ അർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് യഹോവ ‘എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നത്.’—1 യോഹ. 1:7.
14. ഏദെനിലെ പ്രവചനം അപ്പോൾത്തന്നെ നിറവേറിയില്ലെന്നു നമുക്ക് എങ്ങനെ അറിയാം? വിശദീകരിക്കുക.
14 യഹോവ ഏദെനിൽവെച്ച് പറഞ്ഞ കാര്യം നിറവേറാൻ കുറച്ച് കാലമെടുക്കുമെന്ന് ആ പ്രവചനത്തിലെതന്നെ വാക്കുകൾ സൂചിപ്പിക്കുന്നുണ്ട്. കാരണം സ്ത്രീയുടെ സന്തതി വരണം; ഇനി, പിശാചിന് അവന്റെ അനുയായികളെ കൂട്ടിച്ചേർക്കണം; ഈ രണ്ടു കൂട്ടരും തമ്മിലുള്ള ശത്രുത വളരണം. ഇതിനെല്ലാം സമയമെടുക്കുമായിരുന്നു. ഈ പ്രവചനത്തെക്കുറിച്ച് മനസ്സിലാക്കുന്നതു നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? സാത്താൻ ഭരിക്കുന്ന ഈ ലോകം യഹോവയുടെ ആരാധകരെ വെറുക്കുമെന്ന് അതു സൂചിപ്പിച്ചു. പിന്നീട് യേശു തന്റെ ശിഷ്യന്മാർക്ക് അതുപോലൊരു മുന്നറിയിപ്പു നൽകി. (മർക്കോ. 13:13; യോഹ. 17:14) പ്രവചനത്തിന്റെ ആ ഭാഗം നിറവേറുന്നതു നമ്മൾ ഇന്നു കാണുന്നുണ്ട്, പ്രത്യേകിച്ച് കഴിഞ്ഞ 100 വർഷങ്ങളിൽ. എങ്ങനെയാണ് അത്?
15. ലോകത്തിനു ദൈവജനത്തോടുള്ള വെറുപ്പു മുമ്പത്തേതിലും കൂടിയിരിക്കുന്നത് എന്തുകൊണ്ട്, എന്നാൽ നമ്മൾ സാത്താനെ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
15 യേശു 1914-ൽ ദൈവരാജ്യത്തിന്റെ രാജാവായി അധികം താമസിയാതെതന്നെ സാത്താനെ സ്വർഗത്തിൽനിന്ന് പുറത്താക്കി. ഇപ്പോൾ ഭൂമി മാത്രമാണു സാത്താന്റെ പ്രവർത്തനമണ്ഡലം. മാത്രമല്ല, തന്റെ അവസാനം അടുത്തിരിക്കുന്നെന്നും സാത്താന് അറിയാം. (വെളി. 12:9, 12) പക്ഷേ അതോർത്ത് സാത്താൻ വെറുതേയിരിക്കുന്നില്ല. ദൈവജനത്തിന് എതിരെ വളരെ ദേഷ്യത്തോടെ അവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. (വെളി. 12:13, 17) അതുകൊണ്ടുതന്നെ സാത്താന്റെ കീഴിലുള്ള ലോകത്തിനു ദൈവജനത്തോടുള്ള വെറുപ്പ് മുമ്പത്തേതിലും കൂടിയിരിക്കുന്നു. പക്ഷേ നമ്മൾ സാത്താനെയും അവന്റെ അനുയായികളെയും പേടിക്കേണ്ടതില്ല. പകരം പൗലോസ് അപ്പോസ്തലനുണ്ടായിരുന്ന അതേ ഉറപ്പ് നമുക്കുമുണ്ടായിരിക്കാനാകും. പൗലോസ് ഇങ്ങനെ പറഞ്ഞു: “ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?” (റോമ. 8:31) ഉൽപത്തി 3:15-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മിക്കതും ഇതിനോടകം നിറവേറിക്കഴിഞ്ഞെന്നു നമ്മൾ മനസ്സിലാക്കി. അതുകൊണ്ട് യഹോവയുടെ വാക്കുകൾ നമുക്കു പൂർണമായി വിശ്വസിക്കാം.
16-18. ഉൽപത്തി 3:15-ലെ പ്രവചനത്തെക്കുറിച്ച് മനസ്സിലാക്കിയത് കെർട്ടിസ്, ഉർസൂല, ജസീക്ക എന്നീ സഹോദരങ്ങളെ സഹായിച്ചത് എങ്ങനെ?
16 നമുക്കുണ്ടായേക്കാവുന്ന ഏതൊരു പരിശോധനയും സഹിച്ചുനിൽക്കാൻ ഉൽപത്തി 3:15-ൽ കാണുന്ന യഹോവയുടെ വാക്കുകൾ നമ്മളെ സഹായിക്കും. ഗ്വാം എന്ന സ്ഥലത്ത് മിഷനറിയായി സേവിക്കുന്ന കെർട്ടിസ് സഹോദരൻ പറയുന്നു: “യഹോവയോടു വിശ്വസ്തനായി തുടരാൻ പറ്റുമോ എന്നു ചിന്തിച്ചുപോകുന്ന പല പ്രശ്നങ്ങളും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എങ്കിലും ഉൽപത്തി 3:15-ലെ പ്രവചനത്തെക്കുറിച്ച് ചിന്തിച്ചത് യഹോവയുടെ വാക്കുകൾ കൂടുതൽക്കൂടുതൽ വിശ്വസിക്കാൻ എന്നെ സഹായിച്ചു.” യഹോവ നമ്മുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്ന ആ ദിവസത്തിനായി കെർട്ടിസ് സഹോദരൻ കാത്തിരിക്കുകയാണ്.
17 ഉൽപത്തി 3:15-ലെ പ്രവചനത്തെക്കുറിച്ച് പഠിച്ചപ്പോൾ ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന തന്റെ ബോധ്യം കുറെക്കൂടെ ശക്തമായതായി ജർമനിയിലുള്ള ഉർസൂല സഹോദരി പറയുന്നു. ഈ പ്രവചനത്തോടു ദൈവവചനത്തിലെ മറ്റെല്ലാ പ്രവചനങ്ങളും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കിയതു സഹോദരിയെ ശരിക്കും അതിശയിപ്പിച്ചു. സഹോദരി ഇങ്ങനെയും പറയുന്നു: “മനുഷ്യരെ ഉപേക്ഷിച്ചുകളയാതെ യഹോവ പെട്ടെന്നുതന്നെ അവർക്കു പ്രത്യാശയ്ക്കുള്ള ഒരു വഴി തുറന്നതിനെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ യഹോവയോടുള്ള എന്റെ സ്നേഹം ഒത്തിരി കൂടി.”
18 മൈക്രോനേഷ്യയിലുള്ള ജസീക്ക സഹോദരി പറയുന്നു: “ഇതാണു സത്യമെന്നു തിരിച്ചറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഉൽപത്തി 3:15-ലെ പ്രവചനം ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുകയാണെന്ന് എനിക്കു മനസ്സിലായി. ഇപ്പോഴത്തെ ഈ ജീവിതമല്ല യഹോവ നമുക്കുവേണ്ടി ഉദ്ദേശിച്ചിരിക്കുന്ന ശരിക്കുള്ള ജീവിതം എന്നു തിരിച്ചറിയാൻ ആ പ്രവചനം എന്നെ സഹായിച്ചു. മാത്രമല്ല, യഹോവയെ സേവിക്കുന്നതിലൂടെ ഇപ്പോൾത്തന്നെ നല്ലൊരു ജീവിതം ആസ്വദിക്കാനാകുമെന്നും ഭാവിയിൽ അതിലും നല്ലൊരു ജീവിതം ലഭിക്കുമെന്നും ഉള്ള വിശ്വാസം ശക്തമാകാനും ആ പ്രവചനം സഹായിച്ചു.”
19. പ്രവചനത്തിന്റെ അവസാനഭാഗം നിറവേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
19 നമ്മൾ കണ്ടതുപോലെ ഉൽപത്തി 3:15-ലെ പ്രവചനം ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീയുടെ സന്തതിയെയും സർപ്പത്തിന്റെ സന്തതിയെയും കുറിച്ച് നമ്മൾ വ്യക്തമായി മനസ്സിലാക്കി. സ്ത്രീയുടെ സന്തതിയുടെ മുഖ്യഭാഗമായ യേശുവിന്റെ ഉപ്പൂറ്റിയിലെ മുറിവ് ഉണങ്ങി. യേശു ഇപ്പോൾ വളരെ ശക്തിയുള്ള, അമർത്യനായ രാജാവാണ്. സ്ത്രീയുടെ സന്തതിയുടെ ഉപഭാഗത്തിലെ മിക്കവാറും എല്ലാവരെയുംതന്നെ തിരഞ്ഞെടുത്തുകഴിഞ്ഞു. പ്രവചനത്തിന്റെ ആദ്യഭാഗം ഇതിനോടകം നിറവേറിയിരിക്കുന്നതുകൊണ്ട് നമുക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാം: അതിന്റെ അവസാനഭാഗവും, അതായത് സാത്താന്റെ തല തകർക്കും എന്ന കാര്യവും, ഉറപ്പായും നടക്കും. സാത്താൻ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുമ്പോൾ വിശ്വസ്തരായ മനുഷ്യർക്ക് അത് എത്ര വലിയ ആശ്വാസമായിരിക്കും! അതുവരെ മടുത്തുപോകാതെ നമുക്കു പിടിച്ചുനിൽക്കാം. നമ്മുടെ ദൈവത്തെ നമുക്കു പൂർണമായി വിശ്വസിക്കാം. സ്ത്രീയുടെ സന്തതിയെ ഉപയോഗിച്ചുകൊണ്ട് യഹോവ ‘ഭൂമിയിലെ സകല ജനതകളെയും’ ധാരാളമായി അനുഗ്രഹിക്കും.—ഉൽപ. 22:18.
ഗീതം 23 യഹോവ ഭരണം തുടങ്ങുന്നു
a ഉൽപത്തി 3:15-ലെ പ്രവചനം നന്നായി മനസ്സിലാക്കിയാൽ മാത്രമേ ബൈബിളിന്റെ സന്ദേശം പൂർണമായി ഉൾക്കൊള്ളാൻ നമുക്കു കഴിയൂ. ആ പ്രവചനത്തെക്കുറിച്ച് പഠിക്കുമ്പോൾ യഹോവയിലുള്ള നമ്മുടെ വിശ്വാസം വളരും. കൂടാതെ യഹോവ തന്റെ വാക്കുകൾ എല്ലാം നിറവേറ്റുമെന്ന ബോധ്യം ശക്തമാകുകയും ചെയ്യും.
b പുതിയ ലോക ഭാഷാന്തരത്തിന്റെ അനുബന്ധം ബി1-ൽ “ബൈബിളിന്റെ സന്ദേശം” കാണുക.
c “ഉൽപത്തി 3:14, 15-ലെ കഥാപാത്രങ്ങൾ” എന്ന ചതുരം കാണുക.
d “ഉൽപത്തി 3:15-നോടു ബന്ധപ്പെട്ട ചില പ്രധാനസംഭവങ്ങൾ” എന്ന ചതുരം കാണുക.