സ്നാനസ്ഥലങ്ങൾ കഥാവശേഷമായ സമ്പ്രദായത്തിന്റെ മൂകസാക്ഷികൾ
ഫ്രാൻസിലെ ഉണരുക! ലേഖകൻ
“കത്തീഡ്രലിൽ നിമജ്ജനം ചെയ്തു സ്നാപനമേറ്റു,” 2001-ൽ ഒരു ഫ്രഞ്ച് വർത്തമാനപ്പത്രത്തിൽ വന്ന തലക്കെട്ടാണിത്. എന്നാൽ, ആ വാർത്തയ്ക്കൊപ്പം കൊടുത്തിരുന്നതാകട്ടെ, മുട്ടോളം വെള്ളമുള്ള ഒരു വലിയ സ്നാപനക്കുളത്തിൽ നിൽക്കുന്ന ഒരു മതപരിവർത്തകന്റെ തലയിൽ ഒരു കത്തോലിക്കാ ബിഷപ്പ് വെള്ളം ഒഴിക്കുന്ന ചിത്രവും. ഈ രംഗം ലോകമെമ്പാടും പല സ്ഥലങ്ങളിലും ആവർത്തിക്കപ്പെടുന്നു. വാസ്തവത്തിൽ, പുതിയ പരിവർത്തകരെ ഭാഗികമായ നിമജ്ജനത്തിനു വിധേയരാക്കിക്കൊണ്ടു സ്നാനപ്പെടുത്തുക എന്നതു രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ കത്തോലിക്കാ സഭയിൽ നിലവിലുള്ള ഒരു പ്രവണതയാണ്. ഇതിനോടനുബന്ധിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങൾ ഇവയാണ്: ശിശുക്കളായിരിക്കെ വെള്ളം തലയിൽ തളിച്ചുകൊണ്ടാണു മിക്ക കത്തോലിക്കരും സ്നാപനമേൽക്കുന്നതെന്നിരിക്കെ യോഹന്നാൻ സ്നാപകനും യേശുവിന്റെ അപ്പൊസ്തലന്മാരും പിൻപറ്റിയതിനു തത്തുല്യമായ സ്നാപനം ഏതാണ്? ക്രിസ്ത്യാനികൾ ഇന്നു സ്നാപനമേൽക്കേണ്ടത് എങ്ങനെയാണ്? ജ്ഞാനസ്നാന സ്ഥലങ്ങളുടെ ചരിത്രം പരിശോധിക്കുന്നത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിനു സഹായകമാണ്.a
സ്നാപനം—ഉത്ഭവവും അർഥവും
ജലത്തിൽ പൂർണ നിമജ്ജനം ചെയ്തുള്ളതായിരുന്നു ആദ്യകാല ക്രിസ്തീയ സ്നാപനങ്ങൾ. ഈ വസ്തുത ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നതാണ് എത്യോപ്യൻ ഉദ്യോഗസ്ഥനെ ഫിലിപ്പൊസ് സ്നാനപ്പെടുത്തുന്ന ബൈബിൾ വിവരണം. ക്രിസ്തു ആരെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ഒരു ജലാശയം കണ്ടപ്പോൾ ഇങ്ങനെ ചോദിച്ചു: “നിമജ്ജനം ചെയ്യുന്നതിൽനിന്ന് എന്നെ തടയുന്നത് എന്ത്?” (പ്രവൃത്തികൾ 8:26-39, ദി എംഫാറ്റിക് ഡയഗ്ലട്ട്) “നിമജ്ജനം ചെയ്യുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഗ്രീക്കുപദം ബാപ്റ്റിസോ ആണ്. അതിനർഥം “മുങ്ങുക”, “ആഴ്ത്തുക” എന്നൊക്കെയാണ്. പ്രസ്തുത ഗ്രീക്കുപദം പൂർണമായ നിമജ്ജനത്തെയാണു സൂചിപ്പിക്കുന്നത്. സ്നാപനത്തെ ശവസംസ്കാരവുമായി താരതമ്യം ചെയ്തിരിക്കുന്നുവെന്നത് ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. (റോമർ 6:4; കൊലൊസ്സ്യർ 2:12) അനേകം ഫ്രഞ്ച് ബൈബിൾ വിവർത്തകർ (ഉദാഹരണത്തിന് ഷൂരാക്കിയും പെർനോയും) സ്നാപക യോഹന്നാനെ “നിമജ്ജകനായ യോഹന്നാൻ” എന്നു വിളിച്ചിരിക്കുന്നുവെന്നതു ശ്രദ്ധേയമാണ്.
ക്രിസ്ത്യാനിത്വത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ, പൂർണ നിമജ്ജനത്താലുള്ള സ്നാപനം നടത്തിയിരുന്നത് വേണ്ടുവോളം വെള്ളമുണ്ടായിരുന്നിടത്ത് അതായത് നദികൾ, സമുദ്രം, സ്വകാര്യ സ്നാനക്കുളങ്ങൾ എന്നിവിടങ്ങളിലെല്ലാമായിരുന്നു. എന്നിരുന്നാലും, മതപരിവർത്തിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതോടെ റോമൻ സാമ്രാജ്യത്തിൽ അങ്ങോളമിങ്ങോളം, ദാൽമേഷിയമുതൽ പലസ്തീൻവരെയും ഗ്രീസ്മുതൽ ഈജിപ്തുവരെയും, അനേകം സ്നാനസ്ഥലങ്ങൾ നിർമിക്കപ്പെടുകയുണ്ടായി. പുരാവസ്തു ഗവേഷകർ കണ്ടെത്തിയതിൽ ഏറ്റവും പഴക്കംചെന്ന സ്നാനസ്ഥലങ്ങളിൽ ഒന്ന് സിറിയയിലേതാണ്; യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള അത് പൊതുയുഗം (പൊ.യു.) 230-നോടടുത്തു പണികഴിപ്പിച്ചതാണ്.
പൊ.യു. നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ‘ക്രിസ്തുമതത്തെ’ അംഗീകൃത മതമായി പ്രഖ്യാപിച്ചതോടെ ദശലക്ഷങ്ങൾ ‘ക്രിസ്ത്യാനികൾ’ ആയിത്തീർന്നു. അവരെയെല്ലാം സ്നാനപ്പെടുത്തുകയും ചെയ്യണമായിരുന്നു. ആ ലക്ഷ്യത്തോടെ എല്ലായിടത്തും സ്നാനസ്ഥലങ്ങൾ നിർമിച്ചു. പൊ.യു. ആറാം നൂറ്റാണ്ടോടെ റോമിൽമാത്രം 25 സ്നാനസ്ഥലങ്ങളെങ്കിലും പണിയുകയുണ്ടായി. അതിലൊന്നാണ് സെന്റ് ജോൺ ലാറ്റെറാൻ ബസിലിക്കയിലുള്ളത്. ഗോളിൽ ഓരോ രൂപതയ്ക്കും സ്വന്തം സ്നാനസ്ഥലം ഉണ്ടായിരുന്നുവെന്നുവേണം കരുതാൻ. 150-ഓളം സ്നാനസ്ഥലങ്ങൾ അവിടെ ഉണ്ടായിരുന്നതായി ഒരു ഗ്രന്ഥം പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ ചെറിയ പള്ളികൾ, ശവക്കോട്ടകൾ, ആശ്രമങ്ങൾ എന്നിവയോടു ചേർന്ന് നൂറുകണക്കിനു വേറെയും ഉണ്ടായിരുന്നിരിക്കാം.
നിർമാണം, ജലവിതരണം
വൃത്താകൃതിയോ ബഹുഭുജ ആകൃതിയോ ആയിരുന്നു മിക്ക സ്നാനസ്ഥലങ്ങൾക്കും. നിലവിലുള്ള ഒരു പള്ളിയോടു ചേർന്നോ വേറിട്ടോ ആണ് ഈ കെട്ടിടങ്ങൾ നിർമിച്ചിരുന്നത്. സാധാരണഗതിയിൽ 2,000 ചതുരശ്ര അടിയിലും വലിപ്പം കുറഞ്ഞ അവ സ്തംഭനിരകൾ, മാർബിൾ, മൊസെയ്ക്ക്, ചിലപ്പോഴൊക്കെ ബൈബിൾ രംഗങ്ങൾ ആവിഷ്കരിച്ചുകൊണ്ടുള്ള ചുവർചിത്രങ്ങൾ എന്നിവയാൽ അലങ്കൃതമായിരുന്നു എന്നാണു പുരാവസ്തു ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. കൊർസിക്കയിലെ മരിയാനയിലേതുപോലുള്ള ചില സ്നാനസ്ഥലങ്ങളിൽ കുളത്തിനു മുകളിൽ അലങ്കാരപ്പണികളോടുകൂടിയ മേൽക്കെട്ടിയുണ്ടായിരുന്നു. സ്നാനസ്ഥലങ്ങൾ എന്ന പേര് ആ കുളങ്ങളെത്തന്നെ സൂചിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. അവ വൃത്തമോ സമചതുരമോ ദീർഘചതുരമോ കുരിശാകൃതിയോ അഷ്ടഭുജമോ ഷഡ്ഭുജമോ ആയിരുന്നു. ആദ്യകാല സ്നാനസ്ഥലങ്ങളുടെ ആഴവും വീതിയും കാണിക്കുന്നത് മുതിർന്നവരെ സ്നാനപ്പെടുത്തുന്നതിനു വേണ്ടിയാണ് അവ നിർമിച്ചതെന്നാണ്. കുറഞ്ഞത് രണ്ടു പേർക്കെങ്കിലും ഇറങ്ങിനിൽക്കാൻ സാധിക്കത്തക്ക വലിപ്പം സാധാരണഗതിയിൽ അവയ്ക്കുണ്ടായിരുന്നു. ഉദാഹരണത്തിന് മധ്യപൂർവ ഫ്രാൻസിലെ ലിയൊണിലുള്ള സ്നാനക്കുളത്തിന് 10 അടി വീതിയുണ്ട്. പല കുളങ്ങൾക്കും വെള്ളത്തിലിറങ്ങുന്നതിനായി നടകൾ ഉണ്ടായിരുന്നു, സാധാരണമായി ഏഴെണ്ണം.
നിർമാതാക്കൾ നേരിട്ട ഒരു മുഖ്യ വെല്ലുവിളി വെള്ളം കണ്ടെത്തുക എന്നതായിരുന്നു. പല സ്നാനസ്ഥലങ്ങളും നിർമിച്ചത് ഒരു സ്വാഭാവിക നീരുറവയോടു ചേർന്നായിരുന്നു; അതുമല്ലെങ്കിൽ ദക്ഷിണ ഫ്രാൻസിലെ നിസിലേതുപോലെ, ഉഷ്ണനീരുറവയിൽനിന്നു വെള്ളം എത്തിച്ചേർന്നിരുന്ന കുളങ്ങളുടെ ശൂന്യശിഷ്ടങ്ങളിലും. മിക്കപ്പോഴും പൈപ്പുകൾ വഴിയാണു കുളത്തിന് അകത്തേക്കും പുറത്തേക്കും വെള്ളം എത്തിച്ചിരുന്നത്. മഴവെള്ളം സമീപത്തുള്ള ജലസംഭരണിയിൽനിന്നു തൊട്ടിയിൽ കോരിയെടുത്തു കുളത്തിൽ ഒഴിക്കുന്ന രീതിയും ഉണ്ടായിരുന്നു.
നാലാം നൂറ്റാണ്ടിലെ ‘ക്രിസ്തീയ’ സ്നാനസ്ഥലങ്ങൾ എങ്ങനെയുള്ളതായിരുന്നു എന്നതിന്റെ നല്ലൊരു മാതൃകയാണു പൊ.യു. 350-നോടടുത്തു നിർമിച്ച പശ്ചിമ ഫ്രാൻസിലെ പ്വാറ്റിയെ നഗരത്തിലുള്ള സെന്റ് ജോൺ സ്നാനസ്ഥലം. അവിടെ, നിരവധി അനുബന്ധ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ദീർഘ ചതുരാകൃതിയിലുള്ള ഒരു മുറിക്കകത്തു മൂന്നു പടികളോടുകൂടിയ വലിയൊരു അഷ്ടപാർശ്വ കുളമുണ്ട്. ഏറ്റവും വീതിയുള്ള ഭാഗത്തുനിന്ന് അളന്നാൽ കുളത്തിന് 7 അടി വീതിയും 4.5 അടി ആഴവും ഉണ്ട്. ഇതിൽ വെള്ളം എത്തിച്ചിരുന്നതു നഗര സമീപത്തുള്ള ഒരു നീരുറവയിൽനിന്നാണ്.
നിമജ്ജനം പൂർണമോ, ഭാഗികമോ?
പൂർണ നിമജ്ജനത്താലുള്ള സ്നാപനമായിരുന്നോ ഇത്തരം സ്നാനസ്ഥലങ്ങളിൽ നടന്നിരുന്നത്? അല്ല എന്നാണു ചില കത്തോലിക്കാ ചരിത്രകാരന്മാർ പറയുന്നത്. വെള്ളം തളിച്ചുകൊണ്ടുള്ള (തലയിൽ വെള്ളം ഒഴിച്ചുകൊണ്ടുള്ള) ഭാഗികമായ സ്നാനമാണു കത്തോലിക്കാ സഭയുടെ ആദ്യകാല ചരിത്രത്തിൽ നിലനിന്നിരിക്കാനിടയുള്ള രീതിയെന്നാണ് അവരുടെ അവകാശവാദം. മാത്രമല്ല, പല കുളങ്ങൾക്കും ഒരു മീറ്ററിൽ (മൂന്ന് അടി) കൂടുതൽ ആഴം ഇല്ലായിരുന്നെന്നും അക്കാരണത്താൽ മുതിർന്ന ഒരു വ്യക്തിക്കു നിമജ്ജനം ചെയ്യാൻ ആവശ്യമായ ആഴം അവയ്ക്കില്ലായിരുന്നെന്നും അവർ വാദിക്കുന്നു. ഒരു കത്തോലിക്കാ എൻസൈക്ലോപ്പീഡിയ പറയുന്നത് പ്വാറ്റിയെ നഗരത്തിലെ സ്നാനസ്ഥലത്ത് “പുരോഹിതനു പാദങ്ങൾ നനയാതെതന്നെ മുകളിൽനിന്ന് മൂന്നാമത്തെ പടിയിൽ നിൽക്കാമായിരുന്നു” എന്നാണ്.
എന്നിരുന്നാലും സ്നാപനത്തെക്കുറിച്ചുള്ള പിൽക്കാല ചിത്രീകരണങ്ങളിൽപോലും സ്നാപനാർഥിയുടെ നെഞ്ചുവരെയോ കഴുത്തുവരെപോലുമോ വെള്ളം ഉള്ളതായിട്ടാണു കാണുന്നത്. പൂർണ നിമജ്ജനമായിരുന്നു സാധാരണരീതി എന്നാണ് അവ വ്യക്തമാക്കുന്നത്. (മുകളിലത്തെ ചിത്രങ്ങൾ കാണുക.) പ്രായപൂർത്തിയായ ഒരാളുടെ അരയ്ക്കൊപ്പമേ വെള്ളം ഉണ്ടായിരുന്നുള്ളുവെങ്കിൽകൂടി പൂർണ ജലനിമജ്ജനം സാധ്യമായിരുന്നോ? മുട്ടികുത്തിയിരിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യുന്ന സ്നാപനാർഥി വെള്ളത്തിൽ പൂർണമായി മുങ്ങുന്നതുവരെ വെള്ളം താത്കാലികമായി അടച്ചു നിറുത്തിയിരുന്നിട്ടുണ്ടാകാം എന്ന് ഒരു കൃതി പറയുന്നു.b കത്തോലിക്കാ ആരാധനാ ക്രമത്തെക്കുറിച്ചു പഠിപ്പിക്കുന്ന പാരീസിലെ ഒരു പ്രൊഫസറായ പൈയെർ ഷുനെൽ പറയുന്നു: സ്നാപനാർഥിയെ “അരയ്ക്കൊപ്പം വെള്ളത്തിൽ നിറുത്തിയിട്ട് പുരോഹിതനോ ഡീക്കനോ അയാളുടെ തലയിൽ കൈവെച്ച് അയാളെ കുനിച്ച് പൂർണമായ നിമജ്ജനത്തിനു വിധേയനാക്കുന്നു.”
ക്രമാനുഗതമായി വലിപ്പം നഷ്ടമാകുന്നു
അപ്പൊസ്തലന്മാരുടെ കാലത്തുണ്ടായിരുന്ന വളരെ ലളിതമായ സ്നാപനച്ചടങ്ങ് കാലക്രമത്തിൽ സങ്കീർണമായ അനുഷ്ഠാനമായി പരിണമിച്ചു; പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നതും ഉച്ചാടന പ്രാർഥനകൾ നടത്തുന്നതും വെള്ളം ആശിർവദിക്കുന്നതും വിശ്വാസപ്രമാണം ചൊല്ലുന്നതും അഭിഷേകം ചെയ്യുന്നതുമെല്ലാം അതിന്റെ ഭാഗമായിത്തീർന്നു. ഭാഗികമായി നിമജ്ജനം ചെയ്തുകൊണ്ടുള്ള സ്നാപനം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. സ്നാനസ്ഥലങ്ങളുടെ വലിപ്പം കുറയാൻ തുടങ്ങി; അവയിൽ ചിലതിന്റെ യഥാർഥ വീതിയും ആഴവും നേർ പകുതിയോ അതിലും കുറവോപോലും ആയിത്തീർന്നു. ഉദാഹരണത്തിന് ദക്ഷിണ ഫ്രാൻസിലെ കാസെറിലുള്ള 3.5 അടി ആഴമുണ്ടായിരുന്ന കുളം ആറാം നൂറ്റാണ്ടോടെ ഏതാണ്ട് 1.5 അടിയായിത്തീർന്നു. പിന്നീട്, ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ മതത്തിൽ ഭാഗികമായ നിമജ്ജനത്തിന്റെ സ്ഥാനത്ത് തലയിൽ വെള്ളം തളിക്കുന്ന രീതി നിലവിൽവന്നു. ഫ്രഞ്ച് അക്കാദമിയിലെ ഒരംഗമായ പൈയെർ ഷോനു അതിനു കാരണമായി പറയുന്നത് ഇതാണ്: “അതിശൈത്യമുള്ള രാജ്യങ്ങളിൽ ശിശുസ്നാനം ഏറെ സാധാരണമായിത്തീർന്നു, എന്നാൽ ഒരു കൈക്കുഞ്ഞിനെ തണുത്ത വെള്ളത്തിൽ നിമജ്ജനം ചെയ്യുന്നതു പ്രായോഗികമല്ലായിരുന്നുതാനും.”
ഇത്തരം വികാസങ്ങൾ ഒന്നിനൊന്നു ചെറുതായ സ്നാന സൗകര്യങ്ങൾ നിർമിക്കുന്നതിന് ഇടയാക്കി. സ്നാപനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള തന്റെ പഠനത്തിൽ ചരിത്രകാരനായ ഫ്രെഡറിക് ബ്യൂളെ ഇങ്ങനെ പറയുന്നു: “പുരാവസ്തു ശാസ്ത്രം, ലിഖിത രേഖകൾ, ചിത്രകലകൾ എന്നിവ വെളിപ്പെടുത്തുന്നതു ക്രിസ്തീയ യുഗത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ നിലവിലിരുന്ന മുതിർന്നവരുടെ പൂർണ ജലനിമജ്ജത്തിൽനിന്ന് ക്രമേണ അതു മുതിർന്നവരുടെ ഭാഗികമായ നിമജ്ജനവും ശിശുക്കളുടെ പൂർണമായ നിമജ്ജനവും ആയി മാറുകയും പിന്നീട് ശിശുക്കളുടെ തലയിൽ വെള്ളം തളിച്ചുകൊണ്ടുള്ളതായി പരിണമിക്കുകയും ചെയ്തു എന്നാണ്.”
ഭാഗികമായ നിമജ്ജനത്തോടെയുള്ള മുതിർന്നവരുടെ സ്നാപനത്തിന് ഇന്നു പ്രചാരമേറി വരികയാണ്; ആധുനിക സ്നാനസ്ഥലങ്ങൾക്കു മുമ്പത്തെക്കാൾ വലിപ്പവും വർധിക്കുന്നു. മുമ്പെന്നത്തെക്കാളധികം ഇന്ന് കത്തോലിക്കാ സഭയുടെ ആരാധനാക്രമം പൂർണ നിമജ്ജനത്താലുള്ള സ്നാപനം പ്രോത്സാഹിപ്പിക്കുന്നു. സ്നാപനത്തോടുള്ള അഭിനിവേശം എന്നു ബ്യൂളെ വിശേഷിപ്പിച്ചതുമായി ചേർന്നുപോകുന്നു ഇത്. രസകരമെന്നു പറയട്ടെ, തുടക്കംമുതൽക്കേ ബൈബിൾ ക്രിസ്തീയ സ്നാപനത്തിന്റെ ഉചിതമായ രീതിയായി ചൂണ്ടിക്കാട്ടിയിട്ടുള്ളതു പൂർണ ജലനിമജ്ജനമാണ്.
[അടിക്കുറിപ്പുകൾ]
a ജ്ഞാനസ്നാന സ്ഥലം എന്നത് ജ്ഞാനസ്നാന അനുഷ്ഠാനങ്ങൾ നടത്തുന്ന പള്ളിയെയോ അതിന്റെ ഭാഗമായി നിർമിച്ച കെട്ടിടത്തെയോ ആണ് സാധാരണഗതിയിൽ സൂചിപ്പിക്കുന്നത്.
b ആധുനികകാലത്ത് യഹോവയുടെ സാക്ഷികളിൽ പലരും സ്നാപനമേറ്റിരിക്കുന്നത് ചെറിയ നീന്തൽക്കുളങ്ങൾ, കുളിക്കാനുള്ള വലിയ ടബ്ബുകൾ എന്നിവയിലും മറ്റും പൂർണമായി നിമജ്ജനം ചെയ്താണ്.
[13-ാം പേജിലെ ചിത്രം]
സെന്റ് ജോൺ സ്നാനസ്ഥലം; പ്വാറ്റിയെ, ഫ്രാൻസ്
[13-ാം പേജിലെ ചിത്രം]
അഞ്ചാം നൂറ്റാണ്ടിലെ സ്നാനസ്ഥലത്തിന്റെ പുനർനിർമാണം; മരിയാന, കൊർസിക്ക
[കടപ്പാട്]
© J.-B. Héron pour “Le Monde de la Bible”/Restitution: J. Guyon and J.-F. Reynaud, after G. Moracchini-Mazel
[14-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തുവിന്റെ സ്നാപന ചിത്രീകരണങ്ങൾ
യേശു നെഞ്ചൊപ്പം വെള്ളത്തിൽ യോർദ്ദാൻ നദിയിൽ, യേശുവിന്റെ ശരീരം തോർത്താൻ ദൂതന്മാർ ടവ്വൽ കൊണ്ടുവരുന്നു—ഒമ്പതാം നൂറ്റാണ്ട്
[കടപ്പാട്]
Cristal de roche carolingien - Le baptême du Christ © Musée des Antiquités, Rouen, France/Yohann Deslandes
യേശു യോർദ്ദാൻ നദിയിൽ കഴുത്തൊപ്പം വെള്ളത്തിൽ, അവന്റെ ശരീരം തോർത്താൻ തയ്യാറായി നിൽക്കുന്ന രണ്ടു ദൂതന്മാർ ഇടത്ത്—12-ാം നൂറ്റാണ്ട്
[കടപ്പാട്]
© Musée d’Unterlinden - F 68000 COLMAR/Photo O. Zimmermann