മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെടുമോ?
ഉത്തരത്തിനായുള്ള അന്വേഷണം
ദുർവാർത്തകളുടെ വേലിയേറ്റം നിങ്ങളെ ഉത്കണ്ഠപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നെങ്കിൽ നിങ്ങൾ തനിച്ചല്ലെന്ന് ഓർമിക്കുക. 2014-ൽ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ പറഞ്ഞത്, മാധ്യമങ്ങളിൽ വരുന്ന മോശമായ വാർത്തകളെല്ലാം കാണുമ്പോൾ പലരും നിഗമനം ചെയ്യുന്നത് “ഈ ലോകം ഗത്യന്തരമില്ലാതെ നട്ടംതിരിയുകയാണെന്നും . . . അതിന്റെ നിയന്ത്രണം കൈവിട്ടുപോയിരിക്കുന്നെന്നും” ആണ്.
എന്നാൽ ഈ പ്രസ്താവന നടത്തി അധികം വൈകാതെ, ലോകത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന മാർഗങ്ങളെക്കുറിച്ച് അദ്ദേഹം താത്പര്യപൂർവം സംസാരിച്ചു. ഗവൺമെന്റുകൾ ചെയ്യുന്ന ഇത്തരത്തിലുള്ള ചില പരിശ്രമങ്ങൾ ഒരു “സന്തോഷവാർത്ത” ആണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തനിക്കു “പ്രത്യാശ”യുണ്ടെന്നും “അങ്ങേയറ്റം ശുഭാപ്തിവിശ്വാസ”ത്തോടെയാണ് ഭാവിയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു വാക്കുകളിൽ പറഞ്ഞാൽ സദുദ്ദേശ്യത്തോടെയുള്ള മനുഷ്യരുടെ കൂട്ടായ ശ്രമങ്ങൾക്ക് ഈ ലോകത്തെ രക്ഷിക്കാനും അങ്ങനെ ഒരു ആഗോളദുരന്തം ഒഴിവാക്കാനും സാധിക്കും എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഈ ശുഭാപ്തിവിശ്വാസം അനേകർക്കുണ്ട്. ഉദാഹരണത്തിന്, ചിലർ ശാസ്ത്രത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യയിലുള്ള കുതിച്ചുചാട്ടങ്ങൾ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഡിജിറ്റൽസാങ്കേതിക വിദ്യയിൽ വിദഗ്ധനായ ഒരാൾ ആത്മവിശ്വാസത്തോടെ പറഞ്ഞത് ഇങ്ങനെയാണ്, 2030 ആകുമ്പോഴേക്കും “നമ്മുടെ സാങ്കേതികവിദ്യ ആയിരം മടങ്ങ് മെച്ചപ്പെട്ടിരിക്കും. 2045-ഓടെ ഒരു ദശലക്ഷം മടങ്ങ് മെച്ചപ്പെട്ടിരിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു: “കാര്യങ്ങളെല്ലാം നന്നായി പോകുന്നു. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ എന്നത്തേതിലും വലുതാണെങ്കിലും അവയെ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവു നമ്മൾ നേടിയിരിക്കുന്നു.”
എന്നാൽ യഥാർഥത്തിൽ ലോകാവസ്ഥകൾ എത്രത്തോളം മോശമാണ്? വരാൻപോകുന്ന ഒരു മഹാദുരന്തത്തിന്റെ പടിവാതിൽക്കലാണോ നമ്മൾ? പല ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയനേതാക്കന്മാരും പ്രത്യാശയ്ക്കു വകയുണ്ടെന്ന് പ്രസംഗിക്കുന്നെങ്കിലും, ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ അനേകർക്ക് ഇപ്പോഴും ആശങ്കയുണ്ട്. എന്തുകൊണ്ട്?
ആളുകളെ ഒന്നടങ്കം നശിപ്പിക്കാനുള്ള ആയുധങ്ങൾ. ഐക്യരാഷ്ട്ര സംഘടനയും മറ്റു സംഘടനകളും ആണവനിരായുധീകരണം നടത്തുന്നതിന് കിണഞ്ഞ് പരിശ്രമിക്കുന്നെങ്കിലും അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ഇനി, ചില നേതാക്കന്മാർ ആയുധനിയന്ത്രണ നിയമങ്ങൾ പുച്ഛിച്ചുതള്ളുന്നു. ആണവായുധങ്ങളുടെ ശേഖരമുള്ള രാജ്യങ്ങൾപോലും കൈവശമുള്ള ബോംബുകളുടെ പ്രഹരശേഷി വർധിപ്പിക്കാനും കൂടുതൽ മാരകമായവ നിർമിക്കാനും തിടുക്കം കാണിക്കുന്നു. ആളുകളെ ഒന്നടങ്കം കൊന്നൊടുക്കാൻ പര്യാപ്തമായ ആയുധങ്ങളില്ലാതിരുന്ന രാജ്യങ്ങൾക്കുപോലും ഇപ്പോൾ ഒരു പ്രദേശത്തെ മനുഷ്യസമൂഹത്തെ തുടച്ചുനീക്കാനുള്ള ആയുധങ്ങളുണ്ട്.
രാജ്യങ്ങളൊക്കെ മുമ്പെന്നെത്തെക്കാളും അധികം ഒരു ആണവയുദ്ധത്തിന് സജ്ജമായതിനാൽ “സമാധാനം” ഉള്ള അവസ്ഥയിൽപ്പോലും ലോകം അപകടകരമായ ഒരു സ്ഥലമായിരിക്കുകയാണ്. “മാനുഷ ഇടപെടലോ മേൽനോട്ടമോ കൂടാതെതന്നെ ‘കൊല്ലുക’ എന്ന തീരുമാനം കൈക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന വിനാശകാരികളായ ആയുധസജ്ജീകരണങ്ങൾ ആളുകളുടെ ആശങ്ക വർധിപ്പിക്കുന്നു” എന്ന് ആണവശാസ്ത്രജ്ഞരുടെ പത്രിക മുന്നറിയിപ്പു തരുന്നു.
നമ്മുടെ ആരോഗ്യം ഭീഷണിയിൽ. നല്ല ആരോഗ്യം നേടിത്തരുന്ന കാര്യത്തിൽ ശാസ്ത്രത്തിന് പരിമിതിയുണ്ട്. രോഗങ്ങൾക്ക് കാരണമാകുന്ന ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, വായുമലിനീകരണം, മരുന്നുകളുടെ ദുരുപയോഗം എന്നിവയെല്ലാം വർധിച്ചിരിക്കുന്നു. കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയാൽ അനേകം ആളുകൾ മരിക്കുകയാണ്. ഇനി മാനസികരോഗം പോലുള്ള മറ്റനേകം രോഗങ്ങളാൽ ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നു. ഈയടുത്ത വർഷങ്ങളിലാകട്ടെ എബോള, സിക്ക എന്നീ വൈറസുകൾമൂലം മാരകമായ പകർച്ചവ്യാധികൾ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറമാണ് രോഗം. അതിനൊരു അവസാനം ഉണ്ടാകുമെന്നു തോന്നുന്നില്ല.
പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം. ഭൂമിയുടെ അന്തരീക്ഷത്തെ ഫാക്ടറികൾ നിരന്തരമായി മലിനപ്പെടുത്തുന്നു. വിഷലിപ്തമായ വായു ശ്വസിച്ച് ദശലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും മരിക്കുന്നു.
വ്യക്തികളും സമൂഹവും ഗവൺമെന്റ് ഏജൻസികളും നിരന്തരമായി മലിനജലവും കാർഷികമാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും കടലിൽ തള്ളുന്നു. “ഈ വിഷമാലിന്യങ്ങൾ കടൽ ജീവികളെയും സസ്യങ്ങളെയും വിഷലിപ്തമാക്കുകയും ഇവയെ ഭക്ഷിക്കുന്ന മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു” എന്ന് സമുദ്രശാസ്ത്ര സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
മാത്രമല്ല, ശുദ്ധജലം തീർന്നുകൊണ്ടിരിക്കുകയുമാണ്. ഇതെക്കുറിച്ച് ഒരു ബ്രിട്ടീഷ് ശാസ്ത്രഗ്രന്ഥകർത്താവായ റോബിൻ മെക്കി ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു. “ശുദ്ധജലക്ഷാമം ഉടനെതന്നെ ലോകത്തെ മുഴുവനായും ബാധിക്കും.” ജലദൗർലഭ്യം പ്രധാനമായും മനുഷ്യൻ വരുത്തിവെച്ചിരിക്കുന്ന ഒരു പ്രശ്നമാണെന്ന് രാഷ്ട്രീയക്കാർ സമ്മതിക്കുന്നു. അത് ഗുരുതരമായ ഒരു അപകടത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
പ്രകൃതിദുരന്തങ്ങൾ മനുഷ്യരെ ദുരിതത്തിലാക്കുന്നു. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, ഭൂമികുലുക്കങ്ങൾ തുടങ്ങിയവ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മറ്റു നാശനഷ്ടങ്ങളും വരുത്തിവെക്കുന്നു. ഇതുമൂലം മുമ്പെന്നെത്തെക്കാളും അധികം ആളുകൾ കൊല്ലപ്പെടുകയോ അവരുടെ ജീവിതം ദുരിതത്തിലാകുകയോ ചെയ്തിട്ടുണ്ട്. വരുംകാലങ്ങളിൽ “ശക്തിയേറിയ കൊടുങ്കാറ്റുകൾക്കും മാരകമായ ഉഷ്ണക്കാറ്റുകൾക്കും മാറിമാറി വരുന്ന കടുത്ത വരൾച്ചയ്ക്കും വലിയ പ്രളയത്തിനും” ഉള്ള സാധ്യതകൾ എന്നെത്തെക്കാളും അധികമാണെന്ന് യു.എസ്. ദേശീയ വ്യോമയാന ബഹിരാകാശ കേന്ദ്രം നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ഇങ്ങനെ പോയാൽ പ്രകൃതിതന്നെ മനുഷ്യനെ കൊന്നൊടുക്കുമോ?
രക്ഷപ്പെടൽ അസാധ്യമാക്കുന്ന ഭയാനകമായ മറ്റനേകം ഭീഷണികളെക്കുറിച്ചും നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഇന്നു നമ്മൾ കാണുന്ന ഇത്തരം മോശമായ കാര്യങ്ങൾ കൂടുതൽ വിശകലനം ചെയ്യുന്നതുകൊണ്ട് ഭാവിയെക്കുറിച്ച് തൃപ്തികരമായ ഉത്തരം ലഭിക്കാൻപോകുന്നില്ല. രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും പറയുന്നതിന് ശ്രദ്ധ കൊടുത്താലും സ്ഥിതി ഇതൊക്കെത്തന്നെയാണെന്നു ചിലർ പറഞ്ഞേക്കാം. മുൻലേഖനത്തിൽ പറഞ്ഞിരുന്നതുപോലെ പല ആളുകളും ഇപ്പോഴത്തെ ലോകാവസ്ഥകളെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ കണ്ടെത്തിയിരിക്കുന്നു. ആ ഉത്തരങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താം?