ഈ ഭൂമി രക്ഷപ്പെടുമോ?
ശുദ്ധജലം
ജലമില്ലാതെ, പ്രത്യേകിച്ച് ശുദ്ധജലമില്ലാതെ, ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ? മനുഷ്യനോ മൃഗമോ എന്തുമാകട്ടെ, എല്ലാ ജീവജാലങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലുള്ളത് ജലമാണ്. തടാകങ്ങളും നദികളും ചതുപ്പുനിലങ്ങൾപോലെയുള്ള തണ്ണീർത്തടങ്ങളും ഭൂമിക്ക് അടിയിലെ ജലസ്രോതസ്സുകളും എല്ലാം മനുഷ്യർക്ക് ദാഹജലമേകുന്നു, നമ്മുടെ വിളകളെ നനയ്ക്കുന്നു.
ശുദ്ധജലം വറ്റിപ്പോകുകയാണോ?
ഭൂമിയുടെ കൂടുതൽ ഭാഗവും വെള്ളമാണ്. പക്ഷേ, ലോക കാലാവസ്ഥ സംഘടന പറയുന്നതനുസരിച്ച്, “ഈ വെള്ളത്തിന്റെ 0.5 ശതമാനം മാത്രമേ ഉപയോഗപ്രദമായിട്ടുള്ളൂ.” സത്യത്തിൽ അത്രയും വെള്ളം മതി ഈ ഭൂമിയിലെ ജീവജാലങ്ങൾക്ക്. പക്ഷേ, ആവശ്യം കൂടുകയും കാലാവസ്ഥ മാറുകയും ചെയ്തതോടെ ജലദൗർലഭ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇനി, ഉള്ള ജലംതന്നെ മലിനമാകുകയാണ്. 30 വർഷത്തിനുള്ളിൽ 500 കോടിയിലധികം ആളുകൾക്ക് ആവശ്യത്തിനു ശുദ്ധജലം കിട്ടാതെവരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നമ്മുടെ ഭൂമി—നിലനിൽക്കാനായി നിർമിച്ചത്
ഭൂമിയിൽ എന്നും വെള്ളം നിലനിൽക്കുമെന്ന് പ്രകൃതിയിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നു. കൂടാതെ, മണ്ണും വെള്ളത്തിലെ ജീവജാലങ്ങളും സൂര്യപ്രകാശവും എല്ലാം വെള്ളത്തെ ശുദ്ധീകരിച്ചുനിറുത്താൻ സഹായിക്കുന്നു. എന്നും നിലനിൽക്കുന്ന വിധത്തിലാണ് നമ്മുടെ ഈ ഗൃഹത്തെ സൃഷ്ടിച്ചിരിക്കുന്നത് എന്നതിനുള്ള ചില തെളിവുകൾ നോക്കാം:
വെള്ളത്തെ മലിനമാക്കുന്ന പല കാര്യങ്ങളും അരിച്ചുകളയാനുള്ള പ്രാപ്തി മണ്ണിനുണ്ട്. തണ്ണീർത്തടങ്ങളിൽ വളരുന്ന ചില ചെടികൾ വെള്ളത്തിൽനിന്ന് നൈട്രജനും ഫോസ്ഫറസും എന്തിന്, ചില കീടനാശിനികൾപോലും നീക്കം ചെയ്യും.
ജൈവമാലിന്യങ്ങളുള്ള ജലം ശുദ്ധീകരിക്കാൻ പ്രകൃതിയിൽത്തന്നെ ചില പ്രക്രിയകൾ നടക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. ഒഴുക്കുവെള്ളമാണെങ്കിൽ അതു മാലിന്യങ്ങളെ നേർപ്പിക്കും. പിന്നീട് സൂക്ഷ്മാണുക്കൾ മാലിന്യങ്ങളെ വിഘടിപ്പിക്കുകയും ചെയ്യും.
ശുദ്ധജലത്തിൽ കാണപ്പെടുന്ന കക്കകൾക്കും കല്ലുമ്മക്കായകൾക്കും വെള്ളത്തിലെ ഹാനികരമായ രാസപദാർഥങ്ങളെ അരിച്ചെടുക്കാൻ കഴിയും, അതും ഏതാനും ദിവസങ്ങൾകൊണ്ട്. മനുഷ്യൻ ഉണ്ടാക്കുന്ന ജലശുദ്ധീകരണ പ്ലാന്റുകളെക്കാളും ഫലപ്രദമാണ് അവ എന്നുതന്നെ പറയാം.
ജലപരിവൃത്തി (water cycle) എന്ന ക്രമീകരണത്തിലൂടെ ഭൂമിയിലെ ജലം ഇവിടെത്തന്നെ പിടിച്ചുനിറുത്തുന്നു. ജലപരിവൃത്തിയും പ്രകൃതിയിൽ കാണപ്പെടുന്ന മറ്റു ചില പ്രക്രിയകളും ഇല്ലെങ്കിൽ ജലം ഈ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായേനേ.
ഇന്ന് മനുഷ്യൻ ചെയ്യുന്നത്
വാഹനങ്ങളിലെ ഓയിൽലീക്ക് ശരിയാക്കിയും രാസപദാർഥങ്ങൾ ശ്രദ്ധാപൂർവം നീക്കം ചെയ്തും ശുദ്ധജലസ്രോതസ്സുകൾ നമുക്കു വൃത്തിയായി സൂക്ഷിക്കാം.
വെള്ളം പാഴാക്കരുതെന്നു വിദഗ്ധർ പറയുന്നു. വെള്ളം മലിനമാകാതിരിക്കാനായി അവർ ചില നിർദേശങ്ങളും തരുന്നു. ഉദാഹരണത്തിന്, വാഹനങ്ങളിൽനിന്ന് ഓയിൽ ലീക്കാകുന്നുണ്ടെങ്കിൽ അതു ശരിയാക്കുക, ഉപയോഗിക്കാത്ത മരുന്നുകൾ ടോയ്ലറ്റിൽ കളയാതിരിക്കുക, രാസപദാർഥങ്ങൾ അഴുക്കുചാലിലൂടെ ഒഴുക്കിവിടാതിരിക്കുക.
ഉപ്പുവെള്ളത്തിൽനിന്ന് ഉപ്പു നീക്കം ചെയ്യുന്നതിനുള്ള പുതിയ രീതികൾ എഞ്ചിനീയർമാർ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
പക്ഷേ, അതുകൊണ്ടൊന്നും മതിയാകില്ല. ഉദാഹരണത്തിന് വെള്ളം ലഭ്യമല്ലാത്ത എല്ലാവർക്കും ഉപ്പു നീക്കം ചെയ്ത വെള്ളം കൊടുക്കാമെന്നു വിചാരിച്ചാൽ അതു പ്രായോഗികമല്ല. കാരണം അതു വലിയ പണച്ചെലവുള്ള കാര്യമാണ്, വൻതോതിലുള്ള ഊർജവും വേണം. വെള്ളം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള 2021-ലെ ഒരു റിപ്പോർട്ടിൽ ഐക്യരാഷ്ട്ര സംഘടനയിലെ ഒരു സമിതി ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ വെള്ളം ലഭ്യമാക്കാനും സംരക്ഷിക്കാനും നമ്മൾ ചെയ്യുന്ന പരിപാടികൾ ഇരട്ടി വേഗത്തിലാക്കിയാലേ കാര്യങ്ങൾ ശരിയാകൂ.”
ബൈബിൾ പ്രതീക്ഷയ്ക്കു വകനൽകുന്നു
“ദൈവം വെള്ളത്തുള്ളികൾ വലിച്ചെടുക്കുന്നു; നീരാവി ഘനീഭവിച്ച് മഴയായി രൂപം കൊള്ളുന്നു. പിന്നെ മേഘങ്ങൾ അതു ചൊരിയുന്നു; അതു മനുഷ്യരുടെ മേൽ പെയ്തിറങ്ങുന്നു.”—ഇയ്യോബ് 36:27, 28.
ഭൂമിയിലെ വെള്ളം സംരക്ഷിക്കാൻ ദൈവം പ്രകൃതിയിൽ പരിവൃത്തികൾ ക്രമീകരിച്ചിട്ടുണ്ട്.—സഭാപ്രസംഗകൻ 1:7.
ഒന്നു ചിന്തിക്കുക: വെള്ളം ശുദ്ധീകരിക്കാനുള്ള ക്രമീകരണങ്ങൾ ദൈവം ചെയ്തുവെച്ചിട്ടുണ്ടെങ്കിൽ മനുഷ്യൻ വരുത്തിവെച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശക്തിയും ആഗ്രഹവും ദൈവത്തിനു കാണില്ലേ? “ഈ ഭൂമി നിലനിൽക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു” എന്ന 15-ാം പേജിലെ ലേഖനം കാണുക.