പാഠം 05
ബൈബിൾ—ദൈവത്തിൽനിന്നുള്ള ഒരു പുസ്തകം
യഹോവ നമുക്ക് മനോഹരമായ ഒരു സമ്മാനം തന്നിട്ടുണ്ട്. 66 പുസ്തകങ്ങൾ ചേരുന്ന ആ സമ്മാനമാണ് ബൈബിൾ. നിങ്ങൾ ഇപ്പോൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും: ബൈബിളിന്റെ തുടക്കം എങ്ങനെയായിരുന്നു? ആരാണ് അത് എഴുതിയത്? ദൈവത്തിന്റെ സന്ദേശം അടങ്ങിയ ബൈബിൾ മനുഷ്യർക്ക് എങ്ങനെ കിട്ടി? നമുക്കു നോക്കാം.
1. ബൈബിൾ എഴുതിയത് മനുഷ്യരാണെങ്കിൽ പിന്നെ അത് എങ്ങനെ ദൈവത്തിന്റെ പുസ്തകമാകും?
ഏകദേശം 3,500 വർഷം മുമ്പാണ് (ബി.സി. 1513) ബൈബിൾ എഴുതിത്തുടങ്ങിയത്. എ.ഡി. 98 ആയപ്പോഴേക്കും അതിന്റെ എഴുത്തു പൂർത്തിയായി. മൊത്തം 1,600 വർഷം! പല ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള 40-ഓളം പേരാണ് ബൈബിൾ എഴുതിയത്. അവർ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരുമാണ്. എന്നിട്ടും ബൈബിളിന്റെ ഓരോ ഭാഗവും തമ്മിൽ നല്ല യോജിപ്പുണ്ട്. കാരണം ദൈവമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. (1 തെസ്സലോനിക്യർ 2:13 വായിക്കുക.) എഴുത്തുകാർ അവരുടെ സ്വന്തം ആശയങ്ങളല്ല എഴുതിയത്. പകരം അവർ ‘പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ പ്രസ്താവിച്ചതാണ്.’a (2 പത്രോസ് 1:21) അതായത് ദൈവം തന്റെ ചിന്തകൾ എഴുതിവെക്കാൻ ചില മനുഷ്യരെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിച്ചു അല്ലെങ്കിൽ അവരുടെ മനസ്സിൽ തോന്നിപ്പിച്ചു.—2 തിമൊഥെയൊസ് 3:16.
2. ബൈബിളിൽനിന്ന് ആർക്കൊക്കെ പ്രയോജനം കിട്ടും?
“എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും” ബൈബിളിലെ സന്ദേശം അറിയിക്കുമെന്ന് ദൈവം പറഞ്ഞിരുന്നു. (വെളിപാട് 14:6 വായിക്കുക.) അതാണ് നമ്മൾ ഇന്ന് കാണുന്നത്. ലോകത്തിലെ മറ്റേതു പുസ്തകത്തെക്കാളും കൂടുതൽ ഭാഷകളിലുള്ളത് ബൈബിളാണ്. ലോകത്തിന്റെ ഏതു ഭാഗത്തായാലും ഏതു ഭാഷ സംസാരിക്കുന്നവരായാലും മിക്കവാറും എല്ലാവർക്കും തന്നെ ഇന്ന് ബൈബിൾ വായിക്കാൻ അവസരമുണ്ട്.
3. യഹോവ എങ്ങനെയാണ് ബൈബിൾ കാത്തുസൂക്ഷിച്ചത്?
മൃഗത്തോലുകളിലും പപ്പൈറസ് ചെടിയുടെ ചില ഭാഗങ്ങളിലും മറ്റും ആയിരുന്നു ബൈബിൾ ആദ്യം എഴുതിയത്. ഇവ കുറേക്കാലം കഴിയുമ്പോൾ നശിച്ചുപോകുമായിരുന്നു. എന്നാൽ ബൈബിളിനോട് താത്പര്യമുണ്ടായിരുന്ന പലരും പല കാലങ്ങളിലായി ബൈബിളിന്റെ പകർപ്പുകൾ ശ്രദ്ധാപൂർവ്വം പകർത്തിയെഴുതി. ചില ഭരണാധികാരികളും മതനേതാക്കന്മാരും ബൈബിൾ ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നാൽ ജീവൻ കളയാൻപോലും തയ്യാറായിക്കൊണ്ട് പലരും ബൈബിളിനെ സംരക്ഷിച്ചു. അങ്ങനെ യഹോവയ്ക്കു നമ്മളോടു പറയാനുള്ള സന്ദേശം യഹോവ കാത്തുസൂക്ഷിച്ചിരിക്കുന്നു. ‘ദൈവത്തിന്റെ വചനം എന്നും നിലനിൽക്കും’ എന്നാണ് ബൈബിൾ പറയുന്നത്.—യശയ്യ 40:8.
ആഴത്തിൽ പഠിക്കാൻ
ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെ എങ്ങനെ ഉപയോഗിച്ചു? ബൈബിളിനെ ദൈവം എങ്ങനെ സംരക്ഷിച്ചു? എല്ലാ മനുഷ്യർക്കും അതു കിട്ടാൻ ദൈവം എന്തു ചെയ്തു? നമുക്കു നോക്കാം.
4. ബൈബിളിലെ ആശയങ്ങൾ ആരുടേതാണ്?
വീഡിയോ കാണുക. അതിനു ശേഷം 2 തിമൊഥെയൊസ് 3:16 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
മനുഷ്യരാണ് ബൈബിൾ എഴുതിയതെങ്കിൽ പിന്നെ അത് എങ്ങനെ ദൈവത്തിന്റെ വചനമാകും?
ദൈവം തന്റെ ചിന്തകൾ മനുഷ്യരെ അറിയിച്ചു എന്ന കാര്യം വിശ്വസിക്കാൻ കഴിയുന്നതാണോ?
സെക്രട്ടറിയാണ് എഴുതുന്നതെങ്കിലും കത്തിലെ ആശയങ്ങൾ അതു പറഞ്ഞുകൊടുത്ത വ്യക്തിയുടേതാണ്. അതുപോലെ മനുഷ്യരാണു ബൈബിൾ എഴുതിയതെങ്കിലും സന്ദേശം ദൈവത്തിന്റേതാണ്
5. ബൈബിൾ കാത്തുസംരക്ഷിക്കപ്പെട്ടു
ബൈബിൾ ദൈവത്തിന്റെ പുസ്തകമായതുകൊണ്ട് അത് നശിപ്പിക്കാൻ ദൈവം സമ്മതിക്കില്ല. ശരിയല്ലേ? കഴിഞ്ഞകാലങ്ങളിൽ ശക്തരായ പലരും ബൈബിളിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. ആളുകൾ ബൈബിൾ വായിക്കാതിരിക്കാൻ മതനേതാക്കന്മാരും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, എതിർപ്പും വധഭീഷണിയും ഒക്കെ ഉണ്ടായിരുന്നിട്ടും ബൈബിളിനെ കാത്തുസൂക്ഷിക്കാൻ അനേകർ ജീവൻപോലും അപകടപ്പെടുത്തി. ഒരു അനുഭവം നോക്കാം. വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
ബൈബിൾ സംരക്ഷിക്കാൻവേണ്ടി ചെയ്ത ശ്രമങ്ങൾ കണ്ടപ്പോൾ നിങ്ങൾക്ക് എന്തു തോന്നി? വിശദീകരിക്കുക.
സങ്കീർത്തനം 119:97 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ജീവൻ പണയപ്പെടുത്തിപ്പോലും ബൈബിൾ പരിഭാഷ ചെയ്യാനും വിതരണം ചെയ്യാനും പലരും മുന്നോട്ടു വന്നത് എന്തുകൊണ്ട്?
6. ബൈബിൾ എല്ലാവർക്കും വേണ്ടിയുള്ള പുസ്തകം
ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്കു പരിഭാഷ ചെയ്തിട്ടുള്ള, ഏറ്റവും കൂടുതൽ വിതരണം നടത്തിയിട്ടുള്ള പുസ്തകം ബൈബിളാണ്. പ്രവൃത്തികൾ 10:34, 35 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ദൈവം തന്റെ വചനം ഇത്രയധികം ഭാഷകളിലേക്കു പരിഭാഷ ചെയ്യാനും വിതരണം ചെയ്യാനും ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
ബൈബിളിനെക്കുറിച്ച് പഠിച്ച കാര്യങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?
ലോകജനസംഖ്യയുടെ ഏകദേശം
100%
ആളുകൾക്ക്,
അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ബൈബിൾ ലഭ്യമാണ്
3,000
-ത്തിലധികം ഭാഷകളിൽ
മുഴുവനായോ ഭാഗികമായോ
ബൈബിൾ ലഭ്യമാണ്
500,00,00,000
ഇതുവരെ ഉത്പാദിപ്പിക്കപ്പെട്ട ബൈബിളുകളുടെ ഏകദേശ സംഖ്യ,
മറ്റ് ഏതു പുസ്തകത്തേക്കാളും അധികം
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ബൈബിൾ മനുഷ്യർ എഴുതിയ ഒരു പഴഞ്ചൻ പുസ്തകമല്ലേ?”
നിങ്ങൾക്ക് എന്തു തോന്നുന്നു?
ബൈബിൾ ദൈവത്തിന്റെ വചനമാണ് എന്നതിന് എന്തു തെളിവുണ്ട്?
ചുരുക്കത്തിൽ
ബൈബിൾ ദൈവത്തിന്റെ വചനമാണ്. മനുഷ്യർക്കെല്ലാം അതു ലഭ്യമാണെന്ന കാര്യം ദൈവം ഉറപ്പു വരുത്തിയിട്ടുണ്ട്.
ഓർക്കുന്നുണ്ടോ?
ബൈബിൾ എഴുതിയത് മനുഷ്യരാണെങ്കിൽ പിന്നെ അത് എങ്ങനെ ദൈവത്തിന്റെ പുസ്തകമാകും?
ബൈബിൾ സംരക്ഷിക്കപ്പെട്ട വിധം, ബൈബിളിന്റെ പരിഭാഷ, വിതരണം ഇക്കാര്യങ്ങളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്താണ്?
ബൈബിളിലൂടെ നമ്മളോടു സംസാരിക്കാൻ ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു?
കൂടുതൽ മനസ്സിലാക്കാൻ
ബൈബിളിന്റെ ചരിത്രം വായിക്കുക—ആദ്യകാല കൈയെഴുത്തുപ്രതികൾ മുതൽ പുതിയ പരിഭാഷകൾ വരെ.
“കാലത്തോടു പൊരുതി ബൈബിൾ നമ്മുടെ കൈകളിലേക്ക്” (ഉണരുക! 2007 നവംബർ)
മൂന്നു പ്രധാനപ്പെട്ട ഭീഷണികളെ അതിജീവിച്ച് ബൈബിൾ ഇപ്പോഴും നിലനിൽക്കുന്നത് എങ്ങനെയെന്ന് കാണുക.
ബൈബിൾ പരിഭാഷ ചെയ്യാൻ ധൈര്യം കാണിച്ച ചിലരെക്കുറിച്ചുള്ള വിവരങ്ങൾ കാണുക.
ബൈബിൾ പല തവണ പകർത്തിയെഴുതുകയും പരിഭാഷ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിലെ സന്ദേശത്തിനു മാറ്റം വന്നിട്ടുണ്ടോ?
“ബൈബിളിൽ എന്തെങ്കിലും മാറ്റങ്ങളോ തിരിമറികളോ വരുത്തിയിട്ടുണ്ടോ?” (വെബ്സൈറ്റിലെ ലേഖനം)
a ദൈവത്തിന്റെ ശക്തിയാണ് പരിശുദ്ധാത്മാവ്. കാര്യങ്ങൾ ചെയ്യാൻ ദൈവം ഈ ശക്തി ഉപയോഗിക്കുന്നു. ഇതെക്കുറിച്ച് 7-ാം പാഠത്തിൽ കാണാം.