പാഠം 43
മദ്യം കഴിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ഇന്ന് പല ആളുകൾക്കും മദ്യം കഴിക്കുന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ചില ആളുകൾ ഇടയ്ക്കൊക്കെ കൂട്ടുകാരോടൊപ്പം മദ്യം കഴിക്കാറുണ്ട്. മറ്റു ചിലർ, മദ്യം ഉപയോഗിക്കുകയേ ഇല്ല. ഇനി വേറെ ചിലരാണെങ്കിൽ, ബോധം കെടുന്നതുവരെയാണ് കുടിക്കുന്നത്. എന്നാൽ മദ്യം കഴിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
1. ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണോ?
ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിനെ ബൈബിൾ വിലക്കുന്നില്ല. നേരെ മറിച്ച്, മനുഷ്യർക്കു ദൈവം കൊടുത്ത പല സമ്മാനങ്ങളുടെയും കൂട്ടത്തിൽ ‘ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞിനെയും’ ഉൾപ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്. (സങ്കീർത്തനം 104:14, 15) വിശ്വസ്തരായ ചില സ്ത്രീപുരുഷന്മാർ ലഹരിപാനീയങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.—1 തിമൊഥെയൊസ് 5:23.
2. ലഹരിപാനീയങ്ങൾ കഴിക്കാൻ തീരുമാനിക്കുന്നവർക്കു ബൈബിൾ നൽകുന്ന ഉപദേശം എന്താണ്?
അമിത മദ്യപാനവും ലക്കുകെടുന്ന അളവോളമുള്ള കുടിയും യഹോവ കുറ്റം വിധിക്കുന്നു. (ഗലാത്യർ 5:21) ബൈബിൾ ഇങ്ങനെ പറയുന്നു: “കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെ . . . കൂട്ടത്തിൽ കൂടരുത്.” (സുഭാഷിതങ്ങൾ 23:20) അതുകൊണ്ട്, നമ്മൾ മദ്യം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അതു തനിച്ചായിരുന്നാലും ഒരു കൂട്ടത്തിന്റെ കൂടെയായിരുന്നാലും, അമിതമാകരുത്. എന്നു പറഞ്ഞാൽ, സുബോധം നഷ്ടപ്പെട്ട് നമ്മുടെ സംസാരവും പ്രവൃത്തിയും നമുക്കു നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലാകരുത്. അതു നമ്മുടെ ആരോഗ്യത്തെ ബാധിക്കാനും അനുവദിക്കരുത്. അക്കാര്യത്തിൽ നമ്മളെത്തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മദ്യം ഉപയോഗിക്കുന്നത് പൂർണമായി നിറുത്തുന്നതാണ് നല്ലത്.
3. മദ്യം കഴിക്കണോ വേണ്ടയോ എന്ന ഒരാളുടെ തീരുമാനത്തെ നമുക്ക് എങ്ങനെ ആദരിക്കാം?
ലഹരിപാനീയങ്ങൾ ഉപയോഗിക്കണോ വേണ്ടയോ എന്ന് ഓരോ വ്യക്തിയുമാണ് തീരുമാനിക്കേണ്ടത്. മിതമായ അളവിൽ മദ്യം ഉപയോഗിക്കാൻ തീരുമാനിക്കുന്ന ഒരു വ്യക്തിയെ നമ്മൾ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഇനി, മദ്യം ഉപയോഗിക്കാൻ ആഗ്രഹിക്കാത്ത ഒരാളെ അതിനുവേണ്ടി നിർബന്ധിക്കുകയും വേണ്ടാ. (റോമർ 14:10) നമ്മൾ മദ്യം കഴിച്ചാൽ മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടാകുമെങ്കിൽ നമ്മൾ മദ്യം കഴിക്കാതിരിക്കുന്നതായിരിക്കും നല്ലത്. (റോമർ 14:21 വായിക്കുക.) കാരണം, ‘നമുക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് നമ്മൾ നോക്കേണ്ടത്.’—1 കൊരിന്ത്യർ 10:23, 24 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
ഒരു വ്യക്തി ലഹരിപാനീയം കഴിക്കണോ, എത്രത്തോളം കഴിക്കണം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ നോക്കാം. കൂടാതെ, ലഹരിപാനീയങ്ങളുടെ ഉപയോഗം നിങ്ങൾക്ക് നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും എന്നതിനുള്ള നിർദേശങ്ങളും കാണാം.
4. ലഹരിപാനീയം കഴിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം
ലഹരിപാനീയം ഉപയോഗിക്കുന്നതിനെ യേശു എങ്ങനെയാണു കണ്ടത്? ഇതിന്റെ ഉത്തരം അറിയാൻ യേശു ആദ്യം നടത്തിയ അത്ഭുതത്തെക്കുറിച്ച് നോക്കുക. യോഹന്നാൻ 2:1-11 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ലഹരിപാനീയത്തെയും അത് കഴിക്കുന്നവരെയും യേശു എങ്ങനെയാണു വീക്ഷിച്ചത്?
ലഹരിപാനീയത്തിന്റെ ഉപയോഗത്തെ യേശു കുറ്റപ്പെടുത്താത്ത സ്ഥിതിക്ക്, ലഹരിപാനീയം ഉപയോഗിക്കാൻ തീരുമാനിക്കുന്നവരെ നമ്മൾ എങ്ങനെയാണു കാണേണ്ടത്?
ഒരു ക്രിസ്ത്യാനിക്കു മദ്യം കഴിക്കുന്നതിനു വിലക്കൊന്നും ഇല്ലെങ്കിലും എപ്പോൾ വേണമെങ്കിലും അതു കഴിക്കാം എന്ന് അതിന് അർഥമില്ല. സുഭാഷിതങ്ങൾ 22:3 വായിക്കുക. എന്നിട്ട് താഴെ പറയുന്ന സാഹചര്യങ്ങളിൽ ലഹരിപാനീയം കഴിച്ചാൽ എന്തു സംഭവിച്ചേക്കാമെന്നു ചിന്തിക്കുക.
നിങ്ങൾ വണ്ടി ഓടിക്കാൻ പോകുന്നു, അല്ലെങ്കിൽ ഒരു യന്ത്രം പ്രവർത്തിപ്പിക്കാൻ പോകുന്നു.
നിങ്ങൾ ഗർഭിണിയാണ്.
മദ്യപിക്കരുതെന്നു നിങ്ങളോടു ഡോക്ടർ പറഞ്ഞിട്ടുണ്ട്.
മദ്യം കഴിക്കുന്നതു നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ഒരാളാണെങ്കിൽ.
മദ്യം കഴിക്കാൻ നിയമം അനുവദിക്കുന്നില്ല.
മദ്യം കഴിക്കുന്നതിന്റെ അളവു നിയന്ത്രിക്കാൻ പറ്റാതെ ഒടുവിൽ അതു നിറുത്തിയ ഒരാൾ നിങ്ങളുടെ കൂടെയുണ്ടെങ്കിൽ.
വിവാഹസത്കാരത്തിനോ മറ്റു കൂടിവരവുകൾക്കോ നിങ്ങൾ മദ്യം വിളമ്പുമോ? നല്ല തീരുമാനങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ചില വിവരങ്ങൾക്കായി വീഡിയോ കാണുക.
റോമർ 13:13; 1 കൊരിന്ത്യർ 10:31, 32 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോന്നും വായിച്ചതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ നല്ല തീരുമാനമെടുക്കാൻ ഈ വാക്യത്തിലെ തത്ത്വം എങ്ങനെ സഹായിക്കും?
ലഹരിപാനീയങ്ങൾ ഉപയോഗിക്കണോ വേണ്ടയോ എന്ന് ഓരോ ക്രിസ്ത്യാനിയും തീരുമാനിക്കണം. ചിലപ്പോൾ അവർ കഴിച്ചേക്കാം, ചിലപ്പോൾ കഴിക്കാതിരുന്നേക്കാം
5. ലഹരിപാനീയങ്ങൾ എത്രത്തോളം കഴിക്കാം എന്ന തീരുമാനം
നിങ്ങൾ ലഹരിപാനീയങ്ങൾ കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ ഒരു കാര്യം ഓർക്കണം. മദ്യം ഉപയോഗിക്കുന്നതിനെ യഹോവ കുറ്റം വിധിക്കുന്നില്ലെങ്കിലും അമിതമായി മദ്യം ഉപയോഗിക്കുന്നതിനെ കുറ്റം വിധിക്കുന്നു. എന്തുകൊണ്ട്? ഹോശേയ 4:11, 18 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
അമിതമായി മദ്യപിക്കുന്നതിന്റെ കുഴപ്പം എന്താണ്?
അമിതമായി മദ്യപിക്കുന്നത് എങ്ങനെ ഒഴിവാക്കാം? നമ്മൾ എളിമയോടെ നമ്മുടെ പരിധികൾ തിരിച്ചറിയണം. അതായത് ‘എത്രത്തോളം കഴിക്കാം, എവിടെവെച്ച് നിറുത്തണം’ എന്നീ കാര്യങ്ങളിൽ നമുക്കു നല്ല ധാരണ വേണം. സുഭാഷിതങ്ങൾ 11:2 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
‘ഞാൻ ഇത്രയേ കഴിക്കൂ’ എന്ന് നേരത്തേതന്നെ ഒരു പരിധിവെക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
6. അമിതമായി മദ്യപിക്കുന്നത് എങ്ങനെ ഒഴിവാക്കാം?
മദ്യപാനത്തിന്റെ പിടിയിൽനിന്ന് പുറത്തുകടന്ന ഒരാളുടെ അനുഭവം നോക്കാം. വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
മദ്യപിച്ചുകഴിഞ്ഞാൽ ഡിമിട്രിയുടെ പെരുമാറ്റം എങ്ങനെയായിരുന്നു?
മദ്യപിക്കുന്ന ശീലം പെട്ടെന്നു നിറുത്താൻ അദ്ദേഹത്തിനു കഴിഞ്ഞോ?
അമിതമായി മദ്യപിക്കുന്ന ആ ശീലത്തിൽനിന്ന് അദ്ദേഹം പുറത്തുവന്നത് എങ്ങനെയാണ്?
1 കൊരിന്ത്യർ 6:10, 11 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
കുടിച്ച് ലക്കുകെടുന്നത് എത്ര ഗുരുതരമായ കാര്യമാണ്?
അമിതമായി മദ്യപിക്കുന്ന ശീലത്തിൽനിന്ന് ഒരാൾക്കു പുറത്തുവരാൻ കഴിയുമോ? ഈ വാക്യം എന്താണു പറയുന്നത്?
മത്തായി 5:30 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
‘കൈ വെട്ടിക്കളയുക’ എന്നതിന്റെ അർഥം, യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ ഒഴിവാക്കിയേ മതിയാകൂ എന്നാണ്. അമിതമായി മദ്യപിക്കുന്ന പ്രശ്നം നിങ്ങൾക്കുണ്ടെങ്കിൽ അതിൽനിന്ന് എങ്ങനെ പുറത്തുകടക്കാം?a
1 കൊരിന്ത്യർ 15:33 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
അമിതമായി മദ്യം ഉപയോഗിക്കുന്നവരോടൊപ്പം കൂട്ടുകൂടുന്നതുകൊണ്ടുള്ള പ്രശ്നം എന്താണ്?
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “മദ്യം കഴിക്കുന്നതു തെറ്റാണോ?”
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
നമ്മുടെ സന്തോഷത്തിനുവേണ്ടിയാണ് യഹോവ ലഹരിപാനീയങ്ങൾ നൽകിയിരിക്കുന്നത്. എന്നാൽ അമിതമായി മദ്യപിക്കുന്നതും കുടിച്ച് ലക്കുകെടുന്നതും യഹോവ കുറ്റം വിധിക്കുന്നു.
ഓർക്കുന്നുണ്ടോ?
ലഹരിപാനീയങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
അമിതമായി മദ്യപിക്കുന്നതിന്റെ അപകടങ്ങൾ എന്തൊക്കെയാണ്?
മദ്യം കഴിക്കണോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ തീരുമാനത്തെ നമുക്ക് എങ്ങനെ ആദരിക്കാം?
കൂടുതൽ മനസ്സിലാക്കാൻ
ലഹരിപാനീയങ്ങളുടെ കാര്യത്തിൽ യുവപ്രായക്കാർക്ക് എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം?
അമിതമായി മദ്യപിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ അതു മറികടക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ വായിക്കുക.
“മദ്യത്തെ അതിന്റെ സ്ഥാനത്ത് നിറുത്തുക” (വെബ്സൈറ്റിലെ ലേഖനം)
ഗ്ലാസുകൾ ഉയർത്തി ആശംസ നേർന്നുകൊണ്ട് മദ്യം കഴിക്കുന്ന രീതി ശരിയാണോ?
“വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” (വീക്ഷാഗോപുരം 2007 ഫെബ്രുവരി 15)
“ഒരിക്കലും നിറയാത്ത വീപ്പയായിരുന്നു ഞാൻ”—മുഴുക്കുടിയനായിരുന്ന ഒരു വ്യക്തിയുടെ ജീവിതകഥ വായിക്കുക.
“ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” (വെബ്സൈറ്റിലെ ലേഖനം)
a മദ്യത്തിന് അടിമയായ ഒരാൾക്ക് അതിൽനിന്ന് പുറത്തുകടക്കാൻ ചിലപ്പോൾ വൈദ്യസഹായം വേണ്ടിവന്നേക്കാം. അമിതമായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന ഒരു വ്യക്തി, മദ്യം തൊടാതിരിക്കുന്നതാണു നല്ലതെന്നു പല ഡോക്ടർമാരും അഭിപ്രായപ്പെടുന്നു.