വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w08 10/15 പേ. 17-20
  • യഹോവ എന്റെ ബലമാകുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ എന്റെ ബലമാകുന്നു
  • 2008 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സത്യം പഠിക്കുന്നു
  • പയനിയറിങ്ങും അനുഗ്രഹങ്ങളും
  • ഗിലെയാദ്‌ സ്‌കൂളിലേക്ക്‌
  • “പുഞ്ചിരിയുടെ നാട്‌”
  • പുതിയ പങ്കാളി, പുതിയ നിയമനം
  • ദൈവസേവനത്തിലെ അനുഗ്രഹങ്ങൾ
  • ‘നിന്റെ സ്‌നേഹദയ ജീവനെക്കാൾ മെച്ചമാകുന്നു’
    വീക്ഷാഗോപുരം—1998
  • ദൈവഹിതം ചെയ്യാൻ യഹോവ എന്നെ പഠിപ്പിച്ചു
    2012 വീക്ഷാഗോപുരം
  • ശരിയായ തീരുമാനങ്ങൾ ആജീവനാന്ത അനുഗ്രഹങ്ങളിലേക്കു നയിച്ചു
    2007 വീക്ഷാഗോപുരം
2008 വീക്ഷാഗോപുരം
w08 10/15 പേ. 17-20

യഹോവ എന്റെ ബലമാകുന്നു

ജോൺ കോവിൽ പറഞ്ഞപ്രകാരം

ഇംഗ്ലണ്ടിലെ ഹേഡസഫീഡിലാണ്‌ ഞാൻ ജനിച്ചത്‌, 1925-ൽ. വീട്ടിലെ ഒരേയൊരു കുട്ടിയായിരുന്നു ഞാൻ. ആരോഗ്യമാണെങ്കിൽ തീരെ മോശവും. “ഒരു കാറ്റടിച്ചാൽമതി കിടപ്പിലാകാൻ,” ഡാഡി പറയുമായിരുന്നു! അത്‌ ഒരു പരിധിവരെ ശരിയായിരുന്നുതാനും.

കുട്ടിക്കാലത്ത്‌, പുരോഹിതന്മാർ സമാധാനത്തിനായി രാപകൽ പ്രാർഥിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. എന്നാൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ വിജയത്തിനുവേണ്ടിയായി അവരുടെ പ്രാർഥന. എനിക്കത്‌ ഒട്ടും ഉൾക്കൊള്ളാനായില്ല. ആ സമയത്താണ്‌ ഞാൻ ആനി റാറ്റ്‌ക്ലിഫിനെ കണ്ടുമുട്ടുന്നത്‌. അവിടെയുള്ള ഏക സാക്ഷിയായിരുന്നു അവർ.

സത്യം പഠിക്കുന്നു

രക്ഷ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ആനി ഞങ്ങൾക്കു തന്നു; തന്റെ വീട്ടിൽവെച്ചു നടക്കുന്ന ബൈബിൾ ചർച്ചയിൽ സംബന്ധിക്കാൻ അമ്മയെ ക്ഷണിക്കുകയും ചെയ്‌തു.a അമ്മ എന്നെയും കൂടെക്കൊണ്ടുപോയി. അന്നത്തെ ആ ചർച്ച ഇന്നും ഞാനോർക്കുന്നു. മറുവിലയെക്കുറിച്ചായിരുന്നെങ്കിലും അതു തെല്ലും വിരസമായിരുന്നില്ല! പല സംശയങ്ങൾക്കും അതിലൂടെ എനിക്കുത്തരം ലഭിച്ചു. പിറ്റേ ആഴ്‌ചയും ഞങ്ങൾ പോയി. അന്ത്യനാളുകളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിന്റെ വിശദീകരണമായിരുന്നു അന്ന്‌. ആ പ്രവചനം എത്ര കൃത്യമായി നിറവേറുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ, ഇതുതന്നെയാണ്‌ സത്യമെന്ന്‌ അമ്മയ്‌ക്കും എനിക്കും ബോധ്യമായി. രാജ്യഹാളിലെ യോഗത്തിനും ആനി ഞങ്ങളെ ക്ഷണിച്ചു.

രാജ്യഹാളിൽ ഞാൻ ചില യുവ പയനിയർമാരെ കണ്ടുമുട്ടി. അവരിലൊരാളായിരുന്നു ജോയിസ്‌ ബാർബർ (ഇപ്പോൾ എലിസ്‌). അവരിപ്പോൾ ഭർത്താവ്‌ പീറ്ററിനോടൊപ്പം ലണ്ടൻ ബെഥേലിലാണ്‌. എല്ലാവരും ചെയ്യുന്ന ഒരു വേലയാണ്‌ പയനിയറിങ്‌ എന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ട്‌ ഞാനും മാസംതോറും 60 മണിക്കൂർ പ്രവർത്തിക്കാൻ തുടങ്ങി. അപ്പോൾ ഞാൻ സ്‌കൂളിൽ പഠിക്കുകയായിരുന്നു എന്നോർക്കണം!

അഞ്ചു മാസം കഴിഞ്ഞ്‌ 1940 ഫെബ്രുവരി 11-ന്‌ അമ്മയും ഞാനും, ബ്രാഡ്‌ഫോർഡിൽ നടന്ന ഒരു മേഖലാ സമ്മേളനത്തിൽ (ഇന്നത്തെ സർക്കിട്ട്‌ സമ്മേളനം) സ്‌നാനമേറ്റു. ഞങ്ങളുടെ പുതിയ വിശ്വാസത്തോട്‌ ഡാഡിക്ക്‌ എതിർപ്പില്ലായിരുന്നെങ്കിലും അദ്ദേഹം സത്യം സ്വീകരിച്ചില്ല. ഞാൻ സ്‌നാനമേറ്റ ആ കാലഘട്ടത്തിലാണ്‌ തെരുവുസാക്ഷീകരണം ആരംഭിക്കുന്നത്‌. മാസികകളും പ്ലാക്കാർഡുകളുമായി ഞാനും അതിൽ പങ്കെടുത്തു. ഒരു ശനിയാഴ്‌ച ഏറ്റവും തിരക്കുള്ള ഒരു ബിസിനസ്‌ പ്രദേശത്ത്‌ മാസികാവേലയ്‌ക്കായി എന്നെ നിയമിച്ചു. അപ്പോഴും മനുഷ്യഭയം എന്നെ വിട്ടുമാറിയിരുന്നില്ല. എന്തിനധികം, എന്റെ എല്ലാ സഹപാഠികളും അന്ന്‌ അതുവഴി വന്നതായി എനിക്കു തോന്നി!

1940-ൽ ഞങ്ങളുടെ സഭ (അന്ന്‌ കമ്പനി എന്നാണ്‌ സഭ അറിയപ്പെട്ടിരുന്നത്‌) വിഭജിക്കേണ്ടതായിവന്നു. എന്റെ കൂട്ടുകാരെല്ലാംതന്നെ മറ്റെ സഭയിലായി. ഇതേക്കുറിച്ച്‌ കമ്പനി ദാസനോട്‌ (ഇന്നത്തെ അധ്യക്ഷ മേൽവിചാരകൻ) ഞാൻ പരാതിപ്പെട്ടു. “നിനക്ക്‌ കൂട്ടുകാരെ വേണമെങ്കിൽ വയൽസേവനത്തിനു പോയി അവരെ കണ്ടെത്തൂ,” അദ്ദേഹം പറഞ്ഞു. അതുതന്നെയാണ്‌ ഞാൻ ചെയ്‌തതും! താമസിയാതെ ഞാൻ എൽസി നോബിളിനെ കണ്ടുമുട്ടി. അവൾ സത്യം സ്വീകരിച്ചു. ഞങ്ങൾ ഇണപിരിയാത്ത കൂട്ടുകാരായി.

പയനിയറിങ്ങും അനുഗ്രഹങ്ങളും

സ്‌കൂൾവിദ്യാഭ്യാസം കഴിഞ്ഞ്‌ ഞാൻ ഒരു അക്കൗണ്ടന്റിന്റെ കീഴിൽ ജോലി ചെയ്‌തു. എന്നാൽ മുഴുസമയസേവകരുടെ സന്തോഷം കണ്ടപ്പോൾ ഒരു പയനിയറായി യഹോവയെ സേവിക്കാനുള്ള എന്റെ ആഗ്രഹം വർധിച്ചു. അങ്ങനെ 1945 മേയിൽ പ്രത്യേക പയനിയറായി സേവനമാരംഭിച്ചു. പയനിയറിങ്‌ തുടങ്ങിയ ആദ്യദിവസം തോരാത്ത മഴയായിരുന്നു. എന്നാൽ പ്രസംഗവേലയിലെ സന്തോഷംനിമിത്തം അതൊന്നും കാര്യമാക്കിയില്ല. ശുശ്രൂഷയ്‌ക്കായി ദിവസവും സൈക്കിളിൽ പോകുന്നത്‌ നല്ലൊരു വ്യായാമമായിരുന്നു; എന്റെ ആരോഗ്യവും മെച്ചപ്പെട്ടു. തൂക്കം എന്നും 42 കിലോഗ്രാമിൽ താഴെയായിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ ഒരിക്കലും പയനിയറിങ്‌ നിറുത്തേണ്ടതായിവന്നിട്ടില്ല. ഇക്കാലമത്രയും “യഹോവ എന്റെ ബല”മാണെന്ന്‌ അക്ഷരാർഥത്തിൽത്തന്നെ ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു.—സങ്കീ. 28:7.

പുതിയ സഭകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിൽ, പ്രത്യേക പയനിയറായ എന്നെ സാക്ഷികളൊന്നുമില്ലാത്ത പട്ടണങ്ങളിലേക്ക്‌ അയച്ചിരുന്നു. ആദ്യത്തെ മൂന്നുവർഷം ഇംഗ്ലണ്ടിലും അടുത്ത മൂന്നുവർഷം അയർലൻഡിലും സേവിച്ചു. അയർലൻഡിലെ ലിസ്‌ബണിൽവെച്ച്‌ ഒരു പ്രൊട്ടസ്റ്റന്റ്‌ പാസ്റ്ററുമായി ഞാൻ ബൈബിളധ്യയനം നടത്തി. അടിസ്ഥാന സത്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹം അതേക്കുറിച്ച്‌ സഭാംഗങ്ങളോടു സംസാരിച്ചു. അവരിൽ ചിലരുടെ പരാതിയെത്തുടർന്ന്‌ സഭാധികാരികൾ അദ്ദേഹത്തോട്‌ വിശദീകരണം ആവശ്യപ്പെട്ടു. “ഞാൻ പഠിപ്പിച്ച പലതും നുണകളായിരുന്നുവെന്ന സത്യം വിശ്വാസികളെ അറിയിക്കേണ്ടത്‌ എന്റെ ക്രിസ്‌തീയ കടമയാണെന്ന്‌ എനിക്കു തോന്നി” എന്നായിരുന്നു മറുപടി. കുടുംബാംഗങ്ങളുടെ കടുത്ത എതിർപ്പുണ്ടായിരുന്നിട്ടും ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച അദ്ദേഹം മരിക്കുന്നതുവരെ അവനെ വിശ്വസ്‌തമായി സേവിച്ചു.

രണ്ടാമതു പയനിയറിങ്‌ ചെയ്‌ത അയർലണ്ടിലെ ലാണിൽ ആറാഴ്‌ച ഞാൻ ഒറ്റയ്‌ക്കാണു പ്രവർത്തിച്ചത്‌. എന്റെ പയനിയർ പങ്കാളി 1950-ൽ ന്യൂയോർക്കിൽ നടന്ന “ദിവ്യാധിപത്യ വർധന” സമ്മേളനത്തിനു പോയിരിക്കുകയായിരുന്നു അപ്പോൾ. വല്ലാത്ത പ്രയാസം തോന്നി എനിക്ക്‌. ആ സമ്മേളനത്തിനു പോകാൻ ഞാനും അതിയായി ആഗ്രഹിച്ചതാണ്‌. ആ ആഴ്‌ചകളിൽ പക്ഷേ, വയലിൽ എനിക്കു നല്ല ചില അനുഭവങ്ങളുണ്ടായി. 20-ലേറെ വർഷംമുമ്പ്‌ നമ്മുടെയൊരു പ്രസിദ്ധീകരണം കൈപ്പറ്റിയ പ്രായമുള്ള ഒരാളെ ഞാൻ കണ്ടുമുട്ടി. അതു പലയാവർത്തി വായിച്ച അദ്ദേഹത്തിന്‌ അതിലെ ഒട്ടുമിക്ക വിവരങ്ങളും മനഃപാഠമായിരുന്നു. അദ്ദേഹവും മകനും മകളും സത്യം സ്വീകരിച്ചു.

ഗിലെയാദ്‌ സ്‌കൂളിലേക്ക്‌

1951-ൽ എനിക്കും, ഇംഗ്ലണ്ടിൽനിന്നുള്ള വേറെ പത്തു പയനിയർമാർക്കും ഗിലെയാദ്‌ സ്‌കൂളിന്റെ 17-ാമതു ക്ലാസ്സിലേക്കു ക്ഷണം ലഭിച്ചു; ന്യൂയോർക്കിലെ സൗത്ത്‌ ലാൻസിങ്ങിലായിരുന്നു അത്‌. അവിടെനിന്നു ലഭിച്ച ബൈബിൾപ്രബോധനം ഞാൻ ശരിക്കും ആസ്വദിച്ചു! അക്കാലത്ത്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ സഹോദരിമാർക്ക്‌ നിയമനങ്ങൾ കൊടുത്തിരുന്നില്ല. എന്നാൽ വിദ്യാർഥിപ്രസംഗങ്ങൾ നടത്താനും റിപ്പോർട്ടുകൾ അവതരിപ്പിക്കാനുമുള്ള നിയമനങ്ങൾ ഗിലെയാദ്‌ സ്‌കൂളിൽ ഞങ്ങൾ സഹോദരിമാർക്കും ലഭിച്ചു. ഞങ്ങൾക്ക്‌ എത്ര പേടി തോന്നിയെന്നോ! ആദ്യത്തെ പ്രസംഗത്തിലുടനീളം എന്റെ കൈകാലുകൾ കിടുകിടാ വിറയ്‌ക്കുകയായിരുന്നു. ഗിലെയാദ്‌ അധ്യാപകനായ മാക്‌സ്‌വെൽ ഫ്രണ്ട്‌ തമാശയായി പറഞ്ഞു: “നല്ല പ്രസംഗകർക്കുപോലും തുടക്കത്തിൽ പേടിയും വിറയലുമൊക്കെ തോന്നുക സ്വാഭാവികമാണ്‌. എന്നാൽ തന്റെ കാര്യത്തിൽ അത്‌ അവസാനംവരെ ഉണ്ടായിരുന്നു.” ക്ലാസ്സിനുമുമ്പാകെ പേടികൂടാതെ സംസാരിക്കാൻ ഈ പരിശീലനം ഞങ്ങളെ സഹായിച്ചു. പറഞ്ഞമാത്രയിലാണ്‌ എല്ലാം അവസാനിച്ചത്‌. ബിരുദധാരികൾക്ക്‌ പല രാജ്യങ്ങളിലേക്കും നിയമനം ലഭിച്ചു. എന്റേത്‌ തായ്‌ലൻഡ്‌ ആയിരുന്നു!

“പുഞ്ചിരിയുടെ നാട്‌”

തായ്‌ലൻഡിലെ മിഷനറിവേലയ്‌ക്കായി ആസ്‌ട്രിഡ്‌ ആൻഡേഴ്‌സണെ പങ്കാളിയായി കിട്ടിയത്‌ വലിയൊരു അനുഗ്രഹമായിരുന്നു. ഒരു ചരക്കുകപ്പലിൽ ഏഴ്‌ ആഴ്‌ചകൊണ്ടാണ്‌ ഞങ്ങൾ അവിടെയെത്തിയത്‌. തലസ്ഥാന നഗരമായ ബാങ്കോക്കിലെത്തിയപ്പോൾ, തിരക്കേറിയ മാർക്കറ്റുകളും മുഖ്യ ഗതാഗതമാർഗമായി നിരവധി കനാലുകളുമുള്ള ഒരു സ്ഥലമാണ്‌ ഞങ്ങൾക്കു കാണാനായത്‌. 1952-ൽ തായ്‌ലൻഡിലെ രാജ്യപ്രസാധകരുടെ എണ്ണം 150-ലും കുറവായിരുന്നു.

തായ്‌ ഭാഷയിലുള്ള വീക്ഷാഗോപുരം ആദ്യമായി കണ്ടപ്പോൾ, എന്നെങ്കിലും ഈ ഭാഷ പഠിക്കാനാകുമോയെന്ന്‌ ഞങ്ങൾ ചിന്തിച്ചു! സ്വനം (tone) വ്യത്യാസപ്പെടുന്നതനുസരിച്ച്‌ വാക്കുകളുടെ അർഥം മാറുന്ന ഒരു ഭാഷയാണിത്‌. ഉദാഹരണത്തിന്‌ കവു എന്ന വാക്കിന്‌ സ്വനഭേദമനുസരിച്ച്‌ “അരി” എന്നോ “വാർത്ത” എന്നോ അർഥംവരാം. അങ്ങനെ, “നല്ല വാർത്തയുമായാണ്‌ ഞങ്ങൾ വരുന്നത്‌” എന്നതിനു പകരം “നല്ല അരിയുമായിട്ടാണ്‌ ഞങ്ങൾ വരുന്നത്‌” എന്ന്‌ ആദ്യമൊക്കെ വീട്ടുകാരോടു ഞങ്ങൾ പറഞ്ഞിരുന്നു! ചിരിക്കാനല്ലാതെ എന്തു ചെയ്യാൻ. എന്നാൽ കാലക്രമേണ ഞങ്ങൾ ആ ഭാഷ വശമാക്കി.

തായ്‌ജനങ്ങൾ പൊതുവെ സൗഹൃദമനസ്‌കരാണ്‌. തായ്‌ലൻഡിനെ “പുഞ്ചിരിയുടെ നാട്‌” എന്നു വിളിക്കുന്നതിൽ അതിശയമില്ല. ഇപ്പോൾ നാക്കൊൺ രാച്ചസിമ എന്നറിയപ്പെടുന്ന കോറാറ്റിലായിരുന്നു ഞങ്ങളുടെ ആദ്യനിയമനം. രണ്ടു വർഷം അവിടെ പ്രവർത്തിച്ചു. ചിയാങ്‌ മായ്‌ നഗരത്തിലായിരുന്നു അടുത്ത നിയമനം. ജനങ്ങൾ ഏറെയും ബുദ്ധമതക്കാരായതിനാൽ ബൈബിൾ അവർക്കത്ര പരിചിതമല്ല. കോറാറ്റിലായിരിക്കെ ഞാൻ ഒരു പോസ്റ്റ്‌മാസ്റ്റർക്ക്‌ അധ്യയനം നടത്തി. ഗോത്രപിതാവായ അബ്രാഹാമിനെക്കുറിച്ചു സംസാരിച്ചപ്പോൾ കക്ഷിക്ക്‌ വലിയ ഉത്സാഹമായി; കാരണം, അബ്രാഹാമിനെക്കുറിച്ച്‌ മുമ്പ്‌ അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്‌, യു.എസ്‌. പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണായിരുന്നെന്നു പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി!

ആത്മാർഥഹൃദയരായ തായ്‌ജനങ്ങളെ ഞങ്ങൾ ബൈബിൾ പഠിപ്പിച്ചപ്പോൾ, ലളിതജീവിതം നയിച്ചുകൊണ്ട്‌ എങ്ങനെ സന്തുഷ്ടരായിരിക്കാമെന്ന്‌ അവർ ഞങ്ങളെ പഠിപ്പിച്ചു. അതു വിലയേറിയ ഒരു പാഠമായിരുന്നു; കോറാറ്റിലെ ഞങ്ങളുടെ ആദ്യമിഷനറിഭവനത്തിൽ വൈദ്യുതിയോ പൈപ്പുവെള്ളമോ ഉണ്ടായിരുന്നില്ല. “സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും” ഞങ്ങൾ പഠിച്ചു. അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ, “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്ന്‌ ഞങ്ങൾക്കും പറയാനാകും.—ഫിലിപ്പിയർ 4:12, 13.

പുതിയ പങ്കാളി, പുതിയ നിയമനം

1945-ൽ ഞാൻ ലണ്ടൻ സന്ദർശിച്ചു. അവിടെയായിരിക്കെ, മറ്റു ചില പയനിയർമാരോടും ബെഥേലംഗങ്ങളോടുമൊപ്പം ബ്രിട്ടീഷ്‌ മ്യൂസിയം കാണാൻ പോയി. അക്കൂട്ടത്തിൽ ഒരാളായിരുന്നു അലൻ കോവിൽ. താമസിയാതെ ഗിലെയാദ്‌ സ്‌കൂളിന്റെ 11-ാം ക്ലാസ്സിൽ സംബന്ധിച്ച അദ്ദേഹത്തെ ഫ്രാൻസിലേക്കും തുടർന്ന്‌ ബെൽജിയത്തിലേക്കും നിയമിച്ചു.b ഞാൻ തായ്‌ലൻഡിൽ മിഷനറിയായിത്തുടരവെ, എന്നെ വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഞാൻ സമ്മതിച്ചു.

1955 ജൂലൈ 9-ന്‌ ബെൽജിയത്തിലെ ബ്രസ്സൽസിൽവെച്ച്‌ ഞങ്ങൾ വിവാഹിതരായി. പാരീസിൽ മധുവിധു ആഘോഷിക്കുക എന്റെ സ്വപ്‌നമായിരുന്നു. അതുകൊണ്ട്‌ പിറ്റേ ആഴ്‌ച അവിടെ നടക്കുന്ന സമ്മേളനത്തിനു പോകാൻ അലൻ ഏർപ്പാടു ചെയ്‌തു; പക്ഷേ അവിടെയെത്തിയ ഉടനെ, സമ്മേളന പരിപാടികളത്രയും പരിഭാഷപ്പെടുത്താനുള്ള നിയമനം അദ്ദേഹത്തിനു ലഭിച്ചു. അലൻ ദിവസവും അതിരാവിലെ പുറപ്പെടും, ഞങ്ങൾ മടങ്ങിയെത്തുമ്പോൾ രാത്രി ഏറെ വൈകിയിരിക്കും. പാരീസിൽ മധുവിധു ആഘോഷിച്ചുവെന്നതു ശരിതന്നെ; പക്ഷേ ഏതാണ്ട്‌ മുഴുവൻ സമയവും അലൻ എന്നിൽനിന്നകലെ പ്ലാറ്റ്‌ഫോമിലായിരുന്നെന്നുമാത്രം! എങ്കിലും എനിക്കു വിഷമമൊന്നും തോന്നിയില്ല. സഹോദരങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണല്ലോ അദ്ദേഹം അതെല്ലാം ചെയ്‌തത്‌. ദാമ്പത്യത്തിൽ യഹോവയ്‌ക്കു മുഖ്യസ്ഥാനം നൽകുന്നപക്ഷം ഞങ്ങൾ സന്തുഷ്ടരായിരിക്കുമെന്ന കാര്യത്തിൽ എനിക്ക്‌ തെല്ലും സംശയമില്ലായിരുന്നു.

വിവാഹത്തോടൊപ്പം പുതിയൊരു പ്രവർത്തനപ്രദേശവും എനിക്കു ലഭിച്ചു—ബെൽജിയം. പല യുദ്ധങ്ങൾക്കും ആ രാജ്യം വേദിയായിരുന്നു എന്നുമാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. എന്നാൽ മിക്ക ബെൽജിയംകാരും സമാധാനപ്രിയരാണെന്ന്‌ വൈകാതെ എനിക്കു മനസ്സിലായി. പുതിയ നിയമനത്തോടുള്ള ബന്ധത്തിൽ എനിക്ക്‌ ഫ്രഞ്ചും പഠിക്കേണ്ടിവന്നു. രാജ്യത്തിന്റെ തെക്കുള്ളവർ ആ ഭാഷയാണ്‌ സംസാരിക്കുന്നത്‌.

1955-ൽ ഉദ്ദേശം 4,500 പ്രസാധകരുണ്ടായിരുന്നു ബെൽജിയത്തിൽ. ബെഥേലിലും സഞ്ചാരവേലയിലുമായി അലനും ഞാനും 50 വർഷത്തോളം സേവിച്ചു. ആദ്യത്തെ രണ്ടരവർഷം സൈക്കിളിലായിരുന്നു ഞങ്ങളുടെ സഞ്ചാരം, മഴയും വെയിലും ഗണ്യമാക്കാതെ കുന്നും മലയും താണ്ടിയുള്ള യാത്ര. ഇക്കാലംവരെയും ഞങ്ങൾ 2,000-ത്തിലധികം സഹോദരങ്ങളുടെ വീടുകളിൽ താമസിച്ചിട്ടുണ്ട്‌! ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടും തങ്ങളുടെ മുഴുശക്തിയോടെയും യഹോവയെ സേവിക്കുന്ന സഹോദരീസഹോദരന്മാരെ ഞാൻ മിക്കപ്പോഴും കണ്ടുമുട്ടിയിരുന്നു. അവരുടെ ആ നല്ല മാതൃക നിയമനത്തിൽ നിലനിൽക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഓരോ സഭയും സന്ദർശിച്ചുകഴിയുമ്പോൾ ആത്മീയമായി കൂടുതൽ കരുത്താർജിച്ചതായി ഞങ്ങൾക്ക്‌ അനുഭവപ്പെട്ടിരുന്നു. (റോമ. 1:11, 12) അലൻ എനിക്ക്‌ ഒരു ഉറ്റചങ്ങാതി ആയിരുന്നു. “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; . . . വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്‌പിക്കും” എന്ന സഭാപ്രസംഗി 4:9, 10-ലെ വാക്കുകൾ എത്ര സത്യം!

ദൈവസേവനത്തിലെ അനുഗ്രഹങ്ങൾ

യഹോവയെ സേവിക്കാൻ മറ്റുള്ളവരെ സഹായിച്ചതിന്റെ നിരവധി അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായിട്ടുണ്ട്‌. 1983-ൽ ഞങ്ങൾ ആന്റ്‌വെർപ്പിലുള്ള ഒരു ഫ്രഞ്ച്‌സഭ സന്ദർശിച്ചു. ഞങ്ങൾ താമസിച്ച വീട്ടിൽ, ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌ എന്നറിയപ്പെടുന്ന സയറിൽനിന്നുള്ള ബെഞ്ചമിൻ ബാൻഡിവിള എന്ന ഒരു യുവസഹോദരനും അതിഥിയായി ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനായിട്ടാണ്‌ ബെഞ്ചമിൻ ബെൽജിയത്തിലെത്തിയത്‌. “യഹോവയുടെ സേവനത്തിൽ അർപ്പിതമായ നിങ്ങളുടെ ജീവിതം കണ്ടിട്ട്‌ എനിക്ക്‌ അസൂയ തോന്നുന്നു,” ബെഞ്ചമിൻ പറഞ്ഞു. “ഞങ്ങളോട്‌ അസൂയ തോന്നുന്നുവെന്നു പറഞ്ഞിട്ട്‌, ലോകപ്രകാരമുള്ള ഒരു ജീവിതം ലക്ഷ്യംവെച്ചാണല്ലോ താങ്കൾ പ്രവർത്തിക്കുന്നത്‌. അതൊരു വൈരുധ്യമല്ലേ?” അലൻ പ്രതിവചിച്ചു. മുഖത്തുനോക്കി അങ്ങനെ പറഞ്ഞപ്പോൾ ജീവിതം ഒന്നു വിലയിരുത്താൻ ബെഞ്ചമിൻ തീരുമാനിച്ചു. പിന്നീട്‌ സയറിൽ തിരിച്ചെത്തി പയനിയറിങ്‌ തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഒരു ബ്രാഞ്ച്‌ കമ്മിറ്റിയംഗമാണ്‌.

1999-ൽ അന്നനാളത്തിലെ അൾസർ നീക്കംചെയ്യാൻ എനിക്കൊരു ശസ്‌ത്രക്രിയ വേണ്ടിവന്നു. അതോടെ എന്റെ തൂക്കം 30 കിലോഗ്രാമായി കുറഞ്ഞു. സത്യത്തിൽ, ദുർബലമായ ഒരു ‘മൺപാത്രമാണ്‌’ ഞാൻ; എങ്കിലും യഹോവ “അത്യന്തശക്തി” നൽകിയതിൽ ഞാൻ കൃതാർഥയാണ്‌. ശസ്‌ത്രക്രിയയ്‌ക്കുശേഷം അലനോടൊപ്പം സഞ്ചാരവേലയിൽ പങ്കുചേരാൻ അവൻ എന്നെ ബലപ്പെടുത്തി. (2 കൊരി. 4:7) 49 വർഷത്തെ വിവാഹജീവിതത്തിനുശേഷം 2004 മാർച്ചിൽ, ഉറക്കത്തിലായിരിക്കെ അലൻ മരണമടഞ്ഞു. എനിക്ക്‌ കടുത്ത ഏകാന്തത അനുഭവപ്പെടാറുണ്ടെങ്കിലും അദ്ദേഹം യഹോവയുടെ സ്‌മരണയിലുണ്ടെന്ന വസ്‌തുത എന്നെ ആശ്വസിപ്പിക്കുന്നു.

ഇപ്പോൾ എനിക്ക്‌ 83 വയസ്സുണ്ട്‌. 63-ലേറെ വർഷം മുഴുസമയസേവനത്തിൽ ചെലവഴിച്ചിരിക്കുന്നു. ശുശ്രൂഷയിലെ എന്റെ തീക്ഷ്‌ണത ഇപ്പോഴും മങ്ങിയിട്ടില്ല. ഇപ്പോൾ ഞാൻ വീട്ടിൽവെച്ച്‌ ഒരു ബൈബിളധ്യയനം നടത്തുന്നുണ്ട്‌. ലഭിക്കുന്ന അവസരങ്ങളിലെല്ലാം യഹോവയുടെ മഹത്തായ ഉദ്ദേശ്യത്തെക്കുറിച്ചു ദിവസവും മറ്റുള്ളവരോടു സംസാരിക്കാറുമുണ്ട്‌. ‘1945-ൽ പയനിയറിങ്‌ ആരംഭിച്ചില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായിത്തീരുമായിരുന്നു?’ എന്ന്‌ ഇടയ്‌ക്കിടെ ഞാൻ ആലോചിക്കാറുണ്ട്‌. മോശമായ ആരോഗ്യം നിമിത്തം പയനിയറിങ്‌ ചെയ്യാതിരിക്കാനുള്ള എല്ലാ കാരണവും എനിക്കുണ്ടായിരുന്നു; എങ്കിലും ചെറുപ്പകാലത്തുതന്നെ പയനിയറിങ്‌ തുടങ്ങിയത്‌ എത്ര നന്നായി! ദൈവേഷ്ടത്തിന്‌ ജീവിതത്തിൽ ഒന്നാംസ്ഥാനം നൽകുന്നപക്ഷം അവൻ നമ്മുടെ ബലമായിരിക്കും എന്ന്‌ സ്വന്തം അനുഭവത്തിൽനിന്ന്‌ എനിക്കു പറയാനാകും.

[അടിക്കുറിപ്പുകൾ]

a 1939-ൽ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം ഇപ്പോൾ ലഭ്യമല്ല.

b കോവിൽ സഹോദരന്റെ ജീവിതകഥ 1961 മാർച്ച്‌ 15-ലെ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) കാണാം.

[18-ാം പേജിലെ ചിത്രം]

മിഷനറിപങ്കാളിയായ ആസ്‌ട്രിഡ്‌ ആൻഡേഴ്‌സണുമൊത്ത്‌ (വലത്ത്‌)

[18-ാം പേജിലെ ചിത്രം]

ഭർത്താവിനൊപ്പം സഞ്ചാരവേലയിൽ, 1956

[20-ാം പേജിലെ ചിത്രം]

അലനുമൊത്ത്‌, 2000

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക