3 യേശുവിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുക
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു.”—യോഹന്നാൻ 3:16.
പ്രതിബന്ധം: യേശു ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്ന് ചിലർ നിങ്ങളെ ധരിപ്പിച്ചിട്ടുണ്ടാകാം. അവൻ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന മറ്റൊരു കൂട്ടർ അവൻ വെറുമൊരു സാധാരണ മനുഷ്യനായിരുന്നുവെന്ന അഭിപ്രായക്കാരാണ്.
എങ്ങനെ മറികടക്കാം? നഥനയേൽa എന്ന ക്രിസ്തുശിഷ്യനെ അനുകരിക്കുക. ഒരിക്കൽ അവന്റെ സുഹൃത്തായ ഫിലിപ്പോസ്, താൻ മിശിഹായെ കണ്ടെത്തിയിരിക്കുന്നുവെന്നും “യോസേഫിന്റെ മകനായ നസറെത്തിൽനിന്നുള്ള യേശുവാണ് അവൻ” എന്നും നഥനയേലിനോടു പറഞ്ഞു. എന്നാൽ അത് കണ്ണുമടച്ച് വിശ്വസിക്കാൻ നഥനയേൽ തയ്യാറായില്ല. “നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?” എന്നായിരുന്നു അവന്റെ ചോദ്യം. എന്നിരുന്നാലും “വന്നു കാണുക” എന്ന ഫിലിപ്പോസിന്റെ ക്ഷണം അവൻ സ്വീകരിക്കുകതന്നെചെയ്തു. (യോഹന്നാൻ 1:43-51) തെളിവുകൾ സ്വയം പരിശോധിക്കുന്നതിലൂടെ നിങ്ങൾക്കും പ്രയോജനംനേടാനാകും.
യേശു യഥാർഥത്തിൽ ജീവിച്ചിരുന്നു എന്നതിനുള്ള ചരിത്രപരമായ തെളിവുകൾ പരിശോധിക്കുക. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആദരണീയരായ രണ്ട് ചരിത്രകാരന്മാരായിരുന്നു ജോസീഫസും റ്റാസിറ്റസും. അവർ ക്രിസ്ത്യാനികളല്ലായിരുന്നു. എങ്കിലും അവരിരുവരും യേശുക്രിസ്തുവിനെ ഒരു ചരിത്രപുരുഷനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എ.ഡി. 64-ൽ റോമിൽ ഉണ്ടായ അഗ്നിബാധയുടെ ഉത്തരവാദിത്വം നീറോ ചക്രവർത്തി ക്രിസ്ത്യാനികളുടെ തലയിൽ കെട്ടിവെച്ചതിനെക്കുറിച്ച് വിവരിക്കവെ റ്റാസിറ്റസ് ഇങ്ങനെ എഴുതി: “ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടിരുന്ന കൂട്ടത്തിന്മേൽ നീറോ ആ കുറ്റം കെട്ടിവെച്ചു. തങ്ങളുടെ നിലപാടുകൾനിമിത്തം വെറുക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികളെ അദ്ദേഹം ക്രൂരമായി പീഡിപ്പിച്ചു. ക്രിസ്ത്യാനി എന്ന പേര് ആരിൽനിന്ന് ഉത്ഭവിച്ചുവോ ആ ക്രിസ്തസ് (ക്രിസ്തു), തിബര്യോസിന്റെ ഭരണകാലത്ത് നമ്മുടെ നാടുവാഴികളിൽ ഒരാളായ പൊന്തിയൊസ് പീലാത്തൊസിന്റെ കൈയാൽ അതികഠിനമായ ശിക്ഷ ഏറ്റുവാങ്ങിയവനാണ്.”
യേശുവിനെയും ആദിമ ക്രിസ്ത്യാനികളെയും കുറിച്ച് ഒന്നാം നൂറ്റാണ്ടിലെയും രണ്ടാം നൂറ്റാണ്ടിലെയും ചരിത്രകാരന്മാർ നടത്തിയ പരാമർശങ്ങൾ സംക്ഷേപിച്ചുകൊണ്ട് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (2002 പതിപ്പ്) പ്രസ്താവിക്കുന്നു: “യേശു ജീവിച്ചിരുന്നു എന്ന വസ്തുതയെ പണ്ട് ക്രിസ്ത്യാനിത്വത്തിന്റെ ശത്രുക്കൾപോലും ചോദ്യംചെയ്തില്ല എന്ന് ഈ നിഷ്പക്ഷ വിവരണങ്ങൾ തെളിയിക്കുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അക്കാര്യത്തിൽ സംശയം ഉയർന്നുവന്നത്, അതും യാതൊരു അടിസ്ഥാനവുമില്ലാതെ. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.” 2002-ൽ ദ വാൾ സ്ട്രീറ്റ് ജേർണലിന്റെ ഒരു മുഖപ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ചുരുക്കം ചില നിരീശ്വരവാദികളൊഴിച്ച് മിക്ക പണ്ഡിതന്മാരും, നസറായനായ യേശു ഒരു ചരിത്രപുരുഷനാണെന്ന് അംഗീകരിച്ചിട്ടുണ്ട്.”
യേശു ഉയിർപ്പിക്കപ്പെട്ടു എന്നതിനുള്ള തെളിവു പരിശോധിക്കുക. എതിരാളികൾ യേശുവിനെ പിടികൂടിയപ്പോൾ അവന്റെ സ്നേഹിതന്മാരെല്ലാം അവനെ ഉപേക്ഷിച്ചുപോയി. അവന്റെ സുഹൃത്തായ പത്രോസ് അവനെ തള്ളിപ്പറയുകപോലും ചെയ്തു. (മത്തായി 26:55, 56, 69-75) യേശു അറസ്റ്റുചെയ്യപ്പെട്ടതിനെ തുടർന്ന് അവന്റെ അനുഗാമികൾ ചിതറിപ്പോയി. (മത്തായി 26:31) എന്നാൽ പെട്ടെന്നുതന്നെ അവർ ധൈര്യം വീണ്ടെടുത്ത് പ്രവർത്തനനിരതരായി. യേശുവിന്റെ മരണത്തിനു കാരണക്കാരായ മനുഷ്യരുടെ മുമ്പാകെ സംസാരിക്കാൻപോലും പത്രോസും യോഹന്നാനും ധൈര്യം കാണിച്ചു. യേശുവിന്റെ ശിഷ്യന്മാർ ഉത്സാഹത്തോടെ റോമൻ സാമ്രാജ്യത്തിലുടനീളം അവന്റെ ഉപദേശങ്ങൾ പ്രചരിപ്പിച്ചു. തങ്ങളുടെ വിശ്വാസം തള്ളിപ്പറയുന്നതിനുപകരം മരണംവരിക്കാൻപോലും അവർ തയ്യാറായിരുന്നു.
അവരുടെ ഈ മാറ്റത്തിനുള്ള ഒരു കാരണം എന്തായിരുന്നു? മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട യേശു, “കേഫായ്ക്കും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി” എന്നും “അതിനുശേഷം അവൻ ഒരേസമയത്ത് അഞ്ഞൂറിലധികം സഹോദരന്മാർക്കു പ്രത്യക്ഷനായി” എന്നും പൗലോസ് അപ്പൊസ്തലൻ പറയുകയുണ്ടായി. പൗലോസ് ഈ വാക്കുകൾ രേഖപ്പെടുത്തുന്ന സമയത്ത് അവരിൽ മിക്കവരും ജീവിച്ചിരിപ്പുണ്ടായിരുന്നു. (1 കൊരിന്ത്യർ 15:3-7) രണ്ടോ മൂന്നോ പേരുടെ സാക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ സന്ദേഹവാദികൾക്ക് അത് അവഗണിക്കാൻ കഴിഞ്ഞേക്കുമായിരുന്നു. (ലൂക്കോസ് 24:1-11) എന്നാൽ യേശു ഉയിർപ്പിക്കപ്പെട്ടുവെന്നതിന് അഞ്ഞൂറിലധികം പേർ ദൃക്സാക്ഷികളായിരുന്നു.
അനുഗ്രഹങ്ങൾ: യേശുവിൽ വിശ്വസിച്ച് അവനെ അനുസരിക്കുന്നവർക്ക് പാപമോചനം ലഭിക്കും. ശുദ്ധമായ മനസ്സാക്ഷി ഉണ്ടായിരിക്കാനും അവർക്കു കഴിയും. (മർക്കോസ് 2:5-12; 1 തിമൊഥെയൊസ് 1:19; 1 പത്രോസ് 3:16-22) അവർ മരിച്ചാലും “അവസാനനാളിൽ” താൻ അവരെ ഉയിർപ്പിക്കുമെന്ന് യേശു വാഗ്ദാനംചെയ്യുന്നു.—യോഹന്നാൻ 6:40.
കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?b എന്ന പുസ്തകത്തിലെ “യേശുക്രിസ്തു ആരാണ്?” എന്ന നാലാമത്തെ അധ്യായവും “മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം” എന്ന അഞ്ചാമത്തെ അധ്യായവും കാണുക.
[അടിക്കുറിപ്പുകൾ]
a മത്തായി, മർക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങളിൽ ബർത്തൊലൊമായി എന്ന നഥനയേലിന്റെ മറ്റൊരു പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[7 പേജിൽ ചിത്രം
നഥനയേലിനെപ്പോലെ, യേശുവിനെക്കുറിച്ചുള്ള തെളിവുകൾ സ്വയം പരിശോധിക്കുക