ദാരിദ്ര്യം ദൈവത്തിന്റെ അപ്രീതിയുടെ തെളിവാണോ?
“ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ല” എന്ന് ദൈവം ഇസ്രായേല്യരോട് പറഞ്ഞിരുന്നു. ദരിദ്രരായവരെ സഹായിക്കാനും കടങ്ങൾ ഇളയ്ച്ചുകൊടുക്കാനുമുള്ള നിയമങ്ങൾ ദൈവം ന്യായപ്രമാണത്തിൽ നൽകിയിരുന്നു. (ആവർത്തനപുസ്തകം 15:1-5, 7-10) മാത്രമല്ല, യഹോവ അവരെ അനുഗ്രഹിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവരുടെയിടയിൽ ദരിദ്രർ ഉണ്ടാകുമായിരുന്നില്ല. എന്നാൽ ന്യായപ്രമാണം അനുസരിക്കുകയാണെങ്കിൽ മാത്രമേ യഹോവയിൽനിന്ന് അവർക്ക് അനുഗ്രഹം ലഭിക്കുമായിരുന്നുള്ളൂ. യഹോവയെ അനുസരിക്കുന്നതിൽ പക്ഷേ അവർ പരാജയപ്പെട്ടു.
പാവപ്പെട്ടവർക്ക് ദൈവത്തിന്റെ അംഗീകാരമില്ലായിരുന്നുവെന്നും സമ്പന്നർ ദൈവപ്രീതിയുള്ളവരായിരുന്നെന്നുമാണോ അതിനർഥം? വിശ്വസ്തരായ പല ദൈവദാസന്മാരും പാവപ്പെട്ടവരായിരുന്നു. പ്രവാചകനായ ആമോസ് ഒരു ആട്ടിടയനും കൂലിക്കാരനുമായിരുന്നു. (ആമോസ് 1:1; 7:14) പ്രവാചകനായ ഏലീയാവിന്റെ കാലത്ത് ഇസ്രായേലിൽ ക്ഷാമം വന്നപ്പോൾ അവൻ ഭക്ഷണത്തിനായി ദരിദ്രയായ ഒരു വിധവയെയാണ് ആശ്രയിച്ചത്. അവളുടെ കൈവശമുണ്ടായിരുന്ന മാവും എണ്ണയും തീർന്നുപോകാതെ നോക്കിക്കൊണ്ട് ക്ഷാമകാലത്തുടനീളം യഹോവ അവരെ പുലർത്തി. യഹോവ ഏലീയാവിനെയും ആ വിധവയെയും ധനികരാക്കിയില്ലെന്നതു ശ്രദ്ധിക്കുക; അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക മാത്രമാണ് അവൻ ചെയ്തത്.—1 രാജാക്കന്മാർ 17:8-16.
യാദൃച്ഛികമായി ഉണ്ടാകുന്ന സംഭവങ്ങൾ ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടേക്കാം. അപകടങ്ങളോ രോഗങ്ങളോ ഒരു വ്യക്തിയെ പണിയെടുക്കാനാവാത്ത അവസ്ഥയിലാക്കിയേക്കാം. കുടുംബനാഥന്റെ മരണം ഒരു കുടുംബത്തെ പട്ടിണിയിലാക്കിയേക്കാം. എന്നാൽ ഇതുപോലുള്ള ദുരന്തങ്ങൾപോലും ദൈവത്തിന്റെ അപ്രീതിയുടെ സൂചനയല്ല. യഹോവ ദരിദ്രർക്കായി കരുതുന്നു എന്നതിന്റെ നല്ലൊരു ദൃഷ്ടാന്തമാണ് നവോമിയുടെയും രൂത്തിന്റെയും അനുഭവം. ഭർത്താക്കന്മാരുടെ മരണത്തെത്തുടർന്ന് നവോമിയും രൂത്തും കടുത്ത ദാരിദ്ര്യത്തിലായെങ്കിലും യഹോവ അവരെ അനുഗ്രഹിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.—രൂത്ത് 1:1-6; 2:2-12; 4:13-17.
അതെ, ദാരിദ്ര്യം ദൈവത്തിന്റെ അപ്രീതിയുടെ തെളിവല്ല. യഹോവയോടു വിശ്വസ്തരായവർക്ക് ദാവീദ് രാജാവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത അനുഭവിച്ചറിയാനാകും: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.”—സങ്കീർത്തനം 37:25.
[8-ാം പേജിലെ ചിത്രം]
നവോമിയും രൂത്തും ദരിദ്രരായിരുന്നെങ്കിലും യഹോവ അവരെ അനുഗ്രഹിക്കുകയും സ്നേഹപൂർവം അവർക്കുവേണ്ടി കരുതുകയും ചെയ്തു