ചരിത്രസ്മൃതികൾ
“പരീക്ഷയുടെ നാഴികയിൽ” അവർ ഉറച്ചുനിന്നു
ഒന്നാം ലോകമഹായുദ്ധം 1914-ൽ പൊട്ടിപ്പുറപ്പെട്ടതോടെ ബൈബിൾവിദ്യാർഥികളുടെ നിഷ്പക്ഷനിലപാട് ലോകശ്രദ്ധയിൽ വരാനിടയായി. (യെശ. 2:2-4; യോഹ. 18:36; എഫെ. 6:12) ബ്രിട്ടനിലെ ദൈവദാസന്മാർ ഈ സാഹചര്യവുമായി മുന്നോട്ടുപോയത് എങ്ങനെയാണ്?
ഹെൻട്രി ഹഡ്സൺ
1916-ൽ ബ്രിട്ടനിൽ സൈനികസേവന ആക്ട് നിലവിൽവന്നു. 18-നും 40-നും മധ്യേ പ്രായമുള്ള അവിവാഹിതരായ പുരുഷന്മാർക്ക് നിർബന്ധിത സൈനികസേവനം നിഷ്കർഷിച്ചുകൊണ്ടുള്ളതായിരുന്നു അത്. മതപരമോ ധാർമികമോ ആയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ യുദ്ധത്തിൽനിന്നു വിട്ടുനിൽക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് ഇളവ് നൽകാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ആർക്കാണ് ഇളവ് അനുവദിക്കേണ്ടതെന്നും അത് ഏത് അളവുവരെ വേണമെന്നും നിർണയിക്കാനായി ഗവണ്മെന്റ് പ്രത്യേകകോടതികൾ സ്ഥാപിച്ചു.
ചുരുങ്ങിയ കാലയളവുകൊണ്ട് 40-ഓളം ബൈബിൾവിദ്യാർഥികളെ സൈനികതടവറകളിലാക്കി. എട്ടു പേരെ ഫ്രാൻസിലെ യുദ്ധമുന്നണിയിലേക്ക് അയച്ചു. നീതിരഹിതമായ ഈ നടപടിയിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ സഹോദരങ്ങൾ പ്രധാനമന്ത്രി ഹെർബർട്ട് ആസ്ക്വിതിന് ഒരു കത്തയച്ചു. അന്യായതടങ്കലിനെതിരെ 5,500 പേർ ഒപ്പിട്ട ഒരു നിവേദനവും ഒപ്പമുണ്ടായിരുന്നു.
അങ്ങനെയിരിക്കെ, ഫ്രാൻസിലേക്ക് അയച്ച എട്ടു പേരെ യുദ്ധം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ വെടിവെച്ചുകൊല്ലാൻ വിധിച്ചു എന്ന വാർത്ത ലഭിച്ചു. വെടിവെച്ചുകൊല്ലാൻ ഈ സഹോദരന്മാരെ നിരയായി നിറുത്തിയെങ്കിലും അവസാനനിമിഷം വധശിക്ഷ പത്തു വർഷത്തെ തടവുശിക്ഷയായി മാറ്റി. അതനുസരിച്ച്, സൈനികേതര തടവറകളിൽ ശിക്ഷ അനുഭവിക്കാനായി അവരെ ഇംഗ്ലണ്ടിലേക്ക് മടക്കിക്കൊണ്ടുവന്നു.
ജെയിംസ് ഫ്രെഡറിക് സ്കോട്ട്
യുദ്ധം തുടരവെ, വിവാഹിതരായ പുരുഷന്മാരും നിർബന്ധിത സൈനികസേവനം ചെയ്യണമെന്നായി. ഇതേത്തുടർന്ന്, ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ ഒരു കേസ് (സമാനസ്വഭാവമുള്ള കേസുകൾക്ക് തീർപ്പുകൽപ്പിക്കാൻ മാതൃകയായി പിന്നീട് ഉപയോഗിക്കാവുന്ന ടെസ്റ്റ് കേസ്) നടന്നു. ഒരു ഡോക്ടറും ബൈബിൾവിദ്യാർഥിയും ആയിരുന്ന ഹെൻട്രി ഹഡ്സൺ ആയിരുന്നു പ്രതി. 1916 ആഗസ്റ്റ് 3-ന് കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്നു വിധിച്ച് പിഴ ചുമത്തി പട്ടാളത്തിനു വിട്ടുകൊടുത്തു. സമാനമായ മറ്റൊരു ടെസ്റ്റ് കേസ് സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ ഉണ്ടായി. പക്ഷേ ഈ കേസിലെ പ്രതിയായിരുന്ന 25 വയസ്സുള്ള ജെയിംസ് ഫ്രെഡറിക് സ്കോട്ട് എന്ന കോൽപോർട്ടർ കുറ്റക്കാരനല്ലെന്നു വിധിയുണ്ടായി. ഗവണ്മെന്റ് ഇതിനെതിരെ അപ്പീൽ പോയെങ്കിലും പിന്നീട് വിട്ടുകളഞ്ഞു. ലണ്ടനിൽ അപ്പോഴേക്കും ഉയർന്നുവന്ന മറ്റൊരു ടെസ്റ്റ് കേസ് കണ്ടുകൊണ്ടാണ് ഇതു വിട്ടുകളഞ്ഞത്. ഈ കേസിൽ ഹെർബർട്ട് കിപ്സ് എന്നു പേരായ സഹോദരനെ കുറ്റക്കാരനെന്നു കണ്ടെത്തുകയും പിഴ ചുമത്തി പട്ടാളത്തിനു കൈമാറുകയും ചെയ്തു.
1916 സെപ്റ്റംബർ ആയപ്പോഴേക്കും ആകെ 264 സഹോദരന്മാർ സൈനികസേവനത്തിൽനിന്നുള്ള ഒഴിവിനായി അപേക്ഷിച്ചിരുന്നു. അതിൽ അഞ്ചു പേർക്ക് ഒഴിവു കിട്ടി. 154 പേരെ, ‘ദേശീയ പ്രാധാന്യമുള്ള ജോലികൾ’ എന്ന പേരിൽ കഠിനജോലികൾക്ക് അയച്ചു. 23 പേരെ പോരാട്ടം ഉൾപ്പെടാത്ത സൈനികജോലികൾക്ക് നിയോഗിച്ചു. 82 പേരെ സൈന്യത്തിനു കൈമാറി. ഇവരിൽ ചിലരെ ആജ്ഞകൾ അനുസരിച്ചില്ല എന്ന കാരണത്താൽ സൈനികകോടതി വിചാരണനടത്തി തടവിലാക്കി. ഈ പുരുഷന്മാരോടുള്ള ക്രൂരമായ പെരുമാറ്റത്തിന് എതിരായി പൊതുജനരോഷം ഉയർന്നതിനാൽ ഗവണ്മെന്റ് അവരെ സൈനികത്തടവിൽനിന്നും തൊഴിൽപ്പാളയങ്ങളിലേക്കു മാറ്റി.
പ്രൈസ് ഹ്യൂസ്
എഡ്ഗർ ക്ലേയും പ്രൈസ് ഹ്യൂസും വെയിൽസിലെ ഒരു ഡാമിൽ ജോലി ചെയ്തു. പ്രൈസ് ഹ്യൂസ് പിന്നീട് ബ്രിട്ടനിലെ ബ്രാഞ്ച് മേൽവിചാരകനായി സേവിക്കുകയുണ്ടായി. ഫ്രാൻസിൽനിന്നും തിരികെയെത്തിയ എട്ടു പേരിൽ ഒരാളായിരുന്ന ഹെർബെർട്ട് സീനിയറെ യോക്ഷയറിലെ വെയ്ക്ക്ഫീൽഡ് ജയിലിലേക്ക് അയച്ചു. മറ്റുള്ളവർ ഡാർട്ട്മൂർ ജയിലിലെ ദുരിതപൂർണമായ ചുറ്റുപാടിൽ കഠിനവേല ചെയ്ത് അവരുടെ ശിക്ഷാകാലാവധി പൂർത്തിയാക്കി. സൈനികസേവനത്തിനു വിസമ്മതിച്ചവരുടെ ഏറ്റവും വലിയ കൂട്ടമാണ് ആ ജയിലിലുണ്ടായിരുന്നത്.
ഫ്രാങ്ക് പ്ലാറ്റ് എന്ന ബൈബിൾവിദ്യാർഥി യുദ്ധേതരജോലികൾ ചെയ്യാൻ സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തോട് യുദ്ധത്തിനു പോകാൻ ആവശ്യപ്പെട്ടു. അദ്ദേഹം അത് നിരസിച്ചപ്പോൾ നാളുകളോളം മൃഗീയപീഡനം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. സൈനികസേവന ലിസ്റ്റിൽ പേരുവന്ന് അധികം വൈകാതെയാണ് ആറ്റ്കെൻസൻ പജെറ്റിന് സത്യം കിട്ടുന്നത്. യുദ്ധംചെയ്യാൻ വിസമ്മതിച്ചതിന് പട്ടാളമേധാവികൾ അദ്ദേഹത്തെ ക്രൂരതകൾക്ക് ഇരയാക്കി.
ഹെർബെർട്ട് സീനിയർ
ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന നമ്മുടെ സഹോദരങ്ങൾക്ക് നിഷ്പക്ഷത സംബന്ധിച്ച ക്രിസ്തീയനിലപാടുകൾ പൂർണമായി മനസിലായിരുന്നില്ലെങ്കിലും അവർ യഹോവയെ പ്രസാദിപ്പിക്കാൻ ശ്രമിച്ചു. ഈ ലേഖനത്തിൽ പേരു പറഞ്ഞിരിക്കുന്ന സഹോദരങ്ങൾ അതീവക്ലേശകരമായ “പരീക്ഷയുടെ നാഴികയിൽ” നിഷ്പക്ഷതയുടെ കാര്യത്തിൽ ഉത്തമമാതൃക വെച്ചവരാണ്. (വെളി. 3:10)—ബ്രിട്ടനിലെ ശേഖരത്തിൽനിന്ന്.