ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“അനേകർ എന്നെ വെറുത്തിരുന്നു”
ജനനം: 1978
രാജ്യം: ചിലി
മുൻകാലസ്വഭാവം: അങ്ങേയറ്റം അക്രമാസക്തൻ
മുൻകാലജീവിതം:
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലാണ് ഞാൻ വളർന്നത്. അതിന്റെ സമീപപ്രദേശത്ത് മയക്കുമരുന്നിന്റെ ഉപയോഗവും ഗുണ്ടാസംഘങ്ങളും കുറ്റകൃത്യങ്ങളും സർവസാധാരണമായിരുന്നു. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ എന്റെ പിതാവ് കൊല്ലപ്പെട്ടു. അതിനു ശേഷം വളരെ ക്രൂരനായൊരു വ്യക്തിയോടൊപ്പമാണ് അമ്മ ജീവിച്ചത്. അയാൾ നിത്യവും ഞങ്ങളെ രണ്ടു പേരെയും തല്ലുമായിരുന്നു. ആ വർഷങ്ങളിൽ എനിക്കേറ്റ വൈകാരികക്ഷതങ്ങൾ ഇപ്പോഴും ഞാൻ അനുഭവിക്കുന്നു.
ഞാൻ വളർന്നുവന്ന മോശമായ ചുറ്റുപാടുകൾ എന്നെ അങ്ങേയറ്റം അക്രമാസക്തനാക്കിത്തീർത്തു. ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഹെവി-മെറ്റൽ സംഗീതം കേൾക്കുകയും അമിതമായി മദ്യപിക്കുകയും ഇടയ്ക്കൊക്കെ മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തു. എന്നെ പല തവണ വകവരുത്താൻ ശ്രമിച്ച മയക്കുമരുന്ന് ഇടപാടുകാരുമായി ഞാൻ തെരുവിൽ മിക്കപ്പോഴും അടിപിടി കൂടുമായിരുന്നു. എന്നെ കൊല്ലാനായി ഒരിക്കൽ ഒരു എതിർസംഘം കുപ്രസിദ്ധനായ ഒരു വാടകഗുണ്ടയെ ഏർപ്പാടാക്കി. കുത്തേറ്റപ്പോഴുണ്ടായ മുറിവ് ഒഴിച്ചാൽ തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്. മറ്റൊരു സന്ദർഭത്തിൽ ഒരു കൂട്ടം മയക്കുമരുന്ന് ഇടപാടുകാർ എന്റെ തലയ്ക്കുനേരെ തോക്കു ചൂണ്ടിക്കൊണ്ട് എന്നെ വധിക്കാൻ ശ്രമിച്ചു.
1996-ൽ കാരോലീന എന്ന സ്ത്രീയുമായി പ്രണയത്തിലായ ഞാൻ 1998-ൽ അവളെ വിവാഹം കഴിച്ചു. പിന്നീട് ഞങ്ങൾക്കൊരു മകൻ ജനിച്ചു. എന്റെ അക്രമാസക്തമായ കോപം കാരണം വളർത്തുപിതാവിനെപ്പോലെ ഞാനും കുടുംബത്തോടു മോശമായി ഇടപെടുമോ എന്ന് അപ്പോൾ ഞാൻ ഭയന്നു. ഒരു പ്രാദേശിക പുനരധിവാസകേന്ദ്രത്തിൽ ഞാൻ സഹായം തേടി. എനിക്ക് വൈദ്യചികിത്സ ലഭിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ഒരോ ചെറിയ കാര്യത്തിലും ഞാൻ അങ്ങേയറ്റം ദേഷ്യപ്പെടുന്നതിൽ തുടർന്നു; അതു നിയന്ത്രണാധീതവുമായിരുന്നു. കുടുംബത്തെ ഉപദ്രവിക്കുന്നതു നിറുത്തുക എന്ന ഉദ്ദേശ്യത്തിൽ ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാഗ്യവശാൽ എന്റെ തെറ്റായ ആ ശ്രമം വിജയിച്ചില്ല.
വർഷങ്ങളോളം ഒരു നിരീശ്വരവാദിയായിരുന്നെങ്കിലുംദൈവത്തിൽ വിശ്വസിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കുറച്ചുനാൾ ഒരു സുവിശേഷകസഭയോടൊപ്പം ഞാൻ സഹവസിച്ചു. ഈ സമയത്ത് എന്റെ ഭാര്യ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയായിരുന്നു. സാക്ഷികളോടു വെറുപ്പായിരുന്നതിനാൽ ഞാൻ പലപ്പോഴും അവരെ ചീത്ത വിളിച്ചുകൊണ്ട് ആക്രോശിച്ചു. എന്നാൽ ഞാൻ പ്രതീക്ഷിച്ചതിൽനിന്നും വ്യത്യസ്തമായി അവർ എപ്പോഴും സമാധാനപരമായിട്ടാണ് പ്രതികരിച്ചത്.
എന്റെ ബൈബിളിൽനിന്നു സങ്കീർത്തനം 83:18 വായിക്കാൻ കാരോലീന ഒരിക്കൽ എന്നോട് പറഞ്ഞു. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ആ വാക്യത്തിൽനിന്ന് എനിക്കു വ്യക്തമായി. ഞാൻ സഹവസിച്ച സഭയിൽവെച്ച് ഒരു ദൈവത്തെക്കുറിച്ചു പഠിച്ചിട്ടുണ്ടെങ്കിലും യഹോവയെക്കുറിച്ച് ഒന്നും കേട്ടിരുന്നില്ല എന്നത് എന്നെ അതിശയിപ്പിച്ചു. 2000-ത്തിന്റെ തുടക്കത്തിൽ ഞാനും സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുതുടങ്ങി.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു:
പഠനത്തിൽ പുരോഗമിക്കവെ, യഹോവ ആർദ്രാനുകമ്പയുള്ളവനും ക്ഷമിക്കുന്നവനും ആണെന്ന തിരിച്ചറിവ് എനിക്ക് ആശ്വാസമേകി. ഉദാഹരണത്തിന്, പുറപ്പാടു 34:6, 7-ൽ “യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ” എന്നു വർണിച്ചിരിക്കുന്നു.
യഹോവ ആർദ്രാനുകമ്പയുള്ളവനും ക്ഷമിക്കുന്നവനും ആണെന്ന തിരിച്ചറിവ് എനിക്ക് ആശ്വാസമേകി
എങ്കിലും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുക എന്നത് എനിക്ക് അത്ര എളുപ്പമായിരുന്നില്ല. ഒരിക്കലും കോപം നിയന്ത്രിക്കാൻ പറ്റില്ല എന്നെനിക്ക് ഉറപ്പായിരുന്നു. ഓരോ തവണ ഞാൻ പരാജയപ്പെടുമ്പോഴും കാരോലീന സ്നേഹപൂർവം എന്നെ ധൈര്യപ്പെടുത്തി. ഞാൻ ചെയ്യുന്ന ശ്രമങ്ങളെ യഹോവ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾ എന്നെ ഓർമിപ്പിച്ചു. മിക്കപ്പോഴും ഞാൻ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു അവസ്ഥയിലായിരുന്നെങ്കിലും അവളുടെ പിന്തുണ യഹോവയെ പ്രസാദിപ്പിക്കുന്നതിൽ തുടരാൻ എന്നെ ശക്തീകരിച്ചു.
എന്നെ ബൈബിൾ പഠിപ്പിച്ചുകൊണ്ടിരുന്ന ആലെജാൻഡ്രൊ ഒരു ദിവസം ഗലാത്യർ 5:22, 23 വായിക്കാൻ ആവശ്യപ്പെട്ടു. ദൈവാത്മാവിന്റെ ഫലം “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവയാണെന്ന് ആ വാക്യങ്ങൾ പറയുന്നു. സ്വന്തം ശക്തിയിലല്ല, മറിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതിലൂടെയാണ് ഈ ഗുണങ്ങൾ എനിക്കു വളർത്തിയെടുക്കാനാകുന്നത് എന്ന് ആലെജാൻഡ്രൊ വിശദീകരിച്ചു. ആ സത്യം എന്റെ വീക്ഷണത്തെ പാടേ മാറ്റിമറിച്ചു!
പിന്നീട് ഞാൻ യഹോവയുടെ സാക്ഷികളുടെ വലിയ ഒരു കൺവെൻഷനിൽ സംബന്ധിച്ചു. അവിടത്തെ ക്രമവും ശുദ്ധിയും അതുപോലെ ആളുകൾ പരസ്പരം ഇടപഴകുന്ന വിധവും കണ്ടപ്പോൾ സത്യമതം കണ്ടെത്തിയിരിക്കുന്നു എന്നെനിക്കു ബോധ്യമായി. (യോഹന്നാൻ 13:34, 35) 2001 ഫെബ്രുവരിയിൽ ഞാൻ സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
അക്രമാസക്തനായിരുന്ന എന്നെ സമാധാനപ്രിയനായ ഒരു വ്യക്തിയായി യഹോവ മാറ്റിയെടുത്തു. ഞാൻ അകപ്പെട്ടുപോയ ചെളിക്കുണ്ടിൽനിന്നും അവൻ എന്നെ കൈപിടിച്ചുയർത്തിയതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അനേകർ എന്നെ വെറുത്തിരുന്നു; പക്ഷേ ഞാൻ അവരെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല. ഇപ്പോൾ എന്റെ ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം സമാധാനത്തോടെ യഹോവയെ സേവിക്കുന്നതു ഞാൻ ആസ്വദിക്കുന്നു.
എനിക്കു വന്ന മാറ്റം എന്റെ ബന്ധുക്കൾക്കും പഴയ സുഹൃത്തുക്കൾക്കും അവിശ്വസനീയമായിരുന്നു. അതിന്റെ ഫലമായി, അവരിലനേകർ ബൈബിൾസത്യം പഠിക്കാൻ താൽപര്യം കാണിച്ചിരിക്കുന്നു. യഹോവയെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കാനുള്ള പദവിയും ഞാൻ ആസ്വദിക്കുന്നു. ബൈബിൾസത്യം അവരുടെ ജീവിതത്തിലും വരുത്തുന്ന മാറ്റം കാണാനാകുന്നത് വളരെ ആനന്ദകരമാണ്. ▪ (w13-E 10/01)