മുഖ്യലേഖനം | ദൈവത്തോട് അടുക്കാൻ നിങ്ങൾക്ക് കഴിയും
ദൈവത്തിന്റെ പേര് അറിയാമോ? നിങ്ങൾ അത് ഉപയോഗിക്കുന്നുണ്ടോ?
പേര് അറിയാത്ത ഒരു ഉറ്റ സുഹൃത്ത് നിങ്ങൾക്കുണ്ടോ? സാധ്യതയില്ല! ഐറിന എന്ന ബൾഗേറിയക്കാരിയുടെ പിൻവരുന്ന അഭിപ്രായം വളരെ സത്യമാണ്: “ദൈവത്തിന്റെ പേര് അറിയില്ലെങ്കിൽ അവനുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ കഴിയില്ല.” കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞതുപോലെ, നാം അവനോട് അടുത്തു ചെല്ലാൻ ദൈവം ആഗ്രഹിക്കുന്നു എന്നത് എത്ര സന്തോഷകരമാണ്. അതുകൊണ്ട് ബൈബിളിലൂടെ ദൈവം തന്നെത്തന്നെ ഇങ്ങനെ പരിചയപ്പെടുത്തിയിരിക്കുന്നു എന്നു പറയാം: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.”—യെശയ്യാവു 42:8.
ബൈബിളിലൂടെ ദൈവം തന്നെത്തന്നെ ഇങ്ങനെ പരിചയപ്പെടുത്തിയിരിക്കുന്നു എന്നു പറയാം: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.”—യെശയ്യാവു 42:8
നിങ്ങൾ ദൈവത്തിന്റെ പേര് അറിയുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ദൈവം പ്രധാനമായി കരുതുന്നുവോ? ഇതു ചിന്തിക്കുക: ചതുരക്ഷരി എന്ന് അറിയപ്പെടുന്ന നാല് എബ്രായ വ്യഞ്ജനാക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുന്ന ദൈവനാമം, എബ്രായതിരുവെഴുത്തുകളുടെ പുരാതന കൈയെഴുത്തുപ്രതികളിൽ 7,000-ത്തോളം പ്രാവശ്യം കാണുന്നു; ബൈബിളിൽ പരാമർശിച്ചിരിക്കുന്ന മറ്റ് ഏതൊരു പേരിനെക്കാളും വളരെ കൂടുതൽ! തന്റെ നാമം നാം അറിയുകയും ഉപയോഗിക്കുകയും ചെയ്യണമെന്നു യഹോവ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.a
പരസ്പരം പേര് ചോദിച്ചുകൊണ്ടാണ് മിക്കപ്പോഴും രണ്ടു വ്യക്തികൾ സൗഹൃദം തുടങ്ങുന്നത്. നിങ്ങൾക്കു ദൈവത്തിന്റെ പേര് അറിയാമോ?
പരിശുദ്ധനും സർവശക്തനും ആയ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് അനാദരവാണെന്നു ചിലർക്കു തോന്നിയേക്കാം. നമ്മുടെ ഉറ്റ സുഹൃത്തിന്റെ പേര് നാം ദുരുപയോഗം ചെയ്യാത്തതുപോലെ ദൈവത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് തീർച്ചയായും തെറ്റാണ്. എന്നിരുന്നാലും, തന്നെ സ്നേഹിക്കുന്നവർ തന്റെ പേര് ആദരവോടെ ഉപയോഗിക്കുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. (സങ്കീർത്തനം 69:30, 31; 96:2, 8) യേശു ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചത് ഓർക്കുക: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” ദൈവനാമം മറ്റുള്ളവരെ അറിയിച്ചുകൊണ്ട് ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിൽ നമുക്ക് ഒരു പങ്കുണ്ടായിരിക്കാനാകും. അങ്ങനെ ചെയ്യുന്നതു നമ്മെ ദൈവത്തോട് അടുപ്പിക്കും.—മത്തായി 6:9.
‘തന്റെ നാമത്തെ സ്മരിക്കുന്നവരെ’ അഥവാ വിലമതിക്കുന്നവരെ ദൈവം പ്രത്യേകം ശ്രദ്ധിക്കുന്നതായി ബൈബിൾ പറയുന്നു. (മലാഖി 3:16) അങ്ങനെയുള്ള ഒരാളെക്കുറിച്ചു യഹോവ ഈ ഉറപ്പുതരുന്നു: “അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും.” (സങ്കീർത്തനം 91:14, 15) യഹോവയുമായി ഒരു ഉറ്റ ബന്ധം ആസ്വദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവത്തിന്റെ പേര് അറിയുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതു വളരെ പ്രധാനമാണ്. (w14-E 12/01)
a പഴയനിയമം എന്നു പൊതുവെ അറിയപ്പെടുന്ന എബ്രായതിരുവെഴുത്തുകളുടെ പുരാതന കൈയെഴുത്തുപ്രതികളിൽ ദൈവനാമം ഇത്ര കൂടെക്കൂടെ കാണുന്നുണ്ടെങ്കിലും അനേകം ബൈബിൾവിവർത്തകരും അത് ഉപയോഗിക്കാതിരിക്കുന്നത് സങ്കടകരമാണ്. പകരം, അവർ ദൈവനാമത്തിന്റെ സ്ഥാനത്ത് ‘കർത്താവ്’, ‘ദൈവം’ എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിച്ചിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 195-197 പേജുകൾ കാണുക.