‘വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു’
അനിയന്ത്രിതമായ ദേഷ്യം കാരണം ജോലി നഷ്ടമായ ഒരു ബാസ്കറ്റ്ബോൾ കോച്ച്.
തന്റെ വഴിക്ക് കാര്യം നടക്കാത്തതിനാൽ കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിയുന്ന ഒരു കുട്ടി.
മുറി അലങ്കോലമായിക്കിടക്കുന്നതു കണ്ട് മകനുമായി വഴക്കിടുന്ന അമ്മ.
ആളുകൾ ദേഷ്യപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നമ്മളും ദേഷ്യപ്പെടാറുണ്ട്. ഒഴിവാക്കേണ്ട മോശമായ ഒരു ശീലമാണ് ദേഷ്യമെന്ന് നമുക്ക് അറിയാം. പക്ഷേ പലപ്പോഴും ദേഷ്യപ്പെടാൻ തക്ക കാരണമുള്ളതായി നമുക്ക് തോന്നാറുണ്ട്, പ്രത്യേകിച്ച് നമ്മുടെ നീതിബോധത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുമ്പോൾ. “ദേഷ്യം തോന്നുന്നത് സാധാരണമായ ഒരു മാനുഷികവികാരമാണെന്നും അത് മിക്കപ്പോഴും ആരോഗ്യകരമാണെന്നും” അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷന്റെ ഒരു ലേഖനം അഭിപ്രായപ്പെട്ടു.
ഈ അഭിപ്രായം ന്യായമാണെന്ന് അപ്പൊസ്തലനായ പൗലോസ് എഴുതിയ ബൈബിളിലെ പിൻവരുന്ന വാക്കുകൾ വായിക്കുമ്പോൾ നമുക്കു തോന്നിയേക്കാം. ആളുകൾ ചിലപ്പോഴൊക്കെ ദേഷ്യപ്പെടാൻ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ട് പൗലോസ് ഇങ്ങനെ എഴുതി: “കോപം വന്നാലും പാപം ചെയ്യരുത്; സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്.” (എഫെസ്യർ 4:26) ഇതിന്റെ വീക്ഷണത്തിൽ, നാം ദേഷ്യപ്പെടേണ്ടതുണ്ടോ അതോ അത് നിയന്ത്രിക്കാൻ നമ്മാലാവുന്നത് ചെയ്യണമോ?
നിങ്ങൾ ദേഷ്യപ്പെടേണ്ടതുണ്ടോ?
കോപിക്കുന്നതിനെക്കുറിച്ച് ബുദ്ധിയുപദേശം കൊടുത്തപ്പോൾ സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം: “കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്.” (സങ്കീർത്തനം 4:4, പി.ഒ.സി.) അങ്ങനെയെങ്കിൽ, പൗലോസ് ഉദ്ദേശിച്ചത് എന്തായിരുന്നു? അവൻ തുടർന്ന് ഇങ്ങനെ വിശദീകരിക്കുന്നു: “സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.” (എഫെസ്യർ 4:31) യഥാർഥത്തിൽ, ദേഷ്യപ്പെടുന്നത് ഒഴിവാക്കാൻ പൗലോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. രസകരമായ സംഗതി, അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷന്റെ ലേഖനം തുടർന്ന് ഇങ്ങനെ പറയുന്നു: “ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുന്നത് കോപവും ക്രോധവും വർധിപ്പിക്കുകയേയുള്ളൂ എന്നതാണ് വസ്തുത. പ്രശ്നം പരിഹരിക്കാൻ . . . അത് ഒട്ടും സഹായിക്കുകയില്ല.”
അങ്ങനെയെങ്കിൽ, ദേഷ്യവും അതിന്റെ ദൂഷ്യഫലങ്ങളും ‘ഒഴിവാക്കാൻ’ നമുക്ക് എങ്ങനെ കഴിയും? പുരാതനയിസ്രായേലിലെ ജ്ഞാനിയായ ശലോമോൻ ഇങ്ങനെ പറഞ്ഞു: “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” (സദൃശവാക്യങ്ങൾ 19:11) ഒരു മനുഷ്യന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞുപൊന്തുമ്പോൾ “വിവേകബുദ്ധി” അവനെ സഹായിക്കുന്നത് എങ്ങനെ?
വിവേകബുദ്ധിയാൽ ദീർഘക്ഷമ വരുന്നത് എങ്ങനെ?
വിവേകബുദ്ധി അഥവാ ഉൾക്കാഴ്ച എന്നത് കാര്യങ്ങൾ ആഴത്തിൽ വിലയിരുത്താനുള്ള കഴിവാണ്. ഉൾക്കാഴ്ചയുണ്ടായിരിക്കുക എന്നതിന്റെ അർഥം ഒരു കാര്യത്തിന്റെ പുറമെ മാത്രം നോക്കാതെ അതിന്റെ ഉള്ളിലേക്കു ഇറങ്ങിച്ചെന്നു കാണുക എന്നാണ്. ആകട്ടെ, മറ്റുള്ളവർ നമ്മെ മുറിപ്പെടുത്തുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്യുമ്പോൾ വിവേകം നമ്മെ എങ്ങനെ സഹായിക്കും?
അനീതി കാണുമ്പോൾ നമുക്ക് ദേഷ്യം തോന്നാൻ സാധ്യത കൂടുതലാണ്. എന്നിരുന്നാലും വികാരത്തിന് അടിപ്പെട്ട് അക്രമാസക്തരാകുകയോ രോഷത്തോടെ പ്രതികരിക്കുകയോ ചെയ്യുന്നെങ്കിൽ അതു നമുക്കോ മറ്റുള്ളവർക്കോ ദോഷം വരുത്തിവെച്ചേക്കാം. അനിയന്ത്രിതമായ തീ ഒരു വീട് കത്തിച്ചാമ്പലാക്കുന്നതുപോലെ, ദേഷ്യത്തിന്റെ ഒരു തീപ്പൊരിക്ക് നമ്മുടെ സത്പേര് കളഞ്ഞുകുളിക്കാനും മറ്റുള്ളവരുമായും ദൈവവുമായിപ്പോലും ഉള്ള ബന്ധം തകർക്കാനും കഴിയും. അതുകൊണ്ട് നമ്മുടെ ഉള്ളിൽ കോപം നുരഞ്ഞുപൊന്താൻ തുടങ്ങുമ്പോൾത്തന്നെ സാഹചര്യം ഒന്നു ആഴത്തിൽ ചിന്തിക്കുക. സംഭവിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു ആകമാനവീക്ഷണമുണ്ടായിരിക്കുന്നത് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ തീർച്ചയായും നമ്മെ സഹായിക്കും.
ശലോമോന്റെ പിതാവായ ദാവീദ് രാജാവ് ഒരിക്കൽ നാബാൽ എന്നു പേരുള്ള ഒരാളെ കൊല്ലുന്നതിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. സാഹചര്യം മനസ്സിലാക്കുന്നതിന് സഹായം ലഭിച്ചതുകൊണ്ടാണ് ദാവീദിന് ആ പാതകത്തിൽനിന്ന് ഒഴിയാൻ കഴിഞ്ഞത്. യഹൂദാമരുഭൂമിയിലായിരുന്നപ്പോൾ ദാവീദും അവന്റെ ആളുകളും നാബാലിന്റെ ആടുകളെ സംരക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെ, ആടുകളുടെ രോമം കത്രിക്കുന്ന സമയം വന്നപ്പോൾ ദാവീദ് നാബാലിനോട് കുറച്ചു ആഹാരം ചോദിച്ചു. അതിനു നാബാൽ: “ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കു കൊടുക്കുമോ?” എന്നാണ് ചോദിച്ചത്. എന്തൊരു അപമാനം! ആ വാക്കുകൾ കേട്ടയുടനെ ദാവീദ് 400-ഓളം പുരുഷന്മാരുമായി നാബാലിനെയും കുടുംബത്തെയും കൊന്നൊടുക്കാൻ പുറപ്പെട്ടു.—1 ശമൂവേൽ 25:4-13.
കാര്യം അറിഞ്ഞ നാബാലിന്റെ ഭാര്യ അബീഗയിൽ ദാവീദിനെ കാണാൻ ചെന്നു. ദാവീദിനെയും കൂടെയുള്ളവരെയും കണ്ടയുടനെ അവൾ അവന്റെ കാൽക്കൽ വീണ്, “അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ” എന്നു പറഞ്ഞു. കൂടാതെ, നാബാൽ വിവേകമില്ലാത്തവനാണെന്നും പ്രതികാരത്തോടെ അവനെ കൊന്നാൽ പിന്നീട് ദാവീദിനു കുറ്റബോധം തോന്നുമെന്നും അബീഗയിൽ അവനോട് വിശദീകരിച്ചു.—1 ശമൂവേൽ 25:24-31.
രംഗം ശാന്തമാക്കാൻ സഹായിച്ച എന്ത് ഉൾക്കാഴ്ചയാണ് അബീഗയിലിന്റെ വാക്കുകളിൽനിന്ന് ദാവീദിനു ലഭിച്ചത്? ഒന്നാമതായി, നാബാൽ സ്വതവെ വിവേകമില്ലാത്ത ഒരു മനുഷ്യനാണെന്ന് അവൻ മനസ്സിലാക്കി. രണ്ടാമത്, പ്രതികാരം ചെയ്താൽ കൊലപാതകക്കുറ്റം വരുമെന്ന് അവൻ തിരിച്ചറിഞ്ഞു. ദാവീദിനെപ്പോലെ ചില കാര്യങ്ങൾ നമ്മെയും കോപാകുലരാക്കിയേക്കാം. നാം എന്തു ചെയ്യണം? ദേഷ്യം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ, മായോ ക്ലിനിക്ക് പ്രായോഗികമായ ഈ നിർദേശം വെക്കുന്നു: “അല്പസമയത്തേക്ക് ശ്വാസം പിടിച്ചുകൊണ്ട് പത്ത് വരെ എണ്ണുക.” പ്രശ്നത്തിന്റെ കാരണം എന്താണെന്നും ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ പരിണതഫലം എന്തായിരിക്കുമെന്നും മനസ്സിരുത്തി ചിന്തിക്കുക. അതെ, വിവേകബുദ്ധിയോടെ ദീർഘക്ഷമ കാണിക്കുക, കോപിക്കുന്നത് ഒഴിവാക്കുക.—1 ശമൂവേൽ 25:32-35.
സമാനമായ വിധത്തിൽ, ദേഷ്യം നിയന്ത്രിക്കാൻ അനേകർക്കും സഹായം ലഭിച്ചിട്ടുണ്ട്. 23-ാം വയസ്സിൽ പോളണ്ടിൽ ഒരു തടവുകാരനായിരുന്ന സെബാസ്റ്റ്യൻ ബൈബിൾപഠനത്തിലൂടെ ദേഷ്യവും ക്രോധവും നിയന്ത്രിക്കാൻ പഠിച്ചു. അതിനെക്കുറിച്ച് അവൻ പറയുന്നു: “ആദ്യം, ഞാൻ പ്രശ്നത്തെക്കുറിച്ചു ചിന്തിക്കും. പിന്നീട്, ബൈബിൾബുദ്ധിയുപദേശം പ്രാവർത്തികമാക്കാൻ ശ്രമിക്കും. ഏറ്റവും മികച്ച വഴികാട്ടി ബൈബിൾതന്നെയാണ്.”
ബൈബിൾബുദ്ധിയുപദേശങ്ങൾ പ്രാവർത്തികമാക്കുന്നത് ശക്തമായ വികാരങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും
സമാനമായ ഒരു മാർഗമാണ് സെറ്റ്സുവോ പിൻപറ്റിയത്. അവൻ പറയുന്നു: “ജോലിസ്ഥലത്ത് മറ്റുള്ളവർ പ്രകോപിപ്പിക്കുമ്പോൾ ഞാൻ അവരുടെ നേരെ ആക്രോശിക്കുമായിരുന്നു. ബൈബിൾ പഠിച്ചതിനു ശേഷം ദേഷ്യപ്പെടുന്നതിനു പകരം ഞാൻ ഇങ്ങനെ ചിന്തിക്കുന്നു: ‘ശരിക്കും ആരുടെ ഭാഗത്താണ് തെറ്റ്? ഞാൻ തന്നെയല്ലേ കുഴപ്പമുണ്ടാക്കിയത്?’” ഇങ്ങനെ ചിന്തിക്കുന്നത് ദേഷ്യം കുറയ്ക്കാനും ഉള്ളിൽ പൊങ്ങിവരുന്ന ശക്തമായ വികാരങ്ങൾ നിയന്ത്രിക്കാനും എന്നെ സഹായിച്ചിരിക്കുന്നു.
കോപാവേശം വളരെ ശക്തമായിരിക്കാം. എന്നാൽ, ദൈവവചനത്തിലെ ബുദ്ധിയുപദേശം അതിനെക്കാളൊക്കെ ശക്തമാണ്. ബൈബിളിലെ ജ്ഞാനപൂർവമായ ബുദ്ധിയുപദേശം പ്രാവർത്തികമാക്കുകയും സഹായത്തിനായി ദൈവത്തോട് പ്രാർഥിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്കും വിവേകത്തോടെ ദീർഘക്ഷമ കാണിക്കാനും കോപം നിയന്ത്രിക്കാനും കഴിയും. ▪ (w14-E 12/01)