ചരിത്രസ്മൃതികൾ
“അതിവിശിഷ്ടമായ ഒരു കാലം”
യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള പിറ്റ്സ്ബർഗിൽ (അലിഗെനി) 1870-ൽ ഒരു ചെറിയ കൂട്ടം ആളുകൾ തിരുവെഴുത്തുകൾ ഗവേഷണം ചെയ്ത് പഠിക്കാൻ തുടങ്ങി. ചാൾസ് റ്റെയ്സ് റസ്സലായിരുന്നു ആ പഠനത്തിന് നേതൃത്വമെടുത്തിരുന്നത്. ക്രിസ്തുവിന്റെ മറുവിലയെക്കുറിച്ച് ആഴത്തിൽ പഠിച്ച അവർ യഹോവയുടെ ഉദ്ദേശ്യത്തിൽ അത് മുഖ്യസ്ഥാനം വഹിക്കുന്നതായി തിരിച്ചറിഞ്ഞു. മറുവില സകലർക്കും, യേശുവിനെക്കുറിച്ച് അന്നോളം കേട്ടിട്ടില്ലാഞ്ഞവർക്കുപോലും, രക്ഷയിലേക്കുള്ള വഴിതുറക്കുന്നു എന്ന് മനസ്സിലാക്കിയ അവർ ആഹ്ലാദഭരിതരായി! നന്ദിനിറഞ്ഞ ഹൃദയത്തോടെ എല്ലാ വർഷവും യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കാൻ അവർ പ്രചോദിതരായി.—1 കൊരി. 11:23-26.
റസ്സൽ സഹോദരൻ സീയോന്റെ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. ദൈവസ്നേഹത്തിന്റെ ഏറ്റവും മുന്തിയ തെളിവെന്ന നിലയിൽ മറുവിലയുടെ ഉപദേശത്തെ ആ മാസിക ഉയർത്തിക്കാട്ടി. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകകാലത്തെ “അതിവിശിഷ്ടമായ ഒരു കാലം” എന്ന് വീക്ഷാഗോപുരം വിശേഷിപ്പിക്കുകയും പിറ്റ്സ്ബർഗിലോ മറ്റിടങ്ങളിൽ സ്വകാര്യഭവനങ്ങളിലോ അത് ആചരിക്കാൻ വായനക്കാരോട് ആഹ്വാനം നടത്തുകയും ചെയ്തു. “വിശിഷ്ടവിശ്വാസത്തിൽ ഏകീകൃതരായ രണ്ടോ മൂന്നോ പേരേയുള്ളൂ എങ്കിലും” (ഇനി ഒരാളാണെങ്കിൽപ്പോലും) അവർ “ഹൃദയത്തിൽ കർത്താവുമായി ഏകീഭവിക്കും.”
വർഷന്തോറും കൂടുതൽക്കൂടുതൽ ആളുകൾ സ്മാരകത്തിനായി പിറ്റ്സ്ബർഗിൽ എത്താൻ തുടങ്ങി. “ഇവിടെയുള്ള സുമനസ്സുകൾ നിങ്ങൾക്ക് സ്വാഗതമരുളും” എന്ന് ക്ഷണക്കത്തിൽ എഴുതിയിരുന്നു. പ്രാദേശിക ബൈബിൾവിദ്യാർഥികൾ അങ്ങനെതന്നെ ചെയ്തു. തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരെ സന്തോഷത്തോടെ അവർ വീടുകളിൽ കൈക്കൊള്ളുകയും അവർക്ക് ഭക്ഷണമൊരുക്കുകയും ചെയ്തു. 1886-ലെ സ്മാരകകാലത്ത് അനേക ദിവസം നീണ്ടുനിന്ന ഒരു “പൊതുയോഗം” നടന്നു. “യജമാനനോടും അവിടുത്തെ സഹോദരന്മാരോടും അവിടുത്തെ സത്യത്തോടും ഉള്ള സ്നേഹത്താൽ നിറഞ്ഞുകവിയുന്ന ഹൃദയത്തോടെ കടന്നുവരിക” എന്ന് വീക്ഷാഗോപുരം ആഹ്വാനം ചെയ്തു.
ലണ്ടൻ റ്റാബർണക്ക്ളിൽ സ്മാരകചിഹ്നങ്ങൾ കൈമാറിയിരുന്നതിന്റെ രേഖാചിത്രം
മറുവിലയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് സ്മാരകത്തിന് കൂടിവന്നിരുന്നവർക്കായി, പിറ്റ്സ്ബർഗിലുണ്ടായിരുന്ന ബൈബിൾവിദ്യാർഥികൾ അനേക വർഷത്തോളം കൺവെൻഷനുകൾ നടത്തിപ്പോന്നു. ബൈബിൾവിദ്യാർഥികൾ എണ്ണത്തിൽ പെരുകവേ, സ്മാരകത്തിനു കൂടിവന്ന കൂട്ടങ്ങളുടെ വലിപ്പവും ലോകവ്യാപകമായ ഹാജരും വർധിച്ചുവന്നു. 1910-ലും മറ്റും എല്ലാവരും ചിഹ്നങ്ങളിൽ പങ്കുപറ്റിയിരുന്നതുകൊണ്ട് നൂറുകണക്കിനുള്ള സദസ്യർക്കിടയിലൂടെ ചിഹ്നങ്ങൾ കൈമാറിയെത്താൻ മണിക്കൂറുകൾതന്നെ എടുത്തിരുന്നുവെന്ന് ചിക്കാഗോ എക്ലിസ്യയിലെ (സഭയിലെ) റേ ബോപ്പ് ഓർമിക്കുന്നു.
സ്മാരകചിഹ്നങ്ങളായി എന്താണ് ഉപയോഗിച്ചിരുന്നത്? കർത്താവിന്റെ അത്താഴത്തിന് യേശു ഉപയോഗിച്ചത് വീഞ്ഞായിരുന്നു എന്ന് വീക്ഷാഗോപുരം വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, “ജഡത്തിൽ ബലഹീനരായ” വ്യക്തികൾക്ക് പ്രലോഭനമുണ്ടാകാതിരിക്കാൻ മുന്തിരിച്ചാറോ വേവിച്ച ഉണക്കമുന്തിരി സത്തോ ഉപയോഗിക്കാനായിരുന്നു കുറെക്കാലത്തേക്കുള്ള ശുപാർശ. എങ്കിലും മുന്തിരിച്ചാറല്ല “വീഞ്ഞാണ് ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്” എന്ന് കരുതിയവർക്ക് വീഞ്ഞുതന്നെ നൽകുകയും ചെയ്തിരുന്നു. യേശുവിന്റെ രക്തത്തെ ഉചിതമായി പ്രതിനിധാനം ചെയ്യുന്നത് മായമില്ലാത്ത ചുവന്ന വീഞ്ഞാണെന്ന് ബൈബിൾവിദ്യാർഥികൾ പിന്നീട് തിരിച്ചറിഞ്ഞു.
നിക്കരാഗ്വയിലുള്ള ഒരു ജയിലിൽ സ്മാരകഹാജർ എടുക്കുന്നതിനായി ജയിലറകളിലൂടെ കൈമാറപ്പെട്ടതാണ് ഈ പേപ്പറും പെൻസിലും
യേശുവിന്റെ മരണത്തെ അനുസ്മരിക്കുന്നത് സഗൗരവം ധ്യാനിക്കുന്നതിനുള്ള ഒരു അവസരം നൽകി. ചില സഭകളിൽ പക്ഷേ, സ്മാരകത്തിന് ശോകമൂകമായ ഒരു അന്തരീക്ഷമായിരുന്നു. പരിപാടിക്കുശേഷം ആരും ഒന്നും ഉരിയാടാതെ വിഷണ്ണരായി പിരിഞ്ഞുപോകുമായിരുന്നു. യേശുവിന്റെ വേദനാജനകമായ മരണത്തെപ്രതിയുള്ള “ദുഃഖാചരണ”മല്ല മറിച്ച് 1914 മുതൽ യേശു രാജാവായി ഭരിക്കുന്നതിനെപ്രതിയുള്ള “സന്തോഷാചരണ”മായിരിക്കണം സ്മാരകം എന്ന് 1934-ൽ പുറത്തിറക്കിയ യഹോവ എന്ന പേരിലുള്ള പുസ്തകം പ്രസ്താവിച്ചു.
1957-ൽ റഷ്യയിലെ മോർഡ്വിനിയാ തൊഴിൽപ്പാളയത്തിൽ സ്മാരകം ആചരിക്കാൻ കൂടിവന്ന സഹോദരങ്ങൾ
സ്മാരകം ആചരിച്ചിരുന്ന രീതിയിൽ പിൽക്കാലത്ത് വലിയ മാറ്റത്തിന് വഴിതെളിച്ച ഒരു വർഷമായിരുന്നു 1935. വെളിപാട് 7:9-ൽ പറയുന്ന “മഹാപുരുഷാരം” ആരാണെന്ന് ആ വർഷം വ്യക്തമായി. സമർപ്പിതരെങ്കിലും തീക്ഷ്ണത കുറഞ്ഞ ക്രിസ്ത്യാനികളാണ് ആ കൂട്ടം എന്നാണ് അന്നുവരെ യഹോവയുടെ ദാസർ വീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ വലിയ കൂട്ടം ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന വിശ്വസ്താരാധകരെയാണ് അർഥമാക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ഗ്രാഹ്യം ലഭിച്ചശേഷം ആത്മപരിശോധന നടത്തിയ റസ്സൽ പോഗൻസീ സഹോദരൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “യഹോവ തന്റെ പരിശുദ്ധാത്മാവിനാൽ എന്റെയുള്ളിൽ സ്വർഗീയപ്രത്യാശ ഉണർത്തിയിട്ടുണ്ടായിരുന്നില്ല.” പോഗൻസീ സഹോദരനും അദ്ദേഹത്തെപ്പോലെ വിശ്വസ്തരായിരുന്ന മറ്റനേകരും സ്മാരകാചരണത്തിന് ഹാജരാകുന്നത് തുടർന്നെങ്കിലും അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നത് നിറുത്തി.
‘അതിവിശിഷ്ടമായ’ സ്മാരക ‘കാലത്ത്’ പ്രത്യേക പ്രചാരണപരിപാടികൾ മറുവിലയോടുള്ള വിലമതിപ്പു പ്രകാശിപ്പിക്കാൻ എല്ലാവർക്കും നല്ല ഒരു അവസരം പ്രദാനം ചെയ്തിരുന്നു. 1932-ലെ ഒരു ബുള്ളറ്റിൻ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: ‘അപ്പവീഞ്ഞുകളിൽ പങ്കുപറ്റുകമാത്രം ചെയ്യുന്ന വെറും “സ്മാരകവിശുദ്ധന്മാർ” ആയിരിക്കാതെ സത്യത്തിന്റെ സന്ദേശം പ്രസംഗിക്കുന്ന “യഥാർഥ വേലക്കാർ” ആയിരിക്കണം നിങ്ങൾ.’ 1934-ലെ ബുള്ളറ്റിൻ “ഓക്സിലറികൾ”ക്കു (സേവനസഹായികൾക്കു) വേണ്ടി ആഹ്വാനം മുഴക്കി: “സ്മാരകകാലത്ത് 1,000 ആളുകൾ പേർചാർത്തുമോ?” അഭിഷിക്തരെക്കുറിച്ച് ഇൻഫോർമന്റ് ഇങ്ങനെ പറഞ്ഞു: “രാജ്യസാക്ഷ്യവേലയിൽ പങ്കുപറ്റുകവഴി മാത്രമേ അവരുടെ സന്തോഷം പൂർണമാകൂ.” കാലം മുന്നോട്ടുനീങ്ങവേ, ഭൗമികപ്രത്യാശയുള്ളവരുടെ കാര്യത്തിലും അത് അങ്ങനെതന്നെ ആയിരിക്കുമായിരുന്നു.a
ഏകാന്തതടവിൽ കഴിയവെ, ഹാരൾഡ്കിങ് സ്മാരകത്തെക്കുറിച്ച് കവിതകളും പാട്ടുകളും എഴുതി
യഹോവയുടെ ജനത്തിന് വർഷത്തിലെ ഏറ്റവും പാവനമായ വേളയാണ് സ്മാരകരാത്രി. എത്ര ദുഷ്കരമായ സാഹചര്യങ്ങളായാലും അവർ അത് ആചരിക്കും. 1930-ൽ പേൾ ഇംഗ്ലിഷും സഹോദരി ഒറായും സ്മാരകത്തിനു സംബന്ധിക്കാനായി നടന്നത് 80 കിലോമീറ്ററാണ്. മിഷനറിയായിരുന്ന ഹാരൾഡ്കിങ് സഹോദരൻ ചൈനയിൽ ഏകാന്തതടവിൽ കഴിയവെ, സ്മാരകത്തെക്കുറിച്ച് കവിതകളും പാട്ടുകളും എഴുതുകയും അരിയും ഞാവൽപ്പഴങ്ങളും ഉപയോഗിച്ച് സ്മാരകചിഹ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. യുദ്ധങ്ങളോ നിരോധനങ്ങളോ പോലും വകവെക്കാതെ കിഴക്കൻ യൂറോപ്പിലും മധ്യ അമേരിക്കയിലും ആഫ്രിക്കയിലും എല്ലാം ധീരരായ ക്രിസ്ത്യാനികൾ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി കൂടിവന്നിട്ടുണ്ട്. എവിടെയായിരുന്നാലും, സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും യഹോവയാം ദൈവത്തിനും യേശുക്രിസ്തുവിനും മഹത്ത്വം കരേറ്റുന്നതിനായി സ്മാരകസമയത്ത് നാം കൂടിവരുന്നു.
a ബുള്ളറ്റിൻ പിന്നീട് ഇൻഫോർമന്റ് എന്ന പേരിൽ അറിയപ്പെട്ടു. ഇപ്പോൾ, നമ്മുടെ രാജ്യശുശ്രൂഷ എന്ന് അറിയപ്പെടുന്നു.