“അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്”
“നീ ഇക്കാര്യങ്ങൾ ജ്ഞാനികൾക്കും ബുദ്ധിശാലികൾക്കും മറച്ചുവെച്ചിട്ട് ശിശുക്കൾക്കു വെളിപ്പെടുത്തി.”—ലൂക്കോ. 10:21.
1. യേശു “പരിശുദ്ധാത്മാവു നിറഞ്ഞവനായി ആനന്ദിച്ച”ത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
‘പരിശുദ്ധാത്മാവ് നിറഞ്ഞവനായി യേശു ആനന്ദിച്ചു’ എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്ന രംഗം ഒന്നു ഭാവനയിൽ കണ്ടുനോക്കൂ! അപ്പോൾ യേശുവിന്റെ മുഖത്ത് നിറപുഞ്ചിരിയും കണ്ണുകളിൽ സന്തോഷത്താലുള്ള തിളക്കവും ഉണ്ടായിരുന്നിരിക്കണം. അതിനുള്ള കാരണം? ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കാൻ യേശു തന്റെ 70 ശിഷ്യന്മാരെ അയച്ചതേ ഉണ്ടായിരുന്നുള്ളൂ. സുവാർത്താവേലയ്ക്ക് ശക്തരായ ശത്രുക്കളുണ്ടായിരുന്നതിനാൽ ശിഷ്യന്മാർ തങ്ങൾക്കു ലഭിച്ച നിയമനം എങ്ങനെ നിർവഹിക്കും എന്നു കാണാൻ യേശുവിന് ആകാംക്ഷയുണ്ടായിരുന്നു. ഈ ശത്രുക്കളിൽ വിദ്യാസമ്പന്നരും സമർഥരും ആയ ശാസ്ത്രിമാരും പരീശന്മാരും ഉൾപ്പെട്ടിരുന്നു. ആളുകൾ യേശുവിനെ വെറുമൊരു മരപ്പണിക്കാരനും ശിഷ്യന്മാരെ “പഠിപ്പില്ലാത്തവരും സാധാരണക്കാരും” ആയി വീക്ഷിക്കാനാണ് അവർ ആഗ്രഹിച്ചിരുന്നത്. (പ്രവൃ. 4:13; മർക്കോ. 6:3) ഈ സാഹചര്യത്തിലും, ശിഷ്യന്മാർ മടങ്ങി വന്നത് വളരെ ഉത്സാഹത്തോടും സന്തോഷത്തോടും കൂടെയാണ്. ഭൂതങ്ങളിൽനിന്നുപോലും എതിർപ്പുകൾ നേരിട്ടിട്ടും അവർ പ്രസംഗിക്കുകതന്നെ ചെയ്തു. ധൈര്യത്തോടും സന്തോഷത്തോടും കൂടെ ഈ വേല ചെയ്യാൻ അവർക്ക് കഴിഞ്ഞത് എന്തുകൊണ്ടാണ്?—ലൂക്കോസ് 10:1, 17-21 വായിക്കുക.
2. (എ) യേശുവിന്റെ ശിഷ്യന്മാർ ഏത് വിധത്തിലാണ് കുട്ടികളെപ്പോലെയായിരുന്നത്? (ബി) ബൈബിളിലെ ആഴമേറിയ സത്യങ്ങൾ ഗ്രഹിക്കാൻ യേശുവിന്റെ ശിഷ്യന്മാരെ എന്തു സഹായിച്ചു?
2 യേശു യഹോവയോടു പറഞ്ഞു: “പിതാവേ, സ്വർഗത്തിനും ഭൂമിക്കും നാഥനായവനേ, നീ ഇക്കാര്യങ്ങൾ ജ്ഞാനികൾക്കും ബുദ്ധിശാലികൾക്കും മറച്ചുവെച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. അതെ, പിതാവേ, അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്.” (മത്താ. 11:25, 26) യേശു തന്റെ ശിഷ്യന്മാരെ ശിശുക്കൾ എന്നു വിളിച്ചത് എന്തുകൊണ്ടായിരുന്നു? വിദ്യാസമ്പന്നരും ജ്ഞാനികളെന്ന് സ്വയം കണക്കാക്കിയിരുന്നവരും ആയ ശാസ്ത്രിമാരെയും പരീശന്മാരെയും പോലെയായിരുന്നില്ല അവർ. പകരം, അവർ കുട്ടികളെപ്പോലെ താഴ്മയുള്ളവരും യേശുവിൽനിന്ന് പഠിക്കാൻ മനസ്സുള്ളവരും ആയിരുന്നു. അവർ അഹങ്കാരികളായിരുന്നില്ല. (മത്താ. 18:1-4) അതുകൊണ്ട് ബൈബിളിലെ ആഴമുള്ള സത്യങ്ങൾ ഗ്രഹിക്കാൻ യഹോവ തന്റെ പരിശുദ്ധാത്മാവിനെ അവർക്ക് സഹായമായി നൽകി. എന്നാൽ അഹങ്കാരികളായ ആ യഹൂദമതനേതാക്കന്മാർ സാത്താന്റെ സ്വാധീനത്താലും തങ്ങളുടെതന്നെ അഹങ്കാരത്താലും ആത്മീയമായി അന്ധരായി തുടർന്നു.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 യേശു അത്യന്തം സന്തോഷിച്ചതിൽ ഒട്ടും അതിശയിക്കാനില്ല! പഠിപ്പുള്ളവരാണോ അല്ലയോ എന്നത് കണക്കിടാതെ, താഴ്മയുള്ള ആ ജനത്തിന് ബൈബിളിലെ ആഴമേറിയ സത്യങ്ങൾ യഹോവ വെളിപ്പെടുത്തിക്കൊടുക്കുന്നതു കണ്ടപ്പോൾ യേശു സന്തോഷിച്ചു. ദൈവം അംഗീകരിക്കുന്നത് ലളിതവും വ്യക്തവും ആയ വിധത്തിലുള്ള പഠിപ്പിക്കലാണ്. ദൈവത്തിനു മാറ്റം വന്നിട്ടില്ല. ഇന്നും ഇതേ വിധത്തിൽത്തന്നെയുള്ള പഠിപ്പിക്കലാണ് താൻ അംഗീകരിക്കുന്നതെന്ന് യഹോവ എങ്ങനെ കാണിച്ചിരിക്കുന്നു? താഴ്മയുള്ളവർക്ക് ബൈബിളിലെ ആഴമേറിയ സത്യങ്ങൾ ഇന്ന് യഹോവ വെളിപ്പെടുത്തിക്കൊടുക്കുന്നത് എങ്ങനെയാണെന്ന് ഈ ലേഖനത്തിൽ നമ്മൾ പരിചിന്തിക്കും.
ആഴമേറിയ സത്യങ്ങൾ സകലരോടും വിശദീകരിക്കുന്നു
4. വീക്ഷാഗോപുരത്തിന്റെ ലളിതമായ പതിപ്പ് ഒരു സമ്മാനമായിരിക്കുന്നത് ഏതു വിധങ്ങളിൽ?
4 അടുത്ത കാലത്തായി യഹോവയുടെ സംഘടന കൂടുതൽ ലളിതവും വ്യക്തവും ആയ വിധത്തിൽ പഠിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു. അതിന്റെ മൂന്ന് ഉദാഹരണങ്ങൾ നമുക്ക് നോക്കാം. ഒന്നാമത്, ഇപ്പോൾ വീക്ഷാഗോപുരത്തിന്റെ ലളിതമായ പതിപ്പ് ലഭ്യമാണ്.a വായിക്കാൻ ബുദ്ധിമുട്ടുള്ളവരും ഭാഷ നന്നായി അറിയാത്തവരും ഉൾപ്പെടെ അനേകർക്ക് ലഭിച്ച നല്ലൊരു സമ്മാനമായിരുന്നു അത്. ഈ പതിപ്പുള്ളതിനാൽ തങ്ങളുടെ കുട്ടികൾക്ക് വീക്ഷാഗോപുരം നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്ന് പല കുടുംബങ്ങളും അഭിപ്രായപ്പെടുന്നു. പലരും ഇതിനെ അഭിനന്ദിച്ച് ഭരണസംഘത്തിന് കത്തുകൾ അയച്ചിട്ടുണ്ട്. വീക്ഷാഗോപുര അധ്യയനത്തിൽ അഭിപ്രായം പറയാൻ തനിക്കു മുമ്പൊക്കെ പേടിയായിരുന്നെന്ന് ഒരു സഹോദരി പറയുന്നു. എന്നാൽ ലളിതമായ പതിപ്പ് ഉപയോഗിച്ച ശേഷം സഹോദരി എഴുതിയത് ഇങ്ങനെയാണ്: “ഇപ്പോൾ ഞാൻ ഒന്നിലധികം ഉത്തരങ്ങൾ പറയാറുണ്ട്. എന്റെ പേടിയെല്ലാം പോയി. യഹോവയ്ക്കും സംഘടനയ്ക്കും വളരെ നന്ദി.”
5. പുതിയ ലോക ഭാഷാന്തരം പരിഷ്കരിച്ച പതിപ്പിന്റെ ചില പ്രയോജനങ്ങൾ എന്തൊക്കെ?
5 രണ്ടാമത്, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഷ്കരിച്ച പതിപ്പ് (ഇംഗ്ലീഷ്) 2013 ഒക്ടോബർ 5-ന് നടന്ന വാർഷികയോഗത്തിൽ പ്രകാശനം ചെയ്തു.b പല തിരുവെഴുത്തുകളിലെയും വാക്കുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, അവയുടെ അർഥത്തിനു മാറ്റം വന്നിട്ടില്ലെന്നു മാത്രമല്ല അവ എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയുന്നുണ്ട്. ഉദാഹരണത്തിന്, ഇയ്യോബ് 10:1-ൽ 27 വാക്കുകളുണ്ടായിരുന്നിടത്ത് 19 ആയും, സദൃശവാക്യങ്ങൾ 8:6-ൽ 20 വാക്കുകളിൽനിന്ന് 13 വാക്കുകൾ ആയും കുറഞ്ഞിരിക്കുന്നു. ഈ രണ്ടു വാക്യങ്ങളും പരിഷ്കരിച്ച പതിപ്പിൽ മുമ്പത്തേതിലും വളരെ വ്യക്തമാണ്. അനേക വർഷങ്ങളായി യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്ന ഒരു അഭിഷിക്തസഹോദരൻ പറയുന്നു: “ബൈബിളിന്റെ ഈ പരിഷ്കരിച്ച പതിപ്പിൽനിന്ന് ഞാൻ ഇയ്യോബിന്റെ പുസ്തകമൊന്ന് വായിച്ചു, ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എനിക്ക് ആദ്യമായി മനസ്സിലാകുന്നതുപോലെ തോന്നി!” പലരും ഇതുപോലെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
6. മത്തായി 24:45-47-ന്റെ കൂടുതൽ വ്യക്തമായ ഗ്രാഹ്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
6 മൂന്നാമത്, അടുത്ത കാലത്തായി ചില തിരുവെഴുത്തുകളെക്കുറിച്ച് ലഭിച്ച മെച്ചമായ ഗ്രാഹ്യത്തെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, 2013 ജൂലൈ 15 വീക്ഷാഗോപുരം “വിശ്വസ്തനും വിവേകിയും ആയ അടിമ”യെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ ഗ്രാഹ്യം നൽകുകയുണ്ടായി. (മത്താ. 24:45-47) ‘വിശ്വസ്തനായ അടിമ’ ഭരണസംഘമാണെന്നും ‘വീട്ടുകാർ,’ ഈ അടിമയാൽ പോഷിപ്പിക്കപ്പെടുന്ന അഭിഷിക്തരിലും ‘വേറെ ആടുകളിലും’ പെട്ട എല്ലാവരുമാണെന്നും ആ ലേഖനം വിശദീകരിച്ചു. (യോഹ. 10:16) ഈ സത്യങ്ങൾ പഠിക്കുന്നതും അതു മറ്റുള്ളവരുമായി പങ്കുവെക്കുന്നതും നമ്മൾ ആസ്വദിക്കുന്നു. ലളിതവും വ്യക്തവും ആയ പഠിപ്പിക്കൽ താൻ അംഗീകരിക്കുന്നെന്ന് മറ്റ് ഏതെല്ലാം വിധങ്ങളിലാണ് യഹോവ പ്രകടമാക്കിയിരിക്കുന്നത്?
ബൈബിൾവിവരണങ്ങൾക്ക് കൂടുതൽ ലളിതമായ ഒരു വിശദീകരണം
7, 8. ഭാവിയിൽ നടക്കാനിരിക്കുന്ന വലിയ നിവൃത്തിയെ പ്രതീകപ്പെടുത്തുന്ന ചില ബൈബിൾവിവരണങ്ങൾ ഏവ?
7 വർഷങ്ങളായി യഹോവയെ സേവിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ, നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ബൈബിൾവിവരണങ്ങൾ വിശദീകരിക്കുന്ന വിധത്തിന് മാറ്റം വന്നിരിക്കുന്നതായി നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കാം. മുൻകാലങ്ങളിൽ, ചില വിവരണങ്ങൾ ഭാവിയിൽ നടക്കാനിരിക്കുന്ന വലിയ നിവൃത്തിയെ പ്രതിനിധാനം ചെയ്യുന്നതായി നമ്മൾ സാധാരണ പറയുമായിരുന്നു. ആ വിവരണത്തെ മാതൃക എന്നു വിളിച്ചിരുന്നു. ഈ ‘മാതൃക’ എന്തിനെ പ്രതിനിധാനം ചെയ്തോ അതിനെ ‘പ്രതിമാതൃക’ എന്നും വിളിച്ചിരുന്നു. ബൈബിൾവിവരണങ്ങൾ ഈ വിധത്തിൽ വിശദീകരിക്കാൻ തക്കതായ കാരണമുണ്ടായിരുന്നോ? ഉവ്വ്. ദൃഷ്ടാന്തത്തിന്, യേശു “യോനാപ്രവാചകന്റെ അടയാള”ത്തെക്കുറിച്ച് പറയുകയുണ്ടായി. (മത്തായി 12:39, 40 വായിക്കുക.) യോനാ മത്സ്യത്തിന്റെ വയറ്റിലായിരുന്ന സമയം, താൻ ശവക്കുഴിയിലാകുമായിരുന്ന സമയത്തെ പ്രതീകപ്പെടുത്തി എന്ന് യേശു വിശദീകരിച്ചു.
8 ഭാവിയിൽ നടക്കാനിരിക്കുന്ന വലിയ നിവൃത്തിയെ പ്രതിനിധാനം ചെയ്ത മറ്റു ബൈബിൾവിവരണങ്ങളുമുണ്ട്. അപ്പൊസ്തലനായ പൗലോസ് അവയിൽ പലതിനെക്കുറിച്ചും വിവരിച്ചു. ഉദാഹരണത്തിന് അബ്രാഹാമിന് ഹാഗാറുമായും സാറായുമായും ഉണ്ടായിരുന്ന ബന്ധം, യഹോവയ്ക്ക് ഇസ്രായേൽ ജനതയുമായും ദൈവത്തിന്റെ സംഘടനയുടെ സ്വർഗീയ ഭാഗവുമായും ഉള്ള ബന്ധത്തെ പ്രതീകപ്പെടുത്തി. (ഗലാ. 4:22-26) അതുപോലെതന്നെ, ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന സമാഗമനകൂടാരം, ആലയം, പാപപരിഹാരദിവസം, മഹാപുരോഹിതൻ മുതലായവ “വരുവാനുള്ള നന്മകളുടെ . . . നിഴലാ”യിരുന്നു. (എബ്രാ. 9:23-25; 10:1) ഈ ബൈബിൾവിവരണങ്ങളും അവ എന്തിനെ പ്രതീകപ്പെടുത്തുന്നുവെന്നും പഠിക്കുന്നത് നമ്മുടെ വിശ്വാസത്തെ ശക്തമാക്കുന്നു. എന്നാൽ ബൈബിളിൽ വിശദീകരിച്ചിരിക്കുന്ന എല്ലാ വ്യക്തികളും സംഭവങ്ങളും വസ്തുക്കളും ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും പ്രതീകപ്പെടുത്തുന്നു എന്നാണോ അതിന്റെ അർഥം?
9. മുൻകാലങ്ങളിൽ നാബോത്തിനെക്കുറിച്ചുള്ള ബൈബിൾവിവരണം എങ്ങനെയായിരുന്നു വിശദീകരിച്ചിരുന്നത്?
9 ചില ബൈബിൾവിവരണങ്ങളിലെ ഒരു വ്യക്തിയോ സംഭവമോ വസ്തുവോ ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും പ്രതീകപ്പെടുത്തുന്നതായി നമ്മുടെ പ്രസിദ്ധീകരണങ്ങൾ മുമ്പ് പലപ്പോഴും വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നാബോത്തിന്റെ മുന്തിരിത്തോട്ടം തന്റെ ഭർത്താവായ ആഹാബിന് കിട്ടാൻ ദുഷ്ടരാജ്ഞിയായിരുന്ന ഇസബേൽ നാബോത്തിനെ വധിച്ച സംഭവം പരിചിന്തിക്കാം. (1 രാജാ. 21:1-16) ആഹാബും ഇസബേലും സാത്താനെയും അവന്റെ സംഘടനയെയും ആണ് പ്രതിനിധാനം ചെയ്യുന്നതെന്നും, നാബോത്ത് യേശുവിനെയും അവന്റെ മരണം യേശുവിന്റെ വധത്തെയും ആണ് പ്രതീകപ്പെടുത്തുന്നതെന്നും വീക്ഷാഗോപുരം 1932-ൽ വിശദീകരിച്ചു. എന്നാൽ 1961-ൽ, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” (ഇംഗ്ലീഷ്) എന്ന പുസ്തകം നാബോത്ത് അഭിഷിക്തരെയും ഇസബേൽ ക്രൈസ്തവലോകത്തെയും ആണ് പ്രതീകപ്പെടുത്തുന്നതെന്നും, ഇസബേൽ നാബോത്തിനെ ദ്രോഹിച്ചത് അന്ത്യനാളുകളിൽ അഭിഷിക്തർ നേരിടുന്ന പീഡനത്തെയാണ് പ്രതീകപ്പെടുത്തുന്നതെന്നും വിശദീകരിച്ചു. വർഷങ്ങളോളം ഈ വിശദീകരണങ്ങൾ ദൈവജനത്തിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ, ഇപ്പോൾ നമ്മൾ കാര്യങ്ങളെ വ്യത്യസ്തമായ വിധത്തിൽ വിശദീകരിക്കുന്നത് എന്തുകൊണ്ടാണ്?
10. (എ) ചില ബൈബിൾവിവരണങ്ങൾ വിശദീകരിക്കുന്നതിൽ വിശ്വസ്തനായ അടിമ ഏതു വിധത്തിലാണ് ജാഗ്രത പാലിച്ചിരിക്കുന്നത്? (ബി) നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഇക്കാലത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിലാണ്?
10 കൂടുതൽ വിവേകത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കാൻ അടുത്ത കാലത്ത് യഹോവ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ സഹായിച്ചിട്ടുണ്ട്. ഏതു വിധത്തിൽ? വ്യക്തമായ തിരുവെഴുത്തടിസ്ഥാനമില്ലാതെ ഒരു ബൈബിൾവിവരണം മറ്റ് എന്തിനെയെങ്കിലും പ്രതീകപ്പെടുത്തുന്നതായി പറയാതിരിക്കാൻ വിശ്വസ്തനായ അടിമ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. മാതൃകയെക്കുറിച്ചും പ്രതിമാതൃകയെക്കുറിച്ചും ഉള്ള പഴയ വിശദീകരണങ്ങൾ ഗ്രഹിക്കാനും ഓർത്തിരിക്കാനും പ്രാവർത്തികമാക്കാനും ബുദ്ധിമുട്ടായിരുന്നു. അതിലും പ്രധാനമായി, ബൈബിൾവിവരണങ്ങളുടെ പ്രതിമാതൃകകളിൽ ആവശ്യത്തിലധികം ശ്രദ്ധ കൊടുക്കുമ്പോൾ അതിലെ ഗുണപാഠങ്ങളും പ്രായോഗികപാഠങ്ങളും നഷ്ടപ്പെടുന്നു. അതുകൊണ്ട്, ബൈബിൾവിവരണങ്ങളിൽനിന്നു പഠിക്കാൻ കഴിയുന്ന വിശ്വാസം, സഹിഷ്ണുത, ദൈവികഭക്തി എന്നിവപോലുള്ള വിലയേറിയ ഗുണങ്ങളെക്കുറിച്ചുള്ള ലളിതവും പ്രായോഗികവുമായ പാഠങ്ങളിലാണ് ഇന്ന് നമ്മുടെ പ്രസിദ്ധീകരണങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്.c
നാബോത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമ്മൾ പ്രധാനപ്പെട്ട ഒരു പാഠം പഠിക്കുന്നു (11-ാം ഖണ്ഡിക കാണുക)
11. (എ) നാബോത്തിനെക്കുറിച്ചുള്ള വിവരണം നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നത് എങ്ങനെ, അത് നമ്മെ സഹായിക്കുന്നത് എങ്ങനെ? (ബി) അടുത്തിടയായി, നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ മാതൃക-പ്രതിമാതൃക പരാമർശങ്ങൾ കുറവായിരിക്കുന്നത് എന്തുകൊണ്ട്? (ഈ ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക)
11 നാബോത്തിനെക്കുറിച്ചുള്ള വിവരണം ഇപ്പോൾ നമുക്ക് കൂടുതൽ വ്യക്തവും എളുപ്പം മനസ്സിലാക്കാനാകുന്നതും ആണ്. യേശുവിനെയോ അഭിഷിക്തരെയോ പ്രതിനിധാനം ചെയ്തതുകൊണ്ടല്ല നാബോത്ത് കൊല്ലപ്പെട്ടത്. ദൈവത്തോട് വിശ്വസ്തനായിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്നതുകൊണ്ടാണ് അവനു മരിക്കേണ്ടിവന്നത്. ശക്തനായ ഒരു ഭരണാധികാരിയിൽനിന്ന് കടുത്ത പീഡനം ഏൽക്കേണ്ടിവന്നിട്ടും യഹോവയുടെ ന്യായപ്രമാണം അനുസരിക്കുന്നതിൽ അവൻ തുടർന്നു. (സംഖ്യാ. 36:7; 1 രാജാ. 21:3) ഇത്തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നേക്കാവുന്ന ഇന്നത്തെ എല്ലാ ദൈവദാസർക്കും എത്ര നല്ലൊരു മാതൃക! (2 തിമൊഥെയൊസ് 3:12 വായിക്കുക.) എല്ലാ ക്രിസ്ത്യാനികൾക്കും ആ ഗുണപാഠം മനസ്സിലാക്കാനും ഓർത്തിരിക്കാനും പ്രാവർത്തികമാക്കാനും അങ്ങനെ തങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനും കഴിയും.
12. (എ) ബൈബിൾവിവരണങ്ങളെക്കുറിച്ച് നമ്മൾ എന്തു നിഗമനത്തിൽ എത്തരുത്? (ബി) ആഴമേറിയ കാര്യങ്ങളുടെപോലും വിശദീകരണം നമുക്ക് വ്യക്തമായി ലഭിക്കുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)
12 ഇതിന് അർഥം ബൈബിൾവിവരണങ്ങൾക്ക് പ്രായോഗികപാഠങ്ങൾ മാത്രമേ ഉള്ളൂ, മറ്റ് അർഥങ്ങളൊന്നുമില്ല എന്നാണോ? അല്ല. ബൈബിൾവിവരണങ്ങൾ മാതൃകയും പ്രതിമാതൃകയും ആയി വിശദീകരിക്കുന്നതിനു പകരം നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധകൊടുക്കുന്നത് ബൈബിളിലെ ഒരു വിവരണം മറ്റൊരു വിവരണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാണ്. ദൃഷ്ടാന്തത്തിന്, കൊടിയ പീഡനത്തിനും മരണത്തിനും മുമ്പിൽ നാബോത്ത് പ്രകടമാക്കിയ നിർമലത, യേശുവും അഭിഷിക്തരും പ്രകടമാക്കിയ നിർമലതയെ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. അതോടൊപ്പം, അസംഖ്യംവരുന്ന “വേറെ ആടുകളുടെ” നിർമലതയും ഇതു നമ്മെ ഓർമിപ്പിക്കുന്നു. യഹോവ നമ്മെ ലളിതമായ വിധത്തിൽ പഠിപ്പിക്കുന്നത് എങ്ങനെയെന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയുന്നു.d
യേശുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള കൂടുതൽ ലളിതമായ വിശദീകരണം
13. യേശുവിന്റെ ചില ദൃഷ്ടാന്തങ്ങൾ ഇപ്പോൾ ലളിതവും വ്യക്തവും ആയിട്ടാണ് നമ്മൾ വിശദീകരിക്കുന്നതെന്ന് ഏത് ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു?
13 ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ അധ്യാപകനായിരുന്നു യേശുക്രിസ്തു. പഠിപ്പിക്കാനായി ദൃഷ്ടാന്തങ്ങളും ഉപമകളും ഉപയോഗിക്കാൻ യേശു ഇഷ്ടപ്പെട്ടിരുന്നു. (മത്താ. 13:34) ദൃഷ്ടാന്തങ്ങൾ വളരെ ഫലപ്രദമാണ്. കാരണം, ബുദ്ധിമുട്ടേറിയ ആശയങ്ങൾ ലളിതമായ വിധത്തിൽ വിശദീകരിക്കാൻ അവയ്ക്കാകും. നമ്മെ ചിന്തിപ്പിക്കാനും നമ്മുടെ ഹൃദയത്തെ സ്വാധീനിക്കാനും അവയ്ക്കു കഴിയും. ഈ അടുത്തകാലത്തായി യേശുവിന്റെ ദൃഷ്ടാന്തങ്ങൾ വളരെ ലളിതവും വ്യക്തവും ആയിട്ടാണ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വിശദീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, പുളിമാവ്, കടുകുമണി, വല എന്നിവയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ 2008 ജൂലൈ 15 വീക്ഷാഗോപുരം നമ്മെ സഹായിക്കുന്നു. ഈ ദൃഷ്ടാന്തങ്ങൾ ദൈവരാജ്യത്തെയാണ് അർഥമാക്കുന്നതെന്ന് നമുക്ക് ഇപ്പോൾ അറിയാം. ഇവ ഈ ദുഷ്ടലോകത്തെ തള്ളിക്കളഞ്ഞ് ക്രിസ്തുവിന്റെ ശിഷ്യരായിത്തീരാൻ അനേകം ആളുകളെ സഹായിച്ചിരിക്കുന്നു.
14. (എ) നല്ല ശമര്യക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തകഥ നമ്മൾ എങ്ങനെയാണ് വിശദീകരിച്ചിരുന്നത്? (ബി) യേശുവിന്റെ ഈ ദൃഷ്ടാന്തകഥ ഇപ്പോൾ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
14 എന്നാൽ യേശു പറഞ്ഞ കൂടുതൽ വിശദമായ ദൃഷ്ടാന്തകഥകളെയും ഉപമകളെയും കുറിച്ച് എന്ത്? അവയിൽ ചിലത് പ്രതീകാത്മക അർഥമുള്ളവയാണ്, മറ്റു ചിലതാകട്ടെ പ്രാവചനികവും. പ്രായോഗികപാഠങ്ങൾ നൽകുന്ന ദൃഷ്ടാന്തങ്ങളുമുണ്ട്. എന്നാൽ ഇവയിൽ പ്രതീകാത്മകമായ കഥകൾ ഏതാണെന്നും ഏതല്ലെന്നും നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും? കാലം കടന്നുപോകവെ, ഉത്തരം കൂടുതൽ വ്യക്തമായിത്തീർന്നിരിക്കുന്നു. ഉദാഹരണത്തിന്, യേശുവിന്റെ ദൃഷ്ടാന്തത്തിലെ നല്ല ശമര്യക്കാരനെക്കുറിച്ച് നമ്മൾ വിശദീകരിച്ചിരുന്ന വിധത്തെക്കുറിച്ചു ചിന്തിക്കുക. (ലൂക്കോ. 10:30-37) ശമര്യക്കാരൻ യേശുവിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും യെരുശലേമിൽനിന്ന് യെരീഹോയിലേക്കു നീളുന്ന വഴി, ഏദെനിലെ മത്സരംമുതൽ ഇന്നോളമുള്ള മനുഷ്യന്റെ ശോചനീയമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെയാണ് കുറിക്കുന്നതെന്നും വീക്ഷാഗോപുരം 1924-ൽ പറഞ്ഞിരുന്നു. കൂടാതെ, വഴിയിലുണ്ടായിരുന്ന കള്ളന്മാർ വലിയ വ്യവസായസ്ഥാപനങ്ങളെയും അത്യാഗ്രഹികളായ വ്യവസായികളെയും കുറിക്കുന്നെന്നും പുരോഹിതനും ലേവ്യനും ക്രൈസ്തവലോകത്തെ പ്രതിനിധീകരിക്കുന്നെന്നും അത് വിശദീകരിച്ചു. എന്നാൽ ക്രിസ്ത്യാനികൾ മുൻവിധിയുള്ളവർ ആയിരിക്കരുതെന്ന് ഓർമപ്പെടുത്താനാണ് ആ ദൃഷ്ടാന്തത്തെ ഇന്ന് നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നത്. മുൻവിധിയില്ലാതെ എല്ലാവരെയും നമ്മൾ സഹായിക്കണം, വിശേഷാൽ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട്. യഹോവ സത്യം കൂടുതൽ വ്യക്തമാക്കുന്നത് കാണുമ്പോൾ നമ്മൾ സന്തോഷിക്കുന്നു.
15. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
15 പത്തു കന്യകമാരെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയെക്കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും. (മത്താ. 25:1-13) ഈ അന്ത്യനാളുകളിലെ തന്റെ ശിഷ്യന്മാർ ആ പ്രധാനപ്പെട്ട ദൃഷ്ടാന്തം എങ്ങനെ മനസ്സിലാക്കണമെന്നാണ് യേശു ആഗ്രഹിച്ചത്? ഈ ദൃഷ്ടാന്തത്തിലെ ഏതെങ്കിലും വ്യക്തിയോ വസ്തുവോ സംഭവമോ ഭാവിയിലെ മറ്റ് ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും മുൻനിഴലാക്കുന്നുണ്ടോ? അതോ അതിൽനിന്ന് ഈ അന്ത്യനാളുകളിൽ നമ്മെ സഹായിക്കുന്ന എന്തെങ്കിലും പ്രായോഗികപാഠങ്ങൾ നമ്മൾ പഠിക്കണമെന്ന് യേശു ആഗ്രഹിച്ചിരുന്നോ? നമുക്കു നോക്കാം.
a 2011 ജൂലൈയിൽ ഇംഗ്ലീഷിലാണ് വീക്ഷാഗോപുരത്തിന്റെ ലളിതമായ പതിപ്പ് ആദ്യം പുറത്തിറക്കിയത്. പിന്നീട് പല ഭാഷകളിലും ഈ പതിപ്പ് പ്രസിദ്ധീകരിക്കാൻ തുടങ്ങി.
b പരിഷ്കരിച്ച പതിപ്പ് മറ്റു ഭാഷകളിലും ലഭ്യമാകും.
c ഉദാഹരണത്തിന്, അവരുടെ വിശ്വാസം അനുകരിക്കുക എന്ന പുസ്തകം 14 ബൈബിൾകഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഈ പുസ്തകം മാതൃകയിലോ പ്രതിമാതൃകയിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ പ്രായോഗികപാഠങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
d പൗലോസിന്റെ എഴുത്തുകളിലെ ചില ഭാഗങ്ങൾപോലെ, “ഗ്രഹിക്കാൻ പ്രയാസമുള്ളവ” എന്നു തോന്നിയേക്കാവുന്ന കാര്യങ്ങളും ദൈവവചനത്തിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, എല്ലാ ബൈബിളെഴുത്തുകാരും പരിശുദ്ധാത്മാവിനാൽ നിശ്ശ്വസ്തരായിരുന്നു. മുഴുബൈബിളും, “ഗഹനമായ ദൈവികകാര്യങ്ങളെപ്പോലും” മനസ്സിലാക്കാൻ ഇന്ന് പരിശുദ്ധാത്മാവ് ക്രിസ്ത്യാനികളെ സഹായിക്കുന്നു.—2 പത്രോ. 3:16, 17; 1 കൊരി. 2:10.