താലന്തുകളുടെ ഉപമയിൽനിന്ന് എന്തു പഠിക്കാം?
‘അവൻ ഒരുത്തന് അഞ്ചുതാലന്തും ഒരുത്തന് രണ്ടും മറ്റൊരുത്തന് ഒന്നും കൊടുത്തു.’—മത്താ. 25:15.
1, 2. യേശു എന്തിനാണ് താലന്തുകളുടെ ഉപമ പറഞ്ഞത്?
താലന്തുകളുടെ ഉപമ യേശു പറഞ്ഞത് അഭിഷിക്തരായ അനുഗാമികളുടെ ഉത്തരവാദിത്വം എന്താണെന്ന് വ്യക്തമാക്കാൻവേണ്ടിയാണ്. എന്നാൽ ഈ ഉപമ യേശുവിന്റെ എല്ലാ അനുഗാമികൾക്കും ബാധകമാണ്. അതുകൊണ്ട്, നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയാലും നമ്മൾ ഈ ഉപമയുടെ അർഥം ഗ്രഹിക്കേണ്ടതുണ്ട്.
2 യേശു ഈ ഉപമ പറഞ്ഞത് എപ്പോഴാണ്? താൻ സ്വർഗത്തിൽ രാജാവാകുന്നതിന്റെയും അന്ത്യകാലം ആരംഭിക്കുന്നതിന്റെയും അടയാളം ശിഷ്യന്മാർക്ക് വിശദീകരിച്ചുകൊടുക്കുമ്പോഴാണ് യേശു അത് പറഞ്ഞത്. (മത്താ. 24:3) അതുകൊണ്ട്, താലന്തുകളുടെ ഉപമ നമ്മുടെ നാളുകളിൽ നിറവേറിക്കൊണ്ടിരിക്കുന്ന ഈ അടയാളത്തിന്റെ ഭാഗമാണ്.
3. മത്തായി 24, 25 അധ്യായങ്ങളിലെ ഉപമകളിൽനിന്ന് നമ്മൾ എന്തു പഠിക്കുന്നു?
3 താലന്തുകളുടെ ഉപമയോടൊപ്പം അന്ത്യകാലത്തിന്റെ ഭാഗമായിവരുന്ന വേറെ മൂന്ന് ഉപമകളും യേശു പറഞ്ഞു. ഈ ഉപമകൾ ഓരോന്നും തന്റെ അനുഗാമികൾക്കുണ്ടായിരിക്കേണ്ട വ്യത്യസ്ത ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. മത്തായി 24:45–25:46 വാക്യങ്ങളിൽ ഈ ഉപമകൾ നമുക്ക് വായിക്കാനാകും. ആദ്യത്തെ ഉപമ, വിശ്വസ്തനായ അടിമയെക്കുറിച്ചുള്ളതാണ്; യഹോവയുടെ ജനത്തെ പഠിപ്പിക്കാൻ ഉത്തരവാദിത്വമുള്ള അഭിഷിക്തരുടെ ഒരു ചെറിയ കൂട്ടമാണ് അവർ. ആ അടിമ വിശ്വസ്തനും വിവേകിയും ആയിരിക്കണം.a രണ്ടാമത്തെ ഉപമ, പത്തു കന്യകമാരെക്കുറിച്ചുള്ളതാണ്. തയ്യാറെടുപ്പും ജാഗ്രതയും ഉള്ളവരായിരിക്കണമെന്ന് എല്ലാ അഭിഷിക്തർക്കും യേശു അതിലൂടെ മുന്നറിയിപ്പു നൽകി. കാരണം, യേശു എന്ന്, എപ്പോൾ വരുമെന്ന് അവർക്ക് അറിയാൻ കഴിയുമായിരുന്നില്ല.b താലന്തുകളെക്കുറിച്ചുള്ള ഉപമയാണ് അടുത്തതായി യേശു പറഞ്ഞത്. തങ്ങളുടെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അവർ തീക്ഷ്ണത ഉള്ളവരായിരിക്കേണ്ടതുണ്ടെന്ന് എല്ലാ അഭിഷിക്തരെയും പഠിപ്പിക്കാനാണ് യേശു ആ ഉപമ ഉപയോഗിച്ചത്. അവസാനമായി, ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമ യേശു പറഞ്ഞു. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരിലാണ് ഇത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അവർ വിശ്വസ്തത പ്രകടമാക്കണമെന്നും അഭിഷിക്തസഹോദരന്മാരെ പിന്തുണയ്ക്കാൻ തങ്ങളാലാകുന്നതെല്ലാം ചെയ്യണമെന്നും ഉപമയിൽ യേശു ഊന്നിപ്പറഞ്ഞു.c ഈ ലേഖനം താലന്തുകളുടെ ഉപമയുടെ അർഥം വിശദീകരിക്കും.
ഒരു മനുഷ്യൻ തന്റെ അടിമകളെ ധാരാളം പണം ഏൽപ്പിക്കുന്നു
4, 5. ഉപമയിലെ മനുഷ്യൻ ആരെയാണ് ചിത്രീകരിക്കുന്നത്, ഒരു താലന്തിന്റെ മൂല്യം എത്ര?
4 മത്തായി 25:14-30 വായിക്കുക. താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ യാത്രപോയ ഒരു മനുഷ്യനെക്കുറിച്ച് യേശു പറഞ്ഞു. സമാനമായ മറ്റൊരു ഉപമയിൽ രാജാവാകാൻ വിദൂരദേശത്തേക്കു പോയ ഒരു മനുഷ്യനെക്കുറിച്ചും യേശു പറയുകയുണ്ടായി.d (ലൂക്കോ. 19:12) ഈ രണ്ട് ഉപമകളിലും പരാമർശിച്ചിരിക്കുന്ന മനുഷ്യൻ, എ.ഡി. 33-ൽ സ്വർഗാരോഹണം ചെയ്ത യേശുവാണെന്ന് അനേകവർഷങ്ങളായി നമ്മുടെ പ്രസിദ്ധീകരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ സ്വർഗത്തിൽ എത്തിയ ഉടനെ യേശു രാജാവായില്ല. 1914-ൽ “ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം” യേശു കാത്തിരുന്നു.—എബ്രാ. 10:12, 13.
5 ഉപമയിലെ മനുഷ്യന്റെ കൈവശം എട്ടു താലന്തുകളുണ്ടായിരുന്നതായി യേശു പറഞ്ഞു. അതൊരു വലിയ തുകയായിരുന്നു.e യാത്രപോകുന്നതിനു മുമ്പ് ആ മനുഷ്യൻ പണം തന്റെ അടിമകളെ ഏൽപ്പിച്ചു. അത് ഉപയോഗിച്ച് തനിക്കുവേണ്ടി കൂടുതൽ പണം സമ്പാദിക്കാൻ അയാൾ അവരോട് പറഞ്ഞു. ആ മനുഷ്യനു പണം വളരെ വിലപ്പെട്ടതായിരുന്നതുപോലെ യേശുവിന് വളരെ വിലപ്പെട്ടതായി ഒന്നുണ്ടായിരുന്നു. എന്തായിരുന്നു അത്? ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്ത വേല.
6, 7. താലന്തുകൾ എന്തിനെ അർഥമാക്കുന്നു?
6 പ്രസംഗവേല യേശുവിന് വളരെ പ്രധാനമായിരുന്നു. യേശുവിന്റെ പ്രസംഗത്തിന്റെ ഫലമായി അനേകർ ശിഷ്യരായിത്തീർന്നു. (ലൂക്കോസ് 4:43 വായിക്കുക.) ഇനിയും കൂടുതൽ വേല ചെയ്യാനുണ്ടെന്നും അനേകർ സുവാർത്ത സ്വീകരിക്കുമെന്നും യേശുവിന് അറിയാമായിരുന്നു. വാസ്തവത്തിൽ അവൻ തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “കണ്ണുകളുയർത്തി വയലിലേക്കു നോക്കുവിൻ. അവ കൊയ്ത്തിനു പാകമായിരിക്കുന്നു.” (യോഹ. 4:35-38) കൊയ്യാൻ പാകമായിക്കിടക്കുന്ന വയൽ ഒരു നല്ല കർഷകൻ അശ്രദ്ധമായി ഇട്ടേക്കില്ല. യേശുവിനും അതേ മനോഭാവമാണുണ്ടായിരുന്നത്. സ്വർഗത്തിലേക്കു പോകുന്നതിനു തൊട്ടുമുമ്പ് യേശു ശിഷ്യന്മാർക്ക് ഈ കല്പന കൊടുത്തു: “നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ.” (മത്താ. 28:18-20) ഈ വിധത്തിൽ, സുവാർത്ത പ്രസംഗിക്കുക എന്ന പ്രാധാന്യമേറിയ ഉത്തരവാദിത്വം യേശു അവർക്ക് കൊടുത്തു. അതായിരുന്നു അവർക്ക് ലഭിച്ച വിലയേറിയ സമ്പത്ത്.—2 കൊരി. 4:7.
7 ഇതിൽനിന്ന് നമുക്ക് എന്ത് നിഗമനത്തിലെത്താം? തന്റെ സമ്പത്ത് അടിമകളെ ഏൽപ്പിച്ച മനുഷ്യനെപ്പോലെ, യേശു അഭിഷിക്താനുഗാമികളെ ശിഷ്യരാക്കൽവേല ഏൽപ്പിച്ചു. (മത്താ. 25:14) ചുരുക്കത്തിൽ, പ്രസംഗിക്കാനും ശിഷ്യരാക്കാനും ഉള്ള ഉത്തരവാദിത്വത്തെയാണ് താലന്തുകൾ അർഥമാക്കുന്നത്.
8. ഓരോ അടിമയ്ക്കും ലഭിച്ച തുക വ്യത്യസ്തമായിരുന്നെങ്കിലും യജമാനൻ അവരിൽനിന്ന് എന്തു പ്രതീക്ഷിച്ചു?
8 യജമാനൻ ഒന്നാമത്തെ അടിമയ്ക്ക് അഞ്ചു താലന്തും രണ്ടാമത്തെ അടിമയ്ക്ക് രണ്ടു താലന്തും മൂന്നാമത്തെ അടിമയ്ക്ക് ഒരു താലന്തും നൽകിയതായി യേശു പറഞ്ഞു. (മത്താ. 25:15) ഓരോ അടിമയ്ക്കും കൊടുത്ത തുക വ്യത്യസ്തമായിരുന്നെങ്കിലും, അവർ ആ പണം ഉപയോഗിച്ച് കൂടുതൽ സമ്പാദിക്കാൻ തങ്ങളാലാകുന്നതെല്ലാം ചെയ്യുമെന്ന് യജമാനൻ പ്രതീക്ഷിച്ചു. ഇതുപോലെ, തന്റെ അഭിഷിക്താനുഗാമികൾ പ്രസംഗവേലയിൽ തങ്ങളാലാകുന്നതെല്ലാം ചെയ്യണമെന്ന് യേശു പ്രതീക്ഷിച്ചു. (മത്താ. 22:37; കൊലോ. 3:23) എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ യേശുവിന്റെ അനുഗാമികൾ സകല ജനതകളിലുമുള്ള ആളുകളെ ശിഷ്യരാക്കാൻ തുടങ്ങി. ബൈബിളിലെ, പ്രവൃത്തികൾ എന്ന പുസ്തകം വായിക്കുമ്പോൾ തങ്ങളുടെ വേലയിൽ അവർ എത്രമാത്രം തീക്ഷ്ണതയുള്ളവർ ആയിരുന്നെന്ന് വ്യക്തമാകും.f—പ്രവൃ. 6:7; 12:24; 19:20.
അന്ത്യകാലത്ത് അടിമകൾ താലന്ത് ഉപയോഗിക്കുന്നു
9. (എ) വിശ്വസ്തരായ രണ്ട് അടിമകൾ തങ്ങൾക്കു ലഭിച്ച പണം എന്തു ചെയ്തു, അതിൽനിന്ന് നമ്മൾ എന്തു പഠിക്കുന്നു? (ബി) ഭൗമികപ്രത്യാശയുള്ളവർ എന്തു ചെയ്യണം?
9 യജമാനന്റെ പണം ഉചിതമായ വിധത്തിൽ ഉപയോഗിച്ച ആദ്യത്തെ രണ്ട് അടിമകൾ, അന്ത്യകാലത്തെ വിശ്വസ്തരായ അഭിഷിക്ത സഹോദരീസഹോദരന്മാരെ പ്രതിനിധാനം ചെയ്യുന്നു. വിശേഷാൽ 1919 മുതൽ അവർ പ്രസംഗവേലയിൽ തങ്ങളുടെ പരമാവധി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഉപമയിലെ ആദ്യത്തെ രണ്ട് അടിമകൾക്കു ലഭിച്ച തുക വ്യത്യസ്തമാണെന്നതുകൊണ്ട്, അവർ വിശ്വസ്തരായ അഭിഷിക്തരുടെ രണ്ടു വ്യത്യസ്ത കൂട്ടങ്ങളാണെന്ന് അനുമാനിക്കേണ്ടതില്ല. രണ്ട് അടിമകളും കഠിനാധ്വാനം ചെയ്ത് തങ്ങൾക്കു ലഭിച്ച പണം ഇരട്ടിപ്പിച്ചു. അതുകൊണ്ട്, രണ്ടുപേരും ഒരേപോലെ കഠിനാധ്വാനികളായിരുന്നു. എന്നാൽ, അഭിഷിക്തർ മാത്രമാണോ പ്രസംഗ-പഠിപ്പിക്കൽ വേലയിൽ കഠിനാധ്വാനം ചെയ്യേണ്ടത്, അതായത് തീക്ഷ്ണതയോടെ പ്രവർത്തിക്കേണ്ടത്? അല്ല. ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവർ അഭിഷിക്തസഹോദരങ്ങളെ പ്രസംഗവേലയിൽ സഹായിക്കുകയും അവരോട് വിശ്വസ്തരായിരിക്കുകയും ചെയ്യണമെന്നാണ് യേശു പറഞ്ഞ ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമ പഠിപ്പിക്കുന്നത്. അഭിഷിക്തരെ പിന്തുണയ്ക്കുന്നത് ഒരു പദവിയായി അവർ വീക്ഷിക്കുന്നു. അതെ, യഹോവയുടെ ജനം “ഒരൊറ്റ ആട്ടിൻകൂട്ട”മാണ്. അവരെല്ലാം പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ തീക്ഷ്ണതയോടെ ഏർപ്പെടുന്നു.—യോഹ. 10:16.
10. നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണെന്നു തെളിയിക്കുന്ന അടയാളത്തിന്റെ ഒരു പ്രധാനഭാഗം ഏതാണ്?
10 തന്റെ അനുഗാമികളെല്ലാം തീക്ഷ്ണതയോടെ പ്രവർത്തിച്ച് കൂടുതൽ ശിഷ്യരെ ഉളവാക്കണമെന്ന് യേശു പ്രതീക്ഷിക്കുന്നു. അതാണ് ഒന്നാം നൂറ്റാണ്ടിലെ അനുഗാമികൾ ചെയ്തതും. താലന്തുകളുടെ ഉപമ നിറവേറിക്കൊണ്ടിരിക്കുന്ന ഈ അന്ത്യകാലത്ത്, യേശുവിന്റെ അനുഗാമികൾ പ്രസംഗവേല നിർവഹിക്കുന്നുണ്ടോ? തീർച്ചയായും. ഇത്രയധികം ആളുകൾ സുവാർത്ത കേട്ട് ശിഷ്യരായിത്തീർന്ന ഒരു കാലഘട്ടം ഇതിനു മുമ്പുണ്ടായിട്ടില്ല! യേശുവിന്റെ അനുഗാമികളുടെ തീക്ഷ്ണതയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ലക്ഷങ്ങളാണ് ഓരോ വർഷവും സ്നാനമേൽക്കുന്നത്. അവരും ഈ വേലയിൽ അണിചേരുന്നു. അന്ത്യകാലത്തെക്കുറിച്ച് യേശു പറഞ്ഞ അടയാളത്തിന്റെ ഒരു പ്രധാനഭാഗമാണ് പ്രസംഗവേലയെന്ന് ഈ മുഴുപ്രവർത്തനങ്ങളും അവയുടെ സത്ഫലങ്ങളും വ്യക്തമായി തെളിയിക്കുന്നു. തീർച്ചയായും, യേശു തന്റെ വേലക്കാരിൽ സന്തുഷ്ടനാണെന്നതിൽ സംശയമില്ല.
യേശു തന്റെ ദാസന്മാരെ പ്രസംഗിക്കാനുള്ള അമൂല്യമായ ഉത്തരവാദിത്വം ഭരമേൽപ്പിച്ചിരിക്കുന്നു (10-ാം ഖണ്ഡിക കാണുക)
യജമാനൻ എപ്പോഴാണ് വരുന്നത്?
11. യേശു കണക്കുതീർക്കാൻ വരുന്നത് മഹാകഷ്ടത്തിന്റെ സമയത്താണെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?
11 യേശു പറഞ്ഞു: “ഏറെക്കാലത്തിനുശേഷം ആ അടിമകളുടെ യജമാനൻ വന്ന് അവരുമായി കണക്കുതീർത്തു.” (മത്താ. 25:19) യജമാനനായ യേശു കണക്കുതീർക്കുന്നത് മഹാകഷ്ടത്തിന്റെ അവസാനത്തോടടുത്തായിരിക്കും. അത് നമുക്ക് എങ്ങനെ അറിയാം? മത്തായി 24, 25 അധ്യായങ്ങളിലെ പ്രവചനത്തിൽ തന്റെ വരവിനെക്കുറിച്ച് യേശു പല തവണ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ‘മനുഷ്യപുത്രൻ ആകാശമേഘങ്ങളിന്മേൽ വരുന്നത് ജനം കാണുമെന്ന്’ യേശു പറഞ്ഞു. മഹാകഷ്ടത്തിന്റെ സമയത്ത് യേശു ജനതകളെ ന്യായം വിധിക്കാൻ ‘വരുന്ന’തിനെയാണ് ഇത് അർഥമാക്കുന്നത്. കൂടാതെ, അന്ത്യകാലത്തുള്ള തന്റെ അനുഗാമികൾക്കുവേണ്ടി മുന്നറിയിപ്പു നൽകിയപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.” യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്.” (മത്താ. 24:30, 42, 44) അതുകൊണ്ട്, താലന്തുകളുടെ ഉപമയിൽ പരാമർശിച്ചിരിക്കുന്ന യജമാനന്റെ വരവും സൂചിപ്പിക്കുന്നത്, ജനതകളെ ന്യായം വിധിക്കാനും സാത്താന്റെ ലോകത്തെ നശിപ്പിക്കാനും യേശു വരുന്നതിനെയാണ്.g
12, 13. (എ) ആദ്യത്തെ രണ്ട് അടിമകളോട് യജമാനൻ എന്താണ് പറയുന്നത്, എന്തുകൊണ്ട്? (ബി) അഭിഷിക്തർക്ക് അന്തിമമുദ്ര ലഭിക്കുന്നത് എപ്പോഴാണ്? (“മരിക്കുമ്പോൾ യോഗ്യരെന്ന് ന്യായം വിധിക്കപ്പെടുന്നു” എന്ന ചതുരം കാണുക.) (സി) അഭിഷിക്തരെ പിന്തുണയ്ക്കുന്നവർക്ക് എന്ത് പ്രതിഫലം ലഭിക്കും?
12 യജമാനൻ യാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോൾ, അഞ്ച് താലന്ത് ലഭിച്ച അടിമ പത്തു താലന്തായും രണ്ട് താലന്ത് ലഭിച്ച അടിമ നാലു താലന്തായും സമ്പാദ്യം വർധിപ്പിച്ചിട്ടുണ്ടായിരുന്നു. യജമാനൻ ഓരോരുത്തരോടും ഇങ്ങനെ പറഞ്ഞു: “വളരെ നല്ലത്! നീ നല്ലവനും വിശ്വസ്തനുമായ ദാസൻതന്നെ. നീ അൽപ്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും.” (മത്താ. 25:21, 23) അങ്ങനെയെങ്കിൽ, യജമാനനായ യേശു ഭാവിയിൽ വരുമ്പോൾ എന്തു ചെയ്യും?
13 ഭൂമിയിലുള്ള കഠിനാധ്വാനികളായ അഭിഷിക്തരെ അർമ്മഗെദ്ദോന് മുമ്പ് സ്വർഗത്തിലേക്ക് കൂട്ടിച്ചേർത്തുകൊണ്ട് യേശു അവർക്ക് പ്രതിഫലം നൽകും. മഹാകഷ്ടം ആരംഭിക്കുന്നതിനു തൊട്ടുമുമ്പേതന്നെ അവർക്ക് അംഗീകാരത്തിന്റെ അന്തിമമുദ്ര ദൈവത്തിൽനിന്നു ലഭിച്ചിട്ടുണ്ടായിരിക്കും. (വെളി. 7:1-3) എന്നാൽ, പ്രസംഗവേലയിൽ അഭിഷിക്തരെ പിന്തുണച്ച ഭൗമികപ്രത്യാശയുള്ളവരുടെ കാര്യമോ? അവർ ചെമ്മരിയാടുകളായി ന്യായംവിധിക്കപ്പെട്ടിരിക്കും. ദൈവരാജ്യഭരണത്തിൻകീഴിൽ അവർക്ക് ഭൂമിയിലെ നിത്യജീവൻ പ്രതിഫലമായി ലഭിക്കും.—മത്താ. 25:34.
ദുഷ്ടനും അലസനും ആയ അടിമ
14, 15. അഭിഷിക്തരിൽ അനേകർ ദുഷ്ടരും അലസരും ആയിത്തീരുമെന്നാണോ യേശു ഉദ്ദേശിച്ചത്? വിശദീകരിക്കുക.
14 ഒരു താലന്ത് ലഭിച്ച അടിമയെക്കുറിച്ചും ഉപമയിൽ പറയുന്നുണ്ട്. ആ അടിമ തന്റെ യജമാനനുവേണ്ടി പണം ഉപയോഗിച്ച് വ്യാപാരം ചെയ്യുകയോ പണമിടപാടുകാരുടെ കൈയിൽ നിക്ഷേപിച്ച് പലിശ വാങ്ങുകയോ ചെയ്തില്ല. പകരം, അയാൾ ആ പണം കുഴിച്ചിട്ടു. യജമാനൻ അയാളെ ദുഷ്ടനും അലസനും ആയ അടിമ എന്നാണ് വിളിച്ചത്. ദുഷ്ടനായ ആ അടിമയുടെ പക്കൽനിന്ന് യജമാനൻ താലന്ത് എടുത്ത് ഒന്നാമത്തെ അടിമയ്ക്ക് നൽകി. അതിനു ശേഷം അവനെ പുറത്തെ “ഇരുട്ടിലേക്ക് എറിഞ്ഞു,” അവിടെ അവൻ നിരാശിതനായി വിലപിക്കുകയും കോപംകൊണ്ട് പല്ലുകടിക്കുകയും ചെയ്തു.—മത്താ. 25:24-30; ലൂക്കോ. 19:22, 23.
15 മൂന്ന് അടിമകളിൽ ഒരാൾ ദുഷ്ടനും അലസനും ആണെന്ന് പറഞ്ഞപ്പോൾ അഭിഷിക്തരിൽ മൂന്നിലൊന്ന് ആ അടിമയെപ്പോലെ ആയിത്തീരുമെന്ന് യേശു ഉദ്ദേശിച്ചില്ല. മറ്റു രണ്ട് ഉപമകളുമായി ഈ ഉപമ താരതമ്യം ചെയ്യുമ്പോൾ നമുക്ക് അതു മനസ്സിലാക്കാനാകും. വിശ്വസ്തനും വിവേകിയും ആയ അടിമയെക്കുറിച്ചുള്ള ഉപമയിൽ മറ്റ് അടിമകളെ പീഡിപ്പിക്കുന്ന ദുഷ്ടനായൊരു അടിമയെക്കുറിച്ച് യേശു പരാമർശിച്ചു. വിശ്വസ്തനും വിവേകിയും ആയ അടിമയുടെ ഭാഗമായ ചിലർ ദുഷ്ടനായ അടിമയായിത്തീരുമെന്നല്ല അതിലൂടെ യേശു ഉദ്ദേശിച്ചത്. പകരം, ദുഷ്ടനായ ആ അടിമയെപ്പോലെ ആയിത്തീരരുതെന്ന് യേശു അഭിഷിക്തർക്ക് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു. പിന്നീട്, പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമയിൽ വിവേകഹീനരായ അഞ്ചു കന്യകമാരെക്കുറിച്ച് യേശു പറഞ്ഞു. അഭിഷിക്തരിൽ പകുതി വിവേകഹീനരായിരിക്കുമെന്നല്ല യേശു പറഞ്ഞതിന്റെ സാരം. പകരം, അവർ തയ്യാറായിരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്തില്ലെങ്കിൽ എന്തു സംഭവിച്ചേക്കാം എന്നതിനു മുന്നറിയിപ്പു കൊടുക്കുകയായിരുന്നു യേശു.h ഇതേപോലെ, താലന്തുകളുടെ ഉപമയിലും അന്ത്യകാലത്തുള്ള അഭിഷിക്തരിൽ അനേകർ ദുഷ്ടരും അലസരും ആയിത്തീരുമെന്നല്ല യേശു ഉദ്ദേശിച്ചത്. പകരം, തീക്ഷ്ണതയോടെ പ്രസംഗവേലയിൽ ഏർപ്പെടാനും—താലന്തുകൾ ഉപയോഗിച്ച് ‘വ്യാപാരം ചെയ്യാനും’—അങ്ങനെ ദുഷ്ടനായ അടിമയെപ്പോലെ ആയിത്തീരാതിരിക്കാനും യേശു അഭിഷിക്തർക്ക് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു.—മത്താ. 25:16
16. (എ) താലന്തുകളുടെ ഉപമയിൽനിന്ന് നമ്മൾ ഏതു രണ്ടു പാഠങ്ങൾ പഠിക്കുന്നു? (ബി) താലന്തുകളുടെ ഉപമ മനസ്സിലാക്കാൻ ഈ ലേഖനം നമ്മെ എങ്ങനെ സഹായിച്ചിരിക്കുന്നു? (“താലന്തുകളുടെ ഉപമ നമ്മൾ മനസ്സിലാക്കേണ്ടത് എങ്ങനെ?” എന്ന ചതുരം കാണുക.)
16 താലന്തുകളുടെ ഉപമയിൽനിന്ന് നമ്മൾ പഠിക്കുന്ന രണ്ടു പാഠങ്ങൾ ഏതൊക്കെയാണ്? ഒന്നാമതായി, യേശു അഭിഷിക്തരായ തന്റെ അനുഗാമികൾക്ക് വിലയേറിയ ഒരു സമ്പത്ത് കൊടുത്തു. പ്രസംഗിക്കുകയും ശിഷ്യരാക്കുകയും ചെയ്യുക എന്ന സുപ്രധാനമായ ഉത്തരവാദിത്വമായിരുന്നു അത്. രണ്ടാമതായി, നമ്മളെല്ലാവരും പ്രസംഗവേലയിൽ കഴിവിന്റെ പരമാവധി ചെയ്യണമെന്ന് യേശു പ്രതീക്ഷിക്കുന്നു. ഈ വേലയിൽ സ്ഥിരോത്സാഹമുള്ളവരായിരിക്കുകയും യേശുവിനോടുള്ള അനുസരണവും വിശ്വസ്തതയും നിലനിറുത്തുകയും ചെയ്യുന്നെങ്കിൽ യേശു പ്രതിഫലം നൽകുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—മത്താ. 25:21, 23, 34.
a വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണെന്ന് 2013 ജൂലൈ 15 വീക്ഷാഗോപുരം പേജ് 21-22, ഖണ്ഡിക 8-10 വിശദീകരിക്കുന്നു.
b കന്യകമാർ ആരാണെന്ന് ഈ മാസികയിലെ മുൻലേഖനം വിശദീകരിക്കുന്നു.
c ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമയുടെ വിശദീകരണത്തിന് 1995 ഒക്ടോബർ 15 വീക്ഷാഗോപുരത്തിന്റെ 23-28 പേജുകളും ഈ മാസികയിലെ അടുത്ത ലേഖനവും കാണുക.
d “താലന്തുകളുടെ ഉപമയും മിനാകളുടെ ഉപമയും സമാനമായിരിക്കുന്നത് എങ്ങനെ?” എന്ന ചതുരം കാണുക.
e യേശുവിന്റെ കാലത്തെ ഒരു താലന്ത് 6,000 ദിനാറെയ്ക്കു തുല്യമായിരുന്നു. ഒരു വേലക്കാരന്റെ ദിവസക്കൂലി ഒരു ദിനാറെയായിരുന്നു. ഒരു താലന്ത് സമ്പാദിക്കാൻ അയാൾ 20 വർഷം വേലയെടുക്കേണ്ടിയിരുന്നു!
f അപ്പൊസ്തലന്മാരുടെ മരണശേഷം അധികം വൈകാതെ, വിശ്വാസത്യാഗം ക്രിസ്തീയസഭകളിലേക്കെല്ലാം വ്യാപിച്ചു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ പ്രസംഗവേല കാര്യമായൊന്നും നടന്നില്ല. എന്നാൽ “കൊയ്ത്തുകാല”ത്ത്, അതായത് യുഗസമാപ്തിയിങ്കൽ പ്രസംഗവേല വീണ്ടും തുടങ്ങുമായിരുന്നു. (മത്താ. 13:24-30, 36-43) 2013 ജൂലൈ 15 വീക്ഷാഗോപുരം പേജ് 9-12 കാണുക.
h ഈ മാസികയിലെ “നിങ്ങൾ ‘സദാ ജാഗരൂകരായിരിക്കുമോ?’” എന്ന ലേഖനത്തിലെ 13-ാം ഖണ്ഡിക കാണുക.