ധാർമികശുദ്ധിയുള്ളവരായി നിലകൊള്ളുവിൻ
“കൈകൾ വെടിപ്പാക്കുവിൻ; . . . ഹൃദയങ്ങൾ ശുദ്ധീകരിക്കുവിൻ.”—യാക്കോ. 4:8.
1. ഏതു കാര്യങ്ങളെ ഇന്നു പലരും സാധാരണമെന്നു വീക്ഷിക്കുന്നു?
അധാർമികത കൊടികുത്തിവാഴുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഉദാഹരണത്തിന്, ഇന്നു പലരും സ്വവർഗരതിയെയും വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികതയെയും തികച്ചും സാധാരണമായ കാര്യങ്ങളായിട്ടാണു വീക്ഷിക്കുന്നത്. സിനിമകൾ, പുസ്തകങ്ങൾ, പാട്ടുകൾ, പരസ്യങ്ങൾ എന്നിവയിലെല്ലാം ലൈംഗികാധാർമികത സർവസാധാരണമാണ്. (സങ്കീ. 12:8) എന്നാൽ യഹോവയ്ക്ക്, തന്നെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കാനാകും. അതെ, അധാർമികത നിറഞ്ഞ ഈ ലോകത്തിൽ ധാർമികശുദ്ധിയുള്ളവരായിരിക്കുക സാധ്യമാണ്.—1 തെസ്സലോനിക്യർ 4:3-5 വായിക്കുക.
2, 3. (എ) തെറ്റായ മോഹങ്ങൾ തള്ളിക്കളയേണ്ടത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
2 യഹോവയെ പ്രസാദിപ്പിക്കാൻ അവൻ വെറുക്കുന്നതെല്ലാം നമ്മൾ ഉപേക്ഷിക്കണം. എന്നാൽ അപൂർണരായതുകൊണ്ട് നമ്മൾ അധാർമികതയിലേക്ക് ആകർഷിക്കപ്പെട്ടേക്കാം; ചൂണ്ടയിലേക്ക് മത്സ്യം ആകർഷിക്കപ്പെടുന്നതുപോലെ. അധാർമികചിന്തകൾ മനസ്സിലേക്കു വരുന്നെങ്കിൽ ഉടൻതന്നെ നമ്മൾ അവ തള്ളിക്കളയണം. അല്ലാത്തപക്ഷം ആ മോഹം വളരെ ശക്തമായിത്തീരും; അവസരം കിട്ടിയാൽ പാപം ചെയ്യുന്നതിലേക്കും അതു നയിക്കും. ബൈബിളിലും ഇങ്ങനെ പറയുന്നു: “മോഹം ഗർഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു.”—യാക്കോബ് 1:14, 15 വായിക്കുക.
3 തെറ്റായ മോഹങ്ങൾ നമ്മുടെ ഹൃദയത്തിൽ വളർന്നേക്കാം. അതുകൊണ്ട് എന്താണ് മോഹിച്ചുതുടങ്ങുന്നത് എന്നതിനു നമ്മൾ പ്രത്യേകശ്രദ്ധ കൊടുക്കണം. തെറ്റായ മോഹങ്ങൾ തള്ളിക്കളയുകയാണെങ്കിൽ ലൈംഗികാധാർമികതയും അതിന്റെ തിക്തഫലങ്ങളും നമുക്ക് ഒഴിവാക്കാനാകും. (ഗലാ. 5:16) തെറ്റായ മോഹങ്ങൾക്കെതിരെ പോരാടാൻ ആവശ്യമായ മൂന്നു കാര്യങ്ങൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും: യഹോവയുമായുള്ള നമ്മുടെ സൗഹൃദം, ദൈവവചനത്തിൽനിന്നുള്ള മാർഗനിർദേശം, പക്വതയുള്ള ക്രിസ്ത്യാനികളിൽനിന്നുള്ള സഹായം.
“ദൈവത്തോട് അടുത്തു ചെല്ലുവിൻ”
4. നമ്മൾ യഹോവയോട് അടുത്തു ചെല്ലേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ‘ദൈവത്തോട് അടുത്തു ചെല്ലാൻ’ ആഗ്രഹിക്കുന്നവരോട് ‘കൈകൾ വെടിപ്പാക്കാനും’ ‘ഹൃദയങ്ങൾ ശുദ്ധീകരിക്കാനും’ ബൈബിൾ പറയുന്നു. (യാക്കോ. 4:8) യഹോവ നമ്മുടെ ഉറ്റ സുഹൃത്താകുമ്പോൾ നമ്മുടെ പ്രവൃത്തികൾ മാത്രമല്ല ചിന്തകളും യഹോവയെ പ്രീതിപ്പെടുത്തുന്ന വിധത്തിലായിരിക്കാൻ നമ്മൾ ആഗ്രഹിക്കും. നമ്മുടെ ചിന്തകൾ ശുദ്ധവും നിർമലവും ആയിരിക്കുമ്പോൾ നമ്മുടെ ഹൃദയവും നിർമലമായിരിക്കും. (സങ്കീ. 24:3, 4; 51:6; ഫിലി. 4:8) നമ്മൾ അപൂർണരാണെന്നും അതുകൊണ്ട് അധാർമികചിന്തകൾ നമ്മുടെ മനസ്സിലേക്കു കടന്നുവന്നേക്കാമെന്നും യഹോവയ്ക്ക് അറിയാം. എങ്കിലും, യഹോവയെ ദുഃഖിപ്പിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട് നമ്മൾ തെറ്റായ ചിന്തകൾ തള്ളിക്കളയാൻ നമ്മളാലാകുന്നതെല്ലാം ചെയ്യും. (ഉല്പ. 6:5, 6) നമ്മുടെ ചിന്തകൾ ശുദ്ധമായിരിക്കാൻ നമ്മുടെ പരമാവധി നമ്മൾ ചെയ്യുന്നു.
5, 6. അധാർമികമോഹങ്ങൾക്കെതിരെ പോരാടാൻ പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും?
5 യഹോവയുടെ സഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുന്നെങ്കിൽ അധാർമികചിന്തകൾക്കെതിരെ പോരാടാൻ അവൻ നമ്മെ സഹായിക്കും. യഹോവ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് ശുദ്ധരായി നിലനിൽക്കാനുള്ള ശക്തി നമുക്കു തരും. പ്രാർഥിക്കുമ്പോൾ, യഹോവയെ പ്രീതിപ്പെടുത്തുന്ന വിധത്തിൽ ചിന്തിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെന്ന് അവനോടു പറയാനാകും. (സങ്കീ. 19:14) പാപത്തിലേക്കു നയിച്ചേക്കാവുന്ന ഏതെങ്കിലും മോശമായ ആഗ്രഹങ്ങൾ നമ്മുടെ ഹൃദയത്തിലുണ്ടോ എന്നു പരിശോധിക്കാൻ യഹോവയോട് നമ്മൾ താഴ്മയോടെ അപേക്ഷിക്കുന്നു. (സങ്കീ. 139:23, 24) പ്രലോഭനമുണ്ടായാലും അധാർമികത ഒഴിവാക്കി ശരിയായതു ചെയ്യാനുള്ള സഹായത്തിനായി യഹോവയോടു യാചിച്ചുകൊണ്ടേയിരിക്കുക.—മത്താ. 6:13.
6 യഹോവയെക്കുറിച്ചു പഠിക്കുന്നതിനു മുമ്പ്, അവൻ വെറുക്കുന്ന പല കാര്യങ്ങളും ചെയ്യാൻ നമുക്ക് ഇഷ്ടമായിരുന്നിരിക്കാം. ഒരുപക്ഷേ ഇപ്പോഴും നമ്മൾ അത്തരം മോഹങ്ങൾക്കെതിരെ പോരാടുന്നുണ്ടായിരിക്കാം. എന്നാൽ മാറ്റങ്ങൾ വരുത്തി അവന് ഇഷ്ടമുള്ളതു ചെയ്യാൻ യഹോവയ്ക്ക് നമ്മെ സഹായിക്കാനാകും. ഉദാഹരണത്തിന്, ബത്ത്-ശേബയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ദാവീദു രാജാവ് അനുതപിച്ചു; “നിർമ്മലമായോരു ഹൃദയം” നൽകി അനുസരണമുള്ളവനായിരിക്കാൻ സഹായിക്കേണമേ എന്ന് യഹോവയോടു യാചിക്കുകയും ചെയ്തു. (സങ്കീ. 51:10, 12) മുൻകാലത്ത് ശക്തമായ അധാർമികമോഹങ്ങളുണ്ടായിരുന്നവരും ഇപ്പോഴും അതിന് എതിരെ പോരാടുന്നവരും ആയിരിക്കാം നമ്മൾ. അങ്ങനെയാണെങ്കിൽ തന്നെ അനുസരിക്കാനും ശരിയായതു ചെയ്യാനും ഉള്ള കൂടുതൽ ശക്തമായ ആഗ്രഹം നമ്മിൽ ഉളവാക്കിക്കൊണ്ട് യഹോവ നമ്മളെ സഹായിക്കും. തെറ്റായ ചിന്തകൾ നിയന്ത്രിക്കാനും അവനു നമ്മളെ സഹായിക്കാനാകും.—സങ്കീ. 119:133.
ഒരു തെറ്റായ മോഹം ഉള്ളിൽ നാമ്പെടുത്ത്, വേരുപിടിക്കുന്നെങ്കിൽ അത് വേരോടെ പിഴുതെറിയുക (6-ാം ഖണ്ഡിക കാണുക)
‘വചനം പ്രവർത്തിക്കുന്നവർ ആയിരിക്കുവിൻ’
7. അധാർമികചിന്തകൾ ഒഴിവാക്കാൻ ദൈവവചനത്തിന് നമ്മളെ എങ്ങനെ സഹായിക്കാനാകും?
7 സഹായത്തിനായുള്ള നമ്മുടെ പ്രാർഥനകൾക്ക്, തന്റെ വചനമായ ബൈബിളിലൂടെ യഹോവയ്ക്ക് ഉത്തരം നൽകാനാകും. ദൈവത്തിന്റെ നിർമലമായ ജ്ഞാനം ബൈബിളിൽ അടങ്ങിയിരിക്കുന്നു. (യാക്കോ. 3:17) ദിവസവും ബൈബിൾ വായിക്കുമ്പോൾ നമ്മൾ നിർമലമായ ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കുകയാണ്. (സങ്കീ. 19:7, 11; 119:9, 11) കൂടാതെ, അധാർമികമായ ചിന്തകളും മോഹങ്ങളും തള്ളിക്കളയാൻ സഹായിക്കുന്ന ഉദാഹരണങ്ങളും മുന്നറിയിപ്പുകളും ബൈബിളിലുണ്ട്.
8, 9. (എ) ഒരു യുവാവ് അധാർമികജീവിതം നയിച്ചിരുന്ന സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്തുകൊണ്ട്? (ബി) സദൃശവാക്യങ്ങൾ 7-ാം അധ്യായത്തിലെ ദൃഷ്ടാന്തകഥ ഏതു സാഹചര്യങ്ങൾ ഒഴിവാക്കാൻ നമ്മളെ സഹായിക്കും?
8 സദൃശവാക്യങ്ങൾ 5:8-ൽ അധാർമികതയിൽനിന്ന് അകന്നുനിൽക്കാൻ ദൈവവചനം മുന്നറിയിപ്പു നൽകുന്നു. സദൃശവാക്യങ്ങൾ 7-ാം അധ്യായം, അധാർമികജീവിതം നയിച്ച ഒരു സ്ത്രീയുടെ വീടിന് അടുത്തുകൂടെ നടന്നുപോയ ഒരു യുവാവിന്റെ കഥ പറയുന്നു: നേരം ഇരുട്ടിത്തുടങ്ങി. “വേശ്യാവസ്ത്രം ധരിച്ച” സ്ത്രീ തെരുവിന്റെ ഒരു കോണിൽ നിൽക്കുന്നു. അവനെ കണ്ടതും അവൾ അവന്റെ അടുത്തേക്കു നടന്നുചെന്നു. അവനെ പിടിച്ച് ചുംബിച്ചു. അവനെ വശീകരിക്കുന്ന വിധത്തിൽ പലതും പറഞ്ഞു. അവനിൽ തെറ്റായ മോഹങ്ങൾ ജനിച്ചു. അത് ചെറുത്തുനിൽക്കാൻ അവൻ പരാജയപ്പെട്ടു. ഒടുവിൽ അവൻ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പാപം ചെയ്യണമെന്ന് അവൻ ഉദ്ദേശിച്ചിരുന്നില്ല; പക്ഷേ ചെയ്തുപോയി. അതിന്റെ ഭവിഷ്യത്തുകളുമായി പിന്നീട് അവന് ജീവിക്കേണ്ടിവന്നു. അപകടം തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവൻ അവളുടെ അടുക്കൽ പോകുമായിരുന്നില്ല.—സദൃ. 7:6-27.
9 ആ ചെറുപ്പക്കാരനെപ്പോലെ, അപകടം തിരിച്ചറിയുന്നില്ലെങ്കിൽ നമ്മളും തെറ്റായ തീരുമാനങ്ങൾ എടുത്തേക്കാം. ഉദാഹരണത്തിന്, ചില ടിവി ചാനലുകൾ രാത്രി വളരെ മോശമായ പരിപാടികളാണ് കാണിക്കുന്നത്. ആ സമയത്ത്, ടിവി-യിൽ എന്താണുള്ളതെന്ന് അറിയാൻ ചാനൽ മാറ്റിക്കൊണ്ടിരിക്കുന്നത് അപകടമായേക്കാം. കാണുന്ന ഇന്റർനെറ്റ് ലിങ്കുകളിലെല്ലാം യാതൊരു ലക്ഷ്യവുമില്ലാതെ ക്ലിക്ക് ചെയ്യുന്നതും അപകടം വിളിച്ചുവരുത്തിയേക്കാം. അശ്ലീല പരസ്യങ്ങളും ലിങ്കുകളും ഉള്ള ചാറ്റ്റൂമുകളുടെയും വെബ്സൈറ്റുകളുടെയും കാര്യവും അതുതന്നെ. ഈ സാഹചര്യങ്ങളിൽ, നമ്മൾ കാണുന്ന കാര്യങ്ങൾ തെറ്റായ മോഹങ്ങൾ ജനിപ്പിച്ചേക്കാം. അത് യഹോവയോട് അനുസരണക്കേടു കാണിക്കുന്നതിലേക്ക് നമ്മളെ നയിച്ചേക്കാം.
10. ശൃംഗരിക്കുന്നത് എന്തുകൊണ്ടാണ് അപകടകരമായിരിക്കുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
10 സ്ത്രീപുരുഷന്മാർ പരസ്പരം ഇടപെടേണ്ട വിധത്തെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. (1 തിമൊഥെയൊസ് 5:2 വായിക്കുക.) തങ്ങളുടെ ഇണയോടോ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ആളോടോ മാത്രമേ ക്രിസ്ത്യാനികൾ പ്രേമാത്മകമായി ഇടപെടാറുള്ളൂ. അവർ ശൃംഗരിക്കാറില്ല. എന്നാൽ ചിലർ ചിന്തിക്കുന്നത് പരസ്പരം സ്പർശിക്കാത്തിടത്തോളം, ആംഗ്യത്തിലൂടെയോ നോട്ടത്തിലൂടെയോ ശരീരചലനത്തിലൂടെയോ പ്രേമം തോന്നിക്കുമാറ് ഇടപെടുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നാണ്. പക്ഷേ, രണ്ടുപേർ തമ്മിൽ ശൃംഗരിക്കുമ്പോൾ മോശമായ ചിന്തകൾ ഉടലെടുത്തേക്കും; അത് ലൈംഗികാധാർമികതയിലേക്ക് നയിച്ചേക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിക്കാം.
11. യോസേഫിന്റെ മാതൃകയിൽനിന്ന് നമ്മൾ എന്ത് പഠിക്കുന്നു?
11 യോസേഫ് നമുക്ക് നല്ലൊരു മാതൃകയാണ്. താനുമായി ലൈംഗികതയിൽ ഏർപ്പെടാൻ പോത്തീഫറിന്റെ ഭാര്യ യോസേഫിനെ പ്രലോഭിപ്പിച്ചു. അവൻ അത് നിരസിച്ചു. എങ്കിലും അവൾ ശ്രമം ഉപേക്ഷിച്ചില്ല. “അവളുടെ അരികെ”യായിരിക്കാൻ അവൾ എന്നും യോസേഫിനെ വിളിക്കുമായിരുന്നു. (ഉല്പ. 39:7, 8, 10) അവർ രണ്ടുപേരും മാത്രമാകുമ്പോൾ യോസേഫിന് തന്നോടു മോഹം തോന്നുമെന്ന് പോത്തീഫറിന്റെ ഭാര്യ ചിന്തിച്ചിരിക്കാം എന്ന് ഒരു ബൈബിൾപണ്ഡിതൻ പറയുന്നു. അവളുടെ ശൃംഗാരത്തോട് ഒരിക്കലും പ്രതികരിക്കില്ലെന്നും അവളോടു ശൃംഗരിക്കില്ലെന്നും യോസേഫ് നിശ്ചയിച്ചുറച്ചിരുന്നു. അങ്ങനെ, തെറ്റായ മോഹങ്ങൾ തന്റെ ഹൃദയത്തിൽ വളരാൻ അവൻ അനുവദിച്ചില്ല. അവൾ യോസേഫിനെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് അവന്റെ വസ്ത്രത്തിൽ കയറിപ്പിടിച്ചപ്പോൾ ഉടൻതന്നെ “അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു.”—ഉല്പ. 39:12.
12. കാണുന്ന കാര്യങ്ങൾക്ക് നമ്മുടെ ഹൃദയത്തെ സ്വാധീനിക്കാനാകുമെന്ന് നമുക്ക് എങ്ങനെ അറിയാം?
12 കാണുന്ന കാര്യങ്ങൾക്ക് നമ്മുടെ ഹൃദയത്തെ സ്വാധീനിക്കാനാകുമെന്നും ലൈംഗികമോഹങ്ങൾ ഉണർത്താനാകുമെന്നും യേശു മുന്നറിയിപ്പ് നൽകി. അവൻ പറഞ്ഞു: “ഒരു സ്ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.” (മത്താ. 5:28) അതാണ് ദാവീദ് രാജാവിന് സംഭവിച്ചത്. അവൻ “ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു.” പക്ഷേ അവളെ നോക്കുന്നതും അവളെക്കുറിച്ചു ചിന്തിക്കുന്നതും അവൻ നിറുത്തിയില്ല. (2 ശമൂ. 11:2) അവൾ മറ്റൊരാളുടെ ഭാര്യയായിരുന്നിട്ടുപോലും ദാവീദ് അവളെ മോഹിച്ചുതുടങ്ങി. ഒടുവിൽ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.
13. നമ്മൾ കണ്ണുമായി “ഒരു നിയമം” ചെയ്യേണ്ടത് എന്തുകൊണ്ട്, നമ്മൾ അത് എങ്ങനെ ചെയ്യും?
13 അധാർമികചിന്തകൾ ഒഴിവാക്കണമെങ്കിൽ നമ്മൾ ഇയ്യോബിന്റെ മാതൃക അനുകരിക്കണം. “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു” എന്ന് ഇയ്യോബ് പറഞ്ഞു. (ഇയ്യോ. 31:1, 7, 9) നമ്മൾ കാണുന്ന ആരെയെങ്കിലുംകുറിച്ച് അധാർമികമായ വിധത്തിൽ ഒരിക്കലും ചിന്തിക്കില്ലെന്ന് ഇയ്യോബിനെപ്പോലെ നമുക്കും തീരുമാനിക്കാം. മാത്രമല്ല, കമ്പ്യൂട്ടറിലോ പരസ്യബോർഡിലോ മാസികയിലോ മറ്റെവിടെയെങ്കിലുമോ അശ്ലീലചിത്രങ്ങൾ കാണുകയാണെങ്കിൽ ഉടൻതന്നെ നമ്മൾ അവിടെനിന്ന് കണ്ണു തിരിക്കും.
14. ശുദ്ധരായി നിലകൊള്ളാൻ നമ്മൾ എന്ത് ചെയ്യണം?
14 നമ്മൾ ഇത്രയുംനേരം ചർച്ച ചെയ്തതിൽനിന്ന് അധാർമികമോഹങ്ങൾക്കെതിരെ പോരാടുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ഉടൻതന്നെ അങ്ങനെ ചെയ്യുക. യഹോവ പറയുന്നത് അനുസരിക്കുമ്പോൾ ലൈംഗികാധാർമികത ഒഴിവാക്കിക്കൊണ്ട് നിങ്ങൾക്ക് ശുദ്ധരായിരിക്കാനാകും.—യാക്കോബ് 1:21-25 വായിക്കുക.
‘മൂപ്പന്മാരെ വിളിക്കുക’
15. തെറ്റായ മോഹങ്ങൾക്കെതിരെ പോരാടുന്നത് ബുദ്ധിമുട്ടാണെങ്കിൽ സഹായം ചോദിക്കാൻ മടിക്കരുതാത്തത് എന്തുകൊണ്ട്?
15 തെറ്റായ മോഹങ്ങൾക്കെതിരെ പോരാടുന്നത് ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ ദൈവവചനത്തിൽനിന്ന് നല്ല ഉപദേശം നൽകാനാകുന്ന, ദീർഘകാലമായി യഹോവയെ സേവിക്കുന്ന, നിങ്ങളുടെ സഭയിലുള്ള ആരോടെങ്കിലും അക്കാര്യം പറയുക. അത്തരം വ്യക്തിപരമായ പ്രശ്നങ്ങൾ മറ്റൊരാളോട് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും സഹായം ചോദിക്കേണ്ടത് പ്രധാനമാണ്. (സദൃ. 18:1; എബ്രാ. 3:12, 13) നിങ്ങൾ വരുത്തേണ്ട മാറ്റങ്ങൾ പക്വതയുള്ള ക്രിസ്ത്യാനികൾക്കു പറഞ്ഞുതരാനാകും. അവർ പറയുന്നതുപോലെ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യഹോവയെ നമ്മുടെ സുഹൃത്തായി നിലനിറുത്താം.
16, 17. (എ) അധാർമികമോഹങ്ങൾക്കെതിരെ പോരാടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാനാകും? ഒരു ഉദാഹരണം പറയുക. (ബി) അശ്ലീലം കാണുന്നവർ എത്രയും പെട്ടെന്ന് സഹായം ചോദിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 നമ്മളെ സഹായിക്കാൻ ഏറ്റവും യോഗ്യരായിരിക്കുന്നത് സഭയിലെ മൂപ്പന്മാരാണ്. (യാക്കോബ് 5:13-15 വായിക്കുക.) തെറ്റായ മോഹങ്ങൾക്കെതിരെ വർഷങ്ങളോളം പോരാടിയ ബ്രസീലിലെ ഒരു യുവാവ് ഇങ്ങനെ പറയുന്നു: “എന്റെ ചിന്തകൾ യഹോവയെ അപ്രീതിപ്പെടുത്തിയിരുന്നെന്ന് എനിക്ക് അറിയാം. പക്ഷേ അത് മറ്റുള്ളവരോടു പറഞ്ഞാൽ അവർ എന്തു വിചാരിക്കുമെന്ന നാണക്കേടായിരുന്നു എനിക്ക്.” ഒരു മൂപ്പൻ ആ യുവാവിന് സഹായം ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയിട്ട് മൂപ്പന്മാരുടെ സഹായം സ്വീകരിക്കാൻ അവനെ പ്രോത്സാഹിപ്പിച്ചു. അവൻ പറയുന്നു: “മൂപ്പന്മാർ എന്നോട് ദയയോടെ ഇടപെട്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. കാരണം ഞാൻ അർഹിച്ചതിനെക്കാൾ കൂടുതൽ ദയയോടെയും കാര്യങ്ങൾ നന്നായി മനസ്സിലാക്കിയും ആണ് അവർ എന്നോടു പെരുമാറിയത്. എന്റെ പ്രശ്നങ്ങൾ അവർ ശ്രദ്ധിച്ച് കേട്ടു. യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു നൽകാൻ അവർ ബൈബിൾ ഉപയോഗിച്ചു; എന്നോടൊപ്പം പ്രാർഥിച്ചു. അതുകൊണ്ടുതന്നെ അവർ തന്ന ബൈബിളുപദേശങ്ങൾ ഞാൻ പെട്ടെന്ന് സ്വീകരിച്ചു.” അങ്ങനെ, യഹോവയുമായുള്ള ബന്ധം ശക്തമാക്കിയ അവൻ ഇങ്ങനെ പറഞ്ഞു: “ഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമക്കുന്നതിനു പകരം ആരുടെയെങ്കിലും സഹായം ചോദിക്കുന്നത് എത്ര പ്രധാനമാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.”
17 അശ്ലീലം കാണുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഉടൻതന്നെ സഹായം ചോദിക്കണം. സഹായം അഭ്യർഥിക്കാൻ വൈകുന്തോറും ലൈംഗികാധാർമികതയിൽ ഉൾപ്പെടാനുള്ള സാധ്യത കൂടുതലാണ്. അത് മറ്റുള്ളവരെ അസ്വസ്ഥരാക്കും. അവർ യഹോവയെക്കുറിച്ച് മോശമായി സംസാരിക്കാനും ഇടയുണ്ട്. യഹോവയെ പ്രസാദിപ്പിച്ചുകൊണ്ട് ക്രിസ്തീയസഭയിൽ നിലനിൽക്കുന്നതിന് പലരും മൂപ്പന്മാരുടെ സഹായം തേടി അവർ നൽകുന്ന ബുദ്ധിയുപദേശം സ്വീകരിച്ചിട്ടുണ്ട്.—സങ്കീ. 141:5; എബ്രാ. 12:5, 6; യാക്കോ. 1:15.
ധാർമികശുദ്ധിയുള്ളവരായി നിലകൊള്ളാൻ നിശ്ചയിച്ചുറയ്ക്കുക!
18. എന്ത് ചെയ്യാനാണ് നിങ്ങളുടെ ദൃഢനിശ്ചയം?
18 സാത്താന്റെ ലോകം വീണ്ടുംവീണ്ടും അധാർമികതയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ യഹോവയുടെ ദാസർ തങ്ങളുടെ ചിന്തകൾ നിർമലമാക്കിക്കൊണ്ട് ശുദ്ധരായി നിലകൊള്ളാൻ കഠിനശ്രമം ചെയ്യുന്നു. അവരെപ്രതി യഹോവ വളരെയധികം അഭിമാനിക്കുന്നു. യഹോവയോട് പറ്റിനിന്നുകൊണ്ട് അവന്റെ വചനത്തിൽനിന്നും ക്രിസ്തീയസഭയിൽനിന്നും ലഭിക്കുന്ന ബുദ്ധിയുപദേശം നമുക്കു പിൻപറ്റാം. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഇപ്പോൾത്തന്നെ ശുദ്ധമായ മനസ്സാക്ഷിയോടെ സന്തുഷ്ടരായിരിക്കാനാകും. (സങ്കീ. 119:5, 6) ഭാവിയിൽ, സാത്താനെ നശിപ്പിച്ചശേഷം ദൈവത്തിന്റെ ശുദ്ധമായ പുതിയ ലോകത്തിൽ നമ്മൾ എന്നേക്കും ജീവിക്കും!