യഹോവ നമ്മളെ സ്നേഹിക്കുന്ന വിധങ്ങൾ
“പിതാവിനു നമ്മോടുള്ള സ്നേഹം എത്ര വലിയതെന്നു കാണുവിൻ!”—1 യോഹ. 3:1.
1. അപ്പൊസ്തലനായ യോഹന്നാൻ എന്തിനെക്കുറിച്ച് ചിന്തിക്കാനാണ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചത്, എന്തുകൊണ്ട്?
യഹോവയ്ക്ക് നമ്മളോടുള്ള മഹത്തായ സ്നേഹത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ യോഹന്നാൻ അപ്പൊസ്തലൻ നമ്മളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. 1 യോഹന്നാൻ 3:1-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “പിതാവിനു നമ്മോടുള്ള സ്നേഹം എത്ര വലിയതെന്നു കാണുവിൻ!” യഹോവ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നെന്നും ആ സ്നേഹം അവൻ എങ്ങനെ കാണിക്കുന്നെന്നും ആഴത്തിൽ ചിന്തിക്കുമ്പോൾ നമ്മൾ അവനോട് കൂടുതൽ അടുത്തു ചെല്ലുകയും അവനെ ഏറെ മെച്ചമായി സ്നേഹിക്കുകയും ചെയ്യും.
2. ദൈവം തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ ചിലർക്ക് ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
2 സങ്കടകരമെന്ന് പറയട്ടെ, ദൈവത്തിന് എങ്ങനെ തങ്ങളെ സ്നേഹിക്കാനാകുമെന്ന് ചിലർക്ക് മനസ്സിലാകുന്നില്ല. ദൈവം മനുഷ്യർക്കുവേണ്ടി കരുതുന്നില്ലെന്ന് അവർ ചിന്തിക്കുന്നു. ദൈവം നിയമങ്ങളുണ്ടാക്കുകയും അത് അനുസരിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരാൾ മാത്രമാണെന്നായിരിക്കാം അവർ കരുതുന്നത്. തെറ്റായ പഠിപ്പിക്കലുകൾ കാരണം, ദൈവം ക്രൂരനാണെന്നും അതുകൊണ്ടുതന്നെ അവനെ സ്നേഹിക്കുക അസാധ്യമാണെന്നും ചിലർക്ക് തോന്നുന്നു. മറ്റുചിലരാകട്ടെ, തങ്ങൾ എന്തു ചെയ്താലും ശരി, ദൈവം എല്ലാവരെയും സ്നേഹിക്കുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്നാൽ, യഹോവയെക്കുറിച്ചുള്ള സത്യം അറിയാൻ ബൈബിൾപഠനം നിങ്ങളെ സഹായിച്ചിരിക്കുന്നു. സ്നേഹം അവന്റെ ഏറ്റവും വലിയ ഗുണമാണെന്നും സ്വന്തം പുത്രനെ ഒരു മറുവിലയായി അവൻ നിങ്ങൾക്ക് നൽകിയെന്നും ഇപ്പോൾ നിങ്ങൾക്ക് അറിയാം. (യോഹ. 3:16; 1 യോഹ. 4:8) എന്നിരുന്നാലും, ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ യഹോവ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഒരുപക്ഷേ നിങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നേക്കാം.
3. യഹോവയ്ക്ക് നമ്മളോടുള്ള സ്നേഹം മനസ്സിലാക്കാൻ എന്ത് സഹായിക്കും?
3 നമ്മോടുള്ള യഹോവയുടെ സ്നേഹം മനസ്സിലാക്കുന്നതിന് നമ്മളെ സൃഷ്ടിച്ചത് യഹോവയാണെന്ന് ആദ്യംതന്നെ തിരിച്ചറിയണം. അവൻ നമുക്ക് ജീവൻ നൽകി. (സങ്കീർത്തനം 100:3-5 വായിക്കുക.) അതുകൊണ്ടാണ് ആദ്യമനുഷ്യനെ ബൈബിൾ “ദൈവത്തിന്റെ മകൻ” എന്ന് വിളിക്കുന്നത്. (ലൂക്കോ. 3:38) കൂടാതെ, യഹോവയെ “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന് വിളിക്കാൻ യേശു നമ്മളെ പഠിപ്പിച്ചു. (മത്താ. 6:9) അതെ, യഹോവ നമ്മുടെ പിതാവാണ്. ഒരു നല്ല പിതാവ് തന്റെ മക്കളെ സ്നേഹിക്കുന്നതുപോലെ അവൻ നമ്മളെ സ്നേഹിക്കുന്നു.
4. (എ) യഹോവ എങ്ങനെയുള്ള ഒരു പിതാവാണ്? (ബി) ഈ ലേഖനത്തിലും അടുത്തതിലും നമ്മൾ എന്ത് ചർച്ച ചെയ്യും?
4 തങ്ങളുടെ പിതാവിനെ സ്നേഹമുള്ള ഒരാളായി കണക്കാക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. പിതാവ് ക്രൂരമായി പെരുമാറിയതിന്റെ വേദനാകരമായ ഓർമകളായിരിക്കാം പലർക്കും തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ളത്. എന്നാൽ യഹോവ തന്റെ മക്കളോട് ഒരിക്കലും അങ്ങനെ ചെയ്യില്ല. ഏറ്റവും നല്ല പിതാവാണ് അവൻ. (സങ്കീ. 27:10) യഹോവ നമ്മളെ വളരെയേറെ സ്നേഹിക്കുന്നു, അനേകം വിധങ്ങളിൽ നമുക്കായി കരുതുന്നു. യഹോവയുടെ സ്നേഹം നമ്മൾ എത്രത്തോളം അനുഭവിച്ചറിയുന്നുവോ അത്രത്തോളം നമ്മൾ അവനെ സ്നേഹിക്കും. (യാക്കോ. 4:8) നമ്മളോട് യഹോവ സ്നേഹം പ്രകടമാക്കുന്ന നാലു വിധങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും. അടുത്ത ലേഖനത്തിൽ, നമുക്ക് യഹോവയോട് സ്നേഹം കാണിക്കാനാകുന്ന നാലു വിധങ്ങൾ പഠിക്കും.
യഹോവ സ്നേഹസമ്പന്നനും ഉദാരമായി കൊടുക്കുന്നവനും
5. ദൈവം എല്ലാവർക്കും എന്ത് നൽകുന്നു?
5 പൗലോസ് അപ്പൊസ്തലൻ ഗ്രീസിലെ ആതൻസ് നഗരത്തിലായിരുന്നപ്പോൾ ആളുകൾ ആരാധിച്ചിരുന്ന നിരവധി വിഗ്രഹങ്ങൾ അവന്റെ ശ്രദ്ധയിൽപ്പെട്ടു. ആ ദൈവങ്ങളാണ് തങ്ങൾക്ക് ജീവൻ നൽകിയതെന്ന് അവർ വിശ്വസിച്ചിരുന്നു. അതുകൊണ്ട് “ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവ”ത്തെക്കുറിച്ച് അവൻ അവരോട് പറഞ്ഞു. ദൈവം, ‘എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നവനാണെന്നും’ “അവൻ മുഖാന്തരമല്ലോ നാം ജീവിക്കുകയും ചരിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്” എന്നും അവൻ പറഞ്ഞു. (പ്രവൃ. 17:24, 25, 28) ജീവിക്കാനും ജീവിതം ആസ്വദിക്കാനും ആവശ്യമായതെല്ലാം യഹോവ നമുക്ക് നൽകുന്നു. നമ്മളോടുള്ള സ്നേഹത്താൽ അവൻ നമുക്ക് തന്നിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിക്കുക.
6. യഹോവ നമുക്ക് എങ്ങനെയുള്ള ഒരു ഭവനമാണ് നൽകിയിരിക്കുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 ഉദാഹരണത്തിന്, യഹോവ നമുക്കായി മനോഹരമായ ഒരു ഭവനം ഒരുക്കിയിരിക്കുന്നു. (സങ്കീ. 115:15, 16) അവൻ സൃഷ്ടിച്ച എല്ലാ ഗ്രഹങ്ങളിലുംവെച്ച് ഭൂമിപോലെ മറ്റൊന്നില്ല. ശാസ്ത്രജ്ഞന്മാർ ബഹിരാകാശത്ത് പര്യവേക്ഷണം നടത്തി അനേകം ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ നിലനിൽപ്പിന് ആവശ്യമായതെല്ലാം സഹിതമുള്ള മറ്റൊരു ഗ്രഹവും അവർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജീവിക്കാൻ ആവശ്യമായതെല്ലാം നൽകുക മാത്രമല്ല, നമുക്ക് ജീവിതം ആസ്വദിക്കാൻവേണ്ടി സുന്ദരവും സുഖകരവും സുരക്ഷിതവുമായ ഒരിടമാക്കി യഹോവ ഭൂമിയെ ഒരുക്കുകയും ചെയ്തിരിക്കുന്നു. (യെശ. 45:18) നമ്മുടെ പിതാവായ യഹോവ നൽകിയിരിക്കുന്ന ഈ ഭവനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ യഹോവ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ശരിക്കും അനുഭവിച്ചറിയാം.—ഇയ്യോബ് 38:4, 7; സങ്കീർത്തനം 8:3-5 വായിക്കുക.
7. യഹോവ നമ്മളെ സൃഷ്ടിച്ച വിധം അവൻ നമ്മളെ യഥാർഥത്തിൽ സ്നേഹിക്കുന്നുണ്ടെന്ന് തെളിയിക്കുന്നത് എങ്ങനെ?
7 യഹോവ നമ്മളോടുള്ള തന്റെ സ്നേഹം പ്രകടമാക്കിയിരിക്കുന്ന മറ്റൊരു വിധം, തന്നെ അനുകരിക്കാനുള്ള കഴിവ് സഹിതം നമ്മളെ സൃഷ്ടിച്ചു എന്നതാണ്. (ഉല്പ. 1:27) അതിന് അർഥം, അവന്റെ സ്നേഹം അനുഭവിച്ചറിയാനും അവനോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നമുക്ക് കഴിയും എന്നാണ്. നമ്മളെ യഥാർഥത്തിൽ സന്തുഷ്ടരാക്കുന്നത് ഇതാണെന്ന് അവന് അറിയാം. എത്രയായാലും, മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നതായി അനുഭവിച്ചറിയുമ്പോഴാണ് കുട്ടികൾ ഏറ്റവും സന്തോഷിക്കുന്നത്. നമ്മുടെ പിതാവായ യഹോവയോട് ചേർന്നു നിൽക്കുന്നെങ്കിൽ നമ്മൾ സന്തുഷ്ടരായിരിക്കുമെന്ന് യേശു പഠിപ്പിച്ചു എന്നും ഓർക്കുക. (മത്താ. 5:3) അവൻ “നമുക്ക് അനുഭവിക്കാനായി എല്ലാം” നൽകിയിരിക്കുന്നു. വ്യക്തമായും, യഹോവ നമ്മളെ ഏറെ സ്നേഹിക്കുന്നവനും, ഉദാരമായി നൽകുന്നവനും ആണ്.—1 തിമൊ. 6:17; സങ്കീ. 145:16.
യഹോവ നമ്മളെ സത്യം പഠിപ്പിക്കുന്നു
8. യഹോവ നമ്മളെ പഠിപ്പിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
8 പിതാക്കന്മാർ തങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നു, കുട്ടികൾ വഴിതെറ്റിക്കപ്പെടാനോ വഞ്ചിക്കപ്പെടാനോ അവർ ആഗ്രഹിക്കുന്നില്ല. പക്ഷേ, പല മാതാപിതാക്കളും ശരിയും തെറ്റും സംബന്ധിച്ച ബൈബിൾനിലവാരങ്ങൾ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മക്കളെ ശരിയായ വഴിയിൽ നയിക്കാൻ അവർക്ക് കഴിയുന്നില്ല, അസന്തുഷ്ടിയും ചിന്താക്കുഴപ്പവും ആണ് മിക്കപ്പോഴും അതിന്റെ ഫലം. (സദൃ. 14:12) യഹോവ തന്റെ മക്കൾക്ക് ഏറ്റവും നല്ല വഴി കാണിച്ചുകൊടുക്കുന്നു, കാരണം അവൻ ‘സത്യത്തിന്റെ ദൈവമാണ്.’ (സങ്കീ. 31:5, ന്യൂ ഇൻഡ്യ ഭാഷാന്തരം) തന്നെക്കുറിച്ചുള്ള സത്യം നമ്മളെ പഠിപ്പിക്കാൻ അവന് സന്തോഷമേയുള്ളൂ. തന്നെ ആരാധിക്കേണ്ട വിധവും അവൻ നമ്മളെ പഠിപ്പിക്കുന്നു. ഏറ്റവും നല്ല ജീവിതരീതി അവൻ നമുക്ക് കാണിച്ചുതരികയും ചെയ്യുന്നു. (സങ്കീർത്തനം 43:3 വായിക്കുക.) അങ്ങനെയെങ്കിൽ നമ്മളെ അത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് കാണിക്കുന്ന എന്താണ് യഹോവ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്?
ക്രിസ്തീയ പിതാക്കന്മാർ, മക്കളെ സത്യം പഠിപ്പിച്ചുകൊണ്ടും സ്വർഗീയ പിതാവുമായി അടുക്കാൻ സഹായിച്ചുകൊണ്ടും യഹോവയെ അനുകരിക്കുന്നു (8-10 ഖണ്ഡികകൾ കാണുക)
9, 10. (എ) യഹോവ തന്നെക്കുറിച്ചുതന്നെ നമ്മളോട് സംസാരിക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മളെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവൻ എന്താണ് നമ്മളെ പഠിപ്പിക്കുന്നത്?
9 ആദ്യമായി, യഹോവ തന്നെക്കുറിച്ചുതന്നെ നമ്മളോട് പറയുന്നു. നമ്മൾ അവനെ അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നു. (യാക്കോ. 4:8) അതുകൊണ്ട് തന്റെ പേര് എന്താണെന്ന് യഹോവ നമ്മോട് പറയുന്നു. വാസ്തവത്തിൽ, മറ്റ് ഏതു പേരിനെക്കാളും അധികം പ്രാവശ്യം ഈ പേര് ബൈബിൾ പരാമർശിക്കുന്നു. താൻ എങ്ങനെയുള്ള ഒരു വ്യക്തിയാണെന്നും യഹോവ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. അവന്റെ സൃഷ്ടികളെ നിരീക്ഷിച്ചാൽ അവന്റെ ശക്തിയെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും നമുക്ക് പഠിക്കാം. (റോമ. 1:20) ബൈബിൾ വായിക്കുമ്പോൾ, യഹോവ യാതൊരു പക്ഷപാതവുമില്ലാത്തവനാണെന്നും നമ്മളെ വളരെയധികം സ്നേഹിക്കുന്നവനാണെന്നും നമുക്ക് മനസ്സിലാക്കാം. യഹോവയുടെ ആകർഷകമായ വ്യക്തിത്വത്തെക്കുറിച്ച് അറിയവെ, നമുക്ക് അവനോട് ഏറെ അടുപ്പം തോന്നും.
10 തന്റെ ഉദ്ദേശ്യം എന്താണെന്നും യഹോവ നമ്മളെ പഠിപ്പിക്കുന്നു. നമ്മൾ അവന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് അവൻ പറയുന്നു. തന്റെ കുടുംബത്തിലെ എല്ലാവരുമായി ഐക്യത്തോടും സമാധാനത്തോടും കൂടെ പ്രവർത്തിക്കാൻ കഴിയേണ്ടതിന് നമ്മൾ എന്ത് ചെയ്യണമെന്നും അവൻ വിശദീകരിക്കുന്നു. നമുക്ക് നല്ലതേത് മോശമായതേത് എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശത്തോടുകൂടിയല്ല ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (യിരെ. 10:23) നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. അവന്റെ അധികാരത്തെ അംഗീകരിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. ഈ സുപ്രധാന സത്യം അവൻ നമ്മളെ പഠിപ്പിച്ചിരിക്കുന്നു. കാരണം, അവൻ നമ്മളെ സ്നേഹിക്കുന്നു.
11. സ്നേഹസമ്പന്നനായ നമ്മുടെ പിതാവ് ഭാവിയെക്കുറിച്ച് എന്താണ് നമ്മളോട് പറഞ്ഞിരിക്കുന്നത്?
11 സ്നേഹമുള്ള ഒരു പിതാവ് തന്റെ മക്കളുടെ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. അവർ ഒരു സംതൃപ്തജീവിതം നയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. എന്നാൽ ദുഃഖകരമായ ഒരു സംഗതി, ഇന്ന് മിക്ക ആളുകളും ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ളവരും നിലനിൽക്കുകയില്ലാത്ത വസ്തുക്കൾക്കുവേണ്ടി കഠിനാധ്വാനം ചെയ്ത് ജീവിതം പാഴാക്കുന്നവരും ആണ് എന്നതാണ്. (സങ്കീ. 90:10) എന്നാൽ, നമ്മുടെ സ്നേഹവാനായ പിതാവ്, യഹോവ, ഇപ്പോൾത്തന്നെ സംതൃപ്തിയുള്ള ഒരു ജീവിതം എങ്ങനെ നയിക്കാമെന്ന് പഠിപ്പിക്കുന്നു. മാത്രമല്ല, ഒരു അത്ഭുതകരമായ ഭാവിയും അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. നമുക്കായി യഹോവ ഇങ്ങനെയെല്ലാം ചെയ്തിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
യഹോവ മക്കളെ വഴിനടത്തുന്നു, ശിക്ഷണം നൽകുന്നു
12. യഹോവ കയീനെയും ബാരൂക്കിനെയും സഹായിക്കാൻ ശ്രമിച്ചത് എങ്ങനെ?
12 കയീൻ വളരെ മോശമായ ഒരു കാര്യം ചെയ്യാൻ സാധ്യതയുണ്ടെന്നു കണ്ടപ്പോൾ, അതിൽനിന്ന് അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് യഹോവ ഇങ്ങനെ ചോദിച്ചു: “നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ?” (ഉല്പ. 4:6, 7) കയീൻ യഹോവയുടെ സഹായം നിരസിച്ചു, അതിന്റെ ഫലം അവൻ അനുഭവിക്കുകയും ചെയ്തു. (ഉല്പ. 4:11-13) ഇനി, യിരെമ്യാവിന്റെ സെക്രട്ടറിയായിരുന്ന ബാരൂക്കിന്റെ കാര്യം നോക്കാം. ഒരവസരത്തിൽ അവന്റെ തെറ്റായ മനോഭാവം അവനെ നിരുത്സാഹിതനാക്കുന്നത് യഹോവ ശ്രദ്ധിച്ചു. അതുകൊണ്ട് യഹോവ ബാരൂക്കിനോട്, അവൻ ചിന്തിക്കുന്ന വിധം ശരിയല്ലെന്നും അതിന് മാറ്റം വരുത്തണമെന്നും പറഞ്ഞു. ബാരൂക്ക് യഹോവയുടെ വാക്കുകൾ ശ്രദ്ധിച്ചു, അത് അവന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു.—യിരെ. 45:2-5.
13. യഹോവയുടെ വിശ്വസ്തരായ ദാസന്മാർ പരിശോധനകളിൽനിന്ന് എന്ത് പഠിച്ചു?
13 യഹോവ നമ്മളെ വഴിനടത്തുകയും നമുക്ക് ശിക്ഷണം നൽകുകയും ചെയ്യുന്നു. അവൻ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ആവശ്യമുള്ളപ്പോൾ തിരുത്തൽ തരിക മാത്രമല്ല, അവൻ നമ്മളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. (എബ്രാ. 12:6) മെച്ചപ്പെട്ട വ്യക്തികളായിത്തീരാൻ യഹോവ പരിശീലനം നൽകിയ വിശ്വസ്തരായ ദൈവദാസന്മാരെക്കുറിച്ച് നമുക്ക് ബൈബിളിൽ വായിക്കാം. ഉദാഹരണത്തിന്, യോസേഫ്, മോശ, ദാവീദ് തുടങ്ങിയവർ അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ്. ആ സമയത്തെല്ലാം യഹോവ അവരോടൊപ്പമുണ്ടായിരുന്നു. ആ പരിശോധനാകാലങ്ങളിൽ അവർ ധാരാളം കാര്യങ്ങൾ പഠിച്ചു. പിന്നീട് യഹോവ നൽകിയ വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അത് അവരെ സഹായിച്ചു. യഹോവ തന്റെ ജനത്തെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് ബൈബിളിൽനിന്ന് വായിക്കുമ്പോൾ, യഹോവ യഥാർഥത്തിൽ നമ്മളെ സ്നേഹിക്കുന്നെന്ന് നമുക്ക് അറിയാനാകും.—സദൃശവാക്യങ്ങൾ 3:11, 12 വായിക്കുക.
14. നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തുപോയാലും യഹോവ നമ്മളോട് സ്നേഹം കാണിക്കുന്നത് എങ്ങനെയാണ്?
14 നമ്മൾ തെറ്റായി എന്തെങ്കിലും പ്രവർത്തിച്ചുപോയാലും യഹോവ തുടർന്നും സ്നേഹം കാണിക്കുന്നു. നമ്മൾ അവന്റെ ശിക്ഷണം സ്വീകരിക്കുകയും മാനസാന്തരപ്പെടുകയും ആണെങ്കിൽ അവൻ നമ്മളോട് ‘ധാരാളമായി’ ക്ഷമിക്കും. (യെശ. 55:7) എന്താണ് അതിന്റെ അർഥം? യഹോവ പാപം ക്ഷമിച്ചുതരുന്നത് സംബന്ധിച്ച ദാവീദിന്റെ പിൻവരുന്ന വാക്കുകൾ എത്ര കരുണയുള്ള ഒരു പിതാവാണ് നമുക്കുള്ളതെന്ന് കാണിച്ചുതരുന്നു: “അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.” (സങ്കീ. 103:3, 4, 12) യഹോവ വ്യത്യസ്ത വിധങ്ങളിൽ നമുക്ക് ശിക്ഷണം തരികയും നമ്മളെ വഴിനടത്തുകയും ചെയ്യുന്നു. ആവശ്യമായ മാറ്റങ്ങൾ ഉടനടി വരുത്താൻ നിങ്ങൾ തയ്യാറാണോ? യഹോവ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് നമുക്ക് ശിക്ഷണം നൽകുന്നതെന്ന് എപ്പോഴും ഓർക്കുക.—സങ്കീ. 30:5.
യഹോവ നമ്മളെ സംരക്ഷിക്കുന്നു
15. യഹോവ നമ്മളെ സ്നേഹിക്കുന്നെന്ന് കാണിക്കുന്ന മറ്റൊരു വിധം ഏതാണ്?
15 സ്നേഹമുള്ള ഒരു പിതാവ് കുടുംബത്തെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കും. അതുതന്നെയാണ് യഹോവ നമുക്കുവേണ്ടി ചെയ്യുന്നതും. സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു.” (സങ്കീ. 97:10) ഇതെക്കുറിച്ച് ചിന്തിക്കുക: നിങ്ങളുടെ കണ്ണ് സംരക്ഷിക്കാൻ നിങ്ങൾ എല്ലാ ശ്രമവും ചെയ്യും. കാരണം നിങ്ങൾക്ക് അത് അത്ര വിലപ്പെട്ടതാണ്! അതുപോലെയാണ് യഹോവയ്ക്ക് അവന്റെ ജനവും. അതെ, യഹോവയ്ക്ക് അവർ അത്രയേറെ വിലപ്പെട്ടവരാണ്!—സെഖര്യാവു 2:8 വായിക്കുക.
16, 17. മുൻകാലങ്ങളിലും ഇപ്പോഴും യഹോവ തന്റെ ജനത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ?
16 ഇന്നത്തെപ്പോലെ മുൻകാലങ്ങളിലും, തന്റെ ജനത്തെ സംരക്ഷിക്കുന്നതിന് യഹോവ പല മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ദൂതന്മാരെ ഉപയോഗിക്കുന്നത്. (സങ്കീ. 91:11) ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് 1,85,000 അസ്സീറിയൻ പടയാളികളെ കൊന്ന് ദൈവജനത്തെ രക്ഷിച്ചു. (2 രാജാ. 19:35) ഒന്നാം നൂറ്റാണ്ടിൽ, ദൂതന്മാർ പത്രോസിനെയും പൗലോസിനെയും മറ്റു പലരെയും തടവിൽനിന്ന് രക്ഷപ്പെടുത്തി. (പ്രവൃ. 5:18-20; 12:6-11) അടുത്തകാലത്ത്, ഒരു ആഫ്രിക്കൻ രാജ്യത്ത് ഭയങ്കരമായ യുദ്ധമുണ്ടായി. പോരാട്ടവും മോഷണവും ബലാത്സംഗവും കൊലപാതകവും എങ്ങും നടമാടി. രാജ്യം ആകെ താറുമാറായി! സഹോദരങ്ങൾക്കാർക്കും ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും മിക്കവർക്കും ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. പക്ഷേ, അവരെല്ലാവരും യഹോവയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. അവൻ അവർക്കായി കരുതുന്നുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. പലതും സഹിക്കേണ്ടിവന്നെങ്കിലും അവർ അപ്പോഴും സന്തുഷ്ടരായിരുന്നു. ലോകാസ്ഥാനത്തുനിന്നുള്ള ഒരു പ്രതിനിധി അവരെ സന്ദർശിക്കുകയും സഹോദരീസഹോദരന്മാരോട് കാര്യങ്ങളെല്ലാം എങ്ങനെയിരിക്കുന്നു എന്ന് ചോദിക്കുകയും ചെയ്തപ്പോൾ, “എല്ലാം നന്നായിരിക്കുന്നു, യഹോവയ്ക്കു നന്ദി!” എന്ന് അവർ പറഞ്ഞു.
17 സ്തെഫാനൊസിനെപ്പോലെയുള്ള ചില ദൈവദാസന്മാർ തങ്ങളുടെ വിശ്വസ്തത നിമിത്തം കൊല്ലപ്പെട്ടു എന്നത് ശരിയാണ്. ഇങ്ങനെയുള്ള കാര്യങ്ങളെ യഹോവ എപ്പോഴും തടയുന്നില്ല. പക്ഷേ, ഒരു കൂട്ടമെന്ന നിലയിൽ ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു. സാത്താൻ അവരെ കെണിയിലാക്കാൻ ഉപയോഗിക്കുന്ന വ്യത്യസ്ത മാർഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അവൻ അങ്ങനെ ചെയ്യുന്നത്. (എഫെ. 6:10-12) ഈ മുന്നറിയിപ്പുകൾ നമുക്ക് ബൈബിളിലും യഹോവയുടെ സംഘടനയിൽനിന്നുള്ള പ്രസിദ്ധീകരണങ്ങളിലും കാണാവുന്നതാണ്. ഉദാഹരണത്തിന്, ഇന്റർനെറ്റിന്റെ ഉപയോഗം, പണസ്നേഹം, അധാർമികതയും അക്രമവും നിറഞ്ഞ ചലച്ചിത്രങ്ങൾ, പുസ്തകങ്ങൾ, ഗെയിമുകൾ തുടങ്ങിയവയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അവ കാണിച്ചുതരുന്നു. വ്യക്തമായും, സ്നേഹമുള്ള ഒരു പിതാവെന്ന നിലയിൽ, യഹോവ നമ്മളെ സ്നേഹിക്കുന്നു, സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു.
ഒരു മഹത്തായ പദവി
18. യഹോവയ്ക്ക് നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു?
18 യഹോവയെ സേവിച്ചിരുന്ന കാലത്തെക്കുറിച്ച് ഓർത്തപ്പോൾ, ആ നാളുകളിലുടനീളം യഹോവ തന്നെ സ്നേഹിച്ചിരുന്നെന്ന് മോശയ്ക്ക് ബോധ്യമായി. മോശ ഇങ്ങനെ പറഞ്ഞു: “കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.” (സങ്കീ. 90:14) യഹോവയ്ക്ക് നമ്മളോടുള്ള സ്നേഹം തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നതിൽ നമ്മൾ അനുഗൃഹീതരാണ്. യഹോവയാൽ സ്നേഹിക്കപ്പെടുന്നത് എത്ര മഹത്തായ ഒരു പദവിയാണ്! യോഹന്നാൻ അപ്പൊസ്തലനെപ്പോലെ, “പിതാവിനു നമ്മോടുള്ള സ്നേഹം എത്ര വലിയതെന്നു കാണുവിൻ” എന്ന് നമുക്കും പറയാം.—1 യോഹ. 3:1.