ജീവിതകഥ
യഹോവയുടെ അനുഗ്രഹം എന്റെ ജീവിതം ധന്യമാക്കി
കനഡയിലെ സസ്കാച്ചിവാനിലുള്ള വാക്കോ എന്ന കൊച്ചു പട്ടണത്തിൽ 1927-ലാണ് ഞാൻ ജനിച്ചത്. ഞങ്ങൾ ഏഴു മക്കളായിരുന്നു, നാല് ആണും മൂന്നു പെണ്ണും. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ ആളുകളുമായി ഇടപഴകാൻ ഞാൻ പഠിച്ചു.
1930-കളിലുണ്ടായ, ‘മഹാമാന്ദ്യം’ എന്ന് അറിയപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ബുദ്ധിമുട്ടുകൾ ഞങ്ങളുടെ കുടുംബത്തെയും ബാധിച്ചു. ഞങ്ങൾ പണക്കാരായിരുന്നില്ല, പക്ഷേ, ആഹാരത്തിന് കുറവ് ഒന്നുമില്ലായിരുന്നു. ഞങ്ങൾക്ക് ഒരു പശുവും കുറച്ച് കോഴികളും ഉണ്ടായിരുന്നതുകൊണ്ട്, മുട്ട, പാൽ, പാൽക്കട്ടി, നെയ്യ്, വെണ്ണ തുടങ്ങിയവ ഒക്കെ ഇഷ്ടംപോലെയുണ്ടായിരുന്നു. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതുപോലെ പിടിപ്പത് പണിയുണ്ടായിരുന്ന കർഷകകുടുംബമായിരുന്നു ഞങ്ങളുടേത്.
ശരത്കാലത്ത്, ഡാഡി ഞങ്ങളുടെ കൃഷിസ്ഥലത്തെ വിളവുകൾ പട്ടണത്തിൽ വിൽക്കാൻ കൊണ്ടുപോകും. തിരികെ വരുമ്പോൾ ഒരു പെട്ടി നിറയെ ഫ്രഷ് ആപ്പിൾ കൊണ്ടുവരുമായിരുന്നു. മുറിയിൽ നിറഞ്ഞുനിൽക്കുന്ന ആപ്പിളിന്റെ ഹൃദ്യമായ സുഗന്ധം ഞാൻ ഇപ്പോഴും ഓർക്കുന്നു. എല്ലാ ദിവസവും നല്ല പഴുത്തുതുടുത്ത ഒരു ആപ്പിൾ ഞങ്ങൾക്ക് കിട്ടും. എന്തു രസമായിരുന്നെന്നോ! അങ്ങനെ പോകുന്നു അക്കാലത്തെക്കുറിച്ചുള്ള എന്റെ മധുരസ്മരണകൾ.
ഞങ്ങളുടെ കുടുംബം സത്യം പഠിക്കുന്നു
എനിക്ക് ആറു വയസ്സുള്ളപ്പോഴാണ് എന്റെ മാതാപിതാക്കൾ ബൈബിൾസത്യം കേട്ടത്. അവരുടെ മൂത്ത മകൻ ജോണി, ജനിച്ച് അധികംവൈകാതെ മരിച്ചു. ദുഃഖാർത്തരായ അവർ അവിടത്തെ പുരോഹിതനോട് “ഞങ്ങളുടെ ജോണി ഇപ്പോൾ എവിടെയാ” എന്ന് ചോദിച്ചു. ജോണിയെ മാമ്മോദീസാ മുക്കാത്തതുകൊണ്ട് അവൻ സ്വർഗത്തിൽ പോയിട്ടില്ലെന്നും പണം കൊടുക്കുകയാണെങ്കിൽ പ്രാർഥിച്ച് അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്തു തോന്നുമായിരുന്നു? ആകെ തകർന്നുപോയ അവർ പിന്നീട് ഒരിക്കലും ആ പുരോഹിതനോട് സംസാരിച്ചിട്ടില്ല. എന്നാലും, ജോണിക്ക് എന്ത് സംഭവിച്ചെന്ന് അവർ ചിന്തിച്ചുകൊണ്ടേയിരുന്നു.
ഒരു ദിവസം മമ്മിക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, മരിച്ചവർ എവിടെ? (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം കിട്ടി. മമ്മി അത് ആർത്തിയോടെ വായിച്ചു. ഡാഡി വീട്ടിലെത്തിയപ്പോൾ മമ്മി ആവേശത്തോടെ പറഞ്ഞു: “ജോണി എവിടെയാണെന്ന് എനിക്ക് അറിയാം! അവൻ ഉറക്കത്തിലാ, പക്ഷെ ഒരു ദിവസം അവൻ എഴുന്നേറ്റ് വരും.” അന്നുതന്നെ ഡാഡി ആ പുസ്തകം മുഴുവൻ വായിച്ചുതീർത്തു. മരിച്ചവർ നിദ്രയിലാണെന്നും ഭാവിയിൽ അവർ പുനരുത്ഥാനം പ്രാപിക്കുമെന്നും ബൈബിൾ പറയുന്ന കാര്യം മനസ്സിലാക്കിയത് അവരെ ആശ്വസിപ്പിച്ചു.—സഭാ. 9:5, 10; പ്രവൃ. 24:15.
അവർ കണ്ടെത്തിയ കാര്യങ്ങൾ ഞങ്ങളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ജീവിതം ആകെ മാറി. അവർ സാക്ഷികളോടൊത്ത് ബൈബിൾപഠനം ആരംഭിച്ചു. വോക്കോവിലെ ഒരു കൊച്ചു സഭയിൽ യോഗങ്ങൾക്ക് പോകാനും തുടങ്ങി. കൂടുതലും ഉക്രേനിയൻ പശ്ചാത്തലത്തിലുള്ള ആളുകളായിരുന്നു അവിടെ. തുടർന്ന് മമ്മിയും ഡാഡിയും പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങി.
അധികം വൈകാതെ ഞങ്ങൾ ബ്രിട്ടീഷ് കൊളംബിയയിലേക്ക് താമസം മാറി. ഒരു സഭ ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു. ഞായറാഴ്ചകളിലെ യോഗങ്ങൾക്ക് കുടുംബം ഒന്നിച്ച് വീക്ഷാഗോപുരം തയ്യാറാകുന്നത് ഇന്നും ഞാൻ സന്തോഷത്തോടെ ഓർക്കുന്നു. അങ്ങനെ, യഹോവയോടും ബൈബിൾസത്യത്തോടും ഉള്ള ആഴമായ സ്നേഹം ഞങ്ങൾ വളർത്തിയെടുത്തു. യഹോവ ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരുന്നതും ഞങ്ങളുടെ ജീവിതം ധന്യമായിത്തീരുന്നതും എനിക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു.
കുട്ടികളായ ഞങ്ങൾക്ക് നമ്മുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് എളുപ്പമായിരുന്നില്ല എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഞാനും ഇളയ സഹോദരി ഈവയും മിക്കപ്പോഴും പ്രതിമാസ വയൽസേവന അവതരണം തയ്യാറാകുകയും അത് സേവനയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. അത് ഞങ്ങൾക്ക് വലിയ സഹായമായി. ബൈബിളിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാൻ, നാണംകുണുങ്ങികളായിരുന്ന ഞങ്ങളെ ഈ രീതി എത്ര സഹായിച്ചെന്നോ! ഇത്തരത്തിൽ പ്രസംഗിക്കാൻ പരിശീലനം ലഭിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
ചെറുപ്പത്തിൽ, മുഴുസമയ സേവകർ ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഉദാഹരണത്തിന്, സർക്കിട്ട് മേൽവിചാരകനായ ജാക്ക് നേഥൻ സഹോദരന്റെ സഭാസന്ദർശനവും ഞങ്ങളുടെ വീട്ടിലെ താമസവും ഒക്കെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു.a അദ്ദേഹം പറഞ്ഞ എണ്ണമറ്റ കഥകളും ഞങ്ങളെ ആത്മാർഥമായി അഭിനന്ദിച്ചതും യഹോവയെ വിശ്വസ്തമായി സേവിക്കാനുള്ള ആഗ്രഹം ഞങ്ങളിൽ ജനിപ്പിച്ചു.
“വളർന്നുവരുമ്പോൾ എനിക്ക് നേഥൻ സഹോദരനെപ്പോലെയാകണം” എന്ന് ഞാൻ ചിന്തിച്ചിരുന്നു. മുഴുസമയ സേവനം ഒരു ജീവിതചര്യയാക്കാൻ അദ്ദേഹത്തിന്റെ മാതൃക എന്നെ ഒരുക്കുകയായിരുന്നെന്ന് ഞാൻ അപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല. 15 വയസ്സായപ്പോഴേക്കും ഞാൻ യഹോവയെ സേവിക്കാൻ തീരുമാനിച്ചു. 1942-ൽ ഈവയും ഞാനും സ്നാനമേറ്റു.
വിശ്വാസത്തിന്റെ പരിശോധനകൾ
ദേശഭക്തിവികാരങ്ങൾ തിളച്ചുമറിഞ്ഞിരുന്ന രണ്ടാം ലോകയുദ്ധകാലം. സ്വതവെ അസഹിഷ്ണുവായിരുന്ന സ്കൂൾ അധ്യാപിക, മിസ്സ് സ്കോട്ട് എന്റെ രണ്ടു സഹോദരിമാരെയും ഒരു സഹോദരനെയും സ്കൂളിൽനിന്ന് പുറത്താക്കി. അവർ പതാകയെ വന്ദിക്കാൻ വിസമ്മതിച്ചതായിരുന്നു കാരണം. എന്നിട്ട് ആ അധ്യാപിക എന്റെ സ്കൂൾ അധ്യാപികയെ വിളിച്ച് എന്നെയും സ്കൂളിൽനിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, എന്റെ അധ്യാപിക പറഞ്ഞത് ഇതാണ്: “സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് ദേശഭക്തിപരമായ ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കാനുള്ള അവകാശം നമുക്കുണ്ട്.” മിസ്സ് സ്കോട്ട് ശക്തമായ സമ്മർദം ചെലുത്തിയിട്ടും എന്റെ അധ്യാപിക തറപ്പിച്ചുപറഞ്ഞു: “എന്റെ തീരുമാനം ഇതാണ്.”
എന്നാൽ മിസ്സ് സ്കോട്ട് വിട്ടുകൊടുത്തില്ല. അവർ പറഞ്ഞു: “അത് തീരുമാനിക്കേണ്ടത് നിങ്ങളല്ല, മെലിറ്റയെ പുറത്താക്കിയില്ലെങ്കിൽ ഇത് ഞാൻ റിപ്പോർട്ട് ചെയ്യും.” എന്നെ പുറത്താക്കുന്നത് തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും തന്റെ ജോലി പോകാതിരിക്കാൻ വേറെ വഴിയൊന്നുമില്ലെന്ന് എന്റെ അധ്യാപിക മാതാപിതാക്കളോട് പറഞ്ഞു. എങ്കിലും, വീട്ടിലിരുന്ന് പഠിക്കാനായി പാഠപുസ്തകങ്ങളും മറ്റും ഞങ്ങൾ സംഘടിപ്പിച്ചു. വൈകാതെതന്നെ 32 കി.മീ. അകലെയുള്ള ഒരു സ്ഥലത്തേക്ക് ഞങ്ങൾ മാറി; അവിടെ ഒരു സ്കൂളിൽ ചേർന്നു.
യുദ്ധകാലത്ത് നമ്മുടെ പ്രസിദ്ധീകരണങ്ങൾ നിരോധിച്ചെങ്കിലും ഞങ്ങൾ ബൈബിളുമായി വീടുതോറും പോകുമായിരുന്നു. അങ്ങനെ, ബൈബിളിൽനിന്ന് നേരിട്ട് രാജ്യസുവാർത്ത അറിയിക്കാൻ ഞങ്ങൾ നന്നായി പഠിച്ചു. അതുവഴി, ആത്മീയമായി വളരാനും യഹോവയുടെ പിന്തുണ അനുഭവിച്ചറിയാനും ഞങ്ങൾക്ക് കഴിഞ്ഞു.
മുഴുസമയസേവനത്തിലേക്കുള്ള കാൽവെപ്പ്
കേശാലങ്കാരകലയിൽ എനിക്ക് പ്രത്യേക വാസനയുണ്ടായിരുന്നു, ചില സമ്മാനങ്ങളും കിട്ടി
ഈവയും ഞാനും സ്കൂൾപഠനം പൂർത്തിയാക്കിയ ഉടൻതന്നെ മുൻനിരസേവനം ആരംഭിച്ചു. വരുമാനത്തിനായി, ആദ്യം ഒരു ഡിപ്പാർട്ടുമെന്റ് സ്റ്റോറിൽ ഞാൻ ജോലിചെയ്തു. പിന്നീട്, ആറു മാസത്തെ ഒരു കേശാലങ്കാര കോഴ്സും ഞാൻ ചെയ്തു. എനിക്ക് വീട്ടിൽവെച്ചും ചെയ്യാൻ ഇഷ്ടമുള്ള ഒരു ജോലിയായിരുന്നു കേശാലങ്കാരം. ആഴ്ചയിൽ രണ്ടു ദിവസം ഞാൻ ഒരു ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുകയും മാസത്തിൽ രണ്ടു പ്രാവശ്യം ആ തൊഴിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ എനിക്ക് മുഴുസമയ സേവനം തുടർന്നുകൊണ്ടുപോകാൻ സാധിച്ചു.
1955-ൽ, ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിലും ജർമനിയിലെ ന്യൂറംബർഗിലും നടക്കാനിരുന്ന “ജൈത്ര രാജ്യ” സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിച്ചു. ന്യൂയോർക്കിലേക്ക് തിരിക്കുന്നതിനു മുമ്പ് ലോകാസ്ഥാനത്തുനിന്നുള്ള നേഥൻ നോർ സഹോദരനെ ഞാൻ കണ്ടുമുട്ടി. കനഡയിലെ വാൻകൂറിലെ ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹവും ഭാര്യയും. ആ സമയത്ത്, നോർ സഹോദരിയുടെ മുടി വെട്ടാൻ എന്നോട് ആവശ്യപ്പെട്ടു. ഇത് നന്നേ ഇഷ്ടപ്പെട്ട നോർ സഹോദരൻ എന്നെ കാണണമെന്ന് പറഞ്ഞു. സംസാരത്തിനിടെ, ജർമനിയിലേക്ക് പോകുന്നതിനു മുമ്പ് കുറച്ചു ദിവസം ന്യൂയോർക്കിൽ തങ്ങാൻ ഉദ്ദേശിക്കുന്ന വിവരം ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നെ ബ്രൂക്ലിൻ ബെഥേലിൽ ഒൻപത് ദിവസം സേവിക്കാനായി ക്ഷണിച്ചു.
ആ യാത്ര എന്റെ ജീവിതം മാറ്റിമറിച്ചു. ന്യൂയോർക്കിൽവെച്ച് തിയോഡർ (റ്റെഡ്) ജാരറ്റ്സ് എന്ന യുവ സഹോദരനെ ഞാൻ കാണാനിടയായി. കണ്ടുമുട്ടി അൽപ്പം കഴിഞ്ഞപ്പോൾ എന്നെ അതിശയിപ്പിച്ചുകൊണ്ട് “നിങ്ങൾ ഒരു മുൻനിരസേവികയാണോ” എന്ന് അദ്ദേഹം ചോദിച്ചു. “അല്ല,” ഞാൻ പറഞ്ഞു. ഇത് കേട്ട് എന്റെ കൂട്ടുകാരി, ലാവോൺ, ഇടയിൽക്കയറി “അതെ” എന്ന് പറഞ്ഞു. കാര്യം മനസ്സിലാകാതെ റ്റെഡ്, ലാവോണിനോട് “ഇതിൽ ആര് പറഞ്ഞതാണ് ശരി, നീയോ അവളോ” എന്ന് ചോദിച്ചു. മുമ്പ് മുൻനിരസേവനത്തിൽ ആയിരുന്നെന്നും കൺവെൻഷനുകൾ കഴിഞ്ഞ് തിരിച്ച് ചെന്നാൽ ഉടനെ വീണ്ടും തുടങ്ങുമെന്നും ഞാൻ പറഞ്ഞു.
ഒരു ആത്മീയപുരുഷൻ എന്റെ ജീവിതത്തിലേക്ക്
ഐക്യനാടുകളിലെ കെന്റക്കിയിൽ 1925-ൽ ജനിച്ച റ്റെഡ് 15-ാം വയസ്സിൽ സ്നാനമേറ്റു. കുടുംബാംഗങ്ങളാരും സത്യം സ്വീകരിച്ചില്ലെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു സാധാരണ മുൻനിരസേവകനായി. ഏതാണ്ട് 67 വർഷം നീണ്ട മുഴുസമയസേവനത്തിന് അങ്ങനെ തുടക്കമായി.
1946 ജൂലൈ മാസത്തിൽ, തന്റെ 20-ാം വയസ്സിൽ, റ്റെഡ്, വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ഏഴാമത്തെ ക്ലാസ്സിൽനിന്ന് ബിരുദം നേടി. അതിനു ശേഷം അദ്ദേഹം ഒഹായോയിലെ ക്ലീവ്ലൻഡിൽ ഒരു സഞ്ചാര മേൽവിചാരകനായി സേവിച്ചു. ഏതാണ്ട് നാലു വർഷത്തിനു ശേഷം അദ്ദേഹത്തിന് ഓസ്ട്രേലിയയിൽ ബ്രാഞ്ച് സേവകനായി നിയമനം ലഭിച്ചു.
ന്യൂറംബർഗിലെ കൺവെൻഷനിൽ റ്റെഡും പങ്കെടുത്തു. അവിടെവെച്ച് ഞങ്ങൾ കുറച്ചുസമയം ഒരുമിച്ച് ചെലവഴിച്ചു. ഒരു പ്രണയം മൊട്ടിട്ടു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെല്ലാം മുഴു ദേഹിയോടെ യഹോവയെ സേവിക്കുന്നതിൽ കേന്ദ്രീകരിച്ചിരുന്നു എന്ന് അറിഞ്ഞത് എന്നെ വളരെ സന്തോഷിപ്പിച്ചു. അദ്ദേഹം നല്ല അർപ്പണബോധമുള്ള ഒരു വ്യക്തിയായിരുന്നു. അതുപോലെ, ആത്മീയ കാര്യങ്ങളിൽ തീക്ഷ്ണതയുള്ളവനും ദയയുള്ളവനും സൗഹൃദമനസ്കനും ആയിരുന്നു. സ്വന്തം താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് പരിഗണന കൊടുക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്കു തോന്നി. കൺവെൻഷനു ശേഷം റ്റെഡ് ഓസ്ട്രേലിയയിലേക്കും ഞാൻ വാൻകൂറിലേക്കും മടങ്ങി. പക്ഷേ ഞങ്ങൾ കത്തിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഓസ്ട്രേലിയയിൽ അഞ്ചു വർഷം ചെലവഴിച്ചശേഷം റ്റെഡ് ഐക്യനാടുകളിലേക്ക് മടങ്ങുകയും പിന്നെ മുൻനിരസേവനം ചെയ്യാനായി വാൻകൂറിൽ എത്തുകയും ചെയ്തു. എന്റെ കുടുംബത്തിന് അദ്ദേഹത്തെ വളരെ ഇഷ്ടമായി എന്ന് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. മൂത്ത സഹോദരൻ മൈക്കിൾ, എന്നെക്കുറിച്ച് വളരെ ചിന്തയുള്ളവനായിരുന്നു. അതുകൊണ്ട്, ഏതെങ്കിലും ഒരു യുവ സഹോദരൻ എന്നോട് ഇഷ്ടം കാണിക്കുന്നെങ്കിൽ അദ്ദേഹത്തിന് ഉത്കണ്ഠ തോന്നുമായിരുന്നു. പക്ഷേ വൈകാതെതന്നെ മൈക്കിൾ, റ്റെഡിനെ ഇഷ്ടപ്പെട്ടുതുടങ്ങി. മൈക്കിൾ പറഞ്ഞു: “മെലിറ്റാ, ഒരു നല്ല ചെറുപ്പക്കാരനെയാണ് നിനക്ക് കിട്ടിയിരിക്കുന്നത്. അവനോട് കുറെക്കൂടി നന്നായി പെരുമാറണം. അവനെ കൈവിട്ടുപോകാതെ നോക്കിക്കോ.”
1956-ൽ വിവാഹിതരായ ശേഷം ഞങ്ങൾ മുഴുസമയസേവനത്തിൽ വർഷങ്ങളോളം ചെലവഴിച്ചു
ഈ സമയംകൊണ്ട് റ്റെഡിനെ ഞാനും ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. 1956 ഡിസംബർ 10-ന് ഞങ്ങൾ വിവാഹിതരായി. ഞങ്ങൾ ഒരുമിച്ച് ആദ്യം വാൻകൂറിലും പിന്നെ കാലിഫോർണിയയിലും മുൻനിരസേവനം ചെയ്തു. പിന്നീട് മിസൂറിയിലും ആർക്കൻസായിലും സർക്കിട്ട് വേല ചെയ്യാനായി ഞങ്ങളെ നിയമിച്ചു. ഐക്യനാടുകളുടെ ഒരു ഏറിയപങ്കും ഞങ്ങൾ സർക്കിട്ട് വേല ചെയ്തു. ഏതാണ്ട് 18 വർഷക്കാലം, ഓരോ ആഴ്ചയിലും ഓരോ വീടായിരുന്നു ‘ഞങ്ങളുടെ ഭവനം.’ ശുശ്രൂഷയിൽ ഞങ്ങൾക്ക് രസകരമായ പല അനുഭവങ്ങളുമുണ്ടായി. സഹോദരീസഹോദരന്മാരുമായി ഒന്നിച്ചായിരിക്കുന്നതിന്റെ സന്തോഷം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഒരു സ്യൂട്ട്കേസിൽ ഒതുങ്ങി ജീവിക്കുന്നതിന്റെ എല്ലാ അസൗകര്യങ്ങളെയും മറികടക്കുന്നതായിരുന്നു ആ സന്തോഷം!
റ്റെഡിൽ എനിക്ക് പ്രത്യേകിച്ച് മതിപ്പ് തോന്നിയ ഒരു കാര്യം, യഹോവയുമായുള്ള ബന്ധം ഒരിക്കലും അദ്ദേഹം വില കുറച്ച് കണ്ടില്ല എന്നതാണ്. അഖിലാണ്ഡത്തിന്റെ പരമാധികാരിക്കുള്ള വിശുദ്ധസേവനത്തെ അദ്ദേഹം തന്റെ ഹൃദയത്തോട് ചേർത്തുവെച്ചു. ഒരുമിച്ചിരുന്ന് ബൈബിൾ വായിക്കുന്നതും പഠിക്കുന്നതും ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് കിടക്കയ്ക്കരികിൽ മുട്ടുകുത്തി നിന്ന് ഞങ്ങൾ പ്രാർഥിക്കുമായിരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ ഒറ്റയ്ക്കും പ്രാർഥിക്കും. ചിലപ്പോഴൊക്കെ അദ്ദേഹം കിടക്കയിൽനിന്ന് ഇറങ്ങി മുട്ടുകുത്തിനിന്ന് ദീർഘനേരം മൗനമായി പ്രാർഥിച്ചിരുന്നു. അത് കാണുമ്പോൾ, ഏതെങ്കിലും ഗൗരവമുള്ള പ്രശ്നം റ്റെഡിന്റെ മനസ്സിനെ ഭാരപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകും. ചെറുതും വലുതും ആയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം യഹോവയോട് പ്രാർഥിക്കാൻ ആഗ്രഹിച്ചിരുന്നത് ഞാൻ അങ്ങേയറ്റം വിലമതിച്ചു.
ഞങ്ങൾ വിവാഹിതരായി ഏതാനും വർഷം കഴിഞ്ഞപ്പോൾ, അദ്ദേഹം സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റാൻ പോകുകയാണെന്ന് എന്നോട് പറഞ്ഞു. “ഇക്കാര്യത്തെക്കുറിച്ച് ഞാൻ യഹോവയോട് തീവ്രമായി പ്രാർഥിച്ചു. ഞാൻ എന്ത് ചെയ്യാനാണോ യഹോവ ആഗ്രഹിക്കുന്നത് അതുതന്നെ ചെയ്യുന്നു എന്ന് പൂർണമായി ഉറപ്പുവരുത്താൻ ആയിരുന്നു ഇത്”എന്നും എന്നോട് പറഞ്ഞു. ഭാവിയിൽ സ്വർഗത്തിൽ സേവിക്കാനായി ദൈവാത്മാവ് അദ്ദേഹത്തെ അഭിഷേകം ചെയ്തതായി അറിഞ്ഞപ്പോൾ എനിക്ക് അത്ര അതിശയമൊന്നും തോന്നിയില്ല. ക്രിസ്തുവിന്റെ സഹോദരന്മാരിൽ ഒരാളെ പിന്തുണയ്ക്കാനുള്ള പദവിയായി ഞാൻ അതിനെ വീക്ഷിച്ചു.—മത്താ. 25:35-40.
വിശുദ്ധസേവനത്തിന്റെ ഒരു പുതിയ പാത
1974-ൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായി സേവിക്കാനുള്ള ക്ഷണം റ്റെഡിന് ലഭിച്ചു. അത് ഞങ്ങൾക്ക് ഒരു അതിശയമായിരുന്നു. വൈകാതെതന്നെ ബ്രൂക്ലിൻ ബെഥേലിൽ സേവിക്കാൻ ഞങ്ങളെ വിളിച്ചു. മുറികൾ വൃത്തിയാക്കുന്നതും മുടി വെട്ടുന്നതും ആയിരുന്നു എന്റെ നിയമനം.
ഉത്തരവാദിത്വങ്ങളുടെ ഭാഗമായി റ്റെഡിന് പല ബ്രാഞ്ചോഫീസുകൾ സന്ദർശിക്കാനുള്ള നിയമനം കിട്ടി. അദ്ദേഹം പ്രത്യേകതാത്പര്യമെടുത്തിരുന്നത് സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് സ്വാധീനമുള്ള രാജ്യങ്ങളിലെയും പ്രസംഗവേലയിൽ ആയിരുന്നു. ഒരിക്കൽ ഞങ്ങൾ സ്വീഡനിൽ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ആ അവധി ഞങ്ങൾക്ക് വളരെ ആവശ്യമായിരുന്നു. അവിടെവെച്ച് അദ്ദേഹം എന്നോട് പറഞ്ഞു: “മെലിറ്റാ, പോളണ്ടിൽ പ്രസംഗവേല നിരോധിച്ചിരിക്കുകയാണ്. അവിടെയുള്ള സഹോദരങ്ങളെ സഹായിച്ചാൽ കൊള്ളാമെന്ന് എനിക്കുണ്ട്.” അതുകൊണ്ട് വിസ സംഘടിപ്പിച്ച് ഞങ്ങൾ പോളണ്ടിലേക്ക് പോയി. അവിടെ നമ്മുടെ പ്രവർത്തനങ്ങൾ നോക്കിനടത്തിയിരുന്ന ചില സഹോദരന്മാരെ കണ്ടെത്തി. മറ്റാരും അവരുടെ സംഭാഷണം ഒളിഞ്ഞിരുന്ന് കേൾക്കാതിരിക്കാൻ അദ്ദേഹം അവരെയും കൂട്ടി ഏറെ ദൂരം നടന്നുകൊണ്ട് സംസാരിച്ചു. ഇങ്ങനെ ആ സഹോദരങ്ങളുമായി നാലു ദിവസം ഗൗരവമായ ചർച്ചകൾ നടത്തി. തന്റെ ആത്മീയകുടുംബത്തെ സഹായിക്കാനായതിലുള്ള റ്റെഡിന്റെ സംതൃപ്തി കണ്ട എനിക്കും വലിയ സന്തോഷം തോന്നി.
പിന്നെ ഞങ്ങൾ പോളണ്ട് സന്ദർശിച്ചത് 1977 നവംബറിൽ ആയിരുന്നു. എഫ്. ഡബ്ള്യു. ഫ്രാൻസ്, ഡാനിയേൽ സിഡ്ലിക്, റ്റെഡ് എന്നിവർ ചേർന്ന് നടത്തിയ, ഭരണസംഘത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു അത്. അപ്പോഴും നമ്മുടെ പ്രവർത്തനത്തിന് അവിടെ നിരോധനമായിരുന്നു. എങ്കിലും അവർക്ക് വ്യത്യസ്ത നഗരങ്ങളിലെ മേൽവിചാരകന്മാരോടും മുൻനിരസേവകരോടും ദീർഘകാലമായി സത്യത്തിലുള്ളവരോടും സംസാരിക്കാൻ കഴിഞ്ഞു.
നമ്മുടെ പ്രവർത്തനത്തിന് നിയമാംഗീകാരം ലഭിച്ചശേഷം മോസ്കോയിലെ നീതിന്യായ മന്ത്രാലയത്തിൽ മറ്റ് സഹോദരങ്ങളോടൊപ്പം റ്റെഡ്
പിറ്റേ വർഷം, മിൽട്ടൻ ഹെൻഷലും റ്റെഡും പോളണ്ട് സന്ദർശിച്ചു. നമ്മളോടും നമ്മുടെ പ്രവർത്തനങ്ങളോടും കൂടുതൽ മൃദുസമീപനം പുലർത്തിയിരുന്ന അധികാരികളുമായി അവർ കൂടിക്കാഴ്ച നടത്തി. 1982-ൽ പോളിഷ് ഗവണ്മെന്റ് ഏകദിന സമ്മേളനങ്ങൾ നടത്താൻ നമ്മുടെ സഹോദരന്മാർക്ക് അനുവാദം കൊടുത്തു. അടുത്ത വർഷം വലിയ കൺവെൻഷനുകൾ നടത്തി. മിക്കതും വാടക ഹാളുകളിലായിരുന്നു. നിരോധനത്തിനിടയിലും, 1985-ൽ ഞങ്ങൾക്ക് വലിയ സ്റ്റേഡിയങ്ങളിൽ നാലു കൺവെൻഷനുകൾ നടത്താൻ അനുവാദം കിട്ടി. 1989 മെയ് മാസം കുറെക്കൂടി വലിയ കൺവെൻഷനുകൾ നടത്താൻ വട്ടംകൂട്ടിക്കൊണ്ടിരിക്കെ, പോളിഷ് ഗവണ്മെന്റ് യഹോവയുടെ സാക്ഷികൾക്ക് നിയമാംഗീകാരം നൽകി. റ്റെഡിനെ ഇതിലേറെ സന്തോഷിപ്പിച്ച മറ്റൊരു സംഭവവുമില്ല!
പോളണ്ടിലെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷൻ
അനാരോഗ്യത്തിനു മധ്യേയും. . .
2007-ൽ സൗത്ത് ആഫ്രിക്കയിൽ ഒരു ബ്രാഞ്ച് സമർപ്പണത്തിന് ഞങ്ങൾ പോകുകയായിരുന്നു. ഇംഗ്ലണ്ടിൽവെച്ച് റ്റെഡിന് രക്തസമ്മർദത്തോട് ബന്ധപ്പെട്ട പ്രശ്നമുണ്ടായി. യാത്ര മാറ്റിവെക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. സുഖം പ്രാപിച്ചപ്പോൾ ഞങ്ങൾ ഐക്യനാടുകളിലേക്ക് മടങ്ങി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഗുരുതരമായ മസ്തിഷ്കാഘാതമുണ്ടായി ശരീരത്തിന്റെ വലത്തു വശം തളർന്നുപോയി.
റ്റെഡ് വളരെ സാവകാശമാണ് സുഖം പ്രാപിച്ചുകൊണ്ടിരുന്നത്. ആദ്യമൊന്നും ഓഫീസിൽ പോകാൻ കഴിഞ്ഞിരുന്നില്ല. സന്തോഷകരമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ സംസാരത്തിന് കുഴപ്പമൊന്നും സംഭവിച്ചില്ല. പരിമിതികൾക്കിടയിലും അദ്ദേഹം തന്റെ ദിനചര്യകളൊക്കെ മുറതെറ്റാതെ നടത്താൻ ശ്രമിച്ചു. ഞങ്ങളുടെ സ്വീകരണമുറിയിലിരുന്ന് ടെലിഫോണിലൂടെ ഭരണസംഘത്തിന്റെ യോഗങ്ങളിൽ വരെ പങ്കെടുക്കുമായിരുന്നു.
ബെഥേലിലെ രോഗീപരിചരണ വിഭാഗത്തിൽനിന്ന് നല്ല ശുശ്രൂഷ ലഭിച്ചതിൽ റ്റെഡിന് അങ്ങേയറ്റം നന്ദിയുണ്ടായിരുന്നു. ക്രമേണ അദ്ദേഹം ശരീരത്തിന്റെ ചലനശേഷി ഏറെക്കുറെ വീണ്ടെടുത്തു. അങ്ങനെ അദ്ദേഹത്തിന് ചില നിയമനങ്ങളൊക്കെ നടത്താൻ കഴിഞ്ഞു, എല്ലായ്പോഴും സന്തോഷം നിലനിറുത്താനുമായി.
മൂന്നു വർഷത്തിനു ശേഷം അദ്ദേഹത്തിന് രണ്ടാമതും മസ്തിഷ്കാഘാതം ഉണ്ടായി, 2010 ജൂൺ 9 ബുധനാഴ്ച അദ്ദേഹം വിടവാങ്ങി. ഒരുനാൾ റ്റെഡിന് ഭൂമിയിലെ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വേർപാട് എനിക്കുണ്ടാക്കിയ വേദനയും നഷ്ടവും വിവരിക്കാൻ വാക്കുകളില്ല. അദ്ദേഹത്തെ സഹായിക്കാൻ എന്നെക്കൊണ്ട് ആകുന്നതെല്ലാം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ എന്നും യഹോവയ്ക്ക് നന്ദി പറയുന്നു. ഞങ്ങൾ ഒന്നിച്ച് 53 വർഷത്തെ മുഴുസമയസേവനം ആസ്വദിച്ചു. എന്റെ സ്വർഗീയ പിതാവിനോട് അടുക്കാൻ റ്റെഡ് എന്നെ പല വിധങ്ങളിൽ സഹായിച്ചതിന് ഞാൻ യഹോവയോട് നന്ദിയുള്ളവളാണ്. പുതിയ നിയമനവും അദ്ദേഹത്തിന് വലിയ ആനന്ദവും സംതൃപ്തിയും നൽകുന്നുണ്ടെന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല.
ജീവിതത്തിലെ പുതിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ട്. . .
ബെഥേലിലെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യാനും പരിശീലനം നൽകാനും എനിക്ക് വളരെ ഇഷ്ടമാണ്
എന്റെ ഭർത്താവുമൊന്നിച്ചുള്ള തിരക്കുപിടിച്ചതും സന്തോഷകരവും ആയ നിരവധി വർഷങ്ങൾക്കു ശേഷം, ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളുമായി പൊരുത്തപ്പെട്ടുപോകുന്നത് അത്ര എളുപ്പമല്ല. ബെഥേലിലും രാജ്യഹാളിലും വരുന്നവരെ കാണുന്നതും സംസാരിക്കുന്നതും ഞങ്ങൾക്ക് രണ്ടുപേർക്കും വലിയ ഇഷ്ടമായിരുന്നു. എന്റെ പ്രിയപ്പെട്ട റ്റെഡ് എന്നോടൊപ്പം ഇവിടെയില്ല, എനിക്കാണെങ്കിൽ പഴയതുപോലൊന്നും ആളുകളുമായി സഹവസിക്കാൻ വയ്യാതെയുമായി. ആരോഗ്യ പരിമിതികൾ അത്രയേറെയാണ്. എങ്കിലും ബെഥേലിലെയും സഭയിലെയും എന്റെ പ്രിയ സഹോദരീസഹോദരന്മാരുമൊത്ത് ആയിരിക്കാൻ കഴിയുന്നതിൽ ഞാൻ ഇപ്പോഴും ആനന്ദം കണ്ടെത്തുന്നു. ബെഥേൽദിനചര്യ അത്ര എളുപ്പമല്ലെങ്കിലും, അവിടെയായിരുന്നുകൊണ്ട് ദൈവത്തെ സേവിക്കാനാകുന്നത് വലിയ സന്തോഷത്തിന് കാരണമാണ്. പ്രസംഗപ്രവർത്തനത്തോടുള്ള എന്റെ സ്നേഹത്തിന് ഒരു വിധത്തിലും കുറവ് വന്നിട്ടില്ല. ക്ഷീണിതയും അൽപ്പസമയംപോലും നിൽക്കാൻ കഴിയാത്ത അവസ്ഥയും ആണെങ്കിലും, തെരുവ് സാക്ഷീകരണത്തിൽ പങ്കെടുക്കുന്നതിലും ബൈബിളധ്യയനങ്ങൾ നടത്തുന്നതിലും ഞാൻ ഒരുപാട് സംതൃപ്തി കണ്ടെത്തുന്നു.
ലോകത്തിലെ പേടിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം കാണുമ്പോൾ, നല്ലൊരു വിവാഹപങ്കാളിയുമായി യഹോവയെ സേവിക്കാനായതിൽ ഞാൻ സന്തുഷ്ടയാണ്! സത്യമായും യഹോവയുടെ അനുഗ്രഹം എന്റെ ജീവിതം ധന്യമാക്കിയിരിക്കുന്നു.—സദൃ. 10:22.
a ജാക്ക് നേഥൻ സഹോദരന്റെ ജീവിതകഥ, 1990 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 10-14 പേജുകളിൽ കാണാം.