രാജ്യഭരണത്തിന്റെ നൂറ് വർഷങ്ങൾ!
“സമാധാനത്തിന്റെ ദൈവം തന്റെ ഇഷ്ടം ചെയ്യാൻ തക്കവണ്ണം സകല നന്മകളാലും നിങ്ങളെ നിറയ്ക്കുകയും . . . ചെയ്യുമാറാകട്ടെ.”—എബ്രാ. 13:20, 21.
1. പ്രസംഗവേല യേശുവിന് എത്ര പ്രധാനമായിരുന്നു? വിശദീകരിക്കുക.
ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കാൻ യേശുവിന് ഇഷ്ടമായിരുന്നു. ഭൂമിയിലായിരുന്നപ്പോൾ മറ്റ് ഏത് വിഷയത്തെക്കാളും അധികം യേശു സംസാരിച്ചത് ദൈവരാജ്യത്തെക്കുറിച്ചായിരുന്നു. തന്റെ ശുശ്രൂഷക്കാലത്ത് 100-ലധികം തവണ യേശു ദൈവരാജ്യത്തെക്കുറിച്ച് പറഞ്ഞു. രാജ്യം യേശുവിന് അത്ര പ്രധാനമായിരുന്നു!—മത്തായി 12:34 വായിക്കുക.
2. മത്തായി 28:19, 20-ലെ കല്പന എത്രപേർ കേട്ടിരിക്കാം, അങ്ങനെ പറയുന്നത് എന്തുകൊണ്ട്?
2 പുനരുത്ഥാനത്തിനു ശേഷം അധികം വൈകാതെ ശിഷ്യന്മാരാകാൻ സാധ്യതയുള്ള 500-ലധികംപേർ വരുന്ന ഒരു കൂട്ടത്തെ യേശു കണ്ടു. (1 കൊരി. 15:6) സാധ്യതയനുസരിച്ച് ഈ അവസരത്തിലായിരുന്നു “സകല ജനതകളിലുംപെട്ട ആളുകളെ” സുവാർത്ത അറിയിക്കാനുള്ള നിർദേശം യേശു നൽകിയത്. അത് അത്ര എളുപ്പം ആയിരിക്കുമായിരുന്നില്ല.a ഈ പ്രസംഗവേല ദീർഘനാൾ തുടരുമെന്ന് അവൻ അവരോട് പറഞ്ഞു. അതായത്, “വ്യവസ്ഥിതിയുടെ അവസാനത്തോളം.” ഇന്ന് സുവാർത്ത പ്രസംഗിക്കുമ്പോൾ ആ പ്രവചനം നിറവേറാൻ നിങ്ങൾ സഹായിക്കുകയാണ്.—മത്താ. 28:19, 20, അടിക്കുറിപ്പ്.
3. സുവാർത്ത പ്രസംഗിക്കാൻ നമ്മളെ സഹായിച്ചിരിക്കുന്ന മൂന്ന് കാര്യങ്ങൾ ഏതൊക്കെയാണ്?
3 പ്രസംഗിക്കാനുള്ള കല്പന കൊടുത്തശേഷം യേശു ഇങ്ങനെ പറഞ്ഞു: “ഞാനോ . . . നിങ്ങളോടുകൂടെയുണ്ട്.” (മത്താ. 28:20) താൻ പ്രസംഗപ്രവർത്തനത്തെ നയിക്കുമെന്നും അങ്ങനെ, മുഴുഭൂമിയിലും സുവാർത്ത അറിയിക്കാൻ സഹായിക്കുമെന്നും ഉള്ള ഉറപ്പ് യേശു ശിഷ്യന്മാർക്ക് കൊടുക്കുകയായിരുന്നു. യഹോവയും നമ്മുടെ കൂടെയുണ്ട്. പ്രസംഗവേല നിർവഹിക്കാൻ “സകല നന്മകളാലും” അവൻ നമ്മളെ സഹായിക്കുന്നു. (എബ്രാ. 13:20, 21) ഈ ലേഖനത്തിൽ, ഈ നന്മകളിൽ മൂന്നെണ്ണം നമ്മൾ കാണും: (1) നമുക്ക് ലഭിച്ചിരിക്കുന്ന ഉപകരണങ്ങൾ, (2) നമ്മൾ ഉപയോഗിച്ചിട്ടുള്ള രീതികൾ, (3) നമുക്ക് ലഭിക്കുന്ന പരിശീലനങ്ങൾ. ആദ്യമായി, കഴിഞ്ഞ 100 വർഷങ്ങളിൽ നമ്മൾ ഉപയോഗിച്ചിരിക്കുന്ന ചില ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പ്രസംഗിക്കാൻ ദൈവദാസർക്ക് സഹായകമായ ഉപകരണങ്ങൾ
4. ഏതു വിധത്തിലാണ് പ്രസംഗവേലയിൽ വ്യത്യസ്ത ഉപകരണങ്ങൾ നമ്മളെ സഹായിച്ചിരിക്കുന്നത്?
4 രാജ്യസന്ദേശത്തെ പല തരത്തിലുള്ള മണ്ണിൽ വിതച്ച വിത്തിനോട് നമ്മുടെ രാജാവായ യേശു താരതമ്യം ചെയ്തു. (മത്താ. 13:18, 19) മണ്ണ് ഒരുക്കുന്നതിന് ഒരു കർഷകൻ വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതുപോലെ നമ്മുടെ സന്ദേശം സ്വീകരിക്കാൻ ആളുകളെ സഹായിക്കുന്ന തരത്തിലുള്ള പല ഉപകരണങ്ങൾ നമ്മുടെ രാജാവ് തന്നിട്ടുണ്ട്. ചില ഉപകരണങ്ങൾ കുറച്ചു കാലത്തേക്ക് ഉപയോഗപ്രദമായിരുന്നു. മറ്റു ചിലത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പ്രസംഗിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ ഈ ഉപകരണങ്ങളെല്ലാം നമ്മളെ സഹായിച്ചിട്ടുണ്ട്.
5. എന്താണ് സാക്ഷ്യക്കാർഡ്, അത് എങ്ങനെയാണ് ഉപയോഗിച്ചിരുന്നത്?
5 സുവാർത്ത അവതരിപ്പിച്ചുതുടങ്ങാൻ അനേകരെ സഹായിച്ച ഒരു ഉപകരണമാണ് സാക്ഷ്യക്കാർഡ്. 1933 മുതൽ പ്രചാരകർ ഇത് ഉപയോഗിക്കാൻ തുടങ്ങി. ഹ്രസ്വവും ലളിതവുമായ ബൈബിൾസന്ദേശം അടങ്ങിയ ചെറിയ ഒരു കാർഡ് ആയിരുന്നു അത്. ചിലപ്പോഴൊക്കെ പുതിയ ഒരു സന്ദേശവുമായി പുതിയ ഒരു കാർഡ് പുറത്തിറങ്ങുമായിരുന്നു. പത്താം വയസ്സിലാണ് എർലിൻമേയർ സഹോദരൻ ആദ്യമായി സാക്ഷ്യക്കാർഡ് ഉപയോഗിക്കുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “‘ഈ കാർഡ് ഒന്നു വായിക്കാമോ’ എന്ന പതിവ് മുഖവുരയോടെയാണ് സംഭാഷണം തുടങ്ങുന്നത്. വീട്ടുകാരൻ കാർഡ് വായിച്ചുകഴിയുമ്പോൾ ഞങ്ങൾ പ്രസിദ്ധീകരണം കൊടുത്തിട്ട് പോരും.”
6. സാക്ഷ്യക്കാർഡ് സഹായകമായിരുന്നത് എങ്ങനെ?
6 സാക്ഷ്യക്കാർഡ് പ്രചാരകരെ പല വിധത്തിൽ സഹായിച്ചു. ഉദാഹരണത്തിന്, ചില പ്രചാരകർക്ക് പ്രസംഗിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവർക്ക് സങ്കോചമായിരുന്നു; എന്താണ് പറയേണ്ടതെന്ന് അവർക്ക് അറിയില്ലായിരുന്നു. മറ്റു ചില പ്രചാരകർ ധൈര്യശാലികളായിരുന്നു. അവർക്ക് അറിയാവുന്നതെല്ലാം ഏതാനും മിനിട്ടുകൾകൊണ്ട് അവർ വീട്ടുകാരോട് പറയും. പക്ഷേ, എല്ലായ്പോഴും നയത്തോടെയായിരുന്നില്ല അവർ സംസാരിച്ചിരുന്നത്. വ്യക്തവും ലളിതവും ആയ ഒരു സന്ദേശം കൊടുക്കാൻ എല്ലാ പ്രചാരകരെയും സാക്ഷ്യക്കാർഡ് ഒരുപോലെ സഹായിച്ചു.
7. സാക്ഷ്യക്കാർഡ് ഉപയോഗിച്ചപ്പോൾ നേരിട്ട ചില പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു?
7 എന്നാലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഗ്രേസ് എസ്തെപ് സഹോദരി പറയുന്നു: “ചിലപ്പോഴൊക്കെ, ‘അല്ല, എന്താ ഇതിൽ പറഞ്ഞിരിക്കുന്നത്? നിങ്ങൾക്ക് അത് പറഞ്ഞുതന്നാൽപോരെ’ എന്ന് ആളുകൾ പറയും.” വായിക്കാൻ അറിയാത്ത വീട്ടുകാരുമുണ്ടായിരുന്നു. ചിലർ കാർഡ് വാങ്ങിയിട്ട് വാതിൽ അടയ്ക്കും. നമ്മുടെ സന്ദേശം ഇഷ്ടമില്ലാതിരുന്ന ചിലർ കാർഡ് കീറിക്കളയുമായിരുന്നു. ഇങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും, അയൽക്കാരെ സുവാർത്ത അറിയിക്കാനും ദൈവരാജ്യം പ്രസംഗിക്കുന്നവരാണ് തങ്ങളെന്ന് തിരിച്ചറിയിക്കാനും സാക്ഷ്യക്കാർഡ് പ്രചാരകരെ സഹായിച്ചു.
8. കൊണ്ടുനടക്കാവുന്ന ഗ്രാമഫോൺ എങ്ങനെയാണ് ഉപയോഗിച്ചിരുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
8 കൊണ്ടുനടക്കാവുന്ന ഗ്രാമഫോൺ എന്ന മറ്റൊരു ഉപകരണം 1930-നു ശേഷം ഉപയോഗത്തിൽവന്നു. ചില സാക്ഷികൾ അതിനെ അഹരോൻ എന്നാണ് വിളിച്ചിരുന്നത്. കാരണം അവർക്കു പകരം അതായിരുന്നു സംസാരിച്ചിരുന്നത്. (പുറപ്പാടു 4:14-16 വായിക്കുക.) വീട്ടുകാരൻ ശ്രദ്ധിക്കാൻ മനസ്സുകാണിച്ചാൽ, പ്രചാരകർ ചെറിയ ഒരു ബൈബിൾപ്രസംഗം കേൾപ്പിക്കുകയും പ്രസിദ്ധീകരണങ്ങൾ കൊടുക്കുകയും ചെയ്യും. ചിലപ്പോൾ, കുടുംബത്തിലുള്ള എല്ലാവരും പ്രസംഗം കേൾക്കാൻ ഒന്നിച്ചുകൂടുമായിരുന്നു! 1934-ൽ വാച്ച്ടവർ സൊസൈറ്റി ശുശ്രൂഷയിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഗ്രാമഫോണുകൾ നിർമിക്കാൻ തുടങ്ങി. ക്രമേണ 92 വ്യത്യസ്ത പ്രസംഗങ്ങൾ സഹോദരങ്ങൾ റെക്കോർഡ് ചെയ്തു.
9. കൊണ്ടുനടക്കാവുന്ന ഗ്രാമഫോൺ എത്ര ഫലപ്രദമായിരുന്നു?
9 അതിൽ ഒരു പ്രസംഗം കേട്ട ഹിലാരി ഗോസ്ലിൻ അയൽക്കാരെ ബൈബിൾസന്ദേശം അറിയിക്കാൻ ഒരാഴ്ചത്തേക്ക് ഗ്രാമഫോൺ കടം വാങ്ങി. അതുവഴി അനേകം ആളുകൾ സത്യത്തോട് താത്പര്യം കാണിക്കുകയും സ്നാനമേൽക്കുകയും ചെയ്തു. ഗോസ്ലിൻ സഹോദരന്റെ രണ്ടു പെൺമക്കൾ ഗിലെയാദ് സ്കൂളിൽ പങ്കെടുക്കുകയും മിഷനറിമാരായിത്തീരുകയും ചെയ്തു. സാക്ഷ്യക്കാർഡുപോലെതന്നെ, കൊണ്ടുനടക്കാവുന്ന ഗ്രാമഫോണും സുവിശേഷം പറഞ്ഞുതുടങ്ങാൻ അനേകം പ്രചാരകരെ സഹായിച്ചു. പിന്നീട്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെ മികച്ച അധ്യാപകരാകാനുള്ള പരിശീലനം രാജാവായ യേശു നൽകാൻതുടങ്ങി.
ആളുകളുടെ അടുക്കലെത്താൻ സാധ്യമായ സകല രീതികളും അവലംബിക്കുന്നു
10, 11. സുവാർത്ത എത്തിക്കുന്നതിന് റേഡിയോയും പത്രങ്ങളും ഉപയോഗിച്ചിരുന്നത് എങ്ങനെയാണ്, ആ രീതികൾ എന്തുകൊണ്ടാണ് ഫലകരമായിരുന്നത്?
10 നമ്മുടെ രാജാവിന്റെ നേതൃത്വത്തിൻ കീഴിൽ, ദൈവജനം തങ്ങളാൽ ആകുന്നത്ര ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നതിന് വ്യത്യസ്ത രീതികൾ ഉപയോഗിച്ചിട്ടുണ്ട്. പ്രചാരകർ ചുരുക്കമായിരുന്ന സാഹചര്യത്തിൽ ഈ രീതികളെല്ലാം വിശേഷാൽ പ്രധാനമായിരുന്നു. (മത്തായി 9:37 വായിക്കുക.) ഉദാഹരണത്തിന്, വർഷങ്ങൾക്കു മുമ്പ് സുവാർത്ത പ്രസംഗിക്കുന്നതിനായി പത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഓരോ ആഴ്ചയും റസ്സൽ സഹോദരൻ, വാർത്താ ഏജൻസിക്ക് ഒരു ബൈബിൾപ്രസംഗം അയച്ചുകൊടുക്കുമായിരുന്നു. അവർ അത് കനഡ, യൂറോപ്പ്, ഐക്യനാടുകൾ എന്നിവിടങ്ങളിലെ പത്രങ്ങൾക്ക് അയയ്ക്കുമായിരുന്നു. 1913 ആയപ്പോഴേക്കും റസ്സൽ സഹോദരന്റെ പ്രസംഗം 2,000 പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നു. അത് വായിച്ചവർ ഏതാണ്ട് 1,50,00,000 ആയിരുന്നു!
11 സുവാർത്ത അറിയിക്കുന്നതിന് റേഡിയോയും ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 1922 ഏപ്രിൽ 16-ന് റഥർഫോർഡ് സഹോദരൻ റേഡിയോയിൽ അദ്ദേഹത്തിന്റെ ആദ്യകാല പ്രസംഗങ്ങളിൽ ഒന്ന് നടത്തി. ഏകദേശം 50,000 പേർ അത് കേട്ടു. താമസിയാതെ നമ്മൾ ഡബ്ല്യുബിബിആർ എന്ന റേഡിയോ നിലയം തുടങ്ങി. 1924 ഫെബ്രുവരി 24-ന് അതിലൂടെ ആദ്യപ്രക്ഷേപണം നടന്നു. 1924 ഡിസംബർ 1 വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “സത്യത്തിന്റെ സന്ദേശം വ്യാപിപ്പിക്കുന്നതിന് ഇന്നേവരെ ഉപയോഗിച്ചിട്ടുള്ളവയിൽ ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവും ആയ ഉപാധിയാണ് റേഡിയോ എന്നു ഞങ്ങൾ കരുതുന്നു.” തീരെ കുറച്ചു പ്രചാരകർ മാത്രമുണ്ടായിരുന്ന സ്ഥലങ്ങളിലുള്ളവരോട് സുവാർത്ത അറിയിക്കാൻ പത്രംപോലെതന്നെ റേഡിയോയും നമ്മളെ സഹായിച്ചു.
പരസ്യസാക്ഷീകരണവും മറ്റുള്ളവരോട് നമ്മുടെ വെബ്സൈറ്റിനെക്കുറിച്ച് പറയുന്നതും അനേകം പ്രചാരകർ നന്നായി ആസ്വദിക്കുന്നു (12, 13 ഖണ്ഡികകൾ കാണുക)
12. (എ) ഏതുതരത്തിലുള്ള പരസ്യസാക്ഷീകരണമാണ് നിങ്ങൾക്ക് ഇഷ്ടം? (ബി) പരസ്യസാക്ഷീകരണത്തോടുള്ള ബന്ധത്തിൽ ഉണ്ടായേക്കാവുന്ന ഏത് ഭയത്തെയും മറികടക്കാൻ നമ്മളെ എന്തിന് സഹായിക്കാനാകും?
12 ഇന്ന് ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാനുള്ള ഫലപ്രദമായ ഒരു രീതിയാണ് പരസ്യസാക്ഷീകരണം. ബസ്സ് സ്റ്റോപ്പുകളിലും പാർക്കിങ് സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഉള്ളവരോട് സാക്ഷീകരിക്കുന്നതിന് കൂടുതൽ ശ്രമം ചെയ്തുവരുന്നു. പരസ്യസാക്ഷീകരണം നിങ്ങളെ സമ്മർദത്തിലാക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ സഹായത്തിനുവേണ്ടി പ്രാർഥിക്കുക. സഞ്ചാര മേൽവിചാരകനായ മനേര സഹോദരന്റെ വാക്കുകൾ ശ്രദ്ധിക്കുക: “സേവനത്തിന്റെ ഓരോ പുതിയ വശത്തെയും യഹോവയെ സേവിക്കാനുള്ള മറ്റൊരു വിധമായാണ് ഞങ്ങൾ കണ്ടത്; അവനോടുള്ള വിശ്വസ്തത പ്രകടിപ്പിക്കാനുള്ള ഒരു വിധമായി, വിശ്വാസത്തിന്റെ മറ്റൊരു പരിശോധനയായി. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും യഹോവ ആഗ്രഹിക്കുന്ന ഏതു വിധത്തിലും യഹോവയെ സേവിക്കാനുള്ള ഞങ്ങളുടെ മനസ്സൊരുക്കം തെളിയിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു.” നമ്മുടെ ഭയത്തെ മറികടന്ന് സുവാർത്ത അറിയിക്കാൻ പുതിയ രീതികൾ ഉപയോഗിക്കുമ്പോൾ നമ്മൾ യഹോവയിലുള്ള ആശ്രയം ശക്തമാക്കുകയാണ്. അതോടൊപ്പം, നമ്മൾ മികച്ച സുവിശേഷകർ ആകുകയും ചെയ്യും.—2 കൊരിന്ത്യർ 12:9, 10 വായിക്കുക.
13. സുവാർത്ത അറിയിക്കുന്നതിൽ വെബ്സൈറ്റ് ഫലപ്രദമായ പ്രസംഗരീതി ആയിരിക്കുന്നത് എന്തുകൊണ്ട്, അത് ഉപയോഗിച്ചതിന്റെ എന്ത് അനുഭവങ്ങളാണ് നിങ്ങൾക്കുള്ളത്?
13 നമ്മുടെ വെബ്സൈറ്റ് ആയ jw.org-നെക്കുറിച്ച് ആളുകളോട് പറയാൻ മിക്ക പ്രചാരകർക്കും ഇഷ്ടമാണ്. അതിൽ 700-ലധികം ഭാഷകളിൽ ബൈബിൾ വായിക്കാനും ഡൗൺലോഡ് ചെയ്യാനും പറ്റും. ഓരോ ദിവസവും 16 ലക്ഷത്തിലധികം പേരാണ് നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കുന്നത്. കഴിഞ്ഞകാലത്ത്, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സുവാർത്തയുമായി റേഡിയോ ആണ് എത്തിയതെങ്കിൽ ഇന്ന് ആ സ്ഥാനത്ത് വെബ്സൈറ്റ് ആണ്.
സുവാർത്തയുടെ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്നു
14. പ്രചാരകർക്ക് ഏതുതരം പരിശീലനമാണ് ആവശ്യമായിരുന്നത്, സമർഥരായ അധ്യാപകരായിത്തീരാൻ ഏതു സ്കൂളാണ് അവരെ സഹായിച്ചത്?
14 നമ്മൾ ഇതുവരെ ചർച്ച ചെയ്ത ഉപകരണങ്ങളും രീതികളും വളരെ ഫലകരമായിരുന്നു. എന്നിരുന്നാലും മുൻകാല പ്രചാരകർക്ക് ശുശ്രൂഷകരായിരിക്കാൻ പരിശീലനം ആവശ്യമായിരുന്നു. ഉദാഹരണത്തിന്, ചിലപ്പോൾ വീട്ടുകാരൻ ഗ്രാമഫോണിൽ കേട്ട കാര്യങ്ങളോട് യോജിക്കുമായിരുന്നില്ല. മറ്റുചിലപ്പോൾ താത്പര്യമുണ്ടായിരുന്ന വീട്ടുകാരൻ കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിച്ചു. എതിർപ്പുകളെ എങ്ങനെ നയത്തോടെ മറികടക്കാമെന്നും എങ്ങനെ മെച്ചപ്പെട്ട അധ്യാപകരാകാമെന്നും പ്രചാരകർ അറിഞ്ഞിരിക്കണമായിരുന്നു. പ്രചാരകർ ശുശ്രൂഷയിൽ എങ്ങനെ സംസാരിക്കണമെന്ന് പഠിക്കേണ്ടത് വളരെ പ്രധാനമാണെന്ന് നോർ സഹോദരൻ മനസ്സിലാക്കി. നിസ്സംശയമായും ഇത് ദൈവാത്മാവിന്റെ സഹായത്താലായിരുന്നു. അതുകൊണ്ട്, 1943 മുതൽ സഭകൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ സംഘടിപ്പിക്കാൻ തുടങ്ങി. ഈ സ്കൂൾ എല്ലാവരെയും സമർഥരായ അധ്യാപകരാകാൻ സഹായിച്ചു.
15. (എ) ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ആദ്യമായി പ്രസംഗം നടത്തിയപ്പോൾ ചിലർക്ക് എന്ത് തോന്നി? (ബി) സങ്കീർത്തനം 32:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാഗ്ദാനം നിങ്ങളുടെ കാര്യത്തിൽ സത്യമായത് എങ്ങനെ?
15 മിക്ക സഹോദരന്മാർക്കും ഒരു സദസ്സിന്റെ മുമ്പിൽനിന്ന് സംസാരിച്ച് ശീലമില്ലായിരുന്നു. രാമു എന്ന സഹോദരൻ 1944-ൽ അദ്ദേഹം നടത്തിയ ആദ്യത്തെ പ്രസംഗത്തെക്കുറിച്ച് ഓർക്കുന്നു. ബൈബിൾകഥാപാത്രമായ ദോവേഗിനെക്കുറിച്ചായിരുന്നു പ്രസംഗം. അദ്ദേഹം പറയുന്നു: “എന്റെ മുട്ടും പല്ലും കൂട്ടിയിടിക്കുകയായിരുന്നു. കൈയാണെങ്കിൽ വിറയലോടു വിറ.” അദ്ദേഹം കൂട്ടിച്ചേർത്തു: “ആദ്യമായിട്ടായിരുന്നു ഞാൻ ഒരു സ്റ്റേജിൽ നിന്ന് പ്രസംഗിക്കുന്നത്. പക്ഷേ ഞാൻ വിട്ടുകൊടുത്തില്ല.” അത്ര എളുപ്പമല്ലായിരുന്നെങ്കിലും കുട്ടികളും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗങ്ങൾ നടത്തി. ഒരു കൊച്ചു കുട്ടി അവന്റെ ആദ്യത്തെ പ്രസംഗം നടത്തിയത് മനേര സഹോദരൻ ഓർക്കുന്നു. “അവന് ഭയങ്കര ടെൻഷൻ ആയിരുന്നു. പ്രസംഗം തുടങ്ങിയതും അവൻ കരച്ചിൽ തുടങ്ങി. തുടക്കം മുതൽ ഒടുക്കം വരെ കരഞ്ഞുകൊണ്ടായിരുന്നു അവൻ പ്രസംഗം നടത്തിയത്. പക്ഷേ, അവൻ നിറുത്തിക്കളഞ്ഞില്ല.” ചിലപ്പോൾ നാണം കാരണമോ നിങ്ങളെക്കൊണ്ടാവില്ല എന്ന തോന്നൽ കാരണമോ സഭായോഗങ്ങളിൽ അഭിപ്രായങ്ങൾ പറയാനും മറ്റു പരിപാടികൾ നടത്താനും നിങ്ങൾ മടിച്ചേക്കാം. അങ്ങനെയെങ്കിൽ, പേടി മാറാൻ സഹായിക്കണേ എന്നു നിങ്ങൾക്ക് യഹോവയോടു പ്രാർഥിക്കാം. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ ആ പഴയകാല വിദ്യാർഥികളെ സഹായിച്ചതുപോലെ യഹോവ നിങ്ങളെയും സഹായിക്കും.—സങ്കീർത്തനം 32:8 വായിക്കുക.
16. (എ) മുൻകാലങ്ങളിൽ ഗിലെയാദ് സ്കൂളിന്റെ ലക്ഷ്യം എന്തായിരുന്നു? (ബി) 2011 മുതൽ ഗിലെയാദ് സ്കൂളിന്റെ ലക്ഷ്യം എന്താണ്?
16 ഗിലെയാദ് സ്കൂളിലൂടെയും ദൈവത്തിന്റെ സംഘടന പരിശീലനം നൽകിയിട്ടുണ്ട്. സുവാർത്ത അറിയിക്കാനുള്ള വിദ്യാർഥികളുടെ ആഗ്രഹം ശക്തമാക്കാൻ സഹായിക്കുക എന്നതാണ് ഈ സ്കൂളിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. 1943-ലാണ് ഗിലെയാദ് സ്കൂൾ ആരംഭിച്ചത്. അന്നുമുതൽ 8,500 വിദ്യാർഥികളെ പരിശീലിപ്പിക്കുകയും 170 രാജ്യങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തിരിക്കുന്നു. 2011 മുതൽ ഈ സ്കൂളിലേക്ക് പ്രത്യേക മുൻനിരസേവകർ, സഞ്ചാര മേൽവിചാരകന്മാർ, ബെഥേലംഗങ്ങൾ, ഗിലെയാദ് സ്കൂളിൽ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത വയൽമിഷനറിമാർ എന്നിവരെയാണ് ക്ഷണിക്കുന്നത്.
17. ഗിലെയാദ് സ്കൂൾ എന്തു പ്രയോജനം ഉളവാക്കിയിരിക്കുന്നു?
17 ഗിലെയാദ് സ്കൂൾ ഫലപ്രദമാണോ? ആണ്. ജപ്പാനിലെ കാര്യം നോക്കുക. 1949 ആഗസ്റ്റിൽ 10-ൽ താഴെ പ്രചാരകർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ആ വർഷം അവസാനമായപ്പോഴേക്കും 13 മിഷനറിമാർ അവിടെയുള്ള പ്രചാരകരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. അതിന്റെ ഫലമായി ഇന്ന് അവിടെ ഏകദേശം 2,16,000 പ്രചാരകരുണ്ട്. അതിൽ പകുതിയോളം മുൻനിരസേവകരും!
18. നമുക്ക് മറ്റ് ഏതെല്ലാം സ്കൂളുകളുണ്ട്?
18 നമുക്ക് മറ്റ് സ്കൂളുകളുമുണ്ട്. രാജ്യശുശ്രൂഷാ സ്കൂൾ, മുൻനിരസേവന സ്കൂൾ, രാജ്യസുവിശേഷകർക്കുള്ള സ്കൂൾ, സർക്കിട്ട് മേൽവിചാരകന്മാർക്കും ഭാര്യമാർക്കും ഉള്ള സ്കൂൾ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്കൂൾ തുടങ്ങിയവ. ഈ സ്കൂളുകൾ സഹോദരീസഹോദരന്മാരെ വിജയകരമായി പരിശീലിപ്പിക്കുകയും അവരുടെ വിശ്വാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. യേശു അനേകരെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം വ്യക്തമാണ്.
19. പ്രസംഗപ്രവർത്തനത്തെക്കുറിച്ച് റസ്സൽ സഹോദരൻ എന്ത് പറഞ്ഞു, അത് എങ്ങനെ സത്യമായിത്തീർന്നു?
19 ദൈവരാജ്യം ഭരണം ആരംഭിച്ചിട്ട് 100 വർഷത്തിൽ അധികമായി. ഇക്കാലമെല്ലാം നമ്മുടെ രാജാവായ യേശുക്രിസ്തു പ്രസംഗവേലയ്ക്ക് നേതൃത്വമെടുത്തിരിക്കുന്നു. സുവാർത്ത ലോകമെമ്പാടും വ്യാപിക്കുമെന്ന് 1916-ൽ റസ്സൽ സഹോദരൻ വിശ്വസിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: “വേല ത്വരിതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അത് വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാരണം ‘രാജ്യത്തിന്റെ സുവിശേഷം’ അറിയിക്കുന്നതിന് ഒരു ലോകവ്യാപക പ്രവർത്തനം നടക്കേണ്ടതുണ്ട്.” [വിശ്വാസം മുന്നേറുന്നു (ഇംഗ്ലീഷ്), എ. എച്ച്. മാക്മില്ലൻ, പേജ് 69] ആ വാക്കുകൾ എത്ര സത്യമായിരിക്കുന്നു! ഏറ്റവും സന്തോഷം നൽകുന്ന ഈ വേല ചെയ്യാൻ നമ്മളെ എല്ലാ വിധത്തിലും സജ്ജരാക്കുന്ന സമാധാനത്തിന്റെ ദൈവത്തോട് നമ്മൾ എത്ര നന്ദിയുള്ളവരാണ്! തീർച്ചയായും അവന്റെ ഇഷ്ടം ചെയ്യാൻ ആവശ്യമായിരിക്കുന്ന എല്ലാ “നല്ല ദാനങ്ങളും” ദൈവം നമുക്ക് നൽകുന്നു.
a ആ കൂട്ടത്തിലുണ്ടായിരുന്ന മിക്കവരും ക്രിസ്ത്യാനികളായിത്തീർന്നിരിക്കാം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം പൗലോസ് അപ്പൊസ്തലൻ അവരെക്കുറിച്ച് പറഞ്ഞപ്പോൾ “അഞ്ഞൂറിലധികം സഹോദരന്മാർ” എന്നാണ് വിളിച്ചത്. “അവരിൽ മിക്കവരും ഇന്നും ജീവിച്ചിരിക്കുന്നു. ചിലരോ മരണനിദ്ര പ്രാപിച്ചിരിക്കുന്നു” എന്നും അവൻ പറഞ്ഞു. അതുകൊണ്ട്, സാധ്യതയനുസരിച്ച് പൗലോസിനും മറ്റ് ക്രിസ്ത്യാനികൾക്കും, പ്രസംഗിക്കാനുള്ള യേശുവിന്റെ കല്പന നേരിട്ട് കേട്ട പലരെയും വ്യക്തിപരമായി അറിയാമായിരുന്നു.