ചരിത്രസ്മൃതികൾ
“സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്!”
വർഷം 1931. വസന്തകാലം. പാരീസിലെ പ്രസിദ്ധമായ പ്ലെയെൽ സംഗീതഹാളിന്റെ പ്രവേശനകവാടത്തിൽ 23 രാജ്യങ്ങളിൽനിന്നുള്ള ആളുകൾ തിക്കിത്തിരക്കുന്നു. ഭംഗിയായി അണിഞ്ഞൊരുങ്ങിയ യാത്രക്കാർ വലിയ ടാക്സിക്കാറുകളിൽ ഹാളിന്റെ മുൻവശത്ത് വന്നിറങ്ങുന്നു. അധികം വൈകാതെ പ്രധാന ഓഡിറ്റോറിയത്തിൽ ഏതാണ്ട് 3,000 പേർ തിങ്ങിനിറഞ്ഞു. അവർ ഏതെങ്കിലും സംഗീതക്കച്ചേരി കേൾക്കാൻ വന്നവരായിരുന്നില്ല. പകരം, അക്കാലത്ത് പ്രസംഗപ്രവർത്തനത്തിന് നേതൃത്വം വഹിച്ചിരുന്ന ജോസഫ് എഫ്. റഥർഫോർഡ് സഹോദരന്റെ വാക്കുകൾ കേൾക്കാൻ വന്നവരായിരുന്നു അവർ. അദ്ദേഹത്തിന്റെ ഊർജസ്വലമായ പ്രസംഗങ്ങൾ ഫ്രഞ്ച്, ജർമൻ, പോളിഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. റഥർഫോർഡ് സഹോദരന്റെ മുഴങ്ങുന്ന ശബ്ദം ആ ഹാളിലെങ്ങും അലയടിച്ചു.
ഫ്രാൻസിലെ പ്രസംഗപ്രവർത്തനത്തിന് പാരീസ് കൺവെൻഷൻ ഒരു വഴിത്തിരിവായി. റഥർഫോർഡ് സഹോദരൻ പല രാജ്യങ്ങളിൽനിന്നെത്തിയ ആ സദസ്സിനെ, വിശേഷിച്ച് യുവാക്കളെ ഫ്രാൻസിൽ കോൽപോർട്ടർമാരായി സേവിക്കാൻ ക്ഷണിച്ചു. ഇംഗ്ലണ്ടിൽനിന്നുള്ള ഒരു കൗമാരക്കാരനായ ജോൺ കുക്ക്, സഹോദരന്റെ പിൻവരുന്ന വാക്കുകൾ ഒരിക്കലും മറന്നില്ല: “യുവസുഹൃത്തുക്കളേ, കോൽപോർട്ടർ വേലയ്ക്ക് പോകുന്നതിൽ നിന്ന് സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്!”a
പിന്നീട് മിഷനറിയായ ജോൺ കുക്കിനെക്കൂടാതെ മറ്റ് പലരും ആ മാസിഡോണിയൻ ക്ഷണത്തോട് പ്രതികരിച്ചു. (പ്രവൃ. 16:9, 10) ഫ്രാൻസിൽ 1930-ൽ 27 കോൽപോർട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് 1931 ആയപ്പോഴേക്കും അവരുടെ എണ്ണം 104 ആയി വളർന്നു. ഒരു വർഷത്തിനിടയിലുണ്ടായ തികച്ചും അതിശയിപ്പിക്കുന്ന ഒരു വളർച്ച! ഈ ആദ്യകാല മുൻനിരസേവകരിൽ മിക്കവർക്കും ഫ്രഞ്ചു ഭാഷ അറിയില്ലായിരുന്നു, പിന്നെ എങ്ങനെയാണ് അവർ ഭാഷയുടെ അതിർവരമ്പുകളും എളിയ ചുറ്റുപാടുകളും ഒറ്റപ്പെട്ട ജീവിതവും ഒക്കെയായി പൊരുത്തപ്പെട്ടത്?
ഭാഷയുടെ അതിർവരമ്പുകൾ മറികടക്കുന്നു
വിദേശത്തുനിന്നുള്ള കോൽപോർട്ടർമാർ രാജ്യസന്ദേശം അറിയിക്കുന്നതിന് സാക്ഷ്യക്കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. പാരീസിൽ ധൈര്യത്തോടെ പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്ന, ജർമൻ ഭാഷ സംസാരിച്ചിരുന്ന ഒരു സഹോദരൻ ഇങ്ങനെ ഓർക്കുന്നു: “നമ്മുടെ ദൈവം സർവശക്തനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ശുശ്രൂഷയിലായിരിക്കെ ഞങ്ങളുടെ നെഞ്ചിടിപ്പ് വർധിച്ചിട്ടുണ്ടെങ്കിൽ അത് ആളുകളെ പേടിച്ചിട്ടല്ല; പകരം ‘വൗലസ്-വൗസ് ലൈർ സിറ്റെ കാർട്ടെ, സൈൽ വൗസ് പ്ലൈറ്റ്? (ഈ കാർഡ് ഒന്ന് വായിക്കാമോ?)’ എന്ന ഈ ചെറിയ വാചകം മറന്നുപോകുമോ എന്ന് പേടിച്ചിട്ടായിരുന്നു. ഞങ്ങളുടെ പ്രവർത്തനം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു.”
ഫ്രാൻസിൽ സുവാർത്ത വ്യാപിപ്പിക്കുന്നതിനുവേണ്ടി ആദ്യകാല കോൽപോർട്ടർമാർ സൈക്കിളുകളും ബൈക്കുകളും ഉപയോഗിച്ചിരുന്നു
വലിയ അപ്പാർട്ടുമെന്റുകളിൽ പ്രസംഗിക്കുന്ന മിക്ക സാഹചര്യങ്ങളിലും അവിടത്തെ സൂക്ഷിപ്പുകാർ കോൽപോർട്ടർമാരെ അവിടുന്ന് ഓടിച്ചുവിടുക പതിവായിരുന്നു. ഒരു ദിവസം, വളരെ കുറച്ചു മാത്രം ഫ്രഞ്ച് അറിയാവുന്ന ഇംഗ്ലീഷുകാരായ രണ്ടു സഹോദരിമാർ ദേഷ്യക്കാരനായ ഒരു കാവൽക്കാരന്റെ മുന്നിൽപ്പെട്ടു. ആരെയാണ് കാണേണ്ടത് എന്ന് അയാൾ അവരോട് ചോദിച്ചു. അയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സഹോദരി “ടൂർനെസ് ലെ ബൗട്ടൻ (മണി അടിക്കൂ)” എന്ന് ഒരു വാതിലിൽ എഴുതിയിരിക്കുന്നത് കണ്ടു. വീട്ടുടമയുടെ പേര് അതാണെന്നു കരുതി സഹോദരി ഉത്സാഹത്തോടെ പറഞ്ഞു: “ഞങ്ങൾ വന്നത് ‘ടൂർനെസ് ലെ ബൗട്ടൻ’ മാഡത്തെ കാണാനാണ്.” നല്ല നർമബോധം തീക്ഷ്ണതയുള്ള ഈ കോൽപോർട്ടർമാരെ കുറച്ചൊന്നുമല്ല സഹായിച്ചത്!
എളിയ ചുറ്റുപാടുകളും ഒറ്റപ്പെടലും അവരെ തടഞ്ഞില്ല
1930-കളിൽ ഫ്രാൻസിലെ മിക്ക ആളുകളും വളരെ ശോചനീയമായ ചുറ്റുപാടുകളിലാണ് കഴിഞ്ഞിരുന്നത്. വിദേശത്തുനിന്ന് വന്ന കോൽപോർട്ടർമാരുടെ കാര്യവും അങ്ങനെതന്നെയായിരുന്നു. ഇംഗ്ലീഷ് സംസാരിച്ചിരുന്ന മോന ബ്സോസ്കാ സഹോദരിയും കൂടെയുണ്ടായിരുന്ന മുൻനിരസേവികയും അവർക്ക് അനുഭവിക്കേണ്ടിവന്ന കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “സൗകര്യങ്ങൾ തീരെയില്ലാത്ത പഴയമട്ടിലുള്ള താമസസ്ഥലമായിരുന്നു ഞങ്ങളുടേത്. ശൈത്യകാലത്ത് മുറി ചൂടുപിടിപ്പിക്കുന്നതായിരുന്നു ഒരു വലിയ പ്രശ്നം. തണുത്തുറഞ്ഞ ഒരു മുറിയിൽ കഴിച്ചുകൂട്ടേണ്ടിവന്ന ഞങ്ങൾക്ക് രാവിലെ വെള്ളമെടുക്കുന്നതിന് പാത്രത്തിന്റെ മുകളിലെ ഐസുകട്ട തല്ലിപ്പൊട്ടിക്കണമായിരുന്നു.” ഈ അസൗകര്യങ്ങൾ ആദ്യകാല മുൻനിരസേവകരെ തളർത്തിക്കളഞ്ഞോ? ഒരിക്കലുമില്ല! “ഞങ്ങൾക്ക് സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല, പക്ഷേ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞുകൊണ്ട് ഒരു സഹോദരൻ അവരുടെ എല്ലാവരുടെയും വികാരങ്ങൾ ചുരുക്കിപ്പറഞ്ഞു.—മത്താ. 6:33.
1931-ൽ പാരീസിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത ഇംഗ്ലീഷുകാരായ മുൻനിരസേവകർ
ധൈര്യശാലികളായ ഈ കോൽപോർട്ടർമാർക്ക് ഒറ്റപ്പെടലിനെയും മറികടക്കണമായിരുന്നു.1930-കളുടെ തുടക്കത്തിൽ ഫ്രാൻസിലെ പ്രചാരകരുടെ എണ്ണം 700 കവിഞ്ഞിട്ടില്ലായിരുന്നു. അവരിൽ മിക്കവരും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിന്നിച്ചിതറി പാർക്കുന്നവരായിരുന്നു. ഒറ്റപ്പെട്ടു താമസിക്കുന്ന കോൽപോർട്ടർമാർക്ക് സന്തോഷത്തിന് വക നൽകിയത് എന്തായിരുന്നു? മുൻനിരസേവനത്തിലെ തന്റെ കൂട്ടാളിയോടൊപ്പം ഈ പ്രശ്നം നേരിടേണ്ടിവന്ന മോനാ അതെക്കുറിച്ച് ഇങ്ങനെ പറയുന്നു: “സംഘടനയിൽനിന്ന് ലഭിക്കുന്ന പ്രസിദ്ധീകരണങ്ങൾ പതിവായി പഠിച്ചുകൊണ്ടു വേണമായിരുന്നു ഞങ്ങൾക്ക് ഈ ഒറ്റപ്പെടൽ തരണം ചെയ്യാൻ. അന്ന് മടക്കസന്ദർശനത്തിന്റെയോ ബൈബിൾപഠനത്തിന്റെയോ ക്രമീകരണം ഇല്ലാതിരുന്നതുകൊണ്ട് വൈകുന്നേരങ്ങളിൽ സമയം കിട്ടുമായിരുന്നു. അതുകൊണ്ട് വീട്ടുകാർക്കും അതുപോലെ മറ്റു മുൻനിരസേവകർക്കും, ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ ഉൾപ്പെടുത്തി അവരെ പ്രോത്സാഹിപ്പിക്കുന്ന കത്തുകൾ എഴുതാൻ പറ്റുമായിരുന്നു.”—1 തെസ്സ. 5:11.
പല ബുദ്ധിമുട്ടുകളുണ്ടായിരുന്നപ്പോഴും ആത്മത്യാഗമനോഭാവമുള്ള ആ കോൽപോർട്ടർമാർ നല്ലൊരു വീക്ഷണം കാത്തുസൂക്ഷിച്ചു. അവരുടെ ആ വികാരം, ചിലപ്പോൾ ഫ്രാൻസിലെ മുൻനിരസേവനത്തിന് പതിറ്റാണ്ടുകൾക്കു ശേഷംപോലും ബ്രാഞ്ചോഫീസിലേക്ക് അവർ അയയ്ക്കുന്ന കത്തുകളിൽനിന്ന് വളരെ വ്യക്തമാണ്. 1931 മുതൽ 1935 വരെയുള്ള കാലയളവിൽ ഭർത്താവിനോടൊപ്പം ഫ്രാൻസിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച ആനി ക്രജിൻ എന്ന അഭിഷിക്തസഹോദരി ആ വർഷങ്ങളിലേക്ക് നോക്കിക്കൊണ്ട് ഇങ്ങനെ പറയുന്നു: “സന്തോഷം നിറഞ്ഞ സംഭവബഹുലമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. മുൻനിരസേവകരെന്ന നിലയിൽ ഞങ്ങളുടേത് ഇഴയടുപ്പമുള്ള ഒരു കൂട്ടമായിരുന്നു. പൗലോസ് അപ്പൊസ്തലൻ പറഞ്ഞതുപോലെ, ‘ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ ദൈവമത്രേ വളരുമാറാക്കിയത്.’ വർഷങ്ങൾക്കു മുമ്പ് ഈ വിധത്തിൽ സേവിക്കാൻ അവസരം കിട്ടിയ ഞങ്ങൾക്കെല്ലാം ഇത് ആവേശം പകരുന്ന ഒരു അനുഭവമാണ്.”—1 കൊരി. 3:6.
ആ ആദ്യകാല മുൻനിരസേവകർ, ശുശ്രൂഷ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിന്തിക്കാൻ സഹിഷ്ണുതയുടെയും തീക്ഷ്ണതയുടെയും ഒരു പൈതൃകം വെച്ചിട്ടുപോയി. ഇന്ന് ഏതാണ്ട് 14,000 മുൻനിരസേവകർ ഫ്രാൻസിലുണ്ട്. വിദേശഭാഷാ കൂട്ടങ്ങളോടോ സഭകളോടോ ഒപ്പം അനേകർ സേവിക്കുന്നു.b അങ്ങനെ തങ്ങളുടെ മുൻഗാമികളെപ്പോലെ സ്യൂര്യനു കീഴിലുള്ള യാതൊന്നും തങ്ങളെ തടയാൻ അവർ അനുവദിക്കുന്നില്ല!—ഫ്രാൻസിലെ ശേഖരത്തിൽനിന്ന്.
a ഫ്രാൻസിലെ പോളിഷ് കുടിയേറ്റക്കാർക്കിടയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ, 2015 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ, “സത്യം പഠിക്കാൻ യഹോവ നിങ്ങളെ ഫ്രാൻസിൽ കൊണ്ടുവന്നു” എന്ന ലേഖനം വായിക്കുക.
b 2014-ൽ ഫ്രാൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിച്ചിരുന്ന 900-ലധികം വിദേശഭാഷാ സഭകളും കൂട്ടങ്ങളും 70 ഭാഷകളിലുള്ള സത്യാന്വേഷികളെ സഹായിച്ചിരുന്നു.