മുഖ്യലേഖനം | ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക!
വായന രസകരമാക്കാൻ!
ബൈബിൾവായന നിങ്ങൾക്ക് എങ്ങനെയാണ്? ബോറടിപ്പിക്കുന്നതോ അതോ ആസ്വാദ്യകരമോ? അത് ഏറെയും നിങ്ങൾ വായനയെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ വായന കൂടുതൽ രസകരവും ആസ്വാദ്യകരവുമാക്കാൻ എന്തെല്ലാം ചെയ്യാനാകും എന്ന് നോക്കാം.
ആധുനിക ശൈലിയിലുള്ള നല്ലൊരു ബൈബിൾപരിഭാഷ തിരഞ്ഞെടുക്കുക. കാലഹരണപ്പെട്ടതോ കടുകട്ടിയായ പദങ്ങളുള്ള ഒരു പരിഭാഷയോ ആണ് കൈയിലുള്ളതെങ്കിൽ നിങ്ങൾ അതിന്റെ വായന ആസ്വദിക്കാൻ സാധ്യതയില്ല. അതുകൊണ്ട്, ഹൃദയത്തെ സ്പർശിക്കുന്നതും എളുപ്പം മനസ്സിലാക്കാവുന്നതും ആയ ഭാഷ ഉപയോഗിച്ചിരിക്കുന്ന ഒരു പരിഭാഷ കണ്ടുപിടിക്കുക. അതു ശ്രദ്ധയോടെയും കൃത്യതയോടെയും പരിഭാഷപ്പെടുത്തിയിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തുക.a
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക. ഇന്ന് ബൈബിൾ, പുസ്തകരൂപത്തിൽ മാത്രമല്ല ഇലക്ട്രോണിക് രൂപത്തിലും ലഭ്യമാണ്. ചില ബൈബിളുകൾ ഓൺലൈനായോ കമ്പ്യൂട്ടർ, ടാബ്ലെറ്റ്, മൊബൈൽ ഫോൺ എന്നിവയിൽ ഡൗൺലോഡ് ചെയ്തോ വായിക്കാവുന്നതാണ്. ചില പതിപ്പുകളിൽ നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഭാഗത്തോടു ബന്ധപ്പെട്ട മറ്റു ബൈബിൾവാക്യങ്ങളോ അല്ലെങ്കിൽ മറ്റു പരിഭാഷകളോ കണ്ടെത്തുന്നതിനുള്ള വഴികളുണ്ട്. ഇനി, ബൈബിൾ വായിച്ചുകേൾക്കുന്നതാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ അതിന്റെ റെക്കോർഡിങ്ങുകളും ലഭ്യമാണ്. യാത്രയിലായിരിക്കുമ്പോഴോ മറ്റു ജോലിയിലായിരിക്കുമ്പോഴോ റെക്കോർഡിങ്ങ് കേൾക്കുന്നത് പലരും ആസ്വദിക്കുന്നു. ഇതിൽ ഏതു വിധമാണ് നിങ്ങൾക്ക് ഇണങ്ങുന്നതെന്ന് ഒന്നു പരീക്ഷിച്ചുനോക്കാമോ?
ബൈബിൾ പഠനസഹായികൾ ഉപയോഗിക്കുക. വായന കൂടുതൽ രസകരമാക്കാൻ ബൈബിൾ പഠനസഹായികൾ ഉപകരിക്കും. വായനാഭാഗത്ത് പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ എവിടെയാണെന്നു കണ്ടുപിടിക്കുന്നതിനും അവിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കുന്നതിനും ഭൂപടങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഈ മാസികയിലോ jw.org വെബ്സൈറ്റിലെ ‘ബൈബിൾപഠിപ്പിക്കലുകൾ’ എന്ന ഭാഗത്തോ ഉള്ള ലേഖനങ്ങൾക്ക് പല ബൈബിൾഭാഗങ്ങളുടെയും അർഥം തിരിച്ചറിയാൻ നിങ്ങളെ സഹായിക്കാനാകും.
മറ്റൊരു രീതി പരീക്ഷിച്ചുനോക്കുക. ബൈബിൾ പുറത്തോടുപുറം വായിക്കുന്നത് ഭാരിച്ച ഒരു കാര്യമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഭാഗം മുതൽ വായിച്ചുതുടങ്ങാം. ഇനി, ബൈബിളിലെ പേരുകേട്ട ആളുകളെക്കുറിച്ച് അറിയാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിലും വായിക്കാവുന്നതാണ്. അതിനായി “കഥാപാത്രങ്ങളെക്കുറിച്ച് അറിയാൻ ബൈബിളിൽ ഗവേഷണം ചെയ്യുക” എന്ന ചതുരത്തിലെ രണ്ടു വിധങ്ങൾ കാണുക. കൂടാതെ, ഓരോ വിഷയങ്ങൾ അനുസരിച്ച് അല്ലെങ്കിൽ സംഭവങ്ങൾ നടന്ന ക്രമത്തിൽ നിങ്ങൾക്കു വായിക്കാം. ഇതിൽ ഏതെങ്കിലും ഒരു വിധം നിങ്ങൾ പരീക്ഷിച്ചുനോക്കുമോ?
a വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം, കൃത്യതയും വായനാസുഖവും ഉള്ള ആശ്രയയോഗ്യമായ പരിഭാഷയാണെന്ന് അനേകർ മനസ്സിലാക്കിയിരിക്കുന്നു. യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയിരിക്കുന്ന ഈ ബൈബിൾ 130-ലധികം ഭാഷകളിൽ ലഭ്യമാണ്. ഇത് jw.org-ൽ നിന്നോ JW ലൈബ്രറിആപ്പിൽനിന്നോ ഡൗൺലോഡ് ചെയ്യാം. ഇനി നിങ്ങൾ താത്പര്യപ്പെടുന്നെങ്കിൽ പുസ്തകരൂപത്തിലുള്ള ബൈബിളിന്റെ ഒരു കോപ്പി യഹോവയുടെ സാക്ഷികളിൽ ഒരാൾ നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നതായിരിക്കും.