ചരിത്രസ്മൃതികൾ
“മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ഉത്സാഹത്തോടും സ്നേഹത്തോടും കൂടെ”
വർഷം 1922. സെപ്റ്റംബറിലെ ഒരു വെള്ളിയാഴ്ച. രാവിലെ ചൂടു കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ഓഡിറ്റോറിയത്തിലേക്ക് 8,000-ത്തോളം ആളുകൾ പ്രവേശിച്ചു. ആ പ്രധാനപ്പെട്ട സെഷന്റെ ഇടയ്ക്കു പുറത്തേക്കു പോകുന്നതിനു തടസ്സമില്ലെങ്കിലും ഹാളിലേക്കു തിരികെ വരാൻ ആർക്കും അനുവാദമില്ലെന്നു ചെയർമാൻ അറിയിച്ചു.
ആദ്യം “സംഗീതശുശ്രൂഷ”യായിരുന്നു. ഗീതങ്ങൾ പാടിയശേഷം ജോസഫ് എഫ്. റഥർഫോർഡ് പ്രസംഗപീഠത്തിന് അടുത്തേക്കു നടന്നെത്തി. സദസ്സിലുള്ള ഭൂരിപക്ഷം പേരും ആകാംക്ഷയോടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. എന്നാൽ കടുത്ത ചൂടു കാരണം ചുരുക്കം ചിലർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ഇരിപ്പിടങ്ങളിൽ വന്നിരുന്ന് ശ്രദ്ധിച്ചുകേൾക്കാൻ പ്രസംഗകൻ അവരോട് ആവശ്യപ്പെട്ടു. പ്രസംഗം തുടങ്ങി. സ്റ്റേജിനു മുൻവശത്തായി മുകളിൽ ഒരു വലിയ ബാനർ ഭംഗിയായി ചുരുട്ടിവെച്ചിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമോ?
“സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നതായിരുന്നു റഥർഫോർഡ് സഹോദരന്റെ പ്രസംഗവിഷയം. ഏതാണ്ട് ഒന്നര മണിക്കൂർ അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദം ഹാളിലെങ്ങും പ്രകമ്പനം കൊണ്ടു. വരാനിരുന്ന ദൈവരാജ്യത്തെക്കുറിച്ച് പുരാതനകാലത്തെ പ്രവാചകന്മാർ ധൈര്യത്തോടെ പ്രസംഗിച്ചത് എങ്ങനെയെന്ന് അദ്ദേഹം ആ പ്രസംഗത്തിൽ വിശദീകരിച്ചു. ഉപസംഹാരമായി അദ്ദേഹം ഇങ്ങനെ ചോദിച്ചു: “മഹത്ത്വത്തിന്റെ രാജാവു ഭരണം തുടങ്ങിയെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ?” സദസ്സിന്റെ ഉറച്ച ശബ്ദത്തിലുള്ള മറുപടി “ഉവ്വ്!” എന്നായിരുന്നു.
അപ്പോൾ വീണ്ടും റഥർഫോർഡ് സഹോദരന്റെ ശബ്ദം മുഴങ്ങി. അദ്ദേഹം ഇങ്ങനെ ആഹ്വാനം ചെയ്തു: “അങ്ങനെയെങ്കിൽ അത്യുന്നതനായ ദൈവത്തിന്റെ പുത്രൻമാരേ, വീണ്ടും വയലിലേക്കിറങ്ങുവിൻ!” തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇതാ, രാജാവു വാഴുന്നു! നിങ്ങൾ അവിടുത്തെ പരസ്യ ഏജന്റുമാരാണ്. അതുകൊണ്ട് പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.”
മുകളിൽ കെട്ടിവെച്ചിരുന്ന ബാനർ അപ്പോൾ നിവർന്നുവന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ.”
“സദസ്സ് ആവേശഭരിതരായി,” എന്ന് ആ ദിവസത്തെക്കുറിച്ച് റേ ബോപ്പ് സഹോദരൻ പറഞ്ഞു. “അത്യുച്ചത്തിലുള്ള കരഘോഷം കെട്ടിടത്തിന്റെ കഴുക്കോലുകൾപോലും ഇളക്കി” എന്ന് അന്ന ഗാർഡ്നെർ സഹോദരി ഓർക്കുന്നു. ഫ്രഡ് റ്റ്വാറോഷ് സഹോദരൻ പറഞ്ഞത് ഇതാണ്: “കൂടിവന്നവരെല്ലാം ഒരുമിച്ച് എഴുന്നേറ്റുനിന്നു.” ഇവാഞ്ചലോസ് സ്കൂഫെസ് സഹോദരൻ പറഞ്ഞു: “ഏതോ ഒരു ശക്തി ഞങ്ങളെ കസേരയിൽനിന്ന് പിടിച്ച് എഴുന്നേൽപ്പിക്കുന്നതുപോലെ ഞങ്ങൾക്കു തോന്നി. നിറകണ്ണുകളോടെ ഞങ്ങൾ എല്ലാവരും എഴുന്നേറ്റു.”
ആ കൺവെൻഷനു കൂടിവന്നവരിൽ പലരും അപ്പോൾത്തന്നെ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കുന്നവരായിരുന്നു. എന്നാൽ കൺവെൻഷനു ശേഷം ആ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള പ്രചോദനം ശക്തമായതായി അവർക്കു തോന്നി. “മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ഉത്സാഹത്തോടും സ്നേഹത്തോടും കൂടെ” ആണ് ബൈബിൾവിദ്യാർഥികൾ ആ കൺവെൻഷൻ കഴിഞ്ഞ് തിരികെപ്പോയതെന്ന് ഏതെൽ ബെനെകോഫ് സഹോദരി പറഞ്ഞു. “ആർ പോകും” എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഉറച്ച തീരുമാനമെടുത്താണ് അന്ന് 18 വയസ്സുണ്ടായിരുന്ന ഒഡേസാ റ്റെക് സഹോദരി അവിടം വിട്ടത്. സഹോദരി പറഞ്ഞു: “എന്താണെന്നോ എവിടേക്കാണെന്നോ എങ്ങനെയാണെന്നോ എനിക്ക് അറിയില്ലായിരുന്നു. എന്തുതന്നെയായാലും, യശയ്യയെപ്പോലെ ‘ഇതാ ഞാൻ, എന്നെ അയച്ചാലും!’ എന്നു പറയാനാണു ഞാൻ ആഗ്രഹിച്ചത്.” (യശ. 6:8) റാൾഫ് ലെഫ്ളർ സഹോദരന്റെ വാക്കുകൾ ഇതായിരുന്നു: “ഇന്നു മുഴുലോകത്തിലും നടന്നുകൊണ്ടിരിക്കുന്ന, ദൈവരാജ്യ പ്രചാരണ പരിപാടിക്കു ശരിക്കും തുടക്കം കുറിച്ചത് അവിസ്മരണീയമായ ആ ദിനത്തിലാണ്.”
1922-ൽ ഒഹായോയിലെ സീഡാർ പോയിന്റിൽ നടന്ന ആ കൺവെൻഷൻ ദിവ്യാധിപത്യചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ജോർജ് ഗാംഗസ് സഹോദരൻ പറഞ്ഞു: “ഒരു കൺവെൻഷൻപോലും മുടക്കരുതെന്നു തീരുമാനിക്കാൻ ആ കൺവെൻഷൻ എന്നെ പ്രേരിപ്പിച്ചു.” പിന്നീട് ഒരിക്കലും കൺവെൻഷൻ മുടക്കിയതായി അദ്ദേഹം ഓർക്കുന്നില്ല. ജൂലിയ വിൽക്കാക്സ് സഹോദരി ഇങ്ങനെ എഴുതി: “1922-ലെ സീഡാർ പോയിന്റ് കൺവെൻഷനെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വരുമ്പോഴൊക്കെ ഞാൻ കോരിത്തരിക്കാറുണ്ട്. ഞാൻ യഹോവയോടു പറയും: ‘അന്ന് അവിടെയായിരിക്കാൻ എന്നെ അനുവദിച്ചതിന് യഹോവേ, അങ്ങയ്ക്കു നന്ദി.’”
ഇതുപോലുള്ള ഏതെങ്കിലും ഒരു കൺവെൻഷൻ നമ്മളിൽ പലരുടെയും മനസ്സിൽ ആവേശവും ഉത്സാഹവും നിറച്ചിട്ടുണ്ടാകും. മഹാദൈവത്തോടും ദൈവം ഏർപ്പെടുത്തിയ രാജാവിനോടും ഉള്ള നമ്മുടെ സ്നേഹം വർധിപ്പിച്ച ആ കൺവെൻഷന്റെ മധുരസ്മരണകൾ അയവിറക്കുമ്പോൾ നമ്മളും ഇങ്ങനെ പറയാൻ പ്രേരിതരാകും: “അന്ന് അവിടെയായിരിക്കാൻ എന്നെ അനുവദിച്ചതിന് യഹോവേ, അങ്ങയ്ക്കു നന്ദി.”