ചരിത്രസ്മൃതികൾ
പൊതുപ്രസംഗങ്ങൾ അയർലൻഡിലെങ്ങും സന്തോഷവാർത്ത വ്യാപിപ്പിക്കുന്നു
വർഷം 1910. മെയ് മാസത്തിലെ ഒരു പ്രഭാതം. ബെൽഫാസ്റ്റ് ലാക് ഉൾക്കടൽ കീറിമുറിച്ചുകൊണ്ട് ഒരു ബോട്ട് കുതിച്ചുപായുകയാണ്. പ്രഭാതവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന മലനിരകളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് അതിന്റെ മേൽത്തട്ടിൽ കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു. അതിലൊരാളായിരുന്ന ചാൾസ് റ്റെയ്സ് റസ്സലിന്റെ അഞ്ചാമത്തെ അയർലൻഡ് യാത്രയായിരുന്നു അത്. നിർമാണത്തിലിരിക്കുന്ന രണ്ടു കൂറ്റൻ കപ്പലുകൾ റസ്സൽ സഹോദരൻ കണ്ടു, ടൈറ്റാനിക്കും ഒളിമ്പിക്കും.a കപ്പൽനിർമാണശാലയുടെ അപ്പുറത്തുള്ള ജെട്ടിയിൽ 12-ഓളം ബൈബിൾവിദ്യാർഥികൾ അദ്ദേഹത്തെയും കാത്ത് നിൽപ്പുണ്ടായിരുന്നു.
ആ സംഭവത്തിന് ഏകദേശം 20 വർഷം പിന്നിലേക്കു നമുക്കു പോകാം. ലോകമെങ്ങും സന്തോഷവാർത്ത വ്യാപിപ്പിക്കുന്നതിന് ഏറ്റവും നല്ല മാർഗങ്ങൾ തേടിക്കൊണ്ട് അമേരിക്കയിൽനിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്രകൾ നടത്താൻ റസ്സൽ സഹോദരൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ആദ്യയാത്ര 1891 ജൂലൈയിൽ അയർലൻഡിലേക്കായിരുന്നു. സിറ്റി ഓഫ് ചിക്കാഗോ എന്ന കപ്പലിന്റെ മേൽത്തട്ടിൽ നിന്ന്, അദ്ദേഹം അടുത്തടുത്തുവരുന്ന ക്വീൻസ്ടൗൺ കടൽത്തീരത്തിന്റെ മീതെ സൂര്യൻ എരിഞ്ഞടങ്ങുന്നതു കണ്ടു. ഒരുപക്ഷേ തന്റെ മാതാപിതാക്കൾ അവരുടെ ജന്മനാടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലേക്കു വന്നിരിക്കാം. വൃത്തിയുള്ള നഗരങ്ങളും മനോഹരമായ നാട്ടിൻപുറങ്ങളും പിന്നിടുമ്പോൾ റസ്സൽ സഹോദരനും അദ്ദേഹത്തിന്റെ സഹകാരികൾക്കും ഒരു കാര്യം മനസ്സിലായി, “ഇതു കൊയ്ത്തിനു പാകമായ ഒരു വയൽത്തന്നെ.”
റസ്സൽ സഹോദരൻ മൊത്തം ഏഴു തവണ അയർലൻഡ് സന്ദർശിച്ചു. ആദ്യസന്ദർശനം ആളുകളിൽ നല്ല താത്പര്യം ഉണർത്തിയതുകൊണ്ട് പിന്നീടുള്ള സന്ദർശനങ്ങളിൽ നൂറുകണക്കിന്, ചിലപ്പോൾ ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാനായി കൂടിവന്നു. 1903 മെയ്യിൽ അദ്ദേഹം രണ്ടാമത് അയർലൻഡിൽ എത്തിയപ്പോൾ ബെൽഫാസ്റ്റിലും ഡബ്ലിനിലും നടക്കാനിരുന്ന പൊതുപ്രസംഗങ്ങൾ പ്രാദേശിക ദിനപ്പത്രങ്ങൾ പരസ്യംചെയ്തു. അബ്രാഹാമിന്റെ വിശ്വാസത്തെയും മനുഷ്യർക്കുള്ള ഭാവിയനുഗ്രഹങ്ങളെയും കുറിച്ചുള്ള “ആണയോടുകൂടിയ വാഗ്ദാനം” എന്ന പ്രസംഗം “സദസ്സ് വളരെ ശ്രദ്ധയോടെ കേട്ടിരുന്നു” എന്നു റസ്സൽ സഹോദരൻ പിന്നീട് ഒരിക്കൽ പറയുകയുണ്ടായി.
ആളുകളുടെ താത്പര്യം കണക്കിലെടുത്ത് തന്റെ മൂന്നാമത്തെ യൂറോപ്യൻപര്യടനത്തിൽ റസ്സൽ സഹോദരൻ അയർലൻഡിലേക്കും പോയി. 1908 ഏപ്രിലിലെ ഒരു പ്രഭാതത്തിൽ അദ്ദേഹം ബെൽഫാസ്റ്റ് തുറമുഖത്ത് എത്തിയപ്പോൾ അഞ്ചു സഹോദരന്മാർ അദ്ദേഹത്തെ സ്വാഗതം ചെയ്യാനായി അവിടെ നിൽപ്പുണ്ടായിരുന്നു. “സാത്താന്റെ സാമ്രാജ്യം മറിച്ചിടപ്പെടുന്നു” എന്ന പ്രസംഗം പരസ്യം ചെയ്തിരുന്നു. അന്നു വൈകുന്നേരം അതു കേൾക്കാനായി താത്പര്യക്കാരായ 300 പേർ കൂടിവന്നു. അക്കൂട്ടത്തിൽ ഒരാൾ എതിർവാദങ്ങൾ ഉന്നയിച്ചെങ്കിലും റസ്സൽ സഹോദരൻ തിരുവെഴുത്തുകൾ ഫലകരമായി ഉപയോഗിച്ച് അദ്ദേഹത്തെ നിശ്ശബ്ദനാക്കി. ഡബ്ലിനിൽ ഇതിനെക്കാൾ കൂടുതൽ റസ്സൽ സഹോദരനെ എതിർത്ത ഒരാളുണ്ടായിരുന്നു, വൈഎംസിഎ-യുടെ സെക്രട്ടറിയായിരുന്ന ഒക്കോണർ. അവിടെ പ്രസംഗം കേൾക്കാൻവന്ന ആയിരത്തിലധികം ആളുകളെ അദ്ദേഹം ബൈബിൾവിദ്യാർഥികൾക്കെതിരെ തിരിക്കാൻ ശ്രമിച്ചു. എന്താണു സംഭവിച്ചത്?
നമുക്കു കാലത്തിലൂടെ പുറകോട്ടുപോയി അന്നു നടന്നിരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ഒന്നു ഭാവനയിൽ കാണാൻ ശ്രമിക്കാം. ബൈബിൾസത്യം കണ്ടെത്താൻ താത്പര്യമുണ്ടായിരുന്ന ഒരാൾ പ്രസംഗം കേൾക്കാനായി അവിടെ എത്തുന്നു. ദി ഐറിഷ് റ്റൈംസിൽ വന്ന പരസ്യം കണ്ടാണ് അദ്ദേഹം വന്നിരിക്കുന്നത്. തിങ്ങിനിറഞ്ഞ സദസ്സിൽ അദ്ദേഹം കഷ്ടപ്പെട്ട് ഒരു സീറ്റ് കണ്ടുപിടിച്ചു. നീണ്ട, കറുത്ത കോട്ട് ധരിച്ച, നരച്ച മുടിയുള്ള, താടിക്കാരനായ റസ്സൽ സഹോദരന്റെ പ്രസംഗം അദ്ദേഹം ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് യഥേഷ്ടം ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് റസ്സൽ സഹോദരൻ പ്രസംഗിക്കുന്നു. സഹോദരൻ ഒന്നിനു പിറകേ ഒന്നായി തിരുവെഴുത്തുതെളിവുകൾ നിരത്തുകയാണ്. ഇതു സത്യം മനസ്സിലാക്കാൻ ആ വ്യക്തിയെ സഹായിച്ചു. മൈക്കിന്റെയൊന്നും സഹായംകൂടാതെ ഒന്നര മണിക്കൂറോളം സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിറുത്തിക്കൊണ്ട് സഹോദരന്റെ ശബ്ദം ആ ഓഡിറ്റോറിയത്തിന്റെ മുക്കിലും മൂലയിലും എത്തുന്നുണ്ടായിരുന്നു. അതിനു ശേഷമുള്ള ചോദ്യോത്തര സെഷനിൽ ഒക്കോണറും സുഹൃത്തുക്കളും ഉന്നയിച്ച തടസ്സവാദങ്ങളെല്ലാം ബൈബിൾ ഉപയോഗിച്ച് സഹോദരൻ ഖണ്ഡിച്ചു. സദസ്സു കരഘോഷം മുഴക്കി. രംഗം ശാന്തമായപ്പോൾ കൂടുതൽ പഠിക്കുന്നതിനായി ആ വ്യക്തി സഹോദരന്മാരുടെ അടുത്ത് വന്നു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് ധാരാളം പേർ ഈ വിധത്തിൽ സത്യം പഠിച്ചിട്ടുണ്ട്.
1909 മെയ് മാസത്തിൽ റസ്സൽ സഹോദരൻ നാലാമത്തെ സന്ദർശനത്തിനായി മൗറിറ്റാനിയ എന്ന കപ്പലിൽ ന്യൂയോർക്കിൽനിന്ന് തിരിക്കുമ്പോൾ സ്റ്റെനോഗ്രാഫറായ ഹണ്ട്സിംഗർ സഹോദരനെയും കൂടെ കൂട്ടി. യാത്രയ്ക്കിടെ വീക്ഷാഗോപുരം മാസികയ്ക്കുവേണ്ടിയുള്ള ലേഖനങ്ങൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതിനായിരുന്നു ഇത്. ബെൽഫാസ്റ്റിൽ റസ്സൽ സഹോദരൻ നടത്തിയ പ്രസംഗം കേൾക്കാൻ നാട്ടുകാരായ 450 പേർ എത്തിയിരുന്നു. ഇരിക്കാൻ സ്ഥലമില്ലാതിരുന്നതുകൊണ്ട് 100-ഓളം പേർ നിന്നുകൊണ്ടാണു പ്രസംഗം കേട്ടത്.
ലൂസിറ്റാനിയ എന്ന കപ്പലിൽ റസ്സൽ സഹോദരൻ
തുടക്കത്തിൽ പരാമർശിച്ച അഞ്ചാമത്തെ സന്ദർശനത്തിലും കാര്യങ്ങൾക്കു മാറ്റമൊന്നുമുണ്ടായില്ല. ഡബ്ലിനിൽ ഒക്കോണർ പേരുകേട്ട ഒരു ദൈവശാസ്ത്രജ്ഞനെയും കൂട്ടിയാണു വന്നത്. പ്രസംഗത്തിനു ശേഷം ദൈവശാസ്ത്രജ്ഞന്റെ ചോദ്യങ്ങൾക്കു റസ്സൽ സഹോദരൻ തിരുവെഴുത്തുകളിൽനിന്ന് മറുപടി കൊടുത്തു. സദസ്സിന് ഇതു നന്നേ ബോധിച്ചു. പിറ്റെ ദിവസം സഹോദരങ്ങൾ തപാലുമായി പോകുന്ന ഒരു സ്പീഡ് ബോട്ടിൽ ലിവർപൂളിലെത്തി പ്രസിദ്ധമായ ലൂസിറ്റാനിയ കപ്പലിൽ കയറി ന്യൂയോർക്കിലേക്കു പോയി.b
പൊതുപ്രസംഗം ഐറിഷ് റ്റൈംസിൽ പരസ്യം ചെയ്തിരിക്കുന്നു, 1910 മെയ് 20
റസ്സൽ സഹോദരന്റെ ആറാമത്തെയും ഏഴാമത്തെയും പര്യടനങ്ങളിലും മുൻകൂട്ടി പരസ്യംചെയ്ത പ്രസംഗങ്ങൾ നടത്തി. 1911-ലായിരുന്നു അത്. ആ വർഷം ഏപ്രിലിൽ, വെറും 20 ബൈബിൾവിദ്യാർഥികൾ മാത്രമുണ്ടായിരുന്ന ബെൽഫാസ്റ്റ് നഗരത്തിൽ 2,000 പേർ “ഇതിനുശേഷം” എന്ന പ്രസംഗം കേൾക്കാൻ കൂടിവന്നു. ഡബ്ലിനിൽ എത്തിയപ്പോൾ, വീണ്ടും ഒക്കോണർ മറ്റൊരു മതശുശ്രൂഷകനുമായി വന്നു. പക്ഷേ തിരുവെഴുത്തുകൾ ഉപയോഗിച്ച് റസ്സൽ സഹോദരൻ കൊടുത്ത മറുപടികൾ ജനം ഹർഷാരവത്തോടെയാണു സ്വീകരിച്ചത്. ആ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ അദ്ദേഹം മറ്റു പട്ടണങ്ങൾ സന്ദർശിച്ചു, എല്ലായിടത്തും നല്ല ഹാജരുണ്ടായിരുന്നു. 100 റൗഡികളുമായി എത്തിയ ഒക്കോണർ ഡബ്ലിനിലെ മീറ്റിങ്ങ് ഒരിക്കൽക്കൂടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ സദസ്സ് ഉത്സാഹത്തോടെ പ്രസംഗകനെ പിന്തുണച്ചു.
അക്കാലത്ത് പ്രധാനമായും പൊതുപ്രസംഗങ്ങൾ നടത്തിയിരുന്നതു റസ്സൽ സഹോദരനായിരുന്നെങ്കിലും, “ഒരു മനുഷ്യനെ ആശ്രയിച്ചല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നത്” എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. “ഇതു മനുഷ്യരുടെ പ്രവർത്തനമല്ല, ദൈവത്തിന്റേതാണ്” എന്ന് അദ്ദേഹം മനസ്സിലാക്കി. മുൻകൂട്ടി പരസ്യംചെയ്ത അത്തരം പ്രസംഗങ്ങൾ തിരുവെഴുത്തുസത്യങ്ങൾ അറിയിക്കാനുള്ള നല്ല അവസരങ്ങളായിരുന്നു. ഇന്നത്തെ പൊതുപ്രസംഗങ്ങളുടെ മുന്നോടിയായിരുന്നു ആ പരസ്യപ്രസംഗങ്ങൾ. അവ എന്തു നേട്ടം കൈവരുത്തി? സന്തോഷവാർത്ത വ്യാപിക്കാൻ സഹായിച്ചു, അയർലൻഡിലെ അനേകം നഗരങ്ങളിൽ സഭകൾ സ്ഥാപിക്കപ്പെട്ടു.—ബ്രിട്ടനിലെ ശേഖരത്തിൽനിന്ന്.
a രണ്ടു വർഷത്തിനുള്ളിൽ ടൈറ്റാനിക് അപകടത്തിൽപ്പെട്ട് കടലിന്റെ ആഴങ്ങളിലേക്കു താണുപോയി.
b ലൂസിറ്റാനിയ 1915 മെയ്യിൽ അയർലൻഡിന്റെ തെക്കൻ തീരത്തുവെച്ച് ബോംബാക്രമണത്തിൽ തകർക്കപ്പെട്ടു.