പഠനലേഖനം 1
ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കുക
2021-ലെ വാർഷികവാക്യം: ‘ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കുക; അതാണു നിങ്ങളുടെ ബലം.’—യശ. 30:15.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
പൂർവാവലോകനംa
1. ദാവീദ് രാജാവിനെപ്പോലെ നമ്മളിൽ ചിലർ എന്തു ചോദിച്ചേക്കാം?
ശാന്തതയും സമാധാനവും ഉള്ള ഒരു ജീവിതം ഉണ്ടായിരിക്കാനാണ് നമ്മൾ എല്ലാം ആഗ്രഹിക്കുന്നത്. ഉത്കണ്ഠ നമുക്ക് ആർക്കും ഇഷ്ടമുള്ള ഒന്നല്ല. എങ്കിലും ചിലപ്പോഴൊക്കെ ഉത്കണ്ഠ നമ്മളെ വരിഞ്ഞുമുറുക്കിയേക്കാം. ദാവീദ് രാജാവ് യഹോവയോടു ചോദിച്ചതുപോലെ ഇന്നത്തെ ചില ദൈവദാസരും ഇങ്ങനെ ചോദിക്കാനിടയുണ്ട്: “ഞാൻ എത്ര നാൾ ആകുലചിത്തനായി കഴിയണം? എത്ര കാലം ദുഃഖഭാരമുള്ള ഹൃദയത്തോടെ ദിവസങ്ങൾ ഒന്നൊന്നായി തള്ളിനീക്കണം?”—സങ്കീ. 13:2.
2. നമ്മൾ ഈ ലേഖനത്തിൽ എന്താണു പഠിക്കാൻ പോകുന്നത്?
2 ഉത്കണ്ഠയിൽനിന്ന് ഒരു പൂർണമോചനം നമുക്ക് ഇപ്പോൾ പ്രതീക്ഷിക്കാനാവില്ലെങ്കിലും ഒരു പരിധിവരെ നമുക്ക് അതിനെ നിയന്ത്രിക്കാനാകും. ഈ ലേഖനത്തിൽ നമ്മൾ ആദ്യം ഉത്കണ്ഠയുടെ ചില കാരണങ്ങൾ ചിന്തിക്കും. അതു കഴിഞ്ഞ്, പ്രശ്നങ്ങൾ നേരിടുമ്പോഴും ശാന്തരായി നിൽക്കാൻ നമ്മളെ സഹായിക്കുന്ന ആറു കാര്യങ്ങൾ ചർച്ച ചെയ്യും.
ഉത്കണ്ഠയ്ക്ക് ഇടയാക്കിയേക്കാവുന്ന കാര്യങ്ങൾ
3. നമ്മളെ ഏതെല്ലാം കാര്യങ്ങൾ ഉത്കണ്ഠപ്പെടുത്തിയേക്കാം, അവയുടെമേൽ നമുക്കു നിയന്ത്രണമുണ്ടോ?
3 ഉത്കണ്ഠയ്ക്ക് ഇടയാക്കിയേക്കാവുന്ന പല കാര്യങ്ങളുണ്ട്. പക്ഷേ അവയിൽ മിക്കവയും നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ല. ഉദാഹരണത്തിന്, ഭക്ഷണം, വസ്ത്രം, താമസസൗകര്യങ്ങൾ എന്നിവയുടെ ചെലവ് ഓരോ വർഷവും ഉയരുകയാണ്. അതു തടയാൻ നമുക്ക് ഒന്നും ചെയ്യാനാകില്ല. അതുപോലെതന്നെയാണ് കള്ളത്തരം കാണിക്കാനോ അധാർമികതയിൽ ഏർപ്പെടാനോ നമ്മളെ കൂടെക്കൂടെ പ്രേരിപ്പിക്കുന്ന സഹപാഠികളുടെയും സഹജോലിക്കാരുടെയും കാര്യവും. നമ്മുടെ ചുറ്റുപാടും നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാനും നമുക്ക് കഴിയില്ല. ഇന്നുള്ള മിക്ക ആളുകളും ബൈബിൾതത്ത്വങ്ങൾക്ക് ചേർച്ചയിലല്ല ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് നമുക്ക് ഇത്തരം പ്രശ്നങ്ങളൊക്കെ നേരിടേണ്ടിവരുന്നത്. കൂടാതെ ‘ഈ വ്യവസ്ഥിതിയിലെ ഉത്കണ്ഠകൾ’ പിടികൂടിയാൽ ചില ആളുകൾ യഹോവയെ സേവിക്കുന്നതു നിറുത്തുമെന്ന് ഈ ലോകത്തിന്റെ ദൈവമായ സാത്താന് അറിയാം. (മത്താ. 13:22; 1 യോഹ. 5:19) നമ്മളെ സമ്മർദത്തിലാക്കുന്ന പ്രശ്നങ്ങൾകൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?
4. കഠിനമായ സമ്മർദങ്ങളുണ്ടാകുമ്പോൾ അതു നമ്മുടെ മനസ്സിനെ എങ്ങനെ ബാധിച്ചേക്കാം?
4 കഠിനമായ സമ്മർദങ്ങളുണ്ടാകുമ്പോൾ നമ്മുടെ മനസ്സ് ആകെ അസ്വസ്ഥമായേക്കാം. ഉദാഹരണത്തിന്, ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പണമില്ലാതെ വരുമോ, എന്തെങ്കിലും രോഗം പിടിപെട്ടിട്ട് ജോലി ചെയ്യാനാകാതെ വരുമോ, അല്ലെങ്കിൽ ജോലിതന്നെ നഷ്ടപ്പെടുമോ എന്നൊക്കെ ചിലർ വേവലാതിപ്പെട്ടേക്കാം. ഇനി, ദൈവനിയമം ലംഘിച്ച് ദൈവത്തോട് അവിശ്വസ്തനായിത്തീരുമോ എന്ന് ചിലർ ഉത്കണ്ഠപ്പെടുന്നു. തന്റെ സ്വാധീനത്തിലുള്ളവരെ ഉപയോഗിച്ച് പെട്ടെന്നുതന്നെ സാത്താൻ ദൈവജനത്തെ ആക്രമിക്കുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കും എന്നതായിരിക്കാം നമ്മുടെ ഉത്കണ്ഠ. ‘ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം ആകുലപ്പെടുന്നതിൽ തെറ്റുണ്ടോ?’ എന്ന് നമ്മൾ ചിന്തിച്ചേക്കാം.
5. “ഇനി ഉത്കണ്ഠപ്പെടരുത്” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
5 യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ഇനി ഉത്കണ്ഠപ്പെടരുത്.” (മത്താ. 6:25) നമ്മൾ ഒന്നിനെക്കുറിച്ചും ഓർത്ത് വിചാരപ്പെടരുത് എന്നാണോ യേശു ഉദ്ദേശിച്ചത്? അങ്ങനെയല്ല. മുൻകാലങ്ങളിൽ ജീവിച്ചിരുന്ന യഹോവയുടെ ദാസരിൽ ചിലർക്കും ഉത്കണ്ഠകൾ തോന്നിയിട്ടുണ്ട്. പക്ഷേ അവർക്കൊന്നും യഹോവയുടെ പ്രീതി നഷ്ടപ്പെട്ടില്ല.b (1 രാജാ. 19:4; സങ്കീ. 6:3) സത്യത്തിൽ, നമുക്ക് ധൈര്യം പകരാൻവേണ്ടിയാണ് യേശു അങ്ങനെ പറഞ്ഞത്. കാരണം യഹോവയ്ക്കുള്ള സേവനമായിരിക്കണം നമ്മുടെ ജീവിതത്തിൽ ഒന്നാമത്. അനുദിന ജീവിത ഉത്കണ്ഠകൾ അതിനൊരു തടസ്സമാകാൻ യേശു ആഗ്രഹിച്ചില്ല. അങ്ങനെയെങ്കിൽ നമ്മുടെ ഉത്കണ്ഠകൾ കുറയ്ക്കാൻ എന്തെങ്കിലും വഴികളുണ്ടോ?—“ഉത്കണ്ഠകൾ കുറയ്ക്കാൻ” എന്ന ചതുരം കാണുക.
ശാന്തരായിരിക്കാൻ സഹായിക്കുന്ന ആറു കാര്യങ്ങൾ
6-ാം ഖണ്ഡിക കാണുകc
6. ഫിലിപ്പിയർ 4:6, 7 പറയുന്നതനുസരിച്ച് ശാന്തരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
6 (1) കൂടെക്കൂടെ പ്രാർഥിക്കുക. നിങ്ങൾ ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുകയാണോ? എങ്കിൽ ആത്മാർഥമായി യഹോവയോട് പ്രാർഥിക്കുക. (1 പത്രോ. 5:7) “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” തന്നുകൊണ്ട് യഹോവ നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം തരും. (ഫിലിപ്പിയർ 4:6, 7 വായിക്കുക.) യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് നമ്മുടെ മനസ്സിനെ ശാന്തമാക്കും.—ഗലാ. 5:22.
7. ദൈവത്തോടു പ്രാർഥിക്കുമ്പോൾ നമ്മൾ എന്തു മനസ്സിൽപ്പിടിക്കണം?
7 പ്രാർഥിക്കുമ്പോൾ നിങ്ങളുടെ ഹൃദയം തുറന്ന് നിങ്ങളുടെ വികാരങ്ങളെല്ലാം യഹോവയുടെ മുന്നിൽ പകരുക. ഓരോ കാര്യവും എടുത്തെടുത്ത് പറയുക. നിങ്ങളുടെ പ്രശ്നമെന്താണ്, അതെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്, അതെല്ലാം പറയുക. പ്രശ്നം പരിഹരിക്കാനാകുന്നതാണെങ്കിൽ, വേണ്ടതു ചെയ്യാനുള്ള ജ്ഞാനത്തിനും ശക്തിക്കും ആയി പ്രാർഥിക്കുക. ഇനി, നമ്മളെക്കൊണ്ട് പരിഹരിക്കാൻ കഴിയാത്ത പ്രശ്നമാണെങ്കിൽ അതെക്കുറിച്ച് പരിധിവിട്ട് ഉത്കണ്ഠപ്പെടാതിരിക്കാനുള്ള സഹായത്തിനായി യഹോവയോട് യാചിക്കുക. നമ്മുടെ പ്രശ്നങ്ങൾ ഓരോന്നും എടുത്തുപറഞ്ഞ് പ്രാർഥിക്കുമ്പോൾ യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നത് നമുക്ക് കൂടുതൽ വ്യക്തമായി കാണാൻ കഴിയും. ഇനി, ഉടനെ ഉത്തരം കിട്ടിയില്ലെങ്കിലും പ്രാർഥിക്കുന്നത് നിറുത്തിക്കളയരുത്. കാരണം നമ്മൾ മടുത്ത് പിന്മാറാതെ ചോദിച്ചുകൊണ്ടിരിക്കാനും യഹോവ പ്രതീക്ഷിക്കുന്നു.—ലൂക്കോ. 11:8-10.
8. നമ്മുടെ പ്രാർഥനകളിൽ എന്തുകൂടെ ഉൾപ്പെടുത്തണം?
8 നിങ്ങളുടെ ഉത്കണ്ഠകളൊക്കെ യഹോവയുടെ മുമ്പാകെ പകരുന്നതോടൊപ്പം നന്ദിവാക്കുകളും ഉൾപ്പെടുത്താൻ മറക്കരുത്. നമുക്ക് പലപല പ്രശ്നങ്ങൾ ഉള്ളപ്പോഴും നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു നല്ലതാണ്. നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ശരിയായ വാക്കുകൾ കിട്ടാത്തപ്പോൾ ‘യഹോവേ സഹായിക്കണേ’ എന്നു മാത്രം പറഞ്ഞാലും യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരും.—2 ദിന. 18:31; റോമ. 8:26.
9-ാം ഖണ്ഡിക കാണുകd
9. യഥാർഥ സുരക്ഷിതത്വം കണ്ടെത്താൻ നമ്മൾ എന്തു ചെയ്യണം?
9 (2) നിങ്ങളുടെ സ്വന്തം ജ്ഞാനത്തിലല്ല, യഹോവയുടെ ജ്ഞാനത്തിൽ ആശ്രയിക്കുക. യശയ്യ പ്രവാചകന്റെ നാളിലെ യഹൂദാജനം അസീറിയക്കാർ തങ്ങളെ ആക്രമിക്കാൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ ഭയന്നുപോയി. അസീറിയക്കാരുടെ അടിമത്തത്തിലാകുന്നത് എങ്ങനെയും ഒഴിവാക്കാൻവേണ്ടി അവർ പുറജാതീയ രാഷ്ട്രമായ ഈജിപ്തിന്റെ സഹായം തേടി. (യശ. 30:1, 2) സഹായത്തിനായി ഈജിപ്തിൽ ആശ്രയിക്കുന്നത് ദുരന്തത്തിലേ കലാശിക്കൂ എന്ന് യഹോവ മുന്നറിയിപ്പ് കൊടുത്തിരുന്നതാണ്. (യശ. 30:7, 12, 13) യഥാർഥ സുരക്ഷിതത്വം എവിടെ കണ്ടെത്താൻ കഴിയുമെന്ന് യശയ്യയിലൂടെ യഹോവ തന്റെ ജനത്തോട് പറഞ്ഞിരുന്നു. യശയ്യ പറഞ്ഞു: ‘ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കുക; അതാണു നിങ്ങളുടെ ബലം.’—യശ. 30:15ബി.
10. യഹോവയിലുള്ള ആശ്രയം തെളിയിക്കാൻ നമുക്ക് കഴിയുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
10 യഹോവയിൽ ആശ്രയിക്കുന്നെന്നു കാണിക്കാൻ കഴിയുന്ന പല സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിലുണ്ടായേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് കൂടുതൽ ശമ്പളമുള്ള പുതിയ ഒരു ജോലി കിട്ടുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്, ഒരുപാട് സമയം അതിനു വേണ്ടിവരും; ആത്മീയപ്രവർത്തനങ്ങൾക്ക് അതൊരു തടസ്സമാകുകയും ചെയ്യും. അല്ലെങ്കിൽ ജോലിസ്ഥലത്തെ ഒരു വ്യക്തി നിങ്ങളുമായി പ്രണയബന്ധത്തിലാകാൻ ആഗ്രഹിക്കുന്നു. പക്ഷേ ആ വ്യക്തി സ്നാനപ്പെട്ട ഒരു യഹോവയുടെ സാക്ഷിയല്ല. ഇനി, നിങ്ങളുടെ പ്രിയപ്പെട്ട ഒരു കുടുംബാംഗം നിങ്ങളോട് പറയുന്നു: “അവസാനമായി ചോദിക്കുകയാണ്, നിനക്ക് ഞാൻ വേണോ അതോ നിന്റെ ദൈവം വേണോ?” എന്ന്. ഈ ഓരോ അവസരത്തിലും നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമെടുക്കേണ്ടി വരും. പക്ഷേ ഓരോ സാഹചര്യത്തിലും യഹോവ നിങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ തരും. (മത്താ. 6:33; 10:37; 1 കൊരി. 7:39) എന്നാൽ ചോദ്യം ഇതാണ്: നിങ്ങൾ യഹോവയിൽ ആശ്രയിച്ചുകൊണ്ട് യഹോവ നൽകുന്ന നിർദേശങ്ങൾ അനുസരിക്കുമോ?
11-ാം ഖണ്ഡിക കാണുകe
11. എതിർപ്പുകൾ നേരിടുമ്പോൾ ശാന്തരായിരിക്കാൻ ഏത് ബൈബിൾവിവരണങ്ങളെക്കുറിച്ച് പഠിക്കുന്നത് സഹായിക്കും?
11 (3) നല്ലതും മോശവും ആയ ദൃഷ്ടാന്തങ്ങളിൽനിന്ന് പഠിക്കുക. ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ധാരാളം ആളുകളുടെ വിവരണങ്ങൾ ബൈബിളിലുണ്ട്. ആ ബൈബിൾവിവരണങ്ങൾ പഠിക്കുമ്പോൾ അങ്ങേയറ്റം എതിർപ്പുകൾ നേരിട്ടപ്പോഴും ശാന്തരായി നിൽക്കാൻ ആ ദൈവദാസരെ എന്താണ് സഹായിച്ചത് എന്നു ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ജൂതന്മാരുടെ സുപ്രീംകോടതി പ്രസംഗപ്രവർത്തനം നിറുത്താൻ ഉത്തരവിട്ടപ്പോൾ അപ്പോസ്തലന്മാർ ഭയന്നുപോയില്ല. പകരം അവർ ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.” (പ്രവൃ. 5:29) അടി കിട്ടിയിട്ടുപോലും അവർക്ക് പേടി തോന്നിയില്ല. കാരണം തങ്ങൾ യഹോവയെ സന്തോഷിപ്പിച്ചെന്നും യഹോവ തങ്ങളോടൊപ്പമുണ്ടെന്നും അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ സന്തോഷവാർത്ത തുടർന്നും പ്രസംഗിച്ചു. (പ്രവൃ. 5:40-42) അതുപോലെതന്നെ മരണം തൊട്ടുമുന്നിൽ എത്തിയപ്പോഴും ശിഷ്യനായ സ്തെഫാനൊസിന്റെ സമാധാനവും ശാന്തതയും നഷ്ടമായില്ല. ആ സമയത്ത് അദ്ദേഹത്തിന്റെ മുഖം ‘ഒരു ദൈവദൂതന്റെ മുഖംപോലിരുന്നു.’ (പ്രവൃ. 6:12-15) തനിക്ക് യഹോവയുടെ അംഗീകാരമുണ്ട് എന്ന ഉറപ്പാണ് സ്തെഫാനൊസിന് അത്രയും ശാന്തത കൊടുത്തത്.
12. 1 പത്രോസ് 3:14-ഉം 4:14-ഉം അനുസരിച്ച് ഉപദ്രവങ്ങൾ നേരിടുമ്പോഴും നമുക്ക് സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
12 യഹോവ തങ്ങളുടെ കൂടെയുണ്ട് എന്നതിന് അപ്പോസ്തലന്മാർക്ക് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നു. യഹോവ അവർക്ക് അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി നൽകിയിരുന്നു. (പ്രവൃ. 5:12-16; 6:8) പക്ഷേ നമ്മുടെ കാര്യമോ? യഹോവ നമ്മുടെ കൂടെയുണ്ടെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം? നീതി നിമിത്തം കഷ്ടത സഹിക്കേണ്ടിവന്നാലും യഹോവ നമ്മളിൽ സന്തോഷിക്കുന്നുണ്ടെന്നും ദൈവാത്മാവ് നമ്മുടെ കൂടെയുണ്ടെന്നും തന്റെ വചനത്തിലൂടെ ദൈവം നമുക്ക് ഉറപ്പു നൽകിയിട്ടുണ്ട്. (1 പത്രോസ് 3:14; 4:14 വായിക്കുക.) അതുകൊണ്ട് ഭാവിയിൽ കഠിനമായ ഉപദ്രവങ്ങൾ നേരിടുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കും എന്ന് ചിന്തിച്ചുകൊണ്ടിരിക്കാതെ നമ്മളെ പിന്തുണയ്ക്കാനും രക്ഷിക്കാനും ഉള്ള യഹോവയുടെ പ്രാപ്തിയിൽ വിശ്വാസം വർധിപ്പിക്കുകയാണ് നമ്മൾ ഇപ്പോൾ ചെയ്യേണ്ടത്. ആദിമകാലശിഷ്യന്മാരെപ്പോലെ നമ്മളും യേശുവിന്റെ ഈ വാഗ്ദാനത്തിൽ ഉറച്ച് വിശ്വസിക്കണം: “നിങ്ങളുടെ എല്ലാ എതിരാളികളും ഒന്നിച്ചുനിന്നാൽപ്പോലും അവർക്ക് എതിർത്തുപറയാനോ ഖണ്ഡിക്കാനോ പറ്റാത്തതുപോലുള്ള വാക്കുകളും ജ്ഞാനവും ഞാൻ നിങ്ങൾക്ക് തരും.” യേശു നമുക്ക് ഈ ഉറപ്പും തന്നിട്ടുണ്ട്: “സഹിച്ചുനിൽക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവൻ രക്ഷിക്കും.” (ലൂക്കോ. 21:12-19) മാത്രമല്ല, തന്നോട് വിശ്വസ്തരായി മരിച്ച തന്റെ ദാസരെ യഹോവ പുനരുത്ഥാനപ്പെടുത്തും എന്ന കാര്യവും നമ്മൾ മറക്കരുത്. അതിനായി അവരെക്കുറിച്ചുള്ള ചെറിയചെറിയ കാര്യങ്ങൾപോലും യഹോവ ഓർത്തുവെക്കുന്നു.
13. ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കാതിരുന്നവരുടെ അനുഭവങ്ങളിൽനിന്ന് നമുക്ക് പ്രയോജനം ലഭിക്കുന്നത് എങ്ങനെ?
13 ശാന്തരായി യഹോവയിൽ ആശ്രയിക്കാതിരുന്ന ചിലരുടെ അനുഭവങ്ങളിൽനിന്നും നമുക്ക് പാഠങ്ങൾ പഠിക്കാനുണ്ട്. അവർ വരുത്തിയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ അവരെക്കുറിച്ച് പഠിക്കുന്നത് സഹായിക്കും. ഉദാഹരണത്തിന്, യഹൂദയിലെ രാജാവായ ആസയുടെ കാര്യം നോക്കാം. ഭരണത്തിന്റെ തുടക്കത്തിൽ ഒരു വലിയ സൈന്യം ആക്രമിക്കാൻ വന്നപ്പോൾ അദ്ദേഹം യഹോവയിൽ ആശ്രയിച്ചു. യഹോവ അദ്ദേഹത്തിന് വിജയം നൽകുകയും ചെയ്തു. (2 ദിന. 14:9-12) എന്നാൽ പിന്നീട് ഇസ്രായേൽ രാജാവായ ബയെശ അതിനെക്കാൾ ചെറിയൊരു സൈന്യവുമായി ആക്രമിക്കാൻ വന്നപ്പോൾ മുമ്പത്തേതുപോലെ അദ്ദേഹം യഹോവയിൽ ആശ്രയിച്ചില്ല. പകരം സ്വർണവും വെള്ളിയും കൊടുത്തയച്ചുകൊണ്ട് സിറിയയുടെ സൈനികസഹായം തേടി. (2 ദിന. 16:1-3) തന്റെ അവസാനകാലത്ത് ഒരു ഗുരുതരമായ രോഗം പിടിപെട്ടപ്പോഴും അദ്ദേഹം യഹോവയിലേക്ക് തിരിഞ്ഞില്ല.—2 ദിന. 16:12.
14. ആസയുടെ തെറ്റുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 തുടക്കത്തിൽ പ്രശ്നങ്ങൾ നേരിട്ടപ്പോൾ ആസ സഹായത്തിനായി യഹോവയിലേക്ക് നോക്കി. എന്നാൽ പിന്നീട് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. ആസ ഇസ്രായേല്യർക്കെതിരെ സിറിയയുടെ സഹായം ചോദിച്ചത് ശരിയായി എന്ന് ആദ്യം തോന്നി. പക്ഷേ ആ സമാധാനകാലം അധികനാൾ നീണ്ടുനിന്നില്ല. യഹോവ ഒരു പ്രവാചകനിലൂടെ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ സിറിയയിലെ രാജാവിൽ ആശ്രയിച്ചതുകൊണ്ട് സിറിയയിലെ രാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ടിരിക്കുന്നു.” (2 ദിന. 16:7) ‘ദൈവവചനത്തിലൂടെ യഹോവ നൽകുന്ന നിർദേശങ്ങളിൽ ആശ്രയിക്കാതെതന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ എനിക്കാകും’ എന്ന് നമ്മൾ ഒരിക്കലും ചിന്തിക്കരുത്. പെട്ടെന്ന് തീരുമാനമെടുക്കേണ്ട ഒരു സാഹചര്യം ആണെങ്കിൽപ്പോലും ശാന്തരായി നമ്മൾ യഹോവയിൽ ആശ്രയിക്കണം. അപ്പോൾ ശരിയായ തീരുമാനമെടുക്കാൻ യഹോവ നമ്മളെ സഹായിക്കും.
15-ാം ഖണ്ഡിക കാണുകf
15. ബൈബിൾ വായിക്കുമ്പോൾ നമുക്ക് എന്തു ചെയ്യാൻ കഴിയും?
15 (4) ബൈബിൾവാക്യങ്ങൾ മനഃപാഠമാക്കുക. ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്ന ബൈബിൾവാക്യങ്ങൾ കണ്ടെത്തിയാൽ അവ കാണാതെ പഠിക്കാൻ ശ്രമിക്കുക. ആ വാക്യങ്ങൾ ഉറക്കെ വായിക്കുന്നതും എഴുതിവെക്കുന്നതും ഇടയ്ക്കൊക്കെ എടുത്തുനോക്കുന്നതും അവ ഓർത്തിരിക്കാൻ നിങ്ങളെ സഹായിക്കും. ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യാൻ കഴിയേണ്ടതിന് നിയമപുസ്തകം മന്ദസ്വരത്തിൽ ക്രമമായി വായിക്കാൻ യഹോവ യോശുവയോടു പറഞ്ഞു. ഭയന്നുപോകാതിരിക്കാനും ദൈവജനത്തെ ധൈര്യത്തോടെ നയിക്കാനും അതിലെ ഓർമിപ്പിക്കലുകൾ യോശുവയെ സഹായിക്കുമായിരുന്നു. (യോശു. 1:8, 9) പേടിയും ഉത്കണ്ഠയും ഒക്കെ തോന്നുന്ന സാഹചര്യങ്ങളിൽ ദൈവവചനത്തിലെ ചില വാക്കുകൾക്കു നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ കഴിയും.—സങ്കീ. 27:1-3; സുഭാ. 3:25, 26.
16-ാം ഖണ്ഡിക കാണുകg
16. ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കാൻ നമ്മളെ സഹായിക്കുന്നതിന് യഹോവ എങ്ങനെയാണ് സഭയെ ഉപയോഗിക്കുന്നത്?
16 (5) ദൈവജനത്തിന്റെകൂടെ സഹവസിക്കുക. ശാന്തരായിരിക്കാനും യഹോവയിൽ ആശ്രയിക്കാനും നമ്മളെ സഹായിക്കുന്നതിന് യഹോവ നമ്മുടെ സഹോദരങ്ങളെ ഉപയോഗിക്കുന്നു. മീറ്റിങ്ങുകളിൽ നടത്തപ്പെടുന്ന പരിപാടികളും സഹോദരങ്ങൾ പറയുന്ന അഭിപ്രായങ്ങളും അവരുമായി നടത്തുന്ന പ്രോത്സാഹനം പകരുന്ന സംഭാഷണങ്ങളും നമുക്ക് വളരെയധികം പ്രയോജനം ചെയ്യും. (എബ്രാ. 10:24, 25) നമ്മുടെ വിഷമങ്ങൾ സഭയിലെ അടുത്ത സുഹൃത്തുക്കളോട് പറയുന്നതും നമുക്ക് പ്രോത്സാഹനമായിരിക്കും. ഒരു സുഹൃത്ത് പറയുന്ന “ഒരു നല്ല വാക്ക്” ഉത്കണ്ഠയുടെ ഭാരം കുറയ്ക്കാൻ നമ്മളെ വളരെയധികം സഹായിക്കും.—സുഭാ. 12:25.
17-ാം ഖണ്ഡിക കാണുകh
17. എബ്രായർ 6:19 അനുസരിച്ച് പ്രയാസകരമായ സാഹചര്യങ്ങളിൽ ശാന്തരായിരിക്കാൻ രാജ്യപ്രത്യാശയ്ക്ക് നമ്മളെ എങ്ങനെ സഹായിക്കാനാകും?
17 (6) നിങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതാക്കിനിറുത്തുക. രാജ്യപ്രത്യാശ “നമുക്ക് ഒരു നങ്കൂരമാണ്.” സാഹചര്യങ്ങൾ മോശമായാലും ഉത്കണ്ഠകൾ പിടികൂടിയാലും സമചിത്തത കൈവിടാതിരിക്കാൻ അത് നമ്മളെ സഹായിക്കും. (എബ്രായർ 6:19 വായിക്കുക.) ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ മനസ്സിനെ ആകുലപ്പെടുത്തുന്ന ഒരു ചിന്തയും ഉണ്ടായിരിക്കില്ല. (യശ. 65:17) നമ്മളെ അസ്വസ്ഥരാക്കുന്ന ഒരു സാഹചര്യവും അവിടെ കാണില്ല. നിങ്ങൾ അവിടെയായിരിക്കുന്നതായി ഒന്നു ഭാവനയിൽ കാണുക. (മീഖ 4:4) പുതിയ ലോകത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുമ്പോൾ നിങ്ങളുടെ പ്രത്യാശ കൂടുതൽ ശക്തമാകും. അതുകൊണ്ട് പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ കഴിവിന്റെ പരമാവധി ഉൾപ്പെടുക. അങ്ങനെയെങ്കിൽ “നിങ്ങളുടെ പ്രത്യാശ സഫലമാകുമെന്നു നിങ്ങൾക്ക് അവസാനംവരെ പൂർണബോധ്യമുള്ളവരായിരിക്കാൻ” കഴിയും.—എബ്രാ. 6:11.
18. ഭാവിയിൽ നമുക്ക് എന്തു പ്രതീക്ഷിക്കാം? അപ്പോൾ നമുക്ക് എന്ത് ചെയ്യാം?
18 ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോട് അടുക്കുന്നത് അനുസരിച്ച് നമ്മളെ ഉത്കണ്ഠപ്പെടുത്തുന്ന കൂടുതൽക്കൂടുതൽ പ്രതിസന്ധികൾ നമ്മൾ നേരിടേണ്ടിവരും. നമ്മുടെ ശക്തിയിൽ ആശ്രയിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിച്ചുകൊണ്ട് ആ പ്രതിസന്ധികളെ നേരിടാനും ശാന്തരായിരിക്കാനും 2021-ലെ വാർഷികവാക്യം നമ്മളെ സഹായിക്കും. ‘ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കുക; അതാണു നിങ്ങളുടെ ബലം’ എന്ന വാഗ്ദാനത്തിൽ നമുക്ക് വിശ്വാസമുണ്ടെന്ന് 2021-ൽ ഉടനീളം നമ്മുടെ പ്രവൃത്തികളിലൂടെ നമുക്ക് കാണിക്കാം.—യശ. 30:15.
ഗീതം 8 യഹോവ നമുക്ക് അഭയം
a ഇപ്പോഴും ഭാവിയിലും നമ്മളെ മാനസികസമ്മർദത്തിലാക്കുന്ന പ്രശ്നങ്ങൾ നേരിടുമ്പോൾ യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് 2021-ലെ വാർഷികവാക്യം. ഈ വാക്യത്തിലെ ബുദ്ധിയുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
b അമിതമായ ഉത്കണ്ഠയും ഭയവും ഒക്കെ തോന്നുന്ന വിശ്വസ്തരായ ചില സഹോദരങ്ങൾ നമ്മുടെ ഇടയിലുണ്ട്. അത് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. അത്തരത്തിലുള്ള ഉത്കണ്ഠയെക്കുറിച്ചല്ല യേശു പറഞ്ഞത്.
c ചിത്രക്കുറിപ്പ്: (1) ദിവസത്തിൽ പല പ്രാവശ്യം ഒരു സഹോദരി തന്റെ ഉത്കണ്ഠകളെക്കുറിച്ച് ഉള്ളുതുറന്ന് പ്രാർഥിക്കുന്നു.
d ചിത്രക്കുറിപ്പ്: (2) ജോലിസ്ഥലത്ത് ഉച്ചസമയത്തെ ഇടവേളയിൽ സഹോദരി ജ്ഞാനോപദേശങ്ങൾക്കായി ദൈവവചനം വായിക്കുന്നു.
e ചിത്രക്കുറിപ്പ്: (3) ബൈബിളിലെ നല്ല മാതൃക വെച്ചവരുടെയും മോശം മാതൃക വെച്ചവരുടെയും ദൃഷ്ടാന്തങ്ങൾ സഹോദരി ധ്യാനിക്കുന്നു.
f ചിത്രക്കുറിപ്പ്: (4) പ്രോത്സാഹനം പകരുന്ന ഒരു തിരുവെഴുത്ത് കാണാതെ പഠിക്കാൻ സഹോദരി അത് എഴുതി ഫ്രിഡ്ജിനു പുറത്ത് ഒട്ടിച്ചുവെക്കുന്നു.
g ചിത്രക്കുറിപ്പ്: (5) ശുശ്രൂഷയിൽ സുഹൃത്തുക്കളുമൊത്തുള്ള നല്ല സഹവാസം സഹോദരി ആസ്വദിക്കുന്നു.
h ചിത്രക്കുറിപ്പ്: (6) ഭാവിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് സഹോദരി തന്റെ പ്രത്യാശ ശക്തമാക്കുന്നു.