ജീവിതകഥ
യഹോവയോടു പറ്റില്ല എന്നു പറയരുതെന്നു ഞങ്ങൾ പഠിച്ചു
ശക്തമായ ചുഴലിക്കാറ്റിനു ശേഷം നദി കല്ലും ചെളിയും സഹിതം കലങ്ങിമറിയുകയാണ്. ഞങ്ങൾക്കു മറുകരയിൽ എത്താനുള്ള പാലം ആ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിരുന്നു. ഞാനും എന്റെ ഭർത്താവ് ഹാർവിയും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആമിസ് ഭാഷ പരിഭാഷകനും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി. അക്കരെയുണ്ടായിരുന്ന സഹോദരങ്ങൾ ആശങ്കയോടെ നോക്കിനിൽക്കെ ഞങ്ങൾ നദി പതിയെ കുറുകെ കടക്കാൻ തുടങ്ങി. ആദ്യം ഞങ്ങളുടെ ചെറിയ കാർ ഒരു ഇടത്തരം ലോറിയുടെ പുറകിൽ കയറ്റി. ഞങ്ങളുടെ കാർ കെട്ടിവെക്കാൻ കയറോ മറ്റോ ഉണ്ടായിരുന്നില്ല. അങ്ങനെ ലോറി പതിയെ വെള്ളപ്പാച്ചിലിലൂടെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ആ യാത്ര വളരെ ദൈർഘ്യമുള്ളതായി തോന്നി. ഓരോ നിമിഷവും ഞങ്ങൾ പ്രാർഥിച്ചുകൊണ്ടാണ് ഇരുന്നത്. ഏതായാലും ഞങ്ങൾ സുരക്ഷിതരായി മറുകര എത്തി. 1971-ലായിരുന്നു ആ സംഭവം, ഞങ്ങളുടെ ജന്മനാടുകളിൽനിന്നും ആയിരക്കണക്കിന് അകലെയുള്ള തയ്വാന്റെ കിഴക്കൻതീരത്തുവെച്ച്. ഞങ്ങൾ അവിടെ എത്തിപ്പെട്ടത് എങ്ങനെയെന്നു പറയാം.
യഹോവയെ സ്നേഹിക്കാൻ പഠിക്കുന്നു
നാല് ആൺമക്കളിൽ മൂത്തയാളായിരുന്നു ഹാർവി. പശ്ചിമ ഓസ്ട്രേലിയയിലെ മിഡ്ലാന്റ് ജംഗ്ഷനിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. 1930-കളിലെ കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ സമയത്താണ് അവർ സത്യം പഠിച്ചത്. യഹോവയോടു സ്നേഹം വളർത്തിയെടുത്ത ഹാർവി 14-ാമത്തെ വയസ്സിൽ സ്നാനമേറ്റു. ചെറുപ്പത്തിൽ സഭയിൽ വീക്ഷാഗോപുരം വായിക്കാനുള്ള നിയമനം ഒരു സഹോദരൻ ഹാർവിക്ക് കൊടുത്തു. പക്ഷേ തനിക്ക് അതിനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഹാർവി അതു നിരസിച്ചു. അപ്പോൾ ആ സഹോദരൻ ചിന്തയിൽ മാറ്റം വരുത്താൻ ഹാർവിയെ സഹായിച്ചു. അദ്ദേഹം പറഞ്ഞു: “യഹോവയുടെ സംഘടനയിൽ ആരെങ്കിലും ഒരു നിയമനം തന്നാൽ നിനക്ക് അതിനുള്ള യോഗ്യതയുണ്ട് എന്ന് യഹോവ വിചാരിക്കുന്നു എന്നാണ് അർഥം.” അങ്ങനെ ഏതു നിയമനം കിട്ടിയാലും അതു നിരസിക്കരുതെന്ന് അദ്ദേഹം പഠിച്ചു.—2 കൊരി. 3:5.
ഇംഗ്ലണ്ടിൽവെച്ചാണ് ഞാനും എന്റെ അമ്മയും ചേച്ചിയും സത്യം പഠിച്ചത്. കുറെക്കാലം കഴിഞ്ഞാണ് പപ്പ സത്യം പഠിച്ചത്. ആദ്യമൊക്കെ അദ്ദേഹത്തിന് എതിർപ്പായിരുന്നു. പപ്പയ്ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നെങ്കിലും പത്തു വയസ്സു തികയുന്നതിനു മുമ്പുതന്നെ ഞാൻ സ്നാനപ്പെട്ടു. മുൻനിരസേവനം തുടങ്ങുക, പിന്നീട് ഒരു മിഷനറിയാകുക ഇതൊക്കെയായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ 21 വയസ്സു തികയാതെ മുൻനിരസേവനം ചെയ്യാൻ പപ്പ സമ്മതിക്കുമായിരുന്നില്ല. അത്രയും കാത്തിരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട് 16-ാമത്തെ വയസ്സിൽ പപ്പയുടെ അനുവാദത്തോടെ ഞാൻ ഓസ്ട്രേലിയയിലേക്കു പോയി, ആ രാജ്യത്തേക്കു കുടിയേറിയ എന്റെ മൂത്ത ചേച്ചിയോടൊപ്പം താമസിക്കാൻ തുടങ്ങി. ഒടുവിൽ 18 വയസ്സായപ്പോൾ ഞാൻ മുൻനിരസേവനം ആരംഭിച്ചു.
1951-ലെ ഞങ്ങളുടെ വിവാഹദിനത്തിൽ
ഓസ്ട്രേലിയയിൽവെച്ച് ഞാൻ ഹാർവിയെ കണ്ടുമുട്ടി. മിഷനറിമാരായി യഹോവയെ സേവിക്കുക എന്നതായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹം. 1951-ൽ ഞങ്ങൾ വിവാഹിതരായി. ഒരുമിച്ച് രണ്ടു വർഷം മുൻനിരസേവനം ചെയ്തുകഴിഞ്ഞപ്പോൾ ഞങ്ങളെ സർക്കിട്ട് വേലയിലേക്കു നിയമിച്ചു. പശ്ചിമ ഓസ്ട്രേലിയയിലെ വലിയൊരു ഭാഗം ഉൾപ്പെട്ടതായിരുന്നു ഞങ്ങളുടെ സർക്കിട്ട്. അതുകൊണ്ട് വരണ്ടുണങ്ങിയ ഉൾപ്രദേശത്തുകൂടെ മിക്കപ്പോഴും യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു.
ഞങ്ങളുടെ സ്വപ്നം സഫലമാകുന്നു
1955-ൽ യാങ്കീ സ്റ്റേഡിയത്തിൽവെച്ച് നടന്ന ഗിലെയാദ് ബിരുദദാനചടങ്ങിൽ
1954-ൽ ഗിലെയാദിന്റെ 25-ാമത്തെ ക്ലാസിലേക്കു ഞങ്ങളെ ക്ഷണിച്ചു. അങ്ങനെ മിഷനറിമാരാകുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈയെത്തുംദൂരത്തെത്തി. ബൈബിൾ ആഴത്തിൽ പഠിക്കുന്ന ഗിലെയാദ് സ്കൂളിൽ പങ്കെടുക്കാനായി ഞങ്ങൾ ന്യൂയോർക്കിലേക്കു കപ്പൽ കയറി. കോഴ്സിന്റെ ഭാഗമായി ഞങ്ങൾ സ്പാനിഷും പഠിക്കണമായിരുന്നു. എന്നാൽ ഹാർവിക്ക് ഇതൊരു പ്രശ്നമായിരുന്നു. കാരണം ‘ആർ’ എന്ന സ്വരം ഉച്ചരിക്കുന്നത് ഹാർവിക്ക് അത്ര എളുപ്പമായിരുന്നില്ല.
ജപ്പാനിൽ സേവിക്കാൻ താത്പര്യമുള്ളവർക്ക് ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്ന ക്ലാസിൽ ചേരാമെന്നു കോഴ്സിനിടെ അധ്യാപകർ പറഞ്ഞു. ഞങ്ങളുടെ നിയമനം എന്താണെന്ന് യഹോവയുടെ സംഘടനതന്നെ തീരുമാനിക്കട്ടെ എന്നു ഞങ്ങൾ കരുതി. എന്നാൽ ഗിലെയാദ് സ്കൂളിന്റെ ഒരു അധ്യാപകനായ ആൽബർട്ട് ഷ്രോഡർ സഹോദരൻ, ഞങ്ങൾ പേര് കൊടുത്തിട്ടില്ലെന്ന് അറിഞ്ഞു. അതെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കാൻ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. എന്നാൽ ഞങ്ങൾ വീണ്ടും മടി കാണിച്ചപ്പോൾ ഷ്രോഡർ സഹോദരൻ പറഞ്ഞു: “ഞാനും മറ്റ് അധ്യാപകരും ചേർന്ന് നിങ്ങളുടെ പേര് കൊടുത്തിട്ടുണ്ട്. ജാപ്പനീസ് ഭാഷ നിങ്ങൾക്കു വഴങ്ങുമോ എന്ന് ഒന്നു ശ്രമിച്ചുനോക്ക്.” സ്പാനിഷ് ഭാഷ ഹാർവിക്കു ബുദ്ധിമുട്ടായിരുന്നെങ്കിലും ജാപ്പനീസ് അദ്ദേഹത്തിന് എളുപ്പം വഴങ്ങുന്നതായിരുന്നു.
ഞങ്ങൾ 1955-ൽ ജപ്പാനിൽ എത്തി. ആ സമയത്ത് ആ രാജ്യത്ത് ആകെ 500 പ്രചാരകരേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഹാർവിക്ക് 26-ഉം എനിക്ക് 24-ഉം വയസ്സായിരുന്നു. തുറമുഖനഗരമായ കോബെയിലേക്കാണ് ഞങ്ങൾക്ക് നിയമനം കിട്ടിയത്. അവിടെ ഞങ്ങൾ നാലു വർഷം സേവിച്ചു. സഞ്ചാരവേലയിലേക്കു തിരികെ നിയമനം ലഭിച്ചപ്പോൾ ഞങ്ങൾക്കു വളരെ സന്തോഷമായി. തുടർന്ന് ഞങ്ങൾ നഗോയ എന്ന നഗരത്തിലാണു സേവിച്ചത്. ഞങ്ങളുടെ നിയമനം ഞങ്ങൾ നന്നായി ആസ്വദിച്ചു, അവിടത്തെ സഹോദരങ്ങൾ, ഭക്ഷണം, പ്രകൃതിഭംഗി അങ്ങനെ എല്ലാമെല്ലാം. അധികം വൈകാതെ ഞങ്ങൾക്കു മറ്റൊരു നിയമനം ലഭിച്ചു, യഹോവയോടു പറ്റില്ല എന്നു പറയാതിരിക്കാനുള്ള മറ്റൊരു അവസരം.
പുതിയൊരു നിയമനം, കൂടെ പുതിയ വെല്ലുവിളികളും
1957-ൽ ഹാർവിയും ഞാനും ജപ്പാനിലെ കോബെയിലുള്ള മറ്റു മിഷനറിമാരോടൊപ്പം
മൂന്നു വർഷം സഞ്ചാരവേലയിൽ ഏർപ്പെട്ടശേഷം തയ്വാനിലെ ആമിസ് ഗോത്രവിഭാഗക്കാരുടെ ഇടയിൽ പോയി പ്രവർത്തിക്കാമോ എന്നു ജപ്പാനിലെ ബ്രാഞ്ചോഫീസ് ഞങ്ങളോടു ചോദിച്ചു. ചില ആമിസ് ഗോത്രത്തിൽപ്പെട്ട സഹോദരങ്ങൾ വിശ്വാസത്യാഗികളായി മാറിയിരുന്നു. അതുകൊണ്ട് വിശ്വാസത്യാഗത്തിന് തടയിടാൻ ജാപ്പനീസ് ഭാഷ സംസാരിക്കുന്ന ഒരു സഹോദരന്റെ സഹായം തയ്വാന് ആവശ്യമായി വന്നു.a ജപ്പാനിലെ സേവനം ഞങ്ങൾക്കു വളരെയധികം ഇഷ്ടമായിരുന്നു. അതുകൊണ്ട് അവിടം വിടുന്നത് ഞങ്ങൾക്ക് അൽപ്പം വിഷമമായിരുന്നു. പക്ഷേ ഒരു നിയമനവും നിരസിക്കരുതെന്നു ഹാർവിക്ക് അറിയാമായിരുന്നു. ഞങ്ങൾ പോകാൻതന്നെ തീരുമാനിച്ചു.
1962 നവംബറിൽ ഞങ്ങൾ തയ്വാനിൽ എത്തി. അന്ന് അവിടെ 2,271 പ്രചാരകരാണ് ഉണ്ടായിരുന്നത്. അതിൽ അധികവും ആമിസ് ഗോത്രക്കാരായിരുന്നു. പക്ഷേ ഞങ്ങൾ ആദ്യം ചൈനീസ് പഠിക്കണമായിരുന്നു. അതിനു ഞങ്ങൾക്ക് ആകെയുണ്ടായിരുന്ന സഹായം ഒരു പാഠപുസ്തകവും ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത ഒരു ടീച്ചറും ആയിരുന്നു. എങ്കിലും ഞങ്ങൾ അതു പഠിച്ചെടുത്തു.
തയ്വാനിൽ എത്തിയ ഉടനെ ഹാർവിയെ ബ്രാഞ്ച് ദാസനായി നിയമിച്ചു. ചെറിയ ബ്രാഞ്ച് ആയിരുന്നതുകൊണ്ട് അവിടത്തെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതോടൊപ്പം മാസത്തിൽ മൂന്ന് ആഴ്ചവരെ ആമിസ് സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഹാർവിക്കു സമയം കിട്ടി. ചിലപ്പോഴൊക്കെ അദ്ദേഹം ഡിസ്ട്രിക്റ്റ് മേൽവിചാരകനായും പ്രവർത്തിച്ചു. അതിന്റെ ഭാഗമായി സമ്മേളനങ്ങളിൽ പ്രസംഗങ്ങളും നടത്തണമായിരുന്നു. ജാപ്പനീസിൽ പ്രസംഗങ്ങൾ നടത്തിയിരുന്നെങ്കിൽ ആമിസ് സഹോദരങ്ങൾക്ക് അതു മനസ്സിലായേനേ. എന്നാൽ മതപരമായ ചടങ്ങുകൾ ചൈനീസ് ഭാഷയിൽ നടത്താനേ ഗവൺമെന്റ് അനുവദിച്ചിരുന്നുള്ളൂ. അതുകൊണ്ട് ബുദ്ധിമുട്ടായിരുന്നെങ്കിലും ഹാർവി ചൈനീസിൽ പ്രസംഗങ്ങൾ നടത്തി. ഒരു സഹോദരൻ അത് ആമിസ് ഭാഷയിലേക്കു പരിഭാഷ ചെയ്തു.
തയ്വാൻ അപ്പോൾ പട്ടാളനിയമത്തിൻകീഴിലായിരുന്നു. സമ്മേളനങ്ങൾ നടത്താൻ സഹോദരങ്ങൾ മുൻകൂർ അനുമതി വാങ്ങണമായിരുന്നു. അനുമതി കിട്ടാൻ അത്ര എളുപ്പമായിരുന്നില്ല. മിക്കപ്പോഴും പോലീസ് അതു വൈകിപ്പിച്ചിരുന്നു. സമ്മേളനം നടക്കുന്ന ആഴ്ചയായിട്ടും പോലീസ് അനുമതി തന്നില്ലെങ്കിൽ ഹാർവി പോലീസ് സ്റ്റേഷനിൽ പോയി അതു കിട്ടുന്നതുവരെ കാത്തിരിക്കും. ഒരു വിദേശി വന്ന് പോലീസ് സ്റ്റേഷനിൽ കാത്തിരിക്കുന്നത് അവർക്ക് നാണക്കേടായിരുന്നു. അതുകൊണ്ട് അവർ പെട്ടെന്നുതന്നെ അനുമതി തരുമായിരുന്നു.
മലമുകളിലേക്കുള്ള എന്റെ ആദ്യത്തെ പ്രയാണം
പ്രസംഗപ്രവർത്തനത്തിനിടെ തയ്വാനിലെ ആഴം കുറഞ്ഞ ഒരു നദി കുറുകെ കടക്കുന്നു
സഹോദരങ്ങളോടൊപ്പം പ്രസംഗപ്രവർത്തനം ചെയ്ത ആഴ്ചകളിൽ, ദിവസവും ഒന്നോ അതിലധികമോ മണിക്കൂർ ഞങ്ങൾ നടക്കുമായിരുന്നു. മല കയറുകയും നദി കുറുകെ കടക്കുകയും ഒക്കെ ചെയ്യണമായിരുന്നു. എന്റെ ആദ്യത്തെ മലകയറ്റം ഞാൻ ഇപ്പോഴും ഓർക്കുന്നു. പ്രഭാതഭക്ഷണം പെട്ടെന്നു കഴിച്ച് വെളുപ്പിന് 5:30-നുള്ള ഒരു ബസ്സിൽ കയറി ഞങ്ങൾ ദൂരെ ഒരു ഗ്രാമത്തിലേക്കു പോയി. ഒരു നദീതടം കുറുകെ കടന്ന് കുത്തനെയുള്ള ഒരു മല കയറാൻ തുടങ്ങി. മുന്നിൽ നടക്കുന്ന സഹോദരന്റെ കാൽപ്പാദം എന്റെ കണ്ണിനു നേരെയായിരുന്നു. അത്രയ്ക്കും കുത്തനെയുള്ള കയറ്റമായിരുന്നു അത്.
അവിടെ എത്തിയശേഷം ഹാർവി അവിടത്തെ സഹോദരങ്ങളോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെട്ടു. ഞാൻ ഒറ്റയ്ക്കു ജാപ്പനീസ് ഭാഷ സംസാരിക്കുന്ന ഒരു ഗ്രാമത്തിൽ പോയി പ്രവർത്തിച്ചു. ഏകദേശം ഒരു മണിയായപ്പോൾ എനിക്കു തല ചുറ്റാൻ തുടങ്ങി. ഞാൻ ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകളായിരുന്നു. ഹാർവിയെ ഞാൻ കണ്ടുമുട്ടിയപ്പോഴേക്കും ബാക്കിയുള്ള സഹോദരങ്ങളെല്ലാം പോയിരുന്നു. ചില മാസികകൾക്കു പകരമായി ഹാർവിക്കു മൂന്നു കോഴിമുട്ടകൾ കിട്ടിയിരുന്നു. മുട്ടയുടെ ഓരോ വശത്തും തുളയുണ്ടാക്കി എങ്ങനെ വലിച്ചുകുടിക്കണമെന്നു ഹാർവി എനിക്കു കാണിച്ചുതന്നു. വലിയ രുചിയൊന്നും ഇല്ലായിരുന്നെങ്കിലും ഞാനും ഒരെണ്ണം കഴിച്ചു. അപ്പോൾ മൂന്നാമത്തെ മുട്ട ആരു കഴിക്കും? ഞാൻതന്നെ. കാരണം ഞാൻ തലകറങ്ങി വീണാൽ ഹാർവി എന്നെ എടുത്തുകൊണ്ട് ആ മല മുഴുവൻ ഇറങ്ങേണ്ടിവന്നേനേ.
അസാധാരണമായ ഒരു സാഹചര്യം
ഒരു സർക്കിട്ട് സമ്മേളനത്തിനു പോയപ്പോൾ എനിക്ക് അസാധാരണമായ ഒരു അനുഭവം ഉണ്ടായി. രാജ്യഹാളിനോടു ചേർന്നുള്ള ഒരു സഹോദരന്റെ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. ആമിസുകാർക്കു കുളിക്കുന്നതു വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ ഞങ്ങൾക്കു കുളിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഹാർവി തിരക്കിലായിരുന്നതുകൊണ്ട് ആദ്യം എന്നോടു കുളിച്ചോളാൻ പറഞ്ഞു. കുളിക്കാൻ മൂന്നു പാത്രങ്ങൾ വെച്ചിരുന്നു. ഒരു ബക്കറ്റ് ചൂടുവെള്ളം, ഒരു ബക്കറ്റ് പച്ചവെള്ളം, ഒരു ഒഴിഞ്ഞ പാത്രം. സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ അതു വീടിന് പുറത്തായിരുന്നു വെച്ചിരുന്നത്. രാജ്യഹാളിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്ന സഹോദരങ്ങൾക്ക് അവിടെനിന്ന് നോക്കിയാൽ എന്നെ കാണാൻ കഴിയുമായിരുന്നു. അതുകൊണ്ട് അവിടം മറയ്ക്കാനായി എന്തെങ്കിലും തരാമോ എന്നു ഞാൻ സഹോദരിയോടു ചോദിച്ചു. അപ്പോൾ സഹോദരി എനിക്ക് ഒരു പ്ലാസ്റ്റിക് ഷീറ്റ് തന്നു. അതാണെങ്കിൽ അപ്പുറത്തുനിന്നും നോക്കിയാൽ കാണാവുന്നതുമായിരുന്നു. ഞാൻ വീടിനു പുറകിലേക്കു മാറാൻ തീരുമാനിച്ചു. എന്നാൽ അവിടെ ആരെങ്കിലും അടുത്ത് വന്നാൽ കൊത്താനായി വേലിക്കിടയിലൂടെ തലയും നീട്ടി നിൽക്കുന്ന വാത്തകൾ (ഒരിനം താറാവ്) ഉണ്ടായിരുന്നു. ഞാൻ ഓർത്തു, ‘സഹോദരങ്ങൾ വലിയ തിരക്കിലായതുകൊണ്ട് ഇങ്ങോട്ടൊന്നും നോക്കാൻ പോകുന്നില്ല. ഇനി ഞാൻ കുളിച്ചില്ലെങ്കിൽ അത് അവരെ അലോസരപ്പെടുത്തിയേക്കാം. എന്തായാലും കുളിച്ചേക്കാം.’ ഞാൻ അവിടെത്തന്നെ നിന്ന് കുളിച്ചു.
പരമ്പരാഗതമായ ആമിസ് വേഷത്തിൽ
ആമിസുകാർക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾ
ആമിസിലെ സഹോദരങ്ങൾ ആത്മീയമായി പുരോഗമിക്കാൻ ബുദ്ധിമുട്ടുന്നതായി ഹാർവി മനസ്സിലാക്കി. അതിനു കാരണം അവരിൽ പലരും നിരക്ഷരരായിരുന്നു, അവർക്കു സ്വന്തം ഭാഷയായ ആമിസിൽ സാഹിത്യങ്ങളും ഇല്ലായിരുന്നു. ആയിടെ റോമൻലിപി ഉപയോഗിച്ച് ആമിസ് ഭാഷ എഴുതാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് ആ ഭാഷതന്നെ അവരെ വായിക്കാൻ പഠിപ്പിക്കുന്നതു നല്ലതാണെന്നു തോന്നി. ഇതു വളരെ ശ്രമകരമായിരുന്നു. എന്നാൽ ക്രമേണ സഹോദരങ്ങൾക്ക് അവരുടെ സ്വന്തം ഭാഷയിൽത്തന്നെ യഹോവയെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞു. 1966-ഓടെ ആമിസ് ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ ലഭ്യമാകാൻ തുടങ്ങി. 1968-ൽ ആമിസ് ഭാഷയിലുള്ള വീക്ഷാഗോപുരവും പ്രസിദ്ധീകരിച്ചു.
ചൈനീസ് ഒഴികെയുള്ള മറ്റു ഭാഷകളിലെ പ്രസിദ്ധീകരണങ്ങൾ ഗവൺമെന്റ് നിയന്ത്രിച്ചിരുന്നു. പ്രശ്നം ഒഴിവാക്കാനായി ആമിസ് ഭാഷയിലുള്ള വീക്ഷാഗോപുരം വ്യത്യസ്തവിധങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. കുറച്ച് നാളത്തേക്കു ദ്വിഭാഷാപതിപ്പായ മാൻഡ്രിൻ-ആമിസ് വീക്ഷാഗോപുരം പുറത്തിറക്കി. ആരെങ്കിലും പരിശോധിച്ചാൽ അവിടെയുള്ള ആളുകളെ ചൈനീസ് പഠിപ്പിക്കാനാണ് ഈ മാസിക ഉപയോഗിക്കുന്നതെന്നു പ്രത്യക്ഷത്തിൽ തോന്നുമായിരുന്നു. ബൈബിൾസത്യം പഠിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ആമിസ് ഭാഷക്കാരെ സഹായിക്കാനായി യഹോവയുടെ സംഘടന ആ ഭാഷയിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി.—പ്രവൃ. 10:34, 35.
ഒരു ശുദ്ധീകരണകാലഘട്ടം
1960-കളിലും 70-കളിലും ആമിസുകാരായ പല സഹോദരങ്ങളും ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ അല്ലായിരുന്നു ജീവിച്ചിരുന്നത്. ബൈബിൾസത്യങ്ങൾ ശരിയായി മനസ്സിലാക്കാത്തതുകൊണ്ട് അവരിൽ പലരും മദ്യപാനികളും അധാർമികജീവിതം നയിച്ചിരുന്നവരും പുകയിലയും അടയ്ക്കയും ഉപയോഗിക്കുന്നവരും ആയിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം മനസ്സിലാക്കുന്നതിനു സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഹാർവി പലപല സഭകളും സന്ദർശിച്ചു. ഇത്തരമൊരു യാത്രയ്ക്കിടയിലാണ് ഞാൻ ഈ കഥയുടെ തുടക്കത്തിൽ പറഞ്ഞ അനുഭവമുണ്ടായത്.
താഴ്മയുള്ള സഹോദരങ്ങൾ മാറ്റങ്ങൾ വരുത്താൻ മനസ്സു കാണിച്ചു. പക്ഷേ സങ്കടകരമെന്നു പറയട്ടെ, പലരും അതിനു തയ്യാറായില്ല. അതുകൊണ്ട് തയ്വാനിലെ പ്രചാരകരുടെ എണ്ണം 20 വർഷംകൊണ്ട് 2,450-ൽനിന്നും ഏതാണ്ട് 900 ആയി ചുരുങ്ങി. ഇതു നിരുത്സാഹത്തിനു കാരണമായി. എങ്കിലും അശുദ്ധമായ ഒരു സംഘടനയെ യഹോവ ഒരിക്കലും അനുഗ്രഹിക്കില്ലെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. (2 കൊരി. 7:1) കാലക്രമേണ തെറ്റായ രീതികളെല്ലാം നീക്കം ചെയ്യപ്പെട്ടു. ഇപ്പോൾ തയ്വാനിൽ യഹോവയുടെ അനുഗ്രഹത്താൽ 11,000-ത്തിലധികം പ്രചാരകരുണ്ട്.
1980-കൾ മുതൽ ആമിസ് സഭകൾ ആത്മീയമായി കൂടുതൽ ബലിഷ്ഠമാകാൻ തുടങ്ങി. അതുകൊണ്ട് ഹാർവിക്കു ചൈനീസ് ഭാഷക്കാരുമായി കൂടുതൽ സമയം ചെലവഴിക്കാനായി. അനേകം സഹോദരിമാരുടെ ഭർത്താക്കന്മാരെ യഹോവയുടെ സാക്ഷികളാകാൻ സഹായിക്കുന്നതിനു ഹാർവിക്കു കഴിഞ്ഞു, അതിൽ ഒരാൾ ആദ്യമായി യഹോവയോടു പ്രാർഥിച്ചപ്പോൾ തനിക്കു വളരെയധികം സന്തോഷം തോന്നി എന്ന് ഹാർവി ഒരിക്കൽ പറഞ്ഞതു ഞാൻ ഓർക്കുന്നു. അനേകം ആത്മാർഥഹൃദയരായ ആളുകളെ യഹോവയിലേക്ക് അടുക്കുന്നതിനു സഹായിക്കാൻ എനിക്കും സാധിച്ചിട്ടുണ്ട്. മുമ്പ് എന്നോടൊപ്പം ബൈബിൾ പഠിച്ച ഒരാളുടെ മകനോടും മകളോടും ഒപ്പം തയ്വാൻ ബ്രാഞ്ചിൽ സേവിക്കാനുള്ള അവസരവും എനിക്കു ലഭിച്ചു.
വേദനാകരമായ ഒരു വേർപാട്
എന്റെ പ്രിയപ്പെട്ട ഹാർവി ഇപ്പോൾ എന്നോടൊപ്പം ഇല്ല. ഏകദേശം 59 വർഷത്തെ വിവാഹജീവിതത്തിനു ശേഷം 2010 ജനുവരി 1-ന് അദ്ദേഹം ക്യാൻസർ ബാധിച്ച് മരിച്ചു. ഏകദേശം 60 വർഷത്തോളം അദ്ദേഹം മുഴുസമയസേവനം ചെയ്തു. അദ്ദേഹം കൂടെയില്ലാത്തതിന്റെ വിഷമം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മനോഹരമായ രണ്ടു രാജ്യങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം എനിക്കുണ്ട്. ബുദ്ധിമുട്ടുള്ള രണ്ട് ഏഷ്യൻ ഭാഷകൾ ഞങ്ങൾ സംസാരിക്കാൻ പഠിച്ചു. ഹാർവിയാണെങ്കിൽ അത് എഴുതാനും പഠിച്ചു.
കുറച്ച് വർഷങ്ങൾക്കു ശേഷം, എന്റെ പ്രായം കണക്കിലെടുത്തപ്പോൾ ഞാൻ ഓസ്ട്രേലിയയിലേക്കു തിരിച്ചുപോകുന്നതാണു നല്ലതെന്ന് ഭരണസംഘത്തിനു തോന്നി. ‘തയ്വാൻ വിട്ടുപോകേണ്ടാ’ എന്നാണ് എനിക്ക് ആദ്യം തോന്നിയത്. പക്ഷേ യഹോവയുടെ സംഘടനയോടു പറ്റില്ല എന്നു പറയരുതെന്ന് ഹാർവി എന്നെ പഠിപ്പിച്ചിരുന്നു. അതുകൊണ്ട് ഞാൻ പോകാൻ തീരുമാനിച്ചു. ഇങ്ങോട്ടേക്കു വന്നത് ഒത്തിരി നന്നായെന്ന് എനിക്ക് ഇന്നു തോന്നുന്നു. കാരണം എനിക്ക് ഇപ്പോൾ കൂടുതൽ സഹായം ആവശ്യമായിവന്നിരിക്കുന്നു.
ഞാൻ ഇപ്പോൾ ബഥേൽ സന്ദർശിക്കാൻ വരുന്ന ജാപ്പനീസ്, ചൈനീസ് ഭാഷകളിലുള്ളവരെ സഹായിക്കുന്നു
ഇപ്പോൾ തിങ്കൾമുതൽ വെള്ളിവരെ ഞാൻ ഓസ്ട്രേലേഷ്യ ബ്രാഞ്ചിലും വാരാന്തങ്ങളിൽ പ്രാദേശികസഭയോടൊത്തും പ്രവർത്തിക്കുന്നു. ബഥേൽ സന്ദർശിക്കാൻ വരുന്ന ജാപ്പനീസ്, ചൈനീസ് ഭാഷകളിലുള്ളവരെ സഹായിക്കാൻ എനിക്കു വലിയ സന്തോഷമാണ്. യഹോവ വാഗ്ദാനം ചെയ്ത പുനരുത്ഥാനത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. യഹോവയോട് ഒരിക്കലും ‘എനിക്കു പറ്റില്ല’ എന്നു പറഞ്ഞിട്ടില്ലാത്ത ഹാർവി യഹോവയുടെ ഓർമയിൽ സുരക്ഷിതനാണെന്ന് എനിക്ക് ഉറപ്പുണ്ട്.—യോഹ. 5:28, 29.
a ഇപ്പോൾ ചൈനീസ് ആണ് തയ്വാനിലെ ഔദ്യോഗികഭാഷ എങ്കിലും പതിറ്റാണ്ടുകളോളം ജാപ്പനീസായിരുന്നു അവിടത്തെ ഔദ്യോഗികഭാഷ. അതുകൊണ്ടുതന്നെ ഞങ്ങൾ ചെന്നപ്പോഴും തയ്വാനിലെ ഗോത്രവർഗക്കാർ സംസാരിച്ചിരുന്നത് ജാപ്പനീസ് ഭാഷയായിരുന്നു.