അസർബൈജാൻ
ലോകമെങ്ങും നടക്കുന്ന പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം
യൂറോപ്പ്
ദേശങ്ങൾ 47
ജനസംഖ്യ 74,44,82,011
പ്രചാരകർ 16,11,290
ബൈബിൾപഠനങ്ങൾ 8,34,121
ശാന്തമായ മറുപടി
ജോർജിയയിൽ ഒരാൾ നമ്മുടെ സാഹിത്യ കൈവണ്ടിയുടെ അടുത്തുവന്ന് ദേഷ്യത്തോടെ ഇങ്ങനെ അലറി: “ഇവിടെ പ്രസംഗിക്കാൻ ഞാൻ സമ്മതിക്കില്ല! ജോർജിയ ഒരു ഓർത്തഡോക്സ് ക്രിസ്തീയ രാജ്യമാണ്.” കൈവണ്ടിയുടെ അടുത്തു നിന്നിരുന്ന സഹോദരൻ ദയയോടെ ആ വ്യക്തിയോടു ഞങ്ങളുടെ ഏതെങ്കിലും പ്രസിദ്ധീകരണം എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. അയാൾ പറഞ്ഞു: “ഇല്ല, വായിച്ചിട്ടില്ല.” അങ്ങനെയെങ്കിൽ ദയവായി ഒന്നു വായിച്ചു നോക്കാമോ എന്നു സഹോദരൻ നയപൂർവം ചോദിച്ചു. സഹോദരന്റെ നല്ല ഇടപെടൽ അദ്ദേഹത്തെ ശാന്തനാക്കുകയും അദ്ദേഹം ഏതാനും പ്രസിദ്ധീകരണങ്ങൾ എടുക്കുകയും ചെയ്തു. കുറെ ദിവസം കഴിഞ്ഞപ്പോൾ ആ വ്യക്തി തിരിച്ചുവരുകയും തന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അന്ധയായ അമ്മയ്ക്കു മാസിക വായിച്ചുകൊടുത്തെന്നും അതു രണ്ടു പേർക്കും ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി എന്തെങ്കിലും വായിക്കാൻ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ മാസികകൾ കിട്ടാനായി അദ്ദേഹം ഇപ്പോൾ പതിവായി നമ്മുടെ സാഹിത്യ കൈവണ്ടിയുടെ അടുക്കൽ വരാറുണ്ട്.
പ്രശ്നം പരിഹരിക്കാനുള്ള ശരിയായ വഴി
അസർബൈജാനിൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന നമ്മുടെ രണ്ടു സഹോദരന്മാർ ഒരു കെട്ടിടത്തിന്റെ മുമ്പിൽ നിന്നിരുന്ന ചെറുപ്പക്കാരനെ സമീപിച്ച് സന്തോഷവാർത്ത പറയാൻ തുടങ്ങി. “എനിക്കിതൊന്നും കേൾക്കേണ്ട, ഇതെല്ലാം പാപമാണ്,” അയാൾ പൊട്ടിത്തെറിച്ചു. ഉടൻതന്നെ പോക്കറ്റിൽനിന്ന് ഒരു കത്തി എടുത്ത് അയാൾ ആക്രോശിച്ചു: “എനിക്ക് നീതി കിട്ടിയില്ല, ഈ കത്തികൊണ്ട് ഞാൻ നീതി നടപ്പാക്കും, ഞാൻ പോകുകയാണ്.”
സഹോദരങ്ങൾ അല്പം അന്ധാളിച്ചുപോയി, എന്നിട്ട് അദ്ദേഹത്തോടു പറഞ്ഞു: “കൊല്ലുന്നതും പാപമാണ്.”
“പിന്നെ ഞാൻ എന്തു ചെയ്യണം?” അദ്ദേഹം ചോദിച്ചു. സഹോദരങ്ങൾ റോമർ 12:17-21 അദ്ദേഹത്തെ വായിച്ചുകേൾപ്പിച്ചു. എന്നിട്ട്, പ്രതികാരം ദൈവത്തിനുള്ളതാണെന്നും ‘തിന്മ നമ്മളെ കീഴ്പെടുത്താൻ അനുവദിക്കരുതെന്നും പകരം എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കണമെന്നും’ അവർ വിശദീകരിച്ചു. ശാന്തമായി പ്രതികരിക്കുന്നതിന്റെ ശക്തിയെക്കുറിച്ച് പറയുകയും അദ്ദേഹം ആരെയെങ്കിലും കൊല്ലുകയോ പരുക്കേൽപ്പിക്കുകയോ ചെയ്താൽ മനഃസാക്ഷി എന്നും അദ്ദേഹത്തെ കുത്തിനോവിച്ചുകൊണ്ടിരിക്കും എന്നും അവർ പറഞ്ഞു. കേട്ട കാര്യങ്ങൾ ഉള്ളിൽത്തട്ടിയ അദ്ദേഹം അവിടെനിന്നു പോയി.
ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം സഹോദരങ്ങളെ വീണ്ടും കണ്ടെത്തിയ അദ്ദേഹം പറഞ്ഞു: “ഞാൻ കൊല്ലാൻ ഉദ്ദേശിച്ച ആളെ കണ്ടിട്ടു വരുകയാണ്, ഞാൻ അദ്ദേഹത്തെ ഒന്നും ചെയ്തില്ല. പ്രശ്നങ്ങളെല്ലാം ഞങ്ങൾ പറഞ്ഞുതീർത്തു. കുഴപ്പങ്ങളിൽ ചെന്നുചാടാതിരിക്കാൻ എന്നെ സഹായിച്ചതിനു നന്ദി.” യഥാർഥത്തിൽ യഹോവയാണ് സഹായിച്ചതെന്നു സാക്ഷികൾ അദ്ദേഹത്തോടു പറഞ്ഞു.
സാഹിത്യ കൈവണ്ടി നിഷ്ക്രിയയായ ഒരു സഹോദരിയെ ആകർഷിക്കുന്നു
നോർവേയിലെ ഒരു സഹോദരിയുടെ അനുഭവം ശ്രദ്ധിക്കാം. കുറച്ച് വർഷങ്ങൾക്കു മുമ്പ് ആ സഹോദരി സത്യത്തിൽനിന്ന് അകന്നുപോയിരുന്നു. മിക്കപ്പോഴും ഷോപ്പിങ്ങിനു പോകുമ്പോൾ സഹോദരി നമ്മുടെ പുതിയ സാക്ഷീകരണ ഉപാധിയായ സാഹിത്യ കൈവണ്ടി കാണുമായിരുന്നു.
ആ സഹോദരങ്ങളോട് ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും നമ്മുടെ സാഹിത്യ കൈവണ്ടിയിൽ വെച്ചിരിക്കുന്ന ആകർഷകമായ പോസ്റ്ററുകളും പ്രസിദ്ധീകരണങ്ങളും സഹോദരിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അതുപോലെ, സാക്ഷികളുടെ ചിരിക്കുന്ന മുഖങ്ങളും മര്യാദയുള്ള പ്രകൃതവും നിരീക്ഷിച്ച സഹോദരിക്ക് യഹോവയിലേക്കും ദൈവജനത്തിലേക്കും തിരിച്ചുവരാനുള്ള ആഗ്രഹമുണ്ടായി.
നമ്മുടെ വെബ്സൈറ്റായ jw.org-ന്റെ ലോഗോ ശ്രദ്ധിച്ച സഹോദരി ആ സൈറ്റ് നോക്കാൻ തീരുമാനിച്ചു. സൈറ്റിൽനിന്ന് വളരെ എളുപ്പത്തിൽ ഏറ്റവും അടുത്ത രാജ്യഹാളിന്റെ അഡ്രസ്സും യോഗസമയവും കണ്ടുപിടിക്കാനും കഴിഞ്ഞു. സഹോദരിക്ക് ഈ സൈറ്റിനെക്കുറിച്ച് വളരെ മതിപ്പു തോന്നി. അവർ ചില പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്തു. പിന്നീട് അൽപ്പം ഉത്കണ്ഠയോടെ അവർ നമ്മുടെ രാജ്യഹാളിലേക്കു ചെന്നു. അവിടെയുള്ളവർ സഹോദരിയെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. അവർക്ക് ഒരു ബൈബിൾപഠനം നടത്താൻ മൂപ്പന്മാർ ഒരു സഹോദരിയെ ചുമതലപ്പെടുത്തി. പെട്ടെന്നുതന്നെ അവർക്ക് സഭയിൽ നല്ല സുഹൃത്തുക്കളെ കിട്ടി. തന്റെ ആത്മീയചര്യ വീണ്ടെടുത്ത സഹോദരി ഇപ്പോൾ ക്രമമായി മീറ്റിങ്ങുകളിലും വയൽപ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു. യഹോവയുമായുള്ള ബന്ധം വീണ്ടെടുത്തതിൽ അവർക്കു വളരെ സന്തോഷമുണ്ട്.
സ്കൂൾബസ്സിലെ സാക്ഷീകരണം
നോർവേയിലുള്ള ഒരു 15 വയസ്സുകാരിയാണു റോഞ്ച. സ്കൂൾബസ്സിൽ വെച്ച് ക്ലാസ്സിലെ മൂന്നു ആൺകുട്ടികളുമായി അവൾ പരിണാമത്തെപ്പറ്റി സംസാരിച്ചു. ആ കുട്ടികൾ റോഞ്ചയുടെ വിശ്വാസത്തെ എതിർത്തു. ഇതു നമ്മുടെ കൊച്ചുസഹോദരിയെ അസ്വസ്ഥയാക്കി. പരിണാമത്തെക്കുറിച്ച് തനിക്കുള്ള അറിവു മെച്ചപ്പെടുത്തണമെന്നു മനസ്സിലാക്കിയ റോഞ്ച അമ്മയുടെ സഹായം തേടി. ഒരു സ്രഷ്ടാവ് ഉണ്ടെന്നു തെളിയിക്കാൻ ബോധ്യം വരുത്തുന്ന ചില ന്യായങ്ങൾ കണ്ടുപിടിക്കാനായിരുന്നു ഇത്.
നോർവേ: റോഞ്ച വിശ്വാസത്തിനുവേണ്ടി സംസാരിക്കുന്നു
അടുത്ത ദിവസം സ്കൂൾബസ്സിൽ വെച്ച് റോഞ്ച അവൾ തയ്യാറാക്കിയ ന്യായങ്ങൾ നിരത്തി. എന്നാൽ ആ ആൺകുട്ടികൾ യഹോവയിലുള്ള വിശ്വാസത്തെപ്രതി അവളെ വീണ്ടും കളിയാക്കി. അതിൽ ഒരാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഈ ബസ്സിൽ യഹോവയിൽ വിശ്വസിക്കുന്ന ആരും ഇല്ല! ആരെങ്കിലും ഉണ്ടെങ്കിൽ കൈ പൊക്കാമോ? ആരാണ് പരിണാമത്തിൽ വിശ്വസിക്കുന്നത്? ആരാണ് യഹോവയിൽ വിശ്വസിക്കുന്നത്?” റോഞ്ചയെ അതിശയിപ്പിച്ചുകൊണ്ട് അവളുടെ അടുത്തിരുന്ന കൊച്ചു പയ്യൻ കൈ പൊക്കി ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവയിൽ വിശ്വസിക്കുന്നു!” മറ്റ് രണ്ടു കുട്ടികൾകൂടെ കൈ പൊക്കി “ഞങ്ങളും യഹോവയിൽ വിശ്വസിക്കുന്നു!” എന്നു പറഞ്ഞു. സഹപാഠികളുമായുള്ള റോഞ്ചയുടെ സംഭാഷണം ശ്രദ്ധിച്ച കുട്ടികളിൽ ചിലർക്ക് അവളുടെ ന്യായവാദങ്ങൾ ശരിയാണെന്നു തോന്നി.
അക്ഷരാഭ്യാസമില്ലാത്ത ഒരുവനു കിട്ടിയ പുസ്തകം
ഒരു ദിവസം ഉച്ചകഴിഞ്ഞ് ഡെന്മാർക്കിലെ ബ്രാഞ്ചോഫീസിലേക്കു സിറിയയിൽനിന്ന് അറബി സംസാരിക്കുന്ന രണ്ടു പേർ വന്നു. സ്വീകരണമുറിയിലെ സഹോദരിമാരോട് യഹോവയുടെ സാക്ഷികളെ അന്വേഷിച്ചാണു തങ്ങൾ വന്നതെന്ന് അവർ പറഞ്ഞു. ശരിയായ സ്ഥലത്തുതന്നെയാണ് അവർ വന്നിരിക്കുന്നതെന്നു സഹോദരിമാർ പറഞ്ഞപ്പോൾ അവർക്കു സന്തോഷമായി. അവർക്ക് എങ്ങനെയാണ് ബ്രാഞ്ചിന്റെ അഡ്രസ്സ് കിട്ടിയത്? അവരുടെ ഫോണിൽ എടുത്തിരുന്ന ഒരു പടം അവർ ആ പ്രദേശത്തുള്ള ലൈബ്രറിയിലെ ഉദ്യോഗസ്ഥനെ കാണിച്ചു. ആ പടം അറബിയിലുള്ള ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ പ്രസാധകപേജ് ആയിരുന്നു. അതുകണ്ട ലൈബ്രറിയിലെ ഉദ്യോഗസ്ഥരാണ് അവർക്കു ബ്രാഞ്ചോഫീസിന്റെ അഡ്രസ്സ് കണ്ടുപിടിച്ച് കൊടുത്തത്.
ആ രണ്ടു പേർക്കും ഡാനിഷ് ഭാഷ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് സഹോദരിമാർ അറബി അറിയാവുന്ന ഒരു സഹോദരനെ സ്വീകരണമുറിയിലേക്കു വിളിച്ചുവരുത്തി. ആ സഹോദരൻ അവരോടു സംസാരിച്ചപ്പോൾ അവരിൽ ഒരാൾക്കു ബൈബിൾവിഷയങ്ങളിൽ വളരെ താത്പര്യം ഉണ്ടെന്നു മനസ്സിലായി. ബന്ധപ്പെടാനുള്ള വിവരങ്ങൾ സഹോദരൻ അവരിൽനിന്ന് വാങ്ങി. എന്നിട്ട് അറബി സംസാരിക്കുന്ന വേറൊരു സഹോദരനുമായി എത്താമെന്നു പറഞ്ഞു.
യഹോവയുടെ സാക്ഷികൾ ആരും ഇതുവരെ അദ്ദേഹത്തെ സന്ദർശിച്ചിട്ടില്ലെന്നു വീട്ടിൽ ചെന്നുകണ്ട സഹോദരങ്ങൾക്കു മനസ്സിലായി. അദ്ദേഹം അറബി സംസാരിക്കുന്ന ആളാണെന്നു മനസ്സിലാക്കാനുള്ള സൂചനയൊന്നും എഴുത്തുപെട്ടിയുടെ പുറത്ത് ഇല്ലായിരുന്നു. എന്നിട്ടും അറബിയിലുള്ള ആ പുസ്തകം എഴുത്തുപെട്ടിയിൽ കണ്ടെന്ന് അദ്ദേഹം പറഞ്ഞു. വായിക്കാൻ അറിയില്ലാത്തതുകൊണ്ട് ഒരു സുഹൃത്തിനോട് ആ പുസ്തകം തനിക്കു വായിച്ചുതരാൻ അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നു ദിവസംകൊണ്ട് അവർ അതു വായിച്ചുതീർത്തു. വായിച്ചു കേട്ട കാര്യങ്ങളിൽനിന്ന് സത്യം ഇതാണെന്ന് അദ്ദേഹത്തിനു ബോധ്യമായി.
സ്വന്തം കുടുംബത്തിൽനിന്ന് അകലെ ഒരു അഭയാർഥിയായി കഴിയുന്നത് അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചു. പക്ഷേ അദ്ദേഹം ബൈബിളിൽനിന്ന് ആശ്വാസം കണ്ടെത്തുന്നു. സഹോദരങ്ങൾ അദ്ദേഹത്തെ ആദ്യം സന്ദർശിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ ചോദിച്ചു: “നിങ്ങൾ എന്തുകൊണ്ടാണ് കുറെക്കൂടി നേരത്തെ എന്നെ കാണാൻ വരാതിരുന്നത്? എനിക്ക് ഇത് ശരിക്കും ആവശ്യമായിരുന്നു!” ആ വ്യക്തി ഇപ്പോൾ സഹോദരങ്ങളോടൊപ്പം വളരെ ഉത്സാഹത്തോടെ പഠിച്ചുകൊണ്ടിരിക്കുന്നു.
എന്റെ ശൂന്യമായ ഹൃദയം സന്തോഷത്താൽ നിറഞ്ഞു
യുക്രെയിനിലെ ഒരു പുകയില കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ദിമിത്രി. എന്നാൽ പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തിനു ഹാനികരമാണെന്നു മനസ്സിലായപ്പോൾ അദ്ദേഹം നല്ല ശമ്പളമുള്ള ആ ജോലി ഉപേക്ഷിച്ചു. മൂന്നു മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ അമ്മയും അമ്മായിയമ്മയും മരണമടഞ്ഞു. ആ പ്രിയപ്പെട്ടവരുടെ വിയോഗം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ഇതെക്കുറിച്ച് അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയും ആശ്വാസവും തന്റെ പള്ളിയിൽനിന്നു കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും അതെല്ലാം അസ്ഥാനത്തായി. ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനി ആയിരിക്കുക എന്നതിന്റെ അർഥം “കഴുത്തിൽ ഒരു കുരിശും ഹൃദയത്തിൽ ശൂന്യതയും” ആണെന്ന് ഒരു കൂട്ടുകാരൻ പറഞ്ഞു. അതുതന്നെയാണ് ദിമിത്രിക്കു തോന്നിയതും. ദൈവത്തെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്നു ദിമിത്രി തിരിച്ചറിഞ്ഞു. നിരാശനായ അദ്ദേഹം സഹായത്തിനായി പ്രാർഥിച്ചു. അപ്പോഴാണ് യഹോവയുടെ സാക്ഷികളെക്കുറിച്ച് കേട്ടത് അദ്ദേഹത്തിന് ഓർമവന്നത്. അദ്ദേഹം ഇന്റർനെറ്റിൽ നമ്മുടെ വെബ്സൈറ്റ് കണ്ടെത്തി. ബൈബിളിനെക്കുറിച്ച് അതിലുള്ള വിവരങ്ങൾ കണ്ട അദ്ദേഹം അതിശയിച്ചുപോയി. പിന്നെ അദ്ദേഹം ഇന്റർനെറ്റിൽ അടുത്തുള്ള രാജ്യഹാൾ അന്വേഷിച്ചു. രാജ്യഹാളിന്റെ പാർക്കിങ് സ്ഥലത്ത് എത്തിയ അദ്ദേഹത്തെ ഒരു സേവകൻ സ്വീകരിച്ച് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിച്ചു. ദിമിത്രി പറഞ്ഞു: “എനിക്ക് ഒരു ബൈബിൾപഠനം വേണം.” കഴിഞ്ഞ ആറു മാസമായി അദ്ദേഹം നമ്മളോടൊത്തു പഠിച്ചുകൊണ്ടിരിക്കുന്നു, എല്ലാ മീറ്റിങ്ങുകൾക്കും ക്രമമായി പങ്കെടുക്കുന്നുമുണ്ട്.
കുറിപ്പുകൾ ഉപയോഗിച്ച് താത്പര്യം വളർത്തുന്നു
പോളും ഫെയ്ത്തും ബ്രിട്ടനിൽ താമസിക്കുന്നവരാണ്. സൂസൻ എന്ന ഒരു സ്ത്രീയുമായി സംഭാഷണം നടത്തിയ അവർ വീണ്ടും മടങ്ങിച്ചെല്ലാനുള്ള ക്രമീകരണം ചെയ്തു. അവർ മടങ്ങിയെത്തിയപ്പോൾ സൂസൻ വീട്ടിൽ ഉണ്ടായിരുന്നില്ല. 2014 നവംബർ ലക്കം നമ്മുടെ രാജ്യശുശ്രൂഷയിൽ കുറിപ്പുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് വന്ന ലേഖനം അവർക്ക് ഓർമവന്നു. അതനുസരിച്ച് അവർ അടുത്ത ദിവസം വരാം എന്നൊരു കുറിപ്പ് എഴുതിവെച്ചു. പിറ്റേ ദിവസം മടങ്ങിച്ചെന്നപ്പോൾ ഇതാ അവർക്കായി സൂസന്റെ ഒരു കുറിപ്പ്! മകളുടെ കല്യാണത്തിനു താൻ സാധനങ്ങൾ വാങ്ങാൻ പോകുകയാണെന്ന് അവർ ആ കുറിപ്പിൽ എഴുതിയിരുന്നു. അടുത്ത ആഴ്ച മടങ്ങിവരാമെന്നു പറഞ്ഞ് പോളും ഫെയ്ത്തും മറ്റൊരു കുറിപ്പ് എഴുതി വെച്ചിട്ടു പോന്നു. ഇപ്രാവശ്യം സൂസൻ കാത്തിരുന്നു. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് പഠനവും ആരംഭിച്ചു.
ബ്രിട്ടൻ: പോളും ഫെയ്ത്തും കുറിപ്പുകൾ വെക്കുന്നു
മകളുടെ വിവാഹം ഉടനെ നടക്കാൻ പോകുകയാണെന്നും അതുകൊണ്ട് അടുത്ത സന്ദർശനം അൽപ്പം നീട്ടിവെക്കാമോ എന്നും സൂസൻ ചോദിച്ചു. പിന്നീടു പോളും ഫെയ്ത്തും അവരെ സന്ദർശിച്ചപ്പോൾ ആരെയും കണ്ടില്ല. അതുകൊണ്ട് ഇപ്രാവശ്യം അവരുടെ മൊബൈൽ നമ്പർ എഴുതിയ കുറിപ്പു വെച്ചു. മറുപടിയായി സൂസന്റെ മെസ്സേജ് കണ്ട അവർക്കു സന്തോഷമായി. പോളും ഫെയ്ത്തും വന്നപ്പോൾ താൻ അയൽക്കാരിയുമായി സംസാരിച്ചുകൊണ്ട് വീടിനടുത്തുള്ള തോട്ടത്തിൽ ഉണ്ടായിരുന്നെന്നും അവരെ കാണാൻ പറ്റാത്തതിൽ ഖേദമുണ്ടെന്നും സൂസൻ എഴുതിയിരുന്നു. അപ്പോൾ മുതൽ സൂസൻ നമ്മളോടൊത്തു പതിവായി ബൈബിൾ പഠിക്കുന്നു. ഈയിടെ സൂസൻ ആദ്യമായി മീറ്റിങ്ങിനും വന്നു.
ആളുകളുമായി ബന്ധപ്പെടാൻ കുറിപ്പുകൾ വെക്കുന്നതിൽ പോളിനും ഫെയ്ത്തിനും വളരെ ഉത്സാഹമാണ്. പോൾ പറയുന്നു: “ഞങ്ങളുടെ മറ്റു പല താത്പര്യക്കാരും ഇതുപോലെ ഞങ്ങൾ എഴുതി വെച്ചിട്ടു പോരുന്ന കുറിപ്പുകൾ വായിക്കാറുണ്ട്. കുറിപ്പുകൾ വെക്കുന്ന ഈ രീതി കൊള്ളാം!”
അദ്ദേഹത്തിന്റെ വിശ്വാസം നഴ്സിനെ സ്വാധീനിച്ചു
2014 ആഗസ്റ്റിൽ ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച് നമ്മുടെ ഒരു സഹോദരനെ ഹംഗറിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സങ്കടകരമെന്നു പറയട്ടെ, അധികംവൈകാതെ സഹോദരൻ മരണമടഞ്ഞു. സഹോദരനെ നന്നായി ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്ത ടിൻഡെ എന്ന നഴ്സിനെക്കുറിച്ച് സഹോദരന്റെ ഭാര്യ ഇങ്ങനെ എഴുതി:
“2015-ലെ ‘യേശുവിനെ അനുകരിക്കുക!’ മേഖലാ കൺവെൻഷനിൽ ഞാനും മകനും പങ്കെടുത്തു. കൺവെൻഷന്റെ അവസാനദിവസം വീട്ടിലേക്കു മടങ്ങാനായി ഞങ്ങൾ പാർക്കിങ് സ്ഥലത്ത് നിൽക്കുകയായിരുന്നു. ഒരു സ്ത്രീ എന്നെ കണ്ടതും ബാഗുകളെല്ലാം താഴെയിട്ടിട്ട് എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് കരയാൻ തുടങ്ങി. ഏതാണ്ട് ഒരു വർഷം മുമ്പ് എന്റെ ഭർത്താവിനെ ശുശ്രൂഷിച്ച നഴ്സ് ആയിരുന്നു അവൾ. ദിവസവും ജോലി ആരംഭിക്കുന്നതിനു മുമ്പ്, ഓരോ നഴ്സിനും ഒരു രോഗിയെ വീതം നിയമിച്ചു കൊടുക്കുമായിരുന്നു എന്ന് അവൾ പറഞ്ഞു. രോഗിയായ എന്റെ ഭർത്താവിനെ പരിചരിക്കാനായിരുന്നു അവൾക്കു താത്പര്യം. അതിനായി അവളെ നിയമിക്കണേ എന്ന് അവൾ എന്നും പ്രാർഥിച്ചിരുന്നു. അതുതന്നെയാണു സംഭവിച്ചതും!
“വിശ്വാസത്തോടു ബന്ധപ്പെട്ട എന്റെ ഭർത്താവിന്റെ നല്ല പെരുമാറ്റവും ഭാവിപ്രത്യാശയെക്കുറിച്ച് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നതും യഹോവയുടെ സാക്ഷികളോടൊത്ത് ഒരു ബൈബിൾപഠനം തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചെന്നു ടിൻഡെ പറഞ്ഞു.
“ടിൻഡെ ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ എന്റെ ഭർത്താവ് പുനരുത്ഥാനത്തിൽ വരുമ്പോൾ സ്വീകരിക്കാൻ അവളും കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ നല്ല പെരുമാറ്റവും ഉറച്ച വിശ്വാസവും ആണ് അവളെ സ്വാധീനിച്ചത് എന്നു പറയാൻ അവൾ ആഗ്രഹിക്കുന്നു. അതുപോലെ ആ നല്ല മാതൃക യഹോവയെക്കുറിച്ചും യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ചും അറിയാൻ തന്നെ സഹായിച്ചെന്നും അവൾ അദ്ദേഹത്തോടു പറയും.”
സാക്ഷീകരണം, വാഹനങ്ങൾ തോറും
ബൾഗേറിയ: അതിർത്തിയിൽ ട്രക്ക് ഡ്രൈവർമാരോടു സാക്ഷീകരിക്കുന്നു
പ്രതിഷേധങ്ങളും തടസ്സങ്ങളും കാരണം ഗ്രീസിന്റെയും ബൾഗേറിയയുടെയും അതിർത്തികളിലെ ചെക്ക്പോസ്റ്റുകൾ മിക്കപ്പോഴും അടഞ്ഞുകിടക്കും. അതിനാൽ പലപ്പോഴും വാഹനങ്ങൾ മൈലുകളോളം ദൂരത്തിൽ റോഡിൽ കാത്തുകിടക്കാറുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്താൻ ബൾഗേറിയയിലെ ഒരു സഭ തീരുമാനിച്ചു. ഇങ്ങനെ കാത്തുകിടക്കുന്ന വണ്ടികളിലെ ഡ്രൈവർമാർക്കും മറ്റും സഹോദരങ്ങൾ ബൈബിൾപ്രസിദ്ധീകരണങ്ങൾ വായിക്കാനായി കൊടുക്കും. 12 ഭാഷകളിൽ ഉള്ള പ്രസിദ്ധീകരണങ്ങളുമായാണു സഹോദരങ്ങൾ പോകാറ്. ട്രക്ക് ഡ്രൈവർമാരിൽ മിക്കവരും തളർന്നും ക്ഷീണിച്ചും ഇരിക്കുന്നവരാണെങ്കിലും നമ്മളോടു സംസാരിക്കാൻ അവർക്ക് ഇഷ്ടമാണ്. സഹോദരങ്ങളാകട്ടെ, അവർ പറയുന്നത് അനുകമ്പയോടെ കേൾക്കുകയും അവർക്കു പ്രത്യാശയും പ്രോത്സാഹനവും പകരുകയും ചെയ്യും. ഒരു ഡ്രൈവർ ഇങ്ങനെ ചോദിച്ചു: “നിങ്ങൾ യഹോവയുടെ സാക്ഷികൾ ആണോ?” ‘അതെ’ എന്ന മറുപടി കിട്ടിയപ്പോൾ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “എനിക്കറിയാം, യഹോവയുടെ സാക്ഷികൾ മാത്രമേ ഇങ്ങനെ പ്രവർത്തിക്കുകയുള്ളൂ.” ഓസ്ട്രിയക്കാരനായ ഒരു ട്രക്ക് ഡ്രൈവർ രസകരമായ ഈ ചോദ്യം ചോദിച്ചു: “ഇവിടെപ്പോലും ഞങ്ങളെ വിടില്ല, അല്ലേ! കൊള്ളാം! ആളുകൾക്ക് ആശ്വാസവും പ്രത്യാശയും കൊടുക്കുന്നത് നിങ്ങൾ നിറുത്തരുത്.” മറ്റൊരാൾ ഇങ്ങനെ പറഞ്ഞു: “എനിക്കു നിങ്ങളുടെ പുസ്തകമൊന്നും വായിക്കാൻ ഒരു താത്പര്യവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ സന്തോഷത്തോടെ ഞാനതു വായിക്കും.” ഒരു സഹോദരൻ വേറൊരു ഡ്രൈവറോടു സന്തോഷവാർത്ത പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കവിളിലൂടെ കണ്ണീർ ഒഴുകി. കാരണം വളരെക്കാലം മുമ്പ് താൻ ഒരു സാക്ഷിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസിദ്ധീകരണം വായിക്കാനും ഏതെങ്കിലും സഭയുമായി ബന്ധപ്പെടാനും സഹോദരങ്ങൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.