അക്രമികൾ സഹോദരങ്ങളുടെ വസ്തുവകകൾ നശിപ്പിച്ചതൊന്നും യഹോവയെ സേവിക്കുന്നതിൽനിന്ന് അവരെ തടഞ്ഞില്ല
ജോർജിയ | 1998-2006
ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കാതെ യഹോവയെ സേവിക്കുന്നു
നമ്മുടെ സഹോദരങ്ങൾ പേടിച്ച് പിന്മാറിയില്ല, കൂടിവരവുകൾ വേണ്ടെന്നുവെച്ചതുമില്ല. പ്രചാരകരെ സംരക്ഷിക്കുന്നതിനു മൂപ്പന്മാർ ജ്ഞാനപൂർവം മുൻകരുതലുകൾ സ്വീകരിച്ചു. ആ കാലത്ത് നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി വാദിച്ച കാനഡയിൽനിന്നുള്ള അഭിഭാഷകനായ ആൻഡ്രേ കാർബോന്യു സഹോദരൻ ഓർക്കുന്നു: “മിക്കപ്പോഴും, ഒരു സഹോദരനെ മൊബൈൽഫോണുമായി മീറ്റിങ്ങ് സ്ഥലത്തിന് അടുത്ത് നിറുത്തും. സംശയം തോന്നുന്ന വിധത്തിൽ ഒരു കൂട്ടം ആളുകൾ വരുന്നതു കണ്ടാൽ അദ്ദേഹം ഉടനെ മൂപ്പന്മാരെ വിവരം അറിയിക്കും.”
ഷമോയൻ കുടുംബത്തിന്റെ വീട് (ഇടത്ത്), ഒരു പ്രസിദ്ധീകരണ ഡിപ്പോ (വലത്ത്) എന്നിവ ചുട്ടെരിച്ച നിലയിൽ
എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടാകുകയാണെങ്കിൽ സഹോദരങ്ങളെ ആശ്വസിപ്പിക്കാനും ബലപ്പെടുത്താനും ആയി രണ്ടു പ്രതിനിധികൾ ബ്രാഞ്ചോഫീസിൽനിന്ന് വരാറുണ്ട്. ആൻഡ്രേ സഹോദരൻ തുടരുന്നു: “എന്നാൽ മീറ്റിങ്ങ് സ്ഥലത്ത് വരുന്ന ബ്രാഞ്ച് പ്രതിനിധികൾ പലപ്പോഴും കാണുന്നതു നല്ല സന്തോഷമുള്ള, ചിരിക്കുന്ന സഹോദരന്മാരെയും സഹോദരിമാരെയും ആണ്. ഇതു ശരിക്കും ഒരു അത്ഭുതമാണ്!”
കോടതിമുറിക്കുള്ളിലും പുറത്തും സഹോദരങ്ങൾക്ക് ഉപദ്രവങ്ങൾ നേരിട്ടു
ബൈബിൾവിദ്യാർഥികൾ ഉൾപ്പെടെ ആക്രമണത്തിന് ഇരയാകാത്തവരും ഇതേ നിശ്ചയദാർഢ്യം ഉള്ളവരാണ്. സ്നാനമേൽക്കാത്ത പ്രചാരികയാകാൻ പോകുകയായിരുന്ന ഒരു സ്ത്രീ പറഞ്ഞകാര്യം ആൻഡ്രേ ഓർക്കുന്നു. ആ സ്ത്രീ അദ്ദേഹത്തോടു പറഞ്ഞു: “സഹോദരങ്ങളെ ആക്രമിക്കുന്നതു ടെലിവിഷനിൽ കണ്ടപ്പോൾ എനിക്ക് യഥാർഥക്രിസ്ത്യാനികളും കപടക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം മനസ്സിലായി. ഞാൻ യഥാർഥക്രിസ്ത്യാനികളുടെ കൂടെയാണ്.”
സഹവിശ്വാസികൾക്കുവേണ്ടി ധൈര്യത്തോടെ നിലകൊള്ളുന്നു
വെല്ലുവിളിനിറഞ്ഞ ആ കാലങ്ങളിൽ പ്രസംഗപ്രവർത്തനത്തിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ട് പ്രചാരകർ അസാധാരണമായ വിശ്വാസവും ധൈര്യവും പ്രകടിപ്പിച്ചു. കോടതിയിൽ സഹവിശ്വാസികൾക്കുവേണ്ടി വാദിച്ചവരും സമാനമായ വിശ്വാസമാണു കാണിച്ചത്.
സാക്ഷികളെ മിക്കപ്പോഴും കുടുംബം തകർക്കുന്നവർ, വൈദ്യചികിത്സ സ്വീകരിക്കാത്തവർ, രാജ്യദ്രോഹികൾ എന്നൊക്കെയാണു മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചത്. അഭിഭാഷകർ എന്നനിലയിൽ സഹോദരങ്ങൾക്കുവേണ്ടി ഹാജരായവർ തങ്ങളുടെ സത്പേരും തൊഴിലും ആണ് അപകടപ്പെടുത്തിയത്.
ഐക്യനാടുകളിലെ നിയമവിഭാഗത്തിൽനിന്ന് വന്ന ധീരരായ സഹോദരന്മാർ കോടതിയിൽ സഹവിശ്വാസികൾക്കുവേണ്ടി വാദിച്ചു
ജോർജിയയിലെ സഹോദരങ്ങളെ ആ കാലങ്ങളിൽ സഹായിച്ചിരുന്ന കാനഡബ്രാഞ്ചിൽനിന്നുള്ള വക്കീലായ ജോൺ ബേൺസ് സഹോദരൻ ഓർക്കുന്നു: “വക്കീലന്മാരായ പ്രാദേശിക സഹോദരീസഹോദരന്മാർ അവരുടെ സേവനം വിട്ടുതന്നു. അവരുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും ആ സഹോദരങ്ങൾ ഒട്ടും പേടിക്കാതെ കോടതിയിൽ പോകുകയും തങ്ങൾ യഹോവയുടെ സാക്ഷികളാണെന്നു വെളിപ്പെടുത്തുകയും ചെയ്തു.” ആ ധീരരായ സാക്ഷികൾ യഥാർഥത്തിൽ, “സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കാൻ” പ്രവർത്തിച്ചവരാണ്.—ഫിലി. 1:7.
ജോർജിയക്കാർ അക്രമികൾക്കെതിരെ ശബ്ദമുയർത്തുന്നു
ഈ സമയത്ത് സാക്ഷികൾക്കു നേരെയുള്ള അക്രമപ്രവർത്തനങ്ങൾ തുടരുകയായിരുന്നു. അതുകൊണ്ട് സമാധാനപ്രിയരായ തങ്ങളെ കൂട്ടംചേർന്നുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കണമെന്നും കൈയേറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 2001 ജനുവരി 8 മുതൽ സാക്ഷികൾ പൊതുജനത്തിനിടയിൽ ഒരു ഒപ്പുശേഖരണം നടത്തി.
ഈ അപേക്ഷയുടെ ഉദ്ദേശ്യത്തെപ്പറ്റി ബേൺസ് സഹോദരൻ വിവരിക്കുന്നു: “ഞങ്ങളുടെ ലക്ഷ്യം, യഹോവയുടെ സാക്ഷികൾക്കു നേരെയുള്ള ആക്രമണങ്ങളെ മിക്ക ജോർജിയൻ പൗരന്മാരും എതിർക്കുന്നെന്നും യഥാർഥത്തിൽ ഇതിന്റെ പിന്നിൽ ഒരു ചെറിയകൂട്ടം മതതീവ്രവാദികൾ മാത്രമാണെന്നും തെളിയിക്കുക എന്നതായിരുന്നു.”
വെറും രണ്ടാഴ്ചക്കുള്ളിൽ ജോർജിയയുടെ എല്ലാ മേഖലകളിൽനിന്നുമുള്ള 1,33,375 പൗരന്മാർ ഈ അപേക്ഷയിൽ ഒപ്പിട്ടു. അവരിൽ ഭൂരിപക്ഷവും ഓർത്തഡോക്സുകാരായിരുന്നു. ഈ പരാതി പ്രസിഡന്റായിരുന്ന ഷെവർഡ്നാഡ്സെക്കു സമർപ്പിച്ചെങ്കിലും അക്രമങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. മതതീവ്രവാദികൾ സാക്ഷികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതു തുടർന്നുകൊണ്ടേയിരുന്നു.
സാക്ഷികൾക്കെതിരെയുള്ള അക്രമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ആയിരക്കണക്കിനു ജോർജിയക്കാർ ഒപ്പിട്ട ഒരു പരാതി
എന്നാൽ ഈ സമയമെല്ലാം യഹോവ തന്റെ ജനത്തിന്റെമേൽ അനുഗ്രഹങ്ങൾ ചൊരിയുകയായിരുന്നു. മതതീവ്രവാദികൾ ദൈവജനത്തിനു നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ദൈവമായ യഹോവ ആത്മാർഥതയുള്ള നിരവധിപേരെ വ്യാജമതത്തിന്റെ പിടിയിൽനിന്നും വിടുവിച്ച് കൊണ്ടുപോന്നു.
വ്യാജമതത്തിന്റെ കെട്ടുകൾ പൊട്ടിച്ച് പുറത്തേക്ക്. . .
ജീവിതത്തിൽ ഏറിയപങ്കും ബാബിലീന ഖരാടിഷ്വിലി ജോർജിയൻ ഓർത്തഡോക്സ് പള്ളിയിലെ ഒരു ഉറച്ച വിശ്വാസി ആയിരുന്നു. ഏതാണ്ട് 30 വയസ്സുള്ളപ്പോൾ ബാബിലീന പട്ടണംതോറും ഗ്രാമംതോറും യാത്ര ചെയ്ത് ആളുകളെ വിശുദ്ധന്മാരുടെ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുമായിരുന്നു.
എന്നാൽ ബാബിലീനയ്ക്കു ദൈവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ടായിരുന്നു. അതുകൊണ്ട് അവൾ ജോർജിയൻ ഓർത്തഡോക്സുകാരുടെ സെമിനാരിയിൽ പോയി പ്രസംഗങ്ങൾ കേൾക്കാൻ തീരുമാനിച്ചു. ഒരിക്കൽ ഒരു പുരോഹിതൻ അവിടെ കൂടിയിരുന്നവരെ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം കാണിക്കുകയും യഹോവയുടെ സാക്ഷികളുടെ കൈയിൽനിന്ന് അതിന്റെ ഒരു കോപ്പി വാങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: “ഇതിൽനിന്ന് ബൈബിളിനെപ്പറ്റി ധാരാളം കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാം.”
ബാബിലീന ഞെട്ടിപ്പോയി. കാരണം, അവൾ എപ്പോഴും സാക്ഷികളെ ഒഴിവാക്കുമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു പുരോഹിതൻ അവരുടെ പുസ്തകങ്ങൾ വാങ്ങാൻ പറയുന്നു! ബാബിലീന സ്വയം ഇങ്ങനെ ചോദിച്ചു: ‘ദൈവത്തെക്കുറിച്ച് യഹോവയുടെ സാക്ഷികളിൽനിന്ന് പഠിക്കാനാണെങ്കിൽ പിന്നെ ഇവിടെനിന്നിട്ട് എന്താണു കാര്യം?’ അപ്പോൾത്തന്നെ പോട്ടി നഗരത്തിലെ സാക്ഷികളുമായി ബന്ധപ്പെട്ട് അവൾ ബൈബിൾപഠനം തുടങ്ങി.
ബാബിലീനയുടെ ബൈബിൾപഠനം പുരോഗമിച്ചു. അവൾ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഒരിക്കൽ അവർ ഇങ്ങനെ പറഞ്ഞു: “ചിത്രങ്ങൾ ഉപയോഗിച്ചുള്ള ആരാധന തെറ്റാണെന്നു ഞാൻ എന്റെ സ്വന്തം കണ്ണുകൊണ്ട് ബൈബിളിൽനിന്ന് കണ്ടപ്പോൾ എല്ലാ തരം വിഗ്രഹാരാധനയും ഞാൻ ഒഴിവാക്കി. അതുതന്നെയാണു ശരിയായ തീരുമാനം എന്നു ഞാൻ ഉറപ്പിച്ചു.” ഏതാണ്ട് 80-നോട് അടുത്ത പ്രായത്തിൽ ബാബിലീന ഒരു യഹോവയുടെ സാക്ഷിയാകാൻ തീരുമാനമെടുത്തു.
കൊച്ചുമകൾ ഇസബെലയോടു ബാബിലീന ബൈബിൾസത്യം പങ്കുവെച്ചു
സങ്കടകരമെന്നു പറയട്ടെ 2001-ൽ രോഗിയായിത്തീർന്ന ബാബിലീന സ്നാനമേൽക്കാൻ കഴിയുന്നതിനു മുമ്പ് മരിച്ചു. എന്നാൽ അവരുടെ കൊച്ചുമകൾ ഇസബെല പിന്നീടു സ്നാനമേൽക്കുകയും ഇപ്പോൾ വിശ്വസ്തമായി യഹോവയെ സേവിക്കുകയും ചെയ്യുന്നു.
അവൾ ഒരു കന്യാസ്ത്രീയാകാൻ ആഗ്രഹിച്ചു
ഒരു കന്യാസ്ത്രീയാകാൻ തീരുമാനിച്ചപ്പോൾ എലീസോ സീഡ്സ്ഷ്വിലിയ്ക്ക് 28 വയസ്സായിരുന്നു. കിബൂലിയിലെ അവളുടെ വീടിനടുത്ത് കന്യാസ്ത്രീമഠങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ 2001-ൽ എലീസോ ടിബിലിസിയിലേക്കു പോയി. മഠത്തിൽ പ്രവേശനം കിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കെ, അവൾ ഒരു ടീച്ചറായി പാർട്ട്ടൈം ജോലിക്കുകയറി. നുനു എന്ന ഒരു സഹോദരിയുടെ മകൾ ആ ക്ലാസ്സിൽ പഠിക്കുന്നുണ്ടായിരുന്നു.
എലീസോ പറയുന്നു: “ഞങ്ങൾ മിക്കപ്പോഴും ബൈബിളിനെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഞാൻ ഓർത്തഡോക്സ് മതത്തിനുവേണ്ടി ഭയങ്കരമായി വാദിക്കും. എന്നാൽ നുനു സഹോദരിയാകട്ടെ ക്ഷമയോടെ ബൈബിൾ വാക്യങ്ങൾ ഓരോന്നായി കാണിച്ചുതരും. ഒരു ദിവസം നുനു എന്നെ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക വായിച്ച് കേൾപ്പിക്കാമെന്നു പറഞ്ഞു. ഞങ്ങൾ ഖണ്ഡികകൾ വായിക്കുകയും തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തപ്പോൾ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ആരാധിക്കുന്നതു ദൈവകല്പനയുടെ നേരിട്ടുള്ള ലംഘനമാണെന്ന് എനിക്കു മനസ്സിലായി.”
പിന്നീട്, എലീസോ അവിടത്തെ പള്ളിയിൽ പോയി പുരോഹിതനോടു കുറെ ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരങ്ങളിൽനിന്ന് പള്ളിയുടെ പഠിപ്പിക്കലുകൾ ബൈബിളിനെ അടിസ്ഥാനമാക്കിയല്ലെന്ന് എലീസോയ്ക്കു മനസ്സിലായി. (മർക്കോ. 7:7, 8) താൻ സത്യം കണ്ടെത്തി എന്ന ബോധ്യം വന്ന എലീസോ ഉടനെതന്നെ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. വൈകാതെ സ്നാനമേൽക്കുകയും ചെയ്തു.
കന്യാസ്ത്രീയാകാൻ ആഗ്രഹിച്ച എലീസോ സീഡ്സ്ഷ്വിലി (ഇടത്ത്), നുനു കൊപലിയാനി (വലത്ത്)
എതിർപ്പുണ്ടായിട്ടും രാജ്യഹാളുകൾ പണിയുന്നു
2001-ഓടെ ധാരാളം സഭകൾക്ക് ആരാധനയ്ക്കായി കൂടിവരാനുള്ള ഹാളുകളുടെ ആവശ്യം വളരെയധികം വർധിച്ചു. ഏതാണ്ട് 70 രാജ്യഹാളുകളുടെ ആവശ്യമുണ്ടെന്നാണു കണക്കെടുത്തപ്പോൾ കണ്ടത്. അതുകൊണ്ട് എതിർപ്പുണ്ടായിട്ടും രാജ്യഹാൾ നിർമിക്കുന്ന ഒരു പരിപാടിക്കു തുടക്കം കുറിച്ചു.—എസ്ര 3:3.
ഒരു നിർമാണസംഘം താമസിയാതെ ടിബിലിസിയിൽ എത്തി. മുമ്പ് പല സഭകൾ ചേർന്ന് ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കെട്ടിടം രൂപമാറ്റം വരുത്തി മെച്ചപ്പെടുത്താനുള്ള ജോലികൾ അവർ അവിടെ ആരംഭിച്ചു. തുടർന്ന് പടിഞ്ഞാറൻ ജോർജിയയിലെ ടിബിലിസിയിലും ചിയാടുറയിലും ആയി മറ്റു രണ്ടു പദ്ധതികൾകൂടി ആരംഭിച്ചു.
ടിബിലിസിയിലെ പഴയ രാജ്യഹാൾ (ഇടത്ത്), ആ സ്ഥാനത്ത് പണിത ഇപ്പോഴത്തെ പുതിയ രാജ്യഹാൾ (വലത്ത്)
ചിയാടുറയിലെ നിർമാണസംഘത്തിലുണ്ടായിരുന്ന ടമാസി കുട്സിഷ്വിലി സഹോദരൻ ഓർമിക്കുന്നു: “എല്ലാ ദിവസവും ഞങ്ങൾ 15-ഓളം സഹോദരങ്ങൾ ജോലി ചെയ്യാൻ ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ പുതിയ ഹാൾ പണിയുന്ന കാര്യം പട്ടണത്തിൽ എല്ലാവരും അറിഞ്ഞു. എതിരാളികൾ വന്ന് രാജ്യഹാൾ തകർക്കാൻ ആലോചിക്കുന്നുണ്ട് എന്ന ഒരു കിംവദന്തിയും ഞങ്ങൾ കേട്ടു.”
ഇങ്ങനെയുള്ള എതിർപ്പുകളുടെ പശ്ചാത്തലത്തിൽ രാജ്യഹാൾ നിർമാണപദ്ധതി എന്തുമാത്രം വിജയിക്കുന്നുണ്ട്? ടമാസി സഹോദരൻ പറയുന്നു: “മൂന്നു മാസംകൊണ്ട് രാജ്യഹാൾ പണി പൂർത്തിയായി. ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും എതിരാളികൾ ആരുംതന്നെ പണിസ്ഥലത്ത് എത്തിയില്ല.”a
ഒടുവിൽ ആശ്വാസം!
ഓർത്തഡോക്സ് മതതീവ്രവാദിഗ്രൂപ്പിലെ അംഗങ്ങളും അവരുടെ തലവൻ വാസിലി കാലാവിഷ്വിലിയും, അറസ്റ്റിലായപ്പോൾ
2003 ഒക്ടോബറിൽ സാംട്രെഡിയ നഗരത്തിൽ ഒരു രാജ്യഹാൾ പണിയാൻ തുടങ്ങി. മതതീവ്രവാദികൾ വീണ്ടും അവിടെയുള്ള സഹോദരങ്ങളെ ഭീഷണിപ്പെടുത്തി. ഹാളിന്റെ ഭിത്തി കെട്ടിപ്പൊക്കിയതേ ഉണ്ടായിരുന്നുള്ളൂ. ഭിത്തിയിലെ ചാന്തു പോലും ഉണങ്ങിയിരുന്നില്ല. ആ സമയത്ത് ഒരുകൂട്ടം എതിരാളികൾ വന്ന് കെട്ടിടം തകർത്തുകളഞ്ഞു.
എന്നാൽ 2003 നവംബറിൽ ജോർജിയയിൽ ഉണ്ടായ പുതിയ ഒരു സംഭവവികാസം സഹോദരങ്ങൾക്കെല്ലാം ആശ്വാസം പകർന്നു. ഭരണത്തിൽ ഉണ്ടായ മാറ്റം കൂടുതൽ മതസഹിഷ്ണുത വളർന്നുവരാൻ ഇടയാക്കി. അതിന്റെ ഫലമായി യഹോവയുടെ സാക്ഷികളെ ആക്രമിച്ച ഓർത്തഡോക്സ് മതതീവ്രവാദിഗ്രൂപ്പിലെ അക്രമികളിൽ അനേകം പേരെ അറസ്റ്റ് ചെയ്തു.
ദൈവജനത്തിനു അനുഗ്രഹങ്ങളുടെ പെരുമഴ
എതിർപ്പുകളും ഉപദ്രവങ്ങളും അവസാനിച്ച് അധികംവൈകാതെ ജോർജിയയിലെ യഹോവയുടെ ജനത്തിനു തുടർന്നങ്ങോട്ട് ആത്മീയാനുഗ്രഹങ്ങളുടെ നാളുകൾ ആയിരുന്നു. 2004-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ജോർജിയൻ ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പ്രകാശനം ചെയ്തു.
പിന്നീട് 2006-ലെ “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ മറ്റൊരു അവിസ്മരണീയമായ സംഭവം അരങ്ങേറി. ഭരണസംഘാംഗമായ ജഫ്രി ജാക്സൺ സഹോദരൻ പങ്കെടുക്കുന്നുണ്ടെന്നു കേട്ടപ്പോൾ കൺവെൻഷനെത്തിയ പ്രതിനിധികൾക്കെല്ലാം ആകാംക്ഷയായി. ജോർജിയൻ ഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ സമ്പൂർണപതിപ്പ് ജാക്സൺ സഹോദരൻ പ്രകാശനം ചെയ്തപ്പോൾ കൂടിവന്നവർക്കു സന്തോഷം അടക്കാനായില്ല.
ജോർജിയൻ ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ പ്രകാശനം 2006-ൽ നടന്നപ്പോൾ
പലരുടെയും കണ്ണുകൾ കൃതജ്ഞതകൊണ്ട് നിറഞ്ഞൊഴുകി. ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “സമ്പൂർണബൈബിൾ കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷം വാക്കുകളിൽ വിവരിക്കാനാകില്ല. . . . ഇതു ചരിത്രപ്രധാനമായ ഒരു നിമിഷമാണ്.” 17,000-ത്തിലധികം ആളുകൾ ഈ ആത്മീയസദ്യയിൽ പങ്കെടുത്തു. ജോർജിയയിലെ സാക്ഷികളുടെ ചരിത്രത്തിന്റെ ഏടുകളിൽ കുറിച്ചിടാനുള്ള ഒരു സുവർണനിമിഷം.
a 2001മുതൽ 2003വരെയുള്ള കാലത്ത് രാജ്യത്ത് ആകെ ഏഴു രാജ്യഹാളുകൾ പണിതു.