ജോർജിയ
മനുഷ്യനിർമിത മതിലുകൾക്കു തടയാനാകാത്ത സ്നേഹം
സാനെൽ എന്ന കുഞ്ഞുവാവ, ജനിക്കുന്നതിനു വളരെ മുമ്പുതന്നെ അവളുടെ ഗുരുതരമായ രോഗാവസ്ഥയെപ്പറ്റി ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇനി അഥവാ ജനിച്ചാലും അവളുടെ ജീവിതത്തിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും അപ്പോൾ മുതൽ പല ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ജോർജിയയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച അബ്ഖാസിയയിലായിരുന്നു അവർ ജീവിച്ചിരുന്നത്. രക്തം കൂടാതെ സാനെലിനു ശസ്ത്രക്രിയ നടത്താൻ ഒരു ഡോക്ടറെ ആ പ്രദേശത്തെങ്ങും അവർക്കു കിട്ടിയില്ല.
മാതാപിതാക്കൾ ആ പ്രദേശത്തെ ആശുപത്രി ഏകോപനസമിതിയുമായി (എച്ച്എൽസി) ബന്ധപ്പെട്ടു.a ഈ സമിതിയിലെ സഹോദരന്മാർക്കു നമ്മളോടു സഹകരിക്കുന്ന ഒരു ഡോക്ടറെ ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിൽ കണ്ടെത്താനായി. ഇതു മാതാപിതാക്കളെ വളരെയധികം ആശ്വസിപ്പിച്ചു. എന്നാൽ കുഞ്ഞിന്റെ അമ്മയ്ക്കു പ്രസവത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം യാത്ര ചെയ്യാൻ ആകുമായിരുന്നില്ല. അമ്മയ്ക്കു പകരം യഹോവയുടെ സാക്ഷികളായ സാനെലിന്റെ രണ്ടു വല്യമ്മമാർ കുഞ്ഞിനെയും കൊണ്ട് ടിബിലിസിയിലേക്കു പോകാൻ തീരുമാനിച്ചു.
സങ്കീർണമായ ആ ശസ്ത്രക്രിയ വിജയിച്ചു. കുറെ ദിവസം കഴിഞ്ഞ്, ആ വല്യമ്മമാർ ഇങ്ങനെ എഴുതി: “20 ദിവസത്തോളം ഞങ്ങൾ ആശുപത്രിയിൽ താമസിച്ചു. ആ സമയത്തെല്ലാം ജോർജിയയിലെ ധാരാളം സഹോദരങ്ങൾ ഞങ്ങളെ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു. മിക്കവരുംതന്നെ ഞങ്ങളെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നമ്മുടെ സഹോദരങ്ങളുടെ സ്നേഹത്തെക്കുറിച്ച് ഞങ്ങൾ വായിച്ചറിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതു നേരിട്ട് അനുഭവിച്ചറിഞ്ഞു.”
a ജോർജിയയിലെ എച്ച്എൽസി-യിൽ സേവിക്കുന്ന മൂപ്പന്മാർക്കു രക്തരഹിത ശസ്ത്രക്രിയ നടത്താൻ തയ്യാറുള്ള 250-ലേറെ ഡോക്ടർമാരുമായി നല്ല ബന്ധമുണ്ടായിരുന്നു.