പുറപ്പാട്
27 “കരുവേലത്തടികൊണ്ട് യാഗപീഠം ഉണ്ടാക്കണം.+ അതിന് അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉണ്ടായിരിക്കണം. യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരമുള്ളതും ആയിരിക്കണം.+ 2 യാഗപീഠത്തിന്റെ നാലു കോണിലും കൊമ്പുകൾ+ ഉണ്ടാക്കണം. അവ യാഗപീഠത്തിൽനിന്നുതന്നെയായിരിക്കണം. യാഗപീഠം ചെമ്പുകൊണ്ട് പൊതിയണം.+ 3 അതിലെ ചാരം* നീക്കം ചെയ്യാൻ തൊട്ടികൾ ഉണ്ടാക്കണം. അതോടൊപ്പം കോരികകളും കുഴിയൻപാത്രങ്ങളും മുൾക്കരണ്ടികളും കനൽപ്പാത്രങ്ങളും ഉണ്ടാക്കണം. ചെമ്പുകൊണ്ടായിരിക്കണം അതിന്റെ എല്ലാ ഉപകരണങ്ങളും ഉണ്ടാക്കേണ്ടത്.+ 4 യാഗപീഠത്തിന് ഒരു ജാലം, അതായത് ചെമ്പുകൊണ്ടുള്ള ഒരു വല, ഉണ്ടാക്കണം. അതിന്റെ നാലു കോണിലായി ചെമ്പുകൊണ്ടുള്ള നാലു വളയവും ഉണ്ടാക്കണം. 5 അതു യാഗപീഠത്തിന്റെ അരികുപാളിക്കു കീഴെ കുറച്ച് താഴെയായി വേണം വെക്കാൻ. വല യാഗപീഠത്തിനുള്ളിൽ ഏതാണ്ടു മധ്യഭാഗംവരെ ഇറങ്ങിയിരിക്കണം. 6 യാഗപീഠത്തിനുവേണ്ടി കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി അവ ചെമ്പുകൊണ്ട് പൊതിയണം. 7 യാഗപീഠം എടുത്തുകൊണ്ടുപോകുമ്പോൾ ഈ തണ്ടുകൾ യാഗപീഠത്തിന്റെ രണ്ടു വശങ്ങളിലുമായിരിക്കുംവിധം അവ വളയങ്ങളിൽ ഇടണം.+ 8 പലകകൾകൊണ്ടുള്ള പൊള്ളയായ ഒരു പെട്ടിയുടെ രൂപത്തിൽ നീ യാഗപീഠം ഉണ്ടാക്കണം. പർവതത്തിൽവെച്ച് ദൈവം കാണിച്ചുതന്നതുപോലെതന്നെ അത് ഉണ്ടാക്കണം.+
9 “വിശുദ്ധകൂടാരത്തിനു മുറ്റം+ ഉണ്ടാക്കണം. മുറ്റത്തിന്റെ തെക്കുവശത്തിനുവേണ്ടി, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് 100 മുഴം നീളത്തിൽ മറശ്ശീലകൾ ഉണ്ടാക്കണം.+ 10 അവയ്ക്ക് 20 തൂണും തൂണുകൾക്ക് 20 ചെമ്പുചുവടും ഉണ്ടായിരിക്കണം. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും* വെള്ളികൊണ്ടുള്ളതായിരിക്കണം. 11 വടക്കുവശത്തും 100 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരിക്കണം. അവയ്ക്കും 20 തൂണും തൂണുകൾക്ക് 20 ചെമ്പുചുവടും ഉണ്ടായിരിക്കണം. തൂണുകൾക്കു വെള്ളികൊണ്ടുള്ള കൊളുത്തുകളും സംയോജകങ്ങളും വേണം. 12 പടിഞ്ഞാറുവശത്ത്, മുറ്റത്തിന്റെ വീതിപ്പാടിന് ഒരറ്റംമുതൽ മറ്റേ അറ്റംവരെ 50 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരിക്കണം. അവയ്ക്കു പത്തു തൂണും പത്തു ചുവടും വേണം. 13 കിഴക്കുവശത്ത്, അതായത് സൂര്യോദയത്തിനു നേരെയുള്ള വശത്ത്, മുറ്റത്തിന്റെ വീതി 50 മുഴമായിരിക്കണം. 14 പ്രവേശനകവാടത്തിന്റെ ഒരു വശത്ത് മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരിക്കും.+ 15 മറുവശത്തും മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരിക്കും.
16 “മുറ്റത്തിന്റെ പ്രവേശനകവാടത്തിന് 20 മുഴം നീളത്തിൽ ഒരു യവനികയുണ്ടായിരിക്കണം.* നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ+ എന്നിവ ഉപയോഗിച്ച് നെയ്തുണ്ടാക്കിയതായിരിക്കണം ഇത്. അതിനു നാലു തൂണും തൂണുകൾ ഉറപ്പിക്കാനുള്ള നാലു ചുവടും ഉണ്ടായിരിക്കണം.+ 17 മുറ്റത്തിനു ചുറ്റുമുള്ള എല്ലാ തൂണുകളുടെയും സംയോജകങ്ങളും കൊളുത്തുകളും വെള്ളികൊണ്ടുള്ളതും എന്നാൽ, അവയുടെ ചുവടുകൾ ചെമ്പുകൊണ്ടുള്ളതും ആയിരിക്കണം.+ 18 മുറ്റത്തിന് 100 മുഴം നീളവും+ 50 മുഴം വീതിയും ഉണ്ടായിരിക്കും. പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ടുള്ള മറശ്ശീലകളുടെ ഉയരമാകട്ടെ അഞ്ചു മുഴവും. അതിനു ചെമ്പുചുവടുകളും ഉണ്ടായിരിക്കണം. 19 വിശുദ്ധകൂടാരത്തിലെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും സാധനങ്ങളും അതിന്റെ കൂടാരക്കുറ്റികളും മുറ്റത്തിന്റെ എല്ലാ കുറ്റികളും ചെമ്പുകൊണ്ടുള്ളതായിരിക്കണം.+
20 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻവേണ്ടി,+ ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവന്ന് നിനക്കു തരാൻ നീ ഇസ്രായേല്യരോടു കല്പിക്കണം. 21 സാന്നിധ്യകൂടാരത്തിൽ,* ‘സാക്ഷ്യ’ത്തിന് അടുത്തുള്ള തിരശ്ശീലയ്ക്കു വെളിയിൽ,+ വൈകുന്നേരംമുതൽ രാവിലെവരെ യഹോവയുടെ മുമ്പാകെ ദീപങ്ങൾ കത്തിനിൽക്കാൻവേണ്ട ഏർപ്പാടുകൾ അഹരോനും പുത്രന്മാരും ചെയ്യും.+ ഇത് ഇസ്രായേല്യരുടെ എല്ലാ തലമുറകളും അനുസരിക്കേണ്ട ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.+