യിരെമ്യ
14 വരൾച്ചയെക്കുറിച്ച് യഹോവയിൽനിന്ന് യിരെമ്യക്കു കിട്ടിയ സന്ദേശം:+
2 യഹൂദ വിലപിക്കുന്നു;+ അതിന്റെ കവാടങ്ങൾ തകർന്നുകിടക്കുന്നു.
അവ നിരാശയിൽ മുങ്ങി നിലംപതിക്കുന്നു;
യരുശലേമിൽനിന്ന് കരച്ചിൽ ഉയരുന്നു.
3 അവരുടെ യജമാനന്മാർ വെള്ളത്തിനുവേണ്ടി ദാസരെ* അയയ്ക്കുന്നു.
അവർ ജലസ്രോതസ്സുകളിൽ* ചെല്ലുന്നെങ്കിലും എങ്ങും വെള്ളമില്ല.
കാലിപ്പാത്രങ്ങളുമായി അവർ മടങ്ങുന്നു.
അവർ നാണംകെട്ട് നിരാശയോടെ തങ്ങളുടെ തല മൂടുന്നു.
5 പുല്ലില്ലാത്തതുകൊണ്ട് കാട്ടിലെ പേടമാൻപോലും
പെറ്റുവീണ കുഞ്ഞിനെ ഉപേക്ഷിക്കുന്നു.
6 കാട്ടുകഴുതകൾ മൊട്ടക്കുന്നുകളിൽ നിന്ന്
കുറുനരികളെപ്പോലെ കിതയ്ക്കുന്നു;
സസ്യങ്ങൾക്കായി നോക്കിനോക്കി അവയുടെ കാഴ്ച മങ്ങുന്നു.+
7 ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നെങ്കിലും
യഹോവേ, അങ്ങയുടെ പേരിനെ ഓർത്ത് അങ്ങ് പ്രവർത്തിക്കേണമേ.+
ഞങ്ങൾ കാണിച്ച അവിശ്വസ്തതയ്ക്കു കൈയും കണക്കും ഇല്ലല്ലോ;+
അങ്ങയോടാണല്ലോ ഞങ്ങൾ പാപം ചെയ്തത്.
8 ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷകനും ആയ ദൈവമേ,+
അങ്ങ് ദേശത്ത് ഒരു അന്യനെപ്പോലെയും
രാപാർക്കാൻ മാത്രം വരുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നത് എന്താണ്?
9 അങ്ങ് അന്ധാളിച്ചുനിൽക്കുന്ന ഒരു പുരുഷനെപ്പോലെയും
രക്ഷിക്കാനാകാത്ത ഒരു വീരനെപ്പോലെയും ആയിരിക്കുന്നത് എന്താണ്?
യഹോവേ, അങ്ങ് ഞങ്ങളുടെ ഇടയിലുണ്ടല്ലോ;+
അങ്ങയുടെ നാമത്തിൽ അറിയപ്പെടുന്നവരല്ലേ ഞങ്ങൾ?+
ഞങ്ങളെ ഉപേക്ഷിച്ചുകളയരുതേ.
10 ഈ ജനത്തെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “അലഞ്ഞുതിരിയാനാണ് അവർക്ക് ഇഷ്ടം.+ അവർ കാലിന് ഒരു നിയന്ത്രണവും വെച്ചിട്ടില്ല.+ അതുകൊണ്ട് യഹോവയ്ക്ക് അവരെ ഒട്ടും ഇഷ്ടമല്ല.+ ഞാൻ ഇപ്പോൾ അവരുടെ തെറ്റുകൾ ഓർത്ത് അവരുടെ പാപങ്ങൾക്കു കണക്കു ചോദിക്കും.”+
11 പിന്നെ യഹോവ എന്നോടു പറഞ്ഞു: “ഈ ജനത്തിന്റെ നന്മയ്ക്കുവേണ്ടി പ്രാർഥിക്കരുത്.+ 12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ യാചനകൾക്കു ചെവി കൊടുക്കുന്നില്ല.+ അവർ സമ്പൂർണദഹനയാഗങ്ങളും ധാന്യയാഗങ്ങളും അർപ്പിക്കുന്നെങ്കിലും ഞാൻ അവയിൽ പ്രസാദിക്കുന്നില്ല.+ കാരണം ഞാൻ അവരെ വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും നശിപ്പിക്കാൻപോകുകയാണ്.”+
13 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, പ്രവാചകന്മാർ അവരോട് ഇങ്ങനെയൊക്കെയാണു പറയുന്നത്: ‘നിങ്ങൾ വാൾ കാണുകയില്ല. ക്ഷാമം നിങ്ങളുടെ മേൽ വരുകയുമില്ല. പകരം, ഞാൻ ഇവിടെ നിങ്ങൾക്കു യഥാർഥസമാധാനം തരും.’”+
14 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “പ്രവാചകന്മാർ എന്റെ നാമത്തിൽ നുണകളാണു പ്രവചിക്കുന്നത്.+ ഞാൻ അവരെ അയയ്ക്കുകയോ അവരോടു കല്പിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.+ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജദർശനവും ഒരു ഗുണവുമില്ലാത്ത ഭാവിഫലവും സ്വന്തം ഹൃദയത്തിലെ വഞ്ചനയും ആണ്.+ 15 അതുകൊണ്ട്, ഞാൻ അയച്ചിട്ടില്ലെങ്കിലും എന്റെ നാമത്തിൽ പ്രവചിക്കുകയും വാളോ ക്ഷാമമോ ഈ ദേശത്ത് വരില്ലെന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: ‘വാളാലും ക്ഷാമത്താലും ആ പ്രവാചകന്മാർ നശിക്കും.+ 16 അവരുടെ പ്രവചനം കേട്ട ജനം ക്ഷാമത്തിനും വാളിനും ഇരയാകും. യരുശലേമിന്റെ തെരുവുകളിലേക്ക് അവരെ വലിച്ചെറിയും. അവരെയും അവരുടെ ഭാര്യമാരെയും മക്കളെയും കുഴിച്ചിടാൻ ആരുമുണ്ടാകില്ല.+ അവർ അർഹിക്കുന്ന ദുരന്തംതന്നെ ഞാൻ അവരുടെ മേൽ ചൊരിയും.’+
17 “നീ ഈ വാക്കുകൾ അവരോടു പറയണം:
‘എന്റെ കണ്ണിൽനിന്ന് കണ്ണീർ രാപ്പകൽ പൊഴിയട്ടെ; അതു നിലയ്ക്കാതെ ധാരധാരയായി ഒഴുകട്ടെ.+
എന്റെ ജനത്തിൻപുത്രിയായ കന്യക ക്രൂരമർദനമേറ്റ് തകർന്നിരിക്കുന്നല്ലോ;+
അവൾക്കു മാരകമായ മുറിവേറ്റിരിക്കുന്നു.
നഗരത്തിലേക്കു ചെന്നാലോ
അവിടെ അതാ ക്ഷാമംമൂലം രോഗികളായവർ!+
പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അപരിചിതമായ ദേശത്തുകൂടെ അലഞ്ഞുനടക്കുന്നല്ലോ.’”+
19 അങ്ങ് യഹൂദയെ തീർത്തും തള്ളിക്കളഞ്ഞോ? സീയോനോട് അങ്ങയ്ക്കു വെറുപ്പാണോ?+
ഭേദമാകാത്ത വിധം അങ്ങ് ഞങ്ങളെ അടിച്ചത് എന്തിനാണ്?+
സമാധാനമുണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു; പക്ഷേ ഒരു ഗുണവുമുണ്ടായില്ല;
രോഗശമനത്തിനുവേണ്ടി കാത്തിരുന്നു; പക്ഷേ എങ്ങും ഭീതി മാത്രം!+
20 യഹോവേ, ഞങ്ങളുടെ ദുഷ്ടത ഞങ്ങൾ അംഗീകരിക്കുന്നു;
ഞങ്ങളുടെ പൂർവികരുടെ തെറ്റുകൾ ഞങ്ങൾ സമ്മതിക്കുന്നു;
ഞങ്ങൾ അങ്ങയോടു പാപം ചെയ്തല്ലോ.+
21 അങ്ങയുടെ പേരിനെ ഓർത്ത് ഞങ്ങളെ തള്ളിക്കളയരുതേ.+
അങ്ങയുടെ മഹനീയസിംഹാസനത്തെ വെറുക്കരുതേ.
ഞങ്ങളോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കേണമേ; അതു ലംഘിക്കരുതേ.+
22 ജനതകളുടെ ഒരു ഗുണവുമില്ലാത്ത ദേവവിഗ്രഹങ്ങൾക്കു മഴ പെയ്യിക്കാനാകുമോ?
ആകാശം വിചാരിച്ചാൽപ്പോലും മഴ പെയ്യിക്കാനാകുമോ?
ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയ്ക്കു മാത്രമല്ലേ അതു സാധിക്കൂ?+
ഇതെല്ലാം ചെയ്തിരിക്കുന്നത് അങ്ങായതുകൊണ്ട്
അങ്ങയിലാണു ഞങ്ങളുടെ പ്രത്യാശ.