യിരെമ്യ
22 യഹോവ പറയുന്നത് ഇതാണ്: “യഹൂദാരാജാവിന്റെ ഭവനത്തിൽ* ചെന്ന് ഈ സന്ദേശം അറിയിക്കുക. 2 നീ ഇങ്ങനെ പറയണം: ‘ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യഹൂദാരാജാവേ, അങ്ങും ഈ കവാടങ്ങളിലൂടെ അകത്ത് വരുന്ന അങ്ങയുടെ ദാസന്മാരും ജനവും യഹോവയുടെ സന്ദേശം കേൾക്കുക. 3 യഹോവ പറയുന്നത് ഇതാണ്: “നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നിൽക്കുക. വഞ്ചിച്ച് തട്ടിയെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക. നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ ദ്രോഹിക്കരുത്. അനാഥനെയോ* വിധവയെയോ ഉപദ്രവിക്കരുത്.+ ഇവിടെ നിരപരാധികളുടെ രക്തം വീഴിക്കരുത്.+ 4 നിങ്ങൾ എന്റെ ഈ വാക്കുകൾ ശ്രദ്ധാപൂർവം പിൻപറ്റിയാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന+ രാജാക്കന്മാർ രഥങ്ങളിലും കുതിരകളിലും സവാരി ചെയ്ത് ഈ ഭവനത്തിന്റെ കവാടങ്ങളിലൂടെ അകത്ത് വരും; അവരുടെ ദാസന്മാരും ജനവും അവരോടൊപ്പം വരും.”’+
5 “‘പക്ഷേ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കാതിരുന്നാൽ ഈ ഭവനം, നശിച്ചുകിടക്കുന്ന ഒരു സ്ഥലമായി മാറുമെന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
6 “യഹൂദാരാജാവിന്റെ ഭവനത്തെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്:
‘നീ എനിക്കു ഗിലെയാദുപോലെയും
ലബാനോൻകൊടുമുടിപോലെയും ആണ്.
പക്ഷേ ഞാൻ നിന്നെ ഒരു വിജനഭൂമിയാക്കും;
നിന്റെ ഒരൊറ്റ നഗരത്തിൽപ്പോലും ആൾത്താമസമുണ്ടാകില്ല.+
അവർ നിന്റെ അതിവിശിഷ്ടദേവദാരുക്കൾ വെട്ടി തീയിലിടും.+
8 “‘ഈ നഗരത്തിന് അടുത്തുകൂടെ അനേകം ജനതകൾ കടന്നുപോകും. അവർ പരസ്പരം ചോദിക്കും: “ഈ മഹാനഗരത്തോട് യഹോവ എന്തിനാണ് ഇങ്ങനെ ചെയ്തത്?”+ 9 അപ്പോൾ അവർ പറയും: “അവർ അവരുടെ ദൈവമായ യഹോവയുടെ ഉടമ്പടി ഉപേക്ഷിച്ച് അന്യദൈവങ്ങളെ കുമ്പിട്ട് അവയെ സേവിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.”’+
10 മരിച്ചവനെ ഓർത്ത് കരയരുത്;
അവനുവേണ്ടി വിലപിക്കുകയുമരുത്.
പകരം, ബന്ദിയായി പോകുന്നവനെ ഓർത്ത് അലമുറയിട്ട് കരയൂ;
കാരണം, ജന്മദേശം കാണാൻ അവൻ ഇനി ഒരിക്കലും മടങ്ങിവരില്ലല്ലോ.
11 “യോശിയയുടെ മകനും തന്റെ അപ്പനായ യോശിയയ്ക്കു+ പകരം യഹൂദയിൽ രാജാവായി ഭരിക്കുന്നവനും ഈ സ്ഥലത്തുനിന്ന് പോയവനും ആയ ശല്ലൂമിനെക്കുറിച്ച്*+ യഹോവ പറയുന്നത് ഇതാണ്: ‘അവൻ ഒരിക്കലും മടങ്ങിവരില്ല. 12 കാരണം, അവനെ ബന്ദിയായി കൊണ്ടുചെന്ന സ്ഥലത്തുവെച്ച് അവൻ മരിക്കും; ഇനി ഒരിക്കലും അവൻ ഈ ദേശം കാണില്ല.’+
13 അന്യായംകൊണ്ട് വീടു പണിയുകയും
അനീതികൊണ്ട് മേൽമുറികൾ ഉണ്ടാക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാര്യം കഷ്ടം!
അവൻ ഒന്നും കൊടുക്കാതെ സഹമനുഷ്യനെക്കൊണ്ട് പണിയെടുപ്പിക്കുന്നു;
കൂലി കൊടുക്കാൻ അവൻ കൂട്ടാക്കുന്നില്ല.+
14 അവൻ പറയുന്നു: ‘വിശാലമായ മേൽമുറികളുള്ള
ഒരു വലിയ വീടു ഞാൻ പണിയും.
ഞാൻ അതിനു ജനാലകൾ പിടിപ്പിക്കും.
അതിന്റെ ചുവരുകളിൽ ദേവദാരുപ്പലകകൾ പതിപ്പിച്ച് വീടിനു സിന്ദൂരവർണം* പൂശും.’
15 ദേവദാരു ഉപയോഗിക്കുന്ന കാര്യത്തിൽ മറ്റുള്ളവരെ കടത്തിവെട്ടുന്നതുകൊണ്ട് മാത്രം എന്നും ഇങ്ങനെ രാജാവായി വാഴാമെന്നാണോ നിന്റെ വിചാരം?
നിന്റെ അപ്പനും തിന്നുകുടിച്ചിരുന്നു;
പക്ഷേ അവൻ നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നിന്നു.+
അത് അവന്റെ നന്മയിൽ കലാശിച്ചു.
16 ക്ലേശിതരുടെയും പാവങ്ങളുടെയും നിയമപരമായ അവകാശങ്ങൾക്കുവേണ്ടി അവൻ നിലകൊണ്ടു;
അതു ശുഭമായി ഭവിച്ചു.
‘എന്നെ അറിയുകയെന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ഇതല്ലേ’ എന്ന് യഹോവ ചോദിക്കുന്നു.
17 ‘പക്ഷേ നിന്റെ കണ്ണും ഹൃദയവും നോട്ടമിട്ടിരിക്കുന്നത് അന്യായമായി നേട്ടമുണ്ടാക്കുന്നതിലും
നിരപരാധികളുടെ രക്തം ചൊരിയുന്നതിലും
ചതിക്കുന്നതിലും പിടിച്ചുപറിക്കുന്നതിലും മാത്രമാണ്.’
18 “അതുകൊണ്ട് യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിനെക്കുറിച്ച്+ യഹോവ പറയുന്നത് ഇതാണ്:
‘അവനെക്കുറിച്ച്, “അയ്യോ, എന്റെ സഹോദരാ! അയ്യോ, എന്റെ സഹോദരീ!”
എന്നു പറഞ്ഞ് അവർ വിലപിക്കില്ല.
അവനെക്കുറിച്ച്, “അയ്യോ, എന്റെ യജമാനനേ! അയ്യോ, എന്റെ തിരുമനസ്സേ!”
എന്നു പറഞ്ഞും അവർ വിലപിക്കില്ല.
19 അവനെ വലിച്ചിഴച്ച്
യരുശലേംകവാടങ്ങൾക്കു വെളിയിൽ എറിഞ്ഞുകളയും.’+
അവന്റെ ശവസംസ്കാരം ഒരു കഴുതയുടേതുപോലെയായിരിക്കും.+
20 ലബാനോനിലേക്കു ചെന്ന് നിലവിളിക്കുക;
ബാശാനിൽനിന്ന് ശബ്ദമുയർത്തുക.
അബാരീമിൽനിന്ന്+ നിലവിളിക്കുക.
നിന്റെ കാമുകന്മാരെയെല്ലാം തകർത്തുകളഞ്ഞല്ലോ.+
21 നീ ഉത്കണ്ഠകളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കാലത്ത് ഞാൻ നിന്നോടു സംസാരിച്ചു.
പക്ഷേ ‘ഞാൻ അനുസരിക്കില്ല’ എന്നാണു നീ പറഞ്ഞത്.+
ചെറുപ്പംമുതലേ നീ ഇങ്ങനെയാണ്,
എന്റെ വാക്കു കേട്ടനുസരിക്കാറില്ല.+
22 നിന്റെ ഇടയന്മാരെയെല്ലാം ഒരു കാറ്റു മേയ്ക്കും.+
നിന്റെ കാമുകന്മാരെയെല്ലാം ബന്ദികളായി പിടിച്ചുകൊണ്ടുപോകും.
അപ്പോൾ, നിനക്കു വന്ന ദുരന്തങ്ങളെല്ലാം കാരണം നീ നാണംകെട്ട് തല താഴ്ത്തും.
23 ലബാനോനിൽ+ താമസിക്കുന്നവളേ,
ദേവദാരുക്കൾക്കിടയിൽ കൂടു കൂട്ടിയവളേ,+
പ്രസവവേദനപോലുള്ള കഠോരവേദന നിന്നെ പിടികൂടുമ്പോൾ
നിന്റെ ഞരക്കം എത്ര ദയനീയമായിരിക്കും!”+
24 “യഹോവ പ്രഖ്യാപിക്കുന്നു: ‘യഹൂദാരാജാവായ യഹോയാക്കീമിന്റെ+ മകൻ കൊന്യ*+ എന്റെ വലങ്കൈയിലെ മുദ്രമോതിരമാണെങ്കിൽപ്പോലും ഞാനാണെ, ഞാൻ അവനെ കൈയിൽനിന്ന് ഊരിയെറിയും! 25 “ഞാൻ നിന്നെ നിന്റെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും നീ പേടിക്കുന്നവരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെയും കൽദയരുടെയും+ കൈയിലും ഏൽപ്പിക്കും. 26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച നിന്റെ അമ്മയെയും നിന്റെ ജന്മദേശമല്ലാത്ത മറ്റൊരു ദേശത്തേക്കു വലിച്ചെറിയും. അവിടെയായിരിക്കും നിന്റെ മരണം.” 27 അവരുടെ മനസ്സു കൊതിക്കുന്ന ദേശത്തേക്ക് അവർ ഒരിക്കലും മടങ്ങിവരില്ല.+
28 കൊന്യ എന്ന ഈ മനുഷ്യൻ ഒന്നിനും കൊള്ളാത്ത ഒരു പൊട്ടക്കലമാണോ?
ആർക്കും വേണ്ടാത്ത ഒരു പാത്രമാണോ?
അവനെയും അവന്റെ വംശജരെയും
അവർക്ക് അറിയാത്ത ഒരു ദേശത്തേക്കു വലിച്ചെറിഞ്ഞത് എന്താണ്?’+
29 ഭൂമിയേ,* ഭൂമിയേ, ഭൂമിയേ, യഹോവയുടെ സന്ദേശം കേൾക്കൂ.
30 യഹോവ പറയുന്നത് ഇതാണ്:
‘എഴുതിവെക്കുക: ഈ മനുഷ്യൻ മക്കളില്ലാത്തവനായിരിക്കും;
ആയുഷ്കാലത്ത് ഒരിക്കലും അവൻ വിജയം വരിക്കില്ല.
കാരണം, അവന്റെ വംശത്തിൽപ്പെട്ട ആർക്കും
വീണ്ടും ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന് യഹൂദയെ ഭരിക്കാനാകില്ല.’”+