യഹസ്കേൽ
19 “ഇസ്രായേലിലെ തലവന്മാരെക്കുറിച്ച് നീ ഒരു വിലാപഗീതം ആലപിക്കണം. 2 ഇങ്ങനെ പാടൂ:
‘ആരായിരുന്നു നിന്റെ അമ്മ? സിംഹങ്ങളുടെ ഇടയിൽ ഒരു സിംഹി.
കരുത്തരായ യുവസിംഹങ്ങളുടെ* ഇടയിൽ കിടന്ന് അവൾ അവളുടെ കുഞ്ഞുങ്ങളെ പോറ്റി.
3 തന്റെ കുഞ്ഞുങ്ങളിൽ ഒന്നിനെ അവൾ വളർത്തിവലുതാക്കി. അവൻ കരുത്തനായ ഒരു യുവസിംഹമായി.+
ഇരയെ കടിച്ചുകീറാൻ അവൻ പഠിച്ചു.
മനുഷ്യരെപ്പോലും അവൻ തിന്നു.
4 പക്ഷേ അവനെക്കുറിച്ച് കേട്ട ജനതകൾ കുഴി ഒരുക്കി അവനെ പിടിച്ചു.
അവർ അവനെ കൊളുത്തിട്ട് ഈജിപ്ത് ദേശത്തേക്കു കൊണ്ടുപോയി.+
5 അവൻ വരാൻ അവൾ കാത്തിരുന്നു;
പ്രതീക്ഷയറ്റപ്പോൾ തന്റെ മറ്റൊരു കുഞ്ഞിനെ കരുത്തനായ ഒരു യുവസിംഹമായി വളർത്തി വിട്ടു.
6 അവനും സിംഹങ്ങളോടൊപ്പം നടന്ന് കരുത്തനായ ഒരു യുവസിംഹമായി.
ഇരയെ കടിച്ചുകീറാൻ അവനും പഠിച്ചു. മനുഷ്യരെപ്പോലും അവൻ തിന്നു.+
7 അവരുടെ കെട്ടുറപ്പുള്ള മണിമേടകൾക്കിടയിലൂടെ പതുങ്ങിനടന്ന് അവൻ അവരുടെ നഗരങ്ങൾ നശിപ്പിച്ചു.
വിജനമായിത്തീർന്ന ആ സ്ഥലത്തെല്ലാം അവന്റെ ഗർജനം മുഴങ്ങിക്കേട്ടു.+
8 അവനെ വലവീശിപ്പിടിക്കാൻ ചുറ്റുമുള്ള ജനതകൾ അവന്റെ നേരെ വന്നു.
അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു.
9 അവർ അവനെ കൊളുത്തിട്ട് കൂട്ടിലാക്കി, ബാബിലോൺരാജാവിന്റെ അടുത്തേക്കു കൊണ്ടുപോയി.
ഇസ്രായേൽമലകളിൽ അവന്റെ ശബ്ദം ഇനി ഒരിക്കലും കേൾക്കാതിരിക്കാൻ അവർ അവനെ അവിടെ പൂട്ടിയിട്ടു.
10 നിന്റെ അമ്മ നിന്റെ രക്തത്തിലെ മുന്തിരിവള്ളിപോലെയായിരുന്നു;*+ വെള്ളത്തിന് അരികെ നട്ടിരുന്ന മുന്തിരിവള്ളിപോലെ.
വെള്ളം ധാരാളമുണ്ടായിരുന്നതുകൊണ്ട് അതു ഫലം കായ്ച്ചു; അതിൽ നിറയെ ശാഖകൾ ഉണ്ടായി.
11 ഭരണാധിപന്റെ ചെങ്കോലിനു പറ്റിയ ബലമുള്ള ശാഖകൾ* അതിൽ ഉണ്ടായി.
അതു വളർന്ന് മറ്റു മരങ്ങളെക്കാൾ തല ഉയർത്തി നിന്നു.
ഉയരംകൊണ്ടും ഇലത്തഴപ്പുകൊണ്ടും അത് എല്ലാവരുടെയും കണ്ണിൽപ്പെടുമായിരുന്നു.
12 പക്ഷേ ക്രോധത്തോടെ അവളെ പിഴുതെടുത്ത്+ നിലത്തെറിഞ്ഞു.
ഒരു കിഴക്കൻ കാറ്റ് അവളുടെ പഴങ്ങൾ ഉണക്കിക്കളഞ്ഞു.
അവളുടെ ബലമുള്ള ശാഖകൾ ഒടിച്ചുകളഞ്ഞു.+ ഉണങ്ങിപ്പോയ അവയെ തീ തിന്നുകളഞ്ഞു.+
14 അവളുടെ ശാഖകളിൽനിന്ന്* തീ പടർന്ന് അവളുടെ ഇളംചില്ലകളും പഴങ്ങളും ചുട്ടുചാമ്പലാക്കി.
ഭരണാധികാരിയുടെ ചെങ്കോലിനു പറ്റിയ ബലമുള്ള ഒരു ശാഖപോലും അവളിൽ ഇല്ലാതായി.+
“‘ഇത് ഒരു വിലാപഗീതമാണ്, ഒരു വിലാപഗീതമായി പ്രചാരത്തിലിരിക്കുകയും ചെയ്യും.’”