യിരെമ്യ
15 അപ്പോൾ, യഹോവ എന്നോടു പറഞ്ഞു: “മോശയും ശമുവേലും എന്റെ മുന്നിൽ നിന്നാൽപ്പോലും+ ഞാൻ ഈ ജനത്തോടു പ്രീതി കാണിക്കില്ല. എന്റെ കൺമുന്നിൽനിന്ന് ഇവരെ ഓടിച്ചുകളയൂ. അവർ പോകട്ടെ. 2 അവർ നിന്നോട്, ‘ഞങ്ങൾ എവിടെപ്പോകും’ എന്നു ചോദിച്ചാൽ നീ അവരോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്:
“മാരകരോഗത്തിനുള്ളവർ മാരകരോഗത്തിലേക്ക്!
വാളിനുള്ളവർ വാളിലേക്ക്!+
ക്ഷാമത്തിനുള്ളവർ ക്ഷാമത്തിലേക്ക്!
അടിമത്തത്തിനുള്ളവർ അടിമത്തത്തിലേക്ക്!”’+
3 “യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാൻ അവരുടെ മേൽ നാലു ദുരന്തം* വരുത്തും:+ വാൾ അവരെ കൊല്ലും; നായ്ക്കൾ അവരെ വലിച്ചിഴയ്ക്കും; ആകാശത്തിലെ പക്ഷികൾ അവരെ തിന്നുമുടിക്കും; ഭൂമിയിലെ മൃഗങ്ങൾ അവരെ വിഴുങ്ങിക്കളയും.+ 4 യഹൂദാരാജാവായ ഹിസ്കിയയുടെ മകൻ മനശ്ശെ യരുശലേമിൽ ചെയ്തുകൂട്ടിയ കാര്യങ്ങൾ നിമിത്തം+ ഭൂമിയിലുള്ള എല്ലാ രാജ്യങ്ങൾക്കും ഞാൻ അവരെ ഭീതികാരണമാക്കും.+
5 യരുശലേമേ, ആരു നിന്നോട് അനുകമ്പ കാട്ടും?
ആർക്കു നിന്നോടു സഹതാപം തോന്നും?
നിന്റെ ക്ഷേമം അന്വേഷിക്കാൻ ആരു നിന്റെ അടുത്ത് വരും?’
6 ‘നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
‘നീ വീണ്ടുംവീണ്ടും എനിക്കു പുറംതിരിയുന്നു.*+
അതുകൊണ്ട്, നിനക്ക് എതിരെ കൈ നീട്ടി ഞാൻ നിന്നെ സംഹരിക്കും.+
നിന്നോട് അലിവ് കാണിച്ചുകാണിച്ച്* ഞാൻ മടുത്തു.
7 ദേശത്തിന്റെ കവാടങ്ങളിൽവെച്ച് ഞാൻ അവരെ മുൾക്കരണ്ടികൊണ്ട് പാറ്റിക്കളയും.
ഞാൻ അവരുടെ മക്കളുടെ ജീവനെടുക്കും.+
എന്റെ ജനം അവരുടെ വഴികളിൽനിന്ന് പിന്തിരിയാൻ കൂട്ടാക്കാത്തതുകൊണ്ട്+
ഞാൻ അവരെ സംഹരിക്കും.
8 എന്റെ മുന്നിൽ അവരുടെ വിധവമാർ കടലിലെ മണൽത്തരികളെക്കാൾ അധികമാകും.
നട്ടുച്ചയ്ക്കു ഞാൻ അവരുടെ നേരെ ഒരു സംഹാരകനെ വരുത്തും; അമ്മമാരെയും യുവാക്കളെയും അവൻ നിഗ്രഹിക്കും.
ഉത്കണ്ഠയും ഭീതിയും അവരെ പെട്ടെന്നു പിടികൂടാൻ ഞാൻ ഇടയാക്കും.
9 ഏഴു പ്രസവിച്ചവൾ ക്ഷീണിച്ച് തളർന്നിരിക്കുന്നു;
അവൾ ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്നു.
പകൽ തീരുംമുമ്പേ അവളുടെ സൂര്യൻ അസ്തമിച്ചിരിക്കുന്നു;
അവൾ ലജ്ജിതയും അപമാനിതയും ആയിരിക്കുന്നു.’*
‘അവരിൽ ബാക്കിയുള്ള കുറച്ച് പേരെ
ഞാൻ ശത്രുക്കളുടെ വാളിന് ഇരയാക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”+
ഞാൻ കാരണം നാട്ടിലെങ്ങും വഴക്കും വക്കാണവും ആണല്ലോ. കഷ്ടം!
ഞാൻ കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്തിട്ടില്ല;
എന്നിട്ടും അവരെല്ലാം എന്നെ ശപിക്കുന്നു.
11 യഹോവ പറഞ്ഞു: “ഞാൻ നിന്നെ ശുശ്രൂഷിച്ച് നിനക്കു നല്ലതു വരുത്തും.
ആപത്തുകാലത്ത് ഞാൻ തീർച്ചയായും നിനക്കുവേണ്ടി മധ്യസ്ഥത വഹിക്കും;
കഷ്ടകാലത്ത് നിനക്കുവേണ്ടി ശത്രുക്കളോടു വാദിക്കും.
12 ആർക്കെങ്കിലും ഇരുമ്പിനെ കഷണങ്ങളാക്കാനാകുമോ?
വടക്കുനിന്നുള്ള ഇരുമ്പും ചെമ്പും തകർക്കാനാകുമോ?
13 നിന്റെ നാട്ടിലെല്ലാം നീ ചെയ്തുകൂട്ടിയ പാപങ്ങൾ കാരണം
നിന്റെ വസ്തുവകകളും സമ്പാദ്യങ്ങളും വില വാങ്ങാതെ കൊള്ളവസ്തുക്കൾപോലെ ഞാൻ നൽകും.+
14 നിനക്ക് അപരിചിതമായ ഒരു ദേശത്തേക്കു കൊണ്ടുപോകാൻ
അവയെല്ലാം ഞാൻ നിന്റെ ശത്രുക്കൾക്കു കൊടുക്കും.+
കാരണം എന്റെ കോപത്താൽ ഒരു തീ ജ്വലിച്ചിരിക്കുന്നു;+
അതു നിന്റെ നേരെ വരുന്നു.”
15 യഹോവേ, അങ്ങയ്ക്ക് എല്ലാം അറിയാമല്ലോ;
എന്നെ ഓർക്കേണമേ; എന്നിലേക്കു ശ്രദ്ധ തിരിക്കേണമേ.
എന്നെ ഉപദ്രവിക്കുന്നവരോട് എനിക്കുവേണ്ടി പ്രതികാരം ചെയ്യേണമേ.+
അങ്ങ് കോപം ചൊരിയാൻ താമസിച്ചിട്ട് ഞാൻ നശിച്ചുപോകാൻ ഇടയാകരുതേ.*
അങ്ങയ്ക്കുവേണ്ടിയാണല്ലോ ഞാൻ ഈ നിന്ദയെല്ലാം സഹിക്കുന്നത്.+
16 അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, ഞാൻ അവ കഴിച്ചു;+
അവ എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു;
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.
17 ഞാൻ ഉല്ലാസപ്രിയരോടു കൂട്ടുകൂടി ആനന്ദിക്കുന്നില്ല.+
അങ്ങയുടെ കൈ എന്റെ മേലുള്ളതുകൊണ്ട് ഞാൻ തനിച്ചാണ് ഇരിക്കുന്നത്;
18 എന്താണ് എന്റെ വേദന വിട്ടുമാറാത്തത്,
എന്റെ മുറിവ് ഉണങ്ങാത്തത്?
അത് ഉണങ്ങാൻ കൂട്ടാക്കുന്നില്ല.
പെട്ടെന്നു വറ്റിപ്പോകുന്ന ഉറവപോലെ അങ്ങ് എന്നെ വഞ്ചിക്കുമോ?
19 അതുകൊണ്ട്, യഹോവ പറയുന്നത് ഇതാണ്:
“നീ മടങ്ങിവന്നാൽ ഞാൻ നിന്നെ പഴയപടിയാക്കും;
നീ എന്റെ മുന്നിൽ നിൽക്കും.
ഒരു ഗുണവുമില്ലാത്തതും അമൂല്യമായതും തമ്മിൽ നീ വേർതിരിച്ചാൽ
നീ എന്റെ വായ്പോലെയാകും.*
അവർക്കു നിന്നിലേക്കു തിരിയേണ്ടിവരും;
പക്ഷേ നിനക്ക് അവരിലേക്കു തിരിയേണ്ടിവരില്ല.”
20 “ഞാൻ നിന്നെ ഈ ജനത്തിനു മുന്നിൽ ഉറപ്പുള്ള ഒരു ചെമ്പുമതിലാക്കുന്നു.+
അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്;
പക്ഷേ വിജയിക്കില്ല.+
കാരണം, നിന്നെ രക്ഷിക്കാനും വിടുവിക്കാനും ഞാൻ നിന്നോടൊപ്പമുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.