ജീപ്നി ഫിലിപ്പീൻസിലെ പൊതുജനവാഹനം
ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ.
ഫിലിപ്പീൻസിലെ തെരുവുകളിൽ കടുപ്പമേറിയ വർണ്ണങ്ങളോടും പാറിപ്പറക്കുന്ന കാററാടികളോടും കണ്ണിനാനന്ദം പകരുന്ന ഒട്ടുവളരെ അലങ്കാരപ്പണികളോടും കൂടിയ ജീപ്നി ഒരു പരിചിതമായ ദൃശ്യമാണ്. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ മല്ലടിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന്—പൊതുജന ഗതാഗതത്തിന്—ഫിലിപ്പിനോകൾ കണ്ടുപിടിച്ച ഒരു അനന്യപരിഹാരമാണിത്. ഫിലിപ്പീൻസിൽ ഒരിക്കൽപോലും പോയിട്ടില്ലാത്ത ഏതൊരാൾക്കും പക്ഷേ “ജീപ്നി” എന്ന പദംപോലും അപരിചിതമായിരുന്നേക്കാം. അധികൃതവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത് അത് “ജീപ്” എന്നും “ജിററ്നി” (ചെറിയ ബസ്) എന്നുമുള്ള രണ്ടു പദങ്ങളുടെ ഒരു സംയുക്തരൂപമാണെന്നാണ്. ഈ ആകർഷകമായ വാഹനം നിങ്ങളെ പരിചയപ്പെടുത്താൻ ഞങ്ങളെ അനുവദിക്കൂ.
അർബൻ മാസ്സ് ട്രാൻസ്പോർട്ടേഷൻ എന്ന തന്റെ പുസ്തകത്തിൽ പൊതുജന ഗതാഗത സംവിധാനങ്ങളുടെ ഒരു പൊതുപ്രശ്നത്തിലേക്ക് ജോർജ്ജ് എം. സ്മേർക്ക് ശ്രദ്ധ ക്ഷണിക്കുന്നു: “പൊതുജന ഗതാഗത സംവിധാനങ്ങൾ വഴക്കമില്ലാത്തതാണ് എന്ന് മിക്കപ്പോഴും കുററമാരോപിക്കപ്പെടാറുണ്ട്. സാധാരണയായി ഇതിന്റെ അർത്ഥം “കാലങ്ങൾകൊണ്ടു മാറുന്ന പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കുതകുമാറ് ഒരു ഗതാഗതറൂട്ടിന് ഭേദഗതി വരുത്താനൊക്കില്ല” എന്നതാണ്. പക്ഷേ ജീപ്നിയെ സംബന്ധിച്ച് ഇതു സത്യമല്ല. ജീപ്നി വഴക്കമുള്ളതും ചെലവു കുറഞ്ഞതും നടത്തിക്കൊണ്ടുപോകാൻ എളുപ്പവുമാണ്. നമുക്കിതിൽ ഒന്നിൽ കയറി എന്തുകൊണ്ടാണിത് എന്നു കാണാം.
ഒരു ജീപ്നിയിലെ സവാരി
ഉഷ്ണമേഖലാ സൂര്യന്റെ ചൂടിൽ മനിലാ നഗരത്തിലെ മുഖ്യ തെരുവുകളിൽ ഒന്നിനരികെ നിങ്ങൾ നിൽക്കുമ്പോൾ വലിയ ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഇരു ദിശകളിലേക്കും ഒരു നദിപോലെ ഒഴുകുന്ന ജീപ്നികളുടെ നിര കണ്ട് നിങ്ങൾ മതിമറക്കാനിടയുണ്ട്. ഒരു മിലിറററി മോഡലിലുള്ള ജീപ് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കത്തക്കവണ്ണം നീളം കൂട്ടി ചിത്രങ്ങളും ഡിസൈനുകളും നാലുവശവും മുദ്രാവാക്യങ്ങളുമായി ഓരോന്നും മഴവില്ലിന്റെ വർണ്ണങ്ങളണിഞ്ഞിരിക്കുന്നു. ചെളി തെറിക്കാതിരിക്കാൻ പുറകിലും വശങ്ങളിലും തൂക്കിയിട്ടിരിക്കുന്ന ഫ്ളാപ്പുകൾ “മാസ്ററർ മറൈനർ” അല്ലെങ്കിൽ “ജീപ്നിരാജാവ്” എന്നീ മുദ്രാവാക്യങ്ങളുമായി പറന്നുകളിക്കുന്നു.
മിക്ക ജീപ്നികളും വെട്ടിത്തിളങ്ങുന്ന മററു ചെറിയ ചെറിയ വസ്തുക്കൾകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു—പമ്പരങ്ങൾ, ക്രോംപ്ലേററ് ചെയ്ത കുതിരകൾ, കാററാടികൾ, നീണ്ട തണ്ടോടുകൂടിയ ആൻറിനകൾ, (ജീപ്പിൽ റേഡിയോ ഇല്ലെങ്കിൽപോലും)—എല്ലാം യാത്രക്കാരെ ആകർഷിക്കുന്നതിനുവേണ്ടി. പന്ത്രണ്ടോ പതിനാലോ അല്ലെങ്കിൽ അതിലധികമോ കൊച്ചു ദർപ്പണങ്ങൾ മൂടിക്കു മുകളിൽ സ്ഥാപിച്ച (ഇതും പ്രത്യക്ഷത്തിൽ യാതൊരു പ്രായോഗിക ഉദ്ദേശ്യങ്ങളെയും പ്രതിയല്ല) ഒരു ജീപ്നി നിങ്ങളുടെ ദൃഷ്ടിയിൽ പെട്ടേക്കാം. ഡ്രൈവർക്ക് താൻ എങ്ങോട്ടുപോകുന്നുവെന്ന് ഈ അലങ്കാരപ്പണികളുടെ നൂലാമാലകൾക്കിടയിലൂടെ നോക്കിക്കാണാനാവുമോ എന്നു സംശയം തോന്നും. പക്ഷേ അയാൾ സമർത്ഥമായി കാര്യങ്ങൾ കൈകാര്യംചെയ്യുന്നതായി തോന്നുന്നു.
ഏതു ജീപ്നിയാണ് നിങ്ങളെ ലക്ഷ്യത്തിലെത്തിക്കുക എന്ന് നിങ്ങൾ എങ്ങനെയറിയും? മുമ്പിലും വശങ്ങളിലും അവയെല്ലാം അവയുടെ റൂട്ടുകൾ വിളിച്ചറിയിക്കുന്ന സൈൻബോർഡുകൾ വഹിക്കുന്നു. എന്നാൽ ഇരമ്പിപ്പായുന്ന ഈ ജീപ്നികളിലൊന്ന് ഒന്നു നിർത്തിക്കിട്ടാൻ നിങ്ങൾ എന്തു ചെയ്യും? അത് ബുദ്ധിമുട്ടുള്ള സംഗതിയല്ല. ജീപ്നിയിൽ കയറി യാത്രചെയ്യാൻ നിങ്ങൾ തീരെ താത്പര്യംകാട്ടിയില്ലെങ്കിലും വണ്ടിനിർത്തി നിങ്ങളെ കയററിക്കൊണ്ടു പോവാൻ ഒരു ശരാശരി ഡ്രൈവർക്ക് വളരെ സന്തോഷമായിരിക്കും. അല്ലെങ്കിൽ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിന് അയാൾ ഹോൺ മുഴക്കിയേക്കാം. അത് വെറും ഹോങ്ങ് ഹോങ്ങ് എന്നുള്ള ഹോൺ അല്ല, പിന്നെയോ സംഗീതമധുരമായ നാദം പുറപ്പെടുവിക്കുന്നതാണ്.
നമുക്കിനി ജീപ്നിയിൽ കയറാം. പിറകിൽനിന്ന് നിങ്ങൾ കയറുമ്പോൾ ജീപ്പിന്റെ ഇരുവശങ്ങളിലും കുഷ്യനിട്ട ഓരോ ഒററപ്പാളി ബഞ്ച് നിങ്ങൾ കാണുന്നു. യാത്രക്കാർ നടുപ്പാതയുടെ ഇരുവശങ്ങളിലുമായി മുഖാമുഖം നോക്കിക്കൊണ്ട് അടുത്തടുത്തിരിക്കുന്നു. അവരുടെ മുട്ടുകൾ തമ്മിൽ മിക്കവാറും കൂട്ടിമുട്ടുന്നു. നിങ്ങൾ കുനിഞ്ഞ് അകത്തേക്കുകയറി (മേൽക്കൂര വളരെ താഴ്ന്നതാണ്) കാലിയായിക്കിടക്കുന്ന ഒരു സ്ഥലത്ത് ഒരുവിധം ചെന്നിരിക്കുന്നു. ചുമടുകളുമായി ആളുകൾ കയറുമ്പോൾ നിങ്ങളുടെ മുമ്പിലുള്ള ഇടുങ്ങിയ നടുപ്പാത പെട്ടികൾ കോഴിക്കുഞ്ഞുങ്ങൾ, കുട്ടികൾ, പച്ചക്കറിച്ചാക്കുകൾ എന്നിവ കൊണ്ടു നിറയുന്നു. ഡ്രൈവറുടെ കണ്ണാടിക്കു മീതെയുള്ള നീണ്ട ദർപ്പണത്തിലൂടെ അയാൾക്ക് തന്റെ പിന്നാലെ വരുന്ന വാഹനങ്ങളെയും ഇറങ്ങുകയും കയറുകയും ചെയ്യുന്ന ആളുകളാരൊക്കെയെന്നും യാത്രപ്പടി കൊടുക്കുന്നവരും കൊടുക്കാത്തവരും ആരൊക്കെയെന്നും നിരീക്ഷിക്കാൻ കഴിയുന്നു.
നിങ്ങളുടെ യാത്രപ്പടി എന്താണ്? ഞങ്ങളത് തുച്ഛമാണെന്നാണല്ലോ പറഞ്ഞിരുന്നത്. വെറും എഴുപത്തഞ്ച് സെൻറാവോ (ഒരു രൂപാ) കൊടുത്തുകൊണ്ട് നിങ്ങൾക്ക് മനിലയിൽ രണ്ടര മൈൽവരെ സഞ്ചരിക്കാം. ദൂര സവാരികൾക്ക് ക്രമേണ യാത്രപ്പടി വർദ്ധിക്കും. “പണംതരാത്ത ജൂഡാസിനെ ദൈവത്തിനറിയാം” എന്ന ഒരു സൈൻബോർഡ് പ്രമുഖമായ ഒരിടത്ത് പ്രദർശിപ്പിച്ചുകൊണ്ട് പല ഡ്രൈവർമാരും പണംകൊടുക്കാൻ യാത്രക്കാരെ പ്രോൽസാഹിപ്പിക്കുന്നു.a ദർപ്പണത്തിന്റെ അരികിലോ മീതെയോ ആയി ഡ്രൈവറുടെ സ്വന്തമായ രൂപക്കൂടോ അല്ലെങ്കിൽ ഒരു സുന്ദരിപ്പെണ്ണിന്റെ ചിത്രമോ ഉണ്ടായിരിക്കും.
ഇനിയും നിങ്ങൾക്ക് ചാരിയിരുന്ന് നിങ്ങളുടെ സവാരി ആസ്വദിക്കാം. നിങ്ങൾക്കെവിടെ ഇറങ്ങണമെന്ന് ഡ്രൈവറോടു പറയത്തക്കവണ്ണം എത്തിക്കൊണ്ടിരിക്കുന്നതെവിടെയാണ് എന്നതിൽ ഒരു ശ്രദ്ധ വേണം. വെറും ചില ഇഞ്ചുകൾ മാത്രം വ്യത്യാസത്തിലാണ് മറെറാരു ജീപ്നിയെ ഇടിക്കാതിരുന്നത് എന്ന സത്യം അറിയുകപോലും ചെയ്യാതെ ഡ്രൈവർ തിരക്കുപിടിച്ച വാഹനങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുമ്പോൾ വണ്ടി എത്ര വേഗത്തിലാണ് നീങ്ങുന്നതെന്ന് നിങ്ങൾ അതിശയിച്ചുപോയേക്കാം.
ജീപ്നി എവിടെനിന്നു വന്നു?
ഫിലിപ്പീൻസിലേക്കുള്ള ഒരു സമ്പൂർണ്ണവഴികാട്ടി എന്ന പുസ്തകത്തിൽ സോൾ ലോക്ക് ഹാർട്ട് ഇങ്ങനെ മറുപടി പറയുന്നു: “രണ്ടാം ലോകമഹായുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ആവശ്യത്തിലധികം വന്ന ജീപ്പുകളോടാണ് ജീപ്നി അതിന്റെ ജനനത്തിന് കടപ്പെട്ടിരിക്കുന്നത്. ആ ജീപ്പുകൾ യാത്രക്കാരെ വഹിക്കുന്ന വാഹനങ്ങളായി രൂപമാററം വരുത്തപ്പെടുകയാണ് ചെയ്തത്. ആദ്യകാല ജീപ്പുകൾ വളരെ ചെറുതായിരുന്നു. അന്നുമുതൽ ജീപ്നികളുടെ നീളം വർദ്ധിപ്പിച്ച് വ്യാപ്തി കൂട്ടി—പതിനേഴ് യാത്രക്കാരെ വരെ വഹിക്കുമാറ്.
മോറിഷ്യോ ഡി ഗുയിയാ എന്ന ആൾ ജീപ്നികൾ ഓടിക്കാൻ തുടങ്ങിയത് 1948-ൽ ആണ്. 1979-ൽ പകുതി ദിവസം മാത്രം ജോലിചെയ്യാൻതക്കവണ്ണം അദ്ദേഹം തന്റെ പട്ടികക്ക് മാററം വരുത്തി. ഈ വിധത്തിൽ അദ്ദേഹം ഏഴുപേരടുങ്ങുന്ന തന്റെ കുടുംബത്തെ പുലർത്തുകയും ഉച്ചകഴിഞ്ഞ വേളകളിലും ഞായറാഴ്ചകളിലും ഒരു മുഴുസമയ ശുശ്രൂഷകൻ എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. മററു പല ഡ്രൈവർമാരും റോക്ക് സംഗീതത്തിലെയോ ചലച്ചിത്രങ്ങളിലേയോ താരങ്ങളുടെ ചിത്രങ്ങൾ അവരുടെ ജീപ്നികളിൽ തൂക്കിയിടുന്നു. പക്ഷേ മൊറീഷ്യോ പറയുന്നു: “എന്റെ ജീപ്നിക്കുള്ളിൽ മേൽക്കൂരയിൽ യാത്രക്കാർക്കു വായിക്കാനാകത്തക്കവണ്ണം ബൈബിൾവാക്യങ്ങൾ എഴുതി ഒട്ടിച്ചു.”
യാത്രക്കാർ എങ്ങനെ പ്രതികരിച്ചു? അദ്ദേഹം പറയുന്നു: “ചിലർ എന്റെ മതം ഏതാണെന്നു ചോദിച്ചു. അതുകൊണ്ട് എനിക്ക് ആളുകളോടു പ്രസംഗിക്കാൻ കഴിഞ്ഞു. അവർ പ്രയോജനമനുഭവിക്കുകയുംചെയ്തു. എന്റെ ജീപ്പിലെ പല യാത്രക്കാരും തങ്ങൾ വായിച്ച കാര്യങ്ങൾ സംബന്ധിച്ച് സന്തുഷ്ടരായിരുന്നു. അവർ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ ജീപ്നി വാസ്തവമായി നന്നായിരിക്കുന്നു. എല്ലാ ജീപ്നികളും ഇങ്ങനെയായിരുന്നെങ്കിൽ കൊള്ളായിരുന്നു. എന്തെങ്കിലും കഥയില്ലാത്ത പഴഞ്ചൻ കാര്യങ്ങൾക്കു പകരം തങ്ങൾക്ക് ചിന്തിക്കാൻ എന്തെങ്കിലും ലഭിക്കുന്നതിന് തക്കവണ്ണം അവിടെ ദൈവത്തിന്റെ വചനങ്ങൾ ഉണ്ടായിരിക്കണം.’”
ജനങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നതിനുള്ള കാര്യക്ഷമവും പ്രായോഗികവുമായ ഒരു സംവിധാനമെന്ന നിലയിൽ വർത്തിക്കാൻ ജീപ്നിയെ പ്രാപ്തമാക്കുന്നതെന്തെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമോ? അനാവശ്യമായ തെരക്കും മലിനീകരണവും വരുത്തിവെക്കുന്നതിന്റെ പേരിൽ ജീപ്നിയെ പഴിചാരിക്കൊണ്ട് ചിലർ പക്ഷേ വിയോജിച്ചേക്കും. ചിലർ അതു മാററി പകരം മറേറതെങ്കിലും രൂപങ്ങളിലുള്ള പൊതുജന ഗതാഗത സംവിധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. ഇപ്രകാരം മനിലയിലെ ബുള്ളററിൻ ററുഡേയിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു: “ജീപ്നി നിരോധനം പഠനത്തിൽ.” പക്ഷേ സമീപഭാവിയിൽ അത്തരം ഒരു കാര്യത്തിന് സാദ്ധ്യത കുറവാണ്. ദശലക്ഷക്കണക്കിനാളുകൾ ജീപ്നിയെ ആശ്രയിക്കുന്നത് അവരുടെ ഗതാഗത ആവശ്യത്തെ പ്രതി മാത്രമല്ല തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിയും കൂടെയാണ്. (g89 11⁄22)
[അടിക്കുറിപ്പുകൾ]
a ഇത് ഒരു ഇംഗ്ലീഷ്⁄ററാഗാലോഗ് ദ്വയാർത്ഥ പദപ്രയോഗമാണ്. തദ്ദേശഭാഷയായ ററാഗാലോഗിൽ “ജൂഡാസ്” ഏറെയും “ഹൂ ഡസ്” എന്ന ഇംഗ്ലീഷ്പദങ്ങൾ പോലെ ഉച്ചരിക്കപ്പെടുന്നു.
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Sarao Motors, Inc.