അസാധാരണ ദൂരദർശിനി സൂര്യന്റെ നിഗൂഢതകളെ വെളിപ്പെടുത്തുന്നു
ഞങ്ങൾ മരുഭൂമിയുടെ ചൂടിൽനിന്ന് കുറച്ചുനേരത്തേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ചുകൊണ്ട് ന്യൂ മെക്സിക്കോയുടെ തെക്കുഭാഗത്തുള്ള തണുത്ത ലിങ്കൺ നാഷണൽ ഫോറസ്ററിലേക്ക് ഒരു ദിവസത്തെ വിനോദയാത്രക്ക് പോയി. അപ്പോൾ ഞങ്ങൾ കണ്ട ഒരു അടയാളം ഞങ്ങളെ ന്യൂ മെക്സിക്കോയിലെ ക്ലൗഡ്ക്രോഫ്ററിനു സമീപമുള്ള സൺസ്പോട്ടിൽ സ്ഥിതിചെയ്യുന്ന സാക്രമെന്റോ പീക്ക് ഒബ്സർവേറററിയിലേക്ക് നയിച്ചു. ഞങ്ങളുടെ ആകാംക്ഷ ഉണർത്തപ്പെട്ടു, ഞങ്ങൾ സൺസ്പോട്ടിലേക്ക് കാറോടിച്ചുപോയി.
ഞങ്ങളുടെ ചെറിയ സംഘത്തിലെ ആരും 9,200 അടി ഉയരത്തിൽ പരിചയമുള്ളവരായിരുന്നില്ല, ശിഖരത്തിൽ വിചിത്രമായ ആകൃതികളിലുള്ള കെട്ടിടങ്ങളിൽ സ്ഥാപിക്കപ്പെട്ടിരുന്ന ടെലിസ്കോപ്പുകൾ സന്ദർശിക്കുന്നതിന് അങ്ങോട്ടുള്ള പാതയിലൂടെ നടന്നപ്പോൾ ഞങ്ങൾക്കെല്ലാം ശ്വാസംമുട്ടി. ഞങ്ങൾ ഒരു അർദ്ധഗോളാകാരമായ കെട്ടിടമായിരുന്നു പ്രതീക്ഷിച്ചിരുന്നത്, അതുകൊണ്ട് ഞങ്ങൾ ഹിൽറേറാപ്പ്ഗോളകം കണ്ടപ്പോൾ ഞങ്ങൾ നിരാശിതരായില്ല, എന്നാൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നില്ല എന്ന് ഞങ്ങൾ കണ്ടെത്തി. അപ്പോൾ ഞങ്ങൾ ഒരു വിചിത്രമായ കെട്ടിടം കണ്ടു.
അത് ഇടുങ്ങിയ അടിസ്ഥാനത്തോടെ തറയിൽനിന്ന് ഉയർന്നുനിന്ന ത്രികോണാകൃതിയിലുള്ള ഒരു ഉയരമേറിയ കെട്ടിടമായിരുന്നു, അത് സന്ദർശകർക്കായി തുറക്കപ്പെട്ടിരുന്നു. (അടുത്ത പേജിലെ ഫോട്ടോ കാണുക.) ഞങ്ങൾ പെട്ടെന്ന് ഞങ്ങളുടെ മീതെയുള്ള ഗോപുരത്തിന്റെ അഗ്രഭാഗത്ത് ഒരു ബെയറിംഗിൽ തൂങ്ങിക്കിടന്ന ഒരു നീണ്ട ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്ന ഒരു പരീക്ഷണശാലയിൽ വന്നെത്തി. പ്ലാററ്ഫോറത്തിൽ കയറി ആ ഉപകരണത്തിന്റെ സമനില തെററിക്കരുത് എന്ന് അടയാളങ്ങൾ ഞങ്ങൾക്കു മുന്നറിയിപ്പുനൽകി.
സൂര്യനെ “നിശ്ചലമായി നിർത്തുന്നു”
ഒരു ചെറിയ സ്വീകരണമുറിയിൽ വെച്ചിരിക്കുന്ന വർണ്ണചിത്രങ്ങൾ എന്താണ് പഠിക്കപ്പെടുന്നത് എന്ന് വിശദീകരിച്ചു, ഈ കെട്ടിടസംഘാതം സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി അർപ്പിക്കപ്പെട്ടിരുന്നതായി കാണുന്നത് താൽപ്പര്യജനകമായിരുന്നു. സൂര്യനിൽനിന്ന് ഊർജ്ജം ലഭിക്കുന്നതെങ്ങനെയെന്ന് പഠിക്കുന്നതിനുള്ള ഒരു പദ്ധതിയാണോ ഇത് എന്ന് അവിടെ ജോലിചെയ്തുകൊണ്ടിരുന്ന ശാസ്ത്രജ്ഞൻമാരിൽ ഒരാളോട് ഞങ്ങൾ ചോദിച്ചു. ഇത് ആ തരത്തിലുള്ള പഠനമല്ല എന്നും സൂര്യനെക്കുറിച്ചും അത് ഭൂമിയുടെ അന്തരീക്ഷത്തിൻമേലും സൗരയൂഥ ശൂന്യാകാശത്തിൻമേലും ഉളവാക്കുന്ന ഫലത്തേക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഒരു അടിസ്ഥാന ഗവേഷണ പദ്ധതിയാണെന്ന് അയാൾ വിശദീകരിച്ചു. കൂടാതെ ശാസ്ത്രജ്ഞൻമാർ സൂര്യന്റെ ഉപരിതലം നിരന്തരം നിരീക്ഷിച്ചുകൊണ്ട് അതിന്റെ ഉൾഭാഗത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു.
ഇവിടത്തെ പർവ്വതത്തിലെ വരണ്ട വായുവും മലിനീകരണത്തിന്റെ അഭാവവും ഇവിടം ഒരു നല്ല സ്ഥാനമാക്കിത്തീർക്കുന്നതുനിമിത്തമാണ് നിരീക്ഷണശാല ഇവിടെ സ്ഥാപിച്ചത് എന്ന് ഞങ്ങളുടെ ഗൈഡ് വിശദീകരിച്ചു. 1951-ൽ ഇത് സ്ഥാപിച്ചപ്പോൾ ഐക്യനാടുകളിൽ സൂര്യനെക്കുറിച്ചു പഠിക്കുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ട ഈ തരത്തിലുള്ള ആദ്യത്തവയിൽ ഒന്നായിരുന്നു ഇത്. അരികിലുണ്ടായിരുന്ന ഒരു ചിത്രം, ഈ വലിയ ഗോപുരം തറയിൽ നിന്ന് 136 അടി ഉയർന്നുനിൽക്കുന്നുവെന്നും എന്നാൽ ദൂരദർശിനിയുടെ മറെറാരു 193 അടി തറനിരപ്പിനു താഴെയാണെന്നും ഞങ്ങൾക്ക് കാണിച്ചുതന്നു. അങ്ങനെ ദൂരദർശിനിക്ക് മൊത്തം 329 അടി ഉയരമുണ്ട്, ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ നീളം! ടെലിസ്കോപ്പ്ട്യൂബിനുള്ളിൽ മിക്കവാറും മുഴുവനായ ഒരു ശൂന്യസ്ഥലം ഉള്ളതിനാൽ സൂര്യപ്രകാശം അതിനുള്ളിൽ പ്രവേശിക്കുമ്പോൾ അത് ചൂടുപിടിച്ച വായുവിനാൽ വികലമാക്കപ്പെടുന്നില്ല. ഇത് ഗവേഷകർക്ക് സൂര്യന്റെ ഉപരിതലത്തിന്റെ മുന്തിയ വീക്ഷണങ്ങൾ പ്രദാനം ചെയ്യത്തക്കവണ്ണം അസാധാരണ വ്യക്തതയുള്ള പ്രതിബിംബിത പ്രതിച്ഛായകൾ ഉണ്ടാകാൻ ഇടയാക്കുന്നു.
മുഴു ദൂരദർശിനിയും (250 ടണ്ണിൽ അധികം തൂക്കമുള്ളത്) ഭൂമിയുടെ കറക്കത്തിനനുസരണമായി കറങ്ങുന്നതിനനുവദിക്കത്തക്കവണ്ണം മെർക്കുറിയിൽ പൊങ്ങിക്കിടക്കുന്ന ഒരു ബെയറിംഗിൽനിന്ന് തൂങ്ങിക്കിടക്കുന്നു. അപ്രകാരം ദൂരദർശിനിയോടുള്ള ബന്ധത്തിൽ സൂര്യൻ ഫലത്തിൽ “നിശ്ചലമായി നിൽക്ക”ത്തക്കവണ്ണം ദൂരദർശിനിയെ സൂര്യന്റെ നേർക്ക് ദീർഘസമയത്തേക്ക് തിരിച്ചുവെക്കാൻ കഴിയും. അത് സൂര്യന്റെ ഉപരിതലത്തിലെ വളരെ ചെറിയ സവിശേഷതകളും, പ്രകാശമണ്ഡലവും, സൂര്യന്റെ താഴ്ന്ന അന്തരീക്ഷത്തിൽ വർണ്ണമണ്ഡലവും നിരീക്ഷിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുംവേണ്ടി രൂപകൽപ്പനചെയ്തിരിക്കുന്നു.
ധാന്യപത്തായ കുംഭഗോപുരം
ഞങ്ങൾ ഞങ്ങളുടെ കാറിലേക്ക് മടങ്ങിപ്പോയപ്പോൾ കൃഷിക്കളത്തിലെ ഒരു വൃത്താകാര പത്തായംപോലെ ഞങ്ങൾക്കു തോന്നിച്ച ഒരു അസാധാരണ മന്ദിരത്തെ ഞങ്ങൾ കടന്നുപോയി. അത് കൃത്യമായി അതുതന്നെയായിരുന്നു! അത് ധാന്യപത്തായ കുംഭഗോപുരം എന്നു വിളിക്കപ്പെടുന്നു, അത് നിരീക്ഷണശാലയുടെ പ്രാരംഭകാലത്ത് സിയേഴ്സ് റോബക്ക് ആൻഡ് കമ്പനിയിൽ നിന്ന് വിലക്കുവാങ്ങിയതായിരുന്നു; അത് സൺസ്പോട്ടിൽ ആദ്യത്തെ ടെലിസ്കോപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി പുതുക്കിപ്പണിയപ്പെട്ടു. ആ സമയത്ത് ശൂന്യാകാശ യാത്ര ആസൂത്രണം ചെയ്തുവരികയായിരുന്നു, സൂര്യൻ ഭൂമിയുടെ അന്തരീക്ഷത്തെ, പ്രത്യേകിച്ച്, സൂര്യന്റെ അസാധാരണ പ്രവർത്തനത്തിന്റെ ഫലമായി പ്രക്ഷുബ്ധതയുളവാക്കുന്നതിൽ, എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യവുമായിരുന്നു.
പിന്നീട്, 1957-ൽ അരിസോണായിലെ ടക്സണിലെ കിററ് പീക്ക് നാഷനൽ ഒബ്സർവേറററി, ചിലിയിലെ ലാ സെറീനായിലെ ദി സെർവ് റെറാളോലൊ ഇൻറർ അമേരിക്കൻ ഒബ്സർവേറററി, മേരിലാൻഡിലെ ബാൾട്ടിമൂറിലിലെ ദി സ്പെയ്സ് ടെലിസ്കോപ്പ് സൈൻസ് ഇൻസ്ററിററ്യൂട്ട് എന്നിവയോടുള്ള ബന്ധത്തിൽ ആദായവിഹിതമില്ലാത്ത ഒരു സ്ഥാപനം, AURA (അസോസിയേഷൻ ഓഫ് യൂണിവേഴ്സിററി ഫോർ റിസേർച്ച് ഇൻ അസ്റ്രേറാണമി, ഇൻക്.) രൂപീകരിക്കപ്പെട്ടു. ശാസ്ത്രജ്ഞൻമാരെയും വിവരങ്ങളും കൈമാറുന്നതിനാൽ എല്ലാവർക്കും സൂര്യനെക്കുറിച്ച് കൂടുതൽ ഗ്രാഹ്യം ലഭിക്കാൻ കഴിയുമെന്ന് AURA വിചാരിച്ചു. ഈ ഒററപ്പെട്ട നിരീക്ഷണശാലക്ക് ഭൂമിയിലെ വിവിധഭാഗങ്ങളുമായി ബന്ധമുണ്ടെന്ന് ഞങ്ങൾ കാണാൻ തുടങ്ങി.
വിറക്കുന്ന സൂര്യൻ
ഒരു ഗവേഷണ ഡയറക്ടറായ ഡോ. ബർനാഡ് ഡർനേ ഔദാര്യപൂർവം സൂര്യനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാമെന്ന് സമ്മതിച്ചു. അയാൾ സൗര്യചലനവിജ്ഞാന ശാഖയിൽ ജോലിചെയ്യുകയാണെന്ന് അയാൾ വിശദീകരിച്ചു. അതിന്റെ അർത്ഥമെന്തെന്ന് ഞങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമായിരുന്നു. അത് സാക്രമെന്റോ പീക്കിൽ ആണ് ആദ്യമായി പഠിക്കപ്പെട്ടത് എന്ന് തോന്നുന്നു. അയാൾ ഇപ്രകാരം വിശദീകരിച്ചു: “സൂര്യൻ അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്നു മാത്രമല്ല, സൂര്യന്റെ ഉപരിതലത്തെ നിരന്തരം വീക്ഷിക്കുന്നതിനാലും സംഭവിക്കുന്ന മാററങ്ങൾ കാണുന്നതിനാലും പഠിക്കാൻകഴിയുന്ന മററനേകം വിധങ്ങളിലും ചരിക്കുന്നു. ഈ മാററങ്ങളിൽനിന്ന്, സൂര്യന്റെ ഉൾഭാഗത്ത് സംഭവിച്ചുകൊണ്ടിരുന്നേക്കാവുന്നതു സംബന്ധിച്ച് ആശയങ്ങൾ രൂപീകരിക്കുന്നതിനും പിന്നീട് നമ്മുടെ ആശയങ്ങളെ സ്ഥിരീകരിക്കുകയോ ഖണ്ഡിക്കുകയോ ചെയ്യുന്ന പഠനങ്ങൾ ആസൂത്രണം ചെയ്യാനും കഴിയും.
അയാൾ ഇങ്ങനെ തുടർന്നു, “ഉദ്ദേശം 1970-ൽ സൂര്യന്റെ ഒരു കുലുക്കം അല്ലെങ്കിൽ കമ്പനം മുൻകൂട്ടിപ്പറയപ്പെട്ടു. അത് അധികമായും ഒരു വലിയ മണി അടിക്കുമ്പോഴുണ്ടാകുന്ന കുലുക്കം അല്ലെങ്കിൽ കമ്പനം പോലെയാണ്. ഒരു കുളത്തിലേക്ക് ഒരു കല്ല് എറിയുമ്പോൾ ഓളങ്ങൾ കല്ലുവീണ ഭാഗത്തുനിന്ന് കുളത്തിനുകുറുകെ കടക്കുമ്പോൾ അത് കുളത്തിന്റെ ഉപരിതലത്തെ മുഴുവനും ബാധിക്കുന്നതെങ്ങനെയെന്നുള്ള ദൃഷ്ടാന്തവും ഒരുവന് ചിന്തിക്കാൻ കഴിയും. സൂര്യനിലെ തിരകൾ സൂര്യനിലുടനീളം എല്ലാ ദിശകളിലും പോകുന്നു എന്നതാണ് വ്യത്യാസം.”
ഈ കമ്പനങ്ങൾ വ്യത്യസ്ത തലങ്ങളിൽ ഉത്ഭവിച്ചതായി കാണപ്പെട്ടു, ചിലത് ഉപരിതലത്തിനടിയിൽനിന്നും മററുള്ളവ സൂര്യന്റെ ഉള്ളിൽ കൂടുതൽ ആഴത്തിൽനിന്നും. സൂര്യൻ ശ്വാസോച്ഛ്വാസം ചെയ്യുന്നതുപോലെ അത് മണിക്കൂറിൽ ഏതാണ്ട് ഒരു പ്രാവശ്യം അൽപ്പം വികസിക്കുകയും വീണ്ടും ചുരുങ്ങുകയും ചെയ്യുന്നുവെന്ന് ഈ പഠനങ്ങൾ മുഖേന അറിയപ്പെടുന്നു. ഒരു ഗവേഷകൻ സൂര്യന്റെ ഈ ചലനങ്ങൾ ആദ്യമായി 1975-ൽ കണ്ടു. 1976-ൽ റഷ്യൻ ശാസ്ത്രജ്ഞൻമാരും സൂര്യോപരിതലത്തിന്റെ ഉയർച്ചയും താഴ്ചയും റിപ്പോർട്ടുചെയ്തു.a ഭാഗികമായി സാക്രമെന്റോ പീക്ക് ഓബ്സർവേറററിയിൽ 1979-80നു ശേഷമേ ഈ കമ്പനം സ്ഥിരീകരിക്കപ്പെട്ടുള്ളു.
“യഥാർത്ഥത്തിൽ,” ഡോ. ഡർനേ തുടർന്നു, “സൂര്യന് അനേകം അസാധാരണ ചലനങ്ങൾ ഉണ്ട്. സൂര്യനിലെ സകലവും വാതകരൂപത്തിലാകയാൽ അതിന്റെ ഉപരിതലത്തിന്റെ ഭാഗങ്ങൾക്ക് മററുള്ളവയേക്കാൾ വേഗത്തിൽ കറങ്ങാൻ കഴിയും. . . . ഞങ്ങൾ ഇവിടെ സൺസ്പോട്ട് ഒബ്സർവേറററിയിൽ ചെയ്യുന്നതുപോലെ സൂര്യനെ നിരന്തരം വീക്ഷിക്കുന്നതിനാൽ നമുക്ക് സൂര്യന്റെ ഉൾഭാഗം കറങ്ങുന്നതെങ്ങനെയെന്ന് തീരുമാനിക്കാൻ കഴിയും. . . . സൂര്യൻ അതിന്റെ മദ്ധ്യരേഖയിൽ കൂടുതൽ വേഗതയിൽ കറങ്ങുന്നതിനാൽ, ഉപരിതലത്തിൽ വളരെയധികം മിശ്രണം നടക്കുന്നു, ഇത് അനേകം അസാധാരണ ദൃശ്യങ്ങൾക്കിടയാക്കുന്നു. ഈ അസാധാരണ ചലനം സൂര്യന്റെ ഉൾഭാഗത്ത് അഗാധത്തിൽ കാന്തികമണ്ഡലങ്ങൾ സൃഷ്ടിക്കുന്നു. അവ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു. സൂര്യനിലെ സൂര്യകളങ്കങ്ങൾ ഈ കാന്തികമണ്ഡലങ്ങളുടെ ഒരു പ്രത്യക്ഷതയാണ്.”
പകലും രാത്രിയും സൂര്യനെ നിരീക്ഷിക്കൽ!
ഡോ. ഡർനേ ഇപ്രകാരം വിശദീകരിച്ചു: “നമുക്ക് സൂര്യന്റെ ഉപരിതലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും എല്ലാ വ്യതിയാനങ്ങളും കാണാൻ കഴിയേണ്ടതിന് നാം യഥാർത്ഥത്തിൽ സൂര്യനെ തുടർച്ചയായി നിരീക്ഷിക്കേണ്ടയാവശ്യമുണ്ട്. ഭൂമി ഓരോ ദിവസവും കറങ്ങുന്നതുകൊണ്ട് ഭൂമിയുടെ ഉപരിതലത്തിലെ ഒരു സ്ഥലത്തുനിന്ന് ഇതു ചെയ്യാൻ സാധ്യമല്ല. അതിന്റെ അർത്ഥം ഭൂമിയുടെ ചുററിലും സൗരനിരീക്ഷണശാലകൾ ആവശ്യമുണ്ടെന്നാണ്.”
തൽക്കാലം ഇതു സാധ്യമല്ല, എന്നാൽ, 1980-81-ൽ സാക്രമെന്റോ പീക്കിൽനിന്ന് ചില ശാസ്ത്രജ്ഞൻമാർ മൂന്ന് മൂന്നുമാസക്കാലയളവുകളിൽ സൂര്യനെ വീക്ഷിക്കുന്നതിനുവേണ്ടി അൻറാർട്ടിക്കയിലേക്ക് പോയി. അൻറാർട്ടിക്കയിൽ സൂര്യൻ മൂന്നുമാസക്കാലത്തേക്ക് അസ്തമിക്കാത്തതിനാൽ ഒരു ദൂരദർശിനികൊണ്ട് പകലും രാത്രിയും അതിനെ തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും. വിവരങ്ങളുടെ ഈ ശേഖരണത്തിൽ ഭൂമിയിലെ അനേക സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്നതായി മനസ്സിലാക്കിയത് രസാവഹമായിരുന്നു. ഒരുനാൾ സൂര്യന്റെ എല്ലാ കമ്പനങ്ങളും ഇനംതിരിക്കാനും അവയെ വ്യാഖ്യാനിക്കാനും അങ്ങനെ സൂര്യന്റെ ഉൾഭാഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്തെന്ന് മനസ്സിലാക്കാനും കഴിയുമെന്ന് ശാസ്ത്രജ്ഞൻമാർ പ്രത്യാശിക്കുന്നു. ഇതു ചെയ്യുന്നതിന് ഇപ്പോൾ ഭൂവ്യാപകമായി നിരീക്ഷണശാലകളുടെ ഒരു ശൃംഖല രൂപീകരിക്കാനാകുമെന്ന് ഗവേഷകർക്ക് പ്രതീക്ഷയുണ്ട്.
സൗരപ്രജ്വാലകളും പ്രഭാവലയവും
“സാക്രമെൻറ് പീക്കിൽ മറെറന്തുകൂടി പഠിക്കുന്നുണ്ട്?” എന്നതായിരുന്നു ഡോ. ഡർനേയോടുള്ള ഞങ്ങളുടെ അടുത്ത ചോദ്യം. സൗരപ്രജ്വാലകളെക്കുറിച്ച് അയാൾ ഞങ്ങളോടു പറഞ്ഞു. “ഈ ഭയങ്കര ജ്വാലകൾ സൂര്യന്റെ ഉപരിതലത്തിൽനിന്ന് ശൂന്യാകാശത്തിൽ ദശലക്ഷക്കണക്കിനു മൈലുകൾ അകലേക്ക് ബഹിർഗമിക്കുകയും ഭൂമിയിൽ എത്തുമ്പോൾ റേഡിയോ വാർത്താവിനിമയത്തെ താറുമാറാക്കുന്ന കണികകളെ പുറത്തേക്കു വിടുകയും ചെയ്യുന്നു. സൂര്യനിൽനിന്ന് സൗരവാതം എന്നു വിളിക്കപ്പെടുന്ന കണികകളുടെ തുടർച്ചയായ ഒഴുക്കുമുണ്ട്. ഇത് സൂര്യന്റെ ഉപരിതലഭ്രമണത്തെ മന്ദീഭവിപ്പിക്കുന്നു, അത് ക്രമത്തിൽ സൂര്യന്റെ ഉൾഭാഗത്ത് അഗാധത്തിലുള്ള ഭ്രമണത്തിൻമേൽ പ്രവർത്തിക്കുകയും ചെയ്യുന്നു. സൂര്യൻ വാർദ്ധക്യം പ്രാപിക്കുമ്പോൾ അതിന്റെ ഭ്രമണം കൂടുതൽ കൂടുതൽ സാവകാശമായിത്തീരുന്നുവെന്നതാണ് ഫലം. സൂര്യോപരിതലത്തിലെ പൊട്ടിത്തെറിക്കലിനോട് സൗരാന്തർഭാഗം എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് ഇവിടെ ഞങ്ങൾ പഠിക്കുന്ന കാര്യങ്ങളിലൊന്ന്.”
നിരീക്ഷണശാലയിൽ നിർവഹിക്കപ്പെടുന്ന മറെറാരു പഠനത്തിൽ ദൈനംദിനം സൗരപ്രഭാവലയത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതും ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ സൂര്യനു ചുററുമുള്ള ഊഷ്മാവ് ദൈനംദിനം വ്യത്യാസപ്പെടുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്നു. സൂര്യനിൽനിന്ന് ഉയർന്ന ഊഷ്മാവ് വ്യാപിക്കുന്ന ദൂരങ്ങളെ കാണിക്കുന്ന ചിത്രങ്ങൾ തയ്യാറാക്കപ്പെടുന്നു. ഈ ചിത്രങ്ങൾ ദൈനംദിനം മാറുകയും ശൂന്യാകാശ സഞ്ചാരികൾക്ക് പ്രയോജനപ്രദമായ വിവരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
സൂര്യന്റെ ജീവൽപ്രധാനമായ ധർമ്മം
ഭൂമിയിൽ ജീവൻ തുടരുന്നതിന് സൂര്യനിൽനിന്നുള്ള ഊർജ്ജം ആവശ്യമാണ്. അതു നമ്മെ ബാധിക്കുന്നു, നമ്മുടെ കാഴ്ചയെയും ഭൂമിയിലെ സസ്യങ്ങളെയും മൃഗങ്ങളെയും. ഐക്യനാടുകളുടെ പടിഞ്ഞാറുഭാഗത്ത് ഉദ്ദേശം 22 വർഷത്തെ പൂർണ്ണസൂര്യകളങ്ക പരിവൃത്തിയോട് ഏതോ വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്ന 22-വർഷ വരൾച്ചാപരിവൃത്തിയുടെ തെളിവുണ്ടെന്ന് 1979-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നു. സൂര്യന്റെ പ്രവർത്തനങ്ങളിലും സാദ്ധ്യതയുള്ള അന്തരീക്ഷത്തിലെ അതിന്റെ സ്വാധീനത്തിലും താൽപ്പര്യമുള്ളതിന്റെ ഒരു കാരണമിതാണ്.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിൽ, സൗര അവിരതം, അതായത് സൂര്യനിൽനിന്ന് ഭൂമിയിലേക്കുള്ള അകലത്തിൽ ശൂന്യാകാശത്തിലുള്ള ഒരു വസ്തുവിൽ എത്തിച്ചേരുന്ന ശക്തിയുടെ മൊത്തം യൂണിററുകൾ നിശ്ചയിക്കുന്നതിന് സഹായിച്ച ആദ്യത്തവയിൽ ഒന്നായിരുന്നു സാക്രമെന്റോ പീക്ക് നിരീക്ഷണശാല. സാധ്യതയനുസരിച്ച്, സൗര അവിരതം എത്രമാത്രം വ്യത്യാസപ്പെട്ടേക്കാമെന്നതാണ് കൂടുതൽ പ്രധാനം.
സൂര്യന്റെ സവിശേഷതകളിൽ കൂടുതൽ പ്രാധാന്യമുള്ള ഒന്നും ഭൂമിയിലുള്ള നമ്മെ ബാധിക്കുന്നവയിൽ ഒന്നുമാണ് സൂര്യകളങ്കങ്ങൾ. സൂര്യകളങ്കങ്ങൾ ആദ്യമായി ഗലീലിയോയാൽ നിരീക്ഷിക്കപ്പെട്ടു. പിന്നീട്, ഒരു സൂര്യകളങ്ക പരിവൃത്തി 11 വർഷകാലഘട്ടത്തേക്ക് നിലനിൽക്കുമെന്നും ഒരു പൂർണ്ണ സൂര്യകളങ്ക പരിവൃത്തിക്ക് രണ്ട് 11-വർഷ കാലഘട്ടത്തെ സൂര്യകളങ്കപ്രവർത്തനമുണ്ടെന്നും തീരുമാനിക്കപ്പെട്ടു. ഡോ. ഡർനേ വിശദീകരിച്ച പ്രകാരം: “സൂര്യകളങ്കങ്ങൾ കാന്തമണ്ഡലങ്ങളാണ്. അവ ഊർജ്ജത്തെ വഹിച്ചുകൊണ്ടുപോകുന്ന ചലനങ്ങളെ തടസ്സപ്പെടുത്തുന്നതിനാൽ ഇരുണ്ടതാണ്. പ്രജ്വാലകൾ, സൂര്യന്റെ ഉപരിതലത്തിലെ ഈ കാന്തമണ്ഡലങ്ങളുടെ നാശം സംഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നുവെന്ന് വിചാരിക്കപ്പെടുന്നു. അവ അപ്പോൾ റേഡിയോതരംഗങ്ങളെ താറുമാറാക്കിക്കൊണ്ടും നമ്മുടെ അന്തരീക്ഷത്തിന്റെ ഭാഗങ്ങളെ വൈദ്യുതീകരിച്ചുകൊണ്ടും നമ്മെ ബാധിക്കുന്ന വമ്പിച്ച അളവിലുള്ള ഊർജ്ജം പുറത്തുവിടുന്നു. ഈ ഊർജ്ജം ചരിത്രത്തിലുടനീളം മനുഷ്യവർഗ്ഗത്തിന്റെ ഒരു അത്ഭുതമായിരുന്നിട്ടുള്ള ഉത്തരദീപ്തികൾ എന്നും ദക്ഷിണദീപ്തികൾ എന്നും അല്ലെങ്കിൽ ധ്രുവദീപ്തികൾ എന്ന് വിളിക്കപ്പെടുന്നതിനും കാരണമായിത്തീരുന്നു.”
സൂര്യകളങ്ക പ്രവർത്തനമുള്ളപ്പോൾ നമ്മുടെ അന്തരീക്ഷത്തിൽ ഉണ്ടായേക്കാവുന്ന ഭൗമകാന്ത കൊടുങ്കാററുകളെ മുൻകൂട്ടിപ്പറയാൻ സൂര്യപഠനങ്ങൾ സഹായിച്ചേക്കാം. ഇവ ലോക വാർത്താവിനിമയത്തെയും, അങ്ങനെ നല്ല റേഡിയോ വാർത്താവിനിമയത്തെ ആശ്രയിക്കുന്ന വിമാന സഞ്ചാരംപോലുള്ള പ്രവർത്തനങ്ങളെയും ബാധിക്കുന്നു. ഉപഗ്രഹപ്രേഷണത്തിന്റെ ഉയർന്ന ചെലവു നിമിത്തം ഇപ്പോഴും മിക്ക വാർത്താവിതരണവും ഭൂമിയിലുള്ള റേഡിയോ പ്രേഷിത്രങ്ങളാൽ നിർവഹിക്കപ്പെടുന്നു. സൂര്യകളങ്കങ്ങളാൽ ബഹിർഗമിക്കപ്പെടുന്ന ഊർജ്ജം ഭൂമിയെ വലയം ചെയ്തിരിക്കുന്നതും റേഡിയോ തരംഗങ്ങളെ തിരികെ ഭൂമിയിലേക്ക് പ്രതിധ്വനിപ്പിക്കുന്നതുമായ വൈദ്യുതാധാന കണികകളുടെ പുറംതോടിനെ ശിഥിലമാക്കുന്നു. ആ പുറംതോട് ഫലപ്രദമല്ലാത്തപ്പോൾ, റേഡിയോ സന്ദേശങ്ങൾ നഷ്ടപ്പെടുന്നു.
സൂര്യപ്രകാശത്തെക്കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു. നമ്മുടെ ആഹാരം ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങൾ നമ്മുടെ ആഹാരപദാർത്ഥത്തിലെ പഞ്ചസാരയും മററു രാസവസ്തുക്കളും ഉണ്ടാക്കുന്നതിന് സൂര്യപ്രകാശത്തെ ആശ്രയിക്കുന്നു. സൂര്യപ്രകാശത്താൽ ഉളവാക്കപ്പെടുന്ന ഫോട്ടോകെമിക്കൽ പ്രതികരണങ്ങൾ കറുപ്പിലും വെളുപ്പിലും വർണ്ണത്തിലും ഫോട്ടോകൾ എടുക്കാൻ നമ്മെ അനുവദിക്കുന്നു. അതുകൊണ്ട്, നമ്മുടെ ഏററവും അടുത്ത നക്ഷത്രത്തെക്കുറിച്ച് തങ്ങൾക്ക് ആകുവോളം പഠിക്കുന്നത് അനേകർക്കും ബുദ്ധിപൂർവകമാണെന്ന് തോന്നുന്നു.
സൺസ്പോട്ടിലേക്കുള്ള ഞങ്ങളുടെ ഹ്രസ്വമായ സന്ദർശനത്തിൽനിന്നും വിദഗ്ദ്ധരോടു സംസാരിച്ചതിൽനിന്നും സൂര്യനേക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വളരെ പരിമിതമാണെന്ന് ഞങ്ങൾ തിരിച്ചറിയാനിടയായി. നമ്മിൽ മിക്കവരും ഒരു തണുപ്പുള്ള ശീതകാല ദിനത്തിൽ സൂര്യനെ വിലമതിക്കുകയും വേനൽക്കാല മാസങ്ങളിൽ അത്രയധികം ചൂടില്ലാതിരുന്നെങ്കിൽ എന്ന് ആശിക്കുകയും ചെയ്യുന്നു, ആകെക്കൂടി അത്രമാത്രം. ഞങ്ങൾ സൂര്യന്റെ കൂടുതലായ സാങ്കേതികവശത്തെക്കുറിച്ചുള്ള എത്തിനോട്ടം ആസ്വദിച്ചു. മനുഷ്യവർഗ്ഗം യഥാർത്ഥത്തിൽ നമ്മുടെ പ്രയോജനപ്രദമായ നക്ഷത്രമായ സൂര്യന്റെ അത്ഭുതങ്ങളെ സംബന്ധിച്ച് മനസ്സിലാക്കാൻ തുടങ്ങിയതുമാത്രമേയുള്ളു എന്ന് നിഗമനം ചെയ്യേണ്ടിയിരിക്കുന്നു.—സംഭാവനചെയ്യപ്പെട്ടത. (g90 3⁄8)
[അടിക്കുറിപ്പുകൾ]
a കിഴക്കൻ സൈബീരിയായിലെ ഇർകുട്ട്സ്കിൽ സോവിയററ്യൂണിയന് മതിപ്പുളവാക്കുന്ന ഒരു സൗരഗവേഷണ ഏജൻസിയുണ്ട്. അവർക്ക് സൂര്യന്റെ ഉദയം മുതൽ അസ്തമയം വരെ ഒരേസമയത്ത് സൂര്യനെ അനുധാവനം ചെയ്യുന്ന 256 ആൻറീനാകളോടുകൂടിയ ലോകത്തിലെ ഏററവും ശക്തമായ സൗര റേഡിയോ ദൂരദർശിനിയുണ്ട്.
[14-ാം പേജിലെ ചതുരം]
സൂര്യന്റെ താപനിലകളുടെ അർത്ഥമെന്താണ?
ജോൺ റബ്ലോവിസ്കിയാലുള്ള ലൈഫ് ആൻഡ് ഡത്ത് ഓഫ് ദി സൺ എന്ന പുസ്തകത്തിന്റെ 59ഉം 60ഉം പേജുകളിൽ ഇപ്രകാരം വിശദീകരിക്കുന്നു: “നാം ഊഷ്മാവിന്റെ അർത്ഥങ്ങൾ സംബന്ധിച്ച് ചിലതു മനസ്സിലാക്കണം. രണ്ടു വ്യത്യസ്ത ഇനങ്ങൾ ഉണ്ട്. ഒന്ന് ‘ഗതിജ ഊഷ്മാവ്’ എന്നും മറേറത് ‘വികിരക ഊഷ്മാവ്’ എന്നും വിളിക്കപ്പെടുന്നു. ഗതിജ ഊഷ്മാവ് എന്നത് ഒരു കണികയുടെ തൻമാത്രിക ചലനത്തിന്റെ ശരാശരി അളവാണ്. ഈ ചലനത്തിന് വേഗത കൂടുന്നതനുസരിച്ച് ഊഷ്മാവും ഉയർന്നതാകും. നാം സൗരാന്തരീക്ഷത്തിലെ ഊഷ്മാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ നാം ഈ ഗതിജ ഊഷ്മാവിനെക്കുറിച്ച് സംസാരിക്കുന്നു. അപ്പോൾ നാം പറയുന്നത്, പ്രഭാമണ്ഡലത്തിൽനിന്ന് നാം മുകളിലേക്ക് പോകുന്നതിനനുസരിച്ച് സൗരാന്തരീക്ഷത്തിലെ കണികകളുടെ ചലനത്തിന്റെ ശരാശരിവേഗതകൾ വർദ്ധിക്കുന്നു എന്നാണ്. ഈ കണികകൾക്ക് ദശലക്ഷക്കണക്കിന് ഡിഗ്രി ഊഷ്മാവുണ്ടെങ്കിലും അതിന് നിങ്ങളുടെ തൊലിയെ പൊള്ളിക്കാൻ കഴിയുകയില്ല.
“നേരെമറിച്ച് വികിരക ഊഷ്മാവ്, വസ്തുവിനാൽ ബഹിർഗമിപ്പിക്കപ്പെടുന്ന വികിരണത്തിന്റെ പരിമാണത്തിന്റെയും ഗുണത്തിന്റെയും അളവാണ്. നാം സൂര്യന്റെ അഗാധതലത്തിലെ ഊഷ്മാവിനെ സംബന്ധിച്ച് പറയുമ്പോൾ ഈ അർത്ഥത്തിലാണ് നാം ഈ വാക്ക് ഉപയോഗിക്കുന്നത്. ഒരു ജ്വാലയുടെ ഊഷ്മാവും ഒരു വികിരക ഊഷ്മാവാണ്.
എന്നാൽ നാം സൗരാന്തരീക്ഷത്തെക്കുറിച്ചു പറയുമ്പോൾ ഊഷ്മാവിനെസംബന്ധിച്ചുള്ള ധാരണയെ ഈ വികിരക അർത്ഥത്തിൽ ഉപയോഗിക്കാൻ കഴിയുകയില്ല. പ്രകാശവലയത്തിന്റെ ഊഷ്മാവ് 10,00,000 ഡിഗ്രി [സെൽഷ്യസ്] വികിരണ ഊഷ്മാവാണെങ്കിൽ നമുക്ക് പ്രകാശമണ്ഡലം കാണാൻ സാധിക്കാത്തവിധം സൂര്യന്റെ അന്തരീക്ഷം അത്ര ഉജ്ജ്വലമായിരിക്കും. യഥാർത്ഥത്തിൽ സംഗതി ഇതാണെങ്കിൽ സൂര്യന്റെ അന്തരീക്ഷം, സൂര്യനിൽനിന്ന് ഏററവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമായ പ്ലൂട്ടോ തീവ്രമായ ചൂടിനാൽ ആവിയായിപ്പോകത്തക്കവണ്ണം അത്രയധികം വികിരണം നടത്തും. സൗരാന്തരീക്ഷത്തിന്റെ ഊഷ്മാവ് ഒരു വികിരണ ഊഷ്മാവിനുപകരം ഒരു ഗതിജ ഊഷ്മാവാണ് എന്നത് നമ്മെസംബന്ധിച്ച് നല്ലതാണ്.
സൗരാന്തരീക്ഷം അശേഷം വികിരണവും പുറത്തുവിടുന്നില്ല എന്ന് ഇതിന് അർത്ഥമില്ല. അത് ഒരു വലിയ അളവിൽ വികിരണം ബഹിർഗമിപ്പിക്കുകമാത്രമല്ല പിന്നെയോ അത് വളരെ പ്രത്യേകമായ ഒരു വിധത്തിൽ ബഹിർഗമിപ്പിക്കുകയും ചെയ്യുന്നു. പ്രഭാവലയത്തിന്റെ ഏററവും ഉയർന്ന ഭാഗങ്ങൾ എക്സ്റേകളും കുറെ ദൃശ്യ പ്രകാശവും ബഹിർഗമിപ്പിക്കുമ്പോൾ താണ ഭാഗങ്ങൾ അൾട്രാവയലെററ് പ്രകാശം ബഹിർഗമിപ്പിക്കുന്നു. ഈ വികിരണം ഭൂമിക്ക് വളരെ പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ അത് ഭൂമിയുടെ അന്തരീക്ഷത്തിന്റെ വിവിധ പാളികൾ ഉൽപ്പാദിപ്പിക്കുന്നു.”
[15-ാം പേജിലെ ചതുരം/രേഖാചിത്രം]
സൂര്യൻ—ഭൂമിയുടെ നക്ഷത്രം
സൂര്യൻ നമ്മുടെ ഭൂമിക്ക് ജീവൻ നിലനിർത്തുന്ന ചൂടും വെളിച്ചവും നൽകുന്ന ഒരു വലിയ അടുപ്പാണ്. മുഖ്യമായും ഹൈഡ്രജൻ വാതകമായിരിക്കുന്ന ഈ വിസ്തൃതമായ ഗോളം ഒരു ദശലക്ഷത്തിൽ പരം ഭൂമികളെ വഹിക്കാൻതക്ക വലിപ്പമുള്ളതാണ്! എന്നിട്ടും ഇത് നക്ഷത്രങ്ങളിൽ ഏററവും വലിയവയിൽ പെട്ടതല്ല. ശാസ്ത്രജ്ഞൻമാർ കണ്ടുപിടിക്കുന്ന പ്രകാരം, ഈ ഊർജ്ജസ്രോതസ്സ് ഗഹനതകൾ നിറഞ്ഞതാണ്. ദൃഷ്ടാന്തത്തിന്, “ഏകദേശം 100 കി.മീ. [60മൈ.] മാത്രം ഘനമുള്ള പ്രഭാമണ്ഡലത്തിനുള്ളിലെ ഒരു ഭാഗത്തുനിന്നാണ് ദൃശ്യമായ മിക്ക പ്രകാശവും ബഹിർഗമിക്കുന്നത്.” എന്നാൽ സൂര്യന്റെ വ്യാസാർദ്ധം 432,651 മൈൽ ആണെന്ന് കണക്കാക്കപ്പെടുന്നു.—ലെയിൻ നിക്കോൾസണാലുള്ള ദി സൺ.
സൂര്യന്റെ ഡിസൈൻ
കാമ്പ്—ഏററവും കൂടുതൽ ഊഷ്മാവ് കാണപ്പെടുന്ന സൂര്യന്റെ കേന്ദ്രത്തിലെ “ജ്വലിക്കുന്ന” ന്യൂക്ലിയർ മേഖല.
വികിരണമേഖല—ഈ മേഖലയിലൂടെ കാമ്പിൽ നിന്ന് വികിരണംവഴി ഊർജ്ജം ഗാമാരശ്മികളായും എക്സ് രശ്മികളായും മാറുന്നു.
സംവഹനമേഖല—വികിരണമേഖലയിൽനിന്നുള്ള ഊർജ്ജം സംവഹനം വഴി സഞ്ചരിക്കുന്ന കൂടുതൽ തണുപ്പുള്ള ഒരു മേഖല.
പ്രഭാമണ്ഡലം—പ്രായോഗികമായി സൂര്യന്റെ മുഴുപ്രകാശവും പ്രത്യക്ഷമായ ഈ ഉപരിതലത്തിൽ നിന്നാണ് നിർഗമിക്കുന്നത്. ഇത് ഒരളവുവരെ സുതാര്യമാണ്, “ഇത് ഏതാനും ശതം കിലോമീററർ താഴെവരെ നിരീക്ഷിക്കാനും കഴിയും.” (ദി സൺ) ഊഷ്മാവ് ഏകദേശം 10,000 ഡിഗ്രി ഫാരൻഹീററാണ്.
വർണ്ണമണ്ഡലം—സൂര്യന്റെ ഒരു സമ്പൂർണ്ണ ഗ്രഹണസമയത്തുമാത്രമെ കാണപ്പെടുകയുള്ളു. ഏതാനും ആയിരം മൈൽ കനമുള്ള, എന്നാൽ പ്രഭാമണ്ഡലത്തെക്കാൾ ചൂടുകൂടിയ, ഏകദേശം 18,000 ഡിഗ്രി ഫാരൻഹീററുള്ള, കട്ടികുറഞ്ഞ വാതകപാളി.
പ്രകാശവലയം—സമ്പൂർണ്ണ സൂര്യഗ്രഹണമുള്ളപ്പോൾ മാത്രം ദൃശ്യം, അപ്പോൾ അത് തൂവൽ പോലെയും വാൽപോലെയും വലിയ അകലങ്ങളിൽ വ്യാപിച്ചുകിടക്കുകയും വളരെ ഉയർന്ന ഊഷ്മാവ് ഉള്ളതായിരിക്കുകയും ചെയ്യുന്നു.
[രേഖാചിത്രം] (പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
വർണ്ണമണ്ഡലം
പ്രഭാമണ്ഡലം
സംവഹന മേഖല
കാമ്പ്
വികിരണമേഖല
[കടപ്പാട്]
From a sketch by National Optical Astronomy Observatories
[13-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കണ്ണാടികൾ (തറയിൽ നിന്ന് 136 അടി മുകളിൽ)
തറനിരപ്പ്
ശൂന്യകുഴലുകൾ ഭ്രമണം ചെയ്യുന്നു (250 ടൺ)
193 അടി
തറനിരപ്പിൽനിന്ന് 221 അടി താഴെ
[കടപ്പാട്]
From a sketch by National Optical Astronomy Observatories
[16-ാം പേജിലെ ചിത്രം]
സൗരജ്വാല
[കടപ്പാട്]
Holiday Films
[16-ാം പേജിലെ ചിത്രം]
സൂര്യകളങ്കങ്ങൾ
[കടപ്പാട്]
National Optical Astronomy Observatories