ഭവനത്തിൽ തീപിടുത്തം തടയൽ
കഥയനുസരിച്ച് മിസ്സിസ്സ് പാട്രിക്ക് ഓ ലീറേയുടെ പശു വയ്ക്കോൽപുരയിലെ മണ്ണെണ്ണവിളക്കു മറിച്ചിടുകയും അങ്ങനെ 1871-ലെ ചിക്കാഗോ തീപിടുത്തത്തിനു തുടക്കംകുറിക്കുകയും ചെയ്തു. ജീവന്റെയും വസ്തുവകകളുടെയും നഷ്ടം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരു ഉറവിടത്തിൽനിന്നുള്ള കണക്കുകൾ അനുസരിച്ച് ഈ തീപിടുത്തം 1,00,000 പേരെ ഭവനരഹിതരാക്കുകയും 17,400 കെട്ടിടങ്ങൾ നശിപ്പിക്കുകയും 250 പേരെ കൊല്ലുകയും ചെയ്തു!
ഇന്ന്, 120 വർഷങ്ങൾക്കുശേഷം അഗ്നിപ്രതിരോധത്തിനുള്ള ആധുനിക സാങ്കേതിക വിദ്യ അനേകം വൻ തീപിടുത്തങ്ങൾ തടയുന്നതിനു സഹായിച്ചിരിക്കുന്നു. എന്നിരുന്നാലും ഭവന തീപിടുത്തങ്ങൾ ഒരു വിപൽക്കരമായ ഭീഷണിയായി തുടരുന്നു. ഐക്യനാടുകളിൽ ഭവനതീപിടുത്തത്തിന്റെ ഫലമായി വർഷത്തിൽ അയ്യായിരം പേർ കൊല്ലപ്പെടുന്നതായി എൻഎഫ്പിഎ (നാഷനൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷൻ) അവകാശപ്പെടുന്നു. വാൻകൂവർ സൺ പറയുന്നപ്രകാരം ഭവന തീപിടുത്തങ്ങൾ ഒഴിവാക്കാൻ എൻഎഫ്പിഎ ഏതാനും ലളിതമായ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. അവ അടിസ്ഥാനപരമായി ഇവയാണ്:
◻ ഭവനത്തിൽ പുകവലി അനുവദിക്കാതിരിക്കുക. അശ്രദ്ധരായ പുകവലിക്കാരാലുള്ള അപകടങ്ങൾ ഭവനത്തിലെ തീപിടുത്തത്താലുള്ള മരണത്തിന്റെ മുഖ്യ കാരണമായി തുടരുന്നു.
◻ കൊണ്ടു നടക്കുന്നതരം ഹീറററുകൾ ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങൾ സമീപത്തില്ലാത്തപ്പോഴോ ഉറക്കത്തിലായിരിക്കുമ്പോഴോ അവ പ്രവർത്തിപ്പിച്ച് ഇട്ടേക്കാതിരിക്കുക.
◻ ഇലക്ട്രിക്കൽ സർക്യൂട്രിക്കു വഹിക്കാവുന്നതിലേറെ അദ്ധ്വാനഭാരം കൊടുക്കാതിരിക്കുക. പഴകിത്തേഞ്ഞ കോഡുകൾ ഉപയോഗിക്കാതിരിക്കുക. ഉചിതമായ വലിപ്പത്തിലുള്ള ഫ്യൂസുകൾ മാത്രം ഉപയോഗിക്കുക.
◻ അടുപ്പുകളും പുകക്കുഴലുകളും വൃത്തിയായി സൂക്ഷിക്കുക. ഓരോ വർഷവും അവ പരിശോധിക്കുക.
◻ പുക കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങൾ ക്രമമായി പരിശോധിക്കുകയും അവയുടെ ബാറററികൾ ഓരോ വർഷവും മാററുകയും ചെയ്യുക. പുക കണ്ടെത്തുന്നതിനുള്ള ഉപകരണത്തിന്റെ അലാറം കുടുംബത്തിൽ എല്ലാവരും തിരിച്ചറിയുന്നുവെന്ന് ഉറപ്പുവരുത്തുക.
◻ തീ പിടിച്ചാൽ പുറത്തേക്കു രക്ഷപെടുന്നതിനുള്ള വഴി കുടുംബത്തിൽ എല്ലാവർക്കും അറിയാമെന്ന് ഉറപ്പാക്കുകയും പുറത്തേക്കുള്ള വഴി തടസ്സരഹിതമായി സൂക്ഷിക്കുകയും ചെയ്യുക. (g91 8/8)