നിങ്ങൾ വാത്സല്യമുള്ള ഒരു മാതാവോ പിതാവോ ആണോ?
നിങ്ങൾ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നുവോ? നിങ്ങൾ അവരെക്കുറിച്ച് അഭിമാനിക്കുന്നുവോ? ഓരോരുത്തരും പ്രത്യേകതയുള്ള, അദ്വിതീയ, പകരംവെക്കാനാവാത്ത ഒരു വ്യക്തിയാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? മിക്ക മാതാപിതാക്കളും അങ്ങനെ ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങൾ അങ്ങനെ വിചാരിക്കുന്നുവെന്നു നിങ്ങളുടെ മക്കളോടു പറയാറുണ്ടോ? അവർ എന്തെങ്കിലും നന്നായി ചെയ്യുമ്പോൾ അതിനു പ്രത്യേകമായി അവരെ പുകഴ്ത്താറുണ്ടോ? മററു പ്രകാരങ്ങളിലും—സൗമ്യമായ കളിയാലും പൂർണ്ണവിശ്വാസമർപ്പിക്കുന്ന സ്പർശത്താലും സ്നേഹത്തോടെയുള്ള ആശ്ലേഷങ്ങളാലും—നിങ്ങൾ വാത്സല്യം പ്രകടമാക്കാറുണ്ടോ?
“പക്ഷേ അതെന്റെ രീതിയല്ല,” എന്നു ചിലർ തടസ്സം പറഞ്ഞേക്കാം. “എന്റെ വികാരങ്ങൾ ഞാൻ അത്ര തുറന്നുപ്രകടിപ്പിക്കാറില്ല.” ശരിയാണ്, സകലരും പ്രകൃത്യാ വികാരം പ്രകടിപ്പിക്കുന്നവരല്ല. എന്നിരുന്നാലും, നിങ്ങളുടെ കുട്ടികളോടു വാത്സല്യം കാട്ടുന്നതു നിങ്ങൾ എക്കാലത്തും മനസ്സിലാക്കിയിട്ടുള്ളതിനേക്കാൾ പ്രധാനമാണ്.
ഒരു കൂട്ടം ശാസ്ത്രജ്ഞർ അടുത്തകാലത്തു നാനൂറു കിൻറർഗാർട്ടൻ കുട്ടികളേക്കുറിച്ചുള്ള 1951-ലെ ഒരു പഠനത്തിൻമേൽ അനന്തരനടപടികൾ സ്വീകരിച്ചു. അവർക്കു കണ്ടുപിടിക്കാൻ കഴിഞ്ഞ 94 സ്ത്രീ-പുരുഷൻമാർക്കിടയിൽ ശ്രദ്ധേയമായ ചില മാതൃകകൾ അവർ കണ്ടു. ദ നൂയോർക്ക് റൈറംസ് പറയുന്നപ്രകാരം പ്രീതിവാത്സല്യങ്ങളുള്ള മാതാപിതാക്കളുണ്ടായിരുന്ന കുട്ടികൾ പുരുഷപ്രായത്തിൽ നല്ല ജീവിതം നയിക്കാൻ ചായ്വുള്ളവരായിരുന്നു. അവർക്ക് അടിസ്ഥാനപരമായി വിജയപ്രദമായ വിവാഹബന്ധങ്ങൾ ഉണ്ടായിരുന്നു, അവർ കുട്ടികളെ വളർത്തി, തങ്ങളുടെ ജോലി ആസ്വദിച്ചു, ഉററ സൗഹൃദബന്ധങ്ങൾ നിലനിർത്തി. അവർ “മനശ്ശാസ്ത്രപരമായ ഒരു ക്ഷേമം, ആസ്വാദനത്തിന്റെയും തങ്ങളിലും തങ്ങളുടെ ജീവിതത്തിലുമുള്ള സംതൃപ്തിയുടെയും ഒരു അനുഭൂതി, പ്രകടമാക്കി”യെന്നു പഠനത്തെ നയിച്ച ഡോ. കാരൾ ഫ്രാൻസ് പത്രത്തോടു പറഞ്ഞു.
ഇതിനു വിരുദ്ധമായി, “തണുപ്പൻ പ്രകൃതക്കാരും ആട്ടിപ്പായിക്കുന്നവരുമായ മാതാപിതാക്കൾ ഉണ്ടായിരുന്നവർക്കു പിൽക്കാലജീവിതത്തിൽ എല്ലാത്തരത്തിലും—ജോലിയിലും, സാമൂഹികമായ പൊരുത്തപ്പെടലിലും, മനശ്ശാസ്ത്രപരമായ സ്വസ്ഥതയിലും—അതിദുസ്സഹമായ സമയങ്ങളാണുണ്ടായിരുന്നത്” എന്നു ഫ്രാൻസ് കണ്ടെത്തി. വാസ്തവത്തിൽ, മാതാപിതാക്കളുടെ വാത്സല്യക്കുറവു കാലപ്പഴക്കത്തിൽ മാതാപിതാക്കളുടെ വിവാഹമോചനം, മദ്യാസക്തി, ദാരിദ്ര്യം എന്നിവയേക്കാൾ കുട്ടികൾക്കു കൂടുതൽ ദ്രോഹകരമാണെന്നു പഠനം തെളിയിച്ചു.
ബൈബിളിന്റെ ആത്മാർത്ഥരായ വിദ്യാർത്ഥികൾക്ക് ഇത് അതിശയമായിരിക്കരുത്. യേശു കുട്ടികളോട് എങ്ങനെ പെരുമാറിയെന്ന് അവർക്കു നന്നായി അറിയാം. അവൻ അവരെ വിലപ്പെട്ടവരായി എണ്ണി, തന്നിലേയ്ക്ക് അവരെ ആകർഷിച്ചു, അവരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. (മർക്കൊസ് 10:13-16; ലൂക്കൊസ് 9:46-48; 18:15-17) തീർച്ചയായും, അവൻ തന്റെ സ്വർഗ്ഗീയ പിതാവിനെ ഇക്കാര്യത്തിൽ അനുകരിക്ക മാത്രമായിരുന്നു ചെയ്തത്—പിതാവില്ലാത്തവനു പിതാവായിത്തീരുന്നവനെത്തന്നെ. (സങ്കീർത്തനം 68:5) യഹോവയാണു പൂർണ്ണതയുള്ള പിതാവ്; അവനെ സ്നേഹിക്കുന്നവരെ സംബന്ധിച്ചടത്തോളം, അപൂർണ്ണമാനുഷ മാതാപിതാക്കളുടെ ഏതു പോരായ്മക്കും പരിഹാരം വരുത്താൻ അവനു കഴിയുമെന്നതു സന്തോഷകരംതന്നെ—2 കൊരിന്ത്യർ 6:18. (g92 10/22)