ലോകത്തെ രൂപപ്പെടുത്തിയ സ്വാദ്
ഇന്ത്യയിലെ ഉണരുക! ലേഖകൻ
പതിമൂന്നാം നൂററാണ്ടിൽ മാർക്കോ പോളൊ അവ സുലഭമായി കണ്ടു. ക്രിസ്ററഫർ കൊളംബസ് അവ കണ്ടെത്തുവാനായി കപ്പലിൽ യാത്ര തിരിച്ചു, എന്നാൽ അതിനുപകരം പുതിയ ലോകം കണ്ടെത്തി. അവസാനം പതിനഞ്ചാം നൂററാണ്ടിൽ വാസ്കൊ ഡ ഗാമ കടൽമാർഗ്ഗം ഇന്ത്യയിൽ എത്തുകയും അവ കൊണ്ടുപോയി യൂറോപ്പിലെ ആർത്തിപൂണ്ട ഉപഭോക്താക്കൾക്കു കൊടുക്കുകയും ചെയ്തു. അന്നു തീർച്ചയായും സുഗന്ധവ്യഞ്ജനങ്ങൾക്കു വളരെ വില കല്പിച്ചിരുന്നു. അവ കൈക്കലാക്കാൻ ആളുകൾ അവരുടെ ജീവൻവരെ പണയപ്പെടുത്തിയിരുന്നു!
രാഷ്ട്രീയമാററങ്ങൾ കരയിലൂടെയുള്ള സഞ്ചാരമാർഗ്ഗം അടച്ചപ്പോൾ, വാസ്കോ ഡ ഗാമ പോർച്ചുഗലിൽനിന്ന് ആഫ്രിക്കയുടെ തെക്കെ മുനമ്പു ചുററിവളഞ്ഞ് ഇന്ത്യയിലെത്തി തിരിച്ചുപോകാൻ 39,000 കിലോമീററർ കപ്പൽയാത്ര നടത്തുന്നതിനു രണ്ടു വർഷമെടുത്തു. അദ്ദേഹത്തിന്റെ കപ്പലുകളിൽ രണ്ടണ്ണമേ യാത്രയെ അതിജീവിച്ചുള്ളൂ. യാത്രയ്ക്കുവേണ്ടി ചെലവിട്ടതിന്റെ 60 ഇരട്ടിയോളം വിലവരുന്ന സുഗന്ധവ്യഞ്ജനങ്ങളും മററുചരക്കുകളും സഹിതമാണ് അദ്ദേഹം തിരിച്ചെത്തിയത്! എന്നാൽ അദ്ദേഹത്തിന്റെ കപ്പൽയാത്രയുടെ വിജയം യൂറോപ്പ്യൻ രാഷ്ട്രങ്ങളെ സംഘട്ടനത്തിലേക്കു തള്ളിവിട്ടു. പിന്നീടുള്ള മൂന്നു നൂററാണ്ടുകളിൽ പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഹോളണ്ട്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സുഗന്ധവ്യഞ്ജനവിഭവങ്ങളുടെ നിയന്ത്രണത്തിനുവേണ്ടി മത്സരിച്ചു.
ഒരു എഴുത്തുകാരൻ ചുരുക്കിപ്പറഞ്ഞപ്രകാരം, സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രം “സാഹസികതയുടെയും പര്യവേക്ഷണത്തിന്റെയും പിടിച്ചടക്കലിന്റെയും കടുത്ത നാവികമത്സരത്തിന്റെയും കഥ”യാണ്. ഫ്രഡ്റിക് റോസംഗാർതൻ ജൂനിയർ അദ്ദേഹത്തിന്റെ ദ ബുക്ക് ഓഫ് സ്പൈസസ് എന്ന പുസ്തകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “സുഗന്ധവ്യഞ്ജനങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗപ്രദവും ഒഴിച്ചുകൂടാനാവാത്തതും ആയിരുന്നു, അതുകൊണ്ട് അവ അന്വേഷിച്ചു രാജാക്കൻമാർ പര്യടനസംഘങ്ങളെ അയച്ചു, കച്ചവടക്കാർ ജീവൻ പണയപ്പെടുത്തി പോലും അവയുടെ വ്യാപാരത്തിൽ ഭാഗ്യപരീക്ഷണം നടത്തി, അവയ്ക്കുവേണ്ടി യുദ്ധങ്ങൾ നടത്തപ്പെട്ടു, ജനസമൂഹങ്ങളെ മുഴുവനായും അടിമകളാക്കി ഗോളമത്രെയും പര്യവേക്ഷണത്തിനു വിധേയമാക്കി. അസ്വസ്ഥജനകവും നിർദ്ദയവുമായ മത്സരത്താൽ നാനംപോലെ ദൂരവ്യാപകമായ മാററങ്ങളും ആനയിക്കപ്പെട്ടു.”
ഡച്ചുകാർ സുഗന്ധവ്യഞ്ജനവ്യാപാരം നിയന്ത്രിച്ചിരുന്ന സമയത്തു ബ്രിട്ടനുമായുള്ള കച്ചവടത്തിൽ അവർ കുരുമുളകിന്റെ വില ഒരു റാത്തലിന് അഞ്ചു ഷില്ലിംഗ് എന്ന തോതിൽ വർദ്ധിപ്പിച്ചു. ഇതിൽ ദേഷ്യംപൂണ്ട ലണ്ടനിലെ ഒരു സംഘം വ്യാപാരികൾ 1599-ൽ ഒരുമിച്ചുചേർന്ന് അവരുടെതായ വ്യാപാരക്കമ്പനി സ്ഥാപിച്ചു, അതാണു പിന്നീട് ഈസ്ററ് ഇന്ത്യാ കമ്പനി എന്ന പേരിൽ അറിയപ്പെടാനിടയായത്. ഈ കമ്പനിയുടെ സ്വാധീനം അവസാനം ഇന്ത്യയുടെമേൽ 300 വർഷത്തിലധികം നീണ്ടുനിന്ന ബ്രിട്ടീഷ് ഭരണത്തിൽ കലാശിച്ചു.
ഇപ്പോൾ കടുത്ത മത്സരം അപ്രത്യക്ഷമായിട്ടുണ്ട്, എന്നാൽ സുഗന്ധവ്യഞ്ജനങ്ങളോടുള്ള ലോകവ്യാപകമായ സ്വാദ് ഇപ്പോഴുമുണ്ട്. ഒരുപക്ഷേ സുഗന്ധവ്യഞ്ജനങ്ങൾ ഇവിടെ ഇന്ത്യയിൽ ആസ്വദിക്കപ്പെടുന്നതിൽക്കൂടുതൽ മറെറാരിടത്തുമുണ്ടാകില്ല.
സുഗന്ധവ്യഞ്ജനങ്ങളോട് ഒരു അഭിനിവേശം
രാജ്യത്തിനു സുഗന്ധവ്യഞ്ജനങ്ങളോട് ഒരു അഭിനിവേശമുള്ളതായി ഒരാൾ പറയത്തക്കവണ്ണം സുഗന്ധവ്യഞ്ജനങ്ങളും ഇന്ത്യൻ കുശിനിയും അത്രയ്ക്ക് അഭേദ്യമാണ്. സ്വാദിഷ്ടമായ സുഗന്ധവ്യഞ്ജനക്കൂട്ടിനാൽ രുചിവരുത്തി പച്ചക്കറിസാധനങ്ങൾ, മുട്ട, ഇറച്ചി, മീൻ അല്ലെങ്കിൽ കോഴി ഇവയുടെ വേവിച്ചെടുത്ത ഇന്ത്യൻ കറിയെപ്പററി, വാസ്തവത്തിൽ, കേൾക്കാത്തതായി ആരാണുള്ളത്? ഈ വ്യഞ്ജനങ്ങളിൽ ചിലതു മരുഭൂമികളിലും കാണപ്പെടുന്നുണ്ട്, “സുഗന്ധമുള്ള” എന്നത് “എരിവുള്ള” എന്നതിന്റെ പര്യായമല്ല എന്ന സംഗതി സ്ഥിരീകരിച്ചുകൊണ്ടുതന്നെ. ഇവിടെ നല്ല പ്രചാരം നേടിയിട്ടുള്ള മധുരമുള്ള പാൽചായക്കു പോലും പലപ്പോഴും അല്പം ഏലമോ ഗ്രാമ്പുവോ ഇഞ്ചിയോ വ്യഞ്ജനങ്ങളുടെ ഒരു മിശ്രിതമോ ചേർത്ത് രുചി വർദ്ധിപ്പിക്കുന്നു. അത്തരം രുചിവരുത്തൽ ഒരു ഹരമായിത്തീർന്നിരിക്കുന്നതിനാൽ, സുഗന്ധവ്യഞ്ജനങ്ങളുടെ പ്രതിശീർഷ ഉപഭോഗത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്നതിൽ അത്ഭുതപ്പെടാനുണ്ടോ?
ഒരു ഇന്ത്യൻ പാചകക്കാരന്റെ അടുക്കള ഒന്നു സന്ദർശിച്ചു നോക്കൂ, നിങ്ങളുടെ ദൃഷ്ടികൾ പതിക്കുന്നതു പല നിറത്തിലും ആകൃതിയിലുമുള്ള ഡസൻകണക്കിനു രസക്കൂട്ടുകളിലായിരിക്കും. അവയിൽ ചിലതു തീരെ ചെറിയ കടുകുമണികൾ, സുഗന്ധിയായ തവിട്ടുനിറത്തിലുള്ള കറുവാപ്പട്ടക്കൊള്ളികൾ, പച്ച ഏലത്തൊണ്ടുകൾ, തിളങ്ങുന്ന സ്വർണ്ണനിറത്തിലുള്ള മഞ്ഞൾ, ഉണങ്ങിചുളുങ്ങിയ ചുക്ക്, വററൽമുളക് എന്നിവയാണ്. ഇനംതിരിച്ചുവെച്ചിരിക്കുന്ന ഈ രീതിയും പല രാജ്യങ്ങളിലേയും പലചരക്കുകടയിൽ കാണുന്ന ഒററക്കുപ്പി കറിപ്പൊടിയും തമ്മിൽ വിപരീതതാരതമ്യം ചെയ്തുനോക്കൂ. നിശ്ചയമായും കറിപ്പൊടിയിൽ വിവിധതരം സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം ഉണ്ട്, അതിനു അതിന്റെതായ പ്രയോജനവുമുണ്ട്. എന്നാൽ ഇന്ത്യയിലുപയോഗിക്കുന്ന മസാല എന്നു വിളിക്കുന്ന സുഗന്ധവ്യഞ്ജനക്കൂട്ടിനു ബദലായിരിക്കാൻ അതിനു ഒട്ടും കഴിയില്ല.
പച്ചക്കറികൾ, മീൻ, കോഴി, ഇറച്ചി എന്നിവ ഉൾപ്പെടെ വ്യത്യസ്ത ഭക്ഷണങ്ങൾക്കുവേണ്ടി പൊടിച്ചുവരുന്ന പ്രത്യേക മസാലകൾ ചേർക്കാറുണ്ട്. എന്നാൽ പലപ്പോഴും സുഗന്ധവ്യഞ്ജനങ്ങൾ ഓരോന്നായി പാചകസമയത്താണു ചേർക്കുന്നത്; അതിന്റെ രീതിയും അളവുമെല്ലാം ഉണ്ടാക്കുന്ന പ്രത്യേക കറിയെ ആശ്രയിച്ചാണിരിക്കുന്നത്. പാചകപ്രക്രിയയിൽ ഓരോ സുഗന്ധവ്യഞ്ജനവും ചേർക്കേണ്ടതിന്റെ കൃത്യമായ ക്രമവും സമയവും വിദഗ്ദ്ധയായ ഇന്ത്യൻ വീട്ടമ്മക്ക് അറിയാം. പൊരിച്ചോ പൊടിച്ചോ കാച്ചിയ എണ്ണയിലേക്കു മുഴുവനായി ഇട്ടുകൊണ്ടോ മററുള്ള രസക്കൂട്ടുകളുമായി ചേർത്തുകൊണ്ടോ, ഒരേ സുഗന്ധവ്യഞ്ജനത്തിൽനിന്നും വ്യത്യസ്തരുചികൾ വരുത്താൻ പോലും അവർക്കു കഴിയും.
ഇന്ത്യയിലേക്കു വരുന്ന സന്ദർശകർ ഭക്ഷണമൊരുക്കുന്നതിലെ ഗംഭീരമായ വൈവിദ്ധ്യത്തിൽ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. ഉത്തരേന്ത്യൻ പാചകമെന്നും ദക്ഷിണേന്ത്യൻ പാചകമെന്നുമുള്ള രണ്ടു വലിയ തരംതിരിക്കൽ കൂടാതെ, പ്രാദേശിക സംസ്കാരങ്ങളായ ബംഗാളി, ഗോവൻ, ഗുജറാത്തി, പഞ്ചാബി തുടങ്ങിയവയ്ക്ക് അവരുടെ തനതായ പാചകവിധികളുണ്ട്. ഭക്ഷണരുചിയെ മതവിശ്വാസങ്ങളും സ്വാധീനിക്കുന്നു. അങ്ങനെ ഗുജറാത്ത് സംസ്ഥാനത്ത്, ഒരു വ്യക്തി പരമ്പരാഗതമായ ഒരു ഹൈന്ദവ സസ്യഭോജനം കഴിച്ചേക്കാം, എന്നാൽ ഉത്തരേന്ത്യയിൽ, ഒരു വ്യക്തി മുസ്ലിംപിടിച്ചടക്കൽദിനങ്ങളുടെ ഒരു അനുസ്മരണം എന്ന നിലയിൽ ഒരു മുഗൾ മാംസ്യഭോജനം ആസ്വദിച്ചേക്കാം. അതുകൊണ്ടു ഹിന്ദു, മുസ്ലിം, സിക്ക്, ജൈന, പാർസി, ക്രിസ്ത്യൻ കുടുംബങ്ങളിൽനിന്നു വ്യത്യസ്ത രാത്രികളിൽ അത്താഴം ഉണ്ണുന്നത് ഭക്ഷണ സാധനങ്ങളുടെ ഒരു ആവർത്തനത്തിൽ കലാശിക്കണമെന്നില്ല.
സുഗന്ധവ്യഞ്ജനങ്ങൾക്ക് അനുയോജ്യം
ഭൂമിയിലെല്ലായിടത്തും സുഗന്ധവ്യഞ്ജനങ്ങൾ വളരുന്നുണ്ടെങ്കിലും, മററ് ഏതു രാജ്യത്തേക്കാളും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്—60-ലധികം വ്യത്യസ്തതരങ്ങൾ. അതു സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധദ്രവ്യോത്പന്നങ്ങളും മുഴുവനായോ പൊടിയായിട്ടോ 160-ലധികം രാജ്യങ്ങളിലേക്കു കയററുമതിചെയ്യുന്നു. രാജ്യത്തിന്റെ സുഗന്ധവ്യഞ്ജനോത്പാദനത്തിൽ അധികപങ്കും നടക്കുന്നതു ദക്ഷിണേന്ത്യയിലാണ്. സൗന്ദര്യവും സമൃദ്ധമായ ജലപാതകളും നിമിത്തം മിക്കപ്പോഴും “പൗരസ്ത്യവെനീസ്” എന്നു വിളിക്കപ്പെടുന്ന അറബിക്കടലിന്റെ തീരത്തുള്ള കൊച്ചി, മലബാർ തീരത്തു ഫലഭൂയിഷ്ഠമായ ഉഷ്ണമേഖലാകാലാവസ്ഥയിൽ പണ്ടുമുതലേ തഴച്ചുവളരുന്ന സുഗന്ധവ്യഞ്ജനങ്ങൾ നേരിട്ടു വാങ്ങാൻ സൗകര്യം ഒരുക്കുന്നു.
പുരാതനകാലംമുതൽ കൊച്ചിതുറമുഖം ഫിനീഷ്യക്കാർ, ഈജിപ്ററുകാർ, പേർഷ്യക്കാർ, ചൈനാക്കാർ, റോമാക്കാർ, ഗ്രീക്കുകാർ, അറബികൾ മുതലായവർക്ക് ഒരു അന്തർദേശിയ വ്യാപാര വിപണി ആയിരുന്നിട്ടുണ്ട്. രസകരമെന്നുപറയട്ടെ, ബൈബിളിലെ വെളിപ്പാടു പുസ്തകം “ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ . . . ലവംഗം, ഏലം (ഇന്ത്യൻ ഏലം, NW)” എന്നിവയുടെ കച്ചവടക്കാരായ “ഭൂമിയിലെ വ്യാപാരികളെ (സഞ്ചാര വ്യാപാരികളെ, NW)”ക്കുറിച്ചു പരാമർശിക്കുന്നു.—വെളിപ്പാടു 18:11-13.
വ്യാപാരികൾ ആദ്യം അന്വേഷിച്ചിരുന്നതു “സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്” എന്നനിലയിൽ പ്രമുഖമായ കുരുമുളകായിരുന്നു. അത് ആഹാരസാധനങ്ങൾക്കു രുചിവരുത്താനുള്ള ഒരു ഘടകംമാത്രം ആയിരുന്നില്ല, അതു മാംസത്തിനും കേടുവരാവുന്ന മററു ഭക്ഷണസാധനങ്ങൾക്കും ഒരു പ്രധാന പരിരക്ഷകംകൂടി ആയിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതിനാൽ, കേടുവന്ന് ഉപയോഗശൂന്യമായിപ്പോകുമായിരുന്ന ഭക്ഷണസാധനങ്ങൾ ശീതളീകരണംകൂടാതെ ഒന്നോ അതിൽക്കൂടുതലോ വർഷം കേടുകൂടാതെ സൂക്ഷിക്കാം. കുരുമുളകിനു പുറമെ പിൽക്കാലവ്യാപാരികൾ മററു സുഗന്ധവ്യഞ്ജനങ്ങളും—ഏതാനും പേരുകൾ പറയുകയാണെങ്കിൽ ഏലം, കൊത്തമല്ലി, പെരുഞ്ജീരകം, ഉലുവ തുടങ്ങിയവയും എടുക്കാൻ തുടങ്ങി.
എന്നിരുന്നാലും, ഇന്ത്യയിൽ വളരുന്ന എല്ലാ സുഗന്ധദ്രവ്യങ്ങളും ഇവിടെ ഉൽഭവിച്ചതല്ല. ഉദാഹരണത്തിന്, വററൽമുളകു തെക്കേ അമേരിക്കയിൽനിന്നു കുടിയേറിയതാണ്. ഊർജ്ജതന്ത്രത്തിനുള്ള നോബൽസമ്മാനം നേടിയ ഡോ. സി. വി. രാമൻ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “മുളകില്ലാതെ സകല ഭക്ഷണവും അരോചകവും ഭക്ഷിക്കാൻകൊള്ളാത്തവയുമാണ്.” വ്യത്യസ്തരീതിയിലുള്ള ആഹാരക്രമം ശീലിച്ചുവളർന്നവർ ഇതിനോടു വിയോജിച്ചേക്കാം. എന്നാൽ ഭിന്നമായ ഇഷ്ടാനിഷ്ടങ്ങളെ തൃപ്തിപ്പെടുത്തികൊണ്ട്, ഒരു സ്നേഹവാനായ സ്രഷ്ടാവു വൈവിദ്ധ്യങ്ങളാൽ ഭൂമിയുടെ കലവറയെ നന്നായി നിറച്ചിരിക്കുന്നതിൽ അവിടുന്നു നിശ്ചയമായും നന്ദിയർഹിക്കുന്നു.
ആഹാരത്തിന്റെ സ്വാദുവർദ്ധകങ്ങൾ മാത്രമല്ല
മനംകവരുന്ന ഒരു ചരിത്രമാണു സുഗന്ധവ്യഞ്ജനങ്ങൾക്കുള്ളത്. അഭിഷേക തൈലം, ധൂപം, പരിമളങ്ങൾ എന്നിവയിൽ സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള പങ്കു ബൈബിൾ രേഖപ്പെടുത്തുന്നു. യരുശലേമിലെ യഹോവയുടെ ആലയത്തിൽ ഉപയോഗിച്ചിരുന്ന വിശുദ്ധ അഭിഷേകതൈലത്തിലും ധൂപത്തിലും സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചിരുന്നതിനെപ്പററി അതു പരാമർശിക്കുകയും സുഗന്ധവ്യഞ്ജനങ്ങൾ വീഞ്ഞിൽ ചേർത്തിരുന്നതിനെക്കുറിച്ചു പറയുകയും ചെയ്യുന്നു. (പുറപ്പാടു 30:23-25, 34-37; ഉത്തമഗീതം 8:2) കൂടാതെ, ആദിമക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ ശരീരം സംസ്കരിക്കാൻ ഒരുക്കുന്നതിനു സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുവന്നതായി ബൈബിൾ വെളിപ്പെടുത്തുന്നു.—യോഹന്നാൻ 19:39, 40.
ഇവിടെ, ഇന്ത്യാക്കാരായ പെൺകുട്ടികളുടെ തലമുറകൾ മഞ്ഞൾച്ചെടിയുടെ തിളങ്ങുന്ന സുവർണ്ണവേര് ഉപയോഗിക്കാറുണ്ട്. ചർമ്മഭംഗി വരുത്തുന്നതിനു മഞ്ഞൾ അരച്ചു പുരട്ടുന്നു. ഇന്നു പരിമളതൈലങ്ങളും കാന്തിവർദ്ധകവസ്തുക്കളും ഉണ്ടാക്കുന്ന വ്യവസായങ്ങൾ വാൽമുളകു, പെരുഞ്ജീരകച്ചെടി, കറുവാ, കാസ്സിയ, കരയാമ്പൂ, ജാതിക്ക, ജാതി, റോസ്മേരി, ഏലം എന്നിവയിൽനിന്നെടുക്കുന്ന എണ്ണകൾ ബാഷ്പീകരിക്കുന്നതും ബാഷ്പീകരിക്കാത്തതുമായ എണ്ണകളുമായി ചേർത്തുകൊണ്ടു ഡസൻകണക്കിനു ആകർഷകമായ പരിമളതൈലങ്ങൾ ഉണ്ടാക്കുന്നു. സോപ്പുകൾ, ററാൽകം പൗഡറുകൾ, ഷേവിനുശേഷം പുരട്ടാനുള്ള ലേപനം, കൊളോൺ, വായ് കഴുകാനുള്ള ഔഷധങ്ങൾ എന്നിവ പോലുള്ള എണ്ണമററ മററു പല സാധനങ്ങളുടെ നിർമ്മാണത്തിലും ഈ ഘടകപദാർത്ഥങ്ങൾ ചേർക്കുന്നു.
ഇതിനുപുറമേ, വൈദ്യശാസ്ത്രപരമായ ഉദ്ദേശ്യങ്ങൾക്കു വളരെ നാളുകളായി സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചുവരുന്നു. സംസ്കൃതത്തിലുള്ള ഹൈന്ദവ എഴുത്തുകളായ വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ആയുർവേദം ശുപാർശചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തിൽപ്പെട്ടതാണ് ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി, ഏലം, വററൽമുളക്, കരയാമ്പൂ, കുങ്കുമപ്പൂ എന്നിവ. ഇന്ന് ഒരു ഇന്ത്യൻ ഔഷധവ്യാപാരശാലയിലേക്കു വരുന്ന ഒരു സന്ദർശകനു മുറിവിനും പൊള്ളലിനും വേണ്ടിയുള്ള മഞ്ഞൾപൂച്ചുമരുന്ന്, 13 സുഗന്ധവ്യഞ്ജനങ്ങൾകൊണ്ടുതീർത്ത ററൂത്ത് പേസ്ററ് എന്നുതുടങ്ങി വ്യത്യസ്ത രോഗങ്ങൾക്കുള്ള മററനവധി സുഗന്ധവ്യഞ്ജനോത്പന്നങ്ങളും കാണുവാൻ സാധിക്കും.
അങ്ങനെ സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രത്തിന്റെ ഒരു അവലോകനം സൂചിപ്പിക്കുന്നത് അവയില്ലായിരുന്നെങ്കിൽ ഇഷ്ടഭോജ്യങ്ങൾ വ്യത്യസ്തമാകുമായിരുന്നെന്നും മരുന്നുകൾ വേറൊരുതരമാകുമായിരുന്നെന്നും ചരിത്രത്തിന്റെ ഗതി മറെറാന്നാകുമായിരുന്നെന്നുമാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാദു നമ്മുടെ ലോകത്തെ യഥാർത്ഥത്തിൽ രൂപപ്പെടുത്തി—ഒന്നിലധികം വിധങ്ങളിൽ. (g93 2⁄22)
[25-ാം പേജിലെ ചിത്രങ്ങൾ]
ലോകമെമ്പാടും പ്രചാരത്തിലുള്ള പല സുഗന്ധവ്യഞ്ജനങ്ങളടെ ഒരു ചെറിയ സാമ്പിൾ
സുഗന്ധവ്യഞ്ജനങ്ങൾ ഉപഭോക്താവിനു തൂക്കിക്കൊടുക്കുന്ന തെരുവു വില്പനക്കാരി
കൊച്ചിയിലെ ഒരു കടയിൽ വാങ്ങാൻവരുന്നവരെയും കാത്തുകിടക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ