തുറന്നു പറയാൻ ഭയപ്പെടാതിരുന്നതിന്റെ കാരണം
ഭൂതകാലത്തേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ, യഹോവയുടെ സാക്ഷികളും നാസിസവും, അല്ലെങ്കിൽ ദേശീയ സോഷ്യലിസവും തമ്മിലുള്ള പോരാട്ടം തികച്ചും അനിവാര്യമായിരുന്നു എന്നു പറയാൻ കഴിയും. എന്തുകൊണ്ട്? അത് നാസികളുടെ വിട്ടുവീഴ്ചയില്ലാത്ത ഡിമാൻറുകൾ സാക്ഷികളുടെ മൂന്ന് അടിസ്ഥാന ബൈബിളധിഷ്ഠിത വിശ്വാസങ്ങൾക്കു കടകവിരുദ്ധമായിരുന്നതുകൊണ്ടാണ്. (1) യഹോവയാം ദൈവം പരമോന്നത പരമാധികാരിയാണ്. (2) യഥാർഥ ക്രിസ്ത്യാനികൾ രാഷ്ട്രീയമായി നിഷ്പക്ഷരാണ്. (3) തന്നോടു മരണത്തോളം വിശ്വസ്തരാണെന്നു തെളിയിച്ചവരെ ദൈവം ഉയിർപ്പിക്കും എന്നിവയാണ് ആ അടിസ്ഥാന വിശ്വാസങ്ങൾ.
നാസികളുടെ ക്രൂരമായ ആവശ്യങ്ങൾക്കെതിരെയുള്ള യഹോവയുടെ സാക്ഷികളുടെ ഉറച്ച നിലപാടിനെ നിർണയിച്ചത് ആ ബൈബിളധിഷ്ഠിത വിശ്വാസങ്ങളായിരുന്നു. അതുകൊണ്ട് അവർ സധൈര്യം തുറന്നു പറയുകയും നാസിസം തിന്മയായി തുറന്നുകാട്ടുകയും ചെയ്തു.
ഹിറ്റ്ലറെ വാഴ്ത്താൻ യഹോവയുടെ സാക്ഷികൾ വിസമ്മതിച്ചു. അവർ വിസമ്മതിച്ചതിന്റെ കാരണം, തങ്ങളുടെ രക്ഷ ദൈവത്തിൽനിന്നു വരുന്നുവെന്ന് അവർ ധരിക്കുകയും അവനു മാത്രം തങ്ങളുടെ ജീവനെ സമർപ്പിക്കുകയും ചെയ്തിരിക്കുന്നതുകൊണ്ടാണ്. യഹോവയെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.”—സങ്കീർത്തനം 83:18.
വാസ്തവത്തിൽ, “ഹെയ്ൽ ഹിറ്റ്ലർ” എന്നതിന്റെ അർഥം രക്ഷ കൈവരുത്തുന്നതു ഹിറ്റ്ലറാണ് എന്നായിരുന്നു. അതുകൊണ്ട് സാക്ഷികൾക്കു ദൈവത്തോടു വിശ്വസ്തരായിരിക്കാനും അതേസമയം ഏതെങ്കിലും മനുഷ്യനെ വാഴ്ത്താനും കഴിയുമായിരുന്നില്ല. അവരുടെ ജീവനും വിശ്വസ്തതയും കൂറും ദൈവത്തിനുള്ളതായിരുന്നു.
ഹിറ്റ്ലറുടെ തെറ്റായ ഡിമാൻറുകളെ അനുസരിക്കാതിരിക്കുന്നതിനു യഹോവയുടെ സാക്ഷികൾക്കു വ്യക്തമായ മുൻമാതൃകകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കുന്നതു നിർത്താൻ ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ ശിഷ്യന്മാരോടു കൽപ്പിച്ചപ്പോൾ അങ്ങനെ ചെയ്യാൻ അവർ വിസമ്മതിക്കുകയാണു ചെയ്തത്. അവർ പറഞ്ഞു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” അവരുടെ ഉറച്ച നിലപാടു നിമിത്തം, അധികാരികൾ അവരെ “വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ച”തായി ബൈബിൾ പറയുന്നു. എങ്കിലും, ദൈവത്തെ ധിക്കരിക്കുന്ന ആ ആജ്ഞ അനുസരിക്കാൻ അപ്പോസ്തലന്മാർ കൂട്ടാക്കിയില്ല. “അവർ വിടാതെ ഉപദേശിക്കയും . . . സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.”—പ്രവൃത്തികൾ 5:29, 40-42.
മനുഷ്യരെക്കാൾ ദൈവത്തെ അനുസരിച്ചതുകൊണ്ട് ആദിമ ക്രിസ്ത്യാനികളിൽ പലർക്കും മരിക്കേണ്ടിവന്നു. ഫലത്തിൽ, കൈസർക്ക് ഒരു ആരാധനക്രിയ അർപ്പിച്ചുകൊണ്ട് അവനെ വാഴ്ത്താൻ വിസമ്മതിച്ചതുകൊണ്ട് റോമൻ പോർക്കളങ്ങളിൽ ഒട്ടനവധിപേർ മരിക്കുകയുണ്ടായി. എന്നാൽ അത്തരം വ്യക്തികളെ സംബന്ധിച്ചിടത്തോളം, തന്റെ രാജ്യത്തിനു വേണ്ടി മരിക്കാൻ സന്നദ്ധനായ ഒരു ധീര പടയാളിയെപ്പോലെ, മരണത്തോളം ദൈവത്തോടു വിശ്വസ്തരാണെന്നു തെളിയിക്കുന്നത് ഒരു ബഹുമതിയും വിജയവുമായിരുന്നു.
യഹോവയുടെ സാക്ഷികൾ ഒരു ഗവൺമെൻറിനെ, ദൈവരാജ്യത്തെ, മാത്രം പിന്താങ്ങുന്നതിനാൽ ചിലർ അവരെ വീക്ഷിക്കുന്നതു വിധ്വംസകപ്രവർത്തകരായിട്ടാണ്. അത് സത്യവിരുദ്ധമല്ലാതെ മറ്റൊന്നുമല്ല. യേശുവിന്റെ അപ്പോസ്തലന്മാരെ അനുകരിക്കുന്നവരായ “അവർ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16, NW) അവർ രാഷ്ട്രീയമായി നിഷ്പക്ഷരാണ്. ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തത നിമിത്തം അവർ തങ്ങളുടെ അതാതു ഗവൺമെൻറുകളുടെ നിയമങ്ങൾ അനുസരിക്കുന്നു. വാസ്തവത്തിൽ, ‘ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങി’യിരിക്കുന്നതിൽ അവർ ഒരു മാതൃകയാണ്. (റോമർ 13:1) ഏതെങ്കിലും മാനുഷ ഗവൺമെൻറിനെതിരെയുള്ള വിപ്ലവത്തെ അവർ ഒരിക്കലും പിന്താങ്ങിയിട്ടില്ല!
എന്നുവരികിലും, ഏതു സാഹചര്യങ്ങളിലാണെങ്കിലും മുറിച്ചുകടക്കാൻ പാടില്ലാത്ത ഒരു രേഖയുണ്ട്. അതു യഹോവയുടെ സാക്ഷികൾക്കു മനുഷ്യനോടുള്ള കടമയ്ക്കും അവർക്കു ദൈവത്തോടുള്ള കടമയ്ക്കും ഇടയിലുള്ള രേഖയാണ്. അവർ കൈസർക്കുള്ളത് കൈസർക്ക്, അഥവാ ഗവൺമെൻറ് അധികാരികൾക്ക്, കൊടുക്കുന്നു. എന്നാൽ ദൈവത്തിനുള്ളതു ദൈവത്തിനും. (മത്തായി 22:21) ആരെങ്കിലും ദൈവത്തിനുള്ളത് അവരിൽനിന്നു പിടിച്ചുപറിക്കാൻ ശ്രമിച്ചാൽ, ആ ശ്രമം വൃഥാവാകയേയുള്ളൂ.
കൊല്ലുമെന്നു പറഞ്ഞ് ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തിയാലോ? കൊള്ളാം, തങ്ങളെ വീണ്ടും ജീവനിലേക്കു പുനഃസ്ഥിതീകരിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയിൽ യഹോവയുടെ സാക്ഷികൾക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. (പ്രവൃത്തികൾ 24:15) അതുകൊണ്ട്, പുരാതന ബാബിലോനിലെ മൂന്ന് യുവ എബ്രായർക്ക് ഉണ്ടായിരുന്നതുപോലത്തെ മനോഭാവം സാക്ഷികൾക്കുണ്ട്. തീച്ചൂളയിലിട്ടു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ, അവർ നെബുഖദ്നേസരോട് ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും.’—ദാനീയേൽ 3:17, 18.
അതുകൊണ്ട്, നേരത്തെ സൂചിപ്പിച്ചതുപോലെ, ഹിറ്റ്ലർ സ്വയം നിയുക്തനായ ഒരു ദൈവമെന്ന നിലയിൽ ഔന്നത്യത്തിലേക്കു കയറാൻ തുടങ്ങിയപ്പോൾ, ആശയപരമായ ഒരു യുദ്ധം ഒഴിച്ചുകൂടാനാവാത്തതായി വന്നു. സത്യദൈവത്തോട്, സർവശക്തിയുള്ള ദൈവമായ യഹോവയോട്, വിശ്വസ്തത പ്രതിജ്ഞ ചെയ്തിരുന്ന യഹോവയുടെ സാക്ഷികളുടെ ഇത്തിരിപ്പോന്ന ഒരു കൂട്ടത്തിനെതിരെ മൂന്നാം റെയ്ക്ക് വാളൂരി മുഖാമുഖം നിലയുറപ്പിച്ചു. എന്നിരുന്നാലും, യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ അതിന്റെ അന്തിമഫലം നിർണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
[5-ാം പേജിലെ ചതുരം]
മരണത്തോളം വിശ്വസ്തർ
ദൈവത്തോടു വിശ്വസ്തത പാലിക്കുകയും നാസിസത്തെ പിന്താങ്ങാൻ വിസമ്മതിക്കുകയും ചെയ്തതു നിമിത്തം വധിക്കപ്പെട്ടവരിൽ ഒരുവനാണ് വോൾഫ്ഗാങ് കുസ്സറോ. അദ്ദേഹം 1942 മാർച്ച് 28-ന് ശിരച്ഛേദം ചെയ്യപ്പെടുന്നതിനു മുമ്പ് മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും ഇങ്ങനെ എഴുതി: “നിങ്ങളുടെ മൂന്നാമത്തെ മകനും സഹോദരനുമായ ഞാൻ നാളെ രാവിലെ നിങ്ങളെ വിട്ടുപിരിയും. ദുഃഖിക്കരുത്, കാരണം നാം വീണ്ടും ഒത്തുചേരുന്ന ഒരു സമയം വരും. . . . നാം വീണ്ടും ഒത്തുചേരുന്ന നമ്മുടെ സന്തോഷം എത്ര വലുതായിരിക്കും! . . . ഇപ്പോൾ നാം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു, നാമോരോരുത്തരും പരിശോധനയെ തരണം ചെയ്യേണ്ടതുണ്ട്; അപ്പോൾ നമുക്കു പ്രതിഫലം ലഭിക്കും.”
1941 ജനുവരി 8-ന് വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് യോഹന്നസ് ഹാംസ് തന്റെ പിതാവിനുള്ള അവസാനത്തെ കത്തിൽ ഇങ്ങനെ എഴുതി: “എന്റെ മരണവിധി ഇതിനോടകം അറിയിച്ചുകഴിഞ്ഞിരിക്കുന്നു. രാവും പകലും എന്നെ ചങ്ങലയ്ക്കിട്ടിരിക്കുകയാണ്—(കടലാസിലെ) അടയാളങ്ങൾ കൈവിലങ്ങിൽനിന്നാണ് . . . എന്റെ പ്രിയപ്പെട്ട ഡാഡീ, വിശ്വസ്തനായി നിലകൊള്ളാൻ ഞാൻ ശ്രമിച്ചിട്ടുള്ളതുപോലെ വിശ്വസ്തനായി നിലകൊള്ളാൻ ഞാൻ കേണപേക്ഷിക്കുകയാണ്, അപ്പോൾ നാം വീണ്ടും പരസ്പരം കാണും. അവസാനംവരെ ഞാൻ ഡാഡിയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കും.”