നിശബ്ദതയിൻ മധ്യേ ഒരു ശബ്ദം
അമ്പതു വർഷം മുമ്പ് ഒരു ഭീകരരൂപി വധിക്കപ്പെട്ടു. ഒടുവിൽ ലോകം, നിലംപൊത്തിയ മൂന്നാം റെയ്ക്കിന്റെ യവനിക മാറ്റിയപ്പോൾ കണ്ടത് ബീഭത്സമായ ഒരു കാഴ്ചയായിരുന്നു. ദുർഗ്രാഹ്യമായ ഒരു പേടിസ്വപ്നം പോലുള്ള ഒന്ന്. ഭീകരരൂപിയായ ഒരു വധയന്ത്രത്തിന്റെ ഭീതിദമായ അവശിഷ്ടങ്ങളിൽ നിശബ്ദ ഭീതിയോടെ തുറിച്ചുനോക്കിനിൽക്കാനേ സൈനികർക്കും സാധാരണക്കാർക്കും കഴിഞ്ഞുള്ളൂ.
ഈ വർഷാരംഭത്തിൽ ആയിരക്കണക്കിനാളുകൾ വിജനമായ നിലങ്ങളിൽകൂടി നിശബ്ദം നടന്നുകൊണ്ട്, തടങ്കൽപ്പാളയങ്ങളെ തുറന്നുവിട്ടതിന്റെ 50-ാം വാർഷികം ആഘോഷിക്കുകയുണ്ടായി. ആ കുറ്റകൃത്യത്തിന്റെ ആഴം എത്രയുണ്ടെന്നറിയാൻ അവർ നന്നേ പാടുപെട്ടു. എന്തിന്, ഓഷ്വിറ്റ്സിലെ മരണപാളയത്തിൽ മാത്രം ഏതാണ്ട് 15,00,000 ആളുകൾ കൊല്ലപ്പെട്ടു! അതു മൗനമവലംബിക്കാനുള്ള ഒരു സമയമായിരുന്നു, മനുഷ്യൻ മനുഷ്യനോടു കാട്ടിയ മനുഷ്യത്വമില്ലായ്മയെക്കുറിച്ചു ചിന്തിക്കാനുള്ള ഒരു സമയമായിരുന്നു. തുടർച്ചയായ ചോദ്യങ്ങൾ തണുത്തുറഞ്ഞ അടുപ്പുകളിലും ശൂന്യമായ ബാരക്കുകളിലും അനക്കംതട്ടാതെ കുന്നുകൂടിക്കിടക്കുന്ന ഷൂസ് കൂമ്പാരങ്ങളിലും വന്നലച്ച് മാറ്റൊലിക്കൊണ്ടു.
ഇന്നു ഭീതിയുണ്ട്; ഉഗ്രകോപമുണ്ട്. ലക്ഷക്കണക്കിനാളുകൾ ആസൂത്രിതമായി വധിക്കപ്പെട്ട കൂട്ടക്കൊല വെളിപ്പെടുത്തുന്നത് എന്തൊരു ഭീകര തിന്മയായിരുന്നു നാസിസം എന്നാണ്. എന്നാൽ ആ കാലത്തെ സംബന്ധിച്ചോ? ആരാണു തുറന്നു പറഞ്ഞത്? ആരാണു മൗനംപാലിച്ചത്?
ആളുകളെ കൂട്ടക്കുരുതി ചെയ്തതിനെക്കുറിച്ചുള്ള ആദ്യ വാർത്ത അനേകർ അറിയുന്നതുതന്നെ രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായ സമയത്തു മാത്രമായിരുന്നു. അമ്പതു വർഷം മുമ്പ്—അന്ധകാരത്തിൻമധ്യേയുള്ള വിപ്ലവം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “സഖ്യകക്ഷികൾ 1944-ലും 1945-ലും കൊലക്കളങ്ങളും പാളയങ്ങളും തുറന്നുവിട്ടപ്പോൾ എടുത്ത നിശ്ചല ചിത്രങ്ങളും ലഘുഫിലിമുകളുമാണ് ആ ഞെട്ടിക്കുന്ന യാഥാർഥ്യത്തെ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത്, പ്രത്യേകിച്ചു പാശ്ചാത്യ ലോകത്തിൽ.”
എന്നാൽ, മരണപാളയങ്ങൾ നിർമിക്കുന്നതിനു മുമ്പുപോലും ഒരു ശബ്ദം നാസിസത്തിന്റെ അപകടങ്ങളെക്കുറിച്ചു പ്രഖ്യാപിച്ചുകൊണ്ടിരുന്നു. അത് നിങ്ങളിപ്പോൾ കയ്യിൽ പിടിച്ചിരിക്കുന്ന ഈ മാസികയാണ്—ഉണരുക! ആദ്യം സുവർണ്ണയുഗം എന്നറിയപ്പെട്ടിരുന്ന അതിനെ 1937-ൽ ആശ്വാസം എന്നു പുനർനാമകരണം ചെയ്തു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഈ മാസികകൾ 1929 തൊട്ട് ധൈര്യസമേതം നാസിസത്തിന്റെ അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു മുഴക്കി. അങ്ങനെ, അത് “വസ്തുതയുടെയും പ്രത്യാശയുടെയും ധീരതയുടെയും ഒരു പത്രിക” എന്ന പുറംപേജിലെ അതിന്റെ പ്രഖ്യാപനത്തോടു യോജിപ്പിൽ നിലകൊണ്ടു.
1939-ൽ ആശ്വാസം ഇങ്ങനെ ചോദിച്ചു: “എല്ലാ വീടുകളും, വൃദ്ധർക്കും ദരിദ്രർക്കും അഗതികൾക്കുമുള്ള സ്ഥാപനങ്ങളും ആശുപത്രികളും, കുട്ടികൾക്കു വേണ്ടിയുള്ള എല്ലാ അനാഥാലയങ്ങളും, നശിപ്പിക്കപ്പെടുകയും . . . ഒരൊറ്റ സമയത്തുതന്നെ 40,000 നിർദോഷികൾ അറസ്റ്റു ചെയ്യപ്പെടുകയും അവരിൽ 70 പേർ ഒരു ജയിലിൽവെച്ച് ഒറ്റ രാത്രിയിൽതന്നെ വധിക്കപ്പെടുകയും ചെയ്ത ജർമനി പോലുള്ള ഒരു ദേശത്തെ ക്രൂരതകൾ സംബന്ധിച്ച് ഒരുവന് എങ്ങനെ നിശബ്ദനായിരിക്കാൻ കഴിയും?”
വാസ്തവത്തിൽ, ഒരുവന് എങ്ങനെ നിശബ്ദനായിരിക്കാൻ കഴിയും? ജർമനിയിൽനിന്നും അത് അധിനിവേശപ്പെടുത്തിയ സ്ഥലങ്ങളിൽനിന്നും അൽപ്പാൽപ്പമായി കിട്ടിക്കൊണ്ടിരുന്ന ഭീതിദമായ റിപ്പോർട്ടുകൾ സംബന്ധിച്ചു ലോകം പൊതുവേ അജ്ഞതയോ സംശയമോ പ്രകടിപ്പിച്ചപ്പോൾ, യഹോവയുടെ സാക്ഷികൾക്കു നിശബ്ദരായിരിക്കാൻ കഴിഞ്ഞില്ല. നാസി ഭരണത്തിന്റെ ക്രൂരതകൾ അവർ നേരിട്ടറിഞ്ഞിരുന്നു, അതുകൊണ്ടുതന്നെ തുറന്നു പറയാൻ അവർ ഭയപ്പെട്ടുമില്ല.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. National Archives photo