നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ കഴിയുന്നതിനുള്ള മാർഗം
ഇന്നത്തേതിനെക്കാൾ വളരെ ദൈർഘ്യമേറിയ ജീവിതം ആസ്വദിക്കാനുള്ള കഴിവു വ്യക്തമായും മനുഷ്യശരീരത്തിനുള്ളതിനാൽ നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയുന്നതിനുള്ള മാർഗം ശാസ്ത്രം കണ്ടുപിടിക്കുമെന്ന വിശ്വാസമാണു ചിലർക്ക്. “ശരീരത്തിലെ രാസവസ്തുക്കളെക്കുറിച്ചും അവ പ്രതിപ്രവർത്തിക്കുന്ന വിധത്തെക്കുറിച്ചും കുറേക്കൂടെ പൂർണമായ അറിവു സമ്പാദിക്കുമ്പോൾ ഞങ്ങൾ ജീവന്റെ അന്തസ്സത്ത അനാവരണം ചെയ്യും. ഒരു വ്യക്തി എങ്ങനെ വാർധക്യം പ്രാപിക്കുന്നുവെന്നു . . . നാം മനസ്സിലാക്കും” എന്ന് ഡോ. ആൽവിൻ സിൽവർസ്റ്റിൻ എഴുതി.
എന്തു പരിണതഫലത്തോടെ? അതു “മനുഷ്യചരിത്രത്തിലെ ഒരു പുതിയ യുഗത്തി”ലേക്കു നമ്മെ നയിക്കും. “പിന്നെ ‘പ്രായമായ’ മനുഷ്യർ ഉണ്ടായിരിക്കില്ല, കാരണം, മരണത്തെ കീഴടക്കാൻ സഹായിക്കുന്ന പരിജ്ഞാനം നിത്യയൗവനവും കൈവരുത്തും,” സിൽവർസ്റ്റിൻ പറഞ്ഞു.
ഇതു മനുഷ്യർ കൈവരിക്കുമോ? “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു” എന്നു ബുദ്ധ്യുപദേശിച്ചിട്ട് ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” (സങ്കീർത്തനം 146:3, 4) നാം കൃത്യമായി കണ്ടുകഴിഞ്ഞതുപോലെ, വാർധക്യത്തിനും മരണത്തിനുമിടയാക്കുന്ന ജന്മസിദ്ധമായ വൈകല്യം നീക്കുന്നതു പോയിട്ട് അതൊന്നു തിരിച്ചറിയാൻകൂടി മനുഷ്യനു കഴിഞ്ഞിട്ടില്ല. അതു നമ്മുടെ സ്രഷ്ടാവിനു മാത്രമേ ചെയ്യാൻ കഴിയൂ.
എന്നാൽ, മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കുക എന്നതു യഥാർഥത്തിൽ ദൈവത്തിന്റെ ഉദ്ദേശ്യമാണോ?
ദൈവത്തിന്റെ ഉദ്ദേശ്യം
ജീവിക്കാനായി ആദ്യ മനുഷ്യജോഡിയെ യഹോവയാം ദൈവം എവിടെയാണ് ആക്കിവെച്ചത്? അതൊരു ഭൗമിക പറുദീസയിലായിരുന്നു. “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ” എന്ന് അവരോടു കൽപ്പിച്ചു. (ഉല്പത്തി 1:28) അതേ, സമാധാനത്തിലും സന്തോഷത്തിലും ഒന്നിച്ചു ജീവിക്കുന്ന നീതിയുള്ള ഒരു മനുഷ്യകുടുംബം കാലക്രമേണ മുഴുഭൂമിയിലും വസിക്കണമെന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.—യെശയ്യാവു 45:18.
ആദാമിന്റെ അനുസരണക്കേടുകാരണം ദൈവം അവന് ഒരു മരണവിധിയാണു നൽകിയതെങ്കിലും, മനുഷ്യർ ഭൂമിയിൽ ഒരു പറുദീസയിൽ എന്നേക്കും ജീവിക്കണമെന്ന ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിനു മാറ്റം വന്നില്ല. (ഉല്പത്തി 3:17-19) “ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും,” ദൈവം പറയുന്നു. (യെശയ്യാവു 46:11; 55:11) “നീതിമാന്മാർ ഭൂമിയെ കൈവശമാക്കി എന്നേക്കും അതിൽ വസിക്കും” എന്നു ദൈവം പറഞ്ഞപ്പോൾ ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം മാറിയിട്ടില്ലെന്നു ദൈവം പ്രകടമാക്കി.—സങ്കീർത്തനം 37:29.
നമ്മുടെ സ്രഷ്ടാവെന്നനിലയിൽ ദൈവം, മനുഷ്യർ വാർധക്യം പ്രാപിക്കാനും മരിക്കാനും ഇടയാക്കുന്ന വൈകല്യത്തെ നീക്കാവുന്ന ഒരു സ്ഥാനത്താണ്. എന്തടിസ്ഥാനത്തിലാണ് അവൻ ഇതു ചെയ്യുക? ആ വൈകല്യം ആദ്യമനുഷ്യനായ ആദാമിൽനിന്ന് അവകാശമാക്കിയതിനാൽ “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു” ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ പൂർണതയുള്ള മാനുഷ ജീവൻ ഒരു മറുവിലയാഗമായി നൽകിയിരിക്കുന്നു.—യോഹന്നാൻ 3:16; മത്തായി 20:28.
ഫലത്തിൽ, യേശുക്രിസ്തു നമ്മുടെ പിതാവ് അഥവാ ജീവദാതാവ് എന്നനിലയിൽ ആദ്യത്തെ ആദാമിനു പകരമായിത്തീരുന്നു. അതുകൊണ്ടാണു ബൈബിളിൽ യേശുവിനെ “ഒടുക്കത്തെ ആദാം” എന്നു വിളിച്ചിരിക്കുന്നത്. (1 കൊരിന്ത്യർ 15:45) അതുകൊണ്ട്, പാപിയായ ആദാമിന്റെ മക്കളെന്നനിലയിൽ മരിക്കാൻ വിധിക്കപ്പെടുന്നതിനു പകരം അനുസരണമുള്ള മനുഷ്യർ തങ്ങളുടെ “നിത്യപിതാ”വായ യേശുക്രിസ്തുവിന്റെ മക്കളെന്ന നിലയിൽ നിത്യജീവൻ നേടാൻ യോഗ്യരെന്ന് എണ്ണപ്പെട്ടേക്കാം.—യെശയ്യാവു 9:6.
തീർച്ചയായും, “നിത്യരാജാ”വും “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവ”വും യഹോവയാം ദൈവംതന്നെയാണ്. (1 തിമൊഥെയൊസ് 1:17; വെളിപ്പാടു 15:3; കൊലൊസ്സ്യർ 1:5) എന്നാൽ, യേശുക്രിസ്തു നമ്മുടെ “നിത്യപിതാ”വും “രക്ഷിതാ”വും ആയിരിക്കുന്നതുകൂടാതെ “സമാധാന പ്രഭു”കൂടിയാണ്. (ലൂക്കൊസ് 2:11) തന്റെ പിതാവിന്റെ പ്രതിനിധിയെന്നനിലയിൽ ക്രിസ്തു ഭൂമിയിൽ സമാധാനം കൊണ്ടുവരുന്നതിനായി രാജകീയ അധികാരം പ്രയോഗിക്കും.—സങ്കീർത്തനം 72:1-8; 110:1, 2; എബ്രായർ 1:3, 4.
നഷ്ടപ്പെട്ടുപോയ ഭൗമിക പറുദീസ യേശുക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ തിരികെ ലഭിക്കും. അതു സംഭവിക്കുന്നതു “പുനർജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ” ആയിരിക്കുമെന്നു യേശു പറഞ്ഞു. (മത്തായി 19:28) പറുദീസാഭൂമിയുടെമേൽ ക്രിസ്തുവിനോടൊപ്പം അവന്റെ വിശ്വസ്ത അനുഗാമികൾ—മൊത്തം 1,44,000 പേർ—ഭരിക്കും. (2 തിമൊഥെയൊസ് 2:11, 12; വെളിപ്പാടു 5:10; 14:1, 3) ഭൂമിയിലെ പറുദീസാജീവിതം ആസ്വദിച്ചുകൊണ്ട് കോടികൾ ആ നീതിഭരണത്തിൽനിന്നു പ്രയോജനമനുഭവിക്കും. അക്കൂട്ടത്തിൽ, “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” എന്ന യേശുവിന്റെ വാഗ്ദാനം ലഭിച്ച് യേശുവിനോടൊപ്പം മരിച്ച ആ കുറ്റവാളിയും ഉൾപ്പെടും.—ലൂക്കൊസ് 23:43.
അങ്ങനെ, മരിച്ചുപോയ നീതികെട്ടവർക്കുപോലും പുനരുത്ഥാനവും ഭൂമിയിലെ നിത്യജീവനു യോഗ്യത പ്രാപിക്കാനുള്ള അവസരവും നൽകപ്പെടും. (പ്രവൃത്തികൾ 24:15) “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” എന്നു പറഞ്ഞുകൊണ്ട് രോഗം, വാർധക്യം, മരണം എന്നിവ തുടച്ചുനീക്കുന്ന കാര്യം ബൈബിൾ മനോഹരമായി വർണിക്കുന്നു.—വെളിപ്പാടു 21:3, 4.
എന്നേക്കും ജീവിക്കാൻ കഴിയുന്നതിനുള്ള മാർഗം
ഭൂമിയെ അവകാശമാക്കി അതിൽ എന്നേക്കും വസിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരിക്കാൻ നിങ്ങളും ആഗ്രഹിക്കുമെന്നതു തീർച്ചയാണ്. അങ്ങനെയെങ്കിൽ, പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനാവശ്യമായ യോഗ്യതകൾ നിങ്ങൾ നേടേണ്ടതുണ്ട്. തന്റെ സ്വർഗീയ പിതാവിനോടുള്ള പ്രാർഥനയിൽ യേശുക്രിസ്തു ഒരു അടിസ്ഥാന യോഗ്യത പ്രഖ്യാപിച്ചു. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്നതായിരുന്നു അത്.—യോഹന്നാൻ 17:3.
ഈ ജീവദായകമായ അറിവു നേടാൻ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്തുഷ്ടരാണ്. അവരോടൊന്നു ചോദിച്ചാൽ മതി, പണച്ചെലവില്ലാതെ സൗകര്യപ്രദമായ സമയത്തു സന്ദർശിച്ച് ആത്മീയവും ശാരീരികവുമായ പൂർണതയിലേക്കു മനുഷ്യവർഗത്തെ ഉയർത്താൻ ദൈവം ഉദ്ദേശിക്കുന്ന മാർഗം സംബന്ധിച്ച് അവർ ചർച്ചചെയ്യുന്നതായിരിക്കും. വാർധക്യത്തിനും മരണത്തിനുമിടയാക്കുന്ന ജന്മസിദ്ധമായ വൈകല്യം നീക്കാൻ സർവശക്തനായ സ്രഷ്ടാവിനു പൂർണ കഴിവുണ്ടെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക. ജീവിതം മേലാൽ ഇത്ര ഹ്രസ്വമായിരിക്കയില്ലാത്ത ആ സമയമിതാ വരുന്നു, അത് അടുത്തിരിക്കുകയാണ്. യഹോവ തന്റെ ജനത്തെ “ശാശ്വതമായ ജീവൻ” നൽകി അനുഗ്രഹിക്കും.—സങ്കീർത്തനം 133:3.
[10-ാം പേജിലെ ചിത്രം]
ക്രിസ്തുവിന്റെ രാജകീയ ഭരണത്തിൻ കീഴിൽ വാർധക്യവും മരണവും കീഴടക്കപ്പെട്ടിരിക്കും